നിറഞ്ഞ കണ്ണുകൾ തുടച്ച് ഒന്നും സംഭവിക്കാത്തത് പോലെ കുട്ടികളെ കൂട്ടി അവൾ അകത്തേക്ക് നടക്കുമ്പോൾ…

പറയാതെ അറിയാതെ

Story written by Jisha Raheesh

=========

ഫയലുകളിൽ മുഖം പൂഴ്ത്തുമ്പോൾ അയാൾ അറിയാതെ തന്നെ ഇടയ്ക്കിടെ മൊബൈലിന്റെ ശബ്ദത്തിനായി കാതോർത്തിരുന്നു..

അവളുടെ വിളികൾ ശല്യപ്പെടുത്താത്ത,  ഒരാഴ്ചത്തെ സ്വസ്ഥത, കഴിഞ്ഞയാഴ്ച മുതൽ അസ്വസ്ഥതയായി മാറി, ഇന്ന് സ്വൈര്യം കെടുത്തി തുടങ്ങിയിരിക്കുന്നു.

ഇന്നേക്ക് രണ്ടാഴ്ചയായി അയാൾ അവളുടെ ഫോൺ എറിഞ്ഞു പൊട്ടിച്ചിട്ട്.. പണ്ടൊക്കെ കാത്തുകാത്തിരുന്നിരുന്ന ,  വിളിച്ചില്ലെങ്കിൽ പരിഭവം പറഞ്ഞിരുന്ന, അവളുടെ വിളികൾ എപ്പോഴാണ് അയാൾക്കൊരു ശല്യമായി തോന്നി തുടങ്ങിയതെന്ന് അയാൾക്കും അറിയില്ലായിരുന്നു..

ചിലപ്പോഴൊക്കെ കാളുകൾ കട്ട് ചെയ്യുമ്പോൾ അയാൾ ദേഷ്യം പിടിച്ചു നിർത്താനാവാതെ പിറുപിറുത്തിരുന്നു..

“നീ ഇവിടെ ഒരു പണിയും ചെയ്യാതെ ഇരിക്കുന്നത് പോലെയല്ല എന്റെ കാര്യം..എത്ര പറഞ്ഞാലും മനസ്സിലാവില്ലെന്ന് വെച്ചാൽ..ഇടയ്ക്ക് വിളിച്ചു, കഴിച്ചോ കുടിച്ചോ എന്നൊക്കെ അന്വേഷിക്കാൻ ഞാൻ കൊച്ചുകുട്ടിയൊന്നുമല്ല..നിനക്കിവിടെ എന്തെങ്കിലുമൊരു കുറവ് ഞാൻ വരുത്തിയിട്ടുണ്ടോ?”

അവളുടെ നേരേ അലറുമ്പോൾ ഒന്നും മിണ്ടാതെ തല താഴ്ത്തി നിന്നിരുന്ന അവൾ ഇടയ്ക്കൊന്ന് മുഖമുയർത്തി നോക്കിയപ്പോൾ ആ  നിറഞ്ഞ കണ്ണുകൾ അയാളുടെ ദേഷ്യം ഒന്ന് കൂടെ കൂട്ടിയതേയുള്ളൂ..

“എന്ത്‌ പറഞ്ഞാലും കണ്ണും നിറച്ചു നിന്നോളും..”

അയാൾ ചവിട്ടി തുള്ളി പുറത്തേക്ക് നടക്കുമ്പോൾ ഗേറ്റിനു മുൻപിൽ നിർത്തിയ സ്കൂൾ ബസിൽ നിന്നും കുട്ടികൾ ഇറങ്ങി വരുന്നുണ്ടായിരുന്നു..

നിറഞ്ഞ കണ്ണുകൾ തുടച്ച് ഒന്നും സംഭവിക്കാത്തത് പോലെ കുട്ടികളെ കൂട്ടി അവൾ അകത്തേക്ക് നടക്കുമ്പോൾ അയാൾ ഒന്ന് തിരിഞ്ഞു നോക്കിയിരുന്നു..

ഇത്തിരി കൂടിപ്പോയോ..ഇല്ല…ഇടയ്ക്കിടെയുള്ള ഫോൺ വിളികൾ വേണ്ടെന്നു എത്ര പറഞ്ഞാലും കേൾക്കില്ല..പിന്നെ സ്വയം ന്യായീകരിച്ചു..എനിക്ക് ദേഷ്യപ്പെടാൻ അവളല്ലേയുള്ളു…ഓഫീസിലെ ടെൻഷൻ മുഴുവനും അവളിലായിരുന്നു തീർത്തത്…എന്തൊക്കെ പറഞ്ഞാലും അവളെന്നെ വിട്ടുപോവില്ലെന്ന ദാർഷ്ട്യമായിരുന്നിരിക്കണം എന്റെ മനസ്സിൽ..പക്ഷെ…

അന്ന് വണ്ടിയ്ക്ക് എന്തോ കംപ്ലയിന്റ് ഉള്ളത് കൊണ്ടു രാവിലെ ബസ്സിലാണ് വന്നത്..തിരികെ ഓഫീസിൽ നിന്നും ഇറങ്ങുമ്പോൾ ഒത്തിരി വൈകിയിരുന്നു..ഓടിപ്പിടിച്ചു ബസിൽ കയറുന്നതിനിടെ പലതവണ അവൾ വിളിച്ചിരുന്നു..നനഞ്ഞൊലിച്ച് കമ്പിയിൽ തൂങ്ങി നിൽക്കുമ്പോൾ വീണ്ടും മൊബൈൽ ശബ്ദിച്ചു..

“ചത്തിട്ടില്ല..വരുന്നുണ്ട്.. “

അമർത്തിയ ശബ്ദത്തിൽ മുരണ്ടു കൊണ്ടു അയാൾ ഫോൺ കട്ട്‌ ചെയ്തു..ഗേറ്റ് തുറക്കുമ്പോഴാണ് അടുത്ത വിളി വന്നത്..കോലായിലേക്ക് ഓടി കയറുമ്പോൾ അവൾ കാൾ കട്ട്‌ ചെയ്യുന്നത് കണ്ടു..

“ലേറ്റ് ആയപ്പോൾ ഞാൻ പേടിച്ചു..”

അവളുടെ വാക്കുകൾ പൂർത്തിയാവുന്നതിന് മുൻപേ കൈയിലെ മൊബൈൽ പിടിച്ചു വാങ്ങി വലിച്ചെറിഞ്ഞിരുന്നു..

എന്ത്‌ പറഞ്ഞാലും തിരിച്ചൊന്നും പറയാതിരുന്നവൾ ആഴ്ചയൊന്ന് കഴിഞ്ഞിട്ടും മൗനത്തെ കൂട്ടു പിടിച്ചപ്പോൾ മനസ്സിലെവിടെയോ ഒരു നോവ്..ഓഫീസിലേക്ക് ഇറങ്ങുമ്പോൾ മനസ്സിൽ ഉറപ്പിച്ചിരുന്നു..പുതിയൊരു മൊബൈൽ…പക്ഷേ..

ഓർമ്മകളിൽ അലയുമ്പോഴാണ്, അനുരാധ മാഡം വിളിക്കുന്നുണ്ടെന്ന് പ്യൂൺ വന്നു പറഞ്ഞത്..കണ്ണട ഊരി കൺപീലിയിൽ തങ്ങി നിന്ന നീർതുള്ളി തട്ടി കളഞ്ഞു പുറംകൈ കൊണ്ടു മുഖം തുടച്ചു അയാൾ മാഡത്തിന്റെ മുറിയിലേക്ക് നടന്നു..

അയാൾ വാതിൽ തുറന്നു അകത്തു കടന്നതും അനുരാധ അയാളെ നോക്കി..

വസ്ത്രധാരണത്തിൽ എപ്പോഴും ശ്രെദ്ധിച്ചിരുന്ന അയാളുടെ ഷർട്ടിൽ നിറയെ ചുളിവുകൾ വീണു കിടന്നിരുന്നു..കുറ്റിരോമങ്ങൾ പടർന്നു തുടങ്ങിയ മുഖം കരുവാളിച്ചിരുന്നു..ഒരാഴ്ച കൊണ്ടു അയാൾ എത്ര മാറിപ്പോയെന്ന് അവർ ആലോചിക്കുകയായിരുന്നു..

“രഞ്ജിത്ത് ഇത്ര പെട്ടെന്ന് വരേണ്ടിയിരുന്നില്ല..ഞാൻ പറഞ്ഞതല്ലേ..കുട്ടികൾ..? “

അനുരാധ നീട്ടിയ ഫയൽ വാങ്ങി അവരുടെ മുഖത്ത് നോക്കാതെ യാന്ത്രികമായാണ് അയാൾ പറഞ്ഞത്.

“അവർ അവളുടെ അച്ഛന്റെയും അമ്മയുടെയും ഒപ്പമാണ്. അവിടെ ഞാൻ തനിച്ച്… “

പൂർത്തിയാക്കാതെ അയാൾ തിരിഞ്ഞു നടക്കുമ്പോൾ അനുരാധ മനസ്സിലോർത്തു..

സ്റ്റെയർകേസിൽ നിന്നും വീണു, ചോ ര വാർന്നു മരിച്ച ഭാര്യയോടൊപ്പമാണ്‌  അയാളുടെ മനസ്സ്‌ ഇപ്പോഴും..സീറ്റിൽ ചെന്നിരിക്കുമ്പോഴും അയാളുടെ മനസ്സിൽ അവളുടെ മുഖമായിരുന്നു..

“ഒരു വട്ടമെങ്കിലും ഒന്ന് കാണാൻ കഴിഞ്ഞിരുന്നുവെങ്കിൽ..അവളില്ലായ്മയിൽ ചിന്തിച്ചു കൂട്ടിയതൊക്കെ ഒന്ന് പറയാൻ…അവളോട് ചെയ്തു പോയ, പറഞ്ഞു പോയ കൊച്ചു കൊച്ചു കാര്യങ്ങൾക്കൊക്കെ കെട്ടിപ്പിടിച്ചൊന്ന് സോറി പറയാൻ..”

ആരും കാണാതെ വീടിനുള്ളിൽ ചോ ര വാർന്നു കിടന്ന അവസാനനിമിഷങ്ങളിലും  അവളുടെ വേദന തന്നെയും മക്കളെയും പറ്റി ഓർത്തായിരിക്കുമെന്ന് അയാൾക്ക് അറിയാമായിരുന്നു..

***********

അലമാരയിൽ അലക്കിയ ഡ്രെസ്സുകൾ മടക്കി വെക്കുമ്പോഴാണ് ഒരു കോണിലേക്ക് പെട്ടെന്ന് ശ്രെദ്ധയിൽ പെടാത്ത രീതിയിൽ മടക്കി വെച്ച ഷർട്ടിൽ അനുരാധയുടെ  കണ്ണെത്തിയത്. പറയാനാവാതെ പോയ, കൊടുക്കാനാവാതെ പോയ സ്നേഹം.

ജീവിച്ചിരിപ്പില്ലാത്തൊരാൾക്കായി വാങ്ങിയത്…

പത്ത് വയസ്സിനിളപ്പമുള്ള അനിയൻ പെട്ടെന്നൊരു ദിവസം കൈ വിട്ടു പോയപ്പോൾ സങ്കടത്തിനെക്കാളേറെ  അന്താളിപ്പായിരുന്നു..തകർന്നു പോയ അച്ഛനും അമ്മയ്ക്കും ഞാനേ ഉള്ളൂ എന്ന തിരിച്ചറിവായിരിക്കാം നിയന്ത്രണം വിട്ടു പോവാതെ പിടിച്ചു നിൽക്കാൻ സഹായിച്ചത്..

ബന്ധുക്കളും തിരക്കുകളും കടമകളും കഴിഞ്ഞപ്പോഴാണ് മനസ്സ് യാഥാർഥ്യത്തിലേക്ക് തിരിച്ചു വന്നത്..ഇനി അവനില്ല..

കുഞ്ഞുന്നാൾ മുതൽ പറഞ്ഞു പോയതും ചെയ്തു പോയതുമായ കാര്യങ്ങൾ മനസ്സിൽ ഒന്നൊന്നായി തെളിഞ്ഞപ്പോൾ മിഴിവോടെ നിന്നത് അവന്റെ ആറാം പിറന്നാളായിരുന്നു..വിഷുവിന് തനിക്ക് കൈനീട്ടം കിട്ടിയ പൈസ എടുത്തു അമ്മ അവന് ഡ്രെസ്സും കേക്കും  വാങ്ങിയത് എന്തിനാണ് തന്നെ അത്രയധികം പ്രകോപിപ്പിച്ചതെന്ന് ഇന്നും തനിക്കറിയില്ല..അവന് ഞാൻ പലപ്പോഴും ചേച്ചിയെക്കാളും അമ്മയുടെ കരുതൽ തന്നെയാണ് കൊടുത്തിരുന്നത്..എന്നിട്ടും…

അന്ന് അവന്റെ സന്തോഷങ്ങളിലൊന്നും ചേരാതെ മാറി നിന്ന എന്നെ പ്രതീക്ഷ നിറഞ്ഞ കണ്ണുകളോടെ ഇടയ്ക്കിടെ അവൻ നോക്കിയ ദയനീയ നോട്ടം ഇന്നുമെന്റെ ചങ്കിൽ കത്തി തറയ്ക്കുന്ന വേദനയാണ്..പക്ഷെ ഞങ്ങളുടെ പിണക്കങ്ങൾക്ക് അധികം ആയുസ്സില്ലായിരുന്നു..

വീണ്ടും പിറന്നാളുകൾ വന്നെങ്കിലും കൊച്ചു കൊച്ചു സമ്മാനങ്ങൾ നൽകിയെങ്കിലും അന്നത്തെ വാശിയ്ക്ക് അവന്റെ മനസ്സ് വേദനിപ്പിച്ചതിന് എന്നെങ്കിലും അവനോട് സോറി പറഞ്ഞിരുന്നോ..ഇല്ലെന്ന് ഓർത്തെടുത്തതും വീണ്ടും വർഷങ്ങൾക്ക് മുൻപ് തന്നെ നോക്കിയ ആ നോട്ടം ഓർമ്മ വന്നു.

വൈകുന്നേരങ്ങളിലെ പലഹാരങ്ങൾ വീതം വെച്ചപ്പോൾ അടിപിടി കൂടിയിരുന്നത് കൊതിയേക്കാളേറെ എന്നെ ദേഷ്യം പിടിപ്പിക്കാനായിരുന്നുവെന്ന് അവൻ പറഞ്ഞത് എന്റെ വിവാഹശേഷമായിരുന്നു. അവനായി ഞാൻ വാങ്ങി കൊടുക്കുന്നതെല്ലാം മുഴുവനായും അവന് കൊടുക്കുമ്പോൾ അമ്മ ഉണ്ടാക്കുന്നതെന്തായാലും അതിനെല്ലാം വെറുതെ അടിപിടി കൂടിയിരുന്നു ഞാനും..

ഒരുപക്ഷെ ഞാൻ അവനെ മനസ്സിലാക്കിയതിനേക്കാളും അവൻ എന്നെ മനസ്സിലാക്കിയിരുന്നിരിക്കണം..

അതിൽ പിന്നെയാണ്  മരണത്തിനെ പറ്റിയും മരണാനന്തരചടങ്ങുകളെ പറ്റിയും കൂടുതൽ അറിയാൻ ശ്രെമിച്ചത്..അവന് എന്താണ് സംഭവിച്ചിട്ടിട്ടുണ്ടാവുക എന്നറിയാൻ…വെറുതെ മനസ്സുഴറി.

പതിനാറിന് മരിച്ചു പോയ ആളുടെ ഇഷ്ടവിഭവങ്ങൾ നിലവിളക്ക് കത്തിച്ചു അകത്തു വെച്ചു കൊടുക്കുന്ന ചടങ്ങിന് അവന് ഇഷ്ടമുള്ള പലഹാരങ്ങൾക്കൊപ്പം ഡയറി മിൽക്ക് ചോക്ലേറ്റ് കൂടെ ഞാൻ വാങ്ങിയിരുന്നു..തിരികെ വരുമ്പോഴാണ് വരുന്ന ഓണത്തിന് അവന് വേണ്ടി ഒരു ഷർട്ട് എടുക്കാൻ വിചാരിച്ചത് പറഞ്ഞത്..

എന്നെ നോക്കിയ ശ്യാമേട്ടന്റെ കണ്ണുകളിൽ നിസ്സഹായത നിഴലിച്ചിരുന്നു..

“ഷർട്ട് അകത്തു വെച്ചു കൊടുക്കാൻ പറ്റുമോ അനു.. “

അവനിഷ്ടപ്പെട്ട നിറത്തിലുള്ള ഈ ഷർട്ട്‌ തിരഞ്ഞെടുക്കുമ്പോൾ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.

കത്തിച്ച നിലവിളക്കിന് മുൻപിൽ എല്ലാം വെച്ചു കഴിഞ്ഞു ആരും കാണാതെയാണ് ഞാനിത് അവിടെ വെച്ചത്..

വാതിൽ ചാരി പുറത്തിരിക്കുമ്പോൾ ആ വാതിലിനപ്പുറമവനെത്തിയിരിക്കാം..അവനെ ഓർത്തു വിങ്ങി പൊട്ടുമ്പോൾ ആരോ പറഞ്ഞു..

“മരിച്ചവരെ ഓർത്തു കരയാൻ പാടില്ല..അവരുടെ ആത്മാവിന് അവിടെ സമാധാനം കിട്ടില്ല.. “

അത്രയും കാലം വിശ്വാസങ്ങളെയെല്ലാം ചോദ്യം ചെയ്തിരുന്ന മനസ്സ് അനുസരിച്ചത് ക്ഷണനേരം കൊണ്ടായിരുന്നു..അതിൽ പിന്നെ മനസ്സ് തുറന്നൊന്നു കരയാൻ പോലും സാധിച്ചിട്ടില്ല..

ചിലപ്പോഴൊക്കെ മൊബൈൽ റിങ് ചെയ്യുമ്പോൾ ആ നമ്പർ ആയിരുന്നുവെങ്കിൽ എന്ന് തോന്നിയിട്ടുണ്ട്..ആ ശബ്ദം ഒന്ന് കേൾക്കാൻ കൊതിക്കുമ്പോൾ, മുൻപ് പലപ്പോഴും അവൻ വിളിക്കുമ്പോൾ എനിക്ക് ഇപ്പോൾ തിരക്കാണ് നീ പിന്നെ വിളിക്ക്, എന്ന് പറയുന്നതോർത്തു പോയിരുന്നു..

മനസ്സ് വല്ലാതെ നോവുന്ന ചില നേരങ്ങളിൽ അവന്റെ സാമീപ്യം ചിലപ്പോഴൊക്കെ ഞാനറിയാറുണ്ട്..തഴുകിയെത്തുന്ന ഇളംകാറ്റ് അവന്റെ ആശ്വാസവചനങ്ങളായിരുന്നിരിക്കണം..ചിലപ്പോഴൊക്കെ തൊട്ടടുത്ത് അവനുള്ളത്‌ പോലെ തോന്നാറുണ്ട്..മനസ്സിന്റെ കളികളാവാം..

എങ്കിലും ഒരു തവണ കൂടെയൊന്ന് കാണാൻ കഴിഞ്ഞിരുന്നുവെങ്കിൽ..കാത്തു വെച്ച ചിലതൊക്കെ പറയാൻ..

*************

സമയം പാതിരാത്രി കഴിഞ്ഞിട്ടും സജിത ജനലഴികളിൽ തല ചായ്ച്ചു പുറത്തേക്ക് നോക്കി നിൽക്കുകയായിരുന്നു..ആകാശത്ത് മിന്നി തിളങ്ങുന്ന നക്ഷത്രങ്ങൾക്കിടയിൽ അവൾ തിരയുകയായിരുന്നു…

പണ്ടെങ്ങോ മറന്നു വെച്ച ചിലങ്കകൾക്ക് വീണ്ടും ജീവൻ പകർന്നത് അനിയേട്ടനായിരുന്നു..ഒന്നിനും തടസ്സം നിന്നിട്ടില്ല..കൂടെയുണ്ടായിരുന്നു..പേരെടുത്ത നർത്തകിയായി തിരക്കുകളിൽ നിന്നും തിരക്കുകളിലേക്കുള്ള യാത്രകളിൽ തങ്ങളുടേതായ നിമിഷങ്ങൾ അന്യമായി തീർന്നത് ആ മനസ്സിനെ വേദനിപ്പിച്ചിരിക്കണം..

അറിഞ്ഞില്ല..അറിയാൻ ശ്രെമിച്ചില്ല..പൊടുന്നനെ തേടിയെത്തിയ പേരിലും പ്രശസ്തിയിലും താനും ഭ്രമിച്ചിട്ടുണ്ടാവണം..പറയാതെ പറഞ്ഞ കുഞ്ഞെന്ന ആഗ്രഹം പോലും താൻ കണ്ടില്ലെന്ന് നടിക്കുകയായിരുന്നു..

ഒടുവിൽ എല്ലാം മനസ്സിലാക്കി അരികിലേക്ക് ഓടിയെത്തുമ്പോഴേക്കും…

ബൈക്ക് ആക്സിഡന്റ്…

മനസ്സ് യാഥാർഥ്യം ഉൾക്കൊള്ളാൻ മാസങ്ങളെടുത്തു..

എന്നിട്ടും ഇപ്പോഴും വിശ്വസിക്കാൻ കഴിയുമെന്നില്ല..ആ ഗന്ധം, പൊട്ടിച്ചിരിയോടെ തന്നെ പുണരുന്ന ആ കൈകൾ..കാതിൽ പതിയെ മൊഴിയുന്ന ആ വാക്കുകൾ..ഇനിയില്ല..

ജനലഴികളിൽ പിടിച്ച വിരലുകളിൽ ആരോ സ്പർശിച്ചത് പോലെ തോന്നിയതും സജിത ഞെട്ടലോടെ കൈയിലേക്ക് നോക്കി..തോന്നിയതാവാം..അല്ലെന്ന് വിശ്വസിക്കാനാണ് ഇഷ്ടം..

തൊട്ടരികെ തന്നെ നോക്കി നിൽക്കുന്നുണ്ടെന്ന് തോന്നാറുണ്ട് പലപ്പോഴും..

തൊട്ടു മുൻപിൽ അദൃശ്യമായ ഒരു ഒരു ചില്ലു വാതിലിനപ്പുറം ആ മിഴികൾ തന്നെ നോക്കുന്നതായി മനസ്സ് മന്ത്രിക്കാറുണ്ട്..ഒന്ന് കണ്ടിരുന്നെങ്കിൽ..ഒന്നും പറയാതെ വെറുതെയൊന്നു കെട്ടി പിടിക്കാൻ..ഒരു മാത്ര ആ നെഞ്ചിൽ ചാരി നിൽക്കാൻ…

************

തൊട്ടടുത്ത ഫ്ലാറ്റിൽ എമിലി അപ്പോഴും കിടക്കുകയായിരുന്നു..കോളേജിൽ നിന്നും വന്നിട്ട് ഡ്രസ്സ്‌ പോലും മാറിയിട്ടില്ല..

പപ്പയും സോഫി ആന്റിയും  ഏതോ പാർട്ടിയ്ക്ക് പോയതാണ്..ഇന്ന് മമ്മയുടെ ഓർമ്മദിവസം ആണെന്ന് പോലും പപ്പാ ഓർത്തിരുന്നില്ല..

അല്ലെങ്കിലും മമ്മ മരിച്ച് മാസം നാല് തികയുന്നതിന് മുൻപേ പുതിയ ഭാര്യയെ തേടി പിടിച്ച പപ്പയിൽ നിന്നും ഇതിൽ കൂടുതൽ എന്ത്‌ പ്രതീക്ഷിക്കണം..

പപ്പ മമ്മയെ ഒരിക്കലും സ്നേഹിച്ചിട്ടേയില്ല എന്ന് തോന്നിയത് മമ്മ പോയതിന് ശേഷമാണ്..എന്നും കുറ്റപ്പെടുത്തിയിട്ടേയുള്ളു. പണവും പ്രതാപവുമൊക്കെ ആവശ്യത്തിൽ ഏറെ ആയപ്പോഴാണ് പപ്പയ്ക്ക് പഠിപ്പും വിവരവുമില്ലാത്ത പട്ടിക്കാട്ടുകാരി ഭാരമായത്..എപ്പോഴും പപ്പയുടെ കൂടെ കൂടി താനും മമ്മ‌യെ ഒറ്റപ്പെടുത്തിയിട്ടേയുള്ളു…എന്നും..

താൻ എന്തൊക്കെ പറഞ്ഞാലും, ചെയ്താലും,  മോളേ എന്ന വിളിയോടെ അരികിലെത്തുന്ന മമ്മയെ ഓർത്തതും എമിയുടെ മിഴികൾ വീണ്ടും പെയ്തു തുടങ്ങി..പപ്പാ എത്ര പറഞ്ഞിട്ടും സോഫിയാന്റിയെ മമ്മി എന്ന് വിളിക്കാൻ മനസ്സ് സമ്മതിച്ചിട്ടില്ല ഇത് വരെ..അവരും അത് ആഗ്രഹിച്ച് കാണില്ല..

അമ്മയോട് മാത്രം കാണിക്കാനാവുന്ന കൊച്ചു കൊച്ചു വാശികൾ..സംശയങ്ങൾ.പേടികൾ..ഒരുമാത്രയെങ്കിലും ഒന്ന് കണ്ടിരുന്നെങ്കിൽ..ആ മടിയിൽ തല വെച്ച് കിടക്കുമ്പോൾ, വാത്സല്യം തുളുമ്പുന്ന വിരലുകൾ മുടിയിഴകളിൽ തലോടുമ്പോൾ ഉണ്ടാവുന്ന സമാധാനം ഇനിയൊരിക്കലും തന്റെ ജീവിതത്തിൽ ഉണ്ടാവില്ല…

************

ഇവരെയൊക്കെ പോലെ,  അകാലത്തിൽ തങ്ങളെ വിട്ടുപോയ പ്രിയപ്പെട്ടവരോട്, പറയാൻ കഴിയാതിരുന്ന വാക്കുകൾ മനസ്സിൽ കിടന്നു വിങ്ങുന്നുണ്ടാവും പലരുടെയും ഉള്ളിൽ..

തൊട്ടരികിൽ നിന്നും മരണം അവരെ റാഞ്ചിയെടുത്തു പറക്കുമ്പോൾ, കണ്മുൻപിൽ നിന്നും അപ്രത്യക്ഷരായി പോയവരെ ഓർത്തു നിസ്സഹായരായി നിന്നുപോവുന്നവർ..

അവരോട് അത് വരെ പറയാത്ത, ആലോചിക്കുക പോലും ചെയ്യാതെ കാര്യങ്ങൾ പലതും മനസ്സ് ഓർത്തെടുക്കും..ഒരിക്കലും പറയാനാവില്ലെന്നറിഞ്ഞാലും..

മനസ്സിൽ കെട്ടിപ്പൂട്ടി വെക്കാതെ ചിലപ്പോഴൊക്കെ വാക്കുകളിൽ കൂടെയും സ്നേഹം പങ്കു വെക്കാം അല്ലെ…

~സൂര്യകാന്തി ?