തല കുളിച്ചുതുവർത്തി, തോർത്തു തലയിൽ ചുറ്റിക്കെട്ടി വക്കുമ്പോഴേക്കും കേട്ടു വാതിലിൽ തട്ടും മുട്ടും..

ചില കുടുംബചിത്രങ്ങൾ

Story written by Lis Lona

=============

“ഇന്ദൂ കുളി കഴിഞ്ഞോ…ഒന്ന് വാതിൽ തുറന്നേ മോളെ ഒരു കാര്യം പറയാനാ…”

തല കുളിച്ചുതുവർത്തി, തോർത്തു തലയിൽ ചുറ്റിക്കെട്ടി വക്കുമ്പോഴേക്കും കേട്ടു വാതിലിൽ തട്ടും മുട്ടും..ഇങ്ങേരെ കൊണ്ട് തോറ്റു…ഇതൊന്നുമില്ലാതെ തന്നെ അമ്മ പറയണത് എന്റെ വാലിലാണ് ഉണ്ണിയേട്ടൻന്നാ…

“എന്താ വേണ്ടേ…ഞാൻ കുളി കഴിഞ്ഞു ഇപ്പൊ വരും…മനുഷ്യമ്മാരെ പറയിപ്പിക്കാനായി..നിങ്ങളങ്ങട് പോയേ…”

ബക്കറ്റിൽ നിറഞ്ഞു തൂവാൻ തുടങ്ങിയ വെള്ളമെടുത്തു മേല് കോരിയൊഴിക്കുന്നതിനിടയിൽ ഞാനുറക്കെ വിളിച്ചു പറഞ്ഞു…രാവിലെ മുതലുള്ള ജോലിയെല്ലാം തീർത്തു ഇളംചൂടുള്ള വെള്ളം ശരീരത്തിൽ വീഴുമ്പോൾ എന്ത് സുഖം….

ഉണ്ണിയേട്ടന്റെ അനിയൻ വേണുവിന് പെണ്ണ് ഉറപ്പിച്ചിടത്തേക്ക്  കുടുംബക്കാരെല്ലാം കൂടി പോകുന്ന ചടങ്ങാണ് ഇന്ന് ഉച്ചക്ക് ശേഷം..

അമ്മാവന്മാരും വല്ല്യച്ഛനുമൊക്കെ ഇപ്പൊ വരും കുടുംബമായിട്ട്…അതിന് മുൻപേ മോളെ കുളിപ്പിച്ചൊരുക്കി ഞാനൊന്ന് കുളിക്കാൻ കയറിയെ ഉള്ളൂ….അപ്പോഴേക്കും തുടങ്ങി വിളി…

“എന്റെ ആ കറുപ്പ് പാന്റ് എടുത്തു വക്കാൻ പറഞ്ഞതല്ലേ നിന്നോട്..ന്നിട്ടെന്തിനാ ഈ മുണ്ട് വച്ചേക്കണത്…അതൊക്കെ നിക്കട്ടെ നീയൊന്ന് വാതിൽ തുറന്നേ പൊന്നേ…ഒരൂട്ടം പറയട്ടെ….പേടിക്കണ്ട!!അമ്മ മോളെയും കൊണ്ട് അമ്മായിയെ വിളിക്കാൻ പോയി…”

“ദേ…ഒലിപ്പീരും കൊണ്ട് ഓടിക്കോ…അരമണിക്കൂർ മുൻപേ കണ്ട പോലെ തന്നെയാ ഞാനിപ്പോളും ഉള്ളത് അങ്ങനെയിപ്പോ കാണാനും കേൾക്കാനും പുതിയതൊന്നുമില്ല…അമ്മ കേട്ട് വന്ന് എന്നെക്കൂടെ നാണം കെടുത്താതെ നിങ്ങളൊന്നു അപ്പുറത്തേക്ക് പോയെ …”

വലത്കാലെടുത്തു വച്ച്  കയറി വന്ന അന്ന് മുതലേ അമ്മക്കെന്നെ കണ്ണിൽ പിടിക്കില്ല എന്തൊക്കെ ചെയ്ത് കൊടുത്താലും മുഖം തെളിയാതെ ഇടയ്ക്കിടെ ‘ഇതിലും നല്ല ബന്ധം കിട്ടിയേരുന്നു….അവനൊത്ത പെണ്ണായില്ലെന്ന് ‘ വരുന്ന ബന്ധുക്കളോട് പറയുന്നത് കേൾക്കാം..

പൊന്നും പണവുമൊന്നും വേണ്ടാന്ന് ഭംഗിക്ക്  പറഞ്ഞ് മകന്  വേണ്ടി അമ്മയെന്നെ പെണ്ണ് പറഞ്ഞു വച്ചത്  കൃഷിക്കാരനായ അച്ഛന്റെ ഭൂസ്വത്തു കണ്ടാണ്…രണ്ട് പെണ്മക്കളായത് കൊണ്ട് ഉള്ളതിൽ പാതി എനിക്ക് കിട്ടുമല്ലോ എന്ന മുൻധാരണ..

കൃഷിയിറക്കാനായി എടുത്ത കടം തൊണ്ടക്കൊപ്പം നിൽക്കുന്നതിനു പുറമെയാണ് കോ ഓപ്പറേറ്റീവ് ബാങ്കിൽ വീടിന്റെ ആധാരം ഈടു വച്ചെടുത്ത പൈസക്ക് അച്ഛനെക്കൊണ്ട് കഴിയുന്ന രീതിയിലെല്ലാം കല്യാണ ഒരുക്കങ്ങൾ നടത്തിയതും സ്വർണ്ണമെടുത്തതും..എന്നിട്ടും…

“ഇതേയുള്ളു??ചോദിച്ചില്ലെങ്കിലും കല്യാണപ്പന്തലിലേക്ക് ഇറക്കുന്ന മകൾക്ക് കൊടുക്കാനുള്ളത് കൊടുക്കുന്നതല്ലേ   മാന്യത…ഇതിപ്പോ തരം കിട്ടിയപ്പോ നക്കാപിച്ചക്ക് മോളെ ഇറക്കിവിടാണല്ലേ…”

മണ്ഡപത്തിൽ കയറും മുൻപേ അച്ഛനോട് മുഖം മുഷിച്ചു കുശുകുശുക്കുന്ന ഉണ്ണിയേട്ടന്റെ അമ്മയെ കണ്ടതോടെ കല്യാണം വേണ്ടെന്ന് പറയാൻ നാവ് ഉയർത്തിയതാണ് പക്ഷേ…അനിയത്തിയുടെ കണ്ണിലെ പേടിയും അച്ഛന്റെ മുഖത്തെ കടബാധ്യതയുടെ  ആവലാതിയും കണ്ടതോടെ നാവ് തനിയെ താഴ്ന്നു…

പൊട്ടനെ പോലെ നിൽക്കാതെ കിട്ടാനുള്ള മുതല് ചോദിച്ചു വാങ്ങിയില്ലെങ്കിൽ അമ്മായിഅച്ഛൻ പറ്റിച്ചു കളയുമെന്ന് വരെ അമ്മ തരംകിട്ടുമ്പോഴൊക്കെ ഉണ്ണിയേട്ടനോട് പറയുന്നത് നെഞ്ച് പൊടിയുന്ന വേദനയോടെയാണ് കേട്ടു നിന്നത്…

കല്യാണപ്പിറ്റേന്ന് മുതൽ എന്തെല്ലാം ചടങ്ങുകളാണ് അതിനുള്ള കാശിന് വേണ്ടി അച്ഛൻ നെഞ്ഞുരുകി ഓടിനടക്കുന്നത് വേദനയോടെ നോക്കി നിൽക്കാനേ കഴിഞ്ഞുള്ളു…

പ്രസവചിലവായും കുഞ്ഞിനുള്ള സ്വർണമായും മോൾടെ ഒന്നാംപിറന്നാളിന്റെ ആഘോഷങ്ങളായും  ഒന്നൊഴിയാതെ അച്ഛന്റെ തോളിലേക്ക് വച്ചുകൊടുക്കുന്നത് കണ്ടപ്പോഴേ മനസിലായി കല്യാണം മാത്രമല്ല ബാധ്യത അത് കഴിഞ്ഞും മകൾ അച്ഛനൊരു ബാധ്യത തന്നെ…

പ്രാരാബ്ദക്കാരനായ അച്ഛന്റെ പൊന്നും പണവുമൊന്നും ഇവിടാർക്കും വേണ്ടെന്ന്  പറഞ്ഞ് വാങ്ങിക്കൂട്ടിയ  സ്വർണം ഏത് വഴിയൊക്കെ പോയെന്ന് ഇപ്പോഴും അറിയില്ല….

അടുക്കള പുതുക്കിപണിയാൻ….വാട്ടർ ടാങ്ക് മാറ്റി വക്കാൻ…അമ്മാവന്റെ മോൾടെ കല്യാണത്തിന് ഇങ്ങോട്ട് വാങ്ങിയ മുതൽ തിരികെ കൊടുക്കാൻ…അങ്ങനെയങ്ങനെ ബാക്കി ഇപ്പൊ ഒന്നൊരണ്ടോ വളയും താലിമാലയും മാത്രം…

അവഗണനയിലും പരിഹാസം കലർത്തിയ  സംസാരത്തിലും അമ്മ പലപ്പോഴായി കുത്തി നോവിച്ചപ്പോഴൊക്കെ സാരമില്ലെന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു…

നിസ്സഹായാവസ്ഥയോടെ അമ്മയോടൊപ്പം നിൽക്കണോ ഭാര്യയ്‌ക്കൊപ്പം നിൽക്കണോ എന്നാലോചിച്ചു വിഷമിക്കുന്ന ഉണ്ണിയേട്ടനെ സമാധാനിപ്പിക്കാനും മറന്നില്ല.

കടബാധ്യത തലക്ക് മുകളിലായപ്പോൾ അച്ഛന്റെ വരവ് കുറഞ്ഞു…ഭാഗ്യത്തിന് കല്യാണം ഉറപ്പിച്ചപ്പോൾ മുതൽ സൗഭാഗ്യങ്ങൾ കൈനിറയെ കൊണ്ട് വരാൻ പോകുന്ന രണ്ടാമത്തെ മരുമകളെ പറ്റി പറയാൻ മാത്രേ അമ്മക്ക് നേരമുള്ളൂ..

ഒറ്റമകളായതുകൊണ്ട് വീടും സ്ഥലവും ഇപ്പോഴേ നിത്യമോൾടെ പേരിലാണെന്ന് പറയുമ്പോൾ അമ്മ അഭിമാനത്തോടെ ശിരസ്സുയർത്തി പിടിക്കും ഒപ്പം പുച്ഛത്തോടെ എന്നെയൊരു നോട്ടവും….

വാതിലിൽ തട്ടുന്ന ശബ്ദം നിന്നതും ഞാൻ ചെവിയോർത്തു…പാവം..അമ്മയുള്ളപ്പോൾ പേടിച്ചാണ് അടുത്തേക്ക് വരാത്തത്..അറിയാം ഒരുപാടിഷ്ടമാണെന്നെ …

“എന്നാ നീ ബലം പിടിച്ചിരുന്നോ വാതിൽ തുറക്കണ്ട ഞാൻ പോവാ…എനിക്ക് വേറെ പണിയുണ്ട്…”

അരിശം പിടിച്ചു ഉണ്ണിയേട്ടൻ വിളിച്ചു പറഞ്ഞത് ഞാൻ കേട്ടു….നേരം വൈകിക്കുന്നില്ല…വേഗം കുളിച്ചിറങ്ങി  ഞാൻ…

അ ടിപാവാടയും ബ്ലൗസും ഇട്ട് അരക്കൊപ്പമുള്ള മുടി ഫാനിനു കീഴെ നിന്ന് തുവർത്തുന്നതിനിടയിൽ കള്ളനെ പോലെ പതുങ്ങി വന്ന ഉണ്ണിയേട്ടന്റെ കൈകളെന്നെ പിന്നിലൂടെ ചുറ്റിപിടിച്ചു..ചേർത്ത് നിർത്തി നനവുള്ള പിൻകഴുത്തിൽ മുഖമമർത്തിയുമ്മ വച്ച് മെല്ലെ പറഞ്ഞു…

“വേഗം ഒരുങ്ങിക്കോ അവരെല്ലാം തയ്യാറായി വന്നു…ഇനി നീ നേരം വൈകിയതും പറഞ്ഞ് അമ്മ  മുഖം കറുപ്പിക്കും…ഇറങ്ങാൻ നേരത്തു നിന്റെ കണ്ണ് നിറഞ്ഞിരിക്കണത്  കാണാനെനിക്ക് വയ്യ….”

അത് പറയാൻ വേണ്ടി വന്നപോലെ പറഞ്ഞു തീർന്നതും ആളോടി…അല്ലെങ്കിലും അമ്മയെ പേടിക്കാതെ പകൽ എന്റടുത്തു ഉണ്ണിയേട്ടൻ സമയം ചിലവഴിക്കുന്നത് കല്യാണം കഴിഞ്ഞു ഈ മൂന്നു വർഷവും കണ്ടിട്ടില്ലല്ലോ…

സാരി ഞൊറിഞ്ഞു ഭംഗിയിൽ പിൻകുത്തി അ രക്കെട്ടിലെ പാവാടവള്ളിയിലേക്ക് തിരുകികയറ്റുമ്പോൾ ഓർത്തു കല്യാണത്തിരക്ക് തുടങ്ങിയതോടെ ഒന്നുകൂടി ക്ഷീണിച്ചിരിക്കുന്നു..എങ്കിലും ഒരുടവും തട്ടാത്ത ഉടൽ ആരുമൊന്നു നോക്കിപ്പോകും….

മുടിയൊക്കെ ഒതുക്കികെട്ടി ഉമ്മറത്തേക്ക് ചെന്നപ്പോഴേക്കും വന്നവരെല്ലാം കൂടിയെന്നെ പൊതിഞ്ഞു…

“ഇന്ദിരേടത്തിടെ മുടി പിന്നേം നീളം വച്ചല്ലോ…കാണുമ്പോ കൊതിയാവാ….”

ആറേഴു മാസം മുൻപേ സുമംഗലിയായ അമ്മാവന്റെ മകൾ സുമിത്ര , തലയിലെ നാലുംമൂന്നും ഏഴു മുടിയിലൊന്നു തലോടുന്നതിനിടയിൽ അസൂയയോടെ എന്നെയുഴിഞ്ഞൊന്നു നോക്കി അവൾടെ കഴുത്തിലെ പാലക്കാമാല ശരിക്കിട്ടു…എന്റെ സാരിമാലക്ക് രൂപമാറ്റം വരുത്തി കൊടുത്ത അതിലേക്കെന്റെ കണ്ണെത്താതെ ഞാൻ മുഖം തിരിച്ചു…

അവരോടുള്ള കുശലാന്വേഷണത്തിനിടയിലെപ്പോഴോ അമ്മയെ നോക്കിയതും അമ്മയെന്നെ ധൃതിയിലകത്തേക്ക്  വരാൻ ആംഗ്യം കാണിച്ചു…

“നീയും കൂടി വന്നാൽ വീടടച്ചു പൂട്ടി പോകണം…നിനക്കിനിയും പൊയ്ക്കൂടേ…വന്നവർ പോയി വരട്ടെ..ഞാൻ മോളെയും കൊണ്ട് പോയി വരാം…ഇന്നലെ പറയണമെന്ന് ഓർത്തതാ വിട്ടുപോയി…”

പുലർച്ചെ എഴുന്നേറ്റ് ഒരു നിമിഷം കളയാതെ എല്ലാ ജോലിയും തീർത്തു ഒരുക്കവും കഴിഞ്ഞു ഇറങ്ങാൻ നേരം അമ്മയത് പറഞ്ഞതും ഉള്ളിൽ തികട്ടി വന്ന സങ്കടവും അരിശവും മറച്ചു ഞാൻ തലയാട്ടി….

നെഞ്ചിലാകെ ഒരു കനം…പോകാനുള്ള ഇഷ്ടം കൊണ്ടല്ല സങ്കടം വന്നത്..ഒരുങ്ങിക്കെട്ടിയിട്ടും അവസാനനിമിഷം ഒഴിവാക്കപ്പെട്ടതിന്റെ വേദനയാണ്…

“അതേ നീ ആലോചിച്ചു നിൽക്കാതെ വന്നവർക്ക്‌ ഓരോ ഗ്ലാസ് ചായയെടുക്ക്…വണ്ടി ഇപ്പൊ വരുമെന്നാ ഉണ്ണി പറഞ്ഞേ…”

അമ്മ മോളെയും കൊണ്ട് മുൻഭാഗത്തേക്ക് നടന്നു…ഞാൻ സാരിത്തലപ്പ്  എളിയിലേക്ക് കുത്തി അടുക്കളയിലേക്കും…

ചായക്കുള്ള വെള്ളം വച്ച് പഞ്ചസാരയും തേയിലയും ഇടുമ്പോഴും ഞാനോർത്തത് അമ്മ ആരും കേൾക്കാതെ മാറ്റി നിർത്തി പറഞ്ഞതിന്റെ സാരം..ഞാനെന്റെ ഇഷ്ടത്തിന് ഒഴിഞ്ഞതാണെന്ന് എല്ലാവരോടും പറയണമെന്നല്ലേ…

ചായയും കൊണ്ട് ഉമ്മറത്തേക്ക് ചെന്നതും പോകാനുള്ള വണ്ടി വന്നു….വേഗം ചായ കുടിച്ചിട്ട് ഇറങ്ങാൻ വന്നവരോട് പറയുന്നതിനിടയിൽ വയറു പൊത്തിപിടിച്ചു ഞാനകത്തേക്ക് നടന്നു…

“ഇന്ദിരേ എന്താ പറ്റിയെ…”

ഒന്നും അറിയാത്തതുപോലെ അമ്മ ചോദിച്ചത് കേട്ട് ഉണ്ണിയേട്ടനെന്നെ ശ്രദ്ധിക്കുന്നത് ഞാൻ കണ്ടു…

“രാവിലേ മുതൽ വയറിന് നല്ല സുഖമില്ല ഞാനൊന്നു ടോയ്‌ലെറ്റിൽ പോയി വരാം…”

എനിക്കും അമ്മക്കും അറിയാമായിരുന്നു ഉണ്ണിയേട്ടനെന്റെ പിന്നാലെ വരുമെന്ന്…ഞാനകത്തേക്ക് വന്ന് അല്പസമയം കഴിഞ്ഞതും ആളെത്തി…

“കഴിഞ്ഞോ….ദേ രാഹുകാലത്തിന് മുൻപിറങ്ങണം ന്ന് പറഞ്ഞ് അവിടെ ബഹളം തുടങ്ങി…വേഗം വാ…”

അതുവരെയുള്ള അരിശം മുഴുവൻ മുറിയിൽ ആരുമില്ലാത്തതു കൊണ്ട് ഞാൻ ഉണ്ണിയേട്ടനിൽ  ചൊരിഞ്ഞു…

“കഴിഞ്ഞാ നിലവിളി കേൾക്കും അപ്പൊ കൊണ്ടോയി അടക്കിയാൽ മതി ന്നെ…”

സാരിയൊക്കെ മാറ്റി വീട്ടിലിടുന്ന ചുരിദാറിലേക്കും എന്റെ മുഖത്തേക്കും പകച്ചു നോക്കി നിൽക്കുന്ന ഉണ്ണിയേട്ടനടുത്തേക്ക് ഞാൻ ചെന്നു…

പറയാതെ തന്നെ എന്റെ കണ്ണുകളിൽ നിന്നും നടന്നത് ഊഹിച്ചെടുക്കുന്ന ആൾക്ക് ഇതും പറഞ്ഞുകൊടുക്കേണ്ടി വന്നില്ല….നിറഞ്ഞു വരുന്ന കണ്ണുകളിലേക്ക് അധികം നോക്കാതെ പുള്ളിയിറങ്ങിപോയി…

പോയവരെല്ലാം മടങ്ങി വരുന്നവഴിക്ക്  തന്നെ അവരവരുടെ വീടുകളിലേക്ക് പോയത് കൊണ്ട്  വണ്ടിയിൽ ഉണ്ണിയേട്ടനും മോളും അമ്മയും മാത്രമായി മടങ്ങി വന്നു…

രാത്രിയിലെ സങ്കടം പറച്ചിലുകളും ആശ്വസിപ്പിക്കലുകളും വഴിമാറി ഇരുമെയ്യും ഒന്നാകുന്നതിനിടയിലെപ്പോഴോ…അനിയനും നിത്യയും മുൻപേ അറിയുന്നവരെന്നോ ഇഷ്ടമെന്നോ പറഞ്ഞുകേട്ടപോലെ തോന്നി…കൂടുതൽ ചോദിച്ചില്ല…കൂടെക്കിട്ടുന്ന അല്പം മണിക്കൂറുകളിൽ മറ്റുള്ളവരുടെ കഥകൾ പറയുന്നതെന്തിന്…തളർച്ചയോടെ ഞാനാ നെഞ്ചിലേക്ക് തലവച്ചു കിടന്നു…

ആഘോഷങ്ങൾക്ക് ഒരു കുറവുമില്ലാത്ത  കല്യാണത്തിരക്കിൽ ഓടുമ്പോഴും എന്റെ മനസ്സ്‌ ആളിക്കത്തികൊണ്ടിരുന്നു..

കല്യാണച്ചെക്കന് സ്വർണമെന്തെങ്കിലും എന്റച്ഛൻ ഇടണം..പൈസക്ക് വേണ്ടി ഓടിനടക്കുന്ന അച്ഛന്റെ രൂപം മനസ്സിലേക്കോടിയെത്തുമ്പോഴൊക്കെ ഒന്ന് വിളിച്ചു നോക്കാനുള്ള ആഗ്രഹം ഞാനുപേക്ഷിക്കും…

കല്യാണതലേന്ന് അനിയത്തിയുടെ കയ്യും പിടിച്ചു അച്ഛനെയും അമ്മയെയും അകത്തേക്ക് നിറഞ്ഞ ചിരിയോടെ ആനയിച്ചു കൊണ്ടുവരുന്ന അമ്മയെ കണ്ടതോടെ ഉറപ്പായി മകൾക്ക് സമാധാനം കിട്ടാനായി കൊള്ളപലിശക്ക് എവിടുന്നോ പൈസ ഒപ്പിച്ചിരിക്കുന്നു അച്ഛൻ…

വിവാഹമണ്ഡപത്തിൽ അച്ഛൻ, ചെറുക്കന് സമ്മാനിച്ച മോതിരമത് ഉറപ്പിച്ചു…നിവൃത്തികേടിന്റെ പടുകുഴിയിൽ നിൽക്കുന്ന ഏതൊരു മകളെയും പോലെ ഞാനും തല താഴ്ത്തി….

കല്യാണമണ്ഡപത്തിലെ തിരക്കിലും മോൾടെ പിന്നാലെയുള്ള ഓട്ടത്തിനിടയിലുമാണ് പെണ്ണിനെ കൂട്ടിക്കൊണ്ടുവരാനായി മോളെ ഉണ്ണിയേട്ടനെ ഏൽപിച്ചു നിത്യയെ ഒരുക്കുന്ന മുറിയിലേക്ക് ഞാൻ കടന്ന് ചെന്നു…

കടന്നൽകുത്തേറ്റ പോലെ മുഖവുമായി അമ്മ നിൽക്കുന്നത് കണ്ടപ്പോൾ ഓർത്തത് ഞാനെത്താൻ വൈകിയത് കൊണ്ടാണെന്നാണ്..പക്ഷേ കല്യാണപെണ്ണിനെ നോക്കിയപ്പോൾ മനസിലായി കാരണം അതല്ലെന്ന്….

പ്രണയിക്കും മുൻപേ…സ്ത്രീധനം വാങ്ങാത്ത പയ്യനെയെ കെട്ടൂ എന്ന നിത്യയുടെ വാശി അറിഞ്ഞു തന്നെയാണ് അനിയൻ അവളെ കെട്ടാൻ പിന്നാലെ നടന്നത്…

പെണ്ണിന് പൊന്നാണ് അലങ്കാരമെന്നു കരുതുന്നവരുടെ മുൻപിലേക്ക് പേരിന് മാത്രം സ്വർണമണിഞ്ഞു അവൾ നിന്നു…തലയുയർത്തിപിടിച്ചു കൊണ്ട്…

ഇതെന്താ കല്യാണപെണ്ണോ അതോ കല്യാണം കൂടാൻ വന്ന വിരുന്നുകാരിയോ എന്ന് അമ്മ മനസിൽ  ചോദിക്കുന്നത് എനിക്ക് കേൾക്കാം…പക്ഷേ  തങ്ങളേക്കാൾ സാമ്പത്തികമുള്ളവരാണെന്ന ബോധ്യമുള്ളതു കൊണ്ടാകാം അമ്മ നിശബ്ദയായിരുന്നു….

താലികെട്ട് കഴിയും വരെയും ഞാനമ്മയെ നോക്കിയേ ഇല്ല…ഞാനും എപ്പോഴൊക്കെയോ നിത്യയെപോലെയാവാൻ  കൊതിച്ചിരുന്നത് കൊണ്ട് ആരാധനയോടെ അവളെയും നോക്കി നിന്നു…

അനിയന്റെ സന്തോഷത്തോടെയുള്ള മുഖവും പെരുമാറ്റവും കണ്ടപ്പോഴേ എനിക്ക് മനസ്സിലായിരുന്നു അവനമ്മയോട് ഒന്നും പറയാതെ ഒളിച്ചുവച്ചതാണെന്ന്…

പുതുമോടിയായത് കൊണ്ട് ആദ്യത്തെ ദിവസങ്ങളിലൊന്നും അമ്മയൊന്നും ചോദിച്ചില്ല…വീട്ടുജോലികളിൽ എന്നെ സഹായിക്കാൻ വരുന്ന അവളെ അമ്മ നിരുത്സാഹപ്പെടുത്തിയാലും അവളത് അവഗണിച്ചുകൊണ്ട് എന്റൊപ്പം അടുക്കളയിലുണ്ടാകും…

കല്യാണത്തിന് മുൻപേ അമ്മ തന്ന ചിത്രത്തേക്കാളും അവൾ അതിസുന്ദരിയായി എനിക്ക് തോന്നി അഹങ്കാരമോ മടിയോ കാണിക്കാതെ എല്ലാവരോടുമുള്ള നിത്യയുടെ പെരുമാറ്റം മനസ്സ്‌ നിറച്ചു എന്ന് പറയുന്നതാകും ശരി…

ഒരു ദിവസം അമ്മയുടെ ഉറക്കെയുള്ള സംസാരം കേട്ടാണ് ഞാൻ തുണി കഴുകുന്നത് നിർത്തി അകത്തേക്ക്  ചെന്നത്…കൈകെട്ടി അമ്മയെയും നോക്കി നിൽക്കുന്ന നിത്യയും വേണുവും…

ദേഷ്യം കൊണ്ട് അമ്മയുടെ മുഖമാകെ ചുവന്നിട്ടുണ്ട്…

“അമ്മ ഇങ്ങനെ എന്നോട് ദേഷ്യം പിടിക്കാൻ മാത്രം ഒന്നുമില്ല അന്ന് വേണുവേട്ടൻ അച്ഛനെക്കൊണ്ട് പറയിപ്പിച്ചതാണ് സ്ഥലത്തിന്റെ കാര്യം…അവരുടെ കാലം കഴിയുന്ന വരെ അതെന്റെ പേരിലേക്ക് മാറ്റാൻ ഞാൻ സമ്മതിക്കില്ല…എന്നെ  പോറ്റാമെന്ന് ഉറപ്പുള്ളത് കൊണ്ടല്ലേ വേണുവേട്ടനെന്നെ കെട്ടിയത് അതോ എന്റെ വീടും സ്ഥലവും കണ്ടിട്ടോ…”

ഇനിയൊന്നും പറയാനില്ലാത്ത പോലെ നിത്യ പറഞ്ഞു നിർത്തി .

ദേഷ്യവും സങ്കടവും ഇടകലർന്ന ഭാവത്തിൽ വേണുവിനെ നോക്കുന്ന അമ്മയെ കണ്ടപ്പോൾ എന്റെ ഉള്ളുലഞ്ഞു…പാവം പ്രതീക്ഷകളൊക്കെ പോയതിന്റെ നിരാശയാണ്..

“അമ്മേ…അതെല്ലാം എനിക്കുള്ളത് തന്നെയല്ലേ എന്തിനാണ് ഇപ്പോഴേ കണക്കു പറഞ്ഞു വാങ്ങുന്നത്…മൂന്ന് വർഷമായിട്ട് അമ്മയിവിടെ ഏടത്തിയോട് ചെയ്യുന്നത് ഞാൻ കാണാറുണ്ട്…അത് കൊണ്ട് അമ്മക്കെന്ത് നേട്ടമാണുള്ളത്…എന്നിട്ടും അമ്മയെ അവർ മകളായിതന്നെയല്ലേ നോക്കുന്നത്…” വേണു ആദ്യമായി അമ്മയോട് കയർത്തു…

സഹിക്കാനാവാത്ത സങ്കടത്തോടെ അമ്മ നെഞ്ചിൽ കൈ വച്ച് സോഫയിലേക്കിരുന്നതും ഞാനും നിത്യയും ഒരേപോലെയോടി അമ്മക്കരികിലേക്ക്…പക്ഷേ ഞങ്ങളെ അവഗണിച്ചുകൊണ്ട് അമ്മയെഴുന്നേറ്റു മുറിയിലേക്ക് പോയി….

പിന്നീടുള്ള ദിവസങ്ങളിലെല്ലാം മക്കളോടും മരുമക്കളോടും  അമ്മ അകൽച്ചയിലായിരുന്നു..പേരക്കുട്ടിയോടുള്ള സംസാരത്തിനിടയിൽ പറയാനുള്ളതെല്ലാം ഞങ്ങളെ അറിയിക്കും…

പേരിന് മാത്രമുള്ള സംസാരവും കളിചിരികളൊന്നുമില്ലാത്ത അന്തരീക്ഷവും എനിക്കും ശ്വാസംമുട്ടുന്നുണ്ടായിരുന്നു.

എന്നിരുന്നാലും അമ്മയിൽ വന്ന മാറ്റങ്ങൾ ഞാൻ ശ്രദ്ധിച്ചിരുന്നു…വഴക്കോ പരിഹാസമോ ഒന്നുമില്ല ഇപ്പോൾ..

ആഴ്ചകൾക്കപ്പുറം ഒരുച്ചക്ക് കല്യാണച്ചിലവുകളുടെ കണക്കു നോക്കാനായി ചേട്ടനും അനിയനും ഇരിക്കുന്നത് ഞാൻ കണ്ടു…ഒപ്പം കല്യാണത്തിന് പൈസ തന്നവരുടെ  ലിസ്റ്റുമായി അമ്മയും…

അവർക്കുള്ള ചായയുമായി ഹാളിലേക്ക് വരുമ്പോൾ ചിരിച്ച മുഖത്തോടെ വേണുവും ഉണ്ണിയേട്ടനും നിത്യയും അമ്മക്ക് പിന്നിലായി നിൽക്കുന്നുണ്ട് എന്നെയും പ്രതീക്ഷിച്ചു കൊണ്ട് …

“ഇന്ദു നാളെ കാലത്തു തന്നെ ഉണ്ണിയും നീയും പോകാനൊരുങ്ങിക്കോ കല്യാണത്തിന് പിരിഞ്ഞ ഈ പൈസക്ക് നിനക്ക് അർഹതപ്പെട്ട പൊന്നെടുക്കാനാണ് ന്റെ തീരുമാനം….ഞാനാ തെറ്റുകാരി ആ തെറ്റെനിക്ക് തിരുത്തണം…”

പൊന്നും പണവുമൊന്നും അല്ല വേണ്ടത് ഒത്തൊരുമയോടെ പോകുന്ന ഈ മക്കളെ തന്നതിനല്ലേ  ഈശ്വരനോട് നന്ദി പറയേണ്ടത്….കഴിഞ്ഞ  ദിവസത്തെ വഴക്കിനിടയിൽ അനിയൻ പറഞ്ഞ വാചകമെന്റെ മനസ്സിലേക്കോടിയെത്തി…

ഒരു മറുപടിയും പറയാനില്ലാതെ ഞാനൊന്ന് ചിരിച്ചു…പൊന്നിനോടുള്ള ആഗ്രഹമൊക്കെ എന്നേ മനസ്സിൽ നിന്നും ഓടിയൊളിച്ചതാണ്….

അന്ന് രാത്രിയിൽ…നമുക്കാ പൈസ വേണ്ട…അമ്മ ഒരുപാട് മാറി അത് തന്നെ മനസ്സ് നിറഞ്ഞു..ഇനിയെനിക്കായി ഒന്നും വാങ്ങേണ്ടയെന്ന് പറഞ്ഞ് ഉണ്ണിയേട്ടന്റെ മാറിലെ രോമക്കാട്ടിൽ പരതുമ്പോൾ എന്റെ തലയിൽ സ്നേഹത്തോടെ അദ്ദേഹം തലോടി….

“വേണം…അത് നിനക്കമ്മ അറിഞ്ഞു തരുന്നതാണ്…നിന്റെ സ്വർണമെല്ലാം എടുത്തത്  തെറ്റായെന്ന് അമ്മക്ക് മനസിലായി….ഇനിയും നിനക്ക് വേണ്ട എന്നാണ് തീരുമാനമെങ്കിൽ നീയാ പൈസയെനിക്ക്  വാങ്ങിത്തരണം….”

പുരികം വളച്ചു് എന്തിനെന്ന ചോദ്യമെന്റെ കണ്ണുകളിൽ തെളിഞ്ഞു…

“അല്ലാ!!! ആരോടും പറയാതെ ഞാൻ ചെറിയൊരു തിരിമറി നടത്തിയാ വേണുവിന് ഒരു മോതിരം വാങ്ങി അച്ഛന്റെ കയ്യിൽ കൊടുത്തതും നഴ്സിങ്ങിന് പഠിക്കുന്ന നിന്റനിയത്തിക്ക് ഫീസടക്കാൻ പൈസയേല്പിച്ചതും…ഇനിയിതു പോലെ തിരിക്കാൻ എന്റെ കയ്യിൽ വഴിയില്ല ഒരാവശ്യം വന്നാൽ…”

ഇതിലപ്പുറമെന്തു വേണമൊരു പെണ്ണിന്…പറഞ്ഞില്ലെങ്കിലും നോവറിഞ്ഞു കൂടെനിൽക്കുന്ന…മരുമകനാവാതെ മകനായി എന്റച്ഛനെ സ്നേഹിക്കുന്ന ആണൊരുത്തൻ തുണയുള്ളപ്പോൾ…

കരയണോ ചിരിക്കണോ എന്നറിയാതെ ഞാനെന്റെ പ്രാണനെ വരിഞ്ഞു മുറുക്കി…മുഖം മറച്ചു കിടക്കുന്ന മുടിക്കിടയിലൂടെ ആ ചുണ്ടുകളിലെന്റെ നനുനനുത്ത ചുണ്ടുകൾ കഥയെഴുതുമ്പോൾ നിറുകയിലെ സിന്ദൂരം മുഴുവൻ ഉണ്ണിയേട്ടന്റെ മുഖത്താകെ പരന്നിരുന്നു….

~ലിസ് ലോന