അവളെന്നെ സൂക്ഷിച്ചുനോക്കി.. ആ നോട്ടത്തിൽ ഞാൻ അലിഞ്ഞില്ലാതാകുന്ന പോലെ എനിക്ക് തോന്നി..

മരുമകൾ…

Story written by Praveen Chandran

============

ചെറുപ്പം മുതലേ അമ്മയായിരുന്നു എനിക്കെല്ലാം. അതുകൊണ്ട് തന്നെ ആ മനസ്സ് വേദനിക്കുന്ന തരത്തിലുളള ഒന്നും തന്നെ ഞാൻ ഇതുവവരെ ചെയ്തിട്ടില്ല..

കോളേജിൽ പഠിക്കുമ്പോൾ മുതൽ ഒരു പാട് പെണ്ണുങ്ങളോട് ഇഷ്ടം തോന്നിയിട്ടുണ്ടെങ്കിലും അമ്മയുടെ മനസ്സ് വേദനിക്കുമല്ലോ എന്നോർത്ത് എന്റെ ഇഷ്ടങ്ങളൊക്കെ മാറ്റിവയ്ക്കുകയായിരുന്നു.

അമ്മ കണ്ടെത്തുന്ന കുട്ടിയെ മാത്രമേ കല്ല്യാണം കഴിക്കൂ എന്നൊരു വാശി എനിക്കുണ്ടായിരുന്നു…അത് ഞാൻ അമ്മയോട് എപ്പോഴും പറയുമായിരുന്നു..

അച്ഛൻ മരിച്ചതിൽ പിന്നെ വളരെ കഷ്ടപ്പെട്ടാണ് അമ്മ എന്നെ പഠിപ്പിച്ചതും വളർത്തിയതും…അമ്മ ആശിച്ചപോലെ ഇന്ന് എനിക്ക് നല്ലൊരു ജോലിയുണ്ട്..

അമ്മയുടെ കൂടെതന്നെ നിൽക്കണം എന്നുളളത് കൊണ്ടാണ് വിദേശത്തേക്കുളള പല അവസരങ്ങളും ഞാൻ വേണ്ടെന്നു വച്ചത് തന്നെ…

അങ്ങനെയൊക്കെ അമ്മയെ സ്നേഹിക്കുന്നത് കൊണ്ടാവും ഞാൻ കല്ല്യാണം കഴിക്കുന്ന പെണ്ണും സ്വന്തം അമ്മയെ പോലെ തന്നെ എന്റെ അമ്മയെ നോക്കണം എന്നെനിക്കുണ്ടായിരുന്നത്…

അങ്ങനെയിരിക്കെയാണ് വന്ദന എന്നൊരു പെൺകുട്ടി എന്റെ ഓഫീസിൽ പുതിയതായി ജോലിക്കു ചേർന്നത്…

ആർക്കും ഒരു പ്രത്യേക ഇഷ്ടം തോന്നിപ്പിക്കുന്ന തരത്തിലുളള പെരുമാറ്റമായിരുന്നു അവളുടേത്…ആദ്യം ഞാനവളോട് ഒരു അകലം പാലിച്ചിരുന്നെങ്കിലും പിന്നീടെപ്പോഴോ ഞങ്ങൾ നല്ല സുഹൃത്തുക്കളായി…

പതിയെ പതിയെ എന്റെ മനസ്സ് അവളിലേക്ക് ചായാൻ തുടങ്ങി… പക്ഷെ അമ്മയുടെ കാര്യം ഓർത്തപ്പോൾ എന്റെ ഇഷ്ടങ്ങൾ ഞാൻ മാറ്റിവയ്ക്കാൻ തീരുമാനിച്ചു..

ദിവസങ്ങൾ കടന്നുപോയ്ക്കൊണ്ടിരുന്നു..മനസ്സ് കൈവിട്ടുപോകുമെന്ന് തോന്നുമ്പോഴൊക്കെ ഞാനവളിൽ നിന്ന് ഒഴിഞ്ഞുമാറിക്കൊണ്ടിരുന്നു..

പക്ഷെ അകലും തോറും അവൾ എന്നോട് കൂടുതൽ അടുത്ത് കൊണ്ടേയിരുന്നിരുന്നു…

ഒരു ദിവസം കാന്റീനിൽ ചായകുടിച്ചു കൊണ്ടിരിക്കുകയായിരുന്ന എന്റെ മുന്നിലേക്ക് വന്ന് അവൾ ഒരു വിഷയം അവതരിപ്പിച്ചു..

“ഹായ്..വിനയ് എനിക്കൊരു കാര്യം പറയാനുണ്ട്..ഫ്രീ ആണോ?”

“ഓ..പറഞ്ഞോളൂ..എന്താ ഒരു ഫോർമാലിറ്റിയൊക്കെ ” ഞാൻ അവളെ ആശ്ചര്യത്തോടെ നോക്കി…

“എന്റെ കല്ല്യാണം ഏതാണ്ട് ഉറപ്പിച്ചമട്ടാ..ചെറുക്കൻ യു.എസിലാ..” 

എന്റെ മനസ്സിൽ തീ കോരിയിട്ട പോലെയായിരുന്നു അത്..

“ആഹാ..കൊളളാലോ..കൺഗ്രാറ്റ്സ്”

ഉളളിലെ വിഷമം പുറത്ത് കാട്ടാതെ ഞാൻ പറഞ്ഞു..

അവളെന്നെ സൂക്ഷിച്ചുനോക്കി.. ആ നോട്ടത്തിൽ ഞാൻ അലിഞ്ഞില്ലാതാകുന്ന പോലെ എനിക്ക് തോന്നി..

“എന്തോ..എനിക്കീ ന്യൂസ് തന്നോട് ആദ്യം പറയണമെന്ന് തോന്നി..”

അതുപറഞ്ഞതും അവളുടെ കണ്ണ് നനയുന്നത് ഞാൻ ശ്രദ്ധിച്ചു..

“എന്ത് പറ്റി വന്ദന? എന്താ കണ്ണു നിറഞ്ഞിരിക്കുന്നത്?” ആകാംക്ഷയോടെ ഞാൻ ചോദിച്ചു…

“ഏയ് ഒന്നൂല്ല്യ..ശരി..ഞാൻ പോട്ടെ..കുറച്ച് തിരക്കുണ്ട്” കണ്ണുതുടച്ചുകൊണ്ട് അവൾ പോകുന്നത് നോക്കി നിൽക്കാനേ എനിക്കു സാധിച്ചുളളൂ…

ആ നിമിഷം ലോകത്തെ ഏറ്റവും പരാജിതനായ വ്യക്തി ഞാനാണെന്ന് എനിക്ക് തോന്നി… 

താൻ സ്നേഹിക്കുന്ന ആൾ തന്നെ സ്നേഹിക്കുന്നുണ്ടെന്ന് മനസ്സിലായിട്ടും തന്റെ ഇഷ്ടം തുറന്ന് പറയാനാകാത്ത ഒരവസ്ഥ..ആ അവസ്ഥയിലായിരുന്നു ഞാനപ്പോൾ…

ഒരുപക്ഷെ അവളെന്നോട് ഇഷ്ടമാണെന്ന് പറയരുതേ എന്ന് വരെ ഞാനാശിച്ചു…അങ്ങനെ പറഞ്ഞിരുന്നെങ്കിൽ എനിക്കവളെ വിഷമിപ്പിക്കേണ്ടി വരുമായിരുന്നില്ലേ…

എന്തോ മനസ്സിൽ നിന്ന് മായ്ക്കാൻ പറ്റാത്തപോലെ ആ മുഖം എന്നെ കീഴ്പെടുത്തിയിരുന്നെന്ന് എനിക്ക് മനസ്സിലായത് പിന്നീടുളള ദിവസങ്ങളിലാണ്…

“എന്താ മോനേ ഒരു സങ്കടം പോലെ?” അമ്മയുടെ ആ ചോദ്യം എന്നെ ചിന്തയിൽ നിന്നുണർത്തി…

“ഏയ്..അമ്മയ്ക്ക് തോന്നിയതാവും..എനിക്കൊരു കുഴപ്പവുമില്ല”

എന്റെ ശബ്ദം ഇടറിയാൽ പോലും മനസ്സിലാവുന്ന അമ്മക്ക് അത് വിശ്വസനീയമായി തോന്നിയില്ലായിരുന്നെന്ന് എനിക്കറിയാമായിരുന്നു..

ആ മുഖത്ത് നോക്കാനാവാതെ ഞാനകത്തേക്ക് കയറിപോയി..

കുറച്ചു ദിവസങ്ങൾക്ക് ശേഷം അമ്മ എന്നെ വിളിച്ചു പറഞ്ഞു..

“മോനേ നമുക്ക് ഇന്നൊരിടം വരെ പോകണം..”

അമ്മ അങ്ങനെ തന്നെയാണ് ഒന്നും വിട്ടു പറയില്ല…

പക്ഷെ ഇത് എന്നെ ശരിക്കും ഞെട്ടിച്ചു കളഞ്ഞിരുന്നു…

അന്ന് അമ്മ എന്നെ കൊണ്ട് പോയത് വന്ദനയുടെ വീട്ടിലേക്കായിരുന്നു…എനിക്കാദ്യം ഒന്നും പിടുത്തം കിട്ടിയില്ലെങ്കിലും പിന്നീട് ഞങ്ങളുടെ കല്ല്യാണം ഉറപ്പിക്കലാണ് അവിടെ നടന്നതെന്ന് ബോധ്യമായി…

അപ്പോഴെനിക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു…

അവിടന്നിറങ്ങിയതിനു ശേഷം അമ്മയെ കെട്ടിപിടിച്ച് ഒരു മുത്തം കൊടുത്തു…

അവിടന്ന് പോരുംമ്പോൾ ആ ജനാലയിലേക്ക് തിരിഞ്ഞൊന്ന് നോക്കാനും ഞാൻ മറന്നില്ല..

ആ കണ്ണുകളോട് യാത്ര പറയുംമ്പോഴും അമ്മയെ ചേർത്തു പിടിക്കാൻ ഞാൻ മറന്നില്ല..

വർഷങ്ങൾ കടന്നുപോയിക്കൊണ്ടിരുന്നു..

ഇത്രയും സ്നേഹമുളള ഒരു അമ്മായിയമ്മയേയും മരുമോളേയും ഞാനിതുവരെ കണ്ടിട്ടില്ലായിരുന്നു..

സ്വന്തം മകളെപോലെയായിരുന്നു അമ്മ അവളെ നോക്കിയിരുന്നത്…

അവരുടെ സ്നേഹം കണ്ട് എനിക്ക് തന്നെ പലപ്പോഴും അസൂയ തോന്നിയിട്ടുണ്ട്…

അവസാനം എന്നേക്കാൾ സ്നേഹം അമ്മയ്ക്കവളോടാവാൻ തുടങ്ങിയപ്പോൾ ഞാനൊന്നു ചെറുതായിട്ടൊന്ന് ഇടപെടാൻ തീരുമാനിച്ചു…

ഒരു ദിവസം ഞാനമ്മയോട് പറഞ്ഞു…

“അമ്മക്കിപ്പോ മരുമകളെ മതിയല്ലേ?അമ്മ മനസ്സ് വച്ചില്ലായിരുന്നെങ്കിൽ അവളീ വീട്ടിൽ വന്നു കേറില്ലായിരുന്നു…അമ്മയ്ക്കിഷ്ടപെട്ട ഒരാളെ കല്ല്യാണം കഴിക്കണം എന്നാഗ്രഹിച്ചത് കൊണ്ടാണ് എന്റെ ഇഷ്ടം പോലും ഞാനവളോട് തുറന്ന് പറയാതിരുന്നത്..എന്നിട്ടും എന്റെ ഇഷ്ടം മനസ്സിലാക്കി അമ്മ അവളെ എനിക്ക് കൊണ്ടു തന്നല്ലോ…അമ്മ കണ്ടെത്തിയ കുട്ടിയല്ലാഞ്ഞിട്ടും അമ്മയ്ക്കെന്തേ അവളോടിത്രക്കിഷ്ടം തോന്നാൻ കാരണം?”

എന്റെ മുഖത്തെ ആശ്ചര്യം തിരിച്ചറിഞ്ഞ അമ്മ ഇങ്ങനെ പറഞ്ഞു..

“നീ എന്താ വിചാരിച്ചിരിക്കുന്നത്..ഞാനവളെ തേടി പോയതാണെന്നോ..ഒരിക്കലും അല്ല..അവൾ എന്നെ തേടി ഇവിടെ വന്നതാ”

അമ്മ പറഞ്ഞത് കേട്ട് ഒന്നും മനസ്സിലാവാതെ ഞാനമ്മയുടെ മുഖത്തേക്ക് നോക്കി…

“ഒരു ദിവസം അവളിവിടെ വന്നിരുന്നു…അവൾക്ക് നിന്നെ ഇഷ്ടമാണെന്നും..എനിക്ക് അവളെ ഇഷ്ടപെട്ടെങ്കിൽ മാത്രം അവളത് നിന്നോട് പറയുമെന്നും പറഞ്ഞു…

എന്തിനാണ് ഇത് നിന്നോട് പറയാതെ എന്നോട് വന്ന് പറഞ്ഞതെന്ന് ചോദിച്ചപ്പോൾ അവൾ പറഞ്ഞതിതാണ്..അമ്മയെ ഇത്രയധികം സ്നേഹിക്കുന്ന ആൾ ആ അമ്മ പറയുന്ന പെൺകുട്ടിയെ മാത്രമേ വിവാഹം ചെയ്യൂ എന്നറിയാവുന്നത് കൊണ്ടാണ് അവൾ ആദ്യം ഇവിടെ വന്നതെന്ന്…അമ്മയില്ലാതെ വളർന്ന അവൾക്ക് ആ സ്നേഹം മനസ്സിലാക്കാനാകുമെന്നും പറഞ്ഞു…”

അവൾ തന്നെയാണ് എന്നോട് പറഞ്ഞത് ഇതൊന്നും നീ അറിയണ്ട..എന്നും നിന്റെ മുന്നിൽ ഈ അമ്മ എന്നും ജയിച്ചു തന്നെ നിൽക്കട്ടേ എന്ന്….

ഇത് കേട്ട് അന്തം വിട്ട് നിന്ന എന്നെ നോക്കി അവസാനമായി അമ്മ ഇതു കൂടെ പറഞ്ഞു..

“ഞാൻ പോയാലും കണ്ണിലെ കൃഷ്ണമണി പോലെ നോക്കിക്കോണം എന്റെ മോളെ..”

എന്റെ മിഴികൾക്കൊപ്പം  അപ്പുറത്ത് ജനാലഴിക്കിടയിൽ രണ്ടു മിഴികൾ കൂടെ നിറയുന്നുണ്ടായിരുന്നു..

~പ്രവീൺ ചന്ദ്രൻ