നീരാളികൈകൾ…
Story written by Jisha Raheesh
==========
“ജയേട്ടനെന്തു തീരുമാനിച്ചു..?എന്തെങ്കിലും ചെയ്യേണ്ടേ..എത്രാന്ന് വെച്ചാ ഇങ്ങനെ നീട്ടിക്കൊണ്ട് പോവുക? “
അനിതയുടെ ചോദ്യത്തിന് അയാളൊന്ന് മൂളിയതേയുള്ളൂ..
പിന്നെയും അവളുടെ നോട്ടം കണ്ടപ്പോൾ അയാൾ പറഞ്ഞു.
“എല്ലാം നിനക്ക് അറിയുന്നതല്ലേ അനീ, ഞാൻ എങ്ങനെയാ അയാളെ പോയി കാണുക..? “
“ന്നാലും ജയേട്ടാ..എല്ലാരും നമ്മളെയേ കുറ്റപ്പെടുത്തൂ..ഇപ്പോ തന്നെ കാണുന്നില്ലേ ജയേട്ടൻ.. “
അയാൾ വീണ്ടുമൊന്ന് മൂളി. അനിത അയാളുടെ കൈയിലെ ചായക്കപ്പ് തിരികെ വാങ്ങി പോയപ്പോൾ അയാൾ വീണ്ടും ജനലിലൂടെ പുറത്തെ ചാറ്റൽ മഴയിലേക്ക് നോക്കിയിരുന്നു.
വാക്കുകളിലൂടെ എത്ര വിവരിച്ചാലും, വേദനയുടെ തീവ്രത പൂർണ്ണമായും ആർക്കും മനസ്സിലാക്കാനാവില്ല..വർഷങ്ങളായി, ജീവന്റെ പാതിയായി, തന്റെ ഒരു നോട്ടത്തിന്റെ അർത്ഥം പോലും മനസ്സിലാക്കാൻ കഴിയുന്ന അനിതയ്ക്ക് പോലും…
അല്ലെങ്കിലും സ്നേഹം നിറഞ്ഞൊഴുകുന്ന ഒരു വീട്ടിലെ, അച്ഛനും അമ്മയ്ക്കും സഹോദരങ്ങൾക്കും ഒപ്പം വളർന്നവൾക്ക്, എങ്ങിനെ, ജനിച്ചു പോയതിൽ സ്വയം ശപിക്കേണ്ടി വരുന്ന ബാല്യങ്ങളുടെ വേദന പൂർണ്ണമായും മനസ്സിലാക്കാനാവും….
അയാൾ വെറുതെ ഫോണിലേക്ക് ഒന്ന് നോക്കി. നോട്ടിഫിക്കേഷൻ ഇപ്പോഴും വന്നു കൊണ്ടിരിക്കുന്നുണ്ട്..
പ്രശസ്ത പീഡിയാട്രിക്ക് സർജൻ ഡോക്ടർ ജയദേവന്റെ ഫേസ്ബുക്ക് പേജിൽ ഇപ്പോഴും പൊങ്കാല തുടർന്നു കൊണ്ടിരിക്കയാവും. അനിത മുൻപെപ്പോഴോ ഇട്ട ഫാദേഴ്സ് ഡേ യുടെ മെസ്സേജിനു താഴെ കണ്ടാലറയ്ക്കുന്ന കമന്റുകൾ വന്നു നിറഞ്ഞതോടെ അവളത് ഡിലീറ്റ് ചെയ്തുവെന്ന് പറഞ്ഞത് അയാൾ ഓർത്തു..
എന്നെ മനസ്സിലാക്കാൻ..എന്റെ മനസ്സിലെ വേവറിയാൻ, ഒട്ടും കുറയാതെ ആ വിങ്ങൽ അനുഭവിക്കുന്ന ഒരേ ഒരാളെ ഈ ഭൂമിയിലുള്ളൂ..
അപ്പോഴേക്കും ഫോൺ റിംഗ് ചെയ്തിരുന്നു.
“ഏട്ടാ.. “
“മോളെ… “
“ഏട്ടൻ പോണുണ്ടോ അയാളെ കാണാൻ? “
“ഞാൻ..ഞാനെന്താ വേണ്ടത് രേണു.. “
“ഏട്ടാ… “
“കുട്ടികൾ ഉറങ്ങിയോ…? “
“ഉം.. “
ഒന്നും പറയാതെ നിമിഷങ്ങൾ കടന്നു പോയി..വിങ്ങി നിറഞ്ഞ വേദനകൾ പങ്കു വെച്ച മൗനം..ഓർക്കാനിഷ്ടമില്ലാത്ത, പക്ഷെ അവർക്കേറെ പ്രിയപ്പെട്ട മറ്റൊരാൾ അതിൽ ഉള്ളത് കൊണ്ടു മാത്രം ഓർക്കേണ്ടി വരുന്ന ഭൂതകാലം..
“രേണൂ..മോള് വെച്ചോ…ഏട്ടൻ നാളെ പൊയ്ക്കോളാം..നീ വിഷമിക്കണ്ട, ഞാൻ നോക്കിക്കോളാം എല്ലാം.. “
“ഉം.. “
ഫോൺ കട്ടായിട്ടും അയാൾ പിന്നെയും അത് ചെവിയിൽ തന്നെ പിടിച്ചിരുന്നു കുറച്ചു സമയം..
രണ്ടു നാൾ മുൻപ് ഹോസ്പിറ്റലിലേക്ക് പോവാൻ റെഡി ആവുന്നതിനിടെയാണ് അനിത പത്രവുമായി ഓടി വന്നത്..തലേന്ന് രാത്രി കുറച്ചു ലേറ്റ് ആയിട്ടാണ് ഹോസ്പിറ്റലിൽ നിന്നും വന്നത്, രാവിലെ എഴുന്നേൽക്കാനും വൈകി..
ആരും തിരിഞ്ഞു നോക്കാനില്ലാതെ തെരുവിൽ കിടക്കുന്ന വയോധികനെ കുറിച്ചുള്ള വാർത്ത..ആരാലും അനുകമ്പ തോന്നിക്കുന്ന വിധത്തിലുള്ള ഫോട്ടോ..അതിനു താഴെ അയാളുടെ കുടുംബചരിത്രവും വിവരിച്ചു വെച്ചിട്ടുണ്ട്..മകൻ പ്രശസ്ത പീഡിയാട്രിക്ക് സർജൻ ജയദേവൻ..അദ്ധ്യാപികയായ മകൾ രേണുക…
ഫോൺ വിളികളുടെ ബഹളമായിരുന്നു പിന്നെ..ഹോസ്പിറ്റലിൽ അവിടെയും ഇവിടെയും നിന്നുള്ള പിറുപിറുക്കലുകൾ കേട്ടില്ലെന്ന് നടിച്ചു. ലക്ഷങ്ങൾ വരുമാനമുള്ള ഡോക്ടർക്ക് സ്വന്തം അച്ഛനെ നോക്കാനുള്ള മനസ്സില്ലേ എന്നത് ചർച്ചയാവുന്നത് കണ്ടു..
ആരെന്തു പറഞ്ഞാലും, അതൊക്കെ നേരിടാനുള്ള കരുത്ത് എന്നേ മനസ്സിൽ ആവാഹിച്ചിട്ടുണ്ടായിരുന്നു..പക്ഷെ രേണു..തന്റെ കുഞ്ഞനുജത്തി..
ജന്മം നൽകാനുള്ള ബീ ജദാതാവ് മാത്രമാണോ അച്ഛൻ എന്ന ചോദ്യം മനസ്സിൽ ശ്വാസം മുട്ടി നിന്നു..
ഇടിയും തൊഴിയും കൊണ്ടു അവശയായ അമ്മ, വിശന്നു കരയുന്ന എന്നെ പാല് വറ്റി തുടങ്ങിയ മാറിടത്തിലേക്ക് ചേർത്ത് വെക്കുമ്പോൾ, ആക്രോശിച്ചു എന്നെ എടുത്തു വലിച്ചെറിഞ്ഞു അമ്മയെ വലിച്ചു കൊണ്ടു പോയിട്ടുണ്ട് അയാൾ. ഇത്തിരി സമയത്തിന് ശേഷം തൊട്ടപ്പുറത്തെ ഞരക്കങ്ങളും മുരൾച്ചകളും എന്തെന്നറിയാതെ, അമ്മയെ കാണാതെ, വിതുമ്പി കരയുന്ന എന്നെ വാരിയെടുക്കുന്ന, അമ്മയുടെ മാ റിൽ നിന്നും വരുന്ന പാൽത്തുള്ളികൾക്കൊപ്പം ചോ രയുടെ രുചിയും അറിഞ്ഞിട്ടുണ്ട് ഞാൻ..
കുരുതിക്കളത്തിലേക്കെന്നറിയാതെ, അഞ്ചു പെണ്മക്കൾക്കിടയിൽ നിന്നും ഒരാളെങ്കിലും രക്ഷപെട്ടോട്ടെയെന്ന് കരുതി അവളെ അയാളുടെ കൈകളിൽ ഏല്പിച്ച, മാതാപിതാക്കളുടെ അടുത്തേക്ക് തിരിച്ചു ചെല്ലാൻ അമ്മയ്ക്കും ആവില്ലായിരുന്നു.
കോരിച്ചൊരിയുന്ന മഴയത്ത്, ഓല മേഞ്ഞ കൂരയ്ക്കുള്ളിലെ ചിമ്മിനി വിളക്കിന്റെ വെളിച്ചത്തിൽ പുസ്തകങ്ങൾ തുറന്നു വെയ്ക്കുമ്പോഴും, ഏറെ വൈകാതെ ഉറയ്ക്കാത്ത ചുവടുകളുമായി കയറി വരുന്ന അയാളുടെ മുഖമായിരുന്നു മനസ്സിൽ..അയാൾ വരാതിരുവെങ്കിൽ എന്ന പ്രാർത്ഥന..
ഒരു ദിവസം സ്കൂളിൽ നിന്നും വന്നപ്പോൾ, ഒരു കുഞ്ഞാവ കൂടെ വരുന്നുണ്ടെന്ന് അമ്മ പറഞ്ഞപ്പോൾ ആർത്തു വിളിക്കാൻ തോന്നിയതായിരുന്നു.അടുത്ത നിമിഷം അമ്മയുടെ നിറഞ്ഞ കണ്ണുകൾ കണ്ടു..
കയർ പിരിച്ചും ഓല മെടഞ്ഞും കിട്ടുന്ന ചില്ലറ തുട്ടുകൾ കൊണ്ടു തള്ളി നീക്കുന്ന ദുരിതജീവിതത്തിലേക്ക് ഒരാൾ കൂടെ കൂട്ട് വരുന്നതിനെ പറ്റി ഓർത്തത് അപ്പോഴാണ്..
ഗർഭിണിയായിട്ടും അയാളുടെ രീതികളിൽ ഒന്നും ഒരു മാറ്റവുമുണ്ടായിരുന്നില്ല..പലപ്പോഴും അമ്മയുടെ നിറവയറിനു മുൻപിൽ നിന്ന് അടിയും തൊഴിയും ഏറ്റു വാങ്ങുമ്പോൾ കുഞ്ഞാവയ്ക്ക് വേദനിക്കല്ലേ എന്ന ചിന്ത മാത്രമായിരുന്നു മനസ്സിൽ..
വേനൽ ചൂടിൽ പൊള്ളുന്ന ഒരു പകലിലാണ്, ആ കൂരയുടെ ഉള്ളിൽ നിന്നും ആ കുഞ്ഞു കരച്ചിൽ എന്റെ ചെവിയിലെത്തിയത്..പുറത്ത് കാത്തു നിന്നിരുന്ന ഒൻപതു വയസ്സുകാരന്റെ മുന്നിലേക്ക് ചാരി വെച്ച ഓലമറ നീക്കി വയറ്റാട്ടി നാരായണിയേടത്തി കൈയിൽ ഒതുക്കി പിടിച്ച ആ തുണിക്കെട്ട് നീട്ടി കാണിച്ചപ്പോൾ ആ ചുവന്ന മുഖം കാണാൻ ഒരു ഭംഗിയും ഇല്ലല്ലോ എന്നാണ് ആദ്യം തോന്നിയത്..അപ്പോഴാണ് അവളാ ചുണ്ടുകൾ പിളർത്തിയൊന്നു കരഞ്ഞത്..നെഞ്ചിലൊരു പിടച്ചിലായിരുന്നു..
ഇന്നും സ്കൂളിൽ പഠിക്കുന്ന, രണ്ടു കുട്ടികളുടെ അമ്മയായ അവളുടെ കണ്ണുനിറയുന്നത് കാണുമ്പോൾ ഉള്ളിൽ അതേ പിടച്ചിലാണ്..
ഓർമ്മ വെച്ചപ്പോൾ മുതൽ കാണുന്ന രംഗങ്ങളിൽ ഒരു കഥാപാത്രം കൂടെ വന്നു ചേർന്നുവെന്നല്ലാതെ ജീവിതത്തിനു മാറ്റങ്ങളൊന്നും വന്നില്ല..
അമ്മയുടെ സഹോദരങ്ങൾക്ക് സാമ്പത്തികമായി വലിയ മെച്ചമൊന്നുമില്ലെങ്കിലും, കെട്ടിയ പെണ്ണിനേയും ജനിപ്പിച്ച മക്കളെയും പോറ്റണമെന്ന ബോധമുള്ള പങ്കാളികളെയായിരുന്നു കിട്ടിയിരുന്നത്..
അയാളെ പേടിച്ചു ആരും ഇങ്ങോട്ട് വരാറില്ലായിരുന്നുവെങ്കിലും അവരുടെ മക്കളുടെ പഴയ ഉടുപ്പുകളും മറ്റും എങ്ങിനെയെങ്കിലും ഞങ്ങൾക്ക് എത്തിച്ചിരുന്നു..എന്നാലും അവരുടെ വീടുകളിൽ പോവുന്നത് എനിക്ക് വിമ്മിഷ്ടം തന്നെയായിരുന്നു..അവിടെ നിന്നും ചോറുണ്ണുമ്പോൾ അമ്മയുടെ മുഖം മനസ്സിൽ തെളിയും..എന്തെങ്കിലും കഴിച്ചു കാണുമോ എന്ന ചിന്തയിൽ വറ്റുകൾ തൊണ്ടയിൽ തടയും..അല്ലെങ്കിൽ ആ കുടുംബത്തിലെ മക്കളോടുള്ള അച്ഛന്റെ കരുതലും സ്നേഹവും കാണുമ്പോൾ കണ്ണു നിറയും..വേദനിപ്പിക്കാൻ വേണ്ടിയായിരുന്നില്ലെങ്കിൽ കൂടി അവർ പറയുന്ന പലതും നെഞ്ചിൽ തറയ്ക്കും..
വീടിനപ്പുറത്തുള്ള തോട്ടിൻ കരയിലോ, ഔസേപ്പ് മാപ്പിളയുടെ തെങ്ങിൻ തോപ്പിലോ കളിച്ചു കൊണ്ടിരിക്കുമ്പോൾ പെട്ടെന്നാവും ഒരു ഒച്ചപ്പാടും കരച്ചിലുമൊക്കെ കേൾക്കുക..ശ്വാസം പോലുമെടുക്കാതെ കൂരയിലേക്ക് ഓടുന്നതിനിടയിൽ കൂടെ കളിച്ചവർ കൗതുകത്തോടെ നോക്കി നിൽക്കും..
കാഴ്ച്ച കാണാനായി ചിലരൊക്കെ വേലിയ്ക്കരികിലും അവരുടെ മുറ്റത്തതിരിലുമൊക്കെ ഉണ്ടാവും. ആരെയും നോക്കാതെ ഉള്ളിലേക്കെത്തുമ്പോൾ കാണുക അയാളുടെ കൈകളിൽ കിടന്നു പിടയുന്ന അമ്മയെ ആവും..അപ്പോഴും അമ്മ മുറിഞ്ഞ ശബ്ദത്തിൽ പറയുന്നത് ഭയന്നു കരയുന്ന രേണുവിനെ നോക്കാനാവും..
എങ്ങിനെയെങ്കിലും അയാളുടെ നോട്ടവും ശ്രെദ്ധയും ഞങ്ങളിൽ നിന്നും തിരിച്ചു വിടാൻ അമ്മ ശ്രെമിക്കും..ഒരു വൈകുന്നേരം അയാൾ നാ യാട്ട് കഴിഞ്ഞു പുറത്തേക്കിറങ്ങിയപ്പോൾ ഒരു മൂലയ്ക്ക് ചുരുണ്ടു കൂടി കിടന്ന അമ്മയ്ക്കരികെ ഇരുന്നാണ് ഞാൻ പറഞ്ഞത്.
“അമ്മേ മ്മക്ക് എങ്ങോട്ടെങ്കിലും ഓടി പോയാലോ…? “
അമ്മ കണ്ണുകൾ ഉയർത്തി എന്നെയൊന്നു നോക്കി..ഒരു വിളറിയ ചിരി ആ ചുണ്ടിലുണ്ടായിരുന്നു…
ഞങ്ങളെ മ രണത്തിലേക്ക് തള്ളിവിടാനുള്ള ഭയം കൊണ്ടു മാത്രം ആ നരകത്തിൽ സ്വയം ഉരുകി തീരാൻ തീരുമാനിച്ച അമ്മ..
ഒരു പതിനാലു വയസ്സുകാരന് ചെയ്യാൻ പറ്റുന്ന ജോലികളൊക്കെ ചെയ്തു. അമ്മയ്ക്ക് വയ്യാതായി തുടങ്ങിയിരുന്നു..
ആ ഒറ്റ മുറി വീട്ടിനുള്ളിൽ, ഇരുട്ടിൽ തൊട്ടപ്പുറത്തു നിന്നും ചെവിയിലെത്തുന്ന കിതപ്പും ഞരക്കങ്ങളും, ചിലപ്പോഴൊക്കെ അയാളുടെ കേട്ടാലറയ്ക്കുന്ന വാക്കുകളും എന്താണെന്ന് മനസ്സിലായി തുടങ്ങിയിരുന്നു..ആദ്യമൊക്കെ അയാൾ ഇരുട്ടിൽ അമ്മയെ കൊല്ലുകയാണോ എന്ന പേടിയായിരുന്നു..പിന്നെ പിന്നെ ആ ശബ്ദങ്ങൾ കാതിലെത്താതിരിക്കാൻ വിയർപ്പ് നാറുന്ന തലയിണ ചെവികൾക്കു മേൽ അമർത്തി കിടക്കുമായിരുന്നു..
പലപ്പോഴും വായനശാലയിലെ ഏതോ ഒരു പുസ്തകത്തിൽ നിന്നും കണ്ണിൽ പെട്ട ഒരു രംഗം മനസ്സിലെത്തും..
വയ്യാതെ കിടക്കുന്ന ഭാര്യയെ പ്രാപിക്കാൻ മ ദ്യപിച്ചു മദോ ന്മത്തനായി എത്തുന്ന ഭർത്താവ്. അവരെങ്ങാനും വിസമ്മതിച്ചാൽ ക്രൂ രമർദ്ദനമാണ്. ഒരിക്കൽ അത് കണ്ടു സഹികെട്ടു ചോദിച്ച കൗമാരക്കാരനായ ആ മകനോട് ആ അമ്മ പറയുന്നതാണ്..
“അമ്മയ്ക്ക് തീരെ വയ്യാഞ്ഞിട്ടാ മോനെ ഇന്നലെയും അമ്മ സമ്മതിച്ചതാ, ഇന്ന് അമ്മയ്ക്ക് ഒട്ടും വയ്യ.. “
പത്താം ക്ലാസ്സ് പരീക്ഷ കഴിഞ്ഞുള്ള അവധി ദിവസങ്ങളിലൊരു നാളാണ് ബഹളം കേട്ട് വീട്ടിലേക്ക് ഓടിയെത്തിയത്. ഉള്ളിലേക്ക് കയറുന്നതിനു മുൻപേ കരച്ചിലോടെ രേണു മോൾ ഓടി വന്നു എന്നെ കെട്ടിപിടിച്ചു. അമ്മയുടെ മുടിക്കെട്ടിൽ ചുറ്റി പിടിച്ചു മുതുകിൽ ഇടിക്കുന്നുണ്ട് അയാൾ. മൂക്കിലൂടെ രക്തം ഒഴുകുമ്പോഴും അയാളെ തടയാൻ ശ്രെമിക്കുന്നുണ്ട് അമ്മ..
“ഞാൻ ഉണ്ടാക്കീതല്ലേ, അത് ചിലപ്പോൾ ഞാൻ അനുഭവിച്ചെന്നും വരും. അതിന് നീ ആരാടി ചോദിക്കാൻ..? “
ചുരുക്കം ചില വാക്കുകളിൽ നിന്നും അയാൾ രേണുവിനെ ഉപദ്രവിക്കാൻ ശ്രെമിച്ചുവെന്ന് അറിഞ്ഞപ്പോൾ എന്റെ നിയന്ത്രണം വിട്ടു.
ഇറയത്തു തിരുകി വെച്ചിരുന്ന, അമ്മ പുല്ലരിയാൻ കൊണ്ടു പോവുന്ന അരിവാൾ ആണ് കൈയിൽ കിട്ടിയത്. അയാൾക്ക് നേരേ തലങ്ങും വിലങ്ങും അത് വീശുമ്പോൾ താൻ വിറയ്ക്കുന്നുണ്ടായിരുന്നു.
അയാൾ പേടിയോടെ പുറത്തേക്ക് ഓടുമ്പോൾ നിലത്ത് നിറയെ ചോ രത്തുള്ളികൾ ഇറ്റിറ്റു വീഴുന്നുണ്ടായിരുന്നു.
എന്റെ കണ്ണുകളിലെ തീ അയാളെ ഭയപ്പെടുത്തിയിരിക്കണം..അമ്മ പേടിച്ചത് പോലെ അയാൾ പ്രതികാരവുമായി തിരികെ എത്തിയില്ല..
അധികം വൈകാതെ അമ്മ യാത്രയായി..അയാളുടെ ക്രൂ രതകൾ ഏറ്റു വാങ്ങാനും ഞങ്ങളെ നൊന്തു പ്രസവിക്കാനും മാത്രമൊയൊരു ജന്മം..അതായിരുന്നു അമ്മ..ഒരിക്കൽ പോലും ഒന്ന് മനസ്സ് നിറഞ്ഞു ചിരിച്ചു കണ്ടിട്ടില്ല..
ആ ചെറിയ പ്രായത്തിൽ ചെയ്യാത്ത ജോലികളില്ല..ഇടയ്ക്കൊക്കെ സഹായമായി എത്തുന്ന കൈകളും ജീവിതത്തെ പടുകുഴിയിൽ നിന്നും കരകയറ്റാൻ സഹായിച്ചു..
അന്ന് പോയതിൽ പിന്നെ അയാളെ കണ്ടിട്ടില്ല..വേറെ കല്യാണം കഴിച്ചു എന്ന് എപ്പോഴോ ആരോ പറയുന്നത് കേട്ടിട്ടുണ്ട്..അയാളുടെ ചോ രയാണ് ശരീരത്തിലൂടെ ഓടുന്നതെന്ന് ഓർക്കുമ്പോൾ അറപ്പാണ്..
അനിതയോട് വിവാഹത്തിന് മുൻപേ തന്നെ എല്ലാം പറഞ്ഞിട്ടുണ്ട്..വല്ലപ്പോഴും താനും അനിതയും തമ്മിൽ പിണങ്ങുമ്പോൾ അല്ലെങ്കിൽ ഒന്ന് ശബ്ദമുയർത്തി സംസാരിക്കുമ്പോൾ മക്കളുടെ കണ്ണുകളിൽ നിറയുന്ന ഭയം കണ്ടിട്ടാണ് അതിനുള്ള സാഹചര്യങ്ങൾ ഒഴിവാക്കാൻ ശ്രെമിക്കാറുള്ളത്..അവരുടെ നെഞ്ചിടിപ്പ് മറ്റാരേക്കാളും മനസ്സിലാക്കാൻ എനിക്ക് കഴിയുമല്ലോ..
ഷെൽട്ടർ ഹോമിന്റെ കോമ്പൗണ്ടിൽ കാർ നിർത്തുമ്പോൾ ഉള്ളിൽ ലവലേശം പരിഭ്രമം തോന്നിയില്ല. അകത്തു കയറി വിവരം പറഞ്ഞു അവരിലൊരാളോടൊപ്പം ഉള്ളിലേക്ക് നടക്കുമ്പോഴും പിറുപിറുക്കലുകൾ കേൾക്കാമായിരുന്നു..
“അയാളോടൊക്കെ ദൈവം ചോദിക്കും, സ്വന്തം അച്ഛനെയല്ലേ തിരിഞ്ഞു നോക്കാതെ തെരുവിൽ ഉപേക്ഷിച്ചത്… “
ചുണ്ടിൽ വരണ്ടൊരു ചിരി വിടർന്നു..
“നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകൾ മാത്രമാണ്..” (ആടുജീവിതം.. )
എന്തോ ആ വരികളാണ് മനസ്സിലേക്ക് എത്തിയത്..
കട്ടിലിൽ കിടന്നിരുന്ന അയാൾ തിരിച്ചറിയാൻ ആവാത്ത വിധം മാറിപോയിരുന്നു. കൂടെ വന്ന ആൾ വിളിച്ചുണർത്തി കാര്യം പറഞ്ഞപ്പോൾ എന്നെ നോക്കിയ അയാളുടെ കണ്ണുകൾ ഒന്ന് തിളങ്ങിയത് ഞാൻ കണ്ടു..
ഞങ്ങളെ തനിച്ചാക്കി അറ്റൻഡർ പോയി. ഇത്തിരി നേരത്തെ നിശബ്ദതയ്ക്കൊടുവിൽ ഞാൻ പതിയെ പറഞ്ഞു..
“നിങ്ങളോട് ക്ഷമിക്കാൻ എനിക്കാവും, കാരണം എന്നെ പെറ്റു പോറ്റിയത് ആ അമ്മയാണ്..പക്ഷേ ഞാൻ ഒന്നും മറക്കില്ല, കാരണം എത്ര നിഷേധിച്ചാലും എന്റെ ശരീരത്തിൽ ഓടുന്നത് നിങ്ങളുടെ ചോ രയാണ്.. “
അയാൾ പകച്ചു നോക്കുന്നത് കണ്ടപ്പോൾ എന്റെ ചുണ്ടിലൊരു ചിരി തെളിഞ്ഞു. അത് ചിരിക്കാൻ മറന്നു പോയിരുന്ന എന്റെ അമ്മയ്ക്ക് വേണ്ടിയായിരുന്നു…
~സൂര്യകാന്തി ?
തെരുവിലാവുന്ന വാർദ്ധക്യങ്ങൾക്കു പിന്നിൽ അപൂർവ്വമായെങ്കിലും ഇങ്ങനെയും ചില കഥകളുണ്ടാവും…
ഡോക്ടർ ജയദേവൻ എന്ത് ചെയ്തുവെന്നത് നിങ്ങൾക്ക് വിടുന്നു..അയാൾ അച്ഛനോട് ക്ഷമിച്ചു സംരക്ഷണം ഏറ്റെടുത്തോ, അതോ പ്രതികാരം ചെയ്തോ….