ഓഹ് ഈ ചെറുക്കന്റെയൊരു കാര്യം?അല്ലേലും എവിടേക്കെങ്കിലും ഒരത്യാവശ്യത്തിന് പോകാനിറങ്ങുമ്പോൾ എപ്പോഴും….

Story written by Saji Thaiparambu

============

ചേച്ചിയോട് ഫോണിൽ സംസാരിച്ച് കഴിഞ്ഞിട്ടാണ് ഞാൻ ഉറങ്ങാൻ കിടന്നത്

അതിന് ശേഷം അർദ്ധരാത്രിയിലെപ്പോഴോ ലാൻ്റ് ഫോണിൻ്റെ നിർത്താതെയുള്ള ബെല്ലടി കേട്ട് ഉറക്കച്ചടവോടെ എഴുന്നേറ്റ് ചെന്ന ഞാൻ  കണ്ടത് ഹാളിലിരിക്കുന്ന ഫോണിന്റെ റിസീവറെടുത്ത് ചെവിയിൽ വച്ച് നില്ക്കുന്ന അമ്മയെയായിരുന്നു.

എന്താ അമ്മേ..ആരാ വിളിച്ചത് ?

ഫോൺ കട്ട് ചെയ്യുമ്പോൾ അമ്മയുടെ മുഖത്ത് നിറഞ്ഞിരുന്നപരിഭ്രമം കണ്ട്, ആകാംക്ഷയോടെ ഞാൻ ചോദിച്ചു.

ശാരദയാണ് വിളിച്ചത്. വേദന തുടങ്ങിയത് കൊണ്ട് അനുവിനെ ഹോസ്പിറ്റലിൽ കൊണ്ട് പോയെന്ന്. നീ വേഗമൊരുങ്ങ് മോനേ…നമുക്കുടനെ ഹോസ്പിറ്റലിൽ ചെല്ലണം

ആധി കയറിയത് കൊണ്ടാവാം, അമ്മയുടെ ശബ്ദത്തിന് പതർച്ചയുണ്ടായിരുന്നു.

അമ്മ ഡ്രെസ്സ് മാറാൻ പോയ സമയത്ത്, ഞാനും വേഗം പോയി ജീൻസും ഷർട്ടുമെടുത്തിട്ടു.

അപ്പോഴാണ് വയറിനകത്തൊരു ഉരുണ്ട് കയറ്റം…

നാശം, ഈ നേരമില്ലാത്ത നേരത്താണ് ടൊയ്ലറ്റിൽ പോകാൻ തോന്നുന്നത്. പോകാതിരിക്കാൻ പരമാവധി ഞാൻ ശ്രമിച്ചെങ്കിലും, ഹോസ്പിറ്റലിൽ വരെയെത്താൻ വയറ് വേദന ഒരു വിധത്തിലും സമ്മതിക്കില്ലെന്ന് ബോധ്യപ്പെട്ട ഞാൻ, ഒടുവിൽ  കീഴടങ്ങാൻ തന്നെ തീരുമാനിച്ചു.

ഓഹ് ഈ ചെറുക്കന്റെയൊരു കാര്യം?അല്ലേലും എവിടേക്കെങ്കിലും ഒരത്യാവശ്യത്തിന് പോകാനിറങ്ങുമ്പോൾ എപ്പോഴും അവനൊരു തൂ റാൻ മുട്ടലുള്ളതാണ്. എടാ ഒന്ന്‌ വേഗമിറങ്ങ്, പ്രസവിക്കാൻ പോകുന്നത് അവളാണെങ്കിലും അതിന്റെ വെപ്രാളം മുഴുവൻ നിനക്കാണല്ലോ?

നിമിഷ നേരം കൊണ്ട് ഒരുങ്ങിയിറങ്ങിയ അമ്മ, ടോയ്ലറ്റിന്റെ പുറത്ത് നിന്ന് ബഹളം കൂട്ടുന്നത്കേട്ട് ,എന്റെ ദൗത്യം പാതിവഴിയിലാക്കി ഞാൻ വേഗം പുറത്തിറങ്ങി?

കൈയ്യൊക്കെ സോപ്പിട്ട് കഴുകിയോടാ?

കൊ റോണ വന്ന് മരിച്ചയാളെ സംസ്ക്കരിച്ചിട്ട് വരുന്ന ആരോഗ്യപ്രവർത്തകന്റെയടുത്ത് ചോദിക്കുന്നത് പോലെയുള്ള, അമ്മയുടെ ചോദ്യം കേട്ട് എനിക്കരിശം വന്നു.

അമ്മ ഒന്ന് വരുന്നുണ്ടോ?ചേച്ചിയവിടെ പ്രസവവേദനയെടുത്ത് കിടക്കുമ്പോഴാണ് അമ്മയുടെയൊരു തമാശ…

വൃത്തിയുടെ കാര്യത്തിൽ ഒട്ടും കോംപ്രമയിസ്സ് ചെയ്യാത്ത എന്നോടങ്ങനെ ചോദിച്ചതിന്റെ ദേഷ്യത്തിൽ സെൽഫ്സ്റ്റാർട്ടുണ്ടായിരുന്നിട്ട് പോലും പോർച്ചിലിരുന്ന ബുള്ളറ്റ് ഞാൻ കിക്കറടിച്ചാണ് സ്റ്റാർട്ടാക്കിയത്.

മോനേ…ഒന്ന് വേഗം വിട്

പുറകിലിരുന്ന് കൊണ്ട് അമ്മ ധൃതിവച്ചപ്പോൾ പന്ത്രണ്ട് കിലോമീറ്റർ ദൂരമുള്ള ആശുപത്രിയിലേക്കെത്താൻ ഞാൻ വെറും ഏഴ്മിനുട്ടേ എടുത്തുള്ളു

ഇതെന്തൊരു സ്പീഡാണെടാ? ബാക്കിയുള്ളവര് ജീവൻ കൈയ്യിൽ പിടിച്ചോണ്ടാണ് ഈ കുന്ത്രാണ്ടത്തിന്റെ പുറകിലിരുന്നത്

ആശുപത്രി മുറ്റത്ത് എത്തി കഴിഞ്ഞപ്പോഴുള്ള അമ്മയുടെ ഡയലോഗ് കേട്ടപ്പോൾ എനിക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല…

അല്ലേലും കാര്യം കഴിയുമ്പോൾ, പ്ളേറ്റ് മറിക്കുന്ന സ്വഭാവം, അമ്മയ്ക്ക് പണ്ടേ ഉള്ളതാണല്ലോന്ന് സമാധാനിച്ച് കൊണ്ട് ബൈക്ക് സൈഡ്സ്റ്റാന്റിൽ വച്ചിട്ട് വാണം വിട്ട പോലെ ആശുപത്രിയുടെ രണ്ടാം നിലയിലേക്ക് ഓടിക്കയറുന്ന അമ്മയുടെ പുറകെ ഞാനും നടന്നു.

അമ്മയുടെ ആ പോക്ക് കണ്ടാൽ തോന്നും ചേച്ചിയുടെ പ്രസവമെടുക്കുന്ന ഗൈനക്കോളജിസ്റ്റ് എൻ്റെ അമ്മയാണെന്ന്

ലേബർ റൂമിന്റെ വാതില്ക്കൽ നില്ക്കുന്ന സെക്യൂരിറ്റി ചേച്ചിയോട്, എന്തോ കുശുകുശുത്ത് കൊണ്ട് അമ്മ അകത്തേയ്ക്ക് കയറിയപ്പോൾ എന്ത് ചെയ്യണമെന്നറിയാതെ വെടി കൊണ്ട പ ന്നിയെ പോലെ ഞാനാ ഡെറ്റോള് മണക്കുന്ന ഇടനാഴിയിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടന്നു.

അനുവിന്റെ ബൈസ്റ്റാന്ററാരാണ്?

ലേബർ റൂമിൻ്റെ വാതില്ക്കൽ നിന്നുയർന്ന മാലാഖയുടെ ചോദ്യംകേട്ട് ഞാൻ ചുറ്റിനും നോക്കി.

ഈശ്വരാ…ആ ചോദ്യത്തിനുത്തരം കൊടുക്കാൻ ഞാനല്ലാതെ വേറാരുമില്ലേ?

ഞാനാണ് സിസ്റ്റർ…

മറ്റാരുമില്ലെന്ന് മനസ്സിലാക്കിയ ഞാൻ മറുപടി പറഞ്ഞു.

പെണ്ണുങ്ങളാരും വന്നിട്ടില്ലേ?

അല്ല അത് പിന്നെ….

എന്ത് പറയണമെന്നറിയാതെ ഉത്തരം മുട്ടി നില്ക്കുന്ന എന്റെ നേരെ അവരൊരു തുണ്ട് പേപ്പർ വച്ച് നീട്ടി.

വേഗം ഈ മരുന്ന് വാങ്ങിച്ചോണ്ട് വരണം , ങ്ഹാ പിന്നേ….ഒരു ബ്ളേഡും കൂടി വാങ്ങിച്ചോളു

ബ്ളേഡ് വാങ്ങുന്നതെന്തിനാണ്?

ആ ചോദ്യം എന്നോട് തന്നെ ചോദിച്ച് കൊണ്ട്, ഞാനവരുടെ മുഖത്തേയ്ക്ക് ജിജ്ഞാസയോടെ നോക്കി.

എടോ, അതെനിക്കല്ല, പേഷ്യന്റിന് വേണ്ടിയുള്ളതാണ്…

എന്റെ ഉള്ള് വായിച്ചെടുത്തത് പോലെ അവർ മറുപടി പറഞ്ഞപ്പോൾ വൈക്ലബ്യത്തോടെ ഞാൻ പുറത്തേയ്ക്കിറങ്ങി.

ലിസ്റ്റിലുണ്ടായിരുന്ന സാധനങ്ങളുമായി ഞാൻ തിരിച്ച് വന്നപ്പോൾ,  ലേബർ റൂമിന്റെ വാതില്ക്കൽ നിന്നത് വേറൊരു മാലാഖയായിരുന്നു.

ചേച്ചീ…മറ്റേ സിസ്റ്ററെന്തേ?അവർ പറഞ്ഞ മരുന്ന് ഞാൻ വാങ്ങിയിട്ടുണ്ട്

ഇങ്ങോട്ട് താടാ ചെറുക്കാ….അത് കൊള്ളാമല്ലോ..? വന്ന് വന്ന് അമ്മയെകേറി ചേച്ചീന്നും വിളിക്കാൻ തുടങ്ങിയോടാ, കുരുത്തം കെട്ടവനേ?

അപ്പോഴാണ് അകത്ത് പോയിട്ട് വെള്ളഷർട്ടും വെള്ളമുണ്ടും ധരിച്ചെത്തിയ അമ്മയാണവിടെ നില്ക്കുന്നതെന്ന് എനിക്ക് മനസ്സിലായത്.

നീ ,ഇതിന്റെ വാതില്ക്കൽ തന്നെ നിന്നോണം. അവൾക്ക് ചിലപ്പോൾ കാപ്പിയോ ചൂടുവെള്ളമോ ആവശ്യം വരും, കിടന്നുറങ്ങികളയരുത്?

തിരിച്ചകത്തോട്ട് പോകുന്നതിന് മുൻപ് അമ്മ എന്നെ ഉപദേശിച്ചു

ഒഹ് പിന്നേ..കിടന്നുറങ്ങാനിത് ഫൈവ്സ്റ്റാർ റിസോർട്ടല്ലേ?.അല്ലമ്മേ..അനുവിനെ കൊണ്ട് വന്നവരൊക്കെ എവിടെ പോയി?

അതിന് അവളെ ശാരദ ഒറ്റയ്ക്കാണ്, ഇവിടെ കൊണ്ട് വന്നത്, അവിടുത്തെ അച്ഛനും, മറ്റും മലയ്ക്ക് പോയിരിക്കുവാണ്…

അത്രയും പറഞ്ഞ് അമ്മ ധൃതിയിൽ അകത്തേയ്ക്ക് പോയപ്പോൾ ഞാൻ വീണ്ടും വിഷണ്ണനായി അവിടെ തന്നെ ചുറ്റിപ്പറ്റി നിന്നു.

നിന്ന് നിന്ന് കാലു കഴച്ചപ്പോൾ ഒന്നിരിക്കാനായി ഞാൻ ചുറ്റുപാടും കണ്ണോടിച്ചു

ആകെപ്പാടെ ഒരു ചാര് ബഞ്ചുള്ളതിൻ്റെ ഒരറ്റത്ത് പ്രായമായ ഒരു അമ്മച്ചിയിരുന്നിട്ട്, ബാക്കിയുള്ള സ്ഥലത്ത് അവരുടെ ചെറുമകളെ കിടത്തിയിരിക്കുകയാണ്

പിന്നെയുള്ളത് ഗ്രില്ലിടാത്ത ജനലിൻ്റെ വീതിയുള്ള പടികളാണ്, അവിടെയാണെങ്കിൽ പ്രാവിൻ്റെയും മറ്റും കാഷ്ടം കൊണ്ട് നിറഞ്ഞിരിക്കുന്നു

ശ്ശൊ, ചേച്ചിയൊന്ന് പ്രസവിച്ചിരുന്നെങ്കിൽ…അമ്മയോട് പറഞ്ഞിട്ട് വീട്ടിൽ പോയി കിടന്നുറങ്ങാമായിരുന്നു

എൻ്റെ പ്രാർത്ഥന ദൈവം കേട്ടെന്ന് തോന്നുന്നു, ലേബർ റൂമിൻ്റെ വാതിൽ തുറന്ന് എൻ്റെ അമ്മമാലാഖ, ഒരു ചോരക്കുഞ്ഞുമായിറങ്ങി വരുന്നു

ഡാ മോനേ…ഇത് കണ്ടോ ?ബിജുവിൻ്റെ അതേ കണ്ണ്, അതേ മൂക്ക്, ആ ചുണ്ട് പോലും പറിച്ച് വച്ചത് പോലെ അല്ലേഡാ?

അമ്മ അത്ഭുതത്തോടെ എന്നോട് ചോദിച്ചപ്പോൾ, ഞാൻ കൗതുകത്തോടെ ആ കുഞ്ഞിൻ്റെ മുഖത്തേയ്ക്ക് സൂക്ഷിച്ച് നോക്കി.

ചോര നിറമുള്ള കുഞ്ഞിൻ്റെ ചുണ്ടും, ബീഡിക്കറ പുരണ്ട അളിയൻ്റെ ചുണ്ടുമായി താരതമ്യം ചെയ്യാൻ അമ്മയ്ക്കെങ്ങനെ തോന്നിയമ്മേ ? മാത്രമല്ല, ജന്മനാ കള്ള ലക്ഷണമുള്ള അളിയൻ്റെ ഉണ്ടക്കണ്ണ് പോലെയാണോ? ഈ പിഞ്ച്പൈതലിൻ്റെ കണ്ണിരിക്കുന്നത്?

ഒന്ന് പോടാ, നിനക്കതൊന്നും മനസ്സിലാവില്ല…ങ്ഹാ പിന്നെ…നീ വേഗം  അളിയനെ വിളിച്ച് വിവരം പറയ്, അനു മൂന്നാമത് പെറ്റതും പെൺകുഞ്ഞ് തന്നെയാണെന്നും അത് കൊണ്ട് പ്രസവം നിർത്തണോ വേണ്ടയോ എന്ന് തീരുമാനിച്ചിട്ട്, ഉടനെ വിവരം പറയണമെന്നും പറയ്, അവൻ സമ്മതിക്കില്ലെന്നെനിക്കറിയാം, കാരണം, ഒരാൺകുഞ്ഞ് കൂടി വേണമെന്ന് ബിജുവിന് ഒത്തിരി ആഗ്രഹമുണ്ട്, അതിന് വേണ്ടി എത്ര വേണമെങ്കിലും പ്രസവിച്ചോളാനാണ് അവനെപ്പോഴും അനുവിനോട് പറയാറുള്ളത്…

അത്രയും പറഞ്ഞ് അമ്മ കുഞ്ഞിനെയും കൊണ്ട് തിരിച്ച് പോയപ്പോൾ ഞാനാലോചിക്കുവായിരുന്നു.

രണ്ട് വർഷത്തിലൊരിക്കൽ നാട്ടിൽ വന്ന് നിക്ഷേപം നടത്തി തിരിച്ച് പോകുന്ന അളിയന് എന്ത് വേണമെങ്കിലും ആഗ്രഹിക്കാമല്ലോ? അനുഭവിക്കുന്നത് മുഴുവൻ പത്ത് മാസം ഗർഭം ചുമക്കുകയും നൊന്ത് പ്രസവിക്കുകയും ചെയ്യുന്ന എൻ്റെ ചേച്ചിയും, പ്രസവാനന്തര ശുശ്രൂഷകൾ നോക്കുന്ന അമ്മയും പിന്നെ ഞാനുമല്ലേ?

അങ്ങനിപ്പോൾ ഓസിനളിയൻ ആൺകുഞ്ഞിനെ താലോലിക്കണ്ടാ…പെൺകുട്ടികളിലൊന്നിനെ ആണായിട്ട് വളർത്തിയാൽ മതി. അതാകുമ്പോൾ ഒരു പെൺകുട്ടിക്കെങ്കിലും ആൺകുട്ടിക്ക് കൊടുക്കുന്ന പരിഗണനയും സ്നേഹവും കിട്ടുമല്ലോ?

ഞാൻ അളിയനെ വിളിക്കാനൊന്നും നിന്നില്ല, നെറ്റ് ഓൺ ചെയ്തിട്ട്, വാട്സ് ആപ്പിലേക്കൊരു മെസ്സേജിട്ടു

ഹലോ അളിയാ, അനുചേച്ചി പ്രസവിച്ചു പെൺകുട്ടിയാണ് പ്രസവം നിർത്തട്ടേയെന്ന് ഡോക്ടർ ചോദിച്ചു വേഗം മറുപടി പറയണേ

അളിയൻ്റെ ഡ്യൂട്ടി ടൈമാണതെന്നും അത് കൊണ്ട് രാവിലെ എട്ട് മണിക്ക് മാത്രമേ അളിയൻ നെറ്റ് ഓൺ ചെയ്യുകയുള്ളു എന്നുമറിയാവുന്ന ഞാൻ പത്ത് മിനുട്ട് കഴിഞ്ഞ് വീണ്ടുമൊരു മെസ്സേജയച്ചു.

അളിയാ…ഇനിയും മറുപടിക്കായി കാത്ത് നില്ക്കാൻ സമയമില്ലാത്തത് കൊണ്ട്, അളിയൻ്റെ മൗനം സമ്മതമായെടുക്കുകയാണ്കെട്ടോ?

മെസ്സേജ് സെൻ്റ് ചെയ്തിട്ട് ഞാൻ വേഗം അമ്മയുടെയടുത്ത് ചെന്നു.

ബിജു എന്ത് പറഞ്ഞു മോനേ?

വിളിച്ചിട്ട് കിട്ടുന്നില്ലമ്മേ…ദേ ഇത് കണ്ടോ ? ഞാൻ മെസ്സേജയച്ചിട്ട് ഒന്നും പറഞ്ഞില്ല,.അതിൻ്റെയർത്ഥം നമ്മുടെ ഇഷ്ടം പോലെ ചെയ്തോളാനല്ലേ ? പ്രസവം നിർത്തിക്കോളാൻ അമ്മ ഡോക്ടറോട് പറഞ്ഞോളു

ഞാനെഴുതിയ മെസ്സേജ് അമ്മയെ കാണിച്ച് കൊടുത്തു

പാവം അമ്മയ്ക്ക് , ഞാനയച്ച മെസ്സേജിത് വരെ അളിയൻ കണ്ടിട്ടില്ലെന്നറിയില്ലല്ലോ?

ഇനി അളിയനോട് , നാളെ എന്ത് എക്സ്ക്യൂസാണ് പറയേണ്ടതെന്നാലോചിച്ച് കൊണ്ട് ഞാൻ പതിയെ പുറത്തുള്ള കാൻ്റീനിലേക്ക് നടന്നു.

~സജി തൈപ്പറമ്പ്.