പണ്ട് കുട്ടിയായിരിക്കുമ്പോ സകല കുരുത്തക്കേടിനും കൂടെ നിന്നവളാ ഇപ്പൊ കെട്ട് കഴിഞ്ഞു കുട്ടി ആയപ്പോ വല്ല്യേ ആള് കളിക്കണത്…

ചെറിയ ലോകവും വലിയ മനസ്സും….

Story written by Lis Lona

=============

“ഡീ ചേച്ചി…നിനക്ക് സമാധാനായല്ലോ എന്നെ ഇവിടുന്ന് കെട്ട് കെട്ടിക്കാനുള്ള കൊട്ടേഷൻ ശരിയാക്കിയപ്പോൾ…ഞാനിത്തിരി നേരം ക്രിക്കറ്റും ബാഡ്മിന്റണും കളിച്ചു  വരണ വഴി ആ ക്ലബ്ബിലൊന്നു കേറി ഒരു ഒരുമണിക്കൂർ കാരംസ് കളി എങ്ങനുണ്ടെന്ന്  നോക്കുന്നതും ആണല്ലോ നീയിത്രേം വലിയ അന്താരാഷ്ട്ര പ്രശ്നമാക്കിയത്….”

എനിക്ക് കൊണ്ടുപോകാനായി ഒരുക്കിക്കെട്ടിയ ബാഗു തുറന്ന് ഒന്നു കൂടി എല്ലാം നോക്കി വച്ചിട്ടില്ലേന്ന് ഉറപ്പ് വരുത്തുകയാണവൾ. ഞാൻ പറയുന്നതൊന്നും ശ്രദ്ധിക്കുന്നേ ഇല്ല…ദു ഷ്ട!!

നാട് വിട്ടു പോകാൻ ഇഷ്ടമുണ്ടായിട്ടല്ല, കളിച്ചു നടന്നാൽ ശരിയാവില്ലെന്ന് പറഞ് ഇവളാണ് അച്ഛനോടും അമ്മയോടും പിരികയറ്റി എന്നെ ദുബായിക്ക് കേറ്റി വിടുന്നത്…അളിയന്റെ അടുത്തേക്ക്…

ഇന്ന് വൈകുന്നേരത്തെ ഫ്ലൈറ്റിൽ കയറിയാൽ പിന്നെ രണ്ട് വർഷം കഴിഞ്ഞേ നാടു കാണാൻ പറ്റൂ…ഇനി വരുമ്പോ അളിയനെ പോലെ കുടവയറും ചാടി കഷണ്ടി പ്രവീൺ ആവാഞ്ഞ മതിയാരുന്നു….

അച്ഛനെയും അമ്മയേയും പെങ്ങളെയും വീടും വിട്ടു പോകുന്നതിനേക്കാൾ കരളു പറിയുന്ന സങ്കടമാണ് ക്രിക്കറ്റ് ഗ്രൗണ്ടും ബാഡ്മിന്റൺ ബാറ്റും കാരം ബോർഡും കാണുമ്പോൾ….

അവളെ കുറ്റം പറഞ്ഞും കാര്യമില്ല…നാട്ടിൽ തന്നെയേ ജോലി നോക്കുന്നുള്ളൂ ന്നും പറഞ് MBA കഴിഞ്ഞു നില്ക്കാൻ തുടങ്ങി കൊല്ലം രണ്ടായി…ഒന്നും ശരിയായില്ല..ശരിയായത് കയ്യിലിരുപ്പ് കൊണ്ട് പോയിക്കിട്ടേം ചെയ്തു…

“ഡാ പ്രവീ, നിന്റെ പാസ്സ്പോർട്ടും ടിക്കറ്റും എവിടാ വച്ചേ…ഇറങ്ങാൻ നേരം അത് തപ്പി നടക്കാൻ വയ്യ…അതിങ്ങു താ…”

മച്ചിലേക്ക് നോക്കി ആലോചനയുടെ നീളം കൂടുന്നതിനനുസരിച്ചു തുടർച്ചയായി ദീർഘനിശ്വാസം വിടുന്ന എന്നോടായി അവൾ ചോദിച്ചു…ചുണ്ടൊന്ന് കോട്ടി പുച്ഛം കാണിച്ചു ഞാനവളെ നോക്കി.

ആറ് മാസം ഗർഭിണിയാണ്…മൂത്ത മോൾക്ക് അഞ്ചു വയസായി, ഈ പ്രസവം കൂടി കഴിഞ്ഞു മാമന്റെ മോനേ കണ്ടിട്ട് പൊയ്ക്കൊള്ളാമെടീ ന്ന് കാലു പിടിച്ചു പറഞ്ഞതാ ഞാനവളോട്…കേട്ടില്ല…

പണ്ട് കുട്ടിയായിരിക്കുമ്പോ സകല കുരുത്തക്കേടിനും കൂടെ നിന്നവളാ ഇപ്പൊ കെട്ട് കഴിഞ്ഞു കുട്ടി ആയപ്പോ വല്ല്യേ ആള് കളിക്കണത്…

മുഖശ്രീ കൂട്ടാൻ വേണ്ടി അവളിടുന്ന മുൾത്താണി മട്ടി കലക്കി നീയും  ചുള്ളനായിക്കോന്നും പറഞ് എന്റെ മുഖത്തും തേച്ചു തന്നതും…മുറിയിലേക്ക് കടന്നു വന്ന അച്ഛനോട് മുഖത്തു ഇതിട്ടത് ഓർമയില്ലാതെ എന്തോ ചോദിക്കാൻ ചെന്നപ്പോൾ  പേടിച്ചു ഞെട്ടിയ അച്ഛൻ ച ന്തിക്കടിച്ചു മുഖം കഴുകിച്ചതുമൊക്കെ ഇന്നലെ കഴിഞ്ഞ പോലെ….

എല്ലാത്തിനും കൂടെ നിന്ന അവളാണ് ഇപ്പോയെന്നേ നാടുകടത്താൻ  മുൻകൈയെടുത്തത്…പാസ്സ്‌പോർട്ടെടുത്തു അവൾടെ കയ്യിലേക്ക് ഒരു കുത്തു വച്ചുകൊടുത്തു ഞാൻ…

എന്തോകളഞ്ഞു പോയ അണ്ണാന്റെ പോലുള്ള എന്റെ നിൽപ്പും ഭാവവും കണ്ട് അത് വരെയും അവളടക്കി പിടിച്ച ചിരി പൊട്ടിച്ചിരിയായി മാറി…ചിരിച്ചുകൊണ്ട് തന്നെ കൈ കൊണ്ടെന്റെ ചുമലിലടിച്ചു….അരിശത്തിൽ മുണ്ട് മടക്കികുത്തി ഞാൻ മുറി വിട്ട് പുറത്തേക്കിറങ്ങി…

അടുക്കളയിലേക്ക് എത്തിനോക്കിയപ്പോൾ  അച്ചാറും പപ്പടകെട്ടും ഉപ്പേരി വറുത്തതുമൊക്കെ അമ്മ മരുമോനായി കെട്ടിപൊതിഞ്ഞു വേറൊരു കടലാസുപെട്ടിയിലൊതുക്കുന്ന തിരക്കിലാണ്…

എയർപോർട്ടിലേക്ക് ഇറങ്ങാൻ നേരം അച്ഛന്റെയും അമ്മയുടെയും കണ്ണുകളിൽ മോനിനിയെങ്കിലും നന്നായാൽ മതിയെന്ന പ്രതീക്ഷയാണ്…

“അമ്മേ അവളെവിടെ?  ഇറങ്ങാൻ നേരായി….കണ്ണ് തുറിച്ചു എന്നെയും നോക്കി നിൽക്കാതെ അവളെ വിളിക്ക്….”

അകത്തേക്ക് വിളിക്കാൻ പോയ അമ്മയെയും കാണാതായപ്പോൾ ഞാനും തിരിച്ചു കയറി. ഇനി മടങ്ങികയറേണ്ട അവളിങ്ങട് വരുമെന്ന് പറഞ്ഞ അച്ഛൻപെങ്ങളെ ഒന്നു നോക്കുക പോലും ചെയ്യാതെ…

അടുക്കളയിലെല്ലാം നോക്കി പുറത്തേക്ക് തലയിട്ട് ചെവിയോർത്തപ്പോൾ  കേൾക്കാം കിണറ്റുകരയിൽ നിന്നും അമ്മയവളെ ചീത്ത പറയുന്ന ശബ്ദം….

കണ്ണെല്ലാം കലങ്ങിചുവപ്പിച്  മൂക്കു വലിച്ചുചീറ്റി നിൽക്കുന്ന അവളെ കണ്ടതും നെഞ്ചോന്നു പൊടിഞ്ഞു…എന്നെ കണ്ടതും ഞാനങ്ങോട്ട് വരാംന്നവൾ കൈ കൊണ്ട് കാണിക്കുന്നുണ്ട്…

“അമ്പടി ചേച്ചി…എന്നെ ഓടിപ്പിച്ചു വിടുന്നതും പോരാഞ്ഞു നീയിവിടെ മോങ്ങാൻ നിൽക്കാല്ലേ…”

കാഴ്ച മറച്ചുകൊണ്ട് കണ്ണിലീറൻ പൊടിയുന്നുണ്ടെങ്കിലും ചിരിച്ചു ഞാനവളുടെ തലയിലൊന്ന് തട്ടിയതും അവളെന്നെ മുറുക്കെ കെട്ടിപിടിച്ചു….

അനിയനാണെങ്കിലും അവളുടെ ഇരട്ടി ശരീരമുള്ള എന്നെയവൾ കഷ്ടപ്പെട്ട് വയറിൽ ചുറ്റി കെട്ടിപിടിച്ചതും ഞാനൊന്നും മിണ്ടാനാകാതെ ആ കൈകൾക്കുള്ളിൽ ഒതുങ്ങി നിന്നു…ചേച്ചിയുടെ കുഞ്ഞനിയനായി….

കണ്ടാൽ കീരിയും പാമ്പും ആണെങ്കിലും അവളെ കാണാതെ എനിക്കും നില്ക്കാൻ വയ്യ. അതുകൊണ്ടാണ് കെട്ടിച്ചു വിട്ടിട്ടും ആഴ്ചക്ക് പോയി അവളെ കാണുന്നതും പറ്റുമ്പോഴെല്ലാം ഇങ്ങോട്ടേക്ക് കൂട്ടി കൊണ്ട് വരുന്നതും…

പുതിയ ജോലിയും പുതിയ സ്ഥലവും ജീവിതത്തിലും ശരീരത്തിലും പല മാറ്റങ്ങളും വരുത്തുന്നതിനിടയിൽ ഞാനറിഞ്ഞു ക്രിക്കറ്റും ബാഡ്മിന്റണും തെളിയുന്നതിനേക്കാൾ മിഴിവോടെ മനസ്സിൽ അച്ഛനും അമ്മയും പെങ്ങളും മക്കളും തെളിഞ്ഞു വരുന്നത്…

മാസങ്ങൾ കഴിഞ്ഞപ്പോൾ വീട്ടിലുള്ളവർ പ്രതീക്ഷിച്ച പോലെയോ അയല്പക്കത്തുള്ളവരുടെ കണ്ണിന്റെ സ്കാൻ ഊഹിച്ചു പറഞ്ഞ പോലെയോ ആൺകുഞ്ഞാകാതെ ചേച്ചിക്ക് രണ്ടാമത്തെ കുഞ്ഞും മോളായി..

രണ്ടു വർഷത്തെ വിസ കഴിഞ്ഞാൽ പിന്നെ ഞാനീ മണലാരണ്യത്തിലേക്കില്ല എന്നുറപ്പിച്ചു പറഞ്ഞതാ എന്നിട്ടും വിസ പുതുക്കിയിട്ടാണ് നാട്ടിലേക്കുള്ള യാത്രയിപ്പോൾ…

ലീവ് കുറച്ചു നീട്ടിയെടുത്തിട്ടുണ്ട്…ചേച്ചി കണ്ടിഷ്ടപ്പെട്ട ഒരു പെൺകുട്ടി…വൃന്ദ…എങ്ങനെയെങ്കിലും ഇത്തവണ കല്യാണം നടത്തിയേ വിടൂ എന്നാണ് എല്ലാവരുടെയും വാശി…

നേരിട്ട് കണ്ടില്ലെങ്കിലും കല്യാണം അവര് തന്നെയുറപ്പിച്ചു പെൺകുട്ടിയുടെ ഫോൺ നമ്പർ വാങ്ങിത്തന്നത് കൊണ്ട് കഴിഞ്ഞ ആറുമാസമായി ഞാനും ഈ ലീവിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്…

റൺവേയിലേക്ക് വിമാനം ലാൻഡിങ്ങിനായി തയ്യാറെടുക്കുന്ന അറിയിപ്പ് വന്നതും നെഞ്ചിനകത്തു  ഉത്സവമേളം തുടങ്ങി….രണ്ടുകൊല്ലമായി ഓർമകളിൽ മാത്രം അനുഭവിക്കുന്ന നാടിന്റെ മണം ആവോളം ശ്വസിക്കാനായി ഞാൻ മൂക്ക് വിടർത്തി…

ടയറുകൾ താഴെ മുട്ടിയപ്പോഴേ കേൾക്കാം…ടിക് ടിക് ശബ്ദം…സകല യാത്രക്കാരും സീറ്റ് ബെൽറ്റഴിച്ചു…ഞാനടക്കമെന്ന് പ്രത്യേകം പറയേണ്ടല്ലോ…

നല്ല വേഗതയിൽ കുറച്ചു നേരം ഓടി, നിന്നു നിന്നില്ല എന്ന നിലയിൽ വിമാനം നിൽക്കുമ്പോഴേക്കും കല്യാണത്തിന് പന്തി പിടിക്കാൻ ഓടുന്ന ആൾക്കാരെ പോലെ യാത്രക്കാർ ചറ പറ ന്ന് എഴുന്നേറ്റ് മുകളിൽ വച്ച പെട്ടിയും സാധനങ്ങളും ഇറക്കാൻ തുടങ്ങി….

ഞാനെടുത്ത പെട്ടിയോട് ചേർന്ന് ആരോ വച്ചിരുന്ന ലാപ്ടോപിന്റെ ബാഗ് കണ്ടില്ലായിരുന്നു..പെട്ടിയെടുത്തതും പെട്ടെന്ന് താഴെയിരുന്ന ചേട്ടന്റെ തലയിലേക്കത് വീണതും അയാളെന്നെ കൊല്ലാനുള്ള കലിയോടെ ഒരു നോട്ടം നോക്കി.

ക്ഷമ പറഞ്ഞിട്ടും തൃപ്തമാകാത്ത അയാൾടെ മുഖത്തേക്ക് ഞാൻ പിന്നെ നോക്കാനേ പോയില്ല…

ക്‌ളിയറൻസും ലഗേജ് എടുക്കലുമൊക്കെ കഴിഞ്ഞു പുറത്തേക്ക് വരുമ്പോഴേ കണ്ടു ഒരാഴ്ച മുൻപേ എത്തിയ അളിയൻ ചേച്ചിയേം പിള്ളാരേം കൂട്ടി ഞാൻ വരുന്നതും നോക്കി നിൽക്കുന്നു…

ഒരേ കമ്പനിയിൽ ജോലി ചെയ്തിട്ടും അളിയൻ എന്നെ ദുബായിൽ നിർത്തി ഇതിനിടക്ക് ഒരു നാലഞ്ച് തവണയെങ്കിലും നാട്ടിൽ വന്ന് പോയതാ..എന്നാലും എന്നേക്കാൾ മുൻപേ ലീവെടുത്തു പോന്നു കള്ളൻ….

ചേച്ചിക്കെന്തോ ക്ഷീണമുണ്ടല്ലോ…ചിന്നൂട്ടിയെ ഒക്കത്തെടുത്തു നിൽക്കുന്ന ചേച്ചിയെ നോക്കി മൂത്ത മോൾ മാളൂട്ടിയുടെ കവിളിൽ ഞാനുമ്മ വച്ചു..

“കെട്ട്യോൻ നാട്ടിൽ വന്നപ്പോ ഊണും ഉറക്കോം ഒന്നുമില്ലേ നിനക്ക് ചേച്ച്യേ….ന്താ നിന്റെ കോലം…”

കൊണ്ടുവന്ന പെട്ടിയും ബാഗുമൊക്ക വണ്ടിയുടെ ഡിക്കിയിലേക്ക് വക്കുന്നതിനിടയിൽ ഞാൻ ചോദിച്ചു…

“ന്റെ കോലത്തിനിപ്പോ ഒരു കൊഴപ്പോം ഇല്ല്യ…ഒരു ചെറിയ പനിയുണ്ട്…അത് പോട്ടേ…നിനക്കാ വയറൊക്കെ ഒന്ന് ചെറുതാക്കാൻ ജിമ്മിൽ പോവാരുന്നില്ലേ, മത്തങ്ങബലൂൺ കെട്ടി വച്ച പോലുണ്ട്…കല്യാണത്തിന് വന്നതാന്നുള്ള ഓർമ്മ കൂടി ഇല്ല ചെക്കന്…”

സ്നേഹത്തോടെ വിശേഷം ചോദിക്കാൻ ചെന്ന എനിക്കുള്ള മറുപടി കിട്ടിയതും ഞാൻ ശ്വാസം ഉള്ളിലേക്കെടുത്തു വയർ ഒതുക്കിപിടിച്ചു…

കല്യാണത്തിന് ഒരാഴ്ച്ച ബാക്കി നിൽക്കെ ഒരു ഞായറാഴ്ച…വൃന്ദയുടെ ഫോൺ വന്ന് ഞാൻ തെക്കോർത്തെ മാവിൻചുവട്ടിലിരുന്നു സംസാരിക്കുമ്പോഴായിരുന്നു മാളൂട്ടി ഓടി വന്നത്…

“മാമാ….മാമാ ഓടിവായോ…അമ്മ ദേ വീണു…”

വിളിക്കാമെന്ന് വൃന്ദയോട് പറഞ്ഞു ഫോൺ കട്ടാക്കി അകത്തേക്ക് ഓടുമ്പോൾ ഞാനോർത്തു…നോക്കി നടക്കില്ല ചിന്നൂട്ടി ആണെങ്കി എല്ലായിടത്തും മൂത്രമൊഴിച്ചു വക്കും…കാല് വഴുക്കി വീണിട്ടുണ്ടാകും…

വായിൽ നിന്നും നുരയും പതയും വന്ന് ബോധമില്ലാതെ കിടക്കുന്ന അവളെയും ഉറക്കെ നിലവിളിച്ചു അവളെ തട്ടിയുണർത്താൻ ശ്രമിക്കുന്ന അമ്മയെയും കണ്ടതോടെ നെഞ്ചിൽ കൈ പൊത്തികൊണ്ടാണ് ഞാൻ അരികിലേക്ക് ഓടിച്ചെന്നത്…

അളിയനെ ഫോണിൽ വിളിച്ചുപറഞ്ഞു, കിട്ടിയ വണ്ടിയിൽ ഹോസ്പിറ്റലിലേക്ക് അവളെയും കൊണ്ട് ഞാൻ പറന്നു….

“മാമാ എന്തൊരുറക്കാ ഇത്…കാലത്തു ഞങ്ങളേം കൊണ്ട്  ബൈക്കിൽ കറങ്ങാൻ പോകാമെന്ന് വാക്കു തന്നതാ….എണീറ്റെ…”

മാളൂട്ടിയുടെ ശബ്ദം കേട്ട് ഞാൻ ഉറക്കമുണർന്നു…കണ്ണ് തുറന്ന് നോക്കിയപ്പോൾ കാലിനടുത്തു നിൽക്കുന്ന അവളും തലക്കടുത്തു ഒരു കുഞ്ഞുപാത്രത്തിൽ വെള്ളം പിടിച്ചു നിൽക്കുന്ന ചിന്നൂട്ടിയും…

എന്തൊരുറക്കമായിരുന്നു…എന്തൊക്കെയോ ഓർത്തു കിടന്നതാവാം കഴിഞ്ഞു പോയതൊക്കെ സ്വപ്നം കണ്ടത്…ഒക്കെ കഴിഞ്ഞിട്ട് ഇപ്പൊ കൊല്ലം മൂന്നു കഴിഞ്ഞു…

“നാനിപ്പോ ബെല്ലൊയിക്കും….ഏച്ച്  മാമാ..”

ചിന്നൂട്ടി വിടാനുള്ള ഉദ്ദേശമില്ല…

“നീയല്ലേടാ അവരെയും കൊണ്ട് ഇന്ന് പുറത്തു പോകാം ന്ന് വാക്കു കൊടുത്തത്…പിള്ളാരെ പറ്റിക്കാതെ പല്ലു തേച്ചു കൊണ്ട് പോകാൻ നോക്കെടാ….”

ആഹാ അമ്മയും ഓർഡർ ഇട്ടു കഴിഞ്ഞു…

“മാമന്റെ മക്കള് പോയി ഒരുങ്ങിക്കോ നമുക്ക് പോകാം കേട്ടോ….”

പിള്ളാരൊന്നു പുറത്തേക്കിറങ്ങിയതും ഞാൻ അതുവരെ പുതച്ച ബെഡ്ഷീറ്റ് മാറ്റിയുടുക്കാൻ  കൈലിമുണ്ട് തപ്പാൻ തുടങ്ങി. നേരം വെളുത്താ  ഉടുമുണ്ട് തപ്പി നടക്കലാണ് ആദ്യത്തെ പണി…

പല്ല് തേച്ചു കൊണ്ട് നിൽക്കുമ്പോ വീണ്ടും പഴയ ഓർമകളുടെ ബാക്കിയെന്നോണം ആസ്പത്രിയും മരുന്ന് മണവും മനസ്സിൽ തികട്ടി വന്നു…

പെട്ടെന്നുള്ള കിഡ്‌നി ഫെയിലിയർ…വിട്ടു മാറാതെയുള്ള പനിക്കെടുത്ത സ്വയം ചികിത്സയാകാം ചിലപ്പോ കാരണം ഡോക്ടർ പറഞ്ഞതതാണ്….

ഹോസ്പിറ്റലിലേക്കെത്തിയതും ചേച്ചിയെ വെന്റിലേറ്ററിലേക്ക് മാറ്റി…എത്രെയും  പെട്ടെന്ന് വൃക്ക മാറ്റി വക്കണം അത് മാത്രമാണ് ആകെയുള്ള പോംവഴി…

ഡയാലിസിസിന്റെ എണ്ണം കൂടുമ്പോഴും വൃക്ക നൽകാൻ തയ്യാറുള്ളവർക്ക് വേണ്ടി പത്രപരസ്യം നല്കുന്നത് തകൃതിയായി നടന്നു. ഒപ്പം  അളിയന്റെയും ചേരുമോയെന്നു നോക്കിയിരുന്നു…

കല്യാണം നീട്ടിവെക്കാനുള്ള ഏർപ്പാട് ചെയ്യാനായി വൃന്ദയുടെ അച്ഛനെ ഫോണിൽ വിളിച്ച എന്നോട് മകൾക്കെന്തോ പറയാനുണ്ടെന്ന് പറഞ് ഭാവി അമ്മായിഅച്ഛൻ ഫോൺ കൊടുത്തു…

“പ്രവീണേട്ടാ…കുട്ട്യോളെ വേണെങ്കി ഇങ്ങോട്ടേക്ക് കൊണ്ട് വരാം കേട്ടോ നിങ്ങളെല്ലാരും ആസ്പത്രിയിലല്ലേ…അത് പറയാനാ ഞാൻ ഫോൺ ചോദിച്ചത് “

“ഹേയ് വേണ്ട അവർ അമ്മേടെ കൂടെ വീട്ടിലുണ്ട്…ഇവിടെ അമ്മ വന്നിട്ടും കാര്യമില്ല ആരെയും കാണിക്കില്ല ഇവർ “

“പിന്നേയ് ഞാനൊരു കാര്യം പറഞ്ഞാ ദേഷ്യം പിടിക്കരുതേ..ഇവിടെ എല്ലാരും പറയാൻ നിര്ബന്ധിക്കണ കാരണാ ഞാൻ…നമുക്ക് ഏജന്റ്റ് വഴി കിഡ്നി കിട്ടുമോ ന്ന് അന്വേഷിക്കാം…എനിക്കറിയാം പെങ്ങളെന്നാൽ ജീവനാണെന്ന്..സ്നേഹം കൂടി കിഡ്നി കൊടുത്തു കളയല്ലേ…നമുക്കും ജീവിക്കണ്ടേ…”

ഞാനൊന്നും മിണ്ടാതെ കേട്ട് നിന്നു…

“നമ്മുടെ ജീവിതമോർത്താ ഞാനിത് പറയുന്നേ ഇവിടെ എല്ലാരുടേം അഭിപ്രായം അതാ…”

“ആ മനസിലായി…നീയൊന്ന് അച്ഛന് കൊടുത്തേ…ഞാനൽപം തിരക്കിലാ…”

അപ്പുറത്തു സമാധാനമായി എന്നർത്ഥത്തിൽ അവൾ ഉറക്കെ ശ്വാസമെടുത്തത് ഞാനറിഞ്ഞു…ഭാവി അമ്മായിഅച്ഛന്റെ സ്വരം കേട്ടതും ഞാൻ പറഞ്ഞു തുടങ്ങി…

“കല്യാണം നീട്ടിവെക്കണ്ട അച്ഛാ…ക്യാൻസലാക്കിയേക്ക് എനിക്കിനി ഈ കല്യാണത്തിൽ താല്പര്യമില്ല..അച്ഛനോ അമ്മക്കോ ഇനി അവൾടെ കൂടപ്പിറപ്പിനോ  ഇങ്ങനൊരവസ്ഥ വന്നാലും അവളിത് തന്നെ പറയും അതുകൊണ്ട് ഇപ്പോഴേ തയ്യാറായി ഇരുന്നോ “

പോട്ടെ പുല്ലെന്നും മനസ്സിൽ പറഞ്ഞു ഫോൺ കട്ടാക്കി പോക്കറ്റിലേക്കിടും മുൻപേ ഇനി വരുന്നില്ലെന്നൊരു മെയിലും കമ്പനിക്ക് വിട്ട്  ഞാൻ നേരെ നടന്നു ഡോക്ടറുടെ അടുത്തേക്ക്..

വൃക്ക നൽകാൻ സമ്മതമറിയിച്ചതിന് പിന്നാലെ ഓപ്പറേഷനുള്ള സമയവും ചെയ്യാനുള്ള ടെസ്റ്റുകളും  കുത്തികുറിപ്പിച്ചാണ് ഞാൻ ചേച്ചി കിടക്കുന്നിടത്തേക്കന്ന് പോയത്…

“ഡാ പ്രവീ…ദേ പിള്ളാരെ ഒരുക്കി നിർത്തിയേക്കുന്നു..ഇനി നിന്റൊരുക്കം കഴിഞ്ഞെങ്കി ഇവറ്റോളേം കൊണ്ട് സ്റ്റാൻഡ് വിട് മോനേ…”

വാതിലിൽ തട്ടി ചേച്ചിയുറക്കെ വിളിച്ചതും ചിന്തകളിൽ നിന്നും മടങ്ങി ഞാൻ മുന്നിലുള്ള കണ്ണാടിയിലെന്റെ വാരിയെല്ലിനോട് ചേർന്ന മുറിവിന്റെ പാട് നോക്കി….കിഡ്‌നിയല്ല കരളാണെങ്കിലും കൊടുക്കും…നാളെ വരാൻ പോകുന്ന പെണ്ണിനേക്കാൾ എനിക്ക് വലുതെന്റെ ചോരയാണ്….

അന്ന് കല്യാണം നടന്നില്ലങ്കിലും ചേച്ചിയെ ഇന്നും കൂടെയുണ്ട്…ഒറ്റ കിഡ്‌നിയെ ഉള്ളൂ എങ്കിലും കാണാൻ ചുള്ളനല്ലേ ഏതെങ്കിലും പെണ്ണു വരുമായിരിക്കും ഈ വികലാംഗനെ കെട്ടാൻ സമ്മതവും പറഞ്……

ജോലിയുടെ തിരക്കിനിടയിൽ ആകെ കിട്ടുന്ന ഞായറാഴ്ച ആണ് പിള്ളാരേം കൂട്ടി പുറത്തു പോയി വന്നിട്ട് വേണം പതിവുള്ള ബാക്കി കുറച്ചു കാര്യങ്ങൾക്ക്  ഓടാൻ…

ബൈക്കിന്റെ ചാവിയും കയ്യിലെടുത്തു വട്ടം കറക്കി കുട്ടികളെയും  കൂട്ടി ഞാൻ ബൈക്കിനടുത്തേക്ക് നടന്നു…പിന്നിൽ നിറഞ്ഞ കണ്ണുകളോടെ ചേച്ചി നിൽക്കുന്നുണ്ടെങ്കിലും എന്റെ മനസ്സിലപ്പോൾ….ഇന്ന് വൈകുന്നേരം ഫസ്റ്റ് ബാറ്റിംഗ് കിട്ടിയാ മതിയാരുന്നു ദൈവമേ…..

==========

~ലിസ് ലോന