പിന്നിലോട്ടു തിരിഞ്ഞു നോക്കുമ്പോൾ മനസ്സിൽ വല്ലാത്തൊരു നൊമ്പരവും, കുറ്റബോധവും പടർത്തുന്ന മുഖമാണ് റെനിയുടേത്…

കുറ്റബോധം (ഓർമ്മക്കുറിപ്പ് )…

Written by Aswathy Joy Arakkal

===============

പിന്നിലോട്ടു തിരിഞ്ഞു നോക്കുമ്പോൾ മനസ്സിൽ വല്ലാത്തൊരു നൊമ്പരവും, കുറ്റബോധവും പടർത്തുന്ന മുഖമാണ് റെനിയുടേത്. ഒരിറ്റു കണ്ണുനീരോടെയെ എനിക്കവനെ ഇന്നും, വർഷങ്ങൾ ഇത്രയായിട്ടും ഓർക്കാൻ സാധിക്കാറുള്ളു…

ഞാൻ ഏഴാം ക്ലാസ്സിൽ പഠിക്കുന്ന സമയം, ഞങ്ങളുടെ വീടിനടുത്തു വന്ന പുതിയ താമസക്കാരായിരുന്നു ബെന്നി ചേട്ടനും, ജിനി ചേച്ചിയും.. പിന്നെ അവരുടെ ഒരേയൊരു മകൻ റെനിയും …. ഞങ്ങളുടെ റെനി .. നല്ല വെളുത്തു ചുമന്നു പൂച്ച കണ്ണുള്ള അവനെ കാണുമ്പോൾ ആരും ഒന്ന് നോക്കി പോകും.

സമപ്രായക്കാരായിരിന്നു ഞങ്ങൾ. ഞാൻ പഠിക്കുന്ന അതെ സ്കൂളിൽ തന്നെയാണ് അവനെയും ചേർത്തത് വേറെ വേറെ ഡിവിഷൻ ആയിരുന്നു എന്നു മാത്രം..

പതുക്കെ ഞങ്ങൾ നല്ല കൂട്ടുകാരായി. ഇടയ്ക്കിടെ അവൻ വീട്ടിലേക്കും വരും. വന്നാൽ പിന്നെ ഓരോന്ന് പറഞ്ഞു ഞങ്ങടെ അമ്മയുടെ പിറകെയാണവൻ. അമ്മയോടു അവനു വല്ലാത്തൊരു അറ്റാച്ച്മെന്റ് ഉള്ളതായി പലപ്പോഴും തോന്നിയിട്ടുണ്ടെനിക്ക്.. അതിന്റെ പേരിൽ പലപ്പോഴും കുശുമ്പ് എടുത്തു ഞാൻ അവനുമായി തല്ലു പിടിക്കുമായിരുന്നു…

അങ്ങനെ ഇരിക്കെ..ഒരിക്കൽ വീട്ടിൽ വന്നപ്പോൾ അവന്റെ കയ്യിൽ ചുമന്നു, തിണർത്തു കിടക്കുന്ന അടിയുടെ പാട് കണ്ടിട്ട് ഇതെന്തുപറ്റി മോനെ എന്നു അമ്മ ചോദിച്ചു… അവനൊന്നും മിണ്ടാതെ പോയി… ഞങ്ങളും അതു കാര്യമാക്കിയിരുന്നില്ല… അവനെന്തോക്കെയോ സങ്കടങ്ങൾ ഉണ്ടെന്നു അമ്മ പറഞ്ഞപ്പോൾ.. പിന്നെ, വല്ല കുരുത്തക്കേടും കാണിച്ചതിന്, ജിനിയേച്ചി നല്ല തല്ലു കൊടുത്തു കാണും.. നന്നായുള്ള് പറഞ്ഞു അവനു തല്ലു കിട്ടിയ സന്തോഷത്തിൽ ഞാൻ കുറെ ചിരിച്ചു.

പക്ഷെ.. പിറ്റേന്ന് വീട്ടിൽ വന്നു നിന്നു പരുങ്ങുന്ന അവനെ കണ്ടപ്പോൾ കാര്യം തിരക്കിയ അമ്മോയാടവൻ മടിച്ചു മടിച്ചു പറഞ്ഞു തുടങ്ങി…തലേന്ന് കിട്ടിയ ഓണപ്പരീക്ഷയുടെ ആൻസർ ഷീറ്റിൽ അവനെക്കാൾ രണ്ടു മാർക്ക്‌ എനിക്ക് കൂടിപ്പയതിന്റെ ശിക്ഷയാണ് ആ കൈകളിൽ കണ്ടതെന്ന്.. അവനോട് ചോദിച്ചപ്പോ എന്റെ മാർക്ക്‌ അറിയില്ലെന്ന് പറഞ്ഞതോണ്ട്, ഒന്നുമറിയാത്ത ഭാവത്തിൽ അമ്മയോട് ചോദിച്ചു മനസ്സിലാക്കിയിട്ടാണ് പുള്ളിക്കാരി(അവന്റെ മമ്മി ) ഇതു ചെയ്തത്…

നന്നായി പഠിക്കുന്ന കുട്ടി തന്നെ ആയിരുന്നു അവൻ.. ക്ലാസ്സിൽ ഫസ്റ്റ് റാങ്ക് നഷ്ടപെട്ടാലോ, ഏതെങ്കിലും വിഷയത്തിൽ വേറെ ആരെങ്കിലും അവനെക്കാൾ സ്കോർ ചെയ്താലോ, എന്തിനു ഞാൻ വീട്ടിലിരുന്നു വയ്ച്ചു പഠിക്കുന്നത് കണ്ടാൽ പോലും തല്ലുമാത്രേ അവർ അവനെ..

അതോണ്ട് പ്ലീസ് ആന്റി.. ഇനി എന്റെ മമ്മി ഇവളുടെ മാർക്ക്‌ ചോതിച്ചാ കുറച്ചേ പറയാവുള്ളൂ, ഇനി നീ എന്റെ മമ്മിനെ കാണിച്ചു പഠിക്കരുത്ട്ടോ എന്നു എല്ലാം നിഷ്കളങ്കമായി പറയുമ്പോൾ പാവത്തിന്റെ കണ്ണു നിറയുന്നുണ്ടായിരുന്നു…

ഇന്നു സ്കൂളിൽ പോകാൻ വയ്യ, വയറുവേദനയാണ് എന്നു ഞാനോ, അനിയനോ അഭിനയിച്ചാൽ പോലും , അതു കള്ളത്തരമാണെന്ന് അറിയാമെങ്കിൽ കൂടെ അമ്മ ഗൗരവം കാണിച്ചു ഞങ്ങൾക്ക് കൂട്ടു നിൽക്കുമായിരുന്നു… സ്കൂളിൽ പോകാനോ, പഠിക്കാനോ ഒന്നും അമ്മ ഞങ്ങളെ നിര്ബന്ധിച്ചിട്ടില്ല.. അതുകൊണ്ട് ഞങ്ങൾ പഠിക്കാതിരുന്നിട്ടും ഇല്ല… പ്രായത്തിനൊത്ത സകല വികൃതികൾക്കും അമ്മ കണ്ണടക്കുമായിരുന്നു… അങ്ങനെയുള്ള ഞങ്ങൾക്കിതൊക്കെ കേട്ടിട്ട് തന്നെ ശ്വാസം മുട്ടുന്നത് പോലെയായിരുന്നു…

അവനെ ആർക്കും ഇഷ്ടല്ല… ഇവരെ രണ്ടാളേം ആൻറിക്ക് എന്തു ഇഷ്ടാണ് എന്നു പറയുമ്പോ അവൻ കരയുന്നുണ്ടയിരുന്നു… മോൻ പഠിച്ചു നന്നാവാൻ വേണ്ടി അല്ലേ അവര് സ്ട്രിക്ട് ആകണെന്നൊക്കെ ചോതിച്ചവനെ അമ്മയും കുറെ സമാധാനിപ്പിച്ചു… അതിനു ശേഷം ഞങ്ങളോടൊക്കെ അവൻ വല്ലാതടുത്തു..ശെരിക്കും വീട്ടിലെ ഒരംഗം തന്നെ ആയി അവൻ..

അവരുടെ വീടിനു പുറകിൽ നിൽക്കുന്ന കടുമാങ്ങ മരത്തിൽ നിന്നു വീഴുന്ന മാമ്പഴം പെറുക്കി ആരും കാണാതെ ഞങ്ങൾക്കായി വീട്ടിലേക്കു കൊണ്ട് വന്നു തരുന്ന അവന്റെ മുഖം ഇപ്പോഴും മനസ്സിലുണ്ട്.. .. മമ്മിയോട് പറയല്ലേ.. മമ്മി ഇതു കണ്ടാൽ വഴക്ക് പറയുന്നു പറഞ്ഞവൻ ഓടിപ്പോകും… അത്ര പാവമായിരുന്നു ഞങ്ങടെ പൂച്ചക്കണ്ണൻ. അത്രയ്ക്ക് ഇഷ്ടമായിരുന്നു അവനു ഞങ്ങളെയെല്ലാം.. നാളുകൾ കടന്ന് പോയി. അതിനിടയിൽ അവനൊരു അനിയനും പിറന്നു…

എട്ടാം ക്ലാസ്സ്‌ തുടങ്ങി പകുതി ആയതിൽ പിന്നെ അവൻ ക്ലാസ്സിൽ വരാതായി.. അന്വേഷിച്ചപ്പോ അവനു വയ്യ എന്നു പറഞ്ഞതല്ലാതെ കാര്യമൊന്നും അമ്മ പറഞ്ഞില്ല.. പിന്നെ അവൻ വീടിനു പുറത്തിറങ്ങാതായി… അമ്മ ഇടക്കിടെ അവനെ കാണാൻ പോകും. അവൻ നിന്നെ എപ്പോഴും അന്വേഷിക്കാറുണ്ട് എന്നു പറഞ്ഞു അമ്മ ഒരിക്കൽ എന്നെയും കൂട്ടി അവിടേക്കു പോയി…

അന്നവിടെ കണ്ട ആ കാഴ്ച.. അതു മരിക്കുന്നതു വരെ എന്റെ കണ്ണിൽ നിന്നു പോകുമെന്ന് തോന്നുന്നില്ല.. വെളുത്തു തുടുത്തു സുന്ദര കുട്ടപ്പനായിരുന്ന ഞങ്ങടെ പൂച്ച കണ്ണൻ.. ക്ഷീണിച്ചു, കരുവാളിച്ചു, കണ്ണും കുഴിയിലായി… വെറുമൊരു എല്ലുന്തിയ രൂപം… കട്ടിലിൽ നിന്നു അനങ്ങാൻ വയ്യാതെ… മുറിയാകെ മരുന്നിന്റെ മണവും… സഹിക്കാനാകില്ല ആ കാഴ്ച… എന്നെ കണ്ടതും കൈ കൊണ്ട് ഇരിക്കാൻ ആഗ്യം കാണിച്ചു… സംസാരിക്കാനാകുമായിരുന്നില്ല അവനു… ഞാനവന്റെ അടുത്തിരുന്നു… അവന്റെ കണ്ണു നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു… എന്തിനെന്നറിയാതെ എനിക്കും കരച്ചിൽ വന്നു… സുഖായിട്ടു രണ്ടുപേർക്കും ഒരുമിച്ചു കളിക്കേം, സ്കൂളിൽ പോകേം ഒക്കെ ചെയ്യാമെന്ന് പറഞ്ഞു രണ്ടാളെയും സമാധാനിപ്പിച്ചു അമ്മ എന്നെയും കൊണ്ട് തിരിച്ചു പൊന്നു..

പിന്നെ ഒരിക്കലും ഞാൻ അവന്റെ അടുത്തു പോയിട്ടില്ല.. അവൻ അന്വേഷിക്കാറുണ്ട് നിന്നെ എന്നു അമ്മ പലവട്ടം പറഞ്ഞെങ്കിലും എനിക്കെന്റെ പൂച്ചക്കണ്ണനെ അങ്ങനെ കാണാൻ സാധിക്കുമായിരുന്നില്ല…

ഒരിക്കൽ ഒരു ശനിയാഴ്ച ഉച്ച നേരത്താണ്, അമ്മ പ്ലേറ്റിൽ ചോറ് വിളമ്പി കൊണ്ടിരിക്കുമ്പോൾ, പെട്ടന്നൊരു കരച്ചിൽ ശബ്ദം കേട്ടു, കയ്യിലിരുന്ന പ്ലേറ്റ് ചോറടക്കം നിലത്തേക്കെറിഞ്ഞു അമ്മ ഓടി.. പിറകെ ഒന്നും മനസ്സിലാകാതെ ഞങ്ങളും…. ഓടി കൂടുന്ന ആളുകളെയും, ജിനിയേച്ചിയുടെ നെഞ്ച് പൊട്ടിയുള്ള കരച്ചിലും കേട്ടപ്പോ എനിക്ക് മനസ്സിലായിരുന്നു.. ഞങ്ങടെ റെനി അവനൊരിക്കലും തിരിച്ചു വരാത്തൊരു ലോകത്തേക്ക് യാത്രയായെന്നു. അവനു കാൻസർ ആയിരുന്നെന്നും, ചോര ശര്ധിച്ചാണ് മരിച്ചതെന്നുമൊക്കെ ആരോ പറയുന്നുണ്ടായിരുന്നു.

വീട്ടിൽ പോയിരുന്നു ആരും കാണാതെ ഞാൻ ഒരുപാടു കരഞ്ഞു… പിന്നെ എണിറ്റു അവനെ കിടത്തിയിരിക്കുന്ന കട്ടിലിന്റെ ചുവട്ടിൽ പോയിരിന്നു… പിറ്റേന്ന് ഉച്ചക്ക് അവനെ പള്ളിയിലേക്ക് കൊണ്ട് പോകുന്നത് വരെ അവിടെ തന്നെ ഇരുന്നു… രാത്രിയായപ്പോൾ പലരും വീടുകളിലേക്ക് പോയി..പക്ഷെ, ആ രാത്രി ഉറങ്ങാൻ എനിക്കാകുമായിരുന്നില്ല…

അന്ന് മുതൽ ചന്ദന തിരിയുടെ ഗന്ധത്തെ ഞാൻ വെറുത്തു തുടങ്ങി… അവനു ചുറ്റും കത്തിച്ചു വച്ചിരുന്ന തിരികൾക്കു മരണത്തിന്റെ മണമാണെന്നെനിക്കു തോന്നി..

പിന്നെയങ്ങോട്ട് കഴിവതും മരണ വീടുകളിൽ പോകാതിരിക്കാൻ ഞാൻ ശ്രമിക്കും.. തീരെ ഒഴിവാക്കാൻ പറ്റാത്തിടത്തെ പോകു… അവിടത്തെ കരച്ചിലും, പ്രാർത്ഥന ശബ്ദങ്ങളും, സുഗന്ധ ദ്രവ്യങ്ങളും, പ്രത്യേകിച്ചു ചന്ദന തിരിയുടെ മനം മടിപ്പിക്കുന്ന രൂക്ഷ ഗന്ധവുമെല്ലാം എന്നെ അവനിലേക്കെത്തിക്കും…

പലപ്പോഴും ഞാൻ ചിന്തിച്ചിട്ടുണ്ട് എന്തിനാ പാവത്തിന് അങ്ങനെ ഒരു വിധി കൊടുത്തെന്നു..പാവം ഒരുപാടു പേടിച്ചരണ്ട് ആണ് ജീവിച്ചത് .. ആ.. കുഞ്ഞു പ്രായത്തിൽ തന്നെ അവൻ എത്ര വേദന മാനസികമായും, ശാരീരികമായും അനുഭവിച്ചാണ് ഈ ലോകത്തു നിന്നു പോയത്… അവനെ കുറിച്ച് സംസാരം വരുമ്പോൾ കണ്ണു നിറച്ചു ഇപ്പോഴും അമ്മ പറയും… പാവായിരുന്നു അവൻ.. അതിനെ അടിച്ചു, പേടിപ്പിച്ചു… വാക്കുകൾ മുഴുവനാക്കാതെ നിർത്തും…. എന്റെ മോനെ ഞാൻ ഒരുപാടു വിഷമിപ്പിച്ചിട്ടുണ്ടെന്നു ജിനിയേച്ചിയുടെ വായിൽ നിന്നു തന്നെ പലപ്പോഴും കേട്ടിട്ടുണ്ട് പിന്നീട്… അതിന്റെ കുറ്റബോധം എപ്പോഴും അവർക്കുള്ളതായി തോന്നാറുണ്ട്…

ഒരുപാടു വർഷങ്ങൾ പിന്നിട്ടിരിക്കുന്നു ഇപ്പൊ.. പക്ഷെ.. തിരിച്ചറിവായപ്പോ തോട്ടു എനിക്ക് മനസ്സിലൊരു കുറ്റ ബോധമാണ്… അവൻ കാണണം എന്നു അത്രയ്ക്ക് അമ്മയോട് ആഗ്രഹം പറഞ്ഞിട്ടും, എന്തു കാരണത്തിന്റെ പേരിലായാലും പോയ്‌ അവന്റെ കാണാതിരുന്നതിനു… എന്നെ കൊണ്ട് സാധിക്കാമായിരുന്ന ചെറിയ സന്തോഷങ്ങൾ അവനു നിഷേധിച്ചു എന്ന കുറ്റബോധം ഇന്നും മനസ്സിലുണ്ട്…ആ കുറ്റബോധമാണ് പലരുടെ സങ്കടങ്ങളിലും എന്നെ കൊണ്ട് സാധിക്കും പോലെ ഒപ്പം നിൽക്കാൻ ശ്രമിക്കാനുള്ള എന്റെ ശക്തി… ഇതെഴുതുമ്പോ പോലും ഒരു തുള്ളി കണ്ണു നീരെന്റെ കണ്പീലിയിൽ ഉരുണ്ടു വന്നു നിൽക്കുന്ന പോലെ…

പഴകും തോറും വീഞ്ഞിനു വീര്യം കൂടും എന്നു പറയുന്നത് പോലെ… വർഷങ്ങൾ കഴിയും തോറും അവൻ മനസ്സിൽ കൂടുതൽ തറയുന്നതല്ലാതെ… മനസ്സിൽ നിന്നു മായുന്നതേ ഇല്ല… അവന്റെ ജീവിതവും, മരണവും പലകാര്യങ്ങളിലും ഒരു പാഠപുസ്തകം ആണെനിക്ക്.. പ്രത്യേകിച്ച് ഒരാൾ ജീവിച്ചിരിക്കുമ്പോൾ നമുക്ക് സാധിക്കാമായിരുന്നത് ചെയ്യാതെ ഇരുന്നിട്ട് മരിച്ച ശേഷം മാറി ഇരുന്നു കരയുന്നത് വ്യർത്ഥമാണെന്നു പതിമൂന്നാം വയസ്സിൽ എന്നെ പഠിപ്പിച്ചത് അവനാണ്…

പ്രിയപ്പെട്ടവർ പലരും വിട പറഞ്ഞു പോയിട്ടുണ്ടെങ്കിലും എന്നെ ഇത്രത്തോളം വേട്ടയാടിയൊരു മരണം ഇല്ല എന്നു തന്നെ പറയാം.. ഹൃദയത്തിന്റെ നടുവിൽ ഒരിക്കലും ഉണങ്ങാത്ത മുറിവ് സമ്മാനിച്ചു കടന്നു പോയ എന്റെ പൂച്ചക്കണ്ണൻ…

അവന്റെ ചിത്രങ്ങൾ കയ്യിലുണ്ടെങ്കിലും ഒരിക്കൽ ബീച്ചിലേക്കൊരു കുടുംബയാത്ര നടത്തിയപ്പോൾ എടുത്ത ക്യാമറയിലെ വാഷ് ചെയ്യാൻ സാധിക്കാതിരുന്ന ഫിലിം ഇന്നും എന്റെ ബാഗിൽ ഭദ്രമായി സൂക്ഷിച്ചു വെച്ചിട്ടുണ്ട് ഞാൻ. അതെന്തിനെന്നു എനിക്ക് പോലും അറിയില്ലെങ്കിലും, ഇനിയത് കൊണ്ട് യാതൊരു പ്രയോജനവും ഇല്ലെങ്കിലും അവന്റെ ഒരോര്മയും എനിക്കൊരിക്കലും ഉപേക്ഷിക്കാനാകില്ല എന്ന സത്യത്തിലേക്കാണ് അതെന്നെ എല്ലായ്പോഴും എത്തിക്കാറു..

അതുകൊണ്ടൊക്കെ ആകും, നാട്ടിൽ എത്തുമ്പോൾ, അവിടെ പള്ളിയിൽ അവന്റെ കല്ലറയിലൊരു മെഴുകുതിരി കത്തിക്കാൻ ഞാനൊരിക്കലും മറന്നു പോകാത്തത്…

ഇന്നവന്റെ ഓർമ്മദിവസത്തിൽ ഒരുപാടു വർഷങ്ങൾക്കു ശേഷമിത് പങ്കു വെക്കുമ്പോളും കുറ്റബോധത്തിന്റ കനലുകൾ മനസ്സിന്റെ കോണിൽ അണയാതെ കിടപ്പുണ്ട്….

~അശ്വതി ജോയ് അറക്കൽ..(29/07/2019)