വസന്തം പടിയിറങ്ങുമ്പോൾ…
Story written by Jolly Shaji
===========
“എന്തിനാ ചേട്ടായി എന്നോടിങ്ങനെ ദേഷ്യപ്പെടുന്നത്…കുറച്ച് ദിവസം ആയി ഞാൻ ഇത് സഹിക്കുന്നു…”
“സഹിക്കാൻ പറ്റില്ലെങ്കിൽ ഇറങ്ങിപോയ്ക്കോടി ഇവിടുന്ന് …”
“എവിടേക്ക് പോണം ഞാൻ അത് കൂടി പറയ്…”
“നീ എവിടേക്ക് പോയാലും എനിക്കെന്ത്..എനിക്കല്പം സമാധാനം കിട്ടിയാൽ മതി..”
“അപ്പൊ ഞാനാണോ ചേട്ടായിക്ക് സമാധാനകുറവിനു കാരണം…”
“എനിക്കൊന്നും അറിഞ്ഞുട…നശിച്ച സമയത്തൊരു കല്യാണം കഴിച്ചത്…”
രാഹുൽ മേശയിലിരുന്ന ബെഡ്ലാമ്പ് എടുത്തു നിലത്തേക്ക് എറിഞ്ഞിട്ട് റൂമിൽ നിന്നും ഇറങ്ങിപ്പോയി…നയന ബെഡിലിരുന്നു പൊട്ടിക്കരഞ്ഞു…
“മോളെ…എന്താ ഒരു ശബ്‍ദം കേട്ടത്..”
രാഹുലിന്റെ അമ്മ പത്മിനി ആയിരുന്നു…
“ചേട്ടായി ആകെ ദേഷ്യത്തിൽ ആണമ്മേ..”
“ഞാനും കുറച്ച് ദിവസമായി ശ്രദ്ധിക്കുന്നു അവനിലെ മാറ്റം…”
പുറത്തു രാഹുലിന്റെ സ്കൂട്ടറിന്റെ ശബ്‍ദം കേട്ടു…
“അവൻ ഈ സമയത്ത് എങ്ങോട്ട് പോയതാ..”
“എന്നോട് ഒന്നും പറഞ്ഞില്ല ദേഷ്യപ്പെട്ട് ഇറങ്ങി പോയതാ..”
“എന്താ മോളെ നിങ്ങൾക്കിടയിൽ പ്രശ്നം വല്ലതും ഉണ്ടോ..”
“എനിക്കറിയില്ല അമ്മേ..ഞാൻചേട്ടായിക്ക് സമാധാനക്കേട് ആണത്രേ…അമ്മക്ക് തോന്നിയിട്ടുണ്ടോ എപ്പോളെങ്കിലും ഞാൻ ഒരു പ്രശ്നകാരിയാണെന്ന്…”
“ഇല്ല മോളെ…കഴിഞ്ഞ അഞ്ചുവർഷവും ഈ വീട്ടിൽ സന്തോഷം മാത്രമേ ഉണ്ടായിരുന്നുള്ളു…എനിക്ക് നീയെന്റെ മകൾ തന്നേ ആയിരുന്നു…”
“എന്നിട്ടും ചേട്ടായി എന്താമ്മേ ഇങ്ങനെ പെരുമാറുന്നത്…”
“മോളെ ഒരു കുഞ്ഞില്ലാത്ത ദുഃഖം അവനുണ്ടാവും…”
“എനിക്ക് ദുഃഖം ഇല്ലേ അമ്മേ…അമ്മക്കില്ലേ വിഷമം ഒരു കുഞ്ഞ് ഉണ്ടാവാത്തതിൽ…”
“അവന് അതൊക്ക ഓർത്തിട്ടുള്ള വിഷമം ആവും മോളെ…”
“എന്റെ കുഴപ്പം കൊണ്ടാണോ കുഞ്ഞുണ്ടാവാത്തത്…എത്ര ആശുപത്രിയിൽ പോയി…എല്ലാരും കുഴപ്പമില്ല എന്നല്ലേ പറയുന്നത്…”
“സാരമില്ല അവൻ ഇങ്ങ് വരട്ടെ അമ്മ സംസാരിക്കാം…മോളു വന്ന് ഭക്ഷണം കഴിക്കു..”
“എനിക്ക് വിശക്കുന്നില്ല അമ്മേ…”
“അത് വെറുതെ…വൈകിട്ടു ചപ്പാത്തി ചുടുമ്പോൾ വിശക്കുന്നു ചേട്ടായി വേഗം വന്നെങ്കിൽ എന്ന് പറഞ്ഞ ആളാണ് ഇപ്പോ വിശപ്പില്ലെന്നു…”
പത്മിനിയമ്മ ചിരിയോടെ അവളുടെ കയ്യിൽ പിടിച്ച് വലിച്ച് അടുക്കളയിലേക്ക് കൊണ്ടുപോയി…അമ്മയും മോളും ഭക്ഷണം കഴിക്കുമ്പോൾ ആണ് രാഹുൽ വരുന്നത്…
“അമ്മേ എനിക്ക് വിശക്കുന്നു…കഴിക്കാൻ താ..”
“നീ വൈകിയാലോ എന്നോർത്ത് ഞങ്ങൾ കഴിക്കാൻ തുടങ്ങിയിരുന്നു…”
രാഹുൽ നയനയുടെ നേരെ നോക്കി..
“അല്ലേലും എന്നേ നോക്കിയിരിക്കേണ്ട ആവശ്യം ഒന്നും ഇല്ല ഇനി…”
“അതെന്താടാ അങ്ങനെ പറയാൻ കാരണം..”
“കാരണം ഉണ്ട്…ഞാൻ ഇവിടുന്ന് ട്രാൻസ്ഫർ വാങ്ങിക്കുവാ ദൂരെ എങ്ങോടെങ്കിലും…”
നയനയെ പാളി നോക്കി രാഹുൽ പറഞ്ഞു…
“അത് നല്ലതാടാ…നമുക്ക് ഒരു ചേഞ്ച് ആകും…വല്ല വയനാടോ ഇടുക്കിയോ നോക്കു…നല്ല വായു ശ്വസിച്ചു കിടക്കാമല്ലോ…”
“നമുക്കൊന്നും ഇല്ല…ഞാൻ മാത്രം പോകുന്നുള്ളു…”
“അപ്പോൾ ഞാനും ഇവളും ഇവിടെ ഒറ്റക്കാവില്ലേ…”
“അമ്മ ദേവുന്റെ കൂടെ നില്ക്കു കുറച്ചു നാൾ..”
“അപ്പോൾ നിന്റെ ഭാര്യയോ…”
“അവളോട് ഞാൻ പറഞ്ഞിട്ടുണ്ട് എന്ത് വേണമെന്ന്…”
“എന്താ അത് അമ്മ അറിയണ്ടേ…അവൾ എനിക്ക് ആരും അല്ലേ..അതോ മക്കളുടെ കാര്യത്തിൽ ഇടപെടാൻ അമ്മക്ക് അവകാശം ഇല്ലേ… ” പത്മിനിയമ്മ ഷുഭിതയായി സംസാരിക്കുന്നതു നയന ആദ്യം കേൾക്കുകയായിരുന്നു..
“അമ്മ ഈ പ്രശ്നത്തിൽ വിഷമിക്കേണ്ട…ആരും ട്രാൻസ്ഫർ മേടിക്കുവോ സ്വന്തം വീടുവിട്ട് പോവുകയോ വേണ്ട…ഞാൻ പൊയ്ക്കോളാം എന്റെ വീട്ടിൽ…അല്പം അവഗണന കാണിക്കുമായിരിക്കും അവർ…കാരണം അറിയാമല്ലോ എല്ലാർക്കും…എന്റെ പിടിവാശിക്കു തോറ്റു തന്നവർ അല്ലേ…ഞാൻ തോൽവി ഏറ്റു ചെല്ലുമ്പോൾ അവർക്ക് കുത്താമല്ലോ ആവോളം..എന്നാലും സാരല്ല്യ ഞാൻ അഡ്ജസ്റ്റ് ചെയ്‌തോളാം..”
നയന കഴിച്ചുകൊണ്ടിരുന്ന പാത്രവുമെടുത്തു വേഗം അടുക്കളയിലേക്കു പോയി…
“അല്ല എനിക്കറിയാൻ വയ്യാത്തോണ്ട് ചോദിക്കുവാ നിനക്ക് എന്തിന്റെ കേടാണ് ഇപ്പോ… ” പത്മിനിയമ്മ ദേഷ്യത്തോടെ രാഹുലിനോട് ചോദിച്ചു…
“ആ എനിക്ക് ഇപ്പോൾ ഇങ്ങനെ തോന്നുന്നു…ഞാനും അവളും ഇനി ഒന്നിച്ചു ജീവിച്ചാൽ ശരിയാവില്ല അമ്മേ…”
“എന്താടാ പെട്ടന്ന് ഇങ്ങനെ തോന്നാൻ..നിന്റെ ജീവിതത്തിലേക്ക് ഓടി കയറി വന്നതൊന്നുമല്ലല്ലോ അവള്..”
“അപ്പോളത്തെ പൊട്ടത്തരം ആവാം അങ്ങനെ സംഭവിച്ചത്…ഇപ്പൊ എനിക്ക് പറ്റണില്ല അമ്മേ അവളോടൊത്തൊരു ജീവിതം… “
“മോനെ അമ്മ ഒരുപാട് വിവരമോ വിദ്യാഭ്യാസമോ ഉള്ളവൾ അല്ലെങ്കിലും അനുഭവങ്ങൾ ഒരുപാട് ഉണ്ടായിട്ടുള്ളവൾ ആണ്…ഒരു പാവം പെണ്ണിന്റെ മനസ്സ് വേദനിപ്പിച്ചാൽ ഈശ്വരൻ നിന്നോട് പൊറുക്കില്ല…”
പത്മിനിയമ്മ ദേഷ്യത്തോടെ അടുക്കളയിലേക്ക് പോയി…രാഹുൽ കൈകഴുകി മുറിയിലേക്ക് ചെന്നു…
നയന ബെഡിന്റെ സൈഡിൽ തല കുമ്പിട്ടിരിക്കുന്നു…അവൻ ബെഡിൽ നിന്നും ഒരു തലയിണയും പുതപ്പുമെടുത്തു പുറത്തേക്കു നടന്നു…
“ചേട്ടായി ഇതെങ്ങോടാ….”
“ഞാൻ അപ്പുറത്തെ മുറിയിൽ കിടന്നോളാം..”
“കുറേ ദിവസങ്ങളായി ഒരു ബെഡിന്റെ രണ്ട് സൈഡിലും പരസ്പരം മിണ്ടാട്ടം ഇല്ലാതെയാണ് കിടന്നിരുന്നതെങ്കിലും കൂടെ ഉണ്ടല്ലോ എന്നത് വലിയൊരു ആശ്വാസം ആയിരുന്നു…”
“ഇനി മുതൽ അങ്ങനെ ആശ്വസിക്കേണ്ട…നാളെ നിന്റെ വീട്ടിൽ ഞാൻ വിളിക്കും മോളെ കൊണ്ടുപോകാൻ വരാൻ പറഞ്ഞ്…”
“അവരുടെ സമ്മതത്തോടെ ആണോ എന്നേ ഇങ്ങോട് കൈപിടിച്ച് കയറ്റിയത്…അല്ലല്ലോ…നമ്മുടെ ഇഷ്ടം ആയിരുന്നു അന്ന് അത്…ഇന്ന് ചേട്ടായിയുടെ സ്വന്തം ഇഷ്ടം നടപ്പാക്കുന്നു…”
“ഈ ബന്ധം വേണ്ടെന്നു ഞാൻ അന്നും പറഞ്ഞതല്ലേ…നിനക്കായിരുന്നു വാശി എന്റെ ഒപ്പം ജീവിക്കണമെന്നു…എന്റെ ജീവിതം തുലച്ചിട്ടും സമാധാനമായില്ലേ…”
“ശരിയാണ് ഏട്ടാ…എന്റെ വാശി ആയിരുന്നു ഈ ജീവിതം…എങ്കിലും എന്റെ മനസ്സിൽ ഏട്ടനോട് ആത്മാർത്ഥ സ്നേഹം മാത്രമേ ഉണ്ടായിട്ടുള്ളൂ…അത് തട്ടിക്കളയാൻ നിങ്ങൾക്ക് ആകുമോ..”
“എനിക്ക് ഈ സ്നേഹം ഇന്നൊരു തലവേദന ആണ്…നിനക്ക് പ്രായം അധികമൊന്നും ആയിട്ടില്ല നല്ലൊരു ജോലിയുമുണ്ട്..വേറെ വിവാഹം കഴിച്ചു ജീവിച്ചോളു…”
“അങ്ങനെ വേറൊരു ജീവിതം ആഗ്രഹിച്ചു എങ്കിൽ എന്റെ വീട്ടുകാരെ മുഴുവൻ വെറുപ്പിച്ചു നിങ്ങളെ തന്നേ വേണമെന്ന് വാശി പിടിക്കുമായിരുന്നോ…”
“അതൊന്നും എനിക്കറിയേണ്ട…നമ്മൾ തമ്മിൽ ശരിയാവില്ല…നീ പോകുന്നില്ലെങ്കിൽ ഞാൻ പോകും ഇവിടുന്ന്…പിന്നെ ആരും എന്നെ കാണില്ല്യ…”
“ഞാൻ പൊയ്ക്കോളാം…പക്ഷേ ഒന്ന് എനിക്കറിയണം…അതെന്റെ അവകാശമാണ്…ഞാൻ ചെയ്ത തെറ്റ് എന്തെന്ന് എനിക്കറിയണം…ഞാൻ പ്രസവിക്കാത്തതാണോ ചേട്ടായിയുടെ പ്രശ്നം..”
“അതെ, അത് തന്നേ..എനിക്കൊരു കുഞ്ഞിനെ തരാൻ കഴിവില്ലാത്ത പെണ്ണിനെ ഇനിയും ഞാൻ കൊണ്ട് നടക്കണോ…”
രാഹുലിന്റെ വാക്കുകൾ നയനെയെ ഒരുപാട് വേദനിപ്പിച്ചു…ആദ്യമായിട്ടാണ് രാഹുൽ ഇങ്ങനെ സംസാരിക്കുന്നത്…കുഞ്ഞിന്റെ കാര്യം പറഞ്ഞു താൻ സങ്കടപ്പെടുമ്പോളൊക്കെ തന്നേ ആശ്വസിപ്പിച്ച ആളാണ്…ഒരു കുഞ്ഞിനെ ദത്തെടുക്കാം എന്ന് പറഞ്ഞപ്പോൾ നമ്മുടെ സ്നേഹം പങ്കിട്ടു പോവില്ലേടി എന്ന് പറഞ്ഞിട്ടുള്ള ആളാണ് ഇപ്പൊ…നയന ബാത്‌റൂമിലേക്ക് ഓടിക്കയറി വാതിലടച്ചു പൊട്ടിക്കരഞ്ഞു…കുറേ കഴിഞ്ഞപ്പോൾ ഒരു ആശ്വാസം തോന്നി…
പിറ്റേന്ന് രാവിലെ നയന എഴുന്നേറ്റില്ല..പത്മിനിയമ്മ അവളെ തിരക്കി മുറിയിലേക്ക് വന്നു…
“എന്താ മോളെ എണീക്കാത്തത് ജോലിക്ക് പോവണ്ടേ…”
“ഇന്ന് പോവുന്നില്ല അമ്മേ ലീവ് എടുത്തു…ചേട്ടായി പോയോ അമ്മേ…”
“കുളിക്കുന്നു…അവൻ ഇന്നലെ അപ്പുറത്തെ മുറിയിൽ ആണല്ലേ കിടന്നത്…”
“മം..അതെ…”
“മോൾ എണീറ്റു വാ അമ്മ ചായ ഉണ്ടാക്കി വെച്ചിട്ടുണ്ട്…”
“വേണ്ടമ്മേ എനിക്ക് എന്തോ ഒന്നിനും തോന്നുന്നില്ല…ആകെ ഒരു വിഷമം പോലെ…”
“വിഷമം പോലെ അല്ല വിഷമം തന്നേ…രാത്രി ഉറങ്ങിയില്ല അല്ലേ…കരഞ്ഞു മുഖമൊക്കെ നീരു വെച്ചേക്കുന്നു..ഈ അമ്മ ജീവനോടെ ഇരിക്കുമ്പോൾ നിന്നെ ഇവിടുന്ന് വിടില്ല്യ..അതോർത്തു നീ വിഷമിക്കേണ്ട…”
അമ്മ അടുക്കളയിലേക്ക് പോയപ്പോൾ നയനയുടെ മിഴികൾ വീണ്ടും നിറഞ്ഞൊഴുകാൻ തുടങ്ങി…അപ്പോളാണ് രാഹുൽ മുറിയിലേക്ക് കടന്നു വന്നത്…
“അമ്മ പലതും പറയും അതൊന്നും കേട്ട് നീ നിൽക്കേണ്ട…നിന്റെ സാധനങ്ങൾ ഒക്കെ എടുത്തു വെച്ചൊ ഞാൻ ടാക്സി ഏർപ്പാടാക്കി തരാം..ആ പിന്നെ പോകുന്നതിനു മുൻപ് ആ താലി ഊരി മേശയിൽ വെച്ചേക്കു…”
രാഹുൽ മുറിയിൽ നിന്നും ഇറങ്ങിപ്പോയി..
“ചേട്ടായി”…നയനയുടെ വിളികേട്ട് അവൻ തിരിഞ്ഞു നോക്കി
“എന്തെ…”
“ദാ ഈ താലി ചേട്ടായി എന്റെ കഴുത്തിൽ കെട്ടിയതാണ്…ഇതിന്റെ അവകാശി നിങ്ങൾ ആണ്…പറ്റുമെങ്കിൽ നിങ്ങൾ പൊട്ടിച്ചെടുത്തോളൂ..”
രാഹുൽ വേഗം നയനക്കടുത്തു വന്ന് മാലയിൽ നിന്നും താലി ഊരാൻ നോക്കി…
“എടാ…എന്ത് പോ ക്രിത്തരം ആണ് നീ കാട്ടുന്നത്…ഇതൊക്കെ എന്താ തമാശ കളി ആണോ…താലിയുടെ പവിത്രത എന്തെന്നു നിനക്കറിയാമോ..മാറിനിക്കെടാ ഇങ്ങോട്..”
പത്മിനിയമ്മ രാഹുലിനെ പിടിച്ചു തള്ളിമാറ്റി..നയന കരഞ്ഞുകൊണ്ട് അമ്മയെ കെട്ടിപിടിച്ചു.
രാഹുൽ ദേഷ്യത്തോടെ ഇറങ്ങിപ്പോയി…കുറച്ച് കഴിഞ്ഞപ്പോൾ അവന്റെ വണ്ടി പോകുന്ന ശബ്ദം കേട്ടു.
“മോളെ നീ വിഷമിക്കേണ്ട അവന്റ ഉള്ളിൽ ഏതോ ചെ കുത്താൻ കേറിയേക്കുവാ കുറച്ചുദിവസം കഴിയുമ്പോൾ എല്ലാം ശെരിയാകും…”
“ശരിയമ്മേ…ഞാൻ ഒന്ന് കിടക്കട്ടെ..”
നയന കിടന്നപ്പോൾ പത്മിനിയമ്മ അടുക്കളയിലേക്കു പോയി….പത്മിനിയമ്മക്ക് അടുക്കളയിൽ ഒന്നും ചെയ്യാൻ തോന്നിയില്ല..അവർ വേഗം ദേവികയെ വിളിച്ചു..
“മോളെ ദേവു നിനക്ക് തിരക്കാണോ..”
“എന്താ അമ്മേ പതിവില്ലാതെ ഈ സമയത്ത് വിളിച്ചത്..ഞാൻ അടുക്കളയിൽ ആയിരുന്നു…ജോലികൾ തീരുന്നേ ഉള്ളു…സാരല്ല്യ അമ്മ പറഞ്ഞോളൂ…എന്താ വയ്യായ്ക വല്ലതും ഉണ്ടോ…”
“വയ്യായ്ക മനസ്സിനാണല്ലോ മോളെ ബാധിച്ചത്…”
“എന്താ അമ്മേ പ്രശ്നം..ഏട്ടത്തി ആയി എന്തെങ്കിലും…ഏയ് അങ്ങനെ വരാൻ വഴിയില്ലല്ലോ…അമ്മ കാര്യം പറയു…”
“അടുത്ത് നിന്റെ അമ്മയെങ്ങാനും ഉണ്ടോ…”
“ഇല്ല അമ്മ തുണി കഴുകുവാ…എന്താ അമ്മേ…”
“മോളെ രാഹുലും നയനയും തമ്മിൽ എന്തോ സ്വരച്ചേർച്ച കുറഞ്ഞത് പോലെ…അവൻ അവളോട് ആകെ കലിപ്പിൽ ആണ്…ഇറങ്ങി പൊയ്ക്കോളാൻ ഒക്കെ പറഞ്ഞു…”
“എന്താ അമ്മയീ പറയുന്നത് ഏട്ടനും ഏട്ടത്തിയും വഴക്കോ..ഞാൻ വിശ്വസിക്കില്ല…”
“അതെ മോളെ കുറച്ചു ദിവസങ്ങൾ ആയി ഞാൻ ശ്രദ്ധിക്കുന്നു അവനിലെ മാറ്റം..ഇപ്പൊ അവൻ അവളോട് ഇറങ്ങി പൊയ്ക്കോളാൻ ആണ് പറയുന്നത്…”
“അങ്ങനെ പറഞ്ഞാൽ ശെരിയാകുന്നത് എങ്ങനെ…ഏട്ടന്റെ ഇഷ്ടത്തിന് കല്യാണം കഴിച്ചു കൊണ്ടുവന്നതല്ലേ ഏട്ടത്തിയെ..തോന്നുമ്പോൾ ഇറങ്ങിപോകാൻ പറഞ്ഞാൽ എങ്ങനെ ശെരിയാകും…”
“എനിക്ക് അറിഞ്ഞുകൂടാ മോളെ..ആ പെണ്ണിന്റെ കണ്ണുനീർ ഈ വീട്ടിൽ വീഴുന്നത് കണ്ടിട്ട് എനിക്ക് സഹിക്കാൻ പറ്റുന്നില്ല…”
“അമ്മ വിഷമിക്കണ്ട ഞാൻ ഏട്ടനെ വിളിച്ചു നോക്കാം..അല്ലെങ്കിൽ വേണ്ട മനുവേട്ടൻ ഒന്ന് വന്നോട്ടെ ഞങ്ങള് അങ്ങൊട് വരാം…തത്കാലം അമ്മ ഏട്ടത്തിയെ ശ്രദ്ധിക്കണം…എന്തെങ്കിലും അവിവേകം കാണിച്ചാൽ കുടുംബത്തിന് ശാപം ആകും…നാണക്കേടും..”
പത്മിനിയമ്മ ഫോൺ കട്ട് ചെയ്ത് എന്തോ ആലോചിച്ചുകൊണ്ട് ഇരിക്കുമ്പോൾ ആണ് നയന പിന്നിൽ നിന്നും വിളിക്കുന്നത്…
“മോളിത് എങ്ങോടാ നല്ല ഡ്രസ്സ് ഒക്കെ ഇട്ട്…ജോലിക്ക് പോകുന്നില്ലന്നു പറഞ്ഞിട്ട് ഇപ്പോ എന്തെ..”
“ഓഫീസിൽ നിന്നും വിളിച്ചമ്മേ കുറച്ച് അർജന്റ് പേപ്പറുകൾ റെഡിയാക്കാൻ ഉണ്ടെന്ന്…ഞാൻ പോട്ടെ അമ്മേ..”
അപ്പോളാണ് അവളുടെ കയ്യിലെ വലിയ ബാഗ് അവർ ശ്രദ്ധിച്ചത്…
“എന്താ മോളെ ബാഗിൽ…”
“അമ്മേ രണ്ടുദിവസം ഞാനൊന്ന് മാറിനില്ക്കാൻ പോവാ…വീട്ടിലേക്കു പോവുന്നില്ല. തത്കാലം ഹോസ്പിറ്റലിൽ നിൽക്കാം…”
“മോളെ നീ കൂടി അമ്മയെ വിഷമിപ്പിക്കുവാണോ..ദേവും മനുവും വൈകിട്ട് വരും അവര് അവനോടു സംസാരിക്കട്ടെ…എല്ലാം നമുക്ക് നേരെ ആക്കാം..”
“സാധ്യത ഇല്ലമ്മേ ചേട്ടായിയുടെ സ്വഭാവം അമ്മക്ക് അറിഞ്ഞൂടെ..പിന്നെ ഞാനും ചിന്തിച്ചു എന്തിനാണ് ഇങ്ങനെ അവഗണന ഏറ്റു കിടക്കുന്നെ…എനിക്കൊരു ജോലി ഇല്ലേ അമ്മേ ജീവിക്കാൻ..ഞാൻ പോണു അമ്മയെ ഞാൻ വിളിച്ചോളാം…”
പത്മിനിയമ്മ മറുപടി പറയും മുന്നേ നയന ഇറങ്ങി നടന്നു….
തളർന്നുപോയ അവർ വേഗം രാഹുലിനെ വിളിച്ച് നയന പോയെന്നു പറഞ്ഞു…രാഹുൽ ചിരിയോടെ പറഞ്ഞു…
“അവള് പോയ് രക്ഷപെടട്ടെ അമ്മേ…”
വൈകിട്ടു ജോലി കഴിഞ്ഞെത്തിയ രാഹുലിന് ദേവൂട്ടിയുടെയും അമ്മയുടെയും അളിയന്റെയുമൊക്കെ ദേഷ്യപ്പെട്ട മുഖമാണ് കാണാൻ കഴിഞ്ഞത്..
“ഏട്ടൻ ഇത് എന്ത് ഭാവിച്ചാണ്…ഏട്ടന്റെ മനസ്സിൽ മാറ്റാരെങ്കിലുമുണ്ടോ..”
രാഹുൽ ഒന്നും മിണ്ടാതെ ചിരിച്ചു…
“അളിയൻ എന്താ ചിരിച്ചത് ദേവു ചോദിച്ചതിൽ എന്തെങ്കിലും ന്യായമുണ്ടോ…നയനയെപ്പോലൊരു പെണ്ണിനെ കിട്ടിയത് ഈ വീടിന്റെ തന്നേ ഭാഗ്യമാണ്…”
“അതൊക്കെ പറഞ്ഞ ഇവന് മനസ്സിലാകണ്ടേ മോനെ…”
“ഏട്ടൻ ഒന്ന് ഓർത്തു നോക്കിയേ അവരെ പോലുള്ള ഒരു പെണ്ണിനെ കിട്ടാൻ എന്ത് യോഗ്യതയാണ് ഏട്ടന് ഉള്ളതെന്ന്…ആ പാവത്തിന് സഹതാപം തോന്നിയാണ് ഈ ച ട്ടുകാ ലനെ കെട്ടിയത്..”
“ദേവൂ..നിർത്തു..”
പത്മിനിയമ്മ ദേഷ്യത്തോടെ അവൾക്ക് നേരെ കയ്യുയർത്തി…
“അവള് പറഞ്ഞോട്ടെ അമ്മേ…ശെരിയല്ലേ അവൾ പറഞ്ഞത് ഈ ച ട്ടുകാലന് എന്ത് യോഗ്യതയാണ് ഉള്ളത്…ഒന്നുമില്ല വികലാംഗൻ എന്ന പരിഗണനയിൽ കിട്ടിയ സർക്കാർ ഓഫീസിലെ പ്യുൺ എന്ന ജോലി മാത്രമുള്ള എനിക്കെന്ത് യോഗ്യത..”
രാഹുൽ നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചുകൊണ്ട് അകത്തേക്ക് പോയി..ചെന്നതെ അവൻ ബെഡിലേക്കു കമിഴ്ന്നു കിടന്നു പൊട്ടിക്കരഞ്ഞു..
“മോനെ അവൾ സങ്കടം കൊണ്ട്…”
“സാരല്ല്യ അമ്മേ..”
“നയനമോളെ അമ്മ വിളിക്കാം അവൾ വരും..”
“വേണ്ടമ്മേ ആ പാവം പോയി രക്ഷപെടട്ടെ..അവൾക്ക് ഒരു കുഞ്ഞില്ലാത്ത സങ്കടം നന്നായിട്ടുണ്ട്..ഇനിയെങ്കിലും മറ്റൊരു കല്യാണം കഴിച്ചു ഒരു കുഞ്ഞൊക്കെ ആവട്ടെ അതിന്…ഞാനായിട്ട് ഇനി അവൾക്ക് തടസ്സം ആവാതിരിക്കാൻ ആണമ്മേ…”
“മോനെ കുഞ്ഞ് നിങ്ങൾക്ക് ഉണ്ടാവില്ലെന്ന് ഒരു ഡോക്ടർ പോലും പറഞ്ഞിട്ടില്ല…നിങ്ങൾക്ക് ഇനിയും സമയം ഉണ്ടല്ലോ..”
“ഇല്ലമ്മേ…അവൾ പോവട്ടെ…എത്ര വിഷമിച്ചാണെന്നോ ഞാൻ അതിനോട് ദേഷ്യപ്പെട്ടതൊക്കെ…ദൈവം ശിക്ഷിക്കും എന്നെ…അല്ല ശിക്ഷ തുടങ്ങിയല്ലോ…”
“നീയെന്തൊക്കെയാ രാഹുൽ ഈ പറയുന്നത്…”
“ഒന്നുല്ല അമ്മേ…ഓരോന്നൊക്കെ ഓർത്തപ്പോൾ…”
“നീയിപ്പോ ഒന്നും ഓർക്കേണ്ട…കിടക്കു ഞാൻ ചായ ഉണ്ടാക്കി വരാം…”
“ചായ വേണ്ട അമ്മേ..ഞാൻ അമ്മേടെ മടിയിൽ ഒന്ന് കിടന്നോട്ടെ…”
“മോനെ…” പത്മിനിയമ്മ അവന്റെ അടുത്തിരുന്നു..രാഹുൽ തല ആ മടിയിലേക്ക് വെച്ചു..
“എന്റെ മോൻ ഉറങ്ങിക്കോ…നമുക്ക് എല്ലാം പിന്നെ തീരുമാനിക്കാം…”
“എന്തിനാ അമ്മേ ആക്‌സിഡന്റ് പറ്റി വഴിയിൽ ചോരയിൽ കുളിച്ചു കിടന്ന ഈ വികലാംഗനെ അവള് ഇത്രയ്ക്കു സ്നേഹിച്ചത്….വീട്ടുകാരെ മുഴുവൻ എതിർത്ത് എന്തിനാ അവളുടെ ജീവിതം കളഞ്ഞത്….ഒന്നും വേണ്ടായിരുന്നു…അന്നേ മരിച്ചാൽ മതിയാരുന്നു…എങ്കിൽ അമ്മക്ക് ഇത്ര വേദന ഉണ്ടാവില്ലരുന്നു…”
“നിർത്തെടാ..” പത്മിനിയമ്മ ദേഷ്യത്തോടെ അവന്റെ കയ്യിലേക്ക് ഒരടി കൊടുത്തു…
ദേവികയും ഭർത്താവും നയനയെ പോയി കണ്ടു..പക്ഷേ അവൾ ഇനി വരില്ലെന്ന നിലപാടിൽ തന്നെ ആയിരുന്നു…ഒരുമാസം കഴിഞ്ഞപ്പോൾ അറിഞ്ഞു നയന സ്ഥലം മാറ്റം വാങ്ങി ദൂരെ എങ്ങോട്ടോ പോയെന്നു..കുറച്ച് ദിവസം കഴിഞ്ഞപ്പോൾ നയന ഡിവോഴ്സ് ചെയ്യാനുള്ള പേപ്പർ അയച്ചു…ഇത്രയും പെട്ടെന്ന് ഡിവോഴ്സിന് അവൾ തയ്യാറാകുമെന്ന് രാഹുൽ ഓർത്തതെ ഇല്ല…
പിന്നെ പെട്ടെന്നാണ് കാര്യങ്ങളൊക്കെ മുന്നോട്ട് പോയത്…ഡിവോഴ്സ് കേസ് വിധിയുടെ അന്നാണ് രാഹുലും നയനയും വീണ്ടും കാണുന്നത്…നയനയുടെ കണ്ണുകളിൽ നല്ലൊരു സന്തോഷം രാഹുലും അമ്മയും ദേവികയുമൊക്കെ തിരിച്ചറിഞ്ഞു…അവൾ അധികം ആരോടും സംസാരിക്കാനും കൂട്ടാക്കിയില്ല…പത്മിനിയമ്മ ഒന്ന് രണ്ട് വട്ടം അവളോട് വിശേഷങ്ങൾ ചോദിച്ചു ചെന്നെങ്കിലും മറുപടി മാത്രം പറഞ്ഞ് അവൾ ഒഴിഞ്ഞു മാറി…മുൻപത്തെക്കാൾ ഷീണിതൻ ആയ രാഹുലിനെ നയനെ അവനറിയാതെ ശ്രദ്ദിക്കുന്നുണ്ടായിരുന്നു…
കോടതി നടപടികൾ അവസാനിച്ചു നയന ഒരു യുവാവിനോപ്പം കാറിൽ കയറിപ്പോകുന്നത് നോക്കി നിന്ന രാഹുലിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി…
**************
രണ്ട് വർഷങ്ങൾക്കു ശേഷം ഒരു ദിവസം നയനയുടെ ഒപ്പം ജോലി ചെയ്തിരുന്ന കാർത്തികയുടെ കാൾ വന്നു…ഉറക്കം വന്നു വാവിട്ടു കരയുന്ന കുഞ്ഞിനേയും കൊണ്ടാണ് അവൾ ഫോൺ കൈയിൽ എടുത്തത്…
“അരുണേട്ടാ മോനെ ഒന്ന് എടുക്കുമോ…കാർത്തിക വിളിക്കുന്നു…ഞാൻ ഒന്ന് സംസാരിക്കട്ടെ..”
അരുണിന്റെ കൈകളിലേക്ക് കരയുന്ന കുഞ്ഞിനെ കൊടുത്ത് അവൾ ഫോണുമായി ബാൽക്കണിയിലേക്ക് പോയി…
“ഹലോ കാർത്തി..പറയെടി എന്തുണ്ട് വിശേഷം…എത്ര നാളായെടി നീയൊന്നു വിളിച്ചിട്ട്…”
“നയന…നിനക്ക് സുഖമല്ലേ…മോൻ ഉണ്ടായതു സ്റ്റാറ്റസ് കണ്ട് അറിഞ്ഞു..വിളിക്കാൻ പറ്റിയില്ല..ഇനി എന്നാണ് നാട്ടിലേക്ക്…”
“എടി…ഞാൻ ലീവിൽ ആണ് ഇപ്പൊ പക്ഷേ അരുണേട്ടന് ലീവ് ആയിട്ടില്ല…എന്തായാലും ഉടൻ ഉണ്ടാവും…വരുമ്പോൾ കാണാമെടാ…”
“എടാ ഒരു കാര്യം പറയാൻ ആണ് ഞാൻ ഇപ്പൊ വിളിച്ചത്…”
“എന്താടോ പറയു..”
“വിഷമം ഉണ്ടാക്കുന്ന ഒരു ന്യൂസ് കേട്ടു ഇപ്പൊ അതാണ് ഞാൻ നിന്നെ വിളിച്ചത്…”
“കാർത്തി എന്താടാ..”
“മോളെ രാഹുൽ മരിച്ചു…”
“മരിച്ചോ…നീ…നീയെന്താ ഈ പറയുന്നത്…”
“അതെ അതൊരു സത്യമാണ്…ഇന്ന് പുലർച്ചെ ആയിരുന്നു…ഹോസ്പിറ്റലിൽ ആയിരുന്നു കുറേ ദിവസങ്ങൾ ആയി…ക്യാ ൻസർ ആയിരുന്നു…”
“കാർത്തി ഇതൊക്കെ എപ്പോ…ഞാൻ ഒന്നും അറിഞ്ഞില്ലല്ലോ മോളെ…”
“അസുഖം അറിഞ്ഞപ്പോൾ ആണെടി അവൻ നിന്നോട് അകന്നു തുടങ്ങിയത്…നിന്നെ അവനിൽ നിന്നും അകറ്റുകയായിരുന്നു…”
പറയാൻ മറുപടി ഒന്നുമില്ലാത്ത നയന നിശബ്‍ദയായി മാറി…അപ്പോൾ അരുൺ കുഞ്ഞിനേയും കൊണ്ട് അവൾക്ക് അടുത്തേക്ക് വന്നു…അവൻ അവളെ ചേർത്ത് പിടിച്ചു…ഒരു തരം മരവിപ്പിൽ ആയിരുന്നു അവൾ..
“നയനാ…അറിഞ്ഞു ഞാനും…നീയൊന്നു കരയു…നമുക്ക് ഒന്നും ചെയ്യാൻ പറ്റില്ലല്ലോ മോളെ…അംഗീകരിച്ചേ പറ്റു ഇനി ആ മരണം..”
അരുൺ നയനയെ ചേർത്തുപിടിച്ച് മുറിയിലേക്ക് കൊണ്ടുപോയി…
~ജോളി ഷാജി…✍️