അവൻ പിന്നെയും പ്രത്യാശയോടെ ഇടക്കിടെ എന്നെ നോക്കി കൊണ്ട് എനിക്ക് അവനെയും അവനു എന്നെയും കാണാവുന്ന…

എഴുത്ത്: ഹക്കീം മൊറയൂർ

==============

‘ആപ് കുച്ച് കീജിയേ നാ സാബ്..മേരെ ലിയേ…’

(താങ്കൾ എനിക്ക് വേണ്ടി എന്തെങ്കിലും ചെയ്യാമോ…)

അപേക്ഷയുടെ സ്വരത്തിൽ പ്രതീക്ഷ നിറഞ്ഞ കണ്ണുകളോടെ രാജ് കുമാർ എന്റെ കൈകൾ കൂട്ടി പിടിച്ചു കൊണ്ട് പറഞ്ഞു.

ഞാനവനെ വിഷമത്തോടെ നോക്കി. മീശയും താടി രോമങ്ങളും കിളിർക്കുന്നതേയുള്ളൂ. ഉയരവും വണ്ണവും വളരെ കുറവ്. നിഷ്കളങ്കമായ മെലിഞ്ഞു ഇരുണ്ട മുഖത്തെ വലിയ രണ്ട് കണ്ണുകൾ മാത്രം പ്രത്യാശയോടെ വീണ്ടും എന്നെ തന്നെ നോക്കുകയാണ്.

‘എനിക്ക് നിന്നെ സഹായിക്കാൻ ആഗ്രഹമില്ലാഞ്ഞിട്ടല്ല. 15 വയസ്സുകാരനെ ജോലിക്ക് എടുക്കാൻ കമ്പനി സമ്മതിക്കില്ല’.

അവൻ പിന്നെയും പ്രത്യാശയോടെ ഇടക്കിടെ എന്നെ നോക്കി കൊണ്ട് എനിക്ക് അവനെയും അവനു എന്നെയും കാണാവുന്ന തരത്തിൽ കുറച്ച് ദൂരെ മാറി നിന്നു.

20 പേരോളം ഇനിയും ബാക്കിയുണ്ട്. എല്ലാവരുടെയും ഐഡന്റിറ്റി കാർഡ് നോക്കി നാലഞ്ചു ഫോമുകൾ പൂരിപ്പിക്കണം. എന്നിട്ട് അവരെ മെഡിക്കലിനും സേഫ്റ്റി ക്‌ളാസിനും കൊണ്ട് പോകണം. പിന്നീട് എഞ്ചിനീയറുടെ ഒപ്പുകൾ വാങ്ങണം. ഇൻഷുറൻസ്, പിഎഫ് തുടങ്ങിയ നൂലാ മാലകൾ വേറെയും. വൈകുന്നേരത്തിനു മുന്നേ അവർക്കെല്ലാം ഗേറ്റ് പാസ്സ് റെഡിയാക്കി നാളെ മുതൽ ജോലി ചെയ്യിക്കണം. എനിക്കാകെ തലക്ക് ഭ്രാന്ത്‌ പിടിക്കുന്നത് പോലെ തോന്നി.

ആന്ധ്രയിലെ താഡപത്രി അ ൾട്രാടെക്ക് സി മന്റ്‌ പ്ലാന്റിൽ ജോലി ചെയ്യുമ്പോഴാണ് സംഭവം. ഞാൻ വെൽമെക്ക് എന്ന കോൺട്രാക്ട് കമ്പനിക്ക് വേണ്ടിയാണ് ജോലി ചെയ്യുന്നത്.

മെക്കാനിക്കൽ ജോലികളാണ് എന്റെ കമ്പനി ചെയ്യുന്നത്. ജോലിയുടെ സ്വഭാവം അനുസരിച്ചു പലപ്പോഴും ഇരുന്നൂറോ മുന്നൂറോ ജോലിക്കാർ ഒക്കെ ഉണ്ടാവാറുണ്ട്. വലിയ ഷട്ട് ഡൗൺ ജോലികൾ വരുമ്പോൾ അത് ചിലപ്പോൾ മുന്നൂറും അഞ്ഞൂറും ഒക്കെയായി ഉയരും.

ഭയങ്കര നിബന്ധനകളാണ് ജോലിക്ക് ആളെ എടുക്കുമ്പോൾ. അത് കൊണ്ട് തന്നെ പുതിയ ആളുകൾ ജോലിക്ക് വരുമ്പോൾ ഒരു പാട് പേപ്പർ വർക്കുകൾ ചെയ്യാനുണ്ടാവും. സാധാരണ ചെയ്യുന്ന ജോലികൾക്ക് പുറമെ ആണിത്.

ബീഹാറികളും യുപിക്കാരും പഞ്ചാബികളും മലയാളികളും ഒക്കെയാണ് സാധാരണ വലിയ വലിയ ജോലികൾക്ക് ഗാങ് ആയി വരുക. അങ്ങനെ വന്ന ഒരു സംഘത്തിലാണ് രാജ് കുമാറും വന്നത്.

വെറും പതിനഞ്ചു വയസ്സ് മാത്രമുള്ള ഒരു പയ്യൻ. അച്ഛൻ മരിച്ചു പോയത് കൊണ്ട് അസുഖക്കാരിയായ അമ്മയെയും ഇളയ സഹോദരങ്ങളുടെയും പട്ടിണി അകറ്റാനായി ജോലി കിട്ടുമെന്ന പ്രതീക്ഷയിൽ വന്നതാണ് പാവം.

പതിനെട്ടു വയസ്സ് തികയാതെ സിമന്റ്‌ പ്ലാന്റുകളിൽ ജോലി ചെയ്യാനാവില്ല. ഇനി വ്യാ ജമായി നമ്മൾ അവരെ അപേക്ഷകൾ തയ്യാറാക്കിയാലും മെഡിക്കൽ എന്ന കടമ്പയിൽ ഡോക്ടർ നിഷ്കരുണം അവരെ വെട്ടി മാറ്റും. ഇനി വല്ല വിധേനെയും അവിടുന്ന് രക്ഷപ്പെട്ടു ജോലി തുടങ്ങിയാലും അവർക്ക് ജോലിക്കിടെ വല്ല അപകടവും സംഭവിച്ചാൽ പണി പാലും വെള്ളത്തിൽ കിട്ടും. കമ്പനിയുടെ ലൈസെൻസ് വരെ കട്ട് ചെയ്യാനും ജയിൽ ശിക്ഷ വരെ അനുഭവിക്കാനും സാധ്യതയുണ്ട്. അത് കൊണ്ട് തന്നെ ആ പ്ലാന്റിൽ ജോലി ചെയ്യിക്കുന്ന ഒരു കോൺട്രാക്ട് കമ്പനിയും അത്തരം വയ്യാ വേലികൾ തലയിൽ എടുത്തു വെക്കില്ല. അല്ലാതെ തന്നെ ആയിരങ്ങളെ ജോലിക്ക് കിട്ടാനുള്ള സാഹചര്യത്തിൽ പ്രത്യേകിച്ചും…

അവന്റെ കൂടെയുള്ള എല്ലാവരുടെയും ഫോമുകൾ ഫില്ലാക്കി കഴിഞ്ഞു സേഫ്റ്റിക്കും മെഡിക്കലിനുമായി കൊണ്ട് പോയി. ഒടുവിൽ അവൻ മാത്രം ബാക്കിയായി.

നിസഹായനായി ചുവന്നു കലങ്ങിയ കണ്ണുകൾ തുടച്ചു കൊണ്ട് അവൻ എന്റെ അടുത്തേക്ക് വന്നു. ടീ ബോയ് ഷെഫി കൊണ്ട് വന്ന സമൂസയിൽ ഒരെണ്ണം ഞാനവന് നേരെ നീട്ടി. ഒരു മടിയും കൂടാതെ അവൻ അത് വാങ്ങി കഴിച്ചു.

അതിനിടെ ഞാൻ എന്റെ നിസ്സഹായത അവനോട് വെളിപ്പെടുത്തി.

‘എനിക്കറിയാം സാബ് ‘.

നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ട് അവൻ എന്നോട് പറഞ്ഞു.

‘രാവിലെ വരുമ്പോൾ തന്നെ എല്ലാവരും എന്നോട് പറഞ്ഞിരുന്നു നിനക്ക് ജോലി കിട്ടില്ലെന്ന്‌. പിന്നെ ആദ്യം ഇവിടെ ജോലിക്ക് വന്നവരൊക്കെ പറഞ്ഞത് ഹക്കീം സാബിനെ കണ്ടാൽ എന്തേലും നടക്കുമെന്നാണ് ‘

അവന്റെ വാക്കുകൾ കേട്ട് ഞാൻ അമ്പരന്നു. പണിക്ക് വരുന്ന ഹിന്ദിക്കാരോട് ഞാൻ സൗഹാർദ്ദത്തോടെ സംസാരിക്കാറുണ്ട് എന്നത് ശരിയാണ്. പലരും സ്നേഹത്തോടെയാണ് എന്നോടും സംസാരിക്കാറുള്ളത്.

അവൻ അങ്ങനെ സംസാരിച്ചു കൊണ്ടിരുന്നു. അവന്റെ അച്ഛനെ പറ്റി, അമ്മയെ പറ്റി, പൊളിഞ്ഞു പോവാനായ വീടിനെ പറ്റി, പ്രതീക്ഷയോടെ അവനെ കാത്തിരിക്കുന്ന പെങ്ങന്മാരെ പറ്റി….

അവന്റെ സ്വപ്‌നങ്ങൾ തുലോം തുച്ഛമായിരുന്നു.

വീടിനു ഷീറ്റ് ഇടുന്നതും അമ്മക്ക് കിടക്കാൻ കട്ടിൽ വാങ്ങുന്നതും ഹോളിക്ക് പെങ്ങന്മാർക്ക് പുതു വസ്ത്രങ്ങൾ സമ്മാനിക്കുന്നതും വീട്ടിൽ കറന്റ് കിട്ടുന്നതും വീടിനടുത്തു ഒരു പഞ്ചായത്ത്‌ കുഴൽ കിണർ വരുന്നതുമൊക്കെയായിരുന്നു അവന്റെ സ്വപ്‌നങ്ങൾ.

കിട്ടുമെന്ന് ഉറപ്പില്ലെങ്കിലും ഈ ജോലി ആയിരുന്നു അവന്റെ പ്രതീക്ഷ. നടക്കില്ലെന്നു അറിയാമെങ്കിലും ഞാൻ എന്തെങ്കിലും ചെയ്യുമെന്ന പ്രതീക്ഷയിലാണ് അവൻ വൈകിട്ട് വരെ കാത്ത് നിന്നത്.

കണ്ണുകൾ നിറഞ്ഞു വരുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു. തലക്ക് അകവും പുറവും ചൂട് പിടിച്ചു ഉരുകുകയാണ്. തകര ഷീറ്റിട്ട ഷെഢിനുള്ളിലെ കര കര ശബ്ദത്തോടെ കറങ്ങുന്ന ഫാനിനു കാറ്റ് പോരെന്നു എനിക്ക് തോന്നി.

‘പോയി വരാം സാബ് ‘

നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ട് അവൻ നടന്നു  പോയി. കമ്പനിക്ക് മുന്നിലുള്ള കുടിവെള്ള പൈപ്പിലെ തണുത്ത വെള്ളം അവൻ സ്റ്റീൽ ഗ്ലാസിൽ പകർന്നു കുടിക്കുന്നത് ഞാൻ കണ്ടു.

എന്റെ മനസ്സിലപ്പോൾ ബീഹാറിലെ ഏതോ ഒരു ഗ്രാമം തെളിഞ്ഞു വന്നു.

പൊടി പറക്കുന്ന നിരത്തിനു അപ്പുറത്ത് പൊളിഞ്ഞു വീഴാറായ ഒരു ചെറിയ വീട്. അതിന്റെയുള്ളിൽ വെറും നിലത്തു വിരിച്ച പായയിൽ കിടക്കുന്ന മെലിഞ്ഞു ഉണങ്ങിയ ഒരമ്മ. അവരോട് ചേർന്ന് ചെറിയ മൂന്നു പെൺകുട്ടികൾ.

‘വിശക്കുന്നു അമ്മേ…..’

കുട്ടികൾ കരയുമ്പോൾ ആ അമ്മ ഗോതമ്പ് പൊടി ഇട്ട് വെച്ച പാത്രം തുറന്നു അതിൽ ശേഷിച്ച അവസാനത്തെ അല്പം പൊടിയും എടുത്തു കുഴച്ചു പരത്തി അവർക്ക് ചപ്പാത്തി ചുട്ട് കൊടുക്കുകയാണ്. കറിയായി ഒരു പകുതി കഷ്ണം ഉള്ളിയും ഒരു ചെറിയ മുളകും. അതും കഴിച്ചു കുഞ്ഞുങ്ങൾ പിന്നെയും കരയാൻ തുടങ്ങി.

‘രാജ് ബേട്ടാ ആനേ ദോ ‘

ജോലിക്ക് പോയ മകൻ കൈ നിറയെ കാശ് കൊണ്ട് വരുന്നതും കാത്തിരിക്കുകയാണ് ആ അമ്മ. ആ അമ്മക്ക് മക്കൾക്ക് വയറു നിറയെ ചപ്പാത്തിയും ചെന കറിയും ദാലും കൊടുക്കണമായിരുന്നു. വിണ്ട് കീറിയ അവരുടെ ദേഹം എണ്ണ തേച്ചു കുളിപ്പിക്കണമായിരുന്നു. ദീവാലിക്ക് ചന്തയിൽ പോയി വില കുറഞ്ഞ വസ്ത്രങ്ങളും പൊട്ടും കണ്മഷിയും ചാന്തും വാങ്ങിക്കണമായിരുന്നു.

അത് ഓർത്തതും എന്റെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണ് നീര് അടർന്നു വീണു.

ആരും കാണാതെ ഞാനത് തുടച്ചു മാറ്റി. നേരത്തെ മെഡിക്കലിനു പോയവർ ഗേറ്റ് പാസ്സ് ഉണ്ടാക്കാനായി തിരിച്ചു വരുന്നത് ഞാൻ കണ്ടു.

‘ഇന്നു തന്നേ ഗേറ്റ് പാസ്സ് റെഡി ആക്കി നാളെ ജോലിക്ക് ഇറക്കണം ‘

മാനേജരുടെ വാക്കുകൾ എന്റെ ചെവിയിൽ വീണ്ടും മുഴങ്ങാൻ തുടങ്ങി. എല്ലാം മറന്നു ഞാൻ അതിനുള്ള ജോലികൾ ആരംഭിച്ചു.

എന്നിട്ടും രാജ് കുമാറും അവന്റെ അമ്മയും പെങ്ങന്മാരും പിന്നെയും ഇടക്കിടെ എന്നെ തേടി വന്നു.

അപ്പോഴൊക്കെ എന്തിനെന്നറിയാതെ ഒരു നനവ് എന്റെ കണ്ണുകളിലും ഒരു നോവ് എന്റെ മനസ്സിലും പൊടിഞ്ഞു വരും.

‘ആപ് കുച്ച് കീജിയേ നാ സാബ്..മേരെ ലിയേ…’

രാജ് കുമാറിന്റെ വാക്കുകൾ ഞാൻ വീണ്ടും വീണ്ടും കേൾക്കും.

‘ആദ്യം ഇവിടെ ജോലിക്ക് വന്നവരൊക്കെ പറഞ്ഞത് ഹക്കീം സാബിനെ കണ്ടാൽ എന്തേലും നടക്കുമെന്നാണ് ‘

ഈയം ഉരുക്കി ചെവിയിൽ ഒഴിച്ചത് പോലെ ആ വാക്കുകൾ എന്റെ ചെവിയെ പൊള്ളിച്ചു കളയും.

കണ്ണുകൾ….പ്രതീക്ഷ നിറഞ്ഞ അഞ്ചു ജോഡി കണ്ണുകൾ എന്നെ തന്നെ നോക്കി നിൽക്കുന്നത് പോലെ തോന്നി ഞാൻ കണ്ണുകൾ അവർക്ക് നേരെ കൊട്ടി അടക്കും.

അപ്പോഴും എന്റെ ഹൃദയത്തിന്റെ വാതിൽ തുറന്നു തന്നെ കിടക്കും. കണ്ണുകൾ എനിക്കടക്കാൻ കഴിഞ്ഞേക്കാം. പക്ഷെ, ഹൃദയത്തിന്റെ വാതിൽ എങ്ങനെയാണ് ഞാൻ വലിച്ചടക്കുക. അതിന്റെ നിയന്ത്രണം എന്നോ എന്നിൽ നിന്നും നഷ്ടപ്പെട്ടു പോയിരിക്കുന്നു.

നാമൊക്കെ എത്ര നിസ്സാരർ ആണെന്ന് ഞാൻ ഓർക്കും. നമ്മുടെ സങ്കടങ്ങളൊക്ക അവരെ മുന്നിൽ ഒന്നുമല്ല ല്ലോ എന്നും ഞാൻ ആലോചിക്കും. എന്തിനെന്നറിയാതെ ഹൃദയം കരയുന്നത് ഞാൻ അറിയും.

~ (ഹക്കീം മൊറയൂർ).