ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും സുന്ദരിയായ പെണ്ണ് അവരായിരുന്നു…

പെണ്ണ്….

Story written by Jisha Raheesh

=============

ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും സുന്ദരിയായ പെണ്ണ് അവരായിരുന്നു…കുടകിലേയ്ക്ക് ചേക്കേറിയ നാളുകളിലൊന്നിലായിരുന്നു ഞാനവരെ കണ്ടത്..

കുടകത്തികൾ സുന്ദരികളാണെന്ന് കേട്ടത് അതിശയോക്തിയല്ലെന്ന് ഈ നാട്ടിൽ വന്നപ്പോഴേക്കും ഞാൻ തിരിച്ചറിഞ്ഞിരുന്നു..

തിളങ്ങുന്ന ചെറിയ കണ്ണുകളും വെളുത്തു തുടുത്ത കവിളുകളും, പിറകിലേയ്ക്ക് പ്ലീറ്റെടുത്ത് കുത്തിയ സാരിയിൽ തെളിയുന്ന അംഗലാവണ്യവും, പവിഴവും സ്വർണ്ണമണികളും ചേർത്ത, കർത്തമണിയിൽ കൊരുത്തിട്ട, നാഗചിഹ്നം കൊത്തിയ മംഗല്യസൂത്രവും, സീമന്ത രേഖയിൽ നീട്ടി വരച്ച കടും ചുവപ്പുള്ള കുങ്കുമവും…

കുടകിലെത്തിയതിന്റെ രണ്ടാമത്തെ ദിവസമാണ് വഴിയരികിൽ വെച്ചവരെ ഞാൻ കണ്ടത്…

എന്റെ മുഖത്ത് പോലും നോക്കാതെ, എന്നെ കടന്നു പോയ അവരുടെ ചുണ്ടുകളിൽ നേർത്തൊരു പുഞ്ചിരിയുണ്ടായിരുന്നു…

ഓറഞ്ചിന്റെയും കാപ്പിപ്പൂക്കളുടെയും ഗന്ധത്തിനപ്പുറം, മറ്റെന്തോ മ ദിപ്പിക്കുന്നൊരു സുഗന്ധവും, അവരോടൊപ്പം എന്നെ തഴുകി കടന്നു പോയിരുന്നു…

അവരുടെ വീട് ഞാൻ താമസിക്കുന്നതിന്റെ നേരെ എതിരെയുള്ള വീടിനപ്പുറത്താണെന്നും,കർഷകനായ ഭർത്താവും രണ്ടു കുഞ്ഞുങ്ങളുമാണ് അവിടെയുള്ളതെന്നും വൈകാതെ തന്നെ ഞാനറിഞ്ഞിരുന്നു…

അല്പം കറുത്ത, തടിച്ച ശരീരപ്രകൃതിയുള്ള അവരുടെ ഭർത്താവിനെ ഞാൻ അസൂയയോടെ നോക്കി..

ഭർതൃമതിയായ ആ സ്ത്രീയോട് എനിക്ക് തോന്നുന്നത്, അടക്കാനാവാത്ത കാ മമാണെന്ന് ഞാൻ തിരിച്ചറിയുന്നുണ്ടായിരുന്നു.

അവരൊരിക്കൽ പോലും എന്നെ ശ്രെദ്ധിച്ചില്ലെങ്കിലും എന്റെ കണ്ണുകൾ എപ്പോഴും അവരെ തിരഞ്ഞു കൊണ്ടേയിരുന്നു…

നട്ടുച്ചയ്ക്കും വീശിയടിക്കുന്ന തണുത്ത കാറ്റിന്റെ സുഖത്തിൽ, പുതപ്പിനുള്ളിൽ ചുരുണ്ടു കൂടുന്നതിനിടെ, എപ്പോഴോ അവരെ കാണാനാവുമോയെന്ന ചിന്തയാണ് എഴുന്നേൽപ്പിച്ചു മട്ടുപ്പാവിലേയ്ക്ക് നടക്കാൻ പ്രേരിപ്പിച്ചത്…

ചെന്നത് വെറുതെയായില്ല..ഈറൻ തുണികൾ അയയിലേയ്ക്ക് വിരിച്ചിടുന്ന അവരെ ഞാൻ കണ്ടിരുന്നു…

ശിരോ വസ്ത്രത്തിനുള്ളിൽ, എപ്പോഴും കെട്ടിവെച്ചു മാത്രം കണ്ടിട്ടുള്ള നീണ്ട മുടിയിഴകൾ പാറിപ്പറക്കുന്നുണ്ടായിരുന്നു..ഇളം ചുവപ്പ് നിറത്തിലുള്ള സാരിയിൽ, സിന്ദൂരവും മംഗല്യസൂത്രവും മാത്രം അലങ്കാരങ്ങളായിരുന്ന, അവരെ കാണാനപ്പോൾ വല്ലാത്തൊരു ഭംഗിയുണ്ടായിരുന്നു…

കയ്യിലെ ഈറൻ തുണി അയയിലേയ്ക്ക് ഇടുന്നതിനിടെ, അവരുടെ ചൊടികളിലൊരു ചിരി വിടർന്നു വരുന്നത് ഞാൻ കണ്ടു…

ആ കവിളുകൾ നാണത്താലായിരുന്നുവോ തുടുത്തത്…?

മെല്ലെയവർ മൂളിയിരുന്ന പാട്ടിന്റെ വരികളൊന്നും എനിക്ക് മനസ്സിലായില്ലെങ്കിലും അതൊരു പ്രണയഗാനമാണെന്ന് ഞാൻ തിരിച്ചറിഞ്ഞിരുന്നു…

ആരെയാവും അവർ ഓർമ്മിച്ചിട്ടുണ്ടാവുക..?

ഉത്തരം വൈകാതെ കണ്മുന്നിൽ തെളിഞ്ഞിരുന്നു..അവരുടെ ഭർത്താവ് അരികിൽ എത്തുന്നതും, എന്തോ ചോദിച്ചപ്പോൾ അവരുടെ തല കുനിയുന്നതും, അയാൾ താടിത്തുമ്പിൽ പിടിച്ചുയർത്തി വീണ്ടുമെന്തോ ചോദിച്ചപ്പോൾ, അവർ ചിരിയോടെ മിഴികൾ താഴ്ത്തുന്നതും അയാൾ പൊട്ടിച്ചിരിക്കുന്നതും ഞാൻ കണ്ടു…

എനിക്കപ്പോൾ അയാളോട് അസൂയയോടൊപ്പം വെറുപ്പും തോന്നി..അവരോട്….അവരോട് പ്രണയവും…

ആ പ്രണയം എന്നെ അസ്വസ്ഥനാക്കി കൊണ്ടിരുന്നു…അവരുടെ അവഗണനയും…അവരോടൊന്ന് സംസാരിക്കണമെന്നുണ്ടായിരുന്നുവെങ്കിലും എന്നെയവർ ശ്രെദ്ധിച്ചിട്ടേയില്ലെന്ന് എനിക്കറിയാമായിരുന്നു..

ചുറ്റുമുള്ള മലനിരകളും, കാപ്പി ത്തോട്ടങ്ങളും,കാടും മഞ്ഞും തണുപ്പും…കുടകിന്റെ ഭംഗിയെക്കാൾ എന്നെ ഭ്രമിപ്പിച്ചത്, പക്ഷെ ആ സ്ത്രീയായിരുന്നു…

ഇന്നോളം മറ്റൊരു പെണ്ണിനോടും തോന്നാത്തത്…

ഒരു വൈകുന്നേരം, നേർത്ത മഞ്ഞിന്റെ, മങ്ങിയ മൂടലിലൂടെയാണ് ഞാൻ ആ കാഴ്ച്ച കണ്ടത്…

മുട്ടിലിഴയുന്നതിനിടെ, ചുവടുകൾ പെറുക്കി വെയ്ക്കാൻ തുടങ്ങിയ, അവരുടെ രണ്ടാമത്തെ മകൻ, അല്പം ഉയരമുള്ള കോലായിൽ നിന്നും മുറ്റത്തേയ്ക്കുള്ള പടികൾ ഇറങ്ങാൻ ശ്രെമിക്കുന്നു..

കുഞ്ഞു വീഴുമോയെന്ന എന്റെ പരിഭ്രമത്തിനിടയിൽ, കോലായിലെ വാതിൽക്കൽ എത്തിയ അവർ, മിന്നൽപിണറിന്റെ വേഗത്തിൽ, കുഞ്ഞിനരികെയെത്തുന്നതും, ചുവട് പിഴച്ചു നിലം പതിയ്ക്കാൻ തുടങ്ങിയ, അവനെയവർ വാരിയെടുത്ത് മാറോട് ചേർക്കുന്നതും ഞാൻ കണ്ടു..

പിന്നെയവർ ആ കുഞ്ഞുകവിളുകളിൽ മാറി മാറി ചുംബിക്കുന്നതും..ആദ്യമൊന്ന് പകച്ചെങ്കിലും അവനും അവരെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു…

അവനെ അല്പമുയർത്തി, ആ കുഞ്ഞു വയറിൽ അവർ മുഖമമർത്തുന്നതും അവൻ പൊട്ടിച്ചിരിക്കുന്നതും ഞാൻ കണ്ടു…പിന്നെ അവരും…

ഞാൻ ജീവിതത്തിൽ കണ്ട,ഏറ്റവും മനോഹരമായ കാഴ്ചകളിലൊന്നായിരുന്നത്…

എന്നോ കാലയവനികയ്ക്കുള്ളിൽ മറഞ്ഞ അമ്മയുടെ മുഖം, മനസ്സിലൊന്നു മിന്നി മാഞ്ഞതിനാലാവാം എന്റെ കണ്ണുകളൊന്ന് പുകഞ്ഞത്….

എപ്പോഴൊക്കെയോ എനിക്കവരോട് തോന്നിയിരുന്ന, ആസക്തി പതിയെ ഇല്ലാതായത് ഞാനറിഞ്ഞിരുന്നു…

അന്ന് ജോലി കഴിഞ്ഞു മടങ്ങവേയാണ്, അവരുടെ വീട്ടിലേയ്ക്കുള്ള വഴിയരികിൽ, അവിടവിടെയായി കൂടി നിൽക്കുന്നവരെ ഞാൻ കണ്ടത്…

ആദ്യം കാര്യം മനസ്സിലായില്ലെങ്കിലും, കന്നഡ കലർന്ന മലയാളത്തിൽ ഒരാൾ കാര്യങ്ങൾ വിശദീകരിച്ചപ്പോൾ ഞാനറിഞ്ഞു…

വീട്ടിൽ ആരുമില്ലാത്ത നേരത്ത്, തന്നെ കയറിപ്പിടിക്കാൻ ശ്രെമിച്ചവന്റെ കൈ വെട്ടിയരിഞ്ഞ ആ പെണ്ണിനെ പറ്റിയറിഞ്ഞതും എന്റെ ഉള്ളൊന്ന് വിറച്ചു..….

കൂടി നിന്നിരുന്നവർക്കിടയിലൂടെ തിക്കി തിരക്കി എത്തി നോക്കിയപ്പോൾ, ഇളയ കുഞ്ഞിനെ തോളിലിട്ട്, ആരോടോ സംസാരിച്ചു നിൽക്കുന്ന അവരുടെ ഭർത്താവിൽ നിന്നും എന്റെ കണ്ണുകൾ പതിയെ തെന്നി നീങ്ങി…

കോലായിൽ, ആരെയും ശ്രെദ്ധിക്കാതെ പ്രതിമയെ പോലെ ഇരിക്കുന്ന അവരെ ഞാൻ കണ്ടു..അഴിഞ്ഞുലഞ്ഞു കിടന്നിരുന്ന മുടിയിഴകൾ ഇടയ്ക്കിടെ അവരുടെ കവിളിലേയ്ക്ക് വീഴുന്നുണ്ടെങ്കിലും അവരത് ഒതുക്കി വെച്ചില്ല..

സീമന്ത രേഖയിൽ പടർന്നു കിടന്നിരുന്ന സിന്ദൂരചുവപ്പിലും, ഇളം നീല ഞരമ്പുകൾ എഴുന്നു നിന്നിരുന്ന കഴുത്തിലും, കവിളുകളിലും, തെറിച്ചു വീണു കിടന്നിരുന്ന രക്തത്തുള്ളികളിൽ എന്റെ മിഴികൾ പരതി നടന്നു….

അവരുടെ മുഖം നിർവികാരമായിരുന്നു.. പക്ഷെ ആ കണ്ണുകളിൽ എരിയുന്ന അഗ്നിചോപ്പ് എനിക്ക് കാണാമായിരുന്നു…

എന്തോ ആ നിമിഷം, നാട്ടിലെ,കാവിൽ ആറാട്ടിനെഴുന്നള്ളിക്കുന്ന ഭദ്രകാളി വിഗ്രഹം, എന്റെ മനസ്സിൽ തെളിഞ്ഞിരുന്നു…

തിരികെ നടക്കുമ്പോൾ എന്റെ മനസ്സിൽ അവരുടെ ചിത്രം പൂർണ്ണമായിരുന്നു…അവരുടെ ഭർത്താവിനോടുള്ള അസൂയയും…

~സൂര്യകാന്തി ?

cover picture courtesy