അപ്രതീക്ഷിതമായ അയാളുടെ പെരുമാറ്റത്തിൽ ഒന്ന് ശങ്കിച്ച് നിന്നിട്ട്, അവൾ പിൻവശത്തെ ഡോർ തുറന്ന് കാറിന്റെ അകത്തേക്ക് കയറിയിരുന്നു.

Story written by Saji Thaiparambu

===============

ഡൈവോഴ്സ് പെറ്റീഷന്റെ അവസാന സിറ്റിങ്ങ് കഴിഞ്ഞ് മൃദുല കോടതി മുറിയിൽ നിന്ന് പുറത്തിറങ്ങുമ്പോൾ അവളുടെ കണ്ണുകൾ ഈറനണിഞ്ഞിരുന്നു.

ഒരു ദശാബ്ദം കൊണ്ടുള്ള ഇണക്കങ്ങൾക്കും പിണക്കങ്ങൾക്കും ഒടുവിൽ വിരാമമായി.

സത്യത്തിൽ എന്തിനായിരുന്നു താനും ഹരിയേട്ടനും വാശി പിടിച്ച് ഒരു മ്യൂച്ചൽ ഡൈവോഴ്സിനായി പെറ്റീഷൻ ഫയൽ ചെയ്തത്.

അതിന് തക്ക എന്ത് പ്രശ്നമുണ്ടായിരുന്നു തങ്ങളുടെ ജീവിതത്തിൽ

ഈഗോ ആയിരുന്നു രണ്ട് പേർക്കും

മൃദുല സ്വയം വിമർശനത്തിന് വിധേയയായി.

വിധി പറയുന്ന ദിവസമായിരുന്നത് കൊണ്ട് അമ്മയും അച്ഛനും കൂടെ വരാമെന്ന് ഒത്തിരി പറഞ്ഞതാ

പക്ഷേ താനാ പറഞ്ഞത് എന്റെ വിധി ഞാൻ മാത്രം അനുഭവിക്കേണ്ടതല്ലേ?അത് ഞാൻ ഒറ്റയ്ക്ക് പോയിരുന്ന് കേട്ടോളാമെന്ന്.

ഹരികുമാർ കോടതി മുറ്റത്തെ മരത്തണലിൽ പാർക്ക് ചെയ്തിരുന്ന കാറിൽ കയറുന്നത് കണ്ട്, ഒരു ഓട്ടോറിക്ഷ കിട്ടുമോന്നറിയാൻ മൃദുല, ഗേറ്റിന് വെളിയിലേക്കിറങ്ങി.

കൈ കാണിച്ചിട്ടും നിർത്താതെ, രണ്ട് മൂന്ന് ഓട്ടോറിക്ഷകൾ അവളെകടന്ന് മുന്നോട്ട്പോയി.

പെട്ടെന്ന് അവളുടെ അരികിലായ് ഹരിയുടെ കാർ വന്ന് നിന്നു.

“വീട്ടിലേക്കല്ലേ ? ഞാനാ വഴിയാ കയറിക്കോളു”

ലഫ്റ്റ് ഡോറിന്റെ ഗ്ളാസ്സ് താഴ്ത്തി അയാൾ മൃദുലയോട് പറഞ്ഞു.

അപ്രതീക്ഷിതമായ അയാളുടെ പെരുമാറ്റത്തിൽ ഒന്ന് ശങ്കിച്ച് നിന്നിട്ട്, അവൾ പിൻവശത്തെ ഡോർ തുറന്ന് കാറിന്റെ അകത്തേക്ക് കയറിയിരുന്നു.

മുൻവശത്തെ ഇടത് സീറ്റിൽ ഇനി ഒരിക്കലും അവളുണ്ടാവില്ല എന്ന സത്യം തിരിച്ചറിഞ്ഞപ്പോൾ, അയാളുടെ ഉള്ളിലും ഒരു നൊമ്പരമുണ്ടായി.

തിരക്കേറിയ നഗര വീഥിയിലൂടെ കാറ് മെല്ലെ മുന്നോട്ട് നീങ്ങി.

ഇടയ്ക്കയാൾ റിയർ വ്യൂ മീറ്ററിലൂടെ പിൻസീറ്റിലിരിക്കുന്ന അവളെ നോക്കി

പുറത്തെ കാഴ്ചകളിലേക്ക് മിഴിനട്ടിരിക്കുകയാണെങ്കിലും അവൾ, എന്തോ ആലോചനയിലാണെന്ന് മുഖഭാവത്തിൽ നിന്നും വ്യക്തമായിരുന്നു.

“ഇത് നമ്മൾ ഒന്നിച്ചുള്ള അവസാന യാത്രയായിരിക്കും, അല്ലേ മൃദുലേ”

നിശബ്ദതയെ ഭഞ്ജിച്ച് കൊണ്ട് അയാൾ ചോദിച്ചപ്പോൾ ഞെട്ടലോടെ തല തിരിച്ചവൾ മുന്നോട്ട് നോക്കി.

നിറഞ്ഞ കണ്ണുകൾ അവൾ പുറം കൈകൊണ്ട് തുടയ്ക്കുന്നത് കണ്ണാടിയിലൂടെ അയാൾ കണ്ടു.

“മൃദുല കരയുകയാണോ?”

“ഹേയ്, അതെന്തോ പൊടി വീണതാ”

അപ്പോഴും താഴ്ന്ന് കൊടുക്കാൻ അവളുടെ മനസ്സ് അനുവദിച്ചില്ല.

“നമുക്കൊരു ചായ കുടിച്ചിട്ട് യാത്ര തുടർന്നാൽ പോരെ? ഇനിയിപ്പോൾ അങ്ങനെയൊന്നുമുണ്ടാവില്ലല്ലോ”

അയാളുടെ ആ ചോദ്യത്തിൽ പകുതി യാചനയുടെ സ്വരമുണ്ടായിരുന്നു.

അവളുടെ മൗനം സമ്മതമായി കരുതിയ അയാൾ കാറ് മെയിൻ റോഡിൽ നിന്നിറക്കി ബീച്ച് റോഡിലേക്ക് കയറ്റി മുന്നോട്ട് പോയി.

പഞ്ചാര മണല് നിറഞ്ഞ കടപ്പുറത്തേക്കിറങ്ങുന്ന വഴിയരികിൽ കാറ് നിർത്തി അയാൾ വെളിയിലിറങ്ങി, അടുത്ത് കണ്ട ടീ ഷോപ്പിലേക്ക് അവളെ ക്ഷണിച്ചു.

കാറ്റടിച്ച് പാറിപ്പോയ സാരിത്തുമ്പിനെ പുറകിലൂടെ ചുറ്റിയെടുത്തവൾ ശരീരം മുഴുവൻ പുതച്ചിട്ട് അയാളുടെ പുറകെ ചെന്നു.

സായാഹ്നമാകുന്നതേ ഉണ്ടായിരുന്നുള്ളു, അത് കൊണ്ട് തന്നെ കടയിൽ പൊതുവേ ആള് കുറവായിരുന്നു.

എങ്കിലും ഒരു മൂലയിൽ രണ്ട് പേർക്ക് മാത്രമിരിക്കാവുന്ന ടേബിളിൽ അവർ അഭിമുഖമായിരുന്നു.

സപ്ളെയർ വന്ന് ഓർഡർ എടുത്തിട്ട് പോയി.

“എന്തിനാ മസാല ദോശ രണ്ടെണ്ണം പറഞ്ഞത് ? എനിക്ക് വേണ്ടായിരുന്നു”

അവൾ ചോദിച്ചു.

“എനിക്കും വിശപ്പുണ്ടായിട്ടല്ല, പിന്നെ നീ എന്നോട് മുമ്പ് പല തവണ ഇവിടുത്തെ മസാല ദോശ തിന്നണമെന്ന് കൊതി പറഞ്ഞിട്ടുള്ളതല്ലേ അപ്പോഴൊക്കെ ഞാൻ എന്തെങ്കിലും ഒഴിവ് കഴിവ് പറഞ്ഞ് ഒഴിഞ്ഞ് മാറും, ഇനി നിനക്കത് ചോദിക്കാൻ കഴിയില്ലല്ലോ, എനിക്ക് സാധിച്ച് തരാനും”

അയാൾ ഗദ്ഗദ ഘണ്ഠനായി പറഞ്ഞു.

ചൂട് മസാല ദോശ ഒരു കഷ്ണം മുറിച്ചെടുത്ത് ചമ്മന്തിയിൽ മുക്കി വായിലേക്ക് വെയ്ക്കുമ്പോൾ അവളുടെ കണ്ണിൽ നിന്ന് ഒരു തുള്ളി അടർന്ന് പാത്രത്തിൽ വീണു.

അത് കണ്ടിരുന്ന അയാളുടെ നെറുകയിൽ ചമ്മന്തിയുടെ എരിവ് കയറി.

അയാൾ ശക്തമായി ചുമക്കുന്നതും, കണ്ണ് ചുവക്കുന്നതും കണ്ടപ്പോൾ അവൾക്ക് സഹിക്കാൻ കഴിഞ്ഞില്ല

അവൾ പെട്ടെന്നെഴുന്നേറ്റ്, ഗ്ളാസ്സിലിരുന്ന വെള്ളമെടുത്ത് അയാൾക്ക് കുടിക്കാൻ കൊടുത്തു, ഒപ്പം അയാളുടെ നെറുകയിൽ കൈപ്പത്തി കൊണ്ട് തട്ടിക്കൊടുക്കുകയും ചെയ്തു .

കുറച്ച് കഴിഞ്ഞ് അയാളുടെ ചുമ നിന്നപ്പോഴാണ് അവൾ തിരിച്ച് സ്വന്തം ഇരിപ്പിടത്തിലേക്ക് വന്നത്.

തന്റെ കാര്യത്തിൽ അവൾക്ക് ഉണ്ടായ ഉത്ക്കണ്ഠ അയാളെ വല്ലാതെ സ്വാധീനിച്ചു.

അല്ലെങ്കിലും തനിക്ക് തിരിച്ചറിവുകൾ എപ്പോഴും വൈകിയാണല്ലോ വരുന്നത്.

അയാൾ കൗണ്ടറിൽ ബിൽ പെയ് ചെയ്യുമ്പോഴേക്കും അവൾ ചെന്ന് കാറിൽ കയറി ഇരുന്ന് കഴിഞ്ഞിരുന്നു.

“ഇനിയെന്താ തന്റെ പ്ളാൻ?”

കാറ് മുന്നോട്ടെടുക്കുമ്പോൾ അയാൾ ചോദിച്ചു.

“അറിയില്ല, ഒന്നും തീരുമാനിച്ചിട്ടില്ല.”

പതിഞ്ഞ ശബ്ദത്തിൽ ദൂരേക്ക് നോക്കി അവൾ പറഞ്ഞു.

“ഇനിയിപ്പോൾ നിനക്കായ് കാത്തിരിക്കുന്ന ആ പഴയ കൂട്ടുകാരനൊപ്പം പോയി സന്തോഷമായി ജീവിച്ച് കൂടെ, എന്തിനാ വെറുതെ സമയം കളയുന്നത്”

“ആര് പറഞ്ഞു, അങ്ങനൊരു കൂട്ടുകാരനുണ്ടെന്ന്, അതൊക്കെ ഞാൻ നിങ്ങളെ തോല്പിക്കാൻ പറഞ്ഞ കല്ല് വച്ച നുണകളായിരുന്നില്ലേ, ഞാൻ നിങ്ങളെയല്ലാതെ മറ്റൊരു പുരുഷനെയും ഇത് വരെ സ്നേഹിച്ചിട്ടില്ല, പക്ഷേ, നിങ്ങൾക്കത് മനസ്സിലാക്കാൻ കഴിഞ്ഞില്ല, ഒരുപാടൊന്നും ഞാൻ ആഗ്രഹിക്കുന്നില്ല, ഇപ്പോൾ എന്നോട് സംസാരിച്ചില്ലേ, എനിക്കിഷ്ടപ്പെട്ട മസാല ദോശ തിന്നാൽ എന്നെയും കൂട്ടി ഇവിടെ വരെ വന്നില്ലേ? അത് പോലെ വല്ലപ്പോഴുമൊരിക്കൽ വന്നിരുന്നെങ്കിൽ അത് മതിയായിരുന്നു എനിക്ക്, അതിൽ കൂടുതലൊന്നും ഞാൻ ആഗ്രഹിച്ചിട്ടില്ല. പക്ഷേ എന്നും തിരക്കുകളുടെ പുറകെ ആയിരുന്ന നിങ്ങൾ എന്റെ ചെറിയ ആവശ്യങ്ങൾ പോലും കണ്ടില്ല”

അത്രയും പറഞ്ഞവൾ ഏങ്ങലടിച്ച് കരഞ്ഞു.

അയാൾക്ക് ഒന്നിനും മറുപടിയില്ലായിരുന്നു.

ശരിയാണവൾ പറഞ്ഞത് താനൊരിക്കലും അവളെ ശ്രദ്ധിച്ചിരുന്നില്ല, പത്ത് വർഷത്തെ ദാമ്പത്യത്തിനിടയിൽ ഒരിക്കൽ പോലും അവൾക്കെന്താ വേണ്ടതെന്ന് പോലും താൻ അന്വേഷിച്ചില്ല

എന്തിന് തന്നിൽ നിന്ന് ഒരിക്കലുo ഗർഭിണിയാകില്ലെന്ന് അറിഞ്ഞിട്ടും അവൾ തന്നോട് ഒരകൽച്ചയും കാണിക്കാതെ ഉത്തമ ഭാര്യയായി തന്നെ നിന്നു.

പക്ഷേ ഒടുവിൽ തന്റെ അവഗണന സഹിക്കവയ്യാതെയായപ്പോഴാണ് ഒരു വിവാഹമോചനത്തിനായി അവൾ മുതിരുന്നത്.

ആ സമയത്ത് തനിക്കും ഒന്ന് സ്വതന്ത്രനാകണമെന്ന് തോന്നി, അത് കൊണ്ടാണ് വക്കീൽ നോട്ടീസിൽ ഒപ്പിട്ട് കൊടുത്തതും നഷ്ടപരിഹാരം നല്കാൻ തയ്യാറായി ഡൈവോഴ്സിനായി ഒരുമിച്ച് ശ്രമം തുടങ്ങിയതും.

പക്ഷേ ഇപ്പോൾ ഒന്നും വേണ്ടിയിരുന്നില്ല എന്നൊരു തോന്നൽ, നഷ്ടപ്പെടുമ്പോഴാണല്ലോ കണ്ണിന്റെ വിലയറിയുന്നത്.

“നമുക്ക് ഒന്ന് കൂടി തിരിച്ച് പോയാലോ?”

അവളോട് അയാൾ ചോദിച്ചു.

“എങ്ങോട്ട്?

“നമ്മുടെ വീട്ടിലേക്ക്, എന്നിട്ട് ഒന്ന് തൊട്ട് ജീവിതം തുടങ്ങിയാലോ? ചിലപ്പോൾ നമ്മുടെ വീഴ്ചകൾ തിരിച്ചറിയാൻ ദൈവം തന്ന ഒരു അവസരമായിരിക്കുo ഈ ഡൈവോഴ്സ്”

“ഇത് ഞാൻ അങ്ങോട്ട് ചോദിക്കാനിരിക്കുകയായിരുന്നു”

“എന്ത്?”

“എന്നെ ഉപേക്ഷിക്കാതിരുന്നു കൂടെ എന്ന്”

അത് പറയുമ്പോൾ, അവളുടെ മിഴികളിലെ ആർദ്രത അയാൾ കണ്ടു.

~സജിമോൻ തൈപറമ്പ് (07.07.2019)