എന്നാൽ രാത്രി കിടന്നിട്ട് അവനു ഉറക്കം വന്നില്ല. ജീവിതത്തിൽ ആദ്യമായി ആ വീട്ടിലെ….

പുനർജനി 02

എഴുത്ത്: കർണൻ സൂര്യപുത്രൻ

===========

സിനിയുടെ വീട്ടിൽ എത്തുമ്പോഴേക്കും മഴ  കുറഞ്ഞു..

“താങ്ക്സ് ഹരീ…താൻ  വീട്ടിൽ പോയി മരുന്ന് കഴിച്ചു ഉറങ്ങിക്കോ…നാളെ പനി മാറിയെങ്കിൽ മാത്രം വണ്ടി എടുത്താൽ മതി..”

അവൻ സമ്മത ഭാവത്തിൽ തലയാട്ടി…എന്നാൽ രാത്രി  കിടന്നിട്ട് അവനു ഉറക്കം വന്നില്ല…ജീവിതത്തിൽ ആദ്യമായി ആ വീട്ടിലെ നിശബ്ദത അവനെ  ഭയപ്പെടുത്തി…അരൂപീകളായ ആരൊക്കെയോ അടുത്തു വന്നിരിക്കും പോലെ….ഫോൺ അടിച്ചു..അമ്മാവൻ ആണ്..അവനു വല്ലാത്തൊരു ആശ്വാസം തോന്നി..

“നീ ഉറങ്ങിയിരുന്നോ?”

“ഇല്ല “

“ഭക്ഷണം കഴിച്ചോ?”

“ആ…കഴിച്ചു..”

“നിന്റെ ശബ്ദം എന്താ വല്ലാതെ?”

“തീരെ വയ്യ…പനിക്കുന്നുണ്ട് “

“എന്നിട്ട് വീട്ടിൽ വെറുതെ കിടക്കുവാണോ?ഡോക്ടറെ കാണിച്ചോ?”

“ഇല്ല…നാളെ കുറവില്ലെൽ കാണിക്കാം..”

“ആരെയെങ്കിലും വിളിച്ചു അവിടെ നിർത്തിക്കണോ?രാത്രി വയ്യാണ്ടായാൽ എന്താ ചെയ്യാ?”

“വേണ്ട, ഒന്നുറങ്ങിയാൽ  മതി…”

“ശരി…എന്നാൽ നീ  ഉറങ്ങിക്കോ..” അമ്മാവൻ ഫോൺ വച്ചു…കുറച്ചു ഒന്ന് ആലോചിച്ച ശേഷം ഹരി  ഫോൺ എടുത്ത് സിനിയെ വിളിച്ചു..

“എടോ താൻ  ഇനിയും ഉറങ്ങിയില്ലേ? ഇപ്പൊ എങ്ങനുണ്ട്?”

“കുറവുണ്ട്…ഞാൻ ചുമ്മാ വിളിച്ചതാ..തന്റെ ശബ്ദം കേൾക്കണം എന്ന് തോന്നി..”

“ഞാൻ മനഃപൂർവം വിളിക്കാതിരുന്നതാ ഹരീ…താൻ റസ്റ്റ്‌ എടുത്തോട്ടെ എന്ന് വിചാരിച്ചു.

“കാലിനു  വേദന കുറവുണ്ടോ?”

“ഇപ്പൊ ഒന്നും ഇല്ല…തന്റെ മരുന്ന് ഏറ്റു…”

“ഞാനിവിടെ ഒറ്റക്കാ…അമ്മാവൻ കോഴിക്കോട് പോയിരിക്കുവാണ്..”

“അയ്യോ…കഷ്ടമായല്ലോ.. “

“വല്ലാത്തൊരു പേടി…ആരോടെങ്കിലും സംസാരിക്കാൻ തോന്നി…എനിക്ക് അങ്ങനെ ആരും ഇല്ല..”

“സാരമില്ലെടോ.. ഇപ്പോ ഞാനില്ലേ?? താൻ  ഉറങ്ങിക്കോ…ഫോൺ കട്ട് ചെയ്യണ്ട…”

ഹരി ഫോൺ  തലയണക്ക് മീതെ വച്ചു….എന്നിട്ട് കണ്ണുകൾ ഇറുക്കിയടച്ചു…തൂവെള്ള ചിറകുകൾ ഉള്ള മാലാഖ കട്ടിലിൽ തന്നെയും നോക്കി ഇരിക്കുന്നതായി അവനു അനുഭവപ്പെട്ടു..തന്റെ മാന്ത്രിക വടിയാൽ ദുഷ്ട ശക്തികളെ തടഞ്ഞ്  അവൾ കാവലിരിക്കുകയാണ്…ആ മാലാഖയ്ക്ക് സിനിയുടെ മുഖം…എപ്പോഴോ അവൻ ഉറക്കത്തിലേക്ക് വഴുതി വീണു…

ഇതേ സമയം  ഫോണിന്റെ അങ്ങേ തലയ്ക്കൽ  ഹരിയുടെ ശ്വാസോച്ഛ്വാസങ്ങൾ  കേട്ടുകൊണ്ട് കിടക്കുകയായിരുന്നു സിനി…ഇടക്കിടക്ക് അവൻ  ഞരങ്ങുകയും മൂളുകയും ഒക്കെ ചെയ്യുന്നുണ്ട്…അവൾക്ക് വല്ലാതെ സങ്കടം വന്നു…വാത്സല്യത്തോടെ അവനെ ചേർത്തു പിടിക്കാൻ അവൾ  കൊതിച്ചു..നരകതുല്യമായ ദാമ്പത്യജീവിതത്തിൽ  എന്നോ കരിഞ്ഞു പോയ  സ്വപ്നങ്ങൾക്ക് പുതുനാമ്പുകൾ മുളച്ചു വരുന്നത് അവൾ അറിഞ്ഞു…അതോടൊപ്പം തന്നെ കാരണമറിയാത്ത കുറ്റബോധവും അവളെ  അലട്ടിക്കൊണ്ടിരുന്നു….

*************

പരസ്പരം തുറന്നു പറയാതെയുള്ള  പ്രണയത്തിന്റെ ഒന്നാം വാർഷികം കഴിഞ്ഞു…ഹരി സന്തോഷവാൻ ആയിരുന്നു..ഇരുളടഞ്ഞ ഏകാന്തവാസത്തിലേക്ക് വീശിയ സ്വർണപ്രഭ..അതായിരുന്നു സിനി….വരണ്ട ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നു വന്ന മഞ്ഞുകാലം ആയിരുന്നു അവൾക്ക് അവനും…അവരുടെ  ബന്ധം നാട്ടിൽ  ചർച്ചാവിഷയം ആയി  തുടങ്ങി…അന്യന്റെ ജീവിതത്തിൽ നുഴഞ്ഞു കയറാനുള്ള മലയാളിയുടെ ത്വര അവരെയും ബാധിച്ചു..

വിവാഹമോചനശേഷം തിരിച്ചു കിട്ടാനുള്ള കുറച്ചു സ്വർണം വാങ്ങാൻ സിനിയും അവളുടെ  അങ്കിളും വക്കീലിന്റെ കൂടെ പോയ ഒരു ദിവസം…സ്റ്റാൻഡിൽ ഓട്ടോയിൽ ഇരുന്നു പത്രം വായിക്കുകയായിരുന്നു ഹരി…പിന്നിൽ ആരോ കയറിയത് അറിഞ്ഞ് അവൻ തിരിഞ്ഞു നോക്കി..ഷേർലി ആണ്..

“ഇതാര് ഷേർലി  ചേച്ചിയോ? ഇന്ന് ഹോസ്പിറ്റലിൽ പോയില്ലേ?”

“ഇല്ല..ഹരീ ഒന്ന് ചർച്ച്‌ വരെ  പോകാമോ?”

അവൻ ഓട്ടോ എടുത്തു…..കുന്നിന്റെ മുകളിൽ ആണ് ചർച്ച്‌…പൈനാപ്പിൾ തോട്ടത്തെ കീറി മുറിച്ചു കൊണ്ട് പോകുന്ന റോഡിലൂടെ അവർ പള്ളിയിലേക്ക് യാത്രയാരംഭിച്ചു…അപ്പോഴാണ് അവന്റെ ഫോണിൽ  സിനി വിളിച്ചത്…അവൻ  ബിസിആക്കി വിട്ടു…രണ്ടു പ്രാവശ്യം അവൾ പിന്നേം വിളിച്ചു..അവൻ പരിഭ്രമത്തോടെ  കണ്ണാടിയിൽ നോക്കി..ഷേർലി അവനെ  തന്നെ ശ്രദ്ധിച്ചു കൊണ്ടിരിക്കുന്നു…പള്ളി മുറ്റത്തു ഓട്ടോ നിന്നപ്പോൾ ഷേർലി അവനോട് പറഞ്ഞു

“എനിക്ക് കുറച്ചു സംസാരിക്കാൻ ഉണ്ട്‌. ഒന്ന് വരാമോ?”

കാര്യമെന്തായിരിക്കും എന്ന് അവനു അറിയാമായിരുന്നു…അവൻ ഒന്നും മിണ്ടാതെ ഷേർലിയുടെ പിന്നാലെ നടന്നു…പള്ളിയുടെ ഇടതു വശത്തുള്ള പൂന്തോട്ടത്തിലെ ബഞ്ചിൽ  ഇരുന്നിട്ട് ഷേർലി അവനെ  നോക്കി..

“ഇരിക്ക്..”

അവനും ഇരുന്നു…കുറച്ചു നേരത്തെ നിശബ്ദതയ്ക്ക് ശേഷം അവർ സംസാരിച്ചു തുടങ്ങി..

“എന്റെ ഭർത്താവ് വർഷങ്ങൾക്ക് മുൻപേ മരിച്ചു പോയതാണ് എന്ന് ഹരിക്ക് അറിയാമല്ലോ?.. അതിന് ശേഷമാണു മോളുടെ കല്യാണം നടത്തിയത്…എല്ലാം എന്റെ ചേട്ടന്മാരുടെയും കാരണവന്മാരുടെയും തീരുമാനം ആയിരുന്നു…ഞങ്ങളുടെ അന്തസിനു ചേർന്ന ബന്ധം…എന്റെ കുടുംബത്തിൽ എല്ലാം തീരുമാനിക്കുന്നത് പുരുഷന്മാർ ആണ്. ഇതും  അങ്ങനെ തന്നെ…സിനിയുടെ ഇഷ്ടം പോലും ചോദിച്ചില്ല…ഇത്ര നല്ലോരു ബന്ധം കിട്ടിയാൽ അവളുടെ ജീവിതം നല്ല നിലയിൽ ആകുമെന്ന് കരുതി..പക്ഷേ എല്ലാം തകർന്നു..എന്റെ മോള് ഒത്തിരി അനുഭവിച്ചു…നിവൃത്തി ഇല്ലാത്തതു കൊണ്ട് ഡിവോഴ്സ് ചെയ്തതാ..എന്ന് വച്ചു അവളെ ജീവിതകാലം മുഴുവൻ തനിയെ  നിർത്താൻ പറ്റില്ലല്ലോ…എത്രയും പെട്ടെന്ന് അവൾക്ക് പറ്റുന്നൊരു ആളുമായി  കെട്ട് നടത്തണം…പക്ഷെ ഇപ്പോൾ…..”

ഷേർലി ഹരിയെ നോക്കിയപ്പോൾ അവൻ  ദൂരെ എങ്ങോ കണ്ണും നട്ട് ഇരിക്കുകയാണ്…

“എനിക്ക് ഹരിയെ ഒത്തിരി ഇഷ്ടമാ…നല്ലോരു ചെറുപ്പക്കാരൻ ആണ്  നീ…ചീത്തകൂട്ടുകെട്ടോ ദുഃശീലങ്ങളോ ഇല്ല..ആരും  നിന്നെ പറ്റി മോശം പറയുന്നുമില്ല..എല്ലാം ശരിയാണ്…പക്ഷെ ഞാൻ പറഞ്ഞല്ലോ ഹരീ…എനിക്ക് തനിച്ചൊരു തീരുമാനം എന്റെ കുടുംബത്തിൽ ഇല്ല…മോളെ ഞാൻ  എങ്ങനെങ്കിലും പറഞ്ഞു മനസ്സിലാക്കിക്കൊള്ളാം..ഹരി ഇതിൽ  നിന്നു പിന്മാറണം..എന്റെ ചേട്ടന്മാരൊക്കെ അറിഞ്ഞാൽ കൂടുതൽ പ്രശ്നം ആകും…അതിന് മുൻപേ എല്ലാം നിർത്തണം….”

ഷേർലി എഴുന്നേറ്റ് നിന്ന് കൈകൂപ്പി..

“ക്രൂ രത ആണെന്നറിയാം. വേറെ വഴിയില്ലാത്തത് കൊണ്ടാണ്..എന്നോട് ദേഷ്യം തോന്നരുത്..”

അവൻ ആ കൈകളിൽ  പിടിച്ചു…

“എനിക്ക് മനസിലായി…ചേച്ചി വിഷമിക്കണ്ട…ഇന്നേവരെ ആഗ്രഹിച്ചതൊന്നും കിട്ടിയിട്ടില്ല…അക്കൂട്ടത്തിൽ ഇതും ചേർക്കാം. എന്റെ തെറ്റാ…അർഹത ഇല്ലാത്തതിനെ കൊതിച്ചു…വാ പോകാം..നേരം വൈകി..”

അവന്റെ കണ്ഠം ഇടറി…ഓട്ടോയിൽ കയറി  അവൻ കണ്ണുകൾ  തുടച്ചു…വീടെത്തും വരെ  അവർ ഒന്നും സംസാരിച്ചില്ല…മുറ്റത്തു വണ്ടി നിർത്തിയപ്പോൾ ഷേർലി ഇറങ്ങി, ബാഗ് തുറന്ന് കുറച്ചു കാശ് എടുത്ത് അവനു  നേരെ നീട്ടി..

“കണക്ക് നോക്കിയിട്ട് പറഞ്ഞാൽ മതി  എത്രയാണെന്ന് വച്ചാൽ  തരാം..നാളെ  മുതൽ  ഓട്ടോ വേണ്ട…”

ഹരി വേദനയോടെ ചിരിച്ചു..

“ഒന്ന് ചോദിച്ചോട്ടെ ചേച്ചീ?എന്റെ മതമാണോ അതോ കുടുംബപശ്ചാത്തലം ആണോ സ്വന്തം മകളുടെ  സന്തോഷം ഇല്ലാതാക്കാൻ നിങ്ങളെ പ്രേരിപ്പിക്കുന്നത്?..”

ഷേർലി തരിച്ചു നിന്നു..

“പണവും ജാതിയും മതവും ഒന്നും നോക്കാതെ രണ്ടു മനുഷ്യരെ അവരവരുടെ ഇഷ്ടത്തിന് ജീവിക്കാൻ വിടുന്ന ഒരു തലമുറ  എപ്പോഴെങ്കിലും ഇവിടെ ഉണ്ടാവുമായിരിക്കും അല്ലേ??…ഒരു അപേക്ഷ ഉണ്ട്‌, സിനി നല്ല കുട്ടി ആണ്..ഒരിക്കൽ കൂടി, ആരുടെയെങ്കിലും കളിപ്പാട്ടം ആകാൻ അനുവദിക്കരുത്.”

അവന്റെ വണ്ടി പോയിട്ടും  ഷേർലി അതെ നിൽപ് തുടർന്നു…അധികം ലോകപരിചയമോ വിദ്യാഭ്യാസമോ ഇല്ലാത്ത ആ നാട്ടിൻപുറത്തുകാരന്റെ  മുന്നിൽ താൻ തീരെ  ചെറുതായത് പോലെ അവർക്ക് തോന്നി…

**************

രാത്രി വൈകിയിട്ടാണ്  സിനി തിരിച്ചെത്തിയത്…വല്ലാത്ത യാത്രക്ഷീണം ഉണ്ടായതിനാൽ അവൾ  വേഗം ബെഡിലേക്ക്‌ വീണു…എന്നിട്ട് ഫോൺ എടുത്ത് ഹരിയെ  വിളിച്ചു…ഫോൺ സ്വിച്ച് ഓഫ്‌ ആയിരുന്നു…നാളെ  നേരിൽ കാണാം എന്ന ചിന്തയോടെ  അവൾ  ഉറങ്ങി….

************

രാവിലെ അവൾ വേഷം മാറി ഹാളിൽ  എത്തിയപ്പോൾ അവിടെ അവളുടെ അങ്കിൾ ജോണും അമ്മയുടെ ബന്ധത്തിലുള്ള രണ്ടു കാരണവന്മാരും  ഇരിപ്പുണ്ട്……

“നീ എവിടെ പോകുവാ?” ഷേർലി ചോദിച്ചു..

“ബാങ്കിലേക്ക്…എന്താ?”

“ഇനി നീ പോകണ്ട…” അങ്കിൾ ആണ് പറഞ്ഞത്…

“കാരണം എന്താണെന്ന് നിനക്കറിയാം…അതങ്ങ് മറന്നേക്ക്..ആ പയ്യനോട് നിന്റെ മമ്മി കാര്യങ്ങൾ  ഒക്കെ പറഞ്ഞു  മനസിലാക്കിയിട്ടുണ്ട്…പിന്നെ ഇവര്  വന്നത്  നിനക്ക് ഒരു ആലോചനേം  കൊണ്ടാ…ഒരിക്കൽ അബദ്ധം പറ്റിയെന്നു വച്ചു ഇനി അത് ആവർത്തിക്കണം  എന്നില്ലല്ലോ…”

സിനി, ബാഗ് മേശമേൽ  വച്ചു…എന്നിട്ട്  അവരുടെ മുൻപിലേക്ക് ചെന്നു നിന്നു..

“ഞാൻ  ഒരു കാര്യം  ചോദിച്ചോട്ടെ?”

എല്ലാരും അവളുടെ  മുഖത്തേക്ക് നോക്കി.

“എന്നോട് ചോദിക്കാതെ  എന്റെ ആദ്യവിവാഹം  തീരുമാനിച്ചത് നിങ്ങളൊക്കെ ചേർന്നാണ്  അല്ലേ?…അന്തസ്, ആഭിജാത്യം , പണം , എല്ലാം നോക്കി നിങ്ങൾ തിരഞ്ഞെടുത്ത ആളെ  ഞാൻ സ്വീകരിച്ചു..എന്നിട്ട് എന്തായി?..അനുഭവിച്ചത് മുഴുവൻ ഞാൻ…എല്ലാം നഷ്ടപ്പെട്ടത് എനിക്ക്…നിങ്ങൾക്കോ…വട്ടം കൂടിയിരുന്നു ചർച്ച ചെയ്യാനുള്ള ഒരു വിഷയം മാത്രം…മാനസികവും ശാരീരികവുമായി  എനിക്കേൽക്കേണ്ടി വന്ന പീ ഡനങ്ങൾ നിങ്ങൾക്ക്  സഹതപിക്കാനുള്ള ഒരു കാരണം…തല നാരിഴക്ക് ഞാൻ ജീവനോടെ രക്ഷപ്പെട്ട് വന്നിട്ടും ഒരു കുറ്റബോധവും ഇല്ലാതെ  എന്നെ വീണ്ടും വില്പനയ്ക്ക് വെക്കാൻ നിങ്ങൾക്ക് എങ്ങനെ തോന്നുന്നു??..ഞാൻ എന്ത് തെറ്റ് ചെയ്തു? എന്റെ മമ്മി കൂടി ഇതിനു കൂട്ടു നിൽക്കുന്നു എന്നതാ  സങ്കടം…”

ഷേർലി ഞെട്ടലോടെ അവളെ നോക്കി..

“എല്ലാരോടും കൂടി പറയുവാ..ഒരു പരീക്ഷണവസ്തു ആകാൻ ഞാൻ ഇല്ല…ഇനി എന്റെ ഊഴമാണ്…ഞാൻ  തിരഞ്ഞെടുക്കുന്ന ജീവിതം ഇനി ദുരിതങ്ങൾ നിറഞ്ഞതായാലും  എനിക്ക് പ്രശ്നമില്ല…എന്റെ മാത്രം തീരുമാനം അല്ലേ…അപ്പൊ ഉത്തരവാദിത്തം ഞാൻ  ഏറ്റോളാം…പറഞ്ഞത് മനസ്സിലായെന്നു വിശ്വസിക്കുന്നു…”

സിനി ബാഗും കാറിന്റെ കീയും എടുത്ത് പുറത്തേക്ക് ഇറങ്ങി..ഹരിയുടെ വീട് ലക്ഷ്യമാക്കി അവൾ കാർ ഓടിച്ചു…എന്തോ വലിയ ഭാരം മനസ്സിൽ നിന്ന് ഒഴിഞ്ഞു പോയത് പോലെ അവൾക്ക് തോന്നി…പക്ഷേ ഹരിയുടെ വീട്ടു മുറ്റത്തു എത്തിയപ്പോൾ അവളുടെ മനസിലുണ്ടായ ശാന്തത  അപ്രത്യക്ഷമായി..വീട്ടു മുറ്റത്തു ആൾക്കൂട്ടം….പരിഭ്രാന്തിയോടെ അവൾ കാർ ഒതുക്കി ഇട്ടു..എന്നിട്ട് പുറത്തിറങ്ങി.. ആൾക്കാർ ഒക്കെ അവളെ  ശ്രദ്ധിക്കുന്നുണ്ടായിരുന്നു…അവൾ വീടിനു  നേരെ നടന്നു…വീടിന്റെ ഉമ്മറത്തു വിരിച്ച പായിൽ വെള്ളതുണി പുതപ്പിച്ച അമ്മാവന്റെ ശരീരത്തിന് കാൽക്കൽ ഹരി  ഇരിക്കുന്നത് അവൾ കണ്ടു…

“ഒരു പാവം മനുഷ്യനായിരുന്നു കുമാരൻ. പെങ്ങള് പോയേപ്പിന്നെ ഈ  ചെക്കന് വേണ്ടിയാ ജീവിച്ചേ…കല്യാണം പോലും കഴിച്ചിട്ടില്ല…ഇന്ന് രാവിലെ പറമ്പ് വൃത്തിയാക്കുന്നുണ്ടായിരുന്നു…ഓലമടൽ എടുക്കാൻ പോയ അബൂട്ടിയാണ് ആ വേലിയുടെ അടുത്ത് വീണു കിടക്കുന്നത് കണ്ടത്….”

ആരോ അടക്കം പറയുന്നത് അവൾ കേട്ടു..മറ്റൊന്നും ഗൗനിക്കാതെ അവൾ  ഹരിയുടെ അടുത്ത് പോയി ഇരുന്നു…അവൻ  അമ്മാവന്റെ തലയുടെ അടുത്ത് കത്തുന്ന നിലവിളക്കിലേക്ക് തന്നെ  മിഴി ചിമ്മാതെ നോക്കി ഇരിക്കുകയാണ്…സിനി ഒന്നും മിണ്ടിയില്ല…അവനോട് ചേർന്നിരുന്നു….കുറെ കഴിഞ്ഞപ്പോൾ സാബു അവരുടെ അടുത്തേക്ക് വന്നു…

“ഹരീ…ആരും  വരാനൊന്നും ഇല്ലല്ലോ? നമുക്ക് എടുത്തൂടെ…? മഴക്കാറുണ്ട്..അതിന് മുൻപേ എല്ലാം ചെയ്യുന്നതാ നല്ലത്..”

ഒരു പ്രതികരണവും ഉണ്ടായില്ല…അവൻ   വിളക്കിലെ നാളത്തിൽ തന്നെ നോക്കുകയാണ്…

“എന്താണെന്നു വച്ചാൽ  ചെയ്തോ സാബൂ..” സിനി പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു…സാബു തലയാട്ടി…എന്നിട്ട് ഹരിയെ പിടിച്ചു എഴുന്നേൽപ്പിച്ചു..വേറെ നാലു ചെറുപ്പക്കാർ കടന്നു വന്ന് അമ്മാവനെ എടുത്തു…

*************

ആളുകൾ ഭൂരിഭാഗവും പിരിഞ്ഞു പോയി…സിനി അടുക്കളയിൽ കയറി  കട്ടൻചായ ഉണ്ടാക്കി ബാക്കി ഉള്ളവർക്ക് സാബുവിന്റെ കൈയിൽ കൊടുത്തു വിട്ടു..ഒരു ഗ്ലാസ് ചായയും എടുത്ത് അകത്തെ മുറിയിലേക്ക് നടന്നു…ജനലഴികളിൽ പിടിച്ച് ഹരി പുറത്തേക്ക് നോക്കി നില്കുന്നുണ്ട്…അവിടെ ചിത ഏകദേശം എരിഞ്ഞടങ്ങിക്കഴിഞ്ഞു..അവൾ അവന്റെ തോളിൽ കൈ വച്ചു.

“ഹരീ..ഇത് കുടിക്ക് “

“ദേഷ്യപ്പെടുമെങ്കിലും  എന്നെ ഒത്തിരി ഇഷ്ടമായിരുന്നു…” ചിതയിൽ നിന്ന് ദൃഷ്ടി മാറ്റാതെ അവൻ  പറഞ്ഞു…

“എനിക്ക് വേണ്ടി സ്വന്തം ജീവിതം തന്നെ കളഞ്ഞു…ഓട്ടോ ഓടിക്കിട്ടുന്ന കാശൊക്കെ വാങ്ങി വച്ചപ്പോൾ ഞാൻ മനസ്സിൽ വെറുത്തു…പക്ഷേ ഒരു രൂപ പോലും എടുക്കാതെ എല്ലാം എന്റെ പേരിൽ ബാങ്കിൽ ഇട്ടിട്ടുണ്ട്..ഈ  വീടും പറമ്പും കൂടാതെ  അദ്ദേഹത്തിന് അവകാശപ്പെട്ട എല്ലാം എന്റെ പേരിൽ എഴുതി വച്ചിട്ടുണ്ടെന്ന് ഇന്നലെയാ പറഞ്ഞത്…എന്തൊക്കെയോ അസുഖങ്ങൾ ഉണ്ടായിരുന്നു…എന്നോട് എല്ലാം ഒളിപ്പിച്ചു വച്ചു..ഇന്നലെ തന്റെ മമ്മി സംസാരിച്ചതെല്ലാം  എനിക്ക് പറയേണ്ടി വന്നു..എല്ലാം കേട്ട ശേഷം  ആദ്യമായി എന്നെ ചേർത്തു നിർത്തി…സ്നേഹിച്ച പെണ്ണിനെ വിട്ടുകളയരുത് എന്ന് വാത്സല്യത്തോടെ ഉപദേശിക്കുകയും  ചെയ്തു…” അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി..

സിനി അവനെ ബലമായി  തിരിച്ചു നിർത്തി…എന്നിട്ട് കെട്ടിപ്പിടിച്ചു..

“ആകെ എനിക്ക് ഉണ്ടായിരുന്ന കുടുംബമാ ദാ അവിടെ എരിഞ്ഞു തീർന്നത്..മനസറിഞ്ഞു ഒന്ന് സ്നേഹിച്ചിട്ട് കൂടെ ഇല്ല ഞാൻ…ഇപ്പൊ പൂർണമായും അനാഥൻ ആയി…” അവൻ പൊട്ടിക്കരഞ്ഞു…അവൾ  അവനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു…അവനെ പിടിച്ചു കട്ടിലിൽ ഇരുത്തി..തൊട്ടടുത്തു അവളും ഇരുന്നു..എന്നിട്ട് അവനെ മടിയിലേക്ക് ചായ്ച്ചു…ഇടക്കിടക്ക് അവന്റെ ശരീരം ഞെട്ടുന്നത് കടിച്ചു പിടിച്ച ഏങ്ങലുകൾ കാരണമാണെന്നു സിനി അറിഞ്ഞു….

റൂമിന് പുറത്തു അവരെയും നോക്കി നില്കുകയായിരുന്ന ഷേർളിയെ അവൾ കണ്ടില്ല..കണ്ണുകൾ തുടച്ച്  ഷേർലി പുറത്തേക്ക് നടന്നു…

*************

മാസങ്ങൾ കടന്നു പോയി…സിനി ഇടക്കിടക്ക് വരും…വീടൊക്കെ വൃത്തിയാക്കും എന്നിട്ട് തിരിച്ചു പോകും..ഹരി  ഓട്ടം കഴിഞ്ഞു വരുമ്പോഴേക്കും രാത്രിഭക്ഷണം തയ്യാറായിരിക്കും..പക്ഷെ തമ്മിലുള്ള സംസാരം  കുറവായിരുന്നു…

ഒരു ദിവസം രാവിലെ പുറത്ത് ആരോ സംസാരിക്കുന്നത് കേട്ടാണ് ഹരി  ഉണർന്നത്…അവൻ  ഇറങ്ങി വന്നു.. ഒന്ന് രണ്ടു ബാഗുകളും വയലിൻ ബോക്സും സിനി കാറിൽ നിന്നും ഇറക്കുന്നുണ്ട്…സാബു അവളെ സഹായിക്കുന്നു…

“നീ ഇരിക്ക് സാബൂ..ഞാൻ  ചായ എടുക്കാം..”

അവനോട് പറഞ്ഞിട്ട് സിനി ബാഗുമെടുത്ത് അകത്തേക്ക് പോയി..ഹരിയെ അവൾ നോക്കിയത് പോലുമില്ല…

“എന്താടാ ഇത്?” ഹരി  സാബുവിനോട് ചോദിച്ചു..

“ആ എനിക്കറിയാൻ മേല..ഞാനാ കവലേൽ ഇരിക്കുകയായിരുന്നു…കാർ നിർത്തിയിട്ടു കേറാൻ പറഞ്ഞു. ഞാൻ കേറി…”

ഹരി അകത്തേക്ക് കടന്നു…അവൾ  അടുക്കളയിൽ പാത്രത്തിൽ വെള്ളം തിളപ്പിക്കാൻ വെക്കുകയാണ്..

“എന്താ നിന്റെ ഉദ്ദേശം?”

മറുപടി ഇല്ല…

അവൻ അവളുടെ നേരെ മുന്നിൽ കയറി നിന്നു..

“ചോദിച്ചത് കേട്ടില്ലേ?”

“മനസ്സിലായിട്ടും ചോദിക്കാൻ തനിക്ക് വട്ടാണോ?”

“വട്ട് എനിക്കല്ല നിനക്കാ….വെളുപ്പാൻ കാലത്ത് പെട്ടിയുമെടുത്ത് വീട്ടിൽ കേറി വരാൻ  നിനക്ക് മുഴുവട്ടാണോ പെണ്ണേ? നാട്ടുകാർ എന്ത് വിചാരിക്കും?”

“ശരിയാ..നാട്ടുകാർ പലതും വിചാരിക്കും..നീ നല്ലോരു ചെറുപ്പക്കാരൻ…ഞാനോ  ഒരിക്കൽ കല്യാണം കഴിഞ്ഞ് തിരിച്ചു വന്നവൾ…”

ഹരി അവളുടെ മുഖം പിടിച്ചുയർത്തി..

“അതല്ല ഞാൻ പറഞ്ഞത്…നിന്റെ മമ്മി, കുടുംബക്കാർ…”

അവൾ കൈ ഉയർത്തി അവനെ തടഞ്ഞു..

“ഇനി എന്റെ ജീവിതം തീരുമാനിക്കുന്നത് ഞാനാണ്..അവരല്ല…തനിക്ക് ബുദ്ധിമുട്ടാണെൽ ഞാൻ പൊയ്ക്കൊള്ളാം..”

അവൾ തിരിഞ്ഞു നടക്കാൻ തുടങ്ങവേ  ഹരി  അവളുടെ കൈ പിടിച്ചു വലിച്ചു. അവൾ  അവന്റെ നെഞ്ചിലേക്ക് വീണു…

“ഇനി എനിക്ക് വയ്യ ഹരീ…നീയില്ലാതെ ഒരു നിമിഷം പോലും പറ്റുന്നില്ല…തെറ്റും ശരിയുമൊന്നും ഞാൻ ചിന്തിച്ചില്ല…”

അവൻ സിനിയുടെ പുറത്ത് അരുമയായി തലോടി….

“അതേയ്..ഞാൻ  പോകുവാ…ചായ ഇവന്റെ പറ്റിൽ കവലേന്നു കുടിച്ചോളാം…ഓട്ടോ ഞാനെടുക്കുന്നുണ്ട്..” മുറ്റത്തു നിന്നും സാബു വിളിച്ചു പറഞ്ഞു…

ഹരി അവളുടെ  നെറുകയിൽ ചുണ്ടുകൾ അമർത്തി…

സ്നേഹിക്കാൻ മാത്രമറിയുന്ന ഒരു പുരുഷന്റെ കരവലയത്തിലാണ്  താനെന്ന സന്തോഷത്തിൽ സിനി കണ്ണുകൾ അടച്ച് അവനോട് കൂടുതൽ ഒട്ടിച്ചേർന്നു…

ശുഭം ❤❤❤