മടിച്ചു മടിച്ചാണ് ചോദിച്ചത്..എന്തോ ചിന്തയിൽ നിന്നും ഉണർന്നത് പോലെ അവരൊന്നു ഞെട്ടി..പിന്നെ പുഞ്ചിരിയോടെ പറഞ്ഞു..

ദേവയാനി…

Story written by Jisha Raheesh

=========

“അഭി, എടാ നിന്റെയാ എഴുത്തുകാരിയില്ലേ..ദേവയാനി..അവര് ഇന്നലെ രാത്രിയിൽ മരിച്ചൂന്ന്..സൈലന്റ് അറ്റാക്കായിരുന്നത്രെ…ന്യൂസിലൊക്കെ കാണിക്കുന്നുണ്ട്…”

ഫോണിൽ അപ്പുറത്ത് നിന്ന് അതുൽ പറയുന്നതൊക്കെ അഭി കേൾക്കുന്നുണ്ടായിരുന്നെങ്കിലും ഒന്നും തിരിച്ചുപറയാനാവാത്ത അവസ്ഥയിലായിരുന്നവൻ…

“എടാ നീയെന്താ ഒന്നും മിണ്ടാത്തെ..നീ ഓക്കേയല്ലേടാ..”

“എനിക്ക്..എനിക്ക് കുഴപ്പമൊന്നുമില്ല അതുൽ, നീ വെച്ചോ ഞാൻ വിളിക്കാം..”

ഫോൺ ബെഡിലേയ്ക്കിട്ട് അഭി കട്ടിലിൽ എഴുന്നേറ്റിരുന്നു..ഇരുകൈകളാലും മുഖം അമർത്തിത്തുടച്ചു…

മനസ്സിൽ ഒരു മുഖം തെളിഞ്ഞു..തെല്ല് ഇരുണ്ടതെങ്കിലും ആകർഷമായ മുഖം..കണ്ണടയ്ക്കുള്ളിലെ വിടർന്ന മിഴികൾ..കറുത്ത വട്ടപ്പൊട്ട് മാത്രമേ ആ മുഖത്തൊരു അലങ്കാരമായി കണ്ടിട്ടുള്ളു…ഭംഗിയായി ഞൊറിഞ്ഞുടുത്ത കോട്ടൺ സാരിയിൽ തെളിയുന്ന അംഗലാവണ്യം….പ്രശസ്ത എഴുത്തുകാരി ദേവയാനി നാരായണൻ…

“അഭി ഇനിയെന്നെ വിളിക്കരുത്, മെസ്സേജ് ചെയ്യരുത്..ഒരിക്കലും..ഗുഡ് ബൈ…”

ആ ശബ്ദം കേട്ടിട്ട് വർഷം ഒന്ന് കഴിഞ്ഞു…

ആരായിരുന്നു തനിക്കവർ…സൗഹൃദത്തിനുമപ്പുറം നിർവചിക്കാനാവാത്ത ആത്മബന്ധം..പക്ഷെ…എപ്പോഴൊക്കെയോ അന്ധമായ ആരാധനയ്ക്കും സൗഹൃദത്തിനുമപ്പുറം മറ്റെന്തൊക്കെയോ തനിക്കവരോട് തോന്നിയിരുന്നോ…?

ചെറുതിലേയുള്ള വായനാശീലം അമ്മയിൽ നിന്നും കിട്ടിയതായിരിക്കണം..അച്ഛൻ ന്യൂസ്‌ പേപ്പറല്ലാതെ ഒരു മാഗസിൻ പോലും വെറുതെയൊന്നു മറിച്ചു നോക്കുന്നത് കണ്ടിട്ടില്ല.. അക്ഷരവിരോധിയെന്ന് താൻ കളിയാക്കുമ്പോൾ പറയും എനിക്ക്‌ വേണ്ടതും കൂടെ അമ്മയും മോനും വായിക്കുന്നുണ്ടല്ലോന്ന്…പക്ഷേ കാഴ്ചയിൽ താൻ അച്ഛന്റെ ചെറുപതിപ്പായിരുന്നു..ആ ചാരക്കണ്ണുകൾ അതേപടി തനിക്ക് കിട്ടിയിരുന്നു..അമ്മയുടെ സൗന്ദര്യം മുഴുവനും അനുക്കുട്ടിയ്ക്കും…

വളർച്ചയ്ക്കനുസരിച്ചു അക്ഷരങ്ങളോടുള്ള അടുപ്പം കൂടിയതേയുള്ളൂ..വായനയിലെ അഭിരുചികൾ മാറിമറിഞ്ഞു കൊണ്ടിരുന്ന പ്രായത്തിലാണ് ആ പുസ്തകം തന്റെ കയ്യിൽ എത്തുന്നത്..അതിന്റെ പുറം ചട്ടയിലായിരുന്നു ആദ്യമായി ആ മുഖം കാണുന്നത്..കണ്ടാൽ ഒന്നൂടെ നോക്കാൻ തോന്നും..

അത്രമേൽ തീവ്രമായ എഴുത്തുകൾ…അവരുടെ തൂലികയ്ക്കൊരു മന്ത്രശക്തിയുള്ളത് പോലെ…വായിക്കുന്നവരെ അടിമപ്പെടുത്താനുള്ള കഴിവ്…

അതിൽ പിന്നെ തിരഞ്ഞു പിടിച്ചു വായിക്കുകയായിരുന്നു അവരുടെ എഴുത്തുകളോരോന്നും..ലിസയ്ക്കും അവരെ ഒത്തിരി ഇഷ്ടമായിരുന്നു..ഓർമ്മ വെച്ച കാലം മുതൽ തന്റൊപ്പം കൂടിയത് കൊണ്ടു അവളും അക്ഷരങ്ങളെ ഇഷ്ടപ്പെട്ടിരുന്നു..

എന്തൊരു ഭംഗിയാ അവർ ചിരിക്കുമ്പോഴെന്ന് ലിസ എപ്പോഴും പറയുമായിരുന്നു..അതിനവർ വല്ലപ്പോഴുമല്ലേ ചിരിക്കാറുള്ളൂവെന്ന് പറയാറുണ്ടായിരുന്നുവെങ്കിലും, താൻ ശ്രെദ്ധിച്ചത് അവരുടെ രൂപഭംഗിയെക്കാൾ ആ തൂലികയിൽ വിരിയുന്ന അക്ഷരങ്ങളെയായിരുന്നു..

ലിസ..എലിസബത്ത് മാത്യു..അച്ഛന്റെ ഏറ്റവുമടുത്ത സുഹൃത്തിന്റെ മകൾ..വെറും സൗഹൃദമായിരുന്നില്ല അച്ഛനും മാത്യു അങ്കിളും..രണ്ടു ശരീരവും ഒരാത്മാവുമെന്നൊക്കെ പറയുമ്പോലെ..ഒരേ നാട്ടിൽ ഒരുമിച്ച് കളിച്ചു വളർന്നവർ..പഠിച്ചതും ഒരുമിച്ച്..ഇപ്പോൾ ഒരേ കോളേജിൽ അധ്യാപകർ..

മാത്യു അങ്കിളും ലീനാന്റിയും പ്രണയിച്ചു വിവാഹം ചെയ്തവരാണ്..അച്ഛനും അമ്മയും അങ്ങനെ തന്നെയാണെന്ന് പലയിടത്തുനിന്നും കേട്ടിട്ടുണ്ട്..ഒരേ നാട്ടുകാർ, അയൽക്കാർ..സുന്ദരിയാണെങ്കിലും അമ്മയുടെ കാലിന് ചെറിയൊരു മുടന്തുണ്ട്..പെട്ടെന്ന് കണ്ടാൽ മനസ്സിലാവില്ല..അച്ഛന് അമ്മയെ ജീവനായിരുന്നു..തങ്ങളെയും..തങ്ങളായിരുന്നു അച്ഛന്റെ ലോകം..വീടും കോളേജും മാത്യു അങ്കിളും..

അടുത്തടുത്താണ് അച്ഛനും അങ്കിളും വീട് വെച്ചത്..ലിസയുടെയും തന്റെയും ജനനം മാസങ്ങളുടെ വ്യത്യാസത്തിലായിരുന്നു. അമ്മയും ലീനാ ന്റിയും കളിയാക്കുമായിരുന്നു അച്ഛന്മാരെ പോലെ തന്നെ മക്കളുമെന്ന്..പരസ്പരം അറിയാത്തതൊന്നും ഞങ്ങളുടെയും ജീവിതത്തിൽ ഇല്ലായിരുന്നു..

“അല്ല…”

അഭിറാം സ്വയം തിരുത്തി…

“ഞാനങ്ങനെ കരുതിയിരുന്നു… “

ദേവയാനി…കോളേജിലെ ആർട്സ് ഡേയ്ക്കാണ് ഞാനവരെ ആദ്യമായി കാണുന്നത്..വല്ലാത്തൊരു ആവേശമായിരുന്നു..ആർട്സ് സെക്രട്ടറിയെന്ന സ്ഥാനത്ത് നിന്ന് അവരെ സ്റ്റേജിലേയ്ക്ക് ആനയിച്ചിരുത്തുന്നതിനിടെ എപ്പോഴോ ആ കണ്ണുകൾ തന്നിലുടക്കി..തനിക്കായി സമ്മാനിച്ച ആ ചെറുചിരിയുടെ സന്തോഷത്തിൽ മൈക്കിലൂടെ അവരെപ്പറ്റി രണ്ടു വാക്ക് പറയുമ്പോൾ അവർ, ഇരിപ്പിടത്തിൽ തന്നെ തെല്ല് കൗതുകത്തോടെ നോക്കിയിരിക്കുന്നുണ്ടായിരുന്നു…

അശ്വിൻ വേറെന്തൊക്കെയോ തിരക്കുകളിൽ പെട്ട് പോയതുകൊണ്ടാണ് അവരെ തിരികെ ഫ്ലാറ്റിൽ കൊണ്ടുവിടേണ്ട ചുമതല തനിയ്ക്കായത്..വരേണ്ട ആവശ്യമില്ലെന്ന് സ്നേഹത്തോടെ പറഞ്ഞിട്ടും കേൾക്കാതെ ഡ്രൈവർക്കൊപ്പം താനും മുൻസീറ്റിൽ കയറിയിരുന്നു…

പൊതുവെ അധികം സംസാരിക്കാത്ത അവർക്ക് ജാഡയാണെന്നൊരു ശ്രുതി കേട്ടിട്ടുള്ളത് കൊണ്ടു എനിക്കും ഒന്നും മിണ്ടാൻ തോന്നിയില്ല…പുറത്തേക്ക് നോക്കിയിരിക്കുകയാണ് ആൾ…

“മാഡം പാലക്കാട്ടുകാരിയാണല്ലേ..?”

മടിച്ചു മടിച്ചാണ് ചോദിച്ചത്..എന്തോ ചിന്തയിൽ നിന്നും ഉണർന്നത് പോലെ അവരൊന്നു ഞെട്ടി..പിന്നെ പുഞ്ചിരിയോടെ പറഞ്ഞു..

“ഉം..പക്ഷെ ഇപ്പോൾ അവിടങ്ങനെ പറയത്തക്ക ബന്ധുക്കളൊന്നുമില്ല..ഞാൻ വളർന്നതും പഠിച്ചതുമെല്ലാം കൽക്കത്തയിലാണ്…”

“അതെനിക്കറിയാംഅവിടെയാണ് പഠിച്ചതെന്നൊക്കെ കേട്ടിട്ടുണ്ട്..”

“അഭിയുടെ സ്ഥലം എവിടെയാ..?”

“അച്ഛന്റേയും അമ്മയുടെയും നാട് പാലക്കാടാണ്..പക്ഷെ ഇവിടെയാണ് സ്ഥിരതാമസം..ഞാൻ ജനിച്ചതൊക്കെ ഇവിടെയാ..അച്ഛൻ കോളേജ് അധ്യാപകൻ..അമ്മ ഹൌസ് വൈഫ്‌..ഒരനിയത്തി അനു..ഒമ്പതാം ക്ലാസ്സിൽ പഠിക്കുന്നു “

ഞാൻ ഒറ്റശ്വാസത്തിൽ പറഞ്ഞത് കേട്ടാവും, അവർ ചിരിച്ചു..ഇത്തിരി ഓവറായിപ്പോയോ എന്നൊരു ചമ്മലോടെ നേരെയിരുന്നു ഞാൻ പുറത്തേക്ക് നോക്കി…

“അഭി എഴുതാറുണ്ടോ..?”

ഞെട്ടിയത് ഞാനായിരുന്നു..എന്റെ പേര്..

“അങ്ങനെയൊന്നുമില്ല മാഡം..ചെറുതായിട്ട് എന്തെങ്കിലുമൊക്കെ കുത്തിക്കുറിക്കും..”

അവർ വീണ്ടും ചിരിച്ചു…

“അങ്ങനെ തന്നെയാടോ എല്ലാരും എഴുതി തുടങ്ങുന്നത്..നിർത്തിക്കളയരുത്..”

അവരുടെ ഫ്ലാറ്റിനു മുൻപിൽ കാർ നിർത്തിയപ്പോൾ എന്നെ വീണ്ടും ഞെട്ടിച്ചു കൊണ്ടവർ അകത്തേക്ക് ക്ഷണിച്ചു..സ്‌നേഹപൂർവ്വം അത് നിരസിച്ചു..പക്ഷെ ലിസയോട് ഇതൊക്കെ പറഞ്ഞപ്പോൾ അവളൊന്നും വിശ്വസിച്ചില്ല..

“പിന്നേ അവര് നിന്നെ ഫ്ലാറ്റിലോട്ട് വിളിച്ചെന്നോ..മുടിഞ്ഞ ജാഡയാണ് അവർക്കെന്നാണ് ആൻ പറയുന്നത് കേട്ടത്..അവളും ആ ഫ്ലാറ്റിലല്ലേ..മുഖത്ത് പോലും നോക്കില്ലത്രേ…”

തർക്കിക്കാൻ നിന്നില്ല..അല്ലെങ്കിലും അവൾക്കിപ്പോ ഇത്തിരി കുശുമ്പ് കൂടിയിട്ടുണ്ട്..അനുവോ അവളോ അല്ലാതെ മറ്റൊരു പെൺകുട്ടിയോട് പോലും താൻ അടുപ്പം കാണിക്കുന്നത് അവൾക്കിഷ്ടമല്ല..പക്ഷെ അനുവിന് ഇങ്ങനെയുള്ള പ്രശ്നമൊന്നുമില്ല..ഇവളെന്താണോ ഇങ്ങനെ..?

ലിസയുടെ മനസ്സിൽ, സൗഹൃദത്തിനപ്പുറം മറ്റെന്തോ തന്നോടുണ്ടെന്ന സംശയത്തിന്റെ വിത്തിട്ടത് അവരായിരുന്നു..ദേവയാനി..

ആദ്യകൂടിക്കാഴ്ചയ്ക്കു ശേഷം മാസങ്ങൾ കഴിഞ്ഞൊരു ദിവസം…ലിസയ്ക്കെന്തോ റഫറൻസ് ബുക്ക്‌ നോക്കാനാണ് അവളോടൊപ്പം ആ ബുക്ക്‌ സ്റ്റാളിൽ എത്തിയത്..പുസ്തകങ്ങൾക്കിടയിലൂടെ നടക്കുന്നതിനിടെയാണ് തൊട്ടു മുൻപിൽ ബുക്സ് അടുക്കിവെച്ച റാക്കിനരികെ പുസ്തകങ്ങൾ മറിച്ചു നോക്കുന്ന അവരെ കണ്ടത്..അരികിലേയ്ക്ക് ചെല്ലുമ്പോൾ ഓർമ്മയുണ്ടാവുമോയെന്നൊരു അങ്കലാപ്പ് ഇല്ലാതിരുന്നില്ല..

“മാഡം…?”

മുഖമുയർത്തി തന്നെ നോക്കിയ ആ കണ്ണുകളൊന്ന് വിടർന്നു..ചിരി തെളിഞ്ഞു..

“ഹായ്..അഭി…”

തന്റെ പേര് പോലും ഓർത്തിരിക്കുന്നു..ലിസ അപ്പോഴേക്കും അരികിലെത്തി…

മാഡം ഇത്‌ ലിസ..എലിസബത്ത്..എന്റെ..എന്റെ നിഴൽ..ഞാൻ അവളുടെയും.. “

അവർ ചിരിച്ചു..പിന്നെ ലിസയെ നോക്കി..

“ഹായ് ലിസാ..”

അവളൊന്ന് തിരിച്ചു ചിരിച്ചു..

ഷോപ്പിംഗ് കഴിഞ്ഞു ലിസക്ക് വിശക്കുന്നുവെന്ന് പറഞ്ഞിട്ടാണ് അവളെന്നെ ആ റെസ്റ്റോറന്റിലേക്ക് കൊണ്ടു പോയത്..നല്ല തിരക്കായിരുന്നു..സീറ്റുകളൊന്നും ഒഴിവില്ല..പൊടുന്നനെ എന്റെ കണ്ണുകൾ ഒരു മൂലയിലെ കസേരകളിലൊന്നിൽ ഇരിക്കുന്ന അവരിലെത്തി..അങ്ങോട്ട് പോവേണ്ടെന്ന ലിസയുടെ വാക്കുകൾ പുറത്തേക്ക് എത്തുന്നതിനു മുൻപേ അവർ ഞങ്ങളെ കണ്ടിരുന്നു..

കൂടുതലും എഴുത്തിനെപ്പറ്റിയാണ് സംസാരിച്ചത്..ഇടയ്ക്കെപ്പോഴോ അവർ ലിസയോട് ചോദിച്ചു..

“ലിസ എന്താ ഒന്നും മിണ്ടാത്തെ…?”

അവൾ വെറുതെ ചിരിച്ചതേയുള്ളൂ..സാധാരണ സംസാരിക്കാൻ വാ തുറന്നാൽ അടച്ചു വെക്കാത്തവളാണ്…

“നീയെന്താ അവരോട് സംസാരിക്കാത്തത്..?”

തിരികെ വീട്ടിലേക്ക് പോവുമ്പോൾ അവളോട് ചോദിച്ചു…

“എനിക്കെന്തോ അവരെ ഇഷ്ടമല്ല..ഒരു നെഗറ്റീവ് വൈബ്…”

“എനിക്കങ്ങനെ തോന്നിയതേയില്ല..എന്ത് ഭംഗിയായിട്ടാ അവർ സംസാരിക്കുന്നത്..”

“നിനക്ക് അങ്ങനെയല്ലേ തോന്നൂ…”

ഞാൻ ഒന്നും മിണ്ടിയില്ല..

പിന്നെയും പലയിടത്തും വെച്ച് പല തവണ അവരെ കണ്ടു..അവരെപ്പോഴും തനിയെയായിരുന്നു..അവരുടേതായ ലോകത്തിൽ..

ഒരിക്കൽ എഫ്ബിയിൽ കണ്ടപ്പോൾ ഒരു റിക്വസ്റ്റ് ഇട്ടു…രണ്ടാം ദിവസം അത് അക്‌സെപ്റ്റ് ചെയ്തുവെന്ന നോട്ടിഫിക്കേഷൻ കണ്ടപ്പോൾ സന്തോഷം തോന്നി..പിന്നെയും കുറച്ചു ദിവസം കഴിഞ്ഞാണ് ഒരു മെസ്സേജ് അയച്ചത്…

“ഹായ് മാഡം, ഹൌ ആർ യൂ…”

ഏറെ കഴിഞ്ഞു മറുപടി കിട്ടില്ലെന്ന്‌ ഉറപ്പിച്ചപ്പോഴാണ്…

“ഹായ് അഭി..സുഖം..അവിടെയോ..?.. ലിസ എന്തു പറയുന്നു?

അതായിരുന്നു തുടക്കം..എന്തിനെപറ്റിയും അവരോട് സംസാരിക്കാമായിരുന്നു. അവരുടെ കാഴ്ചപ്പാടുകൾ തുറന്നു പറയാറുണ്ടെന്നതിനപ്പുറം എന്നെ ആകർഷിച്ചത് ഒരിക്കലും നിർബന്ധപൂർവ്വം അവരെന്റെ കാഴ്ചപ്പാടുകൾ തിരുത്താൻ ശ്രെമിച്ചില്ലെന്നതാണ്..പതിയെ പതിയെ സൗഹൃദത്തിനപ്പുറം അവരോടൊരു ആത്മബന്ധം ഉടലെടുക്കുന്നത് ഞാനറിഞ്ഞു..ഓർമ്മ വെച്ച നാൾ മുതൽ നിഴൽ പോലെ കൂടെയുണ്ടായിരുന്ന ലിസയോട് പോലും തോന്നാത്തത്..

പലയിടത്തും വെച്ചു യാദൃശ്ചികമായും അല്ലാതെയും കണ്ടു..സംസാരിച്ചു..എന്നെ അവരോളം മനസ്സിലാക്കാൻ മറ്റൊരാൾക്ക്‌ കഴിയില്ലെന്ന് തോന്നി..

എപ്പോഴോ ഒരിക്കൽ രാത്രിയിൽ ഭക്ഷണം കഴിക്കുമ്പോൾ അനുവാണ് പറഞ്ഞത്..

“അമ്മേ ഈ ഏട്ടനുണ്ടല്ലോ..ആ എഴുത്തുകാരിയില്ലേ..ദേവയാനി..അവരുമായി ഭയങ്കര കൂട്ടാണെന്ന്…”

ഞെട്ടലോടെ അവളെ നോക്കി…

“നിന്നോടിതൊക്കെ ആര് പറഞ്ഞു..?”

“വേറാര്, ഏട്ടന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരി..മിസ്സ് എലിസബത്ത് മാത്യു..”

അച്ഛനുൾപ്പെടെ എല്ലാരും ചിരിച്ചു…

“അവരുടെ നാടും പാലക്കാടാണ്, അവിടെ വല്യ ബന്ധമൊന്നുമില്ലെന്ന് തോന്നുന്നു, അച്ഛന് അറിയോ അവരെ..?”

ഞാൻ അച്ഛനെ നോക്കി..

“നല്ലയാളോടാ ചോദിക്കുന്നെ, വല്ല സയന്റിസ്റ്റിന്റെയും കാര്യമാണേൽ പിന്നേണ്ട്..ല്ലേ കെമിസ്ട്രി വാദ്ധ്യാരേ..?”

അമ്മ അച്ഛനെ കളിയാക്കി..അച്ഛൻ ചിരിച്ചു..അച്ഛന് പണ്ടേ സാഹിത്യം അലർജിയാണ്..

“നമ്മൾ അവരെ ഒരിക്കൽ കണ്ടിട്ടുണ്ട് രഘുവേട്ടാ..ഓർക്കുന്നില്ലേ. പണ്ട് മാത്തന്റെയും ലീനയുടെയും കല്യാണറിസെപ്ഷനിടെ…”

അമ്മ അച്ഛനെ നോക്കി…

“എന്റെ സുമേ അതിപ്പോ കൊല്ലമെത്രയായീന്നാ, എനിക്കോർമ്മയില്ല..”

“എനിക്ക് നല്ലോർമ്മണ്ട്, ഒരു മേക്കപ്പും ഇല്ലാതെ തന്നെ നല്ല സുന്ദരിയായിരുന്നവർ..”

“ഇതുങ്ങളുടെ ഒരു കാര്യം..”

കഴിച്ചു എഴുന്നേൽക്കുന്നതിനിടെ അച്ഛൻ പറയുന്നത് കേട്ടു..

ദേവയാനിയുടെ പേര് പറഞ്ഞു ലിസ വഴക്കിടുന്നത് പതിവായപ്പോൾ ഞാനും പലതും അവളെ ഒളിപ്പിച്ചു തുടങ്ങി..പലപ്പോഴും അവളുടെ പരിധി വിട്ട സംസാരം എന്റെ ക്ഷമയുടെ നെല്ലിപ്പലക വരെ എത്തിയിരുന്നു…

മാഡത്തിനോട് ഒളിച്ചു വെക്കാനാവാതെ വന്നപ്പോൾ പറഞ്ഞു. മറുപടി ഇങ്ങനെയായിരുന്നു..

“അഭിയെപ്പോഴെങ്കിലും ലിസയുടെ കണ്ണുകളിലേക്ക് നോക്കിയിട്ടുണ്ടോ..?അവളെ ശ്രെദ്ധിച്ചിട്ടുണ്ടോ…?”

“സോറി, ഐ ഡോണ്ട് അണ്ടർസ്റ്റാൻഡ്..”

“അഭി ലിസയെ ഒന്ന് വാച്ച് ചെയ്യൂ..അവളറിയാതെ… “

അത്രയേ പറഞ്ഞുള്ളൂ…ദിവസം ഒന്ന് കഴിയുന്നതിനു മുൻപേ ഞാനത് മനസ്സിലാക്കി കഴിഞ്ഞിരുന്നു..ലിസയ്ക്ക് എന്നോടുള്ളത് സൗഹൃദം മാത്രമല്ല..പ്രണയമാണ്..അതും അസ്ഥിയ്ക്ക് പിടിച്ചത്…പക്ഷെ മാഡം പറഞ്ഞില്ലായിരുന്നുവെങ്കിൽ ഞാനത് ശ്രെദ്ധിക്കില്ലായിരുന്നു..

“മാഡം..അവൾക്ക്…”

“അഭി..ഷി ലവ്സ് യു..”

ഒന്നും മിണ്ടിയില്ല..

“അതിന്റെ പോസ്സസ്സീവ്നെസ്സാണ് ഇതെല്ലാം..പാവം കുട്ടി…”

പരിചയപ്പെട്ടതിൽ പിന്നെ എന്റെ ആദ്യത്തെ ജന്മദിനം കഴിഞ്ഞു രണ്ടാമത്തെ ദിവസം അവരെനിക്കൊരു ക്രിസ്റ്റൽ ഫിഗർ സമ്മാനിച്ചു..രണ്ടു ദിവസം എന്റെ ബെഡിന്റെ സൈഡ് ടേബിളിൽ ഉണ്ടായിരുന്ന അത് മൂന്നാം ദിവസം കാണാതായിരുന്നു..

രണ്ടാമത്തെ ജന്മദിനത്തിന്റെ തലേന്നവർ വിളിച്ചു..

“അഭി നാളെ സമയം കിട്ടുമ്പോൾ ഫ്ലാറ്റിലേയ്ക്ക് ഒന്ന് വരുമോ..?ലിസയെയും കൂട്ടിക്കോളൂ…”

ആദ്യം അവിടെ പോവേണ്ടെന്നും പറഞ്ഞു എന്നെ പിന്തിരിപ്പിക്കാനായി ശ്രെമിക്കുകയും, പിന്നെ കൂടെ വരില്ലെന്ന് വാശി പിടിക്കുകയും ചെയ്‌തെങ്കിലും, പോവാനായി ഇറങ്ങിയപ്പോൾ എന്റെ കാറിന്റെ മുൻസീറ്റിൽ അവളും ഉണ്ടായിരുന്നു..

വാതിൽ തുറന്നതു അവർ തന്നെയായിരുന്നു..ഹൃദ്യമായി ചിരിച്ചു കൊണ്ടു അവർ ഞങ്ങളെ സ്വീകരിച്ചിരുത്തി..അധികം വൈകാതെ ഞങ്ങളുടെ മുൻപിൽ പ്രത്യക്ഷപ്പെട്ട ഹാപ്പി ബർത്തഡേ അഭി എന്നെഴുതിയ കേക്ക് എനിക്ക് മാത്രമല്ല ലിസയ്ക്കും സർപ്രൈസായി..

ആദ്യ മുറിച്ച കഷ്ണം അവർ എന്റെ വായിലേയ്ക്ക് വെച്ചു തന്നു..പിന്നെ ലിസയ്ക്കും..

എഴുത്തുകാരിയ്ക്ക് പുറമെ അവരൊരു നല്ല പാചകക്കാരി കൂടെയായിരുന്നു..യാത്ര പറഞ്ഞിറങ്ങുന്നതിനു മുൻപേയാണവർ എന്റെ കയ്യിൽ ഒരു ഗിഫ്റ്റ് ബോക്സ്‌ വെച്ചത്..വില കൂടിയൊരു വാച്ചായിരുന്നത്..ലിസയുടെ മുഖം കടന്നൽ കുത്തിയത് പോലെ വീർത്തു..

“അടുത്ത തവണ ലിസയുടെ പിറന്നാളിന് ഒരു സർപ്രൈസ് ഗിഫ്റ്റുണ്ട്..”

ലിസയെ ചേർത്തു നിർത്തിക്കൊണ്ട് അവരത് പറയുമ്പോഴും അവളുടെ മുഖം തെളിഞ്ഞില്ല..

മൂന്നാല് ദിവസം കഴിഞ്ഞു ഡ്രെസ്സൊക്കെ മാറി പുറത്തേക്കിറങ്ങാൻ തുടങ്ങുമ്പോഴാണ് ഞാൻ ആ വാച്ച് നോക്കിയത്..കണ്ടില്ല എവിടെയും..ആരും..

വൈകുന്നേരം തിരിച്ചു വരുമ്പോൾ ലിസ വീട്ടിലുണ്ടായിരുന്നു..അവളും അച്ഛനും എന്തോ സംസാരിക്കുന്നുണ്ടായിരുന്നു..എന്നെ കണ്ടതും സംസാരം മുറിഞ്ഞു..

രാത്രി ഭക്ഷണം കഴിക്കാനായി മാത്യു അങ്കിളും ഫാമിലിയും ഉണ്ടായിരുന്നു..അമ്മയാണ് ചോദിച്ചത്..

“ടാ അഭി നിന്റെയാ വാച്ച് കിട്ടിയോ…?”

ഞാൻ ലിസയെ ഒന്ന് നോക്കി..അവൾ ശ്രെദ്ധിക്കുന്നേയില്ല..

“ഇല്ലമ്മാ..”

“ആരാണോ ഏട്ടനിങ്ങനെ എക്സ്പെൻസിവ് ഗിഫ്റ്റ് ഒക്കെ തരണത്? വല്ല ലവും ആണോ ഏട്ടാ..?എന്തായാലും കാശുള്ള വീട്ടിലെ കൊച്ചാണ് “

ചിലപ്പോൾ അനുവിന്റെ നാക്കിനു ലൈസൻസുണ്ടാവില്ല..

“കൊച്ചുപെണ്ണൊന്നുമല്ല..അതാ മുതുക്കിത്തള്ളയാ, ദേവയാനി, അവർക്കിവനോട് മുടിഞ്ഞ പ്രേമമാ..”

ലിസ പൊട്ടിത്തെറിച്ചു കൊണ്ടെഴുന്നേറ്റു..

“ലിസാ…”

ദേഷ്യത്തോടെ ഞാൻ എഴുന്നേൽക്കുമ്പോഴേക്കും മാത്യു അങ്കിൾ അവളെ അടിച്ചിരുന്നു..കരഞ്ഞു കൊണ്ടവൾ എഴുന്നേറ്റു പോയി..ആരും ഒന്നും മിണ്ടിയില്ല…മാത്യു അങ്കിൾ പറഞ്ഞു..

“അഭീ, നീയിതൊന്നും കാര്യാക്കണ്ട, അവൾടെ സ്വഭാവം അറിയില്ലേ..”

അച്ഛന്റെ മുഖം വിളറിയിരുന്നു..ഒന്നും പറയാതെ ഞാനും എഴുന്നേറ്റു പോയി..

മനസ്സാകെ അസ്വസ്ഥമായിരുന്നു..രണ്ടു ദിവസം കഴിഞ്ഞു മാഡത്തെ വിളിച്ചു..രണ്ടാമത്തെ തവണയാണ് കാൾ എടുത്തത്..

“ഹലോ..”

“അഭി…”

എന്തോ വാക്കുകൾക്ക്‌ ക്ഷാമം വന്നത് പോലെ..ഇന്ന് വരെ ഇങ്ങനെ ഉണ്ടായിട്ടില്ല..തിരിച്ചും…

പതിയെ അവരോട് കാര്യങ്ങളെല്ലാം പറഞ്ഞു..ഒന്നും തിരിച്ചു പറയാതെ മൂളിക്കേട്ടു…

“ഞാൻ അഭിയെ വിളിക്കാനിരിക്കുകയായിരുന്നു…എനിക്കൊരു കാര്യം പറയാനുണ്ട്..”

നെഞ്ചിടിപ്പ് കൂടുന്നുണ്ടായിരുന്നു…

“അഭി ഇനിയെന്നെ വിളിക്കരുത്, മെസ്സേജ് ചെയ്യരുത്..ഒരിക്കലും..ഗുഡ് ബൈ…”

ഒരിക്കലും പ്രതീക്ഷിക്കാത്ത വാക്കുകൾ..തിരിച്ചെന്തെങ്കിലും പറയുന്നതിന് മുൻപേ കോൾ കട്ടായി..തിരിച്ചു വിളിച്ചപ്പോൾ എടുത്തില്ല..പിന്നെ ആ നമ്പർ സ്വിച്ചഡ് ഓഫ്‌ ആയി… എന്നെന്നേക്കുമായി..

ഭ്രാന്തെടുത്ത് നടന്ന ദിവസങ്ങൾ.. വെറുതെ ഒരു വാക്കിൽ ഉപേക്ഷിക്കാൻ പറ്റുന്ന സൗഹൃദമായിരുന്നില്ല..ഫ്ലാറ്റിൽ എത്തിയപ്പോഴാണ് അറിഞ്ഞത്.. ദേവയാനി മാഡം കൽക്കത്തയിലേക്ക് തിരിച്ചു പോയി..

മ ദ്യപിച്ചാണ് അന്ന് വീട്ടിലെത്തിയത്..ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നതിനിടയിലെപ്പോഴോ അച്ഛൻ അടുത്ത് വന്നു കിടന്നു..

“അച്ഛനും വിശ്വസിക്കുന്നുണ്ടോ ലിസ പറഞ്ഞതൊക്കെ …?”

“ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എനിക്ക് തന്നെ അറിയില്ലെടോ, പോണവരൊക്കെ പോട്ടെ, തനിക്ക് ഞങ്ങളില്ലേ..”

തന്റെ ഉറക്കത്തിനിടയിൽ എപ്പോഴോ അച്ഛൻ എഴുന്നേറ്റു പോയിരുന്നു..രാവിലെ അമ്മയുടെ കരച്ചിൽ കേട്ട് ഓടിചെല്ലുമ്പോഴേക്കും ആരോടും പറയാതെ അച്ഛൻ യാത്രയായിരുന്നു..

മനസ്സോട് ചേർത്ത് വെച്ചിരുന്ന രണ്ടുപേർ, എത്ര പെട്ടെന്നാണ് അകന്നു പോയത്..ഒരുപാട് സമയമെടുത്തു മനസ്സിനെ നേരെയാക്കിയെടുക്കാൻ..ലിസയോടുള്ള മാനസികൈക്യം എന്നേ നഷ്ടപ്പെട്ടു പോയിരുന്നു..കണ്ടാൽ ഒന്ന് ചിരിക്കും എന്തെങ്കിലും രണ്ടു വാക്ക് സംസാരിക്കും…

ഓർമ്മകളിൽ നിന്നും മുക്തനായപ്പോൾ വെറുതെ മൊബൈലിൽ പരതി..മരണവാർത്തയോടൊപ്പം ആ മുഖം കൂടെ കണ്ടപ്പോൾ നെഞ്ചൊന്ന് വിങ്ങി.. കണ്ണിലൊരു പുകച്ചിൽ..നോട്ടിഫിക്കേഷൻ കണ്ടപ്പോൾ വെറുതെ വാട്സ്ആപ്പ് ഓപ്പൺ ചെയ്തു..ഒന്നും ശ്രെദ്ധിക്കാതെ വിരൽ കൊണ്ടു താഴേയ്ക്ക് സ്ക്രോൾ ചെയ്തു..കണ്ണും മനസ്സും ഒന്നും അവിടെ ഉണ്ടായിരുന്നില്ല..പൊടുന്നനെയാണത് കണ്ണിലുടക്കിയത്..എപ്പോഴോ വന്നു കിടന്നിരുന്ന ആ മെസേജ്..ഉള്ളിലുയർന്ന ആന്തലോടെ ഓപ്പൺ ചെയ്തു…

“അഭീ, ചിലപ്പോൾ നമ്മുടെ കാഴ്ചപ്പാടുകൾ മറ്റൊരാളുടെ ജീവിതത്തെ ബാധിച്ചേക്കാം..അങ്ങനെ ഒരവസരത്തിൽ അകന്നു നിൽക്കേണ്ടി വന്നു…സ്നേഹം മാത്രമേയുള്ളൂ എന്നും..പ്രാർത്ഥനയും..

സുമയ്ക്കും അനുവിനും ഇനി നീ മാത്രമേയുള്ളു..അതോർമ്മ വേണം..ലിസ..അവളെ വേദനിപ്പിക്കരുത്..ഒരുപാട് സ്നേഹിക്കുന്നുണ്ട് നിന്നെ…”

സുമ..ആ അക്ഷരങ്ങളിൽ മനസ്സുടക്കി നിന്നു..അമ്മയുടെ പേര് എങ്ങിനെ..ഒരിക്കൽ പോലും വീട്ടിലെ കാര്യങ്ങൾ ചോദിച്ചിട്ടില്ല..അപ്പോൾ അച്ഛൻ പോയതും അറിഞ്ഞിട്ടുണ്ട്…എങ്ങനെ…

നേരത്തേ കണ്ട വാർത്തകളിൽ നിന്നും ചിലത് പൊന്തിവന്നു..പാലക്കാട്‌ വിക്ടോറിയ കോളേജ്..അച്ഛനും മാത്യു അങ്കിളും പഠിച്ച അതേ കാലഘട്ടം…

എഴുന്നേറ്റ് ധൃതിയിൽ ഫ്രഷായി മാത്യു അങ്കിളിന്റെ വീട്ടിലേക്ക് ഓടുകയായിരുന്നു..

ഫോണുമെടുത്ത് മുകളിലേക്ക് പോയിട്ട് കൊറേ നേരമായെന്ന ലീനേന്റിയുടെ വാക്കുകൾ കേട്ട് നേരെ കയറി ചെന്നപ്പോൾ ടെറസിലെ തൂണിൽ ചാരി നിന്ന് ഗഹനമായ ആലോചനയിലായിരുന്നു ആൾ…

“അങ്കിൾ..? “

ഞെട്ടലോടെ തന്നെ നോക്കി..മുഖവുരയൊന്നും ഇല്ലാതെയാണ് തന്നെയാണ് ചോദിച്ചത്..

“ദേവയാനി…എന്തിനാ അന്ന് അവരെ അറിയില്ലെന്ന് പറഞ്ഞത്..? ആരാ അവർ..?”

ഒന്ന് രണ്ടു നിമിഷം തന്റെ കണ്ണുകളിലേക്ക് നോക്കി നിന്നു, പിന്നെ പതിയെ നോട്ടം മാറ്റിയിട്ടാണ് അങ്കിൾ പറഞ്ഞത്..

“ദേവയാനി..രഘുറാമിന്റെ പ്രണയം..രഘുവിന്റെ ദേവി…”

“നോ…ഞാൻ വിശ്വസിക്കില്ല..”

ഉള്ളിലൊരു വിസ്‌ഫോടനം നടക്കുന്നുണ്ടായിരുന്നു..

“വിശ്വസിക്കരുതെന്ന് തന്നെ ഞാനും ആഗ്രഹിക്കുന്നു..പക്ഷെ പിന്നീടൊരിക്കൽ കൂടെ നീ ഈ ചോദ്യം ആവർത്തിക്കാതിരിക്കാൻ ഞാനെല്ലാം പറയാം…പക്ഷെ ഞാൻ പറയുന്നത് ഇവിടെ തന്നെ ഉപേക്ഷിച്ചു മടങ്ങണം നീ..”

ഒന്നും മനസ്സിലാവാതെ നിന്നു..

“ഒരുമിച്ച് കളിച്ചു വളർന്ന ഞങ്ങൾ കോളേജിലും ഒരുമിച്ച് തന്നെയായിരുന്നു..വിക്ടോറിയയിൽ..ഞങ്ങൾക്കിടയിലേക്ക് അവൾ വന്നു..ദേവയാനി നാരായണൻ..കൽക്കത്തയിൽ സെറ്റിൽഡ് ആയ,എപ്പോഴും കലഹിച്ചു കൊണ്ടിരിക്കുന്ന ദാമ്പത്യത്തിന്റെ സന്തതി…പഠിത്തത്തിന്റെ പേരും പറഞ്ഞു, തറവാട്ടിൽ മുത്തച്ഛന്റെയും മുത്തശ്ശിയുടെയും അടുത്തേക്ക് ഓടിപ്പോന്നവൾ…”

“ഒരുപാട് പ്രത്യേകതകളുള്ള പെൺകുട്ടി, പെട്ടെന്ന് ആരോടും അടുപ്പം കാണിക്കുകയോ സംസാരിക്കുകയോ ചെയ്യാത്ത, എന്നാൽ അടുത്തറിയുന്നവരെ തന്നിലേക്ക് ആകർഷിക്കാനൊരു കഴിവുണ്ടായിരുന്നവൾ..”

“നിന്നെപ്പോലെ തന്നെ രഘുവിനും അക്ഷരങ്ങളോട് ഭ്രാന്തമായൊരു അഭിനിവേശം ഉണ്ടായിരുന്നു..അത് തന്നെയായിരുന്നു അവരെ അടുപ്പിച്ചതും..എപ്പോഴോ സൗഹൃദത്തിനപ്പുറം അതിതീവ്രമായ പ്രണയത്തിലേക്ക് എത്തിപ്പെട്ടിരുന്നു ദേവിയും രഘുവും..”

“പക്ഷെ അവരൊരിക്കലും പ്രണയത്തെ പറ്റി സംസാരിക്കുകയോ കൈകോർത്തു നടക്കുകയോ ചെയ്തിരുന്നില്ല..എഴുത്തിനെപ്പറ്റിയും എഴുത്തുകാരെ പറ്റിയുമുള്ള സംസാരങ്ങളും തർക്കങ്ങളും നീളുമ്പോൾ ഞാനെഴുന്നേറ്റ് പോവും..പക്ഷെ തിരിച്ചെത്തുമ്പോഴും ഒട്ടും ഉത്സാഹം ചോരാതെ അവർ സംസാരിച്ചുകൊണ്ടേയിരിക്കുന്നുണ്ടാവും..സഹികെടുമ്പോൾ ഞാൻ ചിലപ്പോൾ ചോദിക്കും..”

“അല്ലേ നിങ്ങൾക്ക് സാധാരണ മനുഷ്യന്മാരെപ്പോലെ പ്രേമിക്കാനൊന്നും അറിയത്തില്ലേ…?”

പോടാന്ന് പറഞ്ഞു രഘു എന്റെ ചുമലിൽ അടിക്കുമ്പോൾ അവന്റെ കണ്ണുകൾ ദേവിയിലാകും…കണ്ണുകൾ ഇടയുമ്പോൾ അവളുടെ മുഖം ചുവക്കും, മിഴികൾ താഴും..രഘുവിന്റെ ചുണ്ടിലൊരു കുസൃതിച്ചിരി തെളിയും… “

ഏതോ ഓർമ്മയിൽ എന്നത് പോലെ മാത്യു ചിരിച്ചു..

“വല്ലാത്തൊരു പ്രണയമായിരുന്നു അവരുടേത്..ഒരു നോട്ടത്തിന്റെ അർത്ഥം പോലും അറിയാവുന്ന, ഒരാൾക്ക് മറ്റൊരാളിന്റെ ചിന്തകൾ പോലും മനസ്സിലാക്കാവുന്ന..എനിക്കറിയില്ല അഭി അവരുടെ പ്രണയത്തിന്റെ തീവ്രത വാക്കുകളാൽ വിവരിക്കാൻ..”

“വിഷയങ്ങൾ വേറെയായിരുന്നുവെങ്കിലും ഡിഗ്രിയ്ക്കും പീജിയ്ക്കും ഞങ്ങൾ ഒരുമിച്ചായിരുന്നു..രഘുവിനു അവൾ പ്രണയിനിയായിരുന്നെങ്കിൽ എനിക്കവൾ എന്റെ അമ്മയുടെ വയറ്റിൽ പിറക്കാതെ പോയ സഹോദരിയായിരുന്നു..”

“പിജി കഴിഞ്ഞിട്ടും ഓരോരോ കാരണങ്ങൾ പറഞ്ഞു കൽക്കത്തയിലേക്ക് തിരിച്ചു പോവാതെ അവൾ നാട്ടിൽ തന്നെ നിന്നു..അവളുടെ തറവാട്ടിലേയ്ക്ക് പല തവണ ക്ഷണിച്ചെങ്കിലും ഞങ്ങൾ പോകാൻ തീരുമാനിച്ച ദിവസം, എനിക്ക് രഘുവിനോപ്പം പോവാൻ കഴിഞ്ഞില്ല..രഘു ദേവിയുടെ തറവാട്ടിൽ എത്തിയ അന്ന് ദേവിയുടെ മുത്തശ്ശനും മുത്തശ്ശിയും അവിടെയുണ്ടായിരുന്നില്ല..അന്ന് അവിടെ വെച്ച് അവർ തമ്മിൽ… “

അങ്കിൾ പൂർത്തിയാക്കാനാവാതെ നിർത്തിയപ്പോൾ സ്തംഭിച്ച അവസ്ഥയിലായിരുന്നു ഞാൻ..

“രഘുവിനു കുറ്റബോധമായിരുന്നു..പക്ഷെ ദേവി..അവളത് പെട്ടെന്നുൾക്കൊണ്ടു..”

“പക്ഷെ രഘുവിന്റെ വീട്ടിലെ സാഹചര്യങ്ങൾ…അച്ഛന്റെ പെട്ടെന്നുള്ള മരണത്തിനു ശേഷം അച്ഛന്റെ സുഹൃത്തായിരുന്ന മാധവൻ നമ്പ്യാരായിരുന്നു അവന്റെ വീട്ടിലെ കാര്യങ്ങളെല്ലാം നോക്കിയത്..സഹോദരിമാരുടെ വിവാഹം, അവന്റെ പഠിത്തം..പഠിച്ചു കഴിഞ്ഞപ്പോൾ കോളേജിൽ ജോലിയും വാങ്ങിക്കൊടുത്തു..പക്ഷെ…”

“നമ്പ്യാരുടെ ഒരേയൊരു മകൾ സുമലത..സുന്ദരിയെങ്കിലും കാലിലെ ചെറിയ മുടന്ത് കാരണം വരുന്ന ആലോചനകളെല്ലാം മുടങ്ങിയപ്പോൾ നമ്പ്യാർ രഘുവിന്റെ അമ്മയോട് മകളെ രഘുവിനെ കൊണ്ടു വിവാഹം കഴിപ്പിക്കാൻ അഭ്യർത്ഥിച്ചു..”

“ഒരുവശത്തു കടമകളും കടപ്പാടുകളും, മറുവശത്തു ജീവന് തുല്യം സ്നേഹിക്കുന്ന, മനസ്സും ശരീരവും പങ്കിട്ട പെണ്ണും..അവൻ ഉരുകുകയായിരുന്നു..പക്ഷെ ഒന്നിനും വേണ്ടി അവളെ ഉപേക്ഷിക്കാൻ രഘു തയ്യാറല്ലായിരുന്നു..അവൻ ഒന്നും അവളോട് പറഞ്ഞതുമില്ല..”

“പക്ഷെ അവളുടെ ചോദ്യങ്ങൾക്ക് മുൻപിൽ എനിക്കെല്ലാം പറയേണ്ടി വന്നു..”

“മാത്താ..ഞാൻ തിരിച്ചു കൽക്കത്തയ്ക്ക് പോവുകയാണ്..”

എന്നെ ഞെട്ടിച്ചു കൊണ്ടായിരുന്നു അവളുടെ വാക്കുകൾ..

“രഘുവിനു മുൻപിൽ  ചോയ്സുകളുണ്ട്. ഏതെങ്കിലും ഒരു നിമിഷത്തിൽ അവൻ മറ്റേത് തിരഞ്ഞെടുത്താൽ ഞാൻ തകർന്നു പോവും..പക്ഷെ അവന്റെ കുടുംബത്തെ ഉപേക്ഷിച്ചു എനിക്കൊപ്പം നിന്നാൽ ഒരിക്കലും അവന് സന്തോഷിക്കാനാവില്ല..”

“ദേവി..നീയില്ലാതെ അവന് ജീവിക്കാൻ പറ്റില്ല..”

“പറ്റും..രഘുവിനെ എനിക്കറിയാം..അവന് കുടുംബത്തിന് വേണ്ടി എല്ലാം മറന്നു മറ്റൊരു ജീവിതത്തിലേക്ക് പോവാനാവും..”

രഘുവിന് ഒരു കത്തും എഴുതി വെച്ച് ഒരു വാക്ക് പോലും പറയാതെ അവൾ തിരിച്ചു പോയി..ഈ ബന്ധം അവൾക്കൊരു തമാശ മാത്രമായിരുന്നെന്നും എല്ലാം മറക്കണമെന്നുമായിരുന്നു കത്തിന്റെ ഉള്ളടക്കം.. “

“രഘു ആകെ തകർന്നു പോയി..അവനറിയാമായിരുന്നു അവൾ ഒഴിഞ്ഞു പോയതാണെന്ന്…അതിൽ നിന്നും തിരിച്ചുകയറാൻ അവന്റെ മനസ്സ് സമയമെടുത്തു..സുമയുമായുള്ള വിവാഹം നടക്കുമ്പോൾ പഴയ രഘുവിന്റെതായ ഒന്നും അവശേഷിക്കാത്ത വണ്ണം അവൻ സ്വയം മാറി..അവന്റെ ഇഷ്ടങ്ങൾ, താല്പര്യങ്ങൾ ഒക്കെ മനപ്പൂർവം മറന്നു…

“അവർ..അവർ തമ്മിൽ പിന്നെ കണ്ടിട്ടില്ലേ..?”

“ഉം..രണ്ടു തവണ..ഇവിടെ നിന്നും പോയി രഘുവിന്റെ വിവാഹമൊക്കെ കഴിഞ്ഞതിനു ശേഷം ഇടയ്ക്ക് വല്ലപ്പോഴും എന്നെ വിളിക്കാറുണ്ടായിരുന്നവൾ…രഘുവിനെ പറ്റി ഒരു വാക്ക് പോലും ചോദിക്കാറില്ല, ഞാൻ പറയാറും..മുത്തശ്ശൻ മരിച്ചു അവൾ നാട്ടിൽ വന്നപ്പോഴായിരുന്നു എന്റെ വിവാഹം..വരുന്നില്ലെന്ന് പറഞ്ഞിട്ടും ഞാൻ നിർബന്ധിച്ചു..റിസപ്‌ഷന് രഘു ഉണ്ടാവില്ലെന്ന് നേരെത്തെ പറഞ്ഞിരുന്നു..അത് പറഞ്ഞത് കൊണ്ടാണ് ദേവി വന്നത്..പക്ഷെ സ്റ്റേജിൽ എനിക്കും ലീനയ്ക്കുമൊപ്പം ഫോട്ടോ എടുക്കുമ്പോഴാണ് രഘുവും സുമയും കയറി വന്നത്..ദേവിയ്ക്കരികിൽ നിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യേണ്ടി വന്നു രഘുവിനു സുമയോടൊപ്പം..”

അങ്കിളിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു..

“തികച്ചും അന്യരെ പോലെ..ഒരു വാക്ക് സംസാരിക്കാതെ, മുഖത്ത് നോക്കാതെ അവരങ്ങനെ നിന്നു..തിരികെ ഇറങ്ങുമ്പോൾ രഘുവിനരികിലൂടെ ഒരപരിചിതയെപ്പോലെ നടന്നു പോവുന്ന ദേവിയുടെ മുഖം എനിക്കിപ്പോഴും ഓർമ്മയുണ്ട്…”

“സുമലത..നിന്റെ അമ്മ..അവൾക്ക് രഘു ദൈവമായിരുന്നു..രഘു പറയും..അവളൊരു പാവമാണ്..ഞാനാണ് അവളുടെ ലോകം..അറിഞ്ഞാൽ ആ പാവത്തിന് സഹിക്കാൻ കഴിയില്ല..ഒരിക്കലും അറിയരുത്..”

“ഒരിക്കൽ ഞാൻ ചോദിച്ചിരുന്നു മറക്കാൻ കഴിയുമോ നിനക്കവളെയെന്ന്..അവൻ പറഞ്ഞു”

“അവൾ എന്റെ ആത്മാവിന്റെ ഭാഗമാണെടാ..മുറിച്ചു മാറ്റാൻ പറ്റില്ല..പക്ഷെ എന്റെ സുമയോട് ഞാൻ നീതികേട് കാണിക്കില്ല..എന്റെ മനസ്സിലെ ഒരിക്കലും വെളിച്ചം വീശാത്ത ഇരുളടഞ്ഞ ഒരു പകുതിയിൽ അവളുണ്ടാകും എന്നും..”

“എനിക്കറിയാം..അവൻ..എന്റെ രഘു..ഉരുകിത്തീരുകയായിരുന്നു..അവളെഴുതിയ ഒരു വരിപോലും അവൻ വായിച്ചിട്ടില്ല..അവളെ സംബന്ധിക്കുന്നതൊന്നും അറിയാനോ അന്വേഷിക്കാനോ ശ്രെമിച്ചിട്ടില്ല..”

“ഒരു ഫങ്ക്ഷനിൽ വെച്ചു വീണ്ടുമൊരിക്കൽ കൂടെ അവർ കണ്ടു മുട്ടി..തീർത്തും അപരിചിതരായി..ഒരു വാക്ക് പോലും മിണ്ടിയില്ലെങ്കിലും അവരുടെ മനസ്സുകൾ സംസാരിക്കുന്നുണ്ടായിരുന്നിരിക്കണം..”

തിരികെ അകത്തേക്ക് നടക്കുമ്പോൾ എന്റെ മനസ്സ് പൊള്ളുന്നുണ്ടായിരുന്നു..ചുമരിൽ ചാരി നിൽക്കുന്ന ലിസയെ ഞാൻ കണ്ടു..എന്നെ കണ്ടതും അവൾ കണ്ണുകൾ തുടച്ചു..

“നിനക്ക്..നിനക്ക് എല്ലാം അറിയാമായിരുന്നല്ലേ..?”

അവൾ തലയാട്ടി..

“ഒരിക്കൽ ഞാൻ പോയിരുന്നു അവരെ കാണാൻ..അവർ അന്ന് കൽക്കത്തയിലേക്ക് തിരിച്ചു പോയത് ഞാൻ കാരണമായിരുന്നു…നിന്നെ ആദ്യം കണ്ടപ്പോൾ തന്നെ അവർക്കറിയാമായിരുന്നു രഘുറാമിന്റെ മകനാണെന്ന്…”

ഞാൻ ഒന്നും പറഞ്ഞില്ല..

“സ്നേഹം പിടിച്ചു പറിക്കാൻ പറ്റില്ലെന്ന് ഇപ്പോഴെനിക്ക് അറിയാം അഭി..”

കണ്ണുകൾ തുടച്ചു കൊണ്ടു അവൾ അകത്തേക്ക് നടന്നു..

വീട്ടിലേയ്ക്ക് കയറി ചെല്ലുമ്പോൾ അമ്മ പറഞ്ഞു…

“അഭി..ആ എഴുത്തുകാരിയില്ലേ, ദേവയാനി..അവർ മരിച്ചുന്ന്…പാവം..ഒറ്റയ്ക്കായിരുന്നു …”

ഒന്നും പറഞ്ഞില്ല..കട്ടിലിൽ കിടന്നു മിഴികൾ ഇറുകെ അടയ്ക്കുമ്പോൾ ആ ശബ്ദം കേൾക്കുന്നുണ്ടായിരുന്നു…

“ഈശ്വരന്മാരിലോ പ്രാർത്ഥനകളിലോ വിശ്വസിച്ചിരുന്നില്ല അഭി..പക്ഷെ ഇപ്പോൾ ഞാൻ ആഗ്രഹിക്കുന്നുണ്ട് അടുത്ത ജന്മത്തിൽ നീയെന്റെ മകനായി പിറക്കാൻ..”

അഭിയുടെ മിഴിക്കോണിൽ നിന്നൊരു തുള്ളി ഇറ്റ് വീണു..ദേവയാനിയ്ക്ക് വേണ്ടി..രഘുവിന്റെ ദേവിയ്ക്കായ്…

~സൂര്യകാന്തി (ജിഷ രഹീഷ് )💕

Leave a Reply

Your email address will not be published.