ഉപയോഗശൂന്യമായ എന്തോ ഒരു വസ്തുവിനെ സൗജന്യമായി തന്നൊഴിഞ്ഞ പോലെ ആയില്ലേ ഇത്‌…

Story written by Reshja Akhilesh

=============

“ലോകം പിടിച്ചടക്കിയ സന്തോഷമാണ് എനിയ്ക്കു…മഹിയ്ക്കോ? “

“നിന്റെ സന്തോഷം തന്നെയല്ലേ എന്റെയും സന്തോഷം നിരോഷാ…”

മഹിയുടെ പ്രണയാതുരമായ വാക്കുകളിൽ കുരുങ്ങി അവളുടെ ഹൃദയം കൂടുതൽ തരളിതമായി. അവൾ മഹിയോട് ഒന്നുകൂടെ ചേർന്നിരുന്നു.

അവളുടെ മനസ്സിൽ പക്ഷേ മറ്റൊരു കാഴ്ച്ചയാണ് നിറഞ്ഞു നിൽക്കുന്നത്. മഹിയുടെ ഭാര്യയുടെ മുഖം. മഹിയ്ക്ക് ഇഷ്ടമല്ലാതിരുന്നിട്ടു കൂടിയും പൊതു ഇടങ്ങളിൽ മഹിയോട് പറ്റിചേർന്ന് നിൽക്കാൻ സ്വാതന്ത്ര്യമുണ്ടായിരുന്നത് ഭാര്യാപദവി അലങ്കരിയ്ക്കുന്ന   മധുരിമയ്ക്ക് മാത്രമായിരുന്നല്ലോ.

“മഹി എന്റേതാണ്…അവനോട് ചേർന്ന് നിൽക്കാനുള്ള അവകാശം എനിക്ക് മാത്രമാണ് ” എന്ന് പറഞ്ഞു കൊണ്ട് മധുരിമയെ വലിച്ചു മാറ്റുവാൻ എത്രയോ തവണ കൊതിച്ചിരിയ്ക്കുന്നു! ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് അറിയാതെ നിൽക്കുന്ന അവളോട് തനിയ്ക്ക് പുച്ഛമായിരുന്നോ അതോ അസൂയയോ ? അറിയില്ല.

പക്ഷേ ഇന്ന് മുതൽ മഹി എന്റേതാകുമ്പോൾ, അല്ല എന്റേത് മാത്രമാകുമ്പോൾ  ആ ജീവിതത്തിന്റെ തുടക്കം മധുരിമയുടെ കണ്ണുനീര് കണ്ടു തന്നെ ആവണം എന്ന് വാശി തന്നെയാണ്. എങ്കിലേ പിടിച്ചു വാങ്ങിയതിന് വിലയുള്ളു. സഹതാപമുണ്ട് പക്ഷേ അതിലേറെ അകാരണമായ വിദ്വേഷവും.

മഹിയും നിരോഷയും പത്താം ക്ലാസ്സ് മുതൽ സഹപാഠികളായിരുന്നു. കലാലയജീവിതം അവരെയെപ്പോഴോ ക മിതാക്കളുമാക്കി തീർത്തു. ക്യാമ്പസ് പ്രണയം അതിനുള്ളിൽ തന്നെ ഉപേക്ഷിച്ചായിരുന്നു ഇരുവരും പുറമെയുള്ള ജീവിതത്തിലേയ്ക്കിറങ്ങിയത്. നിരോഷ വിവാഹിതയായിരുന്നില്ല. അവളുടെ മനസ്സിനിണങ്ങിയ ഒരാളെ കണ്ടെത്തുവാൻ അവൾക്കായിരുന്നില്ല. നാല് വർഷങ്ങൾക്ക് മുൻപ് വളരെ യാദൃശ്ചികമായുള്ള കണ്ടുമുട്ടൽ, പഴയ സൗഹൃദം പുതുക്കി. ഇടയ്ക്കെപ്പോഴോ തന്റെ ജീവിതപങ്കാളി പോരെന്ന് തോന്നിയത് കൊണ്ടാകാം മഹി പ്രണയവും പൊടിതട്ടിയെടുത്തത്. മഹിയ്ക്കും മധുരിമയ്ക്കും കുട്ടികൾ ഇല്ലാതിരുന്നതിനാൽ തുടർന്നുള്ള ജീവിതത്തിനു മറ്റൊരു തടസ്സവും ഇല്ലായിരുന്നു.

*****************

“ഏയ്…താൻ ഇറങ്ങുന്നില്ലേ…വീടെത്തി.”

“ഓഹ്…ഞാൻ ഓരോന്ന് ഓർത്തുന്നു പോയി മഹീ…”

കാർ ആ വലിയ വീടിന്റെ മുറ്റത്ത് നിർത്തി. മഹിയുടെ കൈയ്യിൽ ചുറ്റിപ്പിടിച്ചു കൊണ്ടാണ് നിരോഷ ഉമ്മറത്തേയ്ക് കാലെടുത്ത് വെച്ചത്.

വാതിൽ തുറന്ന് തന്നെ കിടക്കുകയായിരുന്നു. മുകളിൽ നിന്നും മധുരിമ ബാഗുകളുമായി ഗോവണിപ്പടികൾ ഇറങ്ങി വരുന്നത് കണ്ടതും നിരോഷയുടെ കൈകൾ മഹിയുടെ കൈകളിൽ കൂടുതൽ മുറുകി.

“നിങ്ങൾ ഇത്ര പെട്ടന്ന് എത്തിയോ?” സങ്കടം മറച്ചു പിടിയ്ക്കാൻ പാടുപെടുന്ന മധുരിമയെ ആണ് അവർ പ്രതീക്ഷിച്ചത്. പക്ഷേ ഒരു ഭാവഭേദവും ഇല്ലാത്ത മധുരിമ അവർക്ക് അത്ഭുതമായിരുന്നു.

“ഓഹ് ക്ഷമിയ്ക്കണം മധുരിമ…നീ പോയിട്ടുണ്ടാകുമെന്ന് കരുതിയിട്ടാണ് ഞാൻ മഹിയോടൊപ്പം വന്നത്. നിനക്ക് വിഷമം ആയിട്ടുണ്ടാകും എന്നറിയാം. പത്തു വർഷം ഒന്നിച്ചു ജീവിച്ചയാളോടൊപ്പം മറ്റൊരു പെണ്ണ് അധികാരത്തോടെ കയറി വരുന്നത് കാണാൻ ഒരു പെണ്ണിനും ആഗ്രഹമുണ്ടാകില്ലല്ലോ.”  നിരോഷ സ്വല്പം അഹങ്കാരത്തോടെയാണ് അത് പറഞ്ഞത്.

നിരോഷയ്ക്കും മഹിയ്ക്കും പുഞ്ചിരി സമ്മാനിച്ചു കൊണ്ട് മധുരിമ മുറ്റത്തേയ്ക്കിറങ്ങി.

“പത്തു വർഷം നിങ്ങളെ മാത്രം ധ്യാനിച്ചു കഴിഞ്ഞ എന്നെ നിങ്ങൾ ഒഴിവാക്കിയില്ലേ മഹി? എന്നേക്കാൾ എന്ത് ഗുണമാണ് നിങ്ങൾ ഇവളിൽ കണ്ടത്? ഒരുപാട് സങ്കടമുണ്ടെങ്കിലും ഞാൻ ഒഴിഞ്ഞു തരുവാ…നിങ്ങൾ ആഗ്രഹിച്ചപോലെ ജീവിയ്ക്കാൻ വേണ്ടി ഞാൻ പ്രാർത്ഥിയ്ക്കാം.” കണ്ണുനീരിന്റെ അകമ്പടിയോടെ ഇതുപോലൊരു സംസാരം മധുരിമയിൽ നിന്നും മഹി ഭാവനയിൽ കണ്ടിരുന്നു. വൈകാരികമായൊരു രംഗം ഒഴിവായതിൽ മഹി ആശ്വസിച്ചു.

“എന്നിൽ നിന്നും നീയെന്റെ ഭർത്താവിനെ തട്ടിഎടുത്തു…എന്റെ കണ്ണീരിന്റെ ശാപം നിന്നെ വിട്ടു പോകില്ല.” എന്നൊരു ശാപവാക്ക് മധുരിമയിൽ നിന്ന് നിരോഷയും പ്രതീക്ഷിച്ചിരുന്നു. അവൾക്ക് വീണ്ടും നിരാശയായി.

ഉപയോഗശൂന്യമായ എന്തോ ഒരു വസ്തുവിനെ സൗജന്യമായി തന്നൊഴിഞ്ഞ പോലെ ആയില്ലേ ഇത്‌…? ഒരു ഭാര്യയ്ക്കെങ്ങനെ ഇത്രയും നിസ്സാരമായി പടിയിറങ്ങി പോകുവാൻ കഴിയും?  നിരോഷയുടെ ചിന്തകൾ പലവഴി പാഞ്ഞു നടന്നു.

****************

“എന്താ മഹി ഒന്നും മിണ്ടാത്തത്? “

അത്താഴത്തിന് ശേഷം കിടപ്പുമുറിയിൽ മൗനിയായി ഇരിയ്ക്കുന്ന മഹിയോട് സ്നേഹത്തോടെ അവൾ ചോദിച്ചു.

“എന്ത് പറയാനാണ്?..നാട്ടുകാരും വീട്ടുകാരും സമൂഹവും അംഗീകരിച്ചുള്ള ജീവിതം നമ്മൾ തുടങ്ങാൻ പോവുകയാണ്. പക്ഷേ നമ്മൾ പുതുമോടിയൊന്നും അല്ലല്ലോ പരസ്പരം തുറന്ന് സംസാരിച്ചു ജീവിതം ആരംഭിയ്ക്കാൻ…” മഹിയുടെ പരിഹാസം കലർന്ന സംസാരത്തിൽ അവൾ പരിഭവിച്ചു.

“പക്ഷേ…മഹി…”

“എന്തിനാ നിരോഷാ സംസാരിച്ചു സമയം കളയുന്നത്…വരൂ കിടക്കാം…”

മഹി അവളെ നെഞ്ചോട് ചേർത്തപ്പോൾ മുൻപത്തെപ്പോലെ പ്രണയമല്ല അവളിൽ നിറഞ്ഞത്.

പ്രണയത്താൽ ചാലിച്ച വാക്കുകളാൽ ബന്ധനത്തിലാകിയതിനു ശേഷം മാത്രമേ  അത്രമേൽ ആർദ്രമായ് വിരലുകളിൽ പോലും സ്പർശിക്കുമായിരുന്നുള്ളു…കാമുകിയിൽ നിന്നും ഭാര്യയിലേയ്ക്ക് മാറിയപ്പോൾ വന്ന മാറ്റത്തെക്കുറിച്ച് അവൾ അസ്വസ്ഥയായി.

പിന്നീടുള്ള ഓരോ ദിവസവും അവൾക്ക് പുതിയ തിരിച്ചറിവുകളുടേതായിരുന്നു. മഹിയിലെ ഭർത്താവും കാമുകനും തമ്മിലുള്ള ദൂരം ശരിക്കും മനസ്സിലാക്കിയ ദിവസങ്ങൾ. പക്ഷേ മധുരിമയെ കാണുമ്പോഴെല്ലാം അവളുടെ മുഖത്ത് വൈഷമ്യത്തിന്റെ കണികകൾ ഉണ്ടോയെന്ന് നിരോഷ ശ്രദ്ധിച്ചിരുന്നു. ഇല്ല, തെളിഞ്ഞ ആകാശം പോലെയിരിയ്ക്കുന്നു.

പതിയെ മഹിയുടെയും നിരോഷയുടെയും ജീവിതം അസംതൃപ്തി നിറഞ്ഞതായി.

ഇടയ്ക്കിടെ മധുരിമ നിരോഷയുടെ ചിന്തകളിലും പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോൾ അവൾക്കറിയാം മധുരിമയുടെ മുഖത്ത് വിരിയുന്ന പുഞ്ചിരിയുടെ നിഗൂഢതയിൽ എന്താണെന്ന്.

മഹിയെ ഭാര്യയിൽ നിന്നും തട്ടിഎടുക്കുമ്പോൾ തനിക്ക് യുദ്ധം ജയിച്ച അനുഭൂതിയായിരുന്നു. പക്ഷേ അതൊരു യുദ്ധമായി മധുരിമയ്ക്ക് തോന്നിയിട്ടില്ലായിരുന്നു. ജീവിതപങ്കാളിയുടെ മനസ്സിൽ മറ്റൊരാൾ ഉണ്ടെന്ന് അറിഞ്ഞപ്പോഴേ അവളുടെ മനസ്സിൽ അയാൾക്കുള്ള മൂല്യം നഷ്ടമായിരുന്നു. അത്തരത്തിൽ ഒരാൾക്ക് വേണ്ടി കരയാനും പോരാടാനും മാത്രം തരംതാഴാൻ അവളിലെ പെണ്ണിന് കഴിയില്ലായിരുന്നു. പലപ്പോഴും കുട്ടികൾക്ക് വേണ്ടി മാത്രം പലതും കണ്ടില്ലെന്ന് നടിയ്ക്കേണ്ടുന്ന അവസ്ഥയും അവൾക്ക് ഇല്ലായിരുന്നല്ലോ.

നമ്മെ തോൽപ്പിച്ചു എന്ന് കരുതുന്നവരുടെ മുൻപിൽ തെളിഞ്ഞൊരു പുഞ്ചിരി സമ്മാനിച്ചാൽ നിഷ്പ്രഭമാകാവുന്നതേയുള്ളു വിജയിച്ചു എന്നുള്ള അവരുടെ തോന്നലുകൾ  എന്ന് മധുരിമയ്ക്ക് അറിയാമായിരുന്നു.