അവനെ പോലെ ഒരുത്തനെ നിനക്ക് ഭർത്താവായി കിട്ടിയില്ലേ..അതിനൊക്കെ നീ ദൈവത്തോട് നന്ദി പറയണം..

ഇനിയെന്നും നിനക്കായ്…. 02

Story written by Musthafa Alr N

============

ബൈക്ക് നു സ്പീഡ് പോരെന്നു തോന്നി നന്ദന്..അവൾ കടും കയ്യൊന്നും ചെയ്യല്ലേ.. ഈശ്വരാ..അവൻ പ്രാർത്ഥിച്ചു.

വീട്ടിലേക്കുള്ള വഴി എത്തും തോറും അവന്റെ ഹൃദയത്തിൽ പെരുമ്പറ  മുഴങ്ങി കൊണ്ടിരുന്നു..

ആ വഴിയിൽ അവനാദ്യം നോക്കിയത്  തന്റെ വീട്ടിൽ നിന്നു വരുന്ന ആൾക്കൂട്ടത്തെയാണ്..

ആരെയും കാണുന്നുണ്ടായില്ല..

ഇനി എല്ലാരും തന്റെ വീട്ടിലാവുമോ? അതോ ആരും അറിഞ്ഞു കാണില്ലേ?

അങ്ങിനെയും ചിന്തിച്ചു അവൻ..

പ്രതാപൻ ബൈക്ക് റോഡിൽ നിന്നും മണ്ണിട്ട പാതയിലേക്ക് തിരിച്ചു..ഒരാൾ നടന്നു വരുന്നത് കണ്ടു നന്ദൻ..ഈശ്വരാ.. അതിന്ടെ വീട്ടിൽ നിന്നാവല്ലേ..

രാഘവേട്ടനാണ് വീടിനടുത്തു താമസിക്കുന്ന..നന്ദൻ കുറച്ചു ദൂരെന്നെ അയാളുടെ മുഖത്തേക്ക് നോക്കി. എന്തോ ആലോചനയിലാണ് ആൾ..നിലത്തോട്ടും നോക്കി വരികയാണ്..

വണ്ടിയുടെ ശബ്ദം കേട്ടപ്പോൾ അയാൾ മുഖമുയർത്തി നോക്കി..അയാളുടെ അടുത്ത് വണ്ടി നിർത്താൻ ആവശ്യപ്പെട്ടു നന്ദൻ.

നന്ദനെ കണ്ടപ്പോൾ അയാൾ ചിരിച്ചു..

“എന്താ ഇന്ന് പോയില്ലേ..? “

അയാൾ ചോദിച്ചു..

ചെറിയൊരു സമാധാനം വന്നു നന്ദന്..

“ആ പോയിരുന്നു..ഒരു ഫയലെടുക്കാൻ മറന്നു. അതിനു വന്നതാ.. “

ഉള്ളിലുണ്ടായിരുന്ന ഭയം പുറത്തു കാണിക്കാതെ നന്ദൻ പറഞ്ഞു..

“എന്നാ ശരി.. “

അയാൾ നടന്നു നീങ്ങി..

“കുറച്ചു പേടി കുറഞ്ഞടാ .. “

“ചെറിയൊരു സമാധാനം കിട്ടിയ പോലെ.. “

“ഇനിയവളെ ഒന്ന് കണ്ടാൽ മതി ജീവനോടെ.”

ഗേറ്റ് ഉള്ളിൽ നിന്നും ഓടാമ്പലിട്ടിരുന്നു..നന്ദൻ ഗേറ്റിനു ഉള്ളിലേക്ക് കൈ കടത്തി ഓടാമ്പൽ വിടുവിച്ചു..

ഗേറ്റ് തുറന്നു മിറ്റത്തേക്കു കടക്കുമ്പോഴും അവന്റെ നോട്ടം വീടിന്റെ ഉമ്മറത്തേക്കായിരുന്നു..വാതിലും അടഞ്ഞു കിടക്കുകയായിരുന്നു…

അതെന്നെന്നും അങ്ങിനെ യാണ്..നന്ദൻ വന്നു വിളിച്ചാലേ അവളുടെ വാതില് തുറന്നിരുന്നുള്ളൂ..

പല സംഭവങ്ങളും കണ്ടും കേട്ടും അറിഞ്ഞിരുന്നത് കൊണ്ടു നന്ദൻ പറഞ്ഞിരുന്നു എപ്പോഴും വാതിൽ തുറന്നിടരുതെന്നു. 

അകത്തു നിന്നും ഒച്ചയും അനക്കവുമൊന്നും കേൾക്കുന്നില്ല..

പ്രതാപൻ മുറ്റം  മുഴുവനായി ഒന്ന് വീക്ഷിച്ചു..അടിച്ചു വാരി വൃത്തിയാക്കിയിട്ടുണ്ട്..നിലത്തു അന്ന് വീണ  മാവിന്റെ ഇലകൾ മാത്രമേ കാണുന്നുള്ളൂ..

അടിച്ചു വാരിയതിനു ശേഷം വീണതാകാം..

പ്രതാപൻ അങ്ങിനെ കണക്കു കൂട്ടി..

എന്നാലും അവൻ നന്ദനോട് ചോദിച്ചു..

“ടാ നീ ഓഫീസിലേക്ക് ഇറങ്ങുന്നതിനു മുൻപ്  സുമ മുറ്റം അടിച്ചു വാരിയിരുന്നോ? “

ഇല്ല..എന്തെ..? “

നന്ദൻ പ്രതാപന്റെ മുഖത്തേക്ക് ആകാംക്ഷയോടെ നോക്കി..

“ഏയ്‌..ഒന്നൂല്ലടാ ചോദിച്ചതാ.. “

അവന്റെ തോളിൽ കൈ വെച്ചു പറഞ്ഞു പ്രതാപൻ..

“നീ കാളിങ് ബെൽ ഒന്നടിച്ചു നോക്കിയേ.. “

നന്ദൻ ഉമ്മറത്തെ പടിയിൽ കയറി ചുമരിലെ ബെൽ സ്വിച്ചിൽ വിരലമർത്തി..

അകത്തു നല്ലൊരു പാട്ടിന്റെ ഈണത്തിൽ ബെൽ മുഴങ്ങി കേട്ടു..വാതിൽ തുറക്കാൻ ആരും വന്നില്ല..നന്ദന്റെ ഉള്ളിൽ ഭയം വീണ്ടും വന്നു..

വീണ്ടും ബെൽ സ്വിച്ചിൽ അവന്റെ വിരലമർത്തി..ഇപ്പോഴെങ്കിലും അവളൊന്നു വാതിൽ തുറന്നെങ്കിലെന്നു അവനാശിച്ചു. 

പക്ഷെ അപ്പോഴും പ്രതികരണമൊന്നും ഉണ്ടായില്ല..

നിറഞ്ഞ കണ്ണുകളോടെ പ്രതാപനെ നോക്കി..

പ്രതാപന് തോന്നി അവനിപ്പോ കരയുമെന്ന്..

പ്രതാപനും എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുകയായിരുന്നു..

“ആരാ അവിടെ…? “

പിന്നിൽ നിന്നുള്ള ചോദ്യം കേട്ടാണ് ഇരുവരും തിരിഞ്ഞു നോക്കിയത്..

തൊട്ടടുത്ത വീട്ടിലെ സൈനാത്തയുടെ മകനാണ്..

“ആ നന്ദേട്ടനാണോ..?”

” രണ്ടുപേരെ കണ്ടപ്പോ ആരാണാവോ എന്ന്‌ വിചാരിച്ചു. “

നന്ദൻ ഒരു ചിരി ചുണ്ടിൽ വരുത്തി..

“സുമചേച്ചി അങ്ങോട്ട് വന്നോടാ.. “

നന്ദൻ പ്രതീക്ഷയോടെ ചോദിച്ചു..

“ഇല്ലല്ലോ..അവിടെയില്ലേ..? “

അവൻ തിരിച്ചു ചോദിച്ചു.. 

നന്ദന്റെ വയറ്റിനുള്ളിൽ ഒരു കാളൽ അനുഭവപെട്ടു..

“നിന്ടെ ഉമ്മയുണ്ടോ അവിടെ..? ഉണ്ടെങ്കിൽ ഒന്ന് വിളിച്ചേ. “

പ്രതാപൻ ആ വീടിന്റെ മതിലിനു അടുത്തേക്ക് വന്നു ചോദിച്ചു.

“ഉമ്മ ഇവിടെയില്ല…

“എങ്ങോട്ട് പോയതാ നിന്റെയുമ്മ? “

പ്രതാപൻ വീണ്ടും ചോദിച്ചു  

“അറിയില്ല..ഞാനിപ്പോ വന്നതേയുള്ളൂ…ഞാനൊന്ന് വിളിച്ച് നോക്കട്ടെ… “

അവൻ മൊബൈൽ എടുത്തു ചെവിയിൽ വെച്ചു…

***************

കസേരയിൽ നെറ്റിയിൽ  കയ്യൂന്നി തല കുമ്പിട്ടു ഇരിക്കുകയായിരുന്നു നന്ദൻ.

“എന്ത് പണിയാ സുമേ നീ കാട്ടിയത്…ഞങ്ങളെത്ര പേടിച്ചൂ എന്നറിയോ നിനക്ക്.. “

അര തിണ്ണയിലിരുന്ന പ്രതാപൻ സുമയെ നോക്കി ചോദിച്ചു..

അവൾ എന്തിനു എന്ന പോലെ പ്രതാപനെ നോക്കി..

“ഇവിടെ വന്നപ്പോ നീയില്ല..ഗേറ്റും വാതിലുമൊക്കെ അടച്ചിട്ട്..വിളിച്ചിട്ട് വാതിലും തുറന്നില്ല.. “

“പേടിക്കാൻ വേറെയെന്തെങ്കിലും വേണോ..? “

പ്രതാപന്റെ സ്വരത്തിൽ ദേഷ്യവും സങ്കടവും ഉണ്ടായിരുന്നു..

“ഭാനു ചേച്ചി ആശുപത്രിയിൽ നിന്നു വന്നിട്ടുണ്ട് അവരെയൊന്നു കാണാം എന്ന്‌ കരുതി പോയതാ..നിങ്ങളെ കണ്ടപ്പോ ഞാനും പേടിച്ചു പോയി.. “

“എന്തെ  രണ്ടാളും ഓഫീസ് സമയത്തു വന്നത്.. “

“എന്തെ നന്ദേട്ടാ തല വേദനിക്കുന്നുണ്ടോ…? “

സുമ നന്ദന്റെ അരികിലേക്ക് നീങ്ങി നിന്നു ചോദിച്ചു.

വരാനുണ്ടായ കാരണം പറയണ്ട എന്ന്‌ തോന്നി നന്ദന്..

പ്രതാപന്റെ ഉള്ളിലും അത് തന്നെയായിരുന്നു..

“ഞങ്ങൾ എന്റെ വീടുവരെ ഒന്ന് പോയതാ  അപ്പൊ ഇവിടെയൊന്നു കേറാം എന്ന്‌ കരുതി അത്രേ ഉള്ളൂ.”

പ്രതാപൻ ഒരു നുണ പറഞ്ഞു..

“എന്നാ ഞങ്ങളിറങ്ങട്ടെ..” പ്രതാപൻ എഴുന്നേറ്റു..

“ചായ എന്തെങ്കിലും ഉണ്ടാക്കണോ.. “

“ഏയ്‌ വേണ്ടാ ഞങ്ങൾ കുടിച്ചിരുന്നു.. “

“രാത്രിയിലേക്ക് ഞാനും രമയും ഉണ്ടാകും അത്താഴത്തിനു…ഈ സൽക്കാരം അപ്പൊ മതി. ” പ്രതാപൻ തമാശ പറഞ്ഞ പോലെ ചിരിച്ചു കൊണ്ട് പറഞ്ഞു.

“അതിനെന്താ നിങ്ങള് വരിൻ…കുട്ടികളെയും കൊണ്ടു വരണം.. “

സുമക്കും സന്തോഷമായി..പ്രതാപന്റെ കുട്ടികളെ അവൾക്കു ഒരുപാട് ഇഷ്ട്ടമാണ്..

“ശരിയെന്ന വൈകീട്ട് കാണാം..”

പ്രതാപൻ മുറ്റത്തേക്കിറങ്ങി..നന്ദനെ കാത്തു നിന്നു…

പ്രതാപന്റെ മനസ്സിൽ ചില കണക്കു കൂട്ടലുകൾ നടക്കുകയായിരുന്നു.

***************

“നിന്ടെ മനസ്സിലെന്താ സുമേ..?” രമ സുമയുടെ മുഖത്തേക്ക് നോക്കി…

സുമ ബെഡിൽ കാൽ മുട്ടിലേക്കു താടി വെച്ചു ഇരു കൈകളും കൊണ്ട് കാലിനെ കോർത്തു പിടിച്ചു ചിന്തിച്ചിരിക്കുകയായിരുന്നു..

അവളുടെ ഇരു കണ്ണുകളും ചുമരിലേക്കായിരുന്നു..

“നീയിതു കേൾക്കുന്നുണ്ടോ..? “

രമ അവളുടെ കയ്യിൽ ചെറുതായൊന്നു അടിച്ചു.

“ഞാൻ കേൾക്കുന്നുണ്ട് രേമേച്ചി.. “

“പിന്നെന്താ നീയിങ്ങനെ അന്തിച്ചു ഇരിക്കുന്നെ..? “

“ഞാനെന്താ പറയാ..”

അവൾ രമയുടെ മുഖത്തേക്ക് നോക്കി..

“നിനക്ക് ഭയങ്കര സംശയമാണ് നന്ദനെ..നീ എന്ത് കണ്ടിട്ടാ അവനെ സംശയിക്കുന്നത് ? “

“അവനെ പോലെ ഒരുത്തനെ നിനക്ക് ഭർത്താവായി കിട്ടിയില്ലേ..? അതിനൊക്കെ നീ ദൈവത്തോട് നന്ദി പറയണം.. “

“അവനൊരു പാവമാടി..നിന്നെ ചതിക്കാനും വേറെ പെണ്ണിനെ നോക്കാനുമൊന്നും അവനു കഴിയില്ല.. “

“നീ അവനെ കാണാൻ തുടങ്ങിയിട്ട് നാല് കൊല്ലമല്ലേ ആയിട്ടുള്ളൂ..? “

“ഞാൻ എന്റെ കല്യാണം കഴിഞ്ഞു അന്ന് മുതൽ അറിയുന്നതാ അവനെ.. “

“ഞങ്ങളുടെ  വീട്ടിൽവെച്ച്  ഇടക്ക് ഇവരുടെ ഓഫീസിൽ ജോലി ചെയ്യുന്നവർ സഭ കൂടാറുണ്ട്.. “

“അപ്പോഴൊന്നും ഇവനൊരു തുള്ളി മ ദ്യം കുടിക്കുന്നത് ഞാൻ കണ്ടിട്ടില്ല… “

“ഈ നേരം വരെ നീയും അതൊന്നും കണ്ടിട്ടില്ലല്ലോ..ഉണ്ടോ..? “

ഇല്ല എന്ന്‌ സുമ തല ചലിപ്പിച്ചു..

“അവനു നിന്നെ ജീവനാ…എനിക്കറിയാ..നിന്നെ വിട്ടു വേറെ പെണ്ണിന്റെ സുഖം തേടി പോകാൻ മാത്രമുള്ള ഒരു മനസ്സല്ല അവന്റെത്‌… “

“പക്ഷെ ചേച്ചി..എനിക്ക് ഇടയ്ക്കു തോന്നും അവളുടെ അടുത്ത് കൂടുതൽ ഇഷ്ട്ടം നന്ദേട്ടൻ കാണിക്കുന്നുണ്ടെന്നു.. “

ആരാ ഈ അവളു .. ? രമ ചോദിച്ചു..

“അത്.. അത്.. “

“ഉം പറ..ആരാ അവള്.. “

രമ അവളെ ആകാംക്ഷയോടെ നോക്കി..

“അന്നൊരു ദിവസം ടൗണിൽ പോയപ്പോ ഒരു പെണ്ണിനെ പരിചയപെടുത്തിയിരുന്നു..ജയന്തി എന്നോ മറ്റോ ആണ് പേര് പറഞ്ഞത്.. “

“കൂടെ പഠിച്ചതാണത്രേ..ഇപ്പൊ ഡിവോഴ്സ് ആയിരുന്നു നില്ക്കാ.. “

“അവര് കുറെ നേരം സംസാരിച്ചു.. “

“അതൊന്നും എനിക്കിഷ്ട്ടപെട്ടില്ല.. “

“ഞാനന്ന് കുറെ അതിനെ ചൊല്ലി നന്ദേട്ടനോട് കയർത്തു.. “

“അത് ശരി…അപ്പൊ കൂടെ പഠിച്ച ആ പെണ്ണിനെ ചൊല്ലിയാണ് നിന്ടെ ഇപ്പോഴത്തെ പ്രശ്നം അല്ലേ..? “

“എടി അതിലൊക്കെ നീയെന്തിനാ ഇങ്ങിനെ  സംശയിക്കുന്നത്.. “?

“കൂടെ പഠിച്ചിരുന്ന രണ്ടാളുകൾ തമ്മിൽ കുറെ നാളിനു  ശേഷം കണ്ടു മുട്ടി..അവരൊന്നു സംസാരിച്ചു…അതിലിപ്പോ എന്താ…? “

“എന്റെ കൂടെ പഠിച്ചിരുന്ന ആണുങ്ങളെ എത്ര വട്ടം പ്രതാപേട്ടനും ഞാനും കണ്ടിരിക്കുന്നു..സംസാരിച്ചിരിക്കുന്നു…പ്രതാപേട്ടൻ അതിലൊന്നും എന്നോട് വഴക്കിട്ടിട്ടില്ല… “

“സാധാരണ ആണുങ്ങൾക്കാണ് സംശയം ഉണ്ടാവേണ്ടത്… “

“ഏട്ടനിലൊന്നും ഇങ്ങിനെ ഞാൻ കണ്ടിട്ടില്ല..”

“സുമേ നീ നിന്ടെ സംശയം മാറ്റണം… “

“ഒരു കുഞ്ഞില്ലാത്തതാ നിന്ടെ പ്രശ്നം…ചിലപ്പോ നല്ല ചികിത്സ കിട്ടിയാൽ തീരാവുന്നതേ നിനക്കുള്ളൂ…പിന്നെ ദൈവത്തോട് പ്രാർഥിക്ക്യ..  “

“തീരെ ഉണ്ടാവില്ല എന്നൊന്നും ആരും പറഞ്ഞിട്ടില്ലല്ലോ.. “

“ദൈവം തരുവാൻ തീരുമാനിച്ചിട്ടുണ്ടെങ്കിൽ അത് ഉണ്ടാവും.. “

“വേറെ വല്ലോരുടെയും വാക്ക് കേട്ടു നീ അവനെ സംശയിക്കരുത്…ഇപ്പൊ നിനക്ക് അവനും അവനു നീയുമെ ഉള്ളൂ… “

“സുഖത്തിലും സന്തോഷത്തിലും നിങ്ങൾ ജീവിക്കുന്നത് കണ്ടു കൂടാത്ത ആളുകൾ പറയുന്നതല്ല നീ കേൾക്കേണ്ടത്…നിന്ടെ ഭർത്താവ് പറയുന്നതാ.. “

“അവന്റെ വാക്കുകൾക്കു നീ കാതോർക്കണം..”

“ഇന്ന് നിന്നെ കുറച്ചു സമയം കാണാതിരുന്നപ്പോ അവന്റെ മനസ്സ് പിടഞ്ഞിരുന്നു…ആ പിടച്ചിൽ നീയറിഞ്ഞോ..? “

“അവൻ എന്തിനാണ് പ്രതാപേട്ടനെയും കൂട്ടി ഇന്നിവിടെ വരാനുണ്ടായ കാരണം നിനക്കറിയോ..? “

രമ ആ കാരണം അവളോട്‌ പറഞ്ഞു..

സുമ വിശ്വസിക്കാൻ കഴിയാത്ത പോലെ അവളെ നോക്കി..

പ്രതാപൻ രാവിലെ പറഞ്ഞതും അവൾക്കോർമ വന്നു. അതൊരു നുണയായിരുന്നു എന്ന്‌ അവക്കിപ്പോഴാ മനസ്സിലായത്..

“നീയെന്താ ആലോചിക്കുന്നത്.?”

രമ അവളുടെ താടിയിൽ സ്നേഹത്തോടെ വിരലുകൾ വെച്ചു..

“ഒന്നൂല്യ ചേച്ചി… “

അവളുടെ ഉള്ളിൽ കുറ്റബോധം അലയടിക്കുന്നെണ്ടെന്നു തോന്നി രമക്ക്‌..

അതൊരു നല്ല ലക്ഷണമായി രമയെ സന്തോഷിപ്പിച്ചു..

“നിങ്ങളുടെ ജീവിതം തീരുമാനിക്കേണ്ടത് നിങ്ങളാണ്..വേറെ ആരും  അതിൽ ഇടപെടാൻ പാടില്ല  “

“ഇനിയും നീ അവനെ സംശയ കണ്ണുമായി നോക്കരുത്.. “

“അവനെ നീ സ്നേഹിക്കണം…അവൻ നിന്നെയും സ്നേഹിക്കും.. ‘

“ആ സ്നേഹത്തിൽ കളങ്കമുണ്ടാവാൻ പാടില്ല.. “

“നിങ്ങള്ക്ക് താലോലിക്കാൻ ഒരു കുഞ്ഞിക്കാൽ ദൈവം തരും… “

“ഇനി ഞാനൊരു സത്യം പറയട്ടെ..? ” രമ അവളെ നോക്കി..

“ഇന്ന് പ്രതാപേട്ടൻ എന്നോട് നിങ്ങളുടെ കാര്യം പറഞ്ഞിരുന്നു.. “

“നിന്ടെ സംശയങ്ങളെല്ലാം മാറ്റിയെടുക്കാൻ ഏട്ടൻ എന്നെ ചുമതല പെടുത്തിയിരുന്നു. അതിനായിട്ടാ ഞങ്ങൾ വന്നത്.. “

“എന്നെ ഏൽപ്പിച്ചത് ഞാൻ ഭംഗിയാക്കി എന്ന്‌ കരുതിക്കോട്ടെ? “

അതിനു മറുപടി ഒരു കരച്ചിലായിരുന്നു സുമയിൽ നിന്നു..

മുഖം പൊത്തി കരയുന്ന അവളെ രമ തന്നിലേക്ക് ചേർത്ത് നിർത്തി കെട്ടിപിടിച്ചു..

അവളുടെ മുടിയിഴകളിൽ തലോടി.

അവളുടെ കണ്ണിലും വെള്ളം നിറഞ്ഞിരുന്നു…

“ഇനി നിങ്ങൾ പിണങ്ങാൻ പാടില്ല..സ്നേഹം നൽകിയും തിരിച്ചറിഞ്ഞും നിങ്ങൾ ജീവിക്കണം.. “

“ഞങ്ങൾക്കും അതാണ്‌ കാണേണ്ടത്…ഞങ്ങൾക്ക് മാത്രമല്ല നിങ്ങളെ സ്നേഹിക്കുന്നവർക്കും.. “

രമ ഉമ്മറത്തേക്ക് വരുമ്പോൾ നന്ദനും പ്രതാപനും സംസാരിച്ചിരിക്കുവാരുന്നു..രമയെ കണ്ടതും പ്രതാപൻ എന്തായി എന്ന മട്ടിൽ അവളെ നോക്കി..

വലതു കയ്യിലെ തള്ള വിരൽ ഉയർത്തി ഓക്കേ എന്ന പോലെ…

“ഇനി ഒരു പ്രശ്നവും ഇല്ല നിങ്ങളുടെ ജീവിതത്തിൽ…സന്തോമായില്ലേ..? “

പ്രതാപൻ നന്ദനെ നോക്കി..അവനിൽ ഒരു പുഞ്ചിരി വിടർന്നിരുന്നു..

പ്രതാപൻ അവനെ കെട്ടിപിടിച്ചു..

“ഞങ്ങളിറങ്ങട്ടെ ടാ..ഇനി നിങ്ങളുടെ ദിവസങ്ങളാണ്..ഇനിയാര് വിചാരിച്ചാലും തകരില്ല തകരാൻ പാടില്ല..ചെല്ല്..അവളുടെ നിന്നെ കാത്തിരിക്കുകായാവും..”

“അവളോട്‌ പറ ഞങ്ങള് പോയെന്ന്.. “

“പോവാം..? ” പ്രതാപൻ രമയെ നോക്കി..

അവളുടെ മുഖത്തു സന്തോഷം നിറഞ്ഞിരുന്നു..

പ്രതാപൻ അവളുടെ തോളിലൂടെ കയ്യിട്ടു മുറ്റത്തേക്കിറങ്ങി..

രണ്ടാളും ഒന്നിച്ചു  തിരിഞ്ഞു നിന്നു എന്നിട്ട് പറഞ്ഞു.

“ALL THE BEST”

അവസാനിച്ചു