അച്ഛന്റെയും അമ്മയുടെയും കൂടെ താമസിച്ചാൽ കുഞ്ഞു മലയാളം സംസാരിക്കും പറഞ്ഞു വേറെ വീട് വച്ചു മാറിയതാണ് ഞാൻ…

നന്മ

Story written by Arun Nair

==============

“”ആകെയൊരു  ഞായറാഴ്ചയാണുള്ളത് ഞങ്ങൾക്കൊന്നു ഉച്ചവരെ കെട്ടിപിടിച്ചു കിടന്നുറങ്ങാൻ….അതിനും സമ്മതിക്കത്തിലല്ലോ ഈ പ ണ്ടാരം…നിനക്കിതു എന്തിന്റെ ഏനക്കേട്‌ ആണമ്മു….??? “””

അരുണേട്ടാ അരുണേട്ടാ വിളിച്ചെന്നെ തോണ്ടി കൊണ്ടു വന്ന അമ്മുവിനോട് അല്പം ദേഷ്യത്തോടെയും അതിലുപരി സങ്കടത്തോടെയുമാണ് ഞാനിത്രയും പറഞ്ഞത്….

“”അയ്യടാ,,,അങ്ങനെയിപ്പോൾ സുഖിച്ചുറങ്ങണ്ട…ഇന്നലെയും സമ്മതിച്ചതല്ലേ ഞങ്ങളെയിന്നു  കറങ്ങാനും, സിനിമക്കും കൊണ്ടു പോകാമെന്നു….അതിനു ശേഷം നല്ലൊരു ഹോട്ടലിൽ കയറി ലഞ്ചും കഴിക്കാം സമ്മതിച്ചതാണ്….എന്നിട്ടിപ്പോൾ സുഖിച്ചു കിടന്നുറങ്ങുന്നോ…..””

“”എന്റെ പൊന്നമ്മു കുഞ്ഞു ഉണരട്ടെ അതിനു ശേഷമല്ലേ കണ്ടിടം നിരങ്ങൽ….അവളുടെ ഒരു യാത്ര ഭ്രാ ന്ത്…. “” കുഞ്ഞെന്നു  ഞാൻ പറഞ്ഞുവെങ്കിലും മോൾക്കിപ്പോൾ ആറു വയസുണ്ട്…എന്നാലും എനിക്കവൾ കുഞ്ഞാണ്…

“”അങ്ങനെയൊക്കെ തോന്നണമെങ്കിൽ കുറച്ചൊക്കെ ജീവിതമാസ്വദിക്കാൻ പഠിക്കണം…ഇത് ചുമ്മാ ഏതു നേരവും ജോലി കാര്യം…പിന്നെ ഉള്ളത് സ്റ്റാറ്റസ് കാണിക്കുന്നുള്ള ഈ മസിലു പിടിത്തവും…ഇതൊന്നും അത്രക്കും നല്ലതല്ല അരുണേട്ടാ….””

ഞങ്ങളുടെ സംസാരം കേട്ടിട്ടാണെന്നു  തോന്നുന്നു ഞങ്ങളുടെ  പൊന്നുമോൾ എന്തായാലും അപ്പോളേക്കും കണ്ണുകൾ തുറന്നു ഞങ്ങളെ ചിരിച്ചു കാണിച്ചു…കുഞ്ഞു ഉണർന്നു കഴിഞ്ഞപ്പോൾ കുഞ്ഞിനേയും കെട്ടിപിടിച്ചു ഞങ്ങളു രണ്ടു പേരും കുറച്ചു നേരം കിടന്നു….

പെട്ടെന്ന് കറക്കം പോകുന്ന കാര്യമോർമ വന്നപ്പോൾ ഭാര്യ പറഞ്ഞു…എഴുന്നേൽക്കു രണ്ടും വാ നമുക്കു കുളിച്ചു റെഡി ആയി കറങ്ങാൻ പോകാം….

കുഞ്ഞാവാക്കും കറക്കമെന്നു കേട്ടാൽ പിന്നെ വേറെയൊന്നും വേണ്ട….അമ്മു പറഞ്ഞത് മുഴുവനും കേട്ടു കുഞ്ഞു പെട്ടെന്ന് തന്നെ പോകാൻ റെഡി ആയി…അങ്ങനെ കുറച്ചു നേരം കുഞ്ഞും ഭാര്യയുമായി സ്വകാര്യത പ്രതീക്ഷിച്ച ഞാൻ ശശാങ്കനും ആയി തീർന്നു…

ഞങ്ങൾ റെഡി ആയി കാറുമെടുത്തു കറങ്ങാനായി  ഇറങ്ങി…കുറെ നേരം കാഴ്ചകളും ഒക്കെ കണ്ടു…അതു കഴിഞ്ഞു രണ്ടും കൂടി ശീമാട്ടിയിൽ കയറി നല്ലൊരു തുക അവിടെയും ചിലവഴിച്ചു കഴിഞ്ഞപ്പോൾ സിനിമക്കുള്ള സമയമായി….

അമ്മുവിന് ഇഷ്ടമല്ലാത്ത നായകന്റെ  ഏതോ ഒരു പൊട്ട സിനിമ ആയിട്ട് കൂടി അവൾ ആസ്വദിച്ചിരിക്കുന്നതു കണ്ടപ്പോൾ എനിക്കു തന്നെ ചിരി വന്നു….ഇതെല്ലാം കഴിഞ്ഞു വീട്ടിൽ ചെന്നിട്ടു  വേണം അവൾക്കു ഈ സിനിമ നടനെ കുറ്റം പറയാൻ..എന്തായാലും ഇപ്പോൾ അവൾ ആ നടന്റെ പേ ക്കൂത്തുകൾ ആസ്വദിച്ചു ചിരിക്കുന്നുണ്ട്……..

ഇന്റർവെൽ ആയപ്പോൾ ഞാനവളോട് ചോദിച്ചു “”അല്ല അമ്മു, നിനക്കി നടനെ ഇഷ്ടമല്ലല്ലോ….പിന്നെ ഭയങ്കര സന്തോഷത്തിൽ ആണല്ലോ സിനിമ ഇരുന്നു കാണുന്നത്…. “”

അവളുടെ മറുപടി എനിക്കും പ്രിയമുള്ളത് ആയിരുന്നു…….

“”അതെ അരുണേട്ടാ നിങ്ങളുടെ രണ്ടു പേരുടെയും നടുക്കിരുന്നു എന്ത് ആസ്വദിച്ചാലും അതിനൊരു പ്രത്യേക സുഖമാണ്…ആ അനുഭൂതി എനിക്കു ഇപ്പോൾ പറഞ്ഞറിയിക്കാൻ പറ്റില്ല അരുണേട്ടാ…എന്തായാലും ഞാൻ മറക്കില്ല എന്റെ ജീവനുള്ള നാൾ വരെ നിങ്ങളോട് ഒപ്പമുള്ള  ഈ സന്തോഷ നിമിഷങ്ങൾ……..””

എന്റെ ഭാര്യയുടെ മറുപടി എനിക്കൊരുപാട് സ്നേഹം അവളിൽ ഉണ്ടാക്കി…എനിക്കു ജീവനുള്ള കാലം വരെ എന്റെ എല്ലാമെല്ലാമായ ഭാര്യയെ സ്നേഹം കൊണ്ടു മൂടും…ശരിക്കും അഭിമാനിക്കണം ഇത്രയും നല്ലൊരു ഭാര്യയെ കിട്ടിയതിനു….ജീവനുള്ള കാലം  മുഴുവൻ ചേർത്ത് പിടിക്കണം അവളെ എന്റെ കരവലയത്തിനുള്ളിൽ……

സിനിമ കഴിഞ്ഞപ്പോൾ ഞങ്ങൾ നല്ലൊരു ഹോട്ടലിലേക്ക് ഭക്ഷണം കഴിക്കാനായി പോയി…നല്ലൊരു ഹോട്ടൽ ആയിട്ടും അതിന്റെ വെളിയിലൊരുപാട് ലോട്ടറി കച്ചവടക്കാരും ഭിക്ഷ യാചിക്കുന്നവരും ഇരിക്കുന്നുണ്ടായിരുന്നു…..

ഞാനാരെയും നോക്കാതെ പെട്ടെന്ന് അവരെയും കൊണ്ടു ഹോട്ടലിനു ഉള്ളിലേക്ക് കയറി….നോക്കിയാൽ പ്രശ്നമാണ് പിന്നെ ഒന്നുകിൽ ചില്ലറ തപ്പണം അല്ലങ്കിൽ ലോട്ടറി എടുക്കണം….എനിക്കാണെങ്കിൽ ഇത് രണ്ടും ശീലമില്ല….ഇഷ്ടവുമല്ല…..

എന്നെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല…ജീവിതം രണ്ടറ്റത്തും കൂട്ടി മുട്ടിക്കാനുള്ള തത്രപ്പാടിലാണ് ഞാൻ….ഹോം ലോൺ, വെഹിക്കിൾ ലോൺ എല്ലാം കഴിഞ്ഞു വീട്ടു ചിലവും കഴിഞ്ഞാൽ പിന്നെ കുഞ്ഞിന് വേണ്ടി കാര്യമായൊന്നും മാറ്റി വെക്കാൻ പറ്റാത്ത ദുഃഖത്തിൽ ആണ് ഞാൻ എപ്പോളും….

ഹോട്ടലിൽ കയറി ഞങ്ങൾ ഭക്ഷണം ഓർഡർ ചെയ്തിട്ട് കസേരയിൽ ഇരിക്കുമ്പോൾ ആണ് മോൾ പെട്ടെന്ന് ഇറങ്ങി വെളിയിലേക്കോടിയത്….കഷ്ടകാലത്തിനു ഞാൻ അന്നേരം എസി വർക്ക്‌ ചെയ്യുന്നില്ലേ ചോദിക്കാൻ പോയി….അമ്മു എഴുന്നേറ്റു മോളുടെ പുറകെ ഓടി….

മാനേജരോട് എസി യെ കുറിച്ചു സംസാരിച്ചിട്ട് ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ മോളുടെ പുറകേയോടുന്ന അമ്മുവിനെയാണ് കണ്ടത്….എന്റെയും അമ്മുവിന്റെയും പൊന്നൂസ് ആ ലോട്ടറി കച്ചവടക്കാരിൽ ഒരാളുടെ അടുത്തു പോയി നിന്നു….

ഞാനൊന്നു സൂക്ഷിച്ചു നോക്കി….ദൈവമേ അച്ഛനാണല്ലോ അത്…മോൾ അച്ഛൻറെ അടുത്തു ചെന്നു വിളിച്ചു…….

“”അപ്പൂപ്പാ,,,വാ…നമുക്കു ആഹാരം കഴിക്കാം….അപ്പുപ്പൻ എനിക്കു കുറച്ചു കഥകൂടി പറഞ്ഞു താ….എനിക്കു കഥകൾ കേട്ടു കഴിക്കണം…എത്ര നാളായി ഞാൻ അപ്പൂപ്പന്റെ കഥകൾ കേട്ടു കഴിച്ചിട്ട്…….””

ഞാനും അമ്മുവും പതുക്കെ നടന്നു അപ്പോളേക്കും അച്ഛന്റെ അടുത്തു എത്തിയിരുന്നു….കുഞ്ഞു മനസ്സിൽ കള്ളവും, കപട അഭിമാനവും ജനിക്കാത്തതുകൊണ്ട് നിഷ്കളങ്കതയോടെ എന്റെ മോൾക്ക് അച്ഛന്റെ അടുത്തേക്ക് ഓടി ചെല്ലാൻ സാധിച്ചു….അതെ കുഞ്ഞുങ്ങളുടെ മനസ്സ് അത്രക്കും പവിത്രമാണ്…ഒരിക്കൽ എന്റെയും ആയിരുന്നു…ഞാൻ ഓരോന്ന് മനസ്സിലോർത്തു…..

“”അപ്പുപ്പൻ പോകുവാ മോളെ…അപ്പുപ്പൻ കഴിച്ചിരുന്നു…എന്റെ പൊന്നുമോള് പോയി കഴിച്ചോ…അപ്പൂപ്പനും അമ്മുമ്മക്കും ഇംഗ്ലീഷൊന്നും അറിയില്ല,,മോൾ അച്ഛന്റെയും അമ്മയുടെയും അടുത്തേക്ക് പൊക്കോ…മോൾ മലയാളം സംസാരിച്ചാൽ അത് അച്ഛനു നാണക്കേട് ആകും…അച്ഛനു വിഷമം ഉണ്ടാക്കേണ്ട…അപ്പൂപ്പനും മോളുടെ അച്ഛനെ വിഷമിപ്പിച്ചിട്ടില്ല ഇതുവരെ…….”” അച്ഛൻ എന്റെ മോളെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു

“”അച്ഛൻ വല്ലതും കഴിച്ചോ… ഇല്ലങ്കിൽ വാ അച്ഛാ…നമുക്കു ഒരുമിച്ചു കഴിക്കാം…”” അമ്മു അച്ഛനെ വിളിച്ചു

“”വേണ്ട മോളെ….മോളു വിളിച്ചല്ലോ അച്ഛനെ കഴിക്കാൻ…അതു തന്നെ ഈ അച്ഛനു സന്തോഷം…ഈ ടിക്കറ്റ് വെയിലത്തു കൂടി നടന്നു വിറ്റാൽ കിട്ടുന്ന പൈസക്ക് അമ്മക്ക് ഇത്രയും വില കൂടിയ ഭക്ഷണം ഒന്നും മേടിച്ചു കൊടുക്കാൻ അച്ഛനിപ്പോൾ ആവില്ല മോളെ….അച്ഛൻ ഇത് കഴിച്ചിട്ട്,,,അവൾക്കില്ല എങ്കിൽ, അച്ഛനതു  സഹിക്കാൻ ആവില്ല മോളെ….പിന്നെ ലോട്ടറി വിറ്റു പൈസ കിട്ടിയാലും ചുമ്മാ ചിലവാക്കാറില്ല മോളെ….നമ്മുടെ അടുത്തുള്ള ആരുമില്ലാത്ത കുഞ്ഞുങ്ങളെ നോക്കുന്ന അനാഥാലയത്തിലെ അച്ഛന്റെ കയ്യിൽ കൊണ്ടേ കൊടുക്കും,,,ഉള്ളത് പോലെ..എനിക്കു ആകും പോലെ…അവർക്കു രണ്ടു മുട്ടായി ആണെങ്കിലും അതു വച്ചു ആ അച്ഛൻ മേടിച്ചു കൊടുത്താൽ അവരതിൽ സന്തോഷിക്കുമല്ലോ….അതു ഓർക്കുമ്പോൾ തന്നെ ഞങ്ങളുടെ മനസ്സ് നിറയും മോളെ….അച്ഛനോടു ഒന്നും തോന്നരുത്,,,അച്ഛൻ പോകുവാ…അധിക നേരം ഇവിടെ എന്റെ അടുത്തു നിൽക്കണ്ട….നിങ്ങളുടെ ഇമേജിനെ അത് ബാധിക്കും….പൊക്കോ,,വേഗം പോയി വല്ലതും കഴിച്ചോ എന്റെ മക്കൾ…….””

ഇത്രയും പറഞ്ഞു എന്റെ അച്ഛൻ തിരിഞ്ഞു നടന്നു….ആ കണ്ണുകളിൽ കൂടി ഒഴുകിയ കണ്ണുനീർ,,എന്നോട് എന്റെ പ്രവർത്തികൾ അച്ഛനുണ്ടാക്കിയ വിഷമങ്ങളും ആ ഒട്ടി കിടക്കുന്ന വയറു അച്ഛന്റെ ഉള്ളിലെ വിശപ്പും എനിക്കു അച്ഛൻ പറയാതെ തന്നെ കാണിച്ചു തന്നു…..

അവിടെ നിന്നു തിരിച്ചു ഹോട്ടലിലേക്ക് ചെന്നു ആഹാരം കഴിക്കുമ്പോൾ ഞാൻ ഓർത്തു എന്റെ മോളൊന്നു തുമ്മിയാൽ എനിക്കു വിഷമം ആകും അങ്ങനെ എന്നെ വളർത്തിയ അച്ഛനും അമ്മയും ഇത്രയും വയ്യാതെ ആയിട്ടും തിരിഞ്ഞു നോക്കാത്ത ഞാൻ ഒരു മനുഷ്യനെ അല്ലാതെയാകുന്നു….

അച്ഛന്റെയും അമ്മയുടെയും കൂടെ താമസിച്ചാൽ കുഞ്ഞു മലയാളം സംസാരിക്കും പറഞ്ഞു വേറെ വീട് വച്ചു മാറിയതാണ് ഞാൻ എന്റെ ജീവിതത്തിൽ ചെയ്ത ഏറ്റവും വലിയ തെറ്റു….ഇങ്ങനെയൊരു അച്ഛനുമമ്മയും ഉണ്ടായിട്ടും,,,,എന്റെ മോൾക്കൊരു അപ്പുപ്പനുംമമ്മുമായും ഉണ്ടായിട്ടും,,,,ആ സ്നേഹം നുകരാൻ അവസരം കൊടുക്കാത്തതാണ്  എന്റെ അടുത്ത തെറ്റു….

ഞാൻ വീട്ടിൽ നിന്നും  ഇറങ്ങി പോരുമ്പോളും അച്ഛനുമമ്മയും പറഞ്ഞത് മോൻ ഞങ്ങളെയോർത്തു ദുഖിക്കേണ്ട…മോന്റെ ജീവിതം നന്നായാൽ മതി…അച്ഛൻ നോക്കിക്കോളാം അമ്മയെ,,അതൊന്നും ഓർത്തു പേടിക്കണ്ടെന്നു അച്ഛൻ ആ കുഞ്ഞു വീട്ടിലിരുന്നു എന്നോട്  പറഞ്ഞു….എന്റെ അല്ലേ അച്ഛൻ അഭിമാനത്തിന് കുറവ് ഉണ്ടാവില്ലല്ലോ…പണത്തിനു ഉണ്ടായാലും…ഓർമകളെന്നെ ഭ്രാ ന്തനാക്കും പോലെ തോന്നി….മാറ്റണം ഈ സ്വഭാവം…അത് എന്റെ  മനസ്സിലുറപ്പിച്ചു ഞാൻ…..

മതി എനിക്കു,,,എന്നെ  സ്നേഹിക്കുന്നവരെ വേദനിപ്പിച്ചിട്ടു സമൂഹത്തിൽ നിന്നു കിട്ടുന്ന വിലകുറഞ്ഞ സ്റ്റാറ്റസ്….അല്ലങ്കിൽ തന്നെ എന്റെ  കുഞ്ഞു മലയാളം പഠിച്ചെന്നും പറഞ്ഞു എനിക്കു ദുഖമുണ്ടാവുന്നത് തെറ്റാണു…അത് നമ്മൾ നമ്മുടെ അമ്മയെ അകറ്റി നിർത്തും പോലെ ദുഷ്ടത്തരവുമാണ്….

അവിടുന്ന് കഴിച്ചിറങ്ങിയപ്പോൾ ഞാൻ രണ്ടു പേർക്കുള്ള ഭക്ഷണം അധികം മേടിച്ചിരുന്നു….ഇന്ന് എന്തായാലും അവരെ എന്റെ വീട്ടിലേക്കു കൊണ്ടു പോകുകയാണ്….അവർ ഇനി അമ്മുവിന്റെയും പൊന്നുവിന്റെയും കൂടെ സന്തോഷത്തോടെ ജീവിച്ചാൽ മതി….എന്റെ മോൾ ഒരു നന്മ മരം ആവട്ടെ….

വണ്ടിയുമെടുത്തു ഞാൻ വീട്ടിലേക്കു ഡ്രൈവ് ചെയ്തു….

“”പോകും വഴി അച്ഛനെയും കൂട്ടി വീട്ടിലോട്ടു പോകാം അരുണേട്ടാ… “” അമ്മു എന്നോട് പറഞ്ഞു

“”നിന്റെ കയ്യിൽ അച്ഛന്റെ മൊബൈൽ നമ്പർ ഇല്ലേ….നീ ഒന്നു വിളിക്കു….ഒരുമിച്ചു നമ്മൾ ചെന്നിറങ്ങുമ്പോൾ അമ്മക്ക് ഒരുപാട് സന്തോഷമാകും…..””

“”ഇതൊക്കെ അരുണേട്ടന് നേരത്തെ ആയികൂടായിരുന്നോ….ഒന്നുമില്ലെങ്കിലും ഒറ്റ മകനെ ഒത്തിരി നന്നായി നോക്കിയതല്ലേ അവർ….ഇനി പോട്ടെ,,,ഇന്ന് മുതൽ നന്നായി നോക്കിയാൽ മതി…….”” മൊബൈൽ എടുത്തു വിളിക്കുന്നതിന്റെ ഇടയിൽ അമ്മു എന്നോട് പറഞ്ഞു

അപ്പുറത്ത് നിന്നും ഫോൺ എടുത്തയാൾ ഞങ്ങളോട് പെട്ടെന്ന് അങ്ങു ചെല്ലാൻ പറഞ്ഞു….അത്രയും കേട്ടപ്പോൾ  തന്നെ അമ്മു കരച്ചിൽ തുടങ്ങി കഴിഞ്ഞിരുന്നു….കാരണം ജീവിത നാടകത്തിന്റെ ബാക്കി ഭാഗം അവൾക്കു എന്നല്ല എല്ലാവർക്കും മനസ്സിലാകും….ഞങ്ങൾ അയാൾ പറഞ്ഞ സ്ഥലത്തേക്ക് പെട്ടെന്ന് തന്നെ ചെന്നു……..

അവിടെ ഞാൻ കണ്ടു എന്റെ അച്ഛൻ ജീവനറ്റു കിടക്കുന്നത്….ആ മുഖത്തു നിന്നും കണ്ണുനീർ അപ്പോളും മാഞ്ഞിട്ടു ഉണ്ടായിരുന്നില്ല…ആ വയറു അപ്പോളും ഒട്ടി തന്നെയായിരുന്നു കിടന്നത്…കയ്യിൽ രണ്ടു പരിപ്പ് വടകൾ പഴയ സഖാവ് പൊതിഞ്ഞു പിടിച്ചിട്ടുണ്ട്…അമ്മക്ക് കട്ടൻ കാപ്പിയുടെ കൂടെ കഴിക്കാൻ ഇഷ്ടമുള്ള പരിപ്പ് വടകൾ……..

ഞാൻ അടുത്തു ചെന്നിരുന്നു അമ്മുവും പൊന്നുവും എന്റെ അടുത്തിരുന്നു കരയുന്നുണ്ടായിരുന്നു…ഞാൻ എന്റെ അച്ഛന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി…ആ മുഖത്തു അപ്പോളും ആരുടേയും മുൻപിൽ തോൽക്കാത്ത ഒരു കമ്മ്യൂണിസ്റ്റുകാരന്റെ ഭാവം ഉണ്ടായിരുന്നു….സ്നേഹമുള്ള ഒരു കമ്മ്യൂണിസ്റ്റുകാരന്റെ ഭാവമുണ്ടായിരുന്നു….കാരുണ്യമുള്ള കണ്ണുകൾ ഉണ്ടായിരുന്നു….ജീവിതത്തിൽ എവിടെ വച്ചോ അദ്ദേഹം കുലംകുത്തി ആണെന്ന് എനിക്കു തോന്നിയതാണ് എന്റെ തെറ്റു….എന്റെ അച്ഛൻ സഖാവെ ഒരായിരം മാപ്പ്…..

അച്ഛനെയും കൊണ്ടു ഞങ്ങൾ ചെല്ലുമ്പോൾ അമ്മയിൽ ഞങ്ങൾ കാണാനിരുന്ന സന്തോഷം മറഞ്ഞിരുന്നു….എന്റെ അമ്മ ആകെ  തകർന്നു പോയിരുന്നു….ഒരിക്കലും തളരാത്ത പോരാളി കൂടെ ഇല്ല എന്നുള്ള തോന്നൽ ആ മനസ്സിന്റെ ബലത്തിനെ തന്നെ ബാധിച്ചിരുന്നു….അച്ഛന്റെ കർമങ്ങൾ എല്ലാം കഴിഞ്ഞിട്ടും അമ്മ അവിടം വിട്ടു ഞങ്ങളോടൊപ്പം വരാൻ തയ്യാറായിരുന്നില്ല….അല്ലങ്കിലും ആ വിപ്ലവസൂര്യൻ  ഉദിച്ചിരുന്ന മണ്ണ് വിട്ടു അദേഹത്തിന്റെ പ്രിയസഖിക്ക് എങ്ങനെ വരാൻ ആകും…..

എന്തോ കുറച്ചു ദിവസം അവിടെ താമസിച്ചപ്പോൾ എന്റെയുള്ളിൽ ഉറച്ചൊരു തീരുമാനം ജനിച്ചിരുന്നു. അച്ഛൻ ജനിപ്പിച്ചതാണോ അറിയില്ല….

ഇനി മുതൽ എന്റെ മകൾ എന്റെ അച്ഛനും അമ്മയും ഉള്ള മണ്ണിൽ ആ നന്മകൾ നിറഞ്ഞു തുളമ്പിയ സ്ഥലത്ത് ജീവിച്ചാൽ മതി…നന്മയുള്ള ഒരു കുഞ്ഞു ചെടിയാണ് എന്റെ പൊന്നൂസ് ഇപ്പോൾ…പോയെങ്കിലും എന്റെ  അച്ഛന്റെ ഓർമകളും, ഗന്ധങ്ങളും ഉള്ളതും അമ്മയുടെ നന്മയുള്ള മനസ്സ് ഇപ്പോളും ഉള്ള മണ്ണിൽ വളർന്നാൽ അവളൊരുപാട് പേർക്കു നന്മയും തണലും  പകർന്നു നൽകുന്ന ഒരു നന്മ മരമായി മാറും,,,അതു തീർച്ച……

A story by അരുൺ നായർ

നന്മ ജനിക്കേണ്ടത് കുഞ്ഞു മനസ്സുകളിൽ ആണ് അത് അവിടെ ചെറുപ്പത്തിലേ ജനിച്ചാൽ ഈ ലോകത്തിൽ നല്ലൊരു നന്മ മരം ഉടലെടുക്കാൻ സാധ്യത കൂടുതലാണ്…..