വന്നയുടനെ ബെഡ് റൂമിലേക്ക് കയറിപ്പോയ പുള്ളിക്കാരൻ ഡ്രസ്സ് മാറിയ ഉടനെ മൊബൈലുമെടുത്ത്…

Story written by Saji Thaiparambu

============

“ലതികേ..നിന്റെ ഭർത്താവ് എന്നെങ്കിലും നിന്നെ ഗാഢമായി ചുംബിച്ചിട്ടുണ്ടോ?”

ഉഷയുടെ പെട്ടെന്നുള്ള ചോദ്യമെന്നെ അമ്പരപ്പിച്ചു .

“എടീ ഉഷേ..അങ്ങനെ ചോദിച്ചാൽ ഞാനെന്താ പറയുകാ, ഭാര്യമാരെ ചുംബിക്കാത്തവരായിട്ട് ആരെങ്കിലുമുണ്ടോ?അതിന്റെ തീവ്രത, ഓരോ സമയത്ത് ഓരോ രീതിയിലായിരിക്കും. ഗാഢമായി ചുംബിക്കുന്ന അവസരങ്ങളുമുണ്ടായിട്ടുണ്ട്”

അവൾക്ക് മറുപടി കൊടുക്കുമ്പോൾ എനിക്കെന്തോ വല്ലാത്ത ജാള്യത തോന്നി .

“പക്ഷേ, എനിക്കിത് വരെ അങ്ങനെയൊരനുഭവം ഒരിക്കൽ പോലുമുണ്ടായിട്ടില്ല ലതികേ ..”

“ങ്ഹേ ,എടീ..അപ്പോൾ നിന്റെ രണ്ട് കുഞ്ഞുങ്ങൾ?

ജിജ്ഞാസ അടക്കാനാവാതെ ഞാൻ ചോദിച്ചു പോയി.

“ഓഹ്, അതിനിപ്പോൾ ചുംബിക്കണമെന്നില്ലല്ലോ?

“ശരിയാ…ഞാനെന്തൊരു മണ്ടിയാ, എന്ന് മനസ്സിലോർത്ത് ഞാൻ സ്വയം ഉച്ചിക്കിട്ടൊരു കൊട്ട് കൊടുത്തു.

സത്യത്തിൽ, ഉഷയുടെ മുന്നിൽ ചെറുതാവേണ്ടെന്ന് കരുതിയാണ് ഞാനങ്ങനൊരു നുണ അവളോട് പറഞ്ഞത്. എങ്കിലും അവളുമായി സംസാരിച്ച് കഴിഞ്ഞപ്പോൾ എന്റെ മനസ്സിനൊരാശ്വാസമായി , എന്നെ പോലെ നിരാശരായ പെണ്ണുങ്ങൾ വേറെയുമുണ്ടല്ലോ ?

“ഉഷേ…അങ്ങേര് വന്നിട്ടുണ്ട് ഞാൻ വെക്കുവാ, പിന്നെ വിളിക്കാം”

പുറത്ത് ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ടപ്പോൾ ഞാനവളോട് പറഞ്ഞിട്ട് ഫോൺ കട്ട് ചെയ്തു.

വന്നയുടനെ ബെഡ് റൂമിലേക്ക് കയറിപ്പോയ പുള്ളിക്കാരൻ ഡ്രസ്സ് മാറിയ ഉടനെ മൊബൈലുമെടുത്ത് ഹാളിലെ ദിവാൻ കോട്ടിൽ വന്ന് കിടന്നിട്ട് നെറ്റ് ഓൺ ചെയ്തു.

“അത്താഴം കഴിക്കുന്നില്ലേ? അതോ വല്ലതും കഴിച്ചിട്ടാണോ വന്നത്”

വന്നയുടനെ എന്നെ ശ്രദ്ധിക്കാതെ നേരെ ഓൺലൈനിലേക്ക് കയറിയതിലുള്ള നീരസം എന്റെ ചോദ്യത്തിൽ പ്രകടമായിരുന്നു.

“നീ വിളമ്പി വെച്ചിട്ട് പോയി കിടന്നോ, ഞാൻ കഴിച്ചോളാം”

പതിവ് പല്ലവി മറുപടി കിട്ടിയപ്പോൾ അരിശം ഉള്ളിലൊതുക്കി ഞാൻ അകത്തേക്ക് പോയി.

ഉറക്കം വരാതെ കട്ടിലിൽ തിരിഞ്ഞുo മറിഞ്ഞും കിടക്കുമ്പോൾ ഞാൻ ഉഷയെക്കുറിച്ചോർത്തു.

എന്റെ കാര്യം കമ്പയർ ചെയ്തു നോക്കുമ്പോൾ, ഭർത്താവിന്റെ സ്നേഹം ലഭിച്ചില്ലെങ്കിലും അവൾക്ക് രണ്ട് കുട്ടികൾ ഉള്ളത് വലിയ ഭാഗ്യമല്ലേ? ഒന്നുമില്ലേലും അവരെ താലോലിച്ച്, മക്കൾക്ക് വേണ്ടിയെങ്കിലും ജീവിക്കാൻ, അവൾക്ക് അവസരമുണ്ടായില്ലേ?എനിക്ക് അത് പോലുമില്ലല്ലോ എന്റെ കൃഷ്ണാ…

“ലതികേ…നീയുറങ്ങിയോ ?”

ഉറക്കത്തിലേക്ക് വഴുതി വീഴാൻ പോയ ഞാൻ, അങ്ങേരുടെ വിളി കേട്ട് പിറുപിറുത്ത് കൊണ്ട് എഴുന്നേറ്റ് ചെന്നു.

“എന്താ..മനുഷ്യനെ ഉറങ്ങാനും സമ്മതിക്കില്ലേ?”

“നീയിതൊന്ന് നോക്കിക്കേ, ഇന്ന് കവലയിൽ ചെന്നപ്പോൾ മാങ്ങാട്ടെ ശശി പറഞ്ഞ് തന്നതാ, Google സെർച്ച് ചെയ്താൽ എന്തെങ്കിലും വഴി കാണാതിരിക്കില്ലെന്ന്, ഇത് കണ്ടോ? വയനാട്ടിൽ ഒരു സ്വാമിജിയുണ്ടെന്ന്…അയാളുടെ ആശ്രമത്തിൻ ചെന്ന് പത്ത് ദിവസം അയാൾ തരുന്ന ഔഷധകൂട്ട് സേവിച്ച് കൊണ്ട്, നമ്മളൊരുമിച്ച് അവിടെ കഴിച്ച് കൂട്ടിയാൽ ഉറപ്പായിട്ടും ഫലമുണ്ടാകുമെന്ന്”

അത് കേട്ടപ്പോൾ എനിക്കാകെ ചൊറിഞ്ഞു വന്നു.

“നിങ്ങള്, കണ്ട സ്വാമിമാരുടെ ആശ്രമത്തിൽ പോയി പച്ചമരുന്നും കഴിച്ച്, പത്ത് ദിവസം ഒരുമിച്ച് കഴിച്ച് കൂട്ടാനുള്ള ഈ ശുഷ്ക്കാന്തിയുണ്ടല്ലോ? ഒരു ദിവസം, അല്ലെങ്കിൽ ഒരു മണിക്കൂറെങ്കിലും എന്റെ കൂടെയിരുന്നിട്ട്, എന്നോട് സ്നേഹത്തോടെ രണ്ട് വാക്ക് പറഞ്ഞിരുന്നെങ്കിൽ, എന്നെ ആത്മാർത്ഥതയോടെ ഒന്ന് ചേർത്ത് പിടിച്ചിരുന്നെങ്കിൽ, ഒന്ന് ഗാഢമായി ചുംബിച്ചിരുന്നെങ്കിൽ ഒരു ഗൂഗിളിനോടും സഹായം ചോദിക്കേണ്ടി വരില്ലായിരുന്നു, പുറത്ത് നല്ല മഴ പെയ്യുന്നുണ്ട്, എനിക്കാണെങ്കിൽ നന്നായി തണുക്കുന്നുണ്ട്. ഞാൻ കിടക്കാൻ പോകുവാ…

വല്ലാത്ത ആഗ്രഹത്തോടെ അത്രയും പറഞ്ഞിട്ട്, ഞാൻ കിടപ്പറയിലേക്ക് നടന്നു.

പിന്നാലെ പുള്ളിക്കാരൻ വരാതിരുന്നത് കൊണ്ട്, കടുത്ത നിരാശയിൽ, ഞാൻ, അടഞ്ഞ് കിടന്ന ജനാലകൾ മലർക്കെ തുറന്ന്, പെയ്തിറങ്ങുന്ന മഴയെ നോക്കി നെടുവീർപ്പിട്ട് നിന്നു.

“നമുക്ക് കിടന്നാലോ ? മഴ ചിലപ്പോൾ പെട്ടെന്ന് നിലച്ചേക്കും, തണുപ്പ് ആസ്വദിക്കാനുള്ളതാണ്. അത് വെറുതെ പാഴാക്കണോ?

എന്റെ പിൻകഴുത്തിൽ അങ്ങേരുടെ ചുടുനിശ്വാസം വീണപ്പോൾ അതിശയത്തോടെ ഞാൻ തിരിഞ്ഞ് നിന്നു.

ബാക്കി നിങ്ങളോട് പറയാൻ പുള്ളിക്കാരൻ അവസരം തന്നില്ല .

“ഓകെ ഗുഡ് നൈറ്റ്”

~സജി തൈപറമ്പ്.