മാസങ്ങൾ കഴിഞ്ഞു പോയപ്പോൾ അന്വേഷണങ്ങളുടെ രീതി മാറി തുടങ്ങി ഡോക്ടറെ കാണിച്ചില്ലേ ഇതുവരെ…

Story written by Aswathy Joy Arakkal

============

എന്താ ദേവകിയേടത്തി, ഇത്ര ബോധം ഇല്ലാതായോ നിങ്ങക്ക്…മ ച്ചികള് കുഞ്ഞിനെ കാണുന്നത് തന്നെ ദോഷാണ് അറിഞ്ഞുടെ നിങ്ങൾക്ക്. അതു മാത്രോ, ഇവറ്റകളുടെ കണ്ണു കിട്ടിയാൽ കുഞ്ഞിന്റെ ആയുസ്സിന് തന്നെ പ്രശ്നല്ലേ.

സുചിത്രയുടെ വകയിലൊരമ്മായി മുഖത്തടിച്ച പോലെ അങ്ങനെ പറഞ്ഞപ്പോ തറഞ്ഞു നിന്ന് പോയ്‌ ഞാൻ. ഒപ്പം ഉണ്ണിയേട്ടന്റെ അമ്മയുടെ മുഖം കടുപ്പിച്ചുള്ള നോട്ടവും കൂടെ ആയപ്പോ, കരച്ചിലടക്കാൻ പാട് പെടുകയായിരുന്നു. അവിടുന്ന് പതുക്കെ മാറി അടുക്കള ഭാഗത്തെ ആളൊഴിഞ്ഞൊരു മൂലയിൽ തലക്കടിയേറ്റവളെ പോലെ നിന്ന് പോയ്‌ കുറെ നേരം.

ഉണ്ണിയേട്ടന്റെ അനിയൻ സുധിയുടെ കുഞ്ഞിന്റെ നൂലുകെട്ടിനു വന്നതാണ് എല്ലാവരും കൂടെ. ബാങ്കിൽ കണക്കെടുപ്പ് ദിവസം ആയതു കൊണ്ട് ഉണ്ണിയേട്ടന് അവധി കിട്ടിയില്ല. ചടങ്ങിൽ പങ്കെടുക്കാൻ ആഗ്രഹം ഉണ്ടായിരുന്നെകിലും, ആളുകളുടെ കുത്തു വാക്കുകളും, സഹതാപ നോട്ടങ്ങളും പേടിച്ചു ഒഴിഞ്ഞു മാറാൻ ശ്രമിച്ചതാണ് ഒരുപാടു. പക്ഷെ ഉണ്ണിയേട്ടൻ സമ്മതിച്ചില്ല. താനും കൂടെ പോയില്ലെങ്കി എങ്ങനാടോ എന്ന് ചോദിച്ചപ്പോ പറ്റില്ലാന്ന് പറയാൻ തോന്നിയില്ല. ഒളിഞ്ഞും, തെളിഞ്ഞും പലതും കേൾക്കാറുണ്ടെങ്കിലും ഇങ്ങനൊരു അധിക്ഷേപം താങ്ങാനാകുമായിരുന്നില്ല തനിക്കു.

വീണയുടെ ഓർമ്മകൾ പിന്നോട്ട് സഞ്ചരിക്കുക ആയിരുന്നു. ടീച്ചറായ തനിക്കു ഉണ്ണിയേട്ടന്റെ ആലോചന വന്നപ്പോൾ അധികമൊന്നും ആലോചിക്കാൻ ഉണ്ടായിരുന്നില്ല ആർക്കും. സൽസ്വഭാവി, നല്ല ജോലി, കുടുംബം..എല്ലാം കൊണ്ടും യോഗ്യൻ. ജാതകം ആണെങ്കിലോ പത്തിൽ ഒൻപതു പൊരുത്തം, അത്യുത്തമം. ആഘോഷമായി തന്നെ വിവാഹം നടന്നു. സ്വർഗ്ഗ തുല്യമായിരുന്നു ആദ്യ നാളുകൾ. ഉണ്ണിയേട്ടന്റമ്മക്കും തന്നെ ജീവനായിരുന്നു.

കല്യാണം കഴിഞ്ഞു മാസം രണ്ടു തികയുന്നതിനു മുന്നേ വിശേഷമായില്ലേ എന്ന ചോദ്യം ബന്ധുക്കളിൽ നിന്ന് എത്തി തുടങ്ങി. അവര് കുട്ടികളല്ലേ അതൊക്കെ ആയിക്കോളും എന്ന് പറഞ്ഞു അവരുടെയൊക്കെ വായടപ്പിച്ചതു അമ്മ തന്നെ ആയിരുന്നു. എങ്കിലും ഒരുപാടു വൈകണ്ട കേട്ടോ മോളെ എന്ന് ഇടയ്ക്കിടെ എന്നെ ഓർമിപ്പിക്കുമായിരുന്നു.

മാസങ്ങൾ കഴിഞ്ഞു പോയപ്പോൾ അന്വേഷണങ്ങളുടെ രീതി മാറി തുടങ്ങി ഡോക്ടറെ കാണിച്ചില്ലേ ഇതുവരെ, രണ്ടിൽ ആർക്കാ കുഴപ്പം, എന്താ കുഴപ്പം, ഇനിയവള് മ ച്ചിയാണോ എന്ന രീതിയിലേക്കായ് ചോദ്യങ്ങൾ. കല്യാണം കഴിഞ്ഞു പത്താം മാസം പ്രസവിച്ച കുടുമ്പത്തിലെ പെണ്ണുങ്ങളുടെ കഥകൾ പറഞ്ഞു തുടങ്ങിയപ്പോൾ മനസ്സിലായി  ഉണ്ണിയേട്ടന്റമ്മക്കും മാറ്റങ്ങൾ വന്നു തുടങ്ങി എന്നു.

പക്ഷെ ആർക്കും ഞങ്ങടെ അവസ്ഥ അറിയില്ലായിരുന്നു. ഓരോ മാസവും മാ സമു റ ആകല്ലേ എന്ന് മാത്രം പ്രാർത്ഥിച്ചാണ് ദിവസങ്ങൾ തള്ളി നീക്കിയിരുന്നത്. ഡേറ്റ് ഒരു ദിവസം തെറ്റിയാൽ പോലും കിറ്റ് വാങ്ങി ടെസ്റ്റ്‌ ചെയ്യുമായിരുന്നു. രണ്ടുവര കാണാതാകുമ്പോൾ ഇപ്പൊ അറിയില്ല, ഒരാഴ്ച കൂടെ കഴിഞ്ഞു നോക്കിയാലെ അറിയാൻ പറ്റു എന്ന് പറഞ്ഞു പരസ്പരം ആശ്വസിപ്പിക്കുമായിരുന്നു.ഒടുവിൽ എല്ലാ പ്രതീക്ഷയും അവസാനിപ്പിച്ചു ര ക്ത ചാ ലുകൾ ഒഴുകി തുടങ്ങുമ്പോൾ, ഒരു കടൽ കണ്ണിലൊളിപ്പിച്ചു കട്ടിലിന്റെ ഇരുവശങ്ങളിലായി ചുരുണ്ടു കൂടുമായിരുന്നു ഞങ്ങൾ. അന്നൊക്കെ ഏറ്റവും വെറുത്തിരുന്നത് ആ ചോ രത്തു ള്ളികളെ തന്നെ ആയിരുന്നു.

ഇതൊന്നും പോരാതെ നാട്ടുകാരും, വീട്ടുകാരും വക സഹതാപപ്രകടനവും , കുത്തി നോവിക്കലും. രണ്ടു പേർക്കും കുഴപ്പമൊന്നുമില്ലെന്നു ഡോക്ടർ വിധി പറഞ്ഞെങ്കിലും വെറുതെ ഇരിക്കാൻ തയ്യാറല്ലായിരുന്നു പലരും.

വീണയുടെ അകന്ന ബന്ധത്തിലാരോ ഒരു മ ച്ചിയുണ്ടത്രേ, അതുകൊണ്ട് അവൾക്കന്യവും കുഴപ്പം. പലരും ഉറപ്പിച്ചു. ഒരു വിവാഹത്തിനോ, നല്ല ചടങ്ങുകൾക്കോ വിലക്കപ്പെട്ടവളായി. പ്രത്ത്യേകിച്ചു കുഞ്ഞുങ്ങളുടെ വല്ല ചടങ്ങുകൾക്കും ആണെകിൽ പറയുകയും വേണ്ട. കൂടെ പഠിപ്പിക്കുന്ന ടീച്ചേർസ് ആരെങ്കിലും മക്കളുടെ പിറന്നാളിനോ മറ്റോ വിളിച്ചാൽ ഒഴിഞ്ഞു മാറുകയാണ് പതിവ്. ആണുങ്ങളേക്കാൾ പെണ്ണുങ്ങൾക്കാണല്ലോ എല്ലാത്തിനും വിലക്ക്.

ഉണ്ണിയേട്ടൻകുടെ വിഷമിപ്പിക്കാതിരിക്കാൻ പലതും അദ്ദേഹത്തിൽ നിന്ന് മറച്ചു വെച്ചു. പല സന്ദർഭങ്ങളിലും ഒരു അ ഭിസാ രികയെക്കാൾ വെറുക്കപെട്ടവളാണ് കുഞ്ഞുങ്ങളില്ലാത്ത സ്ത്രീ എന്ന് തോന്നി പോയിട്ടുണ്ടെനിക്ക്.

കുഞ്ഞുങ്ങളെ കാണുമ്പോൾ പാലില്ലെങ്കിലും മാ റും, മനസ്സും ചു രത്താറുണ്ടെനിക്ക്..ഒന്നെടുക്കാൻ, കൊഞ്ചിക്കാൻ, ഒരുമ്മ കൊടുക്കാൻ…പക്ഷെ മ ച്ചി തൊട്ടാൽ ദോഷം എന്ന വാക്ക് പേടിച്ചു എല്ലാ മനസ്സിലൊതുക്കും.

ഒരു കുഞ്ഞുടുപ്പു നെയ്യാൻ, കുളിപ്പിച്ചൊരുക്കാൻ, മാ റിടം ചു രത്തി വിശപ്പ്‌ അടങ്ങുവോളം മു ലയൂ ട്ടാൻ, തൊട്ടിലാട്ടി ഉറക്കാൻ എല്ലാം എന്തു കൊതിയാണെന്നോ എനിക്ക്. കുഞ്ഞിനെ നെഞ്ചിലെ ചൂടിൽ കിടത്തി ഉറക്കി നിർവൃതി അടയാൻ എന്നേക്കാൾ കൊതി ഉണ്ണിയേട്ടനുണ്ടെന്നു തോന്നിയിട്ടുണ്ട് പലപ്പോഴും. പക്ഷെ എന്നെ സങ്കടപെടുത്താതിരിക്കയാണ് പാവം പലപ്പോഴും.

കാണാത്ത ഡോക്ടർമാരില്ല. നമുക്ക് കാത്തിരിക്കാം, രണ്ടാൾക്കും പ്രായം കടന്നു പോയിട്ടില്ലല്ലോ എന്ന പതിവ് പല്ലവി. പക്ഷെ ഒരു കുഞ്ഞെന്ന മനസ്സിന്റെയും, ശരീരത്തിന്റെയും ദാഹം തീർക്കാൻ ആശ്വാസ വാക്കുകൾക്ക് ആകില്ലല്ലോ. കേറാത്ത അമ്പലങ്ങളില്ല. നടത്താത്ത വഴിപാടുകളില്ല. ഈശ്വരൻ കടാക്ഷിച്ചില്ല ഇതുവരെ. ബാക്കിയായത് മ ച്ചി എന്ന പേര് മാത്രമാണ്. ഒരു കുഞ്ഞിനെ ദത്തെടുക്കാം എന്നു തനിക്കു ആഗ്രഹം ഉണ്ടെങ്കിലും ഉണ്ണിയേട്ടനത് പൂർണമായും ഉൾകൊള്ളാൻ ആയിട്ടില്ലിതു വരെ.

ഇവിടെ സ്വപ്നം കണ്ടു നിക്കാണോ നീ? നിനക്ക് പോയ്‌ അവരെയൊക്കെ ഒന്ന് സഹായിച്ചൂടെ? നോക്കാൻ കുഞ്ഞുങ്ങളൊന്നും ഇല്ലല്ലോ നിനക്ക് എന്ന ഉണ്ണിയേട്ടന്റെ അമ്മയുടെ ശകാരം കേട്ടാണ് ചിന്തയിൽ നിന്നുണർന്നതു.

അവിടേം, ഇവിടേം മാറി മറിഞ്ഞു നിന്ന് ഒരു വിധത്തിൽ വീട്ടിൽ തിരിച്ചെത്തി. റൂമിൽ കയറി ഉള്ളിലുള്ള സങ്കടങ്ങളൊക്കെ കരഞ്ഞു തീർത്തു. എങ്കിലും മനസ്സു പ്രക്ഷുബ്ധമായിരുന്നു. 

എന്തു പറ്റിയെടോ എന്ന ഉണ്ണിയേട്ടന്റെ ചോദ്യം കേട്ടാണ് ഉണർന്നത്. ഒന്നുല്ല്യെട്ടാ,  ചെറിയൊരു തലവേദന. ഞാനിപ്പോ ചായ എടുക്കാം എന്ന് പറഞ്ഞു എനിട്ടെങ്കിലും, തന്റെ മുഖം കണ്ടപ്പോ അതല്ല കാര്യം എന്നു അദ്ദേഹം ഊഹിച്ചെന്നു തോന്നി.താൻ കിടന്നോ, ചായ ഞാൻ അമ്മയോട് വാങ്ങിക്കോളാം എന്നു പറഞ്ഞു പുറത്തേക്കു പോയ ഉണ്ണിയേട്ടന്റെ ഒച്ച കേട്ടാണ് താൻ അങ്ങോട്ട്‌ ചെന്നത്.

എന്നെ കണ്ടതും ഉണ്ണിയേട്ടന്റമ്മ ദേശ്യം മുഴുവൻ എന്റെ മേല് കൊട്ടി. എന്തിനടി ഇപ്പൊ എണീറ്റത്. വന്നപ്പോഴേക്കും എല്ലാം പറഞ്ഞു കൊടുത്തേക്ക അവള്. പ്രസവിക്കാൻ ഭാഗ്യല്ലാത്തൊരു അങ്ങനെ പലതും കേക്കേണ്ടി വരും. അതു മനസ്സില് വെച്ചു ഒതുങ്ങി നടന്നാൽ എല്ലാവർക്കും കൊള്ളാം എന്ന അമ്മയുടെ വാക്കുകൾ കേട്ടു പിടിച്ചു നിക്കാനായില്ല എനിക്കി.

ഒരു ഭ്രാ ന്തിയെ പോലെ ഉണ്ണിയേട്ടന്റെ ഷിർട്ടിൽ വലിച്ചു പിടിച്ചു അലറി ഞാൻ..മ ച്ചിയാ ഞാൻ, എന്നെ ഉപേക്ഷിച്ചേക്കു ഉണ്ണിയേട്ടാ…എനിക്ക് ഇവിടെ ശ്വാസം മുട്ടുന്നു, എന്റെ വീട്ടിലാക്കിയെക്കെന്നെ. അലമുറയിട്ടു കരയുന്ന എന്നെ ചേർത്ത് പിടിച്ചു റൂമിലേക്ക്‌ നടന്ന ഉണ്ണിയേട്ടൻ ഒന്നും മിണ്ടാതെ ഒരു ബാഗ് എടുത്തു ഞങ്ങടെ കുറച്ചു തുണികൾ പാക്ക് ചെയ്തു.

ഇവളുടെ വാക്ക് കെട്ടിപ്പൊ നിനക്ക് ഞങ്ങളെ വേണ്ടാതായല്ലേ ഉണ്ണി എന്നു ചോദിച്ചു കൊണ്ടമ്മ വന്നു. അധികം ഒന്നും അദ്ദേഹം പറഞ്ഞില്ല…

അമ്മക്ക് ഞാനില്ലെങ്കിലും വേറെ മക്കളുണ്ട്..പക്ഷെ എന്നെ മാത്രം വിശ്വസിച്ചു വന്നവൾക്കു ഞാൻ മാത്രമേ ഉള്ളു. ഇനിയിപ്പോ നാളെ ഞങ്ങൾക്കൊരു കുഞ്ഞുണ്ടായാലും, ഇല്ലെങ്കിലും ഇവൾക്ക് ഞാനും, എനിക്കിവളും ഉണ്ടാകും എന്നു പറഞ്ഞു കൊണ്ട് ആ വീടിന്റെ പടികൾ ഇറങ്ങുമ്പോൾ ആ കൈകൾ എന്നെ മുറുകെ പിടിച്ചിട്ടുണ്ടായിരുന്നു. ഒരിക്കലും നിന്നെ ഞാൻ വിട്ടു കളയില്ല എന്നൊരു ഉറപ്പു പോലെ…

അവള് പറയാറുള്ളത് പോലെ ഉണ്ണിയുടെ മനസ്സും ചിന്തിച്ചു തുടങ്ങിയിരുന്നു, പ്രസവിച്ചാൽ മാത്രമേ അമ്മയാകു എന്നില്ല…ജന്മം കൊടുത്താലേ അച്ഛനാകു എന്നും ഇല്ല….

വൽകഷ്ണം:

കുഞ്ഞുങ്ങൾ ഇല്ലാത്തതു ആരുടേയും കുറ്റമോ, ശാപമോ അല്ല. അവർക്കു നേരെ കുത്തു വാക്കുകൾ പറയുമ്പോൾ അവരുടെ മനസ്സു നൊന്തു രക്തം പൊടിയുന്നത് നിങ്ങൾ അറിയുന്നില്ല. നിങ്ങൾക്കാ വിഷമം മനസ്സിലാകണം എങ്കിൽ നിങ്ങളുടെ മക്കൾക്കോ, വേണ്ടപ്പെട്ടവർക്കോ അങ്ങനൊരു അവസ്ഥ വരണം. മ ച്ചിയെന്നു വിളിച്ചു അപമാനിക്കുമ്പോൾ നിങ്ങൾ അറിയുന്നില്ല ജനിക്കുമ്പോൾ മുതൽ മാതൃത്വം നിറഞ്ഞ മനസ്സുമായി ജീവിക്കുന്ന ഒരു സ്ത്രീയുടെ ദുഃഖം. കണ്ടിട്ടില്ലേ ഒരു പെൺകുട്ടിയുടെ എക്കാലത്തെയും പ്രിയപ്പെട്ട കളിപ്പാട്ടം പാവകുട്ടികൾ ആണ്. അതിനെ കുളിപ്പിച്ചും, പൊട്ടു തോടിച്ചും സന്തോഷിക്കുന്നത് അവളിലെ അമ്മയെന്ന ഭാവമാണ്. മാസം തോറും അവൾ ഒഴുക്കുന്ന ര ക്തവും, സഹിക്കുന്ന വേദനയും ഒരു അമ്മയാകാൻ വേണ്ടി മാത്രമാണ്. ഇതൊക്കെ സഹിച്ചിട്ടും അമ്മയാകാൻ സാധിക്കാതെ വരുന്നവളെ വീണ്ടും തകർക്കാതെ, ഒരു സാന്ത്വനം ആയി നിൽക്കാൻ സാധിക്കാത്ത നിങ്ങളൊക്കെ നൊന്തു പ്രസവിച്ചു എന്നതിൽ അഭിമാനം കൊള്ളുന്നത് തന്നെ പരിഹാസ്യമാണ്..

പിന്നെ, ജന്മം കൊണ്ട് മാത്രമല്ല, കർമം കൊണ്ടും അച്ഛനും, അമ്മയും ആകാം. ദൈവ തുല്യരായ അച്ഛനമ്മമാർ.

~Aswathy Joy Arakkal