Story written by Kannan Saju
============
എന്റെ പൊന്നു ആദിയേട്ടാ ഒരഞ്ചു രൂപയ്ക്കു വേണ്ടി ഇങ്ങനെ തപ്പാണോ…? വേഗം വാ ഒന്ന്…
കട്ടിലിനടിയിൽ തന്റെ ചാടിപ്പോയ അഞ്ചുരൂപ തുട്ടു തിരക്കുന്ന ആദിയോട് അഞ്ജന ഇടുപ്പിനു കയ്യും കൊടുത്തു നിന്നു ചോദിച്ചു…
അഞ്ചു രൂപയ്ക്കു അഞ്ചു രൂപ തന്നെ വേണം..നിനക്കതു പറഞ്ഞാൽ മനസിലാവില്ല. ഒരു രൂപയ്ക്കു പോലും അതിന്റേതായ വിലയുണ്ട്.
അവളുടെ മുഖത്ത് നോക്കാതെ പരതിക്കൊണ്ട് അയ്യാൾ പറഞ്ഞു…അഞ്ജന മോളുടെ മുഖത്തേക്ക് ഒന്ന് നോക്കി..
അച്ഛാ…അഞ്ചു രൂപാ വീട്ടിൽ അല്ലേ ആരും കൊണ്ടോവൂലാലോ ? നേരത്തു ചെന്നില്ലേ സിനിമ കാണാൻ പറ്റൂല.
ആദി ആ ഏഴ് വയസ്സുകാരിയെ നോക്കി…
തിയറ്ററിൽ അഞ്ജനയും മകളും സിനിമയിൽ ലയിച്ചിരുന്നു…ആദിയുടെ മനസ്സപ്പോഴും ആ അഞ്ചു രൂപയിൽ ആയിരുന്നു…അവന്റെ ഉള്ളിൽ ഒരു നീറ്റലായി ആ ശബ്ദം ഉയർന്നു
“ഏട്ടാ ബലൂൺ….”
പെരുന്നാളിന് മറ്റു കുട്ടികൾ കളിപ്പാട്ടങ്ങളും ഐസ് ക്രീമുകളും ആയി ചുറ്റി തിരിയുമ്പോൾ അഞ്ചു വയസുള്ള അനിയൻ ആവശ്യപ്പെട്ടത് ബലൂൺ മാത്രമായിരുന്നു…പക്ഷെ അത് വാങ്ങാൻ അഞ്ചു രൂപ വേണം….
അച്ഛനും അമ്മയും ഇല്ലാത്ത സഹോദരങ്ങൾക്കും അറിവ് വെക്കും മുന്നേ ആ സ്ഥാനത്തു നിക്കുക എളുപ്പമല്ല..അനുഭവിച്ചവർക്കേ അതിന്റെ വേദന അറിയൂ…
കുട്ടികളുടെ ഉള്ളിൽ ആഗ്രഹങ്ങൾക്കേ സ്ഥാനമുള്ളൂ..അവർക്കു കഷ്ടപ്പാടുകൾ അറിയണ്ട..പറഞ്ഞാലും അറിയാനുള്ള പക്വത ഇല്ല…
പെരുന്നാളിന് വരാതിരിക്കാൻ ആയിരം കാരണങ്ങൾ പറഞ്ഞത് ഇതുകൊണ്ടാണ്..അവൻ എന്തിനെങ്കിലും കൈ നീട്ടിയാൽ അത് വാങ്ങി കൊടുക്കാൻ പണം ഇല്ല..
കൊച്ചച്ചനോട് ചോദിച്ചു… “നിന്റെ ത ന്തയോട് പോയി ചോദിക്കട എന്ന് പറഞ്ഞു…”
ചത്തു പോയ നമ്മുടെ അച്ഛനോട് ചോദിക്കാനാ കൊച്ചച്ചൻ പറഞ്ഞെ എന്ന് അവനോടു പറയാൻ പറ്റുമോ…കുഞ്ഞൻ കരച്ചിൽ തുടങ്ങി….ഒരുവിധത്തിൽ അവനെ വലിച്ചിഴച്ചു പെരുന്നാൾ മുറ്റത്തു നിന്നും റോഡിൽ എത്തി…
കഴിഞ്ഞ വർഷം അച്ഛന്റേം അമ്മേടേം കൈ പിടിച്ചു പലഹാരങ്ങളും കളിപ്പാട്ടങ്ങളും ആയി നടന്ന പാതകൾ അത്രയും കരഞ്ഞു തളർന്ന അനിയനെയും തോളിലിട്ട് താൻ നടന്നു…
തോളിൽ കിടക്കുമ്പോഴും അവൻ കരച്ചിൽ നിർത്തിയിരുന്നില്ല….
“ഏട്ടാ ബലൂൺ…” ആ വാക്കുകൾ അവൻ പറഞ്ഞു കൊണ്ടേ ഇരുന്നു.
കഞ്ഞി കുടിക്കാതെ വഴക്കിട്ടു അവൻ തിരിഞ്ഞു കിടന്നു…സഹിക്കാൻ പറ്റുന്നില്ല..അവൻ കുഞ്ഞല്ലേ..ഒരുപാട് ആഗ്രഹിച്ചു കാണും.. ഇറങ്ങി നടന്നു…
കുറെ നേരം അങ്ങനെ ബലൂണിലേക്കും നോക്കി നിന്നു..മോഷ്ടിക്കാൻ മനസ്സ് വന്നില്ല..കടല വണ്ടിക്കാരൻ അപ്പാപ്പന്റെ അരികിൽ ചെന്നു…
“എത്ര കുമ്പിളുകൾ ഞാൻ വിറ്റു തന്നാൽ എനിക്ക് അഞ്ചു രൂപ തരും…?”
“അമ്പതെണ്ണം വിക്കാൻ പറ്റുമോ?”
താൻ കടല കുംബിളില് കുത്തിയതുമായി പെരുന്നാൾ മുറ്റം നിറയെ നടന്നു…മൂന്ന് മണിക്കൂർ..അമ്പതു കുമ്പിളുകൾ..അഞ്ചു രൂപയ്ക്കു കിട്ടിയ ബലൂണുമായി വീട്ടിലേക്കു ഓടി…
മുറിക്കു മുന്നിൽ എത്തി തിരിഞ്ഞു കിടക്കുന്ന കുഞ്ഞനെ വിളിച്ചു…കുഞ്ഞാ…ദേ ഏട്ടൻ ബലൂൺ കൊണ്ടോന്നല്ലോ…
കുഞ്ഞൻ അനങ്ങിയില്ല…പറ്റിച്ചത് മതി..ദേ ഏട്ടനെ നോക്കിയെ…
അപ്പോഴും കുഞ്ഞൻ അനങ്ങിയില്ല…അവൻ വിറയലോടെ കട്ടിലിൽ ഇരുന്നു…അവൻ എത്ര വിളിച്ചിട്ടും കുഞ്ഞൻ ഉണർന്നില്ല…എല്ലാരും ഓടിയെത്തി..ആര് വിളിച്ചിട്ടും കുഞ്ഞൻ ഉണർന്നില്ല…
ഒടുവിൽ അവസാനത്തെ മണ്ണും അവന്റെ കുഴിക്കു മീതെ ഇടുമ്പോൾ താനാ ബലൂൺ കല്ലിൽ കെട്ടി അവനു മീതെ വെച്ചു…
കാറ്റിൽ അതിന്റെ നൂല് പൊട്ടി അത് പറന്നകന്നു..മരണത്തിൽ പോലും അത് സ്വന്തമാക്കാൻ വിധി അവനെ അനുവദിച്ചില്ല..
അഞ്ചു രൂപയ്ക്കു വേണ്ടി പരതുമ്പോൾ കളിയാക്കുന്ന ഭാര്യക്കും മകൾക്കും അറിയില്ലല്ലോ ആ അഞ്ചു രൂപയ്ക്കു ഒരു കാലത്തു എന്റെ സ്വന്തം ചോരയുടെ ജീവന്റെ വില ഉണ്ടായിരുന്നെന്ന്…എന്റെ അനിയന്റെ ജീവന്റെ വില…
അപ്പോഴും കാതുകളിൽ അവൻ മന്ത്രിച്ചു… “ഏട്ടാ ബലൂൺ….”