ഈ പെണ്ണുങ്ങളുടെ കാര്യം..എവിടെയെങ്കിലും പോകണമെങ്കിൽ ഒരാഴ്ചത്തെ ഒരുക്കമാണ്….മുറ്റത്ത്‌ നിന്നും വഴക്ക് പറയുന്നത് കേൾക്കാമായിരുന്നു.

അവസ്ഥാന്തരങ്ങൾ…

Story written by Neeraja S

==============

രാത്രിയിൽ തുടങ്ങിയ പനിയാണ് അപ്പുവിന്…ഹോസ്പിറ്റലിൽ പോകാതെ പനി മാറുമെന്ന് തോന്നുന്നില്ല. രാവിലെ മീൻ വാങ്ങിത്തന്നിട്ട് അടുത്തുള്ള ക്ലിനിക്കിൽ ഡോക്ടർ ഉണ്ടോയെന്നു തിരക്കാൻ പോയതാണ് അപ്പുവിന്റെ അച്ഛൻ. ശനിയാഴ്ച ദിവസങ്ങളിൽ ഉച്ചവരെയെ ഡോക്ടർ കാണുകയുള്ളൂ. മീൻ വെട്ടി പകുതിയായപ്പോൾ ഉമ്മറത്തുനിന്നും വിളി വന്നു.

“നീ അതവിടെ വെച്ചിട്ട് വാ..പന്ത്രണ്ടുമണി വരെ ഡോക്ടർ ഉണ്ട്‌..ഇപ്പോൾപോയി ചീട്ടെടുത്താൽ ഡോക്ടറെ കാണാൻ പറ്റും..”

വേഗത്തിൽ മോന്റെ കൈയ്യും കാലും കഴുകി ഉടുപ്പിടുവിച്ചു. ഷൂസ് പൈപ്പിന്റെ ചുവട്ടിൽ കാണിച്ചു കഴുകിത്തുടച്ചു കാലിൽ ഇട്ടുകൊടുത്തു. മുൻവശത്തു ചെന്നപ്പോൾ ഒരാൾ ബൈക്കിൽ കയറി ഇരുന്നു കഴിഞ്ഞു. അപ്പുവിനെ മുൻപിൽ ഇരുത്തി അഞ്ചു മിനിറ്റ് എന്ന് പറഞ്ഞ് അകത്തേക്കോടി.

ആകെ വെപ്രാളം പിടിക്കുന്നത് കൊണ്ട് ഒന്നും ശരിയാകുന്നില്ല..മുടിയാകെ കെട്ടുപിടിച്ചു കിടക്കുന്നു..വേഗത്തിൽ ചീകി..കുറച്ച് മുടി വലിച്ചു പറിച്ചു കളയേണ്ടി വന്നു. ഒരുവിധം ഒതുങ്ങിയപ്പോൾ ക്ലിപ്പ് എടുത്ത് പിൻ ചെയ്തു. മീൻ വെട്ടിയതിന്റെ മണം കൈയ്യിൽ നിന്നും പോകുന്നില്ല..കുറച്ച് പൗഡർ എടുത്ത് തേച്ചെങ്കിലും രണ്ടും കൂടി ചേർന്നൊരു മണം പൂർവ്വാധികം ശക്തിയോടെ തിരിച്ചു വന്നു.

ചൂരിദാർ ആകെ ചുരുങ്ങി ഇരിക്കുന്നു. ഇനി തേച്ചിടാനൊന്നും സമയമില്ല..മുറ്റത്തുനിന്നും രണ്ട് തവണ വിളി വന്നു. കണ്ണാടിയിൽ സ്ഥിരം വിശ്രമിക്കുന്ന പൊട്ടെടുത്തു നെറ്റിയിൽ ഒട്ടിച്ചു. വേഗത്തിൽ ഇറങ്ങി..

“കല്യാണത്തിനൊന്നുമല്ല അടുത്തുള്ള ക്ലിനിക്കിൽ പോകാനാണ്..വന്നു കേറാൻ നോക്ക്..നീ ഒരുങ്ങി ചെല്ലുമ്പോഴേക്കും ക്ലിനിക്ക് അടച്ചിട്ട് ഡോക്ടർ വീട്ടിൽപ്പോകും..”

പുറത്തുപോകുമ്പോൾ ഇടുന്ന ചെരുപ്പ് നോക്കിയിട്ട് കണ്ടില്ല കഴിഞ്ഞ തവണ എവിടെയാണോ ഊരിയിട്ടത്. മുറ്റത്തിറങ്ങുമ്പോൾ ഇടുന്ന വള്ളിച്ചെരുപ്പ് ചെളിപിടിച്ചു കിടക്കുന്നു. പൈപ്പിന്റെ ചുവട്ടിൽ പോയി കാലിൽ അല്പം വെള്ളം വീഴ്ത്തി ചവിട്ടിക്കഴുകി.

ഓടി വന്നു ബൈക്കിനു പിന്നിൽ കയറി.

“കഴിഞ്ഞ തവണ പോയപ്പോഴത്തെ ചീട്ട് എടുത്തോ..?”

ശരിയാണ് എടുത്തില്ല മറന്നു..ഓടിപ്പോയി അലമാരിയിൽ നിന്നും ചീട്ടെടുത്തു പോരാനിറങ്ങിയപ്പോഴാണ് ഓർത്തത്..കുഞ്ഞിന്റെ കാര്യം അമ്മയോട് പറഞ്ഞില്ലല്ലോ..? മോൾ തൊട്ടിലിൽ നല്ല ഉറക്കമാണ്.

“അമ്മേ..പോയിട്ട് പെട്ടെന്ന് വരാം മോളുണർന്നാൽ ഒന്ന് നോക്കണേ..”

“കാല് വേദനയെടുത്തിട്ട് അല്പസമയം കിടന്നതാണ്..കരഞ്ഞാലും ഓടിപ്പോയി നോക്കാൻ എന്നെക്കൊണ്ട് പറ്റില്ല…നീ അവളെ എടുത്ത് ഇവിടെ കിടത്തിയേരെ..”

ദൈവമേ ഇനിയും താമസിച്ചാൽ..മോളെ എടുത്ത് അമ്മയുടെ കൂടെ കിടത്തി..ഭാഗ്യം ഉണർന്നു കരഞ്ഞില്ല..

“ഈ പെണ്ണുങ്ങളുടെ കാര്യം..എവിടെയെങ്കിലും പോകണമെങ്കിൽ ഒരാഴ്ചത്തെ ഒരുക്കമാണ്….” മുറ്റത്ത്‌ നിന്നും വഴക്ക് പറയുന്നത് കേൾക്കാമായിരുന്നു.

“നീയെന്താ ചീട്ട് കുഴിച്ചു ഇട്ടേക്കുവായിരുന്നോ മാന്തിയെടുക്കാൻ..”

മറുപടിയൊന്നും പറയാൻ പോയില്ല..

ക്ലിനിക്കിൽ നല്ല തിരക്ക് ഉണ്ടായിരുന്നു..ഒഴിഞ്ഞു കിടന്ന കസേരയിൽ ഇരുന്നപ്പോൾ..എവിടെ നിന്നൊക്കെയോ മീനിന്റെ മണംപോലെ..പതിയെ കൈ മണത്തു നോക്കി..അതുതന്നെ ചിന്തിച്ചത് കൊണ്ടാകാം..ചുറ്റിനും മീനിന്റെ മണം. കാലിലേക്കു നോക്കിയപ്പോഴാണ് ശ്രദ്ധിച്ചത് വെള്ളം വീണപ്പോൾ ഒളിച്ച ചെളിയുടെ പാടുകൾ തെളിഞ്ഞു വന്നിരിക്കുന്നു..കസേരയുടെ അടിയിലേക്ക് മാക്സിമം കാല് ഒതുക്കിയിരുന്നു.

അപ്പു നന്നായി ചുമക്കുന്നുണ്ട്..മൂക്കിൽ കൂടിയും ഒഴുകുന്നു..

ഈശ്വരാ..ഓടിപ്പോന്നപ്പോൾ തൂവാല എടുക്കാൻ മറന്നു. പതിയെ ചുറ്റിനും നോക്കി ഷാളിന്റെ തുമ്പ് പിടിച്ചു മൂക്ക് തുടച്ചെടുത്തു. അതുകണ്ടിട്ടാകണം അടുത്ത കസേരയിലിരുന്ന പെൺകുട്ടി എഴുന്നേറ്റ് കുറച്ച് മാറി ഭിത്തിയിൽ ചാരി നിന്നു..

വെറുപ്പോടെ വസ്ത്രങ്ങളിലേക്ക്…കാലിലേക്കും ചെരിപ്പിലേക്കും അവളുടെ നോട്ടം  പറന്നു നടക്കുന്നു…വേഗത്തിൽ ഇരുട്ട് നിറഞ്ഞ വീട്ടിൽ നിന്നും ഇറങ്ങിയോടുമ്പോൾ എവിടെയെങ്കിലും ചെളിയോ കരിയോ ഉണ്ടോന്ന് നോക്കാൻ എവിടെ നേരം. പെട്ടെന്ന് കാലചക്രം ഒന്ന് തിരിഞ്ഞു കറങ്ങിയത് പോലെ. ആ പെൺകുട്ടിയ്ക്ക് തന്റെ ഛായ.

പഴയരോർമ്മയിൽ മനസ്സു നീറി.

വല്ലപ്പോഴും ശല്യപ്പെടുത്താറുള്ള ഷോൾഡർ പെയിൻ ഡോക്ടറെ കാണിക്കാമെന്ന് വിചാരിച്ചാണ് അന്ന് ക്ലിനിക്കിൽ എത്തിയത്…മറ്റ്  രോഗികൾക്കൊപ്പം വെയ്റ്റിംഗ് ഏരിയയിൽ ഇരിക്കുമ്പോഴാണ് അവർ കടന്നു വന്നത്. അടുത്തുള്ള കസേര ഒഴിവായതിനാൽ മകനെയും ചേർത്ത് പിടിച്ചു അവർ അതിൽ ഒതുങ്ങി യിരുന്നു…ആരെയെങ്കിലും ആഴത്തിൽ നോക്കിയിരിക്കുന്നത് ഒരു രസമുള്ള കാര്യമാണ്.

പഴകി നിറം മങ്ങിയ സാരിയിൽ കീറതുന്നലുകൾ തെളിഞ്ഞു കാണാം..അവരിൽ നിന്നും എന്തോ ഒരു മണം പ്രസരിക്കുന്നുണ്ടായിരുന്നു..പൂപ്പലിന്റെ മണം അതോ കനച്ച മണമോ..വാരിവലിച്ചു കെട്ടിവച്ചിരിക്കുന്ന മുടി..ഇവർക്ക് അതൊന്നു ചീകി ഒതുക്കാമായിരുന്നു.

മകൻ കൈകളിൽ നില്ക്കാതെ കുതറിയോടാൻ ശ്രമിച്ചുകൊണ്ടിരുന്നു..അവർ അടക്കിയ സ്വരത്തിൽ ശാസിക്കുന്നുണ്ടായിരുന്നു..നല്ല ചുമയാണ് അവന്..ഒപ്പം ജലദോഷവും അതിന്റെ ബുദ്ധിമുട്ട് അവനെ കൂടുതൽ കുസൃതിയിലേക്ക് നയിക്കുന്നുണ്ടായിരുന്നു..അവന്റെ മൂക്കിൽ നിന്നും ഒഴുകിയിറങ്ങുന്നത് അവർ സാരിത്തലപ്പുകൊണ്ട് ഇടയ്ക്ക് തുടച്ച് മാറ്റി..

എനിക്ക് അറപ്പ് തോന്നിത്തുടങ്ങിയിരുന്നു. പതുക്കെ സീറ്റിൽ നിന്നും എഴുന്നേറ്റ് ഭിത്തിയിൽ ചാരി നിന്നു. ഫോണിൽ നോക്കുന്നപോലെ നിന്നെങ്കിലും എന്റെ കണ്ണുകൾ അവരെ വട്ടമിട്ടു നിന്നു..

അവരുടെ കാലിലെ ചെളിപിടിച്ച വള്ളിചെരുപ്പ് പകമാകാതെ നീണ്ടു നിന്നു. അതൊന്നു കഴുകി ഇടാമായിരുന്നു..കൂർപ്പിച്ചു നോക്കുന്നതിനിടയിൽ മനസ്സിലോർത്തു..ഒരു വൃത്തിയും ഇല്ലാത്ത സ്ത്രീ..ഹൊ..മുഖം കഴുകിയില്ലെങ്കിൽ എന്താ..പൊട്ടൊരെണ്ണം ഒട്ടിച്ചിട്ടുണ്ട്..അതും നിറം മങ്ങിയ ഒന്ന്..കളർ ബ്ലാക്ക് ആണോ ബ്രൗൺ ആണോന്നറിയില്ല..

മറ്റുള്ളവരുടെ ഇടയിൽ തന്റെ വേഷവും കോലവും ഓർത്തിട്ടാവും അവരുടെ മുഖത്ത് വല്ലാത്തൊരു നിസ്സഹായവസ്ഥ തെളിഞ്ഞു നിന്നു. ഒപ്പം സങ്കടവും..

താൻ ശ്രദ്ധിക്കുന്നത് കണ്ട് അവർ കസേരയിലേക്ക് കൂടുതൽ ചുരുങ്ങിക്കൂടി ഇരുന്നു. കാശില്ലെങ്കിലും അവർക്ക് ഉള്ളത് വൃത്തിയായി ഇടാമായിരുന്നു…

ഇന്നിപ്പോൾ അവരുടെ അതേ അവസ്ഥയിൽ താനും. കണ്ണുകൾ നിറഞ്ഞു വന്നു..ഭൂമിയിലേക്ക് ആഴ്ന്നു പോകാൻ വരം കിട്ടിയിരുന്നെങ്കിൽ..മകന്റെ പേര് വിളിക്കുന്നതും കാത്ത് കണ്ണടച്ചിരുന്നു..എനിക്ക് ആരെയും കാണണ്ട…ആരും എന്നെയും നോക്കണ്ട…ഇരുണ്ട ദീപാണ്..ഒറ്റയ്ക്കായിപ്പോയൊരു ഇരുണ്ട ദ്വീപ്.

*************

കോൺഫെറൻസ് ഹാളിൽ വലിയ സ്‌ക്രീനിൽ അടുത്ത പ്രൊജക്റ്റ്‌ ഡീറ്റെയിൽസ് വിശദീകരിക്കുന്നതിനിടയിൽ മേശപ്പുറത്തിരുന്ന മൊബൈൽ പല തവണ വിറച്ചിട്ടു നിന്നു. ഫോണെടുത്തു നോക്കി. നാട്ടിൽ നിന്നും അനിയന്റെ നമ്പർ ഡിസ്പ്ലേയിൽ.

മീറ്റിംഗ് കഴിഞ്ഞ് ഫോണെടുത്തു നോക്കി അഞ്ചു മിസ്സ്ഡ് കാളുകൾ. ധൃതിയിൽ തിരികെ വിളിച്ചു. എൻഗേജ്ഡ് ട്യൂൺ..നാശം…

അല്പം കഴിഞ്ഞപ്പോൾ തിരികെ കാൾ വന്നു.

“എന്താടാ… ഇത്രയും അർജെന്റ് മാറ്റർ..”

“ചേച്ചി ഉച്ചകഴിഞ്ഞു ലീവ് എടുത്ത് വാ..അമ്മ  രാവിലെ വിളിച്ചു പറയണമെന്ന് പറഞ്ഞതാണ് ഞാൻ മറന്നു..”

“എന്താ കാര്യം..? പതിവ് പരിപാടിക്കാണെങ്കിൽ ഞാൻ വരില്ല..ഈ പ്രൊജക്റ്റ്‌ കൂടി കംപ്ലീറ്റ് ചെയ്താൽ പിന്നെ ഞാൻ ആരാണെന്ന നിന്റെ വിചാരം…”

“ഞാൻ വരില്ല..ലീവ് കിട്ടില്ലെന്ന്‌ അമ്മയോട്  പറഞ്ഞേരെ…”

“ചേച്ചി അമ്മയോട് പറ..ഞാൻ പറയില്ല…അമ്മയ്ക്ക് കുറച്ച് ദിവസമായി നല്ല സുഖമില്ല..ഞാൻ ചോദിച്ചിട്ട് പറഞ്ഞില്ല..ചേച്ചി ചോദിച്ചു നോക്ക്..”

അമ്മയുടെ കൈയ്യിൽ ഫോൺ കിട്ടിയപ്പോൾ കരച്ചിലിന്റെ അകമ്പടിയോടെ പൊട്ടിത്തെറിച്ചു.

“ചാരൂ..നീ വന്നില്ലെങ്കിൽ പിന്നെ എന്നെ നീ കാണില്ല..”

“അച്ഛമ്മ പറഞ്ഞത് എന്താണെന്നു അറിയാമോ..നിന്നെ കറവപ്പശുവാക്കി നിർത്തിയിരിക്കുവാണെന്ന്. മതിയായി…ഇനി നീ അധ്വാനിച്ചുണ്ടാക്കുന്ന ഒരു ചില്ലിക്കാശുപോലും എനിക്ക് വേണ്ട..”

“നാട്ടുകാരോടും വീട്ടുകാരോടും മറുപടി പറഞ്ഞു മടുത്തു..”

കല്യാണത്തിന് സമ്മതിക്കാതെ ആശുപത്രിയിൽ പോകില്ലെന്ന അമ്മയുടെ വാശിക്കുമുന്നിൽ തോറ്റു കൊടുക്കാതെ വയ്യ. ചാരുലത എന്ന താൻ വിവാഹം കഴിക്കാൻ പോകുന്നു.

കാണാൻ വന്ന ആളോട് ഒറ്റ ഡിമാൻഡ് മാത്രം. “വിവാഹം കഴിഞ്ഞാലും ജോലിക്ക് പോകാൻ സമ്മതിക്കണം..”

“അതൊക്കെ പിന്നെയുള്ള കാര്യങ്ങൾ അല്ലേ..നമുക്ക് വേണ്ടപോലെ ചെയ്യാം..രണ്ടുപേരും ജോലിക്ക് പോകുന്നത് സാമ്പത്തികഭദ്രത ഉറപ്പാക്കും…നമുക്ക് ആലോചിച്ചു വേണ്ടത് ചെയ്യാം..”

എങ്കിലും വിവാഹത്തിന് ആറുമാസത്തെ സാവകാശം ചോദിച്ചു..പുതിയ പ്രൊജക്റ്റ്‌ സബ്‌മിറ്റ് ചെയ്തിട്ടുണ്ട്..പ്രൊമോഷൻ ലഭിച്ചാൽ ആറുമാസമെങ്കിലും ആ പോസ്റ്റിൽ ജോലി ചെയ്തു എന്നൊരു സമാധാനത്തിന് വേണ്ടി..അങ്ങനെ നിശ്ചയം നടന്നു.

കാതിൽ കൈയ്യടി ശബ്ദം നിറയുന്നു.

“എത്രയോ സീനിയേഴ്സിനെ പിന്തള്ളിയാണ് ചാരുലത ഇന്ന് ഈ പൊസിഷനിൽ എത്തിയത് എന്നറിയാമോ…?”

“മിടുക്കി…പത്തും പതിനഞ്ചും വർഷമായി ഇവിടെ ജോലി ചെയ്യുന്നവരുണ്ട്. ചാരുലത ജോയിൻ ചെയ്തിട്ട് രണ്ടു വർഷം ആയില്ല..”

“ആത്മാർത്ഥയോടെ കഠിനധ്വാനം ചെയ്താൽ ഉയരങ്ങളിൽ എത്താമെന്ന് ചാരുലത നിങ്ങൾക്ക് കാണിച്ചു തന്നിരിക്കുന്നു….”

നിറഞ്ഞ കൈയ്യടി..വന്നപ്പോൾ മുതൽ ലക്ഷ്യം വച്ച പൊസിഷനിലാണ് എത്തിനിൽക്കുന്നത്.

“ചാരൂ മാഡം ഒരു സംശയം..തിരക്കിനിടയിൽ ഈ നീണ്ട മുടി എങ്ങനെയാ  ഭംഗിയായി സൂക്ഷിക്കുന്നത്..മുടിയുടെ രഹസ്യം ഞങ്ങൾക്കും കൂടി പറഞ്ഞുതരാമോ..?” പുതിയതായി ജോയിൻ ചെയ്ത പെൺകുട്ടിയാണ്..

“നീണ്ട മുടിയൊക്കെ പാരമ്പര്യമാണ്..പിന്നെ എത്ര തിരക്ക് ഉണ്ടായാലും സ്വന്തം കാര്യങ്ങൾക്കും അല്പം ശ്രദ്ധ കൊടുക്കണം..ജീവിതം ഒന്നല്ലേ ഉള്ളൂ..അത് ശ്രദ്ധയോടെ കൈകാര്യം ചെയ്യണം..നമുക്ക് വേണ്ടിയും അല്പസമയം മാറ്റിവയ്ക്കണം..”

ജോലിയ്ക്ക് പോകുന്ന കാര്യം വിവാഹത്തിന് ശേഷം തീരുമാനിക്കാമെന്ന് പറഞ്ഞത് വെറും വാക്കായിരുന്നെന്ന് ഏറെതാമസിയാതെ മനസ്സിലായി.

“അമ്മയ്ക്കു റസ്റ്റ്‌ വേണം..ഇത്രയും നാൾ ഈ വീട്ടിലെ ജോലിയെല്ലാം അമ്മയാണ് ചെയ്തിരുന്നത്. വീട്ടിലെ ജോലികൾ വൃത്തിയായി ചെയ്യണം. എന്നിട്ട് വേണമെങ്കിൽ ജോലിക്ക് പൊയ്ക്കോ..ആരും തടയില്ല.”

ആ വീട്ടിലെ ജോലികൾ ഒരിക്കലും അവസാനിക്കാത്തതായിരുന്നു..ഒന്ന് കഴിഞ്ഞാൽ മറ്റൊരു ജോലി കാത്തിരിക്കുന്നുണ്ടാകും. ഏറ്റവും കൂടുതൽ അലോസരപ്പെടുത്തിയത് “ലതേ… ” എന്നുള്ള നീണ്ട വിളിയായിരുന്നു..

“ചാരൂ…” എന്നാണ് മുൻപ് എല്ലാവരും വിളിച്ചിരുന്നത് അങ്ങനെ വിളിച്ചാൽ മതി അല്ലെങ്കിൽ ചാരുലതേ എന്ന് വിളിച്ചോളൂന്ന് പറഞ്ഞിട്ട് ആരും മുഖവിലക്കെടുത്തില്ല…

ചാരൂ എന്ന വിളിയിൽ സ്നേഹം ഒളിഞ്ഞിരിപ്പുണ്ടായിരുന്നു. പക്ഷെ ലതേ എന്ന വിളിയിൽ സ്നേഹക്കുറവും പ്രായക്കൂടുതലും തോന്നിച്ചു. പെട്ടെന്ന് പ്രായമായിരിക്കുന്നു..അതെ അവരെല്ലാം ഒറ്റ വിളിയിലൂടെ എന്റെ പ്രായം ഉയർത്തിയിരിക്കുന്നു.

പതിയെ പതിയെ ഭൂതകാലം മറന്നു തുടങ്ങി..

“നീ എവിടാ..എന്താ ജോലി..” തുടങ്ങിയ ചോദ്യങ്ങൾ വെറുത്തു തുടങ്ങി..

കുറച്ചുനാൾ ഫോൺ കൂടി ഇല്ലാതായതോടെ എല്ലാ ബന്ധങ്ങളും മുറിച്ചു മാറ്റപ്പെട്ടു..രാവിലെ എഴുന്നേൽക്കുക..ജോലി ചെയ്യുക ഉറങ്ങുക വീണ്ടും എഴുന്നേൽക്കുക..യന്ത്രം പോലെ..

വീട്ടിൽ അനിയന്റെ വിവാഹവും പുതിയ വീട് വയ്ക്കലുമൊക്കെ മുറപോലെ നടന്നു..

എന്റെ എന്നുപറഞ്ഞു മാറ്റിയിട്ടിരുന്ന വീട്ടിലെ മുറി പൊളിച്ച് മാറ്റപ്പെട്ടു..പുതിയ വീട്ടിൽ എനിക്കായി ഒരു മുറി ഉണ്ടായില്ല…എന്റേത് എന്നടയാളപ്പെടുത്തിയ പല സാധനങ്ങളും പതുക്കെ മാഞ്ഞു പോയി. പതിയെ പതിയെ വിരുന്നുകാരിയായി.

അമ്മ…മകനും ഫാമിലിയും എന്ന ചെറിയ ലോകത്തേക്ക് ഒതുങ്ങി..വല്ലപ്പോഴും ചെല്ലുന്ന മകളും കൊച്ചുമക്കളും ഒരു ബുദ്ധിമുട്ടായി അമ്മയ്ക്കും തോന്നിതുടങ്ങിയിരിക്കുന്നു…പത്തു പൈസയുടെ ഉപകാരം ചെയ്യാൻ എന്റെ കൈയ്യിൽ ഉണ്ടായിരുന്നില്ലല്ലോ..

ഒരു കാലത്ത് തന്റെ ശമ്പളത്തിൽ പുത്തൻ വസ്ത്രങ്ങൾ അണിഞ്ഞിരുന്നവൻ..

“എന്റെ ഷർട്ട്‌ എങ്ങനുണ്ട്..രണ്ടായിരം രൂപയായി…പുത്തൻ മോഡലാണ്..പകുതി വിലക്ക് കിട്ടി..” എന്ന് പറഞ്ഞു സന്തോഷിച്ചപ്പോൾ വിലക്കുറഞ്ഞ എന്റെ വസ്ത്രങ്ങൾ എവിടെയൊളിപ്പിക്കും എന്നറിയാതെ ചിതറി നിന്നു..

അവരുടെ ധാരാളിത്തം കാണാനായി അങ്ങോട്ടും പോകാതായി…വല്ലപ്പോഴും പഴയ കാര്യങ്ങൾ ഓർമ്മ വരുമ്പോൾ അമ്മ വിളിക്കും.

“നീ ഇങ്ങോട്ടൊന്നും വരാറില്ലല്ലോ…” എന്ന് വെറുതെ പരാതിപ്പെടും.

“വരാം അമ്മേ..” ന്ന് പറയുമ്പോൾ.. “ഞാൻ പറഞ്ഞെന്നെ ഉള്ളൂ..നീ ഓടി വരികയൊന്നും വേണ്ട..” എന്ന് പറഞ്ഞ് അടുത്ത വിഷയത്തിലേക്കു കടക്കുകയും ചെയ്തു.

ഒരിക്കലും “നിനക്ക് സുഖമാണോ…എങ്ങനെ കഴിയുന്നു..” എന്നമ്മ തിരക്കിയില്ല..പറയാനും പോയില്ല..നിറഞ്ഞൊഴുകുന്ന കണ്ണുനീർ തുടയ്ക്കാതെ കുട്ടികളുടെ കാര്യം പറഞ്ഞ് അമ്മയെ ചിരിപ്പിച്ചു.

******************

“ടീ..ലതേ..നേഴ്സ് വിളിക്കുന്നത് കേട്ടില്ലേ…”

ആരോ തട്ടി വിളിക്കുന്നു. അപ്പുവിന്റെ അച്ഛൻ മുന്നിൽ. രാത്രിയിൽ ഒട്ടും ഉറങ്ങാൻ പറ്റിയില്ല..മോള് പകൽ മുഴുവൻ ഉറങ്ങും രാത്രിയിൽ കളിയും ചിരിയും..പകൽ ഉറങ്ങുമ്പോൾ തന്റെ ജോലി നടക്കും..പക്ഷെ രാത്രിയിൽ ഉറക്കം നടക്കില്ല..അതാണ് ഇരുന്നപ്പോൾ തന്നെ മയങ്ങിപ്പോയത്…ആകെ നാണക്കേടായി..

എഴുന്നേറ്റ് അപ്പുവിന്റെ കൈ പിടിച്ച് ഡോക്ടറിന്റെ റൂമിനു നേർക്കു വേഗത്തിൽ നടന്നു..ഡോർ തുറന്നു കയറാൻ തുടങ്ങിയപ്പോൾ നേഴ്സ് തടഞ്ഞു..

“എങ്ങോട്ടാ തള്ളിക്കേറി പോകുന്നത്..അകത്തു ആളുണ്ട്..അവർ ഇറങ്ങുമ്പോൾ കയറിക്കോ..”

ഭൂതകാലത്തിന്റെ മധുരമുള്ള ഓർമ്മകൾ അടച്ചുവച്ച്..അകത്തുള്ള ആൾ ഇറങ്ങുന്നതും കാത്തു നിന്നു ചാരുലത…അല്ല ലത. മനസ്സിൽ പകുതി വൃത്തിയാക്കി അടച്ചുവച്ച മീനും…അമ്മയുടെ അടുത്ത് കിടത്തിയിരുന്ന കുഞ്ഞും ചിന്തകളായി നിറഞ്ഞു. സ്വന്തം പേരിൽനിന്നു പോലും സ്നേഹത്തിന്റെ അക്ഷരങ്ങൾ കൊഴിഞ്ഞുപോയ അനേകം ചാരുലതമാരിൽ ഒരാളായി അവളും…

✍️നീരജ