തോട്ടുവക്കിൽ നിന്നും കുതിരാനിട്ട ഓലമടലുകൾ വലിച്ചെടുക്കുമ്പോൾ അവളൊന്ന് തോടിനപ്പുറത്തെ പുഴക്കരയിലേയ്ക്ക് നോക്കി…

കൊല്ലത്തിപ്പെണ്ണ്…

Story written by Jisha Raheesh

===========

തോട്ടുവക്കിൽ നിന്നും കുതിരാനിട്ട ഓലമടലുകൾ വലിച്ചെടുക്കുമ്പോൾ അവളൊന്ന് തോടിനപ്പുറത്തെ പുഴക്കരയിലേയ്ക്ക് നോക്കി..

ഇല്ല..അയാൾ വന്നിട്ടില്ല..

എന്തെന്നറിയാത്തൊരു പരവേശം മനസ്സിനെ മൂടാൻ തുടങ്ങിയപ്പോൾ കൈ കൊണ്ട് മുഖം അമർത്തിത്തുടച്ചവൾ പിറുപിറുത്തു…

“അയ്ന് ഇയ്യ്‌ക്കെന്താ..”

ഓലമടലുകൾ വലിച്ചു കൊണ്ട് തിരികെ നടക്കുമ്പോഴും അവളുടെ കണ്ണുകൾ അനുസരണയില്ലാതെ ചുറ്റും പരതി നടന്നു..നോക്കെത്താത്ത ദൂരത്തോളം പരന്നു കിടക്കുന്ന തെക്കുംപാട്ടുകാരുടെ കണ്ടത്തിലൊന്നും പ്രതീക്ഷിച്ച രൂപം കണ്ടില്ല..ഓലയും വലിച്ചവൾ ധൃതിയിൽ നടന്നു..

കൊണ്ടോയി മെടയാനുള്ളതാണ്..മഴയെത്തും മുൻപേ ആല മേയണം..

ഓർത്തു കൊണ്ടവൾ ഇടവഴിയിലേക്ക് തിരിഞ്ഞതും മതിലിറമ്പിൽ നിന്നൊരാൾ അവളുടെ മുൻപിലേക്ക് ചാടിയതും ഒരുമിച്ചായിരുന്നു..അവളൊന്ന് പിന്നോക്കം വേച്ചു പോയി..

ഉലയിലെ ചൂടേറ്റ് കരുവാളിച്ച കവിൾത്തടമൊന്ന് തുടുത്തെങ്കിലും നിമിഷാർദ്ധം കൊണ്ടവൾ മുഖം കനപ്പിച്ചു..

“ഇങ്ങളെന്താ ആളെ പേടിപ്പിക്കാനിറങ്ങീതാണോ…?”

“നീലിപ്പെണ്ണ് ആരെയോ തെരയണത് കണ്ടല്ലോ..ഇന്നെയാണോ..?”

“ഓ പിന്നെ..ഇയ്യ്ക്ക് പിരാന്തല്ലേ..”

പിറുപിറുത്ത് കൊണ്ടവൾ മുഖം തിരിച്ചു..അയാളുടെ മുഖത്തേക്ക് നോക്കിയാൽ, ആ കണ്ണുകളുടെ തിളക്കവും, ചുണ്ടിന്റെ കോണിൽ തെളിയുന്ന കുസൃതിച്ചിരിയും കാണുമ്പോൾ തന്റെ മുഖം ചുവക്കുമെന്നറിയാവുന്നത് കൊണ്ടവൾ അയാളെ നോക്കിയില്ല..

ഒന്ന് രണ്ട് നിമിഷങ്ങൾ കഴിഞ്ഞതും അവൾ മുഖമുയർത്തി..

“മാറി നിക്ക്..ഇയ്ക്ക് പോണം..”

അവളുടെ ശബ്ദം കനത്തിരുന്നു..അവളുടെ ഭാവം മാറിയെന്നും ആ മുഖത്തിനി വെറുതെ പോലുമൊരു ചിരി തെളിയില്ലെന്നും അയാൾക്കറിയാമായിരുന്നു..അയാൾ പതിയെ മാറി നിന്നു..

അയാളെയൊന്ന് നോക്കുകപോലും ചെയ്യാതെ അവൾ ഓലയും വലിച്ചു നടന്നു..ഒന്ന് നോക്കി നിന്നയാൾ ചുമലിലെ തോർത്തെടുത്തൊന്ന് കുടഞ്ഞു മുഖം തുടച്ചു കൊണ്ടു പുഴക്കരയിലേക്ക് നടന്നു..

കുടിയിലെത്താനായപ്പോഴാണ് ഇടവഴി തിരിഞ്ഞെത്തിയ ചേക്കുണ്ണ്യായര് മുന്നിൽ പെട്ടത്..തെക്കുംപാട്ടെ കാര്യസ്ഥൻ..അയാളുടെ കണ്ണുകൾ തന്റെ മേനിയിലിഴയുന്നതറിഞ്ഞതും അവളുടെ മിഴികൾ കൂർത്തു..അവൾ നീട്ടിത്തുപ്പി..അത് മുഖത്ത് തെറിച്ചെന്ന മട്ടിൽ അയാളൊന്ന് ഞെട്ടി..പിന്നെ അവളെ നോക്കാതെ മുഖം താഴ്ത്തി നടന്നു പോയി..

അവൾ തിരിഞ്ഞു നോക്കിയില്ല…അവളുടെ വാരിക്കെട്ടിയ മുടിക്കെട്ടിനുള്ളിൽ നിന്നും പാറിപ്പറക്കുന്ന ചെമ്പിച്ച മുടിയിഴകൾ, എണ്ണമയമുള്ള മുഖത്തെ, ഇരുണ്ട നിറത്തിനു മാറ്റ് കൂട്ടിയതേയുള്ളൂ..അവളുടെ ആലയിലെ ഉലയിലാളുന്ന തീ കണ്ണുകളിലും തെളിഞ്ഞിരുന്നു..

നീലി..കുന്നത്തറയിലെ കൊല്ലത്തിപ്പെണ്ണ്..കൊല്ലൻ വേലായുധന്റെയും നാണിയുടെയും മൂന്നാമത്തവൾ..മൂത്ത രണ്ട് പെണ്മക്കളുടെയും മംഗലം കഴിഞ്ഞു ഏറെക്കഴിയും മുൻപേ ഇളയ ചെക്കൻ ചിറയിൽ മുങ്ങി മരിച്ചു..അധികം വൈകാതെ ദീനം വന്നു വേലായുധനും കിടപ്പിലായതോടെ അച്ഛനോടൊപ്പം കൊല്ലപ്പണിയിൽ സഹായിയായിരുന്ന നീലി കുന്നത്തറയിലെ ആലയ്ക്കുടയോളായി..നാട്ടുകാർ മൂക്കത്തു വിരൽ വെച്ചെങ്കിലും അവളോടടുക്കാൻ ആരും മെനക്കെട്ടില്ല..

കല്യാണപ്രായമെത്തിയപ്പോൾ, അല്പം ഇരുണ്ടനിറമെങ്കിലും മേനിയഴക് ആവോളമുള്ളവളെ പാതിയാക്കുവാൻ കൊല്ലച്ചെക്കന്മാരെത്തിയിരുന്നു..കാണാൻ വന്നവരുടെ മുന്നിൽ തന്നെയവൾ പലപ്പോഴും പിടഞ്ഞു വീണു..കണ്മുന്നിൽ കിടന്നു പിടയ്ക്കുന്ന അവളുടെ വായിൽ നിന്നുമൊഴുകുന്ന നുര യും പത യും കാണുമ്പോളവർ ഇടറുന്ന കാലുകളോടെ തിരിഞ്ഞു നടക്കും..

കുന്നത്തറയിലെ നാണുവൈദ്യർ വിധിയെഴുതി..നീലിയ്ക്ക് ചുഴലിദീനമാണ്..അതിൽ പിന്നെയാർക്കും മുന്നിൽ കെട്ടുകാഴ്ചയായി നിൽക്കേണ്ടി വന്നില്ലവൾക്ക്…അതില്പിന്നെ നീലിയ്ക്ക് ചുഴലി വന്നതാരും കണ്ടതുമില്ല..

കുന്നത്തറയിലെ പലരുടെയും മോഹമായിരുന്നെങ്കിലും ഉലയിൽ അടിച്ചു പരത്തുന്ന മടവാളിന്റെ മൂർച്ച അവളുടെ നാവിനും ഉണ്ടായിരുന്നത് കൊണ്ടവളെ ശല്യപ്പെടുത്താനാരും മുതിർന്നില്ല…ഒരുമ്പെ ട്ടോൾക്ക് ആണുങ്ങളെ കണ്ടൂടാന്നും ആരൊക്കെയോ പറഞ്ഞു പരത്തിയിരുന്നു….

ഒടുവിലൊരു നാളിൽ കൊല്ലൻ വേലായുധൻ വിട പറഞ്ഞു..ഏച്ചിമാരും അമ്മയും പതം പറഞ്ഞു ആർത്തലച്ചപ്പോഴും കുടിയിലെ മൂലയിൽ ചുമരും ചാരിയിരുന്നവളുടെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നില്ല..എല്ലാരും പോയപ്പോൾ ആ കൊല്ലക്കുടിയിൽ ദീനക്കാരിയായ അമ്മയും മകളും തനിച്ചായി..അവളുടെ പരുക്കൻ സ്വഭാവം കാരണം ഏച്ചിമാരും വല്ലപ്പോഴുമുള്ള വരവ് ഒന്നൂടെ കുറച്ചു..

ഇറയത്തിരുന്ന് ഓല മെടയുന്നതിനിടെ, ശീമക്കൊന്നക്കമ്പുകൾ കൊണ്ടു നാട്ടിയ വേലിയ്ക്കപ്പുറമുള്ള ഇടവഴിയിൽ നിന്നൊരു ചുമ കേട്ടു..മുഖമുയർത്തിയില്ലെങ്കിലും അവളുടെ കണ്ണുകളൊന്ന് തിളങ്ങി..എന്നോ ചിരി മങ്ങിപ്പോയ ചുണ്ടുകളൊന്ന് വിറച്ചു…

രാഘവൻ..തെക്കുംപാട്ടുകാരുടെ പുഞ്ചപ്പാടത്തെ പുതിയ പണിക്കാരൻ…വരത്തനാണ്..

അന്നൊരിക്കൽ വേലിയ്ക്കരികിൽ പടർന്നു പന്തലിച്ചു കിടക്കുന്ന ചെമ്പരത്തിക്കൂട്ടത്തിനിപ്പുറം ഉണങ്ങാനിട്ട വിറക് കഷ്ണങ്ങൾ ചായ്ച്ചു വെയ്ക്കുമ്പോഴാണ് ആ ചോദ്യം കേട്ടത്..

“അതേയ്..ഈ തെക്കുംപാട്ടേക്കുള്ള വയ്യ്യേതാ..?”

ഇടവഴിയിൽ നിൽക്കുന്നയാളെ കണ്ടെങ്കിലും ആദ്യം അവളൊന്നും മിണ്ടിയില്ല..ചോദ്യം ആവർത്തിച്ചപ്പോൾ ഒട്ടും മയമില്ലാത്ത ശബ്ദത്തിൽ അവൾ പറഞ്ഞു..

“ആ മതിലിനപ്പുറത്തൂടി സർപ്പക്കാവിനടുത്തൂടൊരു വയ്യിണ്ട്..അയ്ലേ പോയാ മതി..”

അയാൾ വീണ്ടുമെന്തോ പറയാൻ തുടങ്ങിയപ്പോഴും വിറകുമെടുത്ത് അവൾ നടന്നുകഴിഞ്ഞിരുന്നു..പിറ്റേന്ന് ചിറയിൽ കുളി കഴിഞ്ഞു വരുമ്പോൾ അയാൾ എതിരെ വന്നു..പരിചയഭാവത്തിലൊന്ന് നോക്കിയെങ്കിലും പരുഷമായൊരു നോട്ടമായിരുന്നു അയാൾക്ക് തിരികെ കിട്ടിയത്..

പിന്നെയും പല വട്ടം കണ്ടു..നീലിയുടെ തീ പാറുന്ന നോട്ടം അയാളിലൊരു ഭാവഭേദവും ഉണ്ടാക്കിയില്ല..മറ്റു പലരെയും പോലെ അയാളുടെ നോട്ടം തന്റെ ദേഹത്തല്ലെന്നറിഞ്ഞപ്പോൾ അവൾക്കൊരു ആശ്വാസം തോന്നിയിരുന്നുവെന്നത് നേര്..

അന്നൊരിക്കൽ ഒറ്റയ്ക്കൊരു നേരം ചിറയിൽ കുളിക്കുമ്പോഴാണ് നീലിയുടെ കാലിലൊരു താമരവള്ളി ചുറ്റിയത്..ശ്വാസം കിട്ടാതെ മുങ്ങിക്കൊണ്ടിരിക്കുന്നതിനിടെ യാണ് ബലിഷ്ടങ്ങളായ കരങ്ങൾ അവളെ ചുറ്റിയെടുത്തത്..ചിറയുടെ പടവിൽക്കിടത്തി കുടിച്ച വെള്ളം പുറത്തു കളയുന്നതിനിടെയവൾ വയറിൽ പതിഞ്ഞ അയാളുടെ കൈ തട്ടിമാറ്റി പിടഞ്ഞെഴുന്നേറ്റു..ഈറനോടെ തന്നെ, പടവിൽ വെച്ചിരുന്ന തുണികൾ പെറുക്കിയെടുത്തു, തിരിഞ്ഞു നോക്കാതെ ധൃതിയിൽ നടന്നകന്നു..

പിറ്റേന്ന് കണ്ടപ്പോൾ അയാളുടെ മുഖത്തേക്കൊരു വട്ടം നോക്കിയ നീലി പതിയെ നോട്ടം മാറ്റി..പിന്നെ അയാളെ കണ്ടാൽ തല താഴ്ത്തിയവൾ നടന്നകലും..

അതിൽ പിന്നെയാണ് രാഘവന്റെ മുഖത്തൊരു കുസൃതിച്ചിരി വിരിഞ്ഞു തുടങ്ങിയത്..നീലിയോടെന്ന പോലെ എന്തെങ്കിലും രണ്ട് വാക്ക്‌ പറയാൻ തുടങ്ങിയത്..എന്നിട്ടും അവളൊരിക്കൽ പോലും സൗമ്യമായി അയാളെയൊന്ന് നോക്കുകയോ ഒരു വാക്ക് മിണ്ടുകയോ ചെയ്തിട്ടില്ലിതു വരെ..

രാവിലെ മുതൽ വൈകിട്ട് വരെ പുഞ്ചക്കണ്ടത്തിൽ പത്താളുടെ പണി ചെയ്യും..ആരുമായും അടുപ്പമില്ല..അങ്ങോട്ട്‌ ചെല്ലുന്നവരോട് പോലും എന്തെങ്കിലും രണ്ട് വാക്ക് മിണ്ടിയെങ്കിലായി..അയാളൊരു മൊരടനാ..ഇങ്ങിനെ പലതും ചിറയിൽ കുളിക്കാനെത്തു ന്ന പെണ്ണുങ്ങൾ പരസ്പരം പറയുന്നത് നീലി കേൾക്കാറുണ്ട്..

ദിവസങ്ങളും മാസങ്ങളും കഴിയവേ അയാൾക്ക് വേണ്ടി കണ്ണുകൾ പരതുന്നതും അടുത്തെത്തുമ്പോൾ നെഞ്ചിടിപ്പൊന്ന് കൂടുന്നതും നീലി അറിയുന്നുണ്ടായിരുന്നു..ഒരിക്കൽ പോലും അവളത് പുറത്തു കാണിച്ചില്ലെങ്കിലും തന്റെ അടുത്തെത്തുമ്പോൾ നിമിനേരമെങ്കിലും പിടയുന്ന കണ്ണുകളും , തുടുക്കാൻ വെമ്പുന്ന കവിൾത്തടങ്ങളും നീലിയുടെ മനസ്സ് രാഘവന് ഒറ്റിക്കൊടുത്തിരുന്നു..

അന്നും കുളി കഴിഞ്ഞു ഇടവഴിയിലൂടെ നടക്കുമ്പോൾ രാഘവന്റെ കണ്ണുകൾ കൊല്ലക്കുടിയുടെ മുറ്റത്തോളം ചെന്നെത്തി..അവളെ കണ്ടില്ല..രണ്ടു നാളായി ആലയിൽ തീ തെളിഞ്ഞിട്ട്..

പിറ്റേന്ന് രാവിലെ അത്രടം ചെന്നു നോക്കാമെന്ന വിചാരത്തിലാണ് രാഘവൻ ഇടവഴിയിലേക്കിറങ്ങിയത്. അവളുടെ വീടെത്തുന്നതിന് മുൻപേ ഏച്ചിമാരുടെ നിലവിളികൾ കേട്ടു..ആധിയോടെ കയറിച്ചെന്നപ്പോളറിഞ്ഞു..നീലിയെ തനിച്ചാക്കി അമ്മയും പോയിരിക്കുന്നു..

ദിവസങ്ങൾ കഴിഞ്ഞപ്പോൾ നീലിയുടെ ഏച്ചിമാരും കുടുംബവും തിരികെ പോവുന്നത് രാഘവൻ കണ്ടു..പിന്നെയും പലവട്ടം ഇടവഴിയിൽ നോക്കി നിന്നെങ്കിലും അവളെ കണ്ടില്ല..ആലയിലെ തീയണഞ്ഞിട്ട് ദിവസങ്ങൾ കഴിഞ്ഞിരുന്നു..

അന്നും പ്രതീക്ഷയില്ലാതെയാണയാൾ പുഴക്കരയിലേക്ക് നടന്നത്..ചിറയിൽ നിന്നും കുളി കഴിഞ്ഞു നനച്ച തുണികൾ കൈത്തണ്ടയിലിട്ട് പതിയെ നടന്നു വരുന്നവളെ കണ്ടു അയാളൊന്ന് ഞെട്ടി..അരികിലൂടെ കടന്നു പോവുമ്പോൾ അവളൊന്ന് മുഖമുയർത്തി അയാളെ നോക്കി..ഇന്ന് വരെ കാണാതിരുന്ന ഭാവമായിരുന്നു അവളുടെ മുഖത്ത്..വെറുതെ അവളെയൊന്ന് നെഞ്ചോട് ചേർക്കാൻ തോന്നിപ്പോയി രാഘവന്..

“പെണ്ണേ…”

തിരിഞ്ഞു നോക്കിയില്ലെങ്കിലും അവളൊന്ന് നിന്നു. അയാൾ പിന്നെയൊന്നും പറഞ്ഞില്ല..ഒരു നിമിഷം കൂടെ നിന്നിട്ട് അവൾ നടന്നകന്നു..

പിന്നെയും ദിവസങ്ങൾ കഴിഞ്ഞു, കുന്നത്തറക്കാവിൽ വേലയ്ക്ക് പോയ രാത്രിയിലാണ് നീലിയുടെ ആലയിൽ വീണ്ടും തീ തെളിഞ്ഞതയാൾ കണ്ടത്…

കാവിൽ നിന്ന് കേൾക്കുന്ന ചെണ്ടമേളം നീലിയുടെയുള്ളിലും ഉയരുന്നുണ്ടായിരുന്നു..ഉലയിൽ ആളുന്ന തീയിൽ, ചുട്ടുപഴുത്ത കാരിരുമ്പ് അടിച്ചുപരത്തുമ്പോൾ പതിവില്ലാത്ത ഉശിരുണ്ടായിരുന്നു നീലിയുടെ കൈകൾക്ക്..ആലയിലെ തീച്ചൂളയുടെ ചൂട് അവളുടെ കവിളുകളെ പൊള്ളിക്കുന്നത് നീലി അറിഞ്ഞിരുന്നുണ്ടായിരുന്നില്ല..കത്തുന്ന കണ്ണുകളിൽ അപ്പോഴും ആ മുഖമായിരുന്നു..വർഷങ്ങളായി അവളുടെയുള്ളിൽ കനലുകൾ എരിച്ചിരുന്ന മുഖം…

കാവിലെ വേല കണ്ടു രാഘവൻ തിരികെ വരുമ്പോൾ നേരമേറെയായിരുന്നു..പുലരാറായിട്ടും ആലയിലെ വെളിച്ചം കണ്ടിട്ടാണയാൾ വഴിവക്കിൽ തന്നെ നിന്നത്..

കാലം തെറ്റി പെയ്ത മഴത്തുള്ളികൾ വരണ്ട മണ്ണിലേക്കിറ്റ് വീണു തുടങ്ങിയപ്പോൾ നീലി പതിയെ എഴുന്നേറ്റു..മഴ ശക്തിയാർന്നു തുടങ്ങിയിരുന്നു..കാറ്റും അകമ്പടിയായെത്തിയപ്പോൾ നീലി മെല്ലെ പുറത്തേക്കിറങ്ങി..തിരി മുറിയാതെ ഇറ്റ് വീഴുന്ന തുള്ളികളിൽ ദേഹം നനഞ്ഞു കുതിർന്നെങ്കിലും ഉള്ളിലെ കനലുകൾ കെട്ടിരുന്നില്ല…

പൊടുന്നനെയവൾ ആർത്തലച്ചു കരഞ്ഞു.. വർഷങ്ങളായി അടക്കി വെച്ചിരുന്ന കണ്ണീർത്തുള്ളികൾ മഴയ്ക്കൊപ്പം ഒഴുകിയിറങ്ങി..പൊടുന്നനെയടിച്ച മിന്നൽ വെളിച്ചത്തിൽ മുന്നിലൊരു രൂപം തെളിഞ്ഞെങ്കിലുമവൾ ഞെട്ടിയില്ല…

“ന്താ പെണ്ണേ..പിരാന്താണോ നെനക്ക്..?”

പതിഞ്ഞ ശബ്ദത്തിലുള്ള ചോദ്യത്തിനവൾ മറുപടി പറയാതെ തലകുനിച്ചു നിന്നതേയുള്ളൂ…മഴ അപ്പോഴും പെയ്യുന്നുണ്ടായിരുന്നു..

“ആരാ  നെന്നെ ങ്ങനെയാക്കീത്..?ഓനേതാ…?”

നീലി ഞെട്ടലോടെ മുഖമുയർത്തി..ഇത്‌ വരെ ആരും ചോദിക്കാത്ത, ആരുമറിയാതെ ഉള്ളിൽ കൊണ്ടു നടന്നിരുന്ന ആ രഹസ്യം..

ആലയിലാളുന്ന തീയുടെ വെളിച്ചത്തിൽ അയാളുടെ കണ്ണുകളവൾ കണ്ടു..രാഘവൻ ഇരുകൈകൾ കൊണ്ടും അവളുടെ മുഖം കോരിയെടുത്തു..മഴവെള്ളം ഒലിച്ചിറങ്ങുന്ന മുഖത്ത് അപ്പോഴും കണ്ണുനീരൊഴുകികൊണ്ടിരുന്നു..

“തെക്കുംപാട്ടെ ചെറിയമ്പ്രാൻ…രാജശേഖരൻ…”

അമർത്തിയ ശബ്ദത്തിൽ പറയുമ്പോൾ അവളുടെ പല്ലുകൾ ഞെരിഞ്ഞമരുന്ന ശബ്ദമയാൾ കേട്ടു..

“അയ്യാള്..അയ്യാൾ പണ്ടെങ്ങാണ്ട് ചത്തുപോയതല്ലേ..വെ ഷം തീ ണ്ടി…”

“വെ ഷം തീ ണ്ടീതല്ല.. കൊ ന്നതാ..”

അവളുടെ ശബ്ദം മുറുകിയിരുന്നു..മഴത്തുള്ളികൾ അപ്പോഴും അവരുടെ മേൽ ആഞ്ഞുപതിക്കുന്നുണ്ടായിരുന്നു..

“ആര്..?”

അയാളുടെ ശബ്ദം തെല്ലിടറിയിരുന്നു..

“ഞാൻ..”

ഒട്ടും പതറാതെയായിരുന്നു നീലിയുടെ മറുപടി..എന്തിനെന്നയാൾ ചോദിച്ചില്ല..

“അക്കൊല്ലത്തെ വേലയ്ക്ക് കുറച്ചീസം മുമ്പാണ് ഞാൻ തീണ്ടാര്യായത്..വല്യ പെണ്ണായീന്നും പറഞ്ഞു അമ്മയാ ഏച്ചിമാരുടേത് പോലത്തെ ജ മ്പറും മുണ്ടുമൊക്കെ തന്നത്..അതൊക്കെട്ടപ്പോ ഇനിക്കും തോന്നി വല്യ പെണ്ണായീന്ന്…”

ഏതോ ഓർമ്മയിലെന്ന പോലെ അവളുടെ ശബ്ദമൊന്ന് സൗമ്യമായിപക്ഷെ അടുത്ത നിമിഷം…

“ഏച്ചിമാരുടെ കൂട്യാ അന്ന് വേലയ്ക്ക് പോയെ..ന്റെ കൈയ്യും പിടിച്ചു ചെറിയോനും ഇണ്ടായിരുന്നു..മുട്ടായിക്കച്ചോടോം വളപ്പീട്യേക്കെ നോക്കി നടക്കുന്നതിനെടേല് കൂട്ടം തെറ്റിപ്പോയി…ആരേം കാണാന്ല്ല..ചുറ്റും ആരൊക്ക്യോ തുറിച്ചു നോക്കണത് കണ്ടപ്പോ പേടിച്ചു..പിന്നെ നിരീച്ചു ന്തിനാ പേടിക്കുന്നേ..തെക്കുംപാട്ടുകാരുടെ പാടം കഴിഞ്ഞു സർപ്പക്കാവിനരികിലൂടെ ചെന്നാൽ വീട്ടിൽക്കുള്ള വയ്യീലേക്ക് കേറാം..”

അവളൊന്ന് നിർത്തി, ഇടംകൈ കൊണ്ടു മുഖത്തൂടെ ഒഴുകിയിറങ്ങിയ മഴവെള്ളം തുടച്ചു..

“പാടത്തൂടെ ഓടി കാവിനടുത്തെത്തീപ്പോ കെതയ്ക്കണ് ണ്ടാരുന്നു..ഇരുട്ടത്തു പേടി കൊണ്ടു വിറയ്ക്കണ്ടായിരുന്നു മേലാകെ..സർപ്പക്കാവിനടുത്തൂടെ ഇടവഴിയിൽക്ക് കേറുമ്പോഴാ അയാൾ..അയാൾ..”

അവൾ കിതച്ചു തുടങ്ങിയിരുന്നു..രാഘവൻ ഒന്നും പറയാതെയവളെ നെഞ്ചോട് ചേർത്തു..നീലി പറയുന്നതും കേട്ടയാളാ മഴയത്തു നിന്നു…

“കാവിനുള്ളിൽക്ക് വലിച്ചെഴക്കുമ്പോഴേക്കുമയാളിന്റെ മുണ്ടുരുഞ്ഞിരുന്നു..ന്താണ് സംഭവിക്കുന്നേന്ന് നിക്ക് മനസ്സിലാവണ് ണ്ടായിരുന്നില്ല..അയാളുടെ മൊരൾച്ചയ്ക്കും കെതപ്പിനുമൊപ്പം പ്രാണൻ പെടയുന്ന വേദനയായിരുന്നിനിക്ക്.. “

അവളുടെ കണ്ണുകളിൽ നിന്നൊഴുകിയ ചുടുനീർ രാഘവന്റെ നെഞ്ചിൽ വീണു പൊള്ളി..ഇക്കാലമത്രയും ആരോടും ഒരു വാക്കുപോലുമുരിയാടാതെ ഉള്ളിൽ സൂക്ഷിച്ചതാണ് തന്നിലേക്കൊഴുകിയതെന്ന് അയാളറിയുന്നുണ്ടായിരുന്നു..

“ഒടുവിൽ ഇന്റെ മേൽക്ക് ഉടുമുണ്ടെടുത്തിടുമ്പോൾ അയാൾ അമർത്തിയ ഒച്ചയിൽ പറയണ്ടാരുന്നു… “

ആ വാക്കുകൾ ഇപ്പോഴും കേൾക്കുന്നത് പോലെ നീലിയുടെ മുഖമൊന്നു ചുളിഞ്ഞു..

“ഇതെങ്ങാനും ആരോടേലും പറഞ്ഞാൽ കുടുംബത്തോടെ മുടിച്ചു കളയും…”

ആരോടും ഒന്നും പറഞ്ഞില്ല..പക്ഷെ കുസൃതികളും കുറുമ്പുമായി നടന്നിരുന്ന പഴയ നീലി അന്നാ കാവിൽ മരിച്ചിരുന്നു..ചോദിച്ചതിനു മാത്രം മറുപടി പറയുന്ന, പൊട്ടിച്ചിരി മറന്നു പോയ അവളുടെ മാറ്റങ്ങൾ കാലത്തിന്റേതാണെന്നേ എല്ലാവരും കരുതിയുള്ളൂ..കാലം പോകെ അവൾ എല്ലാം ഉള്ളിലടക്കി പരുഷമായ ഭാവം മുഖത്തണിഞ്ഞു..

പക്ഷെ അതിന് ശേഷം തന്നിലുണ്ടാവുന്ന മാറ്റങ്ങൾ അവളറിയുന്നുണ്ടായിരുന്നു..തനിക്കെന്താണ് സംഭവിച്ചതെന്നവൾ തിരിച്ചറിഞ്ഞു..ചിലപ്പോഴൊക്കെ അച്ഛൻ വാത്സല്യത്തോടെ ചേർത്ത് പിടിക്കുമ്പോൾ പോലും അവളുടെ ദേഹം വിറച്ചു..അത് വരെ കെട്ടിപ്പിടിച്ചു കിടന്നിരുന്ന കുഞ്ഞനിയൻ ഉറക്കത്തിൽ കാലൊന്നെടുത്ത് ദേഹത്ത് വെയ്ക്കുമ്പോളവൾ ഞെട്ടിയുണർന്നു..

മഴ തോർന്നു തുടങ്ങിയിരുന്നു. ആലയുടെ ഇറയത്തിരിക്കുകയായിരുന്നു അവരപ്പോൾ..നീലിയുടെ വാക്കുകൾ കേൾക്കവേ പലപ്പോഴും അയാളുടെ പല്ലുകൾ ഞെരിയുന്നതവളറിയുന്നുണ്ടായിരുന്നു..

“പിന്നെ..പിന്നെപ്പളാ …?”

അയാൾ മെല്ലെ ചോദിച്ചു… അവളുടെ മുഖം കടുത്തു..

“അച്ഛന് ദീനമായന്ന് ഞാനാണ് റേഷൻ പീട്യേൽ പോയത്..വരുമ്പേക്കും ഇരുട്ടായി തുടങ്ങിരിന്നു..പഴയോർമ്മയിൽ കാവിനടുത്തെത്തുമ്പോ തന്നെ മേല് വിറയ്ക്കും.. “

“അന്ന്..അന്നയാളുണ്ടായിരുന്നാടെ..പിടിവെലിയ്ക്കിടെ ചെർത്ത് നിന്നെങ്കിലും ഏറെ നേരം കഴിയും മുമ്പേ അയാളിന്നെ കാവിനുള്ളിലെത്തിച്ചു..ഇന്നെ നിലത്തേക്കിട്ട് നെവർന്നു ചുറ്റുമൊന്ന് നോക്കുന്നതിനെടെയാണ് സർവശക്തിയോടെയും ആഞ്ഞൊരു ചവിട്ട് കൊടുത്തെ…നെല തെറ്റ്യേ അയാൾ തെറിച്ചു വീണത് കരിനാഗത്തറേൽക്കാണ്..തലേന്നും ചോരവാർന്നൊഴുകി, അയാളുടെ കണ്ണുകൾ അടയുമ്പോൾ കണ്ടത് ഇന്റെ മുഖമാ…കയ്യിൽ കിട്ടീത് വാരിട്ത്ത് വീട്ടിലെത്തുമ്പോ അരി കൊറച്ചേറെ ഇടവഴീൽ ചൊരിഞ്ഞു കിടക്ക്‌ണ്ടായിരുന്നു..വീണതാണെന്ന് കള്ളത്തരം പറഞ്ഞപ്പോ ചീത്ത പറഞ്ഞേലും അമ്മ വിശ്വസിച്ചു..”

‘പിറ്റേന്ന് മുറ്റമടിക്കുമ്പോഴാ ഇടവഴിയിലൂടെ പോകുന്നോർ അച്ഛനോട് വിളിച്ചു പറയണ്ത് കേട്ടെ..ചെറിയമ്പ്രാൻ വെഷം തീണ്ടി ചത്തെന്നു..കാവിൽ വെച്ച്..മേലാകെ കരിനീലിച്ചു കിടക്കണ് ണ്ടാര്ന്നത്രെ .. “

മഴ പെയ്തു തോർന്നിരുന്നു..

“എല്ലാരോടും ദേഷ്യാരുന്നു..”

അവൾ പതിഞ്ഞ ശബ്ദത്തിലൊന്ന് ചിരിച്ചു..

“കുന്നത്തറക്കാര് പറയണത് ശരിയന്ന്യാ ..ഈ കൊല്ലത്തിപ്പെണ്ണിന് ആണുങ്ങളെ കണ്ടൂടാ…”

രാഘവന്റെ ചുണ്ടിന്റെ കോണിലൊരു ചിരി തെളിഞ്ഞു വന്നു..

“ഇപ്പളും …?”

ആ ചോദ്യത്തിൽ അവളൊന്ന് പതറി..പക്ഷെ ഒന്നും പറഞ്ഞില്ല..അയാൾ അവളെ തന്റെ നെഞ്ചിലേയ്ക്ക് ചാരിയിരുത്തിയപ്പോൾ നീലി എതിർത്തില്ല..കിഴക്ക് വെള്ള കീറുവോളം നനഞ്ഞു കുതിർന്ന വസ്ത്രങ്ങളുമായവർ ആലയിലുണ്ടായിരുന്നു..ആലയിലെ തീയണഞ്ഞിരുന്നു..നീലിയുടെ മനസ്സിൽ, കൊല്ലങ്ങളായി കൊണ്ടു നടന്നിരുന്ന കനലുകളും…

രണ്ടുനാൾ കഴിഞ്ഞു ചിറയിൽ കുളിക്കാനെത്തിയ പെണ്ണുങ്ങൾക്ക് പറയാനൊരു കഥയുണ്ടായിരുന്നു..

ചെറുമൻ ചെക്കന്റൊപ്പം ഇറങ്ങിപ്പോയ കൊല്ലത്തിപ്പെണ്ണിന്റെ കഥ…

~സൂര്യകാന്തി ?(ജിഷ രഹീഷ് )