തണുത്ത കാറ്റ്  വീശിയപ്പോൾ ഹരി  ചെറുതായി വിറച്ചു തുടങ്ങി. സിനി ഷാൾ  എടുത്ത് അവനെ പുതപ്പിച്ചു….

പുനർജനി

എഴുത്ത്: കർണൻ സൂര്യപുത്രൻ

===========

തറവാട് വീടിന്റെ മുറ്റത്തു ഓട്ടോ റിവേഴ്‌സ് എടുക്കുമ്പോൾ അമ്മാവൻ കുമാരൻ, ഹരിയുടെ  അടുത്തേക്ക് വന്നു..

“ഇന്നെന്താ കാക്കി ഒന്നും ഇല്ലേ?”

“അത്…ഇന്നൊരു കല്യാണത്തിനു പോകാൻ  ഉണ്ട്‌..”

“ആരുടെ..?”

“കൂട്ടുകാരന്റെ പെങ്ങളുടെ..”

അമ്മാവൻ ഹരിയെ  അടിമുടി ഒന്ന് നോക്കി..

“അപ്പൊ ഇന്ന് ഓട്ടോ ഓടിക്കുന്നില്ലേ?”

“കുട്ടികളെ സ്കൂളിൽ വിടണം..പിന്നേ ആ ഷേർലി ചേച്ചിയുടെ മോളെ ബാങ്കിൽ എത്തിക്കണം..അതിന് ശേഷം ഞാൻ പോകും..വൈകിട്ട് സാബു അവരെയെല്ലാം തിരിച്ചു കൊണ്ടു വന്നോളും…” ഹരി  ശബ്ദം താഴ്ത്തി പറഞ്ഞു..

അമ്മാവൻ ഒന്നും മിണ്ടാതെ അകത്തേക്ക് പോയി…ഹരി ഓട്ടോ റോഡിലേക്ക് ഇറക്കി…അച്ഛനും അമ്മയും ചെറുപ്പത്തിലേ നഷ്ടപ്പെട്ടവനാണ് ഹരികൃഷ്ണൻ. വളർത്തിയതൊക്കെ അമ്മാവനും…സിങ്കപ്പൂരിൽ ആയിരുന്നു ഹരിയുടെ അമ്മാവൻ കുമാരൻ..ഒരേയൊരു അനിയത്തിയുടെ മരണത്തോടെ അദ്ദേഹം നാട്ടിൽ തന്നെ കൂടി..വിവാഹം കഴിച്ചിട്ടില്ല..പഠിക്കാൻ ഹരി  പിറകോട്ടു ആയിരുന്നു…അതിനാൽ  അമ്മാവൻ ഒരു ഓട്ടോ വാങ്ങി കൊടുത്തു..വൈകിട്ട് കണക്ക് കൃത്യമായി  ഏല്പിക്കണം..ചിലവിനുള്ള കാശ് ഹരിക്ക് അദ്ദേഹം കൊടുക്കും…അധികം സംസാരിക്കാത്ത കർകശക്കാരൻ ആണ്  അമ്മാവൻ..ചിലപ്പോൾ കണ്ണ് പൊട്ടുന്ന ചീത്ത വിളിക്കും….

വീടിനടുത്തുള്ള കുറച്ച് കുട്ടികളെ സ്ഥിരമായി  സ്കൂളിൽ എത്തിക്കാനുള്ള ഡ്യൂട്ടി ഉണ്ട്‌..പിന്നെ കവലയിലെ  സ്റ്റാന്ഡിലെ ഓട്ടവും…ഇപ്പോൾ പുതിയതായി കിട്ടിയ ഡ്യൂട്ടി ആണ് ആയുർവേദ ഡോക്ടർ ഷേർലിയുടെ മകൾ സിനിയെ പുഴക്കരയിലുള്ള സഹകരണബാങ്കിൽ എത്തിക്കുക. അവൾക്കു അവിടെയാണ് ജോലി…

കുട്ടികളെ സ്കൂളിൽ വിട്ട് ഹരി  ഷേർലിയുടെ വീട്ടിലെത്തി..മുറ്റത്തു ചെടികൾ നനയ്ക്കുകയാണ് ഷേർലി തോമസ് എന്ന അൻപതുകാരി.

“മോളെ, ദേ ഹരി  വന്നു..വേഗം ഇറങ്ങിക്കേ..” ഷേർലി അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു…

“നീ ചായകുടിച്ചോ ഹരീ?? ചപ്പാത്തീം മുട്ടകറിയും ഉണ്ട്‌..എടുക്കട്ടെ?”

“വേണ്ട ചേച്ചീ…ഞാൻ കഴിച്ചിട്ടാ വന്നേ..” ഹരി  ഓട്ടോയിൽ നിന്ന് ഇറങ്ങിക്കൊണ്ട് പറഞ്ഞു…

10മിനിറ്റിനുള്ളിൽ സിനി ബാഗുമെടുത്ത് പുറത്തേക്ക് ഓടി വന്നു…

“നിനക്ക് കുറച്ച് നേരത്തേ റെഡി ആയിക്കൂടെ കൊച്ചേ…ഇങ്ങനെ ഓടണോ?” ഷേർലി ശാസിച്ചു..അവൾ  അമ്മയെ കെട്ടിപിടിച്ചു ഒരുമ്മ കൊടുത്ത ശേഷം  ഓട്ടോയിൽ കയറി…ഹരി  വണ്ടി മുന്നോട്ട് എടുത്തു…

നഗരത്തിൽ നിന്ന് ഷേർലിയും മകളും ഈ  നാട്ടിൻ പുറത്ത് താമസമാക്കിയിട്ട് മാസങ്ങളെ ആയിട്ടുള്ളൂ..ആദ്യമൊക്കെ സിനിയെ അമ്മ തന്നെ ആണ്  ബാങ്കിൽ ജോലിക്ക് എത്തിച്ചിരുന്നത്…രണ്ടു ദിവസം മുൻപാണ് ആണ് ആ ജോലി ഹരിക്ക് കിട്ടിയത്….അവൻ  ഗ്ലാസ്സിലൂടെ പിറകോട്ടു നോക്കിയപ്പോൾ അവൾ  ഫോണിൽ എന്തോ ടൈപ് ചെയ്യുകയാണ്…അവൾ  ഓട്ടോയിൽ കയറുമ്പോൾ  വല്ലാത്തൊരു സുഗന്ധം അവനു  അനുഭവപ്പെടാറുണ്ട്….ഏത് പെർഫ്യൂം ആണ്  ഉപയോഗിക്കുന്നതെന്ന് ചോദിക്കണം എന്നുണ്ട്…പക്ഷേ ഭയം..അവൾ ഒന്നു ചിരിക്കാറ് പോലുമില്ല…

ഓട്ടോ പുഴക്കരയിൽ  എത്തി…റോഡ് അവസാനിക്കുന്നത് കടവിൽ ആണ്..ഇടത് വശത്തു ഒരു ചായക്കട..അതിനടുത്തുള്ള കെട്ടിടത്തിൽ ബാങ്ക്, പിന്നെ ഒരു തയ്യൽ പരിശീലന കേന്ദ്രം..റോഡിന്റെ എതിർവശത്തു പള്ളി ആണ്…സിനി പതിവ് പോലെ അവനെ  ശ്രദ്ധിക്കാതെ ഓട്ടോയിൽ നിന്നിറങ്ങി ബാങ്കിലേക് നടന്നു..അവൻ തിരിച്ചു കവലയിലേക്കും…

വണ്ടി സ്റ്റാൻഡിൽ വച്ചപ്പോൾ അടുത്തുള്ള ബാർബർഷോപ്പിൽ നിന്ന് സാബു ഇറങ്ങി വന്നു..

“എടാ, നീ കം സനോട് എന്ത് പറഞ്ഞിട്ടാ ഇറങ്ങിയേ?”…അമ്മാവനെയാണ് അവൻ ഉദ്ദേശിച്ചത്..

“കൂട്ടുകാരന്റെ പെങ്ങളുടെ വിവാഹം..” മുടി ചീകികൊണ്ട് ഹരി മറുപടി പറഞ്ഞു..

“കൊള്ളാലോ….നീ  ഇന്ന് റിലീസാകുന്ന പടം  കാണാൻ പോകുകയാണെന്ന് പുള്ളി അറിയണം…”

“പേടിപ്പിക്കാതെടാ…ആകെ ജീവിതത്തിൽ ഉള്ള സന്തോഷം രണ്ടര മണിക്കൂർ സിനിമ കാണുമ്പോൾ കിട്ടുന്നതാ…” ഹരി ഓട്ടോയുടെ ചാവി  അവന്റെ കൈയിൽ കൊടുത്തു..

“പറഞ്ഞതൊക്കെ ഓർമ ഉണ്ടല്ലോ..? പിള്ളേരെ വീട്ടിൽ എത്തിക്കണം..പിന്നെ ആ ഷേർലി ചേച്ചീടെ പെണ്ണിനേയും..”

“എടാ, അത് പറഞ്ഞപ്പോഴാ…എന്ത് ഭംഗിയാ അവളെ  കാണാൻ…നിനക്കൊന്ന് മുട്ടി നോക്കിക്കൂടെ…”

“ഇനി അതിന്റെ കുറവ് കൂടേ ഉള്ളൂ…നീയൊന്ന് ചുമ്മാതിരി സാബുവേ…വണ്ടി ശ്രദ്ധിച്ചു ഓടിക്കണം…നിന്റെ ഫോൺ വിളിച്ചോണ്ടുള്ള അഭ്യാസം ഇന്നൊരു ദിവസത്തേക്ക് നിർത്ത്..അമ്മാവനെങ്ങാനും കണ്ടാൽ ഇടക്കുള്ള എന്റെ മുങ്ങല് കുളമാകും…”

“ശരി തമ്പ്രാ..ദേ ബസ് വന്നു…നീ വിട്ടോ..”

ടൗണിലേക്കുള്ള സമീറ  ബസ് കവലയിൽ  നിന്നു പുറപ്പെട്ടു…സീറ്റിൽ ഇരുന്ന് ഹരി ഒന്ന് ദീർഘമായി ശ്വസിച്ചു..ഓരോ കള്ളം പറഞ്ഞു ഇടക്കിടക്കു അവൻ ടൗണിൽ പോകുന്നത് പുതിയ പടം വല്ലതും ഇറങ്ങിയാൽ  മാത്രമാണ്..അതും  ഒറ്റയ്ക്ക്..അവന്റെ ജീവിതത്തിലെ ആകെ ഉള്ള ആഡംബരം….

ബസ്റ്റാന്റിൽ ഇറങ്ങി ഒരു ചായയും കുടിച്ച് കുറച്ചു നേരം ടൗണിലൂടെ കറങ്ങി..പത്തരമണിക്കാണ് പടം..സമയം ഉണ്ട്‌..ആൾക്കൂട്ടത്തിൽ ഒറ്റയ്ക്ക് നടക്കുന്നത് അവനൊരു ഹരം തന്നെ ആണ്…പലവിധ തിരക്കുകളുമായി പരക്കം പായുന്ന ജനങ്ങൾ..കുടുംബത്തോടൊപ്പം ഷോപ്പിംഗിന് വരുന്നവർ, ജോലിക്ക് പോകുന്നവർ, പഠിക്കാൻ പോകുന്നവർ…അവർക്കിടയിലൂടെ ലക്ഷ്യബോധം ഇല്ലാത്ത ഒരുത്തൻ…അവൻ  സ്വയം  ചിരിച്ചു..കുറച്ചു കഴിഞ്ഞപ്പോൾ മെല്ലെ തീയേറ്ററിലേക്ക് നടന്നു…

വലിയ തിരക്കാണ് അവിടെ…റോഡിൽ വരെ  നീണ്ടു നിൽക്കുന്ന ക്യൂ…..ക്ലാസ്സ്‌മേറ്റ്സ് ആണ്  സിനിമ….ടിക്കറ്റ് കിട്ടാൻ ഒരു വഴിയും ഇല്ല….

ഹരി, പരിചയമുള്ള  ആരെങ്കിലും ഉണ്ടോ എന്ന് നോക്കി…ആരും ഇല്ല..സ്ത്രീകളുടെ  ക്യൂവിൽ തിരക്ക് കുറവാണ്…ടിക്കറ്റ് എടുത്തു തരുമോ ചേച്ചീ  എന്നൊക്കെ ചോദിച്ചു കുറച്ചു പയ്യന്മാർ അവിടെ നില്കുന്നുണ്ട്…പെട്ടെന്ന്…അതിൽ പരിചയമുള്ള ഒരു മുഖം നിന്ന് പരുങ്ങുന്നു…ഹരി സൂക്ഷിച്ചു നോക്കി…രാവിലെ ബാങ്കിൽ ജോലിക്ക് കൊണ്ടു വിട്ട സിനി..!! അവൾ അവനെ കണ്ടിട്ട് ഒളിക്കാൻ നോക്കിയതാണ്…പക്ഷേ പറ്റിയില്ല…ഒരു ചമ്മിയ  ചിരി…അവൻ മെല്ലെ അവളുടെ അടുത്തേക്ക് എത്തി…

“സഹകരബാങ്ക് , ശാന്തി  തീയേറ്ററിലേക്ക് മാറ്റിയോ?”

“പ്ലീസ്..മമ്മിയോട്‌ പറഞ്ഞേക്കല്ലേ…ദാ   എന്റെ കൂട്ടുകാരികളാ..അവര് നിർബന്ധിച്ചപ്പോ….”

“ഓ..ആയിക്കോട്ടെ…എനിക്ക് ഒരു ടിക്കറ്റ് എടുത്തു തന്നാൽ മതി..” അവൻ പോക്കറ്റിൽ നിന്ന് കാശെടുത്തു കൊടുത്തു. എന്നിട്ട് കുറച്ച് മാറി നിന്നു.

കുറച്ചു കഴിഞ്ഞ് അവൾ ടിക്കറ്റ് അവനു  നീട്ടി..

“ബാക്കി തരാൻ ചില്ലറ ഇല്ല..”

“സാരമില്ല..നാളെ തന്നാൽ മതി…” അവൻ അകത്തേക്ക് കയറി…

അവനിരുന്നതിന്റെ നേരെ മുന്നിലെ സീറ്റിൽ സിനി ഇരുന്നു..അടുത്ത് തന്നെ അവളുടെ രണ്ടു കൂട്ടുകാരികളും…ഇടക്കെപ്പോഴോ അവളൊന്നു തിരിഞ്ഞു നോക്കി…അവരുടെ കണ്ണുകൾ തമ്മിലിടഞ്ഞു…

***************

നല്ലൊരു പടം കണ്ട  സംതൃപ്തിയോടെ ആണ് ഹരി തീയേറ്റർ വിട്ടത്…സിനിയും കൂട്ടുകാരികളും തിരക്കിനിടയിൽ എവിടെയോ അലിഞ്ഞു ചേർന്നു…കുറെ നേരം  നഗരത്തിലൂടെ അലഞ്ഞു നടന്നതിനു ശേഷം അവൻ  നാട്ടിലേക്ക് തിരിച്ചു..കവലയിൽ  എത്തിയപ്പോൾ വണ്ടി സ്റ്റാൻഡിൽ തന്നെ കിടപ്പുണ്ട്…

“ഓട്ടം ഒന്നും കിട്ടിയില്ലേ സാബൂ?”

“രണ്ടെണ്ണം കിട്ടി. ഒന്ന് ആസ്പത്രിയിലേക്കും മറ്റേത് കടവിലേക്കും…പിള്ളേരെ തിരിച്ചു കൊണ്ടു വന്നു…ആ ബാങ്കിലെ കൊച്ച്  സുഖമില്ലാത്ത കൊണ്ട് മടങ്ങി പോയി എന്നാ അവര് പറഞ്ഞേ…”

ഹരി മനസ്സിൽ ചിരിച്ചു…

പിറ്റേ ദിവസം…ഓട്ടോയിൽ കയറിയ ഉടനെ സിനി പുഞ്ചിരിച്ചു കൊണ്ട് അവനോട് ചോദിച്ചു..

“ക്ലാസ്മേറ്റ്സ് എങ്ങനുണ്ടാരുന്നു…”

“സൂപ്പർ…എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു…ഒന്നൂടെ കാണണം..”

“ഇയാൾ ഒറ്റയ്ക്ക് ആയിരുന്നല്ലോ…അതെന്തു പറ്റി?? “

“എനിക്ക് അങ്ങനെ കൂട്ടുകാരൊന്നും ഇല്ല..ആകെ ഉള്ളത് സാബു ആണ്….അത് മാത്രമല്ല  തനിയെ പോകുന്നതിന് ഒരു പ്രത്യേക സുഖം….”

“അയ്യേ…ബോർ പരിപാടി അല്ലേ?.”

“എനിക്ക് അങ്ങനെ തോന്നിയിട്ടില്ല…”

“ഉം…ആ സിനിമയിലെ പോലെ കുറേ വർഷങ്ങൾക്ക് ശേഷം ഒരു ഒത്തു ചേരൽ ഉണ്ടാവണം…എന്ത് രസമായിരിക്കും അല്ലേ?”

“ആവോ…എനിക്ക് അറിയില്ല..”

“അതെന്താ..തനിക്കു പഴയ സഹപാഠികളെ ഒന്നും കാണണ്ടേ?”

“എന്തിന്?? അങ്ങനെ ഓർമ്മിക്കാൻ സുഖമുള്ള ഒന്നും എനിക്ക് അവരിൽ നിന്നോ ആ കോളേജിൽ നിന്നോ കിട്ടിയിട്ടില്ല..”

അവൾ അവനെ  അത്ഭുതത്തോടെ നോക്കി..ഇത് പോലെ ഒരു ചെറുപ്പക്കാരനെ  ആദ്യമായിട്ടാണ്  കാണുന്നത്…കടവിൽ  എത്തി ഓട്ടോയിൽ നിന്ന് അവളിറങ്ങിയപ്പോൾ  അവനും മെല്ലെ ഇറങ്ങി. അവൾ ബാഗിൽ നിന്നും കാശ് എടുത്ത് അവനു  നീട്ടി…

“ഇതെന്താ?”

“ഇന്നലെ ടിക്കറ്റ് എടുത്തതിന്റെ ബാക്കി…” അവൻ അത് വാങ്ങി പോക്കറ്റിൽ ഇട്ടു…

“എടോ തന്റെ  ഫോൺ നമ്പർ തരാമോ? ഇന്ന് ഉച്ചക്ക് എനിക്ക് ഒരിടം  വരെ പോകാനുണ്ട്..ഇവിടുന്ന് ഇറങ്ങുമ്പോൾ വിളിക്കാം..ആ സമയത്തു വന്നാ മതി…”

അവൻ  ഓട്ടോയുടെ ഗ്ലാസ്‌ ചൂണ്ടിക്കാണിച്ചു..അവിടെ ഫോൺ നമ്പർ ഒട്ടിച്ചിട്ടുണ്ട്..അവൾ  മൊബൈലിൽ അത് സേവ് ചെയ്ത് അവനെ നോക്കി ഒന്ന് ചിരിച്ചു കൊണ്ട് ബാങ്ക് ലക്ഷ്യമാക്കി നടന്നു…

*************

ഉച്ചക്ക് രണ്ടു മണിയോടെ  സിനിയേയും കൂട്ടി അവന്റെ ഓട്ടോ നഗരത്തിലേക്ക് തിരിച്ചു….

“നിങ്ങള്ടെ വീട്ടിൽ കാർ ഇല്ലേ? പിന്നെന്തിനാ ഇത്രേം ദൂരം ഓട്ടോയിൽ?” അവൻ ചോദിച്ചു.

“കാർ എടുത്താൽ മമ്മിയോട്‌ കാരണങ്ങൾ ബോധിപ്പിക്കണം…അത് മാത്രമല്ല, തന്റെ  ഓട്ടോയിൽ യാത്ര ചെയ്യുന്ന സുഖം കാറിൽ  കിട്ടില്ല..”

“കളിയാക്കുന്നതാണല്ലേ?..”

“അല്ലെടോ…സത്യമായിട്ടും….അത് പോട്ടെ, ഓട്ടോയുടെ പേര് ലക്ഷ്മി എന്നാണല്ലോ? ആരാ  അത്??”

“അമ്മയുടെ പേരാ..”

“അമ്മയോട് അത്രക്ക്‌ ഇഷ്ടമാണോ?”

അവൻ വേദനയോടെ ഒന്ന് ചിരിച്ചു…

“ലോകത്ത് എല്ലാ മക്കൾക്കും അമ്മമാരോട് ഇഷ്ടമുണ്ടാവില്ലേ???എനിക്കാണെങ്കിൽ ആ മുഖം കണ്ട ഓർമ പോലുമില്ല… “

സിനിക്ക്‌ സങ്കടമായി…

“സോറി… എനിക്ക് അറിയില്ലായിരുന്നു…”

“സാരമില്ല..എന്റെ മൂന്നാമത്തെ വയസിൽ  ഊട്ടിക്ക് ഒരു ടൂർ പോയതാ  അച്ഛനും അമ്മയും ഞാനും…ഒരു കാർ ആക്സിഡന്റ്…അവര് രണ്ടു പേരും പോയി..കുറേ നാൾ  ആശുപത്രിയിൽ  കിടന്ന ശേഷം  ഞാൻ  മാത്രം ബാക്കി ആയി…അവരുടെ മുഖം പോലും ഓർമയിൽ  ഇല്ല…വീടിന്റെ തട്ടിൻ പുറത്ത് ഒരു ചിതലരിച്ച ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ മാത്രമാ എന്റെ കുടുംബം….”

വാക്കുകൾ കിട്ടാതെ സിനി നിശബ്ദയായി ഇരുന്നു….

ഓട്ടോ ടൗണിൽ പ്രവേശിച്ചു…

“ഇനി എങ്ങോട്ടാ..”

“പോലീസ് സ്റ്റേഷന്റെ വലതു വശത്തൂടെ ഒരു റോഡ് ഉണ്ട്‌..അങ്ങോട്ട് “

ആ റോഡിലൂടെ കുറച്ച് മുന്നോട്ട് പോയപ്പോൾ രണ്ട് വശത്തും സാമാന്യം വലിയ വീടുകൾ കണ്ടു തുടങ്ങി..കറുത്ത പെയിന്റ് അടിച്ച ഒരു ഗേറ്റിന് മുൻപിലെത്തിയപ്പോൾ സിനി അവനോട് നിർത്താൻ പറഞ്ഞു..

അവൾ ഗേറ്റ് തുറന്ന് അകത്തേക്ക് കയറിപ്പോകുന്നത് അവൻ  നോക്കിയിരുന്നു…ആ  നടത്തതിന് തന്നെ വല്ലാത്തൊരു ഭംഗി…

പത്തു മിനിട്ട് കഴിഞ്ഞപ്പോൾ അവൾ  തിരിച്ചു വന്നു…കൈയിൽ ഒരു വയലിൻ ബോക്സ്‌ ഉണ്ട്‌….

“പോകാം…”

അവൾ പറഞ്ഞു…

“ആഹാ..ഇതൊക്കെ അറിയാമോ..താൻ ആള് കൊള്ളാലോ?”

അവൾ ഒരു ചിരിയോടെ ആ ബോക്സ്‌ ഒന്ന് തലോടി…

“ഇത് പപ്പ എനിക്ക് ഒരു പിറന്നാളിന് വാങ്ങി തന്നതാ…ഓർമ്മിക്കാൻ ഇതേ ബാക്കി ഉണ്ടായുള്ളൂ…പപ്പ മരിച്ചിട്ട് അഞ്ച് വർഷമായി…”

ഹരിക്ക് അവളുടെ വിഷമം മനസിലായി..എന്തെങ്കിലും നഷ്ടപ്പെട്ടിട്ടുള്ളവർക്കേ അതിന്റെ വേദന എത്രത്തോളം ഉണ്ടെന്ന് പെട്ടെന്ന് മനസിലാകൂ…

ഓട്ടോ തിരിച്ച് മുന്നോട്ട് എടുത്തപ്പോൾ അവൻ  ചോദിച്ചു..

“അപ്പോൾ ഇതാരുടെ  വീടാ…പപ്പയുടേതാണോ?”

“അല്ല. എന്റെ ഭർത്താവിന്റെ…”

ഹരി  പെട്ടന്ന് വണ്ടി ബ്രെക്ക് ഇട്ടു…അപ്രതീക്ഷിതമായതിനാൽ അവൾ മുന്നോട്ട് വീഴാൻ ആഞ്ഞു…

“എന്ത് പറ്റി ഹരീ?”

“താനെന്താ പറഞ്ഞത്?”

“എന്റെ ഭർത്താവിന്റെ വീടാണെന്നു…”

“തന്റെ  വിവാഹം കഴിഞ്ഞതാണോ?”

“അതെന്താ എനിക്ക് കഴിച്ചൂടെ?”

“അതല്ല…കണ്ടാൽ കല്യാണം കഴിച്ചതാണെന്ന് തോന്നില്ല…”

“കല്യാണം കഴിച്ചവരൊക്കെ നെറ്റിയിൽ ബോർഡ് വച്ചോണ്ടാണോ നടക്കുന്നെ…”

“എന്റെ പൊന്നോ…ഞാനൊന്നും പറഞ്ഞില്ലേ… ” വണ്ടി മുന്നോട്ട് എടുത്തു….

മഴ ചാറി തുടങ്ങി..അവൻ  രണ്ടു സൈഡിലെയും പടുത താഴ്ത്തി….ടൗണിൽ  നല്ല ബ്ലോക്ക്‌ ആയിരുന്നു…ഒച്ചിഴയും പോലെ വാഹനങ്ങൾ നീങ്ങുന്നു..

“ഹസ്ബൻഡ്..എന്ത് ചെയ്യുന്നു?”

“എന്താ?”

“ഇയാളുടെ ഹസ്ബൻഡ് എന്ത് ചെയ്യുന്നു എന്ന്?”

“മുംബൈ എയർപോർട്ടിൽ ആണ് “

“അപ്പൊ താൻ അങ്ങോട്ട് പോകാറില്ലേ?”

സിനിയുടെ ഫോൺ അടിച്ചു…അവൾ ആരോടോ കാര്യമായി  സംസാരിക്കുന്നത് കണ്ടപ്പോൾ പിന്നെ അവനൊന്നും ചോദിച്ചില്ല…ഊടുവഴികളിലൂടെ ഒക്കെ സഞ്ചരിച്ച് അവർ നഗരത്തിന്റെ തിരക്കിൽ നിന്ന് സാഹസികമായി പുറത്ത് കടന്നു…

“ഹരീ താനെന്തോ  ചോദിച്ചല്ലോ എന്തായിരുന്നു?”

“ഇയാളുടെ കെട്യോനെ കുറിച്ച്..”

“മുൻ ഭർത്താവ് എന്ന് പറയുന്നതാണ്  ശരി..ഞങ്ങളുടെ ഡിവോഴ്സ് കഴിഞ്ഞിട്ട്  രണ്ടു മാസം ആയി.”

അവൻ നിശബ്ദനായി വണ്ടി ഓടിക്കുകയാണ്..

“ഹരി കേൾക്കുന്നില്ലേ?”

“ഉണ്ട്‌…ഒന്നും ചോദിക്കാത്തത് വേറൊന്നും കൊണ്ടല്ല..എന്തിനാ ഡിവോഴ്സ് ചെയ്തതെന്ന് ചോദിച്ചാൽ താൻ പറയും  അതെന്താ എനിക്ക് ഡിവോഴ്സ് ചെയ്തൂടെന്ന്..എന്തിനാ ഞാൻ  വടികൊടുത്തു അടി വാങ്ങുന്നെ?”

സിനി അറിയാതെ  ചിരിച്ചു പോയി….

“വിവാഹമോചനം ചെയ്ത ആളുടെ വീട്ടിൽ പിന്നെന്തിനാ പോയെ?”

“ഈ വയലിൻ എടുക്കാൻ വേണ്ടി മാത്രം…ഇതിനു മുൻപ് സമയം കിട്ടിയില്ല….”

“മമ്മി അറിഞ്ഞാൽ വഴക്ക് പറയില്ലേ?”

“പറയും…പക്ഷേ  ഇത് ഇങ്ങനെ ചേർത്ത് പിടിക്കുമ്പോൾ പപ്പയുടെ  നെഞ്ചിൽ കിടക്കും പോലെ ഒരു ഫീൽ….” അവൾ  വയലിൻ ബോക്സിനു മുകളിലേക്ക് മുഖം ചേർത്തു…കണ്ണുനീർ ഒഴുകിയിറങ്ങുന്നത് സഹതാപത്തോടെ ഹരി  കണ്ണാടിയിലൂടെ കണ്ടു….ചരൽ വാരി എറിയും പോലെ മഴത്തുള്ളികൾ ഓട്ടോയുടെ മുകളിൽ വന്നു പതിക്കുന്നുണ്ടായിരുന്നു…

****************

ഹരി വീട്ടിൽ എത്തിയപ്പോൾ അമ്മാവൻ ചാരുകസേരയിൽ ഇരിക്കുന്നുണ്ട്…

“നീ എന്താ വൈകിയേ?”

“ടൗണിലേക്ക് ഒരു ഓട്ടം ഉണ്ടായിരുന്നു.. ” അവൻ  വിനയത്തോടെ പറഞ്ഞു..

“കുളിച്ചിട്ട് എന്തെങ്കിലും കഴിക്ക്…എല്ലാം മേശപ്പുറത്തു എടുത്തു വച്ചിട്ടുണ്ട്…നാളെ ഞാൻ കോഴിക്കോട് പോകും…രണ്ടു ദിവസം കഴിഞ്ഞേ വരൂ…നിന്റെ ഭക്ഷണമൊക്കെ  എങ്ങനാ??”

“ഞാൻ ഹോട്ടലിൽ നിന്ന് കഴിച്ചോളാം..”

“ഉം…നേരത്തേ വീട്ടിൽ  വന്നേക്കണം…ആരും  ഇല്ലാത്തതാ…”

അവൻ തലയാട്ടി കൊണ്ട് അകത്തേക്ക് നടന്നു..കുളിച്ച് അടുക്കളയിലേക്ക് കയറി..മേശപ്പുറത്തു കഞ്ഞിയും പയറും  അച്ചാറും മൂടി വച്ചിട്ടുണ്ട്…പാചകം അമ്മാവൻ തന്നെയാണ്  ചെയ്യുക…ഹരിയെ അതിന് വിടാറില്ല…കഴിച്ച് പാത്രം കഴുകി വച്ച് ഹരി തട്ടിൻ പുറത്തേക്കുള്ള മര ഗോവണി കയറി..താഴെ മൂന്ന് മുറികളും അടുക്കളയും ഉള്ള പഴയൊരു വീടാണ്..ഹരി പണ്ടേ മുകളിലാണ് കിടക്കാറ്…ഒരു മൂലയിൽ  വിത്തിനായി സൂക്ഷിച്ച പച്ചക്കറികൾ…പിന്നെ പഴയ കുറേ പെട്ടികൾ…ഒരു മരക്കട്ടിൽ…മൺപാത്രത്തിൽ കുടി വെള്ളം…കുറച്ച് പുസ്തകങ്ങൾ..ഒരു പഴയ റേഡിയോ…ഇതാണ്  അവന്റെ സ്വർഗം…

കട്ടിലിൽ കിടന്ന് റേഡിയോ ഓൺ ആക്കുമ്പോൾ അവന്റെ ഫോൺ അടിച്ചു…സിനി…

“എടോ താൻ ഉറങ്ങിയോ?”

“ഇല്ല..പറഞ്ഞോ..”

“ഒന്നുമില്ല. വെറുതെ വിളിച്ചതാ..”

“ഉം..മമ്മി വഴക്ക് പറഞ്ഞോ? “

“ഇല്ല. കുറേ കരഞ്ഞു…”

“ഉം..”

“ഹരീ…നാളെ താൻ എത്ര മണിക്ക് ഫ്രീ ആകും?”

“വൈകിട്ട് ഇയാളേം കുട്ടികളേം തിരിച്ചു കൊണ്ടു വന്നാൽ പിന്നെ കാര്യമായ ഓട്ടം ഒന്നുമില്ല….ചിലപ്പോൾ എവിടേക്കെങ്കിലും കിട്ടും..”

“എന്നെ നാളെ വൈകിട്ട് എവിടെങ്കിലും ഒന്ന് കൊണ്ടു പോകുമോ??ഇവിടെ ഇരുന്നിട്ട് ശ്വാസം മുട്ടുന്നു…”

“എവിടെ പോകാനാ?”

“എവിടെങ്കിലും…തനിക്ക് മനസിന് വല്ലാതെ വിഷമം വരുമ്പോൾ പോയിരിക്കുന്ന എവിടെങ്കിലും…എനിക്ക് ഈ നാട് അത്ര പരിചയം ഇല്ലല്ലോ…പോരാഞ്ഞിട്ട് വേറാരെയും വിശ്വസിക്കാനും പറ്റില്ല…”

“ശരി നാളെ പറയാം….” അവൻ ഫോൺ വച്ചു…മരത്തിന്റെ അഴികൾ ഉള്ള ജാലകത്തിലൂടെ നിലാവെളിച്ചം കടന്നു വരുന്നുണ്ട്…അവൻ കണ്ണുകൾ മെല്ലെ അടച്ചു…

*************

“നിന്റെ ജോൺ അങ്കിൾ വിളിച്ചിരുന്നു..” രാവിലെ ചായകുടിച്ചുകൊണ്ടിരിക്കുമ്പോൾ ഷേർലി, സിനിയോട് പറഞ്ഞു…സിനി ചോദ്യഭാവത്തിൽ നോക്കി…

“നിന്റെ കാര്യം തന്നാ  പറഞ്ഞോണ്ടിരുന്നത്…ജീവിതം ചുമ്മാ കളയാനുള്ളതല്ലല്ലോ..”

“മമ്മീ പ്ലീസ്…കുറച്ച് നാൾ ഒന്ന് വെറുതെ വിട്…”

ഷേർലി പിന്നൊന്നും മിണ്ടിയില്ല…കഴിച്ചു മതിയാക്കി സിനി പുറത്തേക്ക് നടന്നു…അഞ്ചു മിനുട്ട് കഴിഞ്ഞപ്പോൾ  ഓട്ടോ വന്നു..ഹരിക്ക് പകരം സാബു ആണ് വണ്ടി ഓടിക്കുന്നത്…

“ഹരി എവിടെ??”

“അവനു  പനി… ” സാബു വെളുക്കെ ചിരിച്ചു കൊണ്ട് പറഞ്ഞു…

അവൾ ഓട്ടോയിൽ കയറി  ഹരിയുടെ നമ്പറിലേക്ക് വിളിച്ചു…സ്വിച്ച് ഓഫ്‌…

“അവനെ  ആണോ  വിളിക്കുന്നെ? ഓഫ്‌ ചെയ്തു വച്ചിട്ടുണ്ടാകും..ആരെങ്കിലും ഓട്ടം പോകാൻ  വിളിച്ചോണ്ടിരിക്കും…ഉറങ്ങാൻ പറ്റുന്നുണ്ടാകില്ല…” സാബു പറഞ്ഞു…

അവൾ ഒന്നും മിണ്ടിയില്ല…ബാങ്കിൽ എത്തി ജോലികളൊക്കെ  യാന്ത്രികമായി ചെയ്തു…വൈകിട്ട് പുറത്തിറങ്ങിയപ്പോൾ നല്ല മഴക്കാറുണ്ടായിരുന്നു…ഓട്ടോ അവിടെ കിടക്കുന്നുണ്ട്…ഡ്രൈവിംഗ്സീറ്റിൽ ഹരിയെ  കണ്ടപ്പോൾ അവളുടെ  മനസ്സിൽ എന്തെന്നറിയാത്ത ഒരാഹ്ലാദം തോന്നി…

“തന്റെ പനി മാറിയോ?”

“കുറച്ച് മാറ്റം ഉണ്ട്‌..”

“പിന്നെന്തിനാ വന്നേ..റസ്റ്റ്‌ എടുത്തോടായിരുന്നോ? “

“തന്നെയും കൂട്ടി എവിടേലും പോകാം എന്ന് പറഞ്ഞതല്ലേ…അതോണ്ട് വന്നതാ…”

ഓട്ടോ മുന്നോട്ട് എടുത്തു കൊണ്ട് അവൻ പറഞ്ഞു…

“ശരി…എവിടെക്കാ എന്നെ കൊണ്ട് പോകുന്നെ..?”

“പറയാം…”

കവലയിൽ എത്തുന്നതിനു അരകിലോമീറ്റർ മുൻപേ ഉള്ള ഒരു മൺപാതയിലേക്ക് ഓട്ടോ തിരിഞ്ഞു..രണ്ടു വശത്തും  വാഴത്തോപ്പ് ആണ്..ആൾപെരുമാറ്റം ഒന്നും ഇല്ല…കുറേ ദൂരം പോയതിനു ശേഷം അവൻ ഓട്ടോ ഓരം ചേർന്ന് നിർത്തി…

“ഇറങ്ങി വാ…”.അവൻ  വിളിച്ചു…അവൾ ഇറങ്ങി ചുറ്റും നോക്കി…ഒരു മനുഷ്യൻ പോലും ഇല്ലാത്ത സ്ഥലം..റോഡ് അവിടെ അവസാനിക്കുന്നു..മുന്നിൽ കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന വയൽ…അതിന്റെ അങ്ങേ അറ്റത്തു കാട് പിടിച്ചത് പോലെ എന്തോ….

“തനിക്ക് നടക്കുന്നതിന് പ്രശ്നം ഒന്നും ഇല്ലല്ലോ..”?? ഹരി  ചോദിച്ചു.

“ഇല്ല…എവിടെക്കാ?”

“വാ പറയാം..” അവൻ പാട വരമ്പിലേക്ക് നടന്നു…പിന്നാലെ അവളും…കൊയ്ത്തു കഴിഞ്ഞ പാടത്തു ഇരതേടുന്ന പറവകൾ..ദൂരെ എങ്ങോ മയിൽ കരയുന്ന ശബ്ദം…അങ്ങ് പടിഞ്ഞാറ് ഭാഗത്ത്‌ മഴമേഘങ്ങളെ  തെല്ലു നീക്കി, യാത്രമൊഴി  ചൊല്ലുന്ന സൂര്യൻ…അവൾക്ക് വല്ലാത്ത ഒരു അനുഭൂതി തോന്നി…പാടവരമ്പ് അവസാനിക്കുന്നിടത്ത് ഒരു കാവ് ആണ്…ഇടതൂർന്നു  നിൽക്കുന്ന മരങ്ങൾ…ഒരു ചെറിയ നടവഴി മാത്രം  അകത്തേക്ക്…നല്ല തണുപ്പ് തോന്നുന്ന അന്തരീക്ഷം….അവൻ അവളെ  അകത്തേക്ക് ക്ഷണിച്ചു..തെല്ലു ഭയത്തോടെ  അവൾ അകത്തു കയറി…കുറച്ചു മുന്നിൽ ഒരു ചെറിയ  ചുറ്റുമതിൽ..അതിനുള്ളിൽ കറുത്ത നിറത്തിൽ സർപ്പ വിഗ്രഹങ്ങൾ…കൽവിളക്കുകൾ…പടുകൂറ്റൻ മരങ്ങൾക്ക് മുകളിൽ എങ്ങു നിന്നോ അജ്ഞതനായ പക്ഷി പാടുന്നു..

“ഇഷ്ടപ്പെട്ടോ?” അവൻ  പുഞ്ചിരിയോടെ ചോദിച്ചു..

“എന്ത് സ്ഥലമാടോ ഇത്??ഇതൊക്കെ ഈ  ഭൂമിയിൽ തന്നാണോ?” സിനി അത്ഭുതപ്പെട്ടു…

“എനിക്ക് മനസ്  അസ്വസ്ഥമാകുമ്പോൾ പോകുന്ന സ്ഥലം കാണണം എന്ന് പറഞ്ഞില്ലേ? അത് ഇതാണ്… “

അവൻ അവിടെ ഒരു മര ചുവട്ടിൽ ഇരുന്നു…

“വാ..ഇവിടെ ഇരിക്ക്‌..” ഹരി ക്ഷണിച്ചു…ഷാൾ വിരിച്ച് അവളും അവനടുത്തായി  ഇരുന്നു…

“ഇവിടെ ആളുകളൊന്നും  വരാറില്ലേ…? “

“ഏകാന്തത ഇഷ്ടപ്പെടുന്നവർ വരും…പിന്നെ, ഇവിടെ വിളക്ക് വയ്ക്കുന്ന ആളും..ഇതിന്റെ പിറകിലായി ഒരു ക്ഷേത്രം ഉണ്ട്‌..അവിടുത്തെ പൂജാരിയാണ്….”

“പാമ്പുകളൊന്നും ഉണ്ടാവില്ലേ?”

“ഉണ്ടാവും…ഇത് അവരുടെ സ്ഥലമല്ലേ…”

സിനി പേടിയോടെ ചുറ്റും നോക്കി…അവൻ ചിരിച്ചു…

“പേടിക്കണ്ട..ഇതിനുള്ളിൽ ഇതുവരെ അവർ  ആരെയും ഉപദ്രവിച്ചിട്ടില്ല…നമ്മൾ  അവരെ വേദനിപ്പിക്കത്തിടത്തോളം നമ്മളെയും ഒന്നും ചെയ്യില്ല…”

അവൾ ഒന്ന് മൂളി….പ്രകൃതിയുടെ സംഗീതം അവൾ ആസ്വദിക്കുകയായിരുന്നു..കണ്ണും അടച്ച്…അവൻ  സിനിയുടെ മുഖത്തേക്ക് ഉറ്റു നോക്കി..എന്തൊരു ഭംഗിയാണ് ഈ  പെൺകുട്ടിക്ക്….ഇത്രേം ദിവസമായിട്ടും  ആദ്യമായാണ് അവൻ  അവളെ അടുത്ത് കാണുന്നത്…

“ഡിവോഴ്സ് ചെയ്യാനുള്ള കാരണം എന്തായിരുന്നു?” ഹരി ചോദിച്ചു.

“മരിക്കാൻ മനസ്സില്ലായിരുന്നു..അത്  തന്നെ കാരണം…” കണ്ണുകൾ തുറക്കാതെ  തന്നെയുള്ള മറുപടി..

“തെളിച്ചു പറയാമോ?.. ഞാൻ  സാധാരണക്കാരനാ…സാഹിത്യം വശമില്ല..”

“എന്നേക്കാൾ കുറേ വയസ്സ് കൂടുതൽ ഉള്ള ആളായിരുന്നു..കുടുംബ പാരമ്പര്യവും അന്തസ്സും ഒക്കെ നോക്കി കെട്ടിച്ചതാ..കുറച്ച് മാസങ്ങൾക് ഉള്ളിൽ തന്നെ സംശയ രോഗം  തുടങ്ങി..ആദ്യമൊക്കെ വാക്കുകളാൽ  മുറിവേല്പിച്ചു..പിന്നെ ദേഹോപദ്രവം ആയി…പുള്ളിയുടെ കഴിവ്കേടുകൾ മറച്ചു വെയ്ക്കാൻ എന്നെ കുറ്റക്കാരി ആക്കി…അങ്ങനെ…ഒരു പരിധി കഴിഞ്ഞപ്പോൾ   ഞാൻ പ്രതികരിച്ചു..പോലീസ് കേസ് ആയി..ഒടുവിൽ സ്വാതന്ത്ര്യം കിട്ടി..അടീം  ചവിട്ടും കൊണ്ട് അടുക്കളയിലും കിടപ്പറയിലും  നശിക്കേണ്ടതല്ല എന്റെ ജീവിതം എന്ന തിരിച്ചറിവ് വന്നത് കൊണ്ട് രക്ഷപ്പെട്ടു…”

അവൾ കണ്ണ് തുറന്നു  നോക്കുമ്പോൾ ഹരി  മിഴിച്ചിരിക്കുകയായിരുന്നു..അവൾ പുഞ്ചിരിച്ചു…

“ഇപ്പൊ മനസ്സിലായോ..”

“കുറച്ചൊക്കെ..”

“അത്ര മതി..” അവൾ കൈ  നീട്ടി അവന്റെ നെറ്റിയിൽ തൊട്ടു നോക്കി..ശരീരത്തിലേക്ക് വൈദ്യുതി പ്രവഹിക്കും പോലെ അവനു തോന്നി..

“പനിക്കുന്നുണ്ടല്ലോ.”

“സാരമില്ല…മാറിക്കോളും….”

കാൽപെരുമാറ്റം  കേട്ടപ്പോൾ അവൻ എത്തി  നോക്കി..കൈയിൽ ഒരു കുപ്പിയിൽ എണ്ണയും തിരികളുമായി  പൂജാരി  വരുന്നുണ്ട്…

“ആരാ അവിടെ?” അദ്ദേഹം വിളിച്ചു ചോദിച്ചു..

“ഞാനാ തിരുമേനീ…ഹരികൃഷ്ണൻ..”

“ആഹാ…നീയായിരുന്നോ..കുറച്ചു ദിവസമായി  ഇങ്ങോട്ടൊന്നും ഇറങ്ങാറില്ല അല്ലേ…?ഇതാരാ കൂടെ?”

“കൂട്ടുകാരിയാ..ഇവിടം  കാണണം എന്ന് പറഞ്ഞതോണ്ട് കൂട്ടി വന്നതാ…”

പൂജാരി കൽവിളക്കുകൾ  തുടച്ചു വൃത്തിയാക്കിയ ശേഷം എണ്ണ പകർന്ന്  തിരി കൊളുത്തി പ്രാർത്ഥിച്ചു…അതിന്  ശേഷം തിരിച്ചു നടന്നു….കാവിനുള്ളിൽ ഇരുട്ടിനു കനം വച്ചു തുടങ്ങി…

“പോകാം..നേരം  വൈകി…ഷേർലി ചേച്ചി ഇയാളെ  അന്വേഷിക്കില്ലേ?”

“മമ്മിയെ ഞാൻ  വിളിച്ചു പറഞ്ഞിരുന്നു, ഒരിടം വരെ പോകുമെന്ന്…”

തണുത്ത കാറ്റ്  വീശിയപ്പോൾ ഹരി  ചെറുതായി വിറച്ചു തുടങ്ങി…സിനി ഷാൾ  എടുത്ത് അവനെ പുതപ്പിച്ചു…..

“തനിക്കു നല്ല പനിയുണ്ട്…
വാ പോകാം..”

“സാരമില്ലെടോ…ഇയാൾക്ക് ഇപ്പോ മനസ്സിന് ആശ്വാസം തോന്നുന്നുണ്ടോ?”

“ഉണ്ട്‌.. “

“അത് മതി..” അവൻ  സംസാരിക്കുമ്പോൾ വാക്കുകൾ വിറച്ചു…

“ഹരീ..പറയുന്നത് കേൾക്..വാ പോകാം…”

അവൾ എഴുന്നേറ്റ് അവന്റെ കൈ പിടിച്ചു…കൈകൾ ചുട്ട് പൊള്ളുന്നത് അവളറിഞ്ഞു…കാവിൽ നിന്ന് പുറത്തിറങ്ങി പത്തു ചുവടു നടന്നപ്പോൾ തന്നെ  ശക്തമായ മഴ പെയ്തു തുടങ്ങി..രണ്ടു പേരും നനഞ്ഞു കുതിർന്നു…വരമ്പിലൂടെ വേഗത്തിൽ നടക്കുന്നതിനിടെ  അവളുടെ കാലു  തെന്നി…വല്ലാത്ത വേദന അവൾക്ക് അനുഭവപ്പെട്ടു..ഹരി  അവളെ ചേർത്ത് പിടിച്ചു നടത്തിച്ചു..ഓട്ടോയുടെ അടുത്ത് എത്തിയപ്പോഴേക്കും അവൻ വല്ലാതെ തളർന്നു….അവളെ  ഇരുത്തിയ ശേഷം അവനും പിൻ സീറ്റിൽ ഇരുന്നു..എന്നിട്ട് അവളുടെ  കാല് പരിശോധിച്ചു…കാല്പാദത്തിൽ മുറിഞ്ഞിട്ടുണ്ട്…

“മരക്കുറ്റിയിലെങ്ങാണ്ട് തട്ടിയതാ…” അവൻ പുറത്തെ മഴയിലേക്ക്  ഇറങ്ങി…തിരിച്ചു വരുമ്പോൾ ഏതോ  ഇലകൾ കൈയിൽ  ഉണ്ടായിരുന്നു..ശ്രദ്ധാപൂർവം അത് പിഴിഞ്ഞ് നീര് മുറിവിൽ പുരട്ടി…ഉടുത്തിരുന്ന മുണ്ടിന്റെ അറ്റം കീറി അത് കെട്ടി വച്ചു….

സിനി അവൻ  ചെയ്യുന്നതെല്ലാം കൗതുകത്തോടെ നോക്കി ഇരിക്കുകയായിരുന്നു…ഹരി ഡ്രൈവർ സീറ്റിൽ കയറി ഇരുന്നു സ്റ്റാർട്ട്‌ ചെയ്തു…

“എടോ പോവല്ലേ…” അവൾ പറഞ്ഞു..എന്നിട്ട് ഷാൾ  പിഴിഞ്ഞ് വെള്ളം കളഞ്ഞു..അതുകൊണ്ട് അവന്റെ തല  തുവർത്തി…..

“ഇനി പോകാം ” അവൾ പുഞ്ചിരിച്ചു..മഴവെള്ളം കുത്തിയൊഴുകുന്ന മൺ പാതയിലൂടെ  ഓട്ടോ മെല്ലെ നീങ്ങി…

ബാക്കി ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ…