ഉറ്റ തോഴന്റെ ഭാര്യയുമായാണ് ഞാൻ രഹസ്യ ബന്ധത്തിന് ഒരുങ്ങുന്നത്. അത് തെറ്റല്ലേ…

കൂട്ടുകാരന്റെ ഭാര്യ…

Story written by Saji Thaiparambu

============

“കിച്ചു…നീയെവിടാ?”

“ഞാൻ നമ്മുടെ മുക്കേൽ ജംഗ്ഷനിലുണ്ട്. എന്താ വിജീ…?”

“എനിക്ക് നിന്നോട് ചിലത് പറയാനുണ്ടായിരുന്നു”

“ങ്ഹാ…പറഞ്ഞോ, വിജീ…ഞാൻ കേൾക്കുന്നുണ്ട്”

“അല്ലാ, അത് ഫോണിൽ കൂടി പറയേണ്ടതല്ല, എനിക്ക് നിന്നെ നേരിട്ടൊന്ന് കാണണം നീ ഇവിടെ വരെ ഒന്ന് വരുമോ ?”

“നിന്റെ വീട്ടിലേക്കല്ലേ? ഞാൻ വൈകിട്ട് വരാം”

“അയ്യോ അത് വേണ്ട, ആ സമയത്ത് ആധാരം എഴുത്ത് ഓഫീസിൽ പോയ അമ്മ തിരിച്ച് വരും. മാത്രമല്ല ,ഞാൻ കിച്ചുവിനെ വിളിച്ച കാര്യം ആരോടും പറയാതെ വേണം വരാൻ, രാജേഷ് പോലുമിതറിയരുത്”

“ങ് ഹേ….!”

അത് കേട്ടപ്പോൾ എന്റെ മനസ്സിൽ അത് വരെ ഇല്ലാതിരുന്ന ഒരു ജിജ്ഞാസയുണ്ടായി.

കാരണം വിജിയുടെ ഭർത്താവും എന്റെ സുഹൃത്തുമായ രാജേഷ് കാശ്മീരിലേക്ക് തിരിച്ച്പോയിട്ടിപ്പോൾ മൂന്ന് വർഷം കഴിയുന്നു.

കല്യാണ ദിവസം തന്നെ വിജിയെ ഒറ്റക്കാക്കി പട്ടാള ക്യാമ്പിലേക്ക് തിരിച്ച് പോയവനാ അവൻ ,രാജേഷ് വരാനായില്ലേ? എന്ന് ഞാൻ ഇന്നലെ കണ്ടപ്പോൾ വിജിയോട് ചോദിച്ചിരുന്നു.

“ആഹ്,ആർക്കറിയാം, ഞാനിപ്പോൾ അതൊന്നും തിരക്കാറില്ല” എന്ന മറുപടിയായിരുന്നു അവൾ പറഞ്ഞത്.

അപ്പോൾ ഞാൻ കരുതിയത്, വല്ല സൗന്ദര്യ പിണക്കവുമുണ്ടായി കാണും, അത് കൊണ്ടായിരിക്കും അവൾ അങ്ങനെ പറഞ്ഞതെന്നാണ്.

പക്ഷേ, ഇപ്പോൾ ആരുമില്ലാത്ത നേരം നോക്കി ആരോടും പറയാതെ താൻ അവിടെ ചെല്ലണമെന്ന് പറയുമ്പോൾ അതിലെന്തോ ദുരൂഹതയുള്ളത് പോലെ ഒരു തോന്നൽ.

പണ്ട് മുതലേ കളിച്ച് വളർന്ന കൂട്ടുകാരനാണ് രാജേഷ്, ഇനി അവൾക്ക്, അവനെ മടുത്ത് തുടങ്ങിയോ ?

കുറ്റം പറയാനും പറ്റില്ല, മൂന്ന് വർഷമെന്ന് പറയുന്നത്, ഭാര്യാ ഭർത്താക്കന്മാരെ സംബന്ധിച്ച് ഒരു വലിയ ഇടവേളയാണ്, രണ്ട് പേരും തന്റെ ഇണയുടെ സാന്നിദ്ധ്യം, ഒരു പാട് ആഗ്രഹിക്കുന്ന പല സന്ദർഭങ്ങളുമുണ്ട്.

ചിലർ അതിനെ മറികടക്കും. ദുർബ്ബലരായ ചിലർക്ക് അത് സാധിക്കാതെ വരുമ്പോഴാണ്, അവി ഹിത ബന്ധങ്ങൾക്ക് നിർബന്ധിതരാകുന്നത്.

“എന്താ കിച്ചു ഒന്നും മിണ്ടാതെ നില്ക്കുന്നത്?”

അവളുടെ ചോദ്യം എന്നെ ചിന്തകളിൽനിന്നുണർത്തി.

“വിജിക്ക് നിർബന്ധമാണെങ്കിൽ ഞാൻ ദേ എത്തിക്കഴിഞ്ഞു.”

എന്തോ? എനിക്ക് അത് വരെ ഇല്ലാതിരുന്ന ഒരു ഉന്മേഷവും ആവേശവും പെട്ടെന്ന് വന്നു.

അവളുടെ വിളിയും പറച്ചിലുമൊക്കെ എന്റെ ചെവിയിൽ ഇക്കിളി തരംഗങ്ങളായി മുഴങ്ങിക്കൊണ്ടിരുന്നു, അവിടെ ചെല്ലുമ്പോൾ സംഭവിക്കാൻ പോകുന്ന കാര്യങ്ങളോർത്ത് എന്റെ രോമകൂപങ്ങൾ എഴുന്നേറ്റ് നിന്നു.

ഉറ്റ തോഴന്റെ ഭാര്യയുമായാണ് ഞാൻ രഹസ്യ ബന്ധത്തിന് ഒരുങ്ങുന്നത്. അത് തെറ്റല്ലേ? എന്ന് ഇടയ്ക്ക് ഉപബോധമനസ്സ് പറഞ്ഞ് കൊണ്ടിരുന്നു.

ഓഹ്…എന്ത് തെറ്റ്, അവന്റെ ഭാര്യയ്ക്ക് ഇല്ലാത്ത, സിംപതി എനിക്ക് തോന്നേണ്ട കാര്യമുണ്ടോ?

പിന്നെ എന്റെ ഭാര്യ മഞ്ജു പിണങ്ങിപ്പോയിട്ട് മാസം മൂന്നായെന്നും, അത് കൊണ്ട് ഞാനും വിജിയെപ്പോലെ അഗ്രഹങ്ങൾ കടിച്ചൊതുക്കി കഴിയുകയാണെന്നും അവൾക്ക് മനസ്സിലായത് കൊണ്ടാണ് അവൾ എന്നെ തന്നെ വിളിച്ചതെന്ന് എനിക്ക് തോന്നി.

പോകുന്ന വഴിയിൽ കണ്ട, ഒരു കടയിൽ നിന്നും ബൂമറിന്റെ ഒരു ചൂയിംഗം വാങ്ങി വായിലിട്ട് ചവച്ച് കൊണ്ടാണ് ഞാൻ പോയത്, അല്ലെങ്കിൽ ചിലപ്പോൾ എന്റെ സി ഗരറ്റിന്റെ മണം അടിച്ചിട്ട് അവൾക്ക് എന്നോട് അനിഷ്ടം തോന്നിയാലോ?

അവളുടെ വീടിന്റെ മുന്നിൽ ചെന്നിട്ട് ഞാൻ പരിസരമൊക്കെ ഒന്ന് വീക്ഷിച്ചു.

എങ്ങും ആരെയും കാണുന്നില്ല, ആണുങ്ങൾ ജോലിക്ക് പോയിക്കഴിഞ്ഞാൽ പിന്നെ, പുറകെ പെണ്ണുങ്ങൾ തൊഴിലുറപ്പിനും, കുട്ടികൾ സ്കൂളിലും പോകും പിന്നെ വൈകിട്ട് അഞ്ച് മണി വരെ ആ നാട് വിജനമാണ്.

ഉള്ള് നിറഞ്ഞ് തുളുമ്പിയ സന്തോഷം അടക്കിപ്പിടിച്ച് ഞാൻ വിജിയുടെ വീട്ടിലെ അടഞ്ഞ് കിടക്കുന്ന മുൻ വാതിലിൽ പതിയെ മുട്ടി.

ഉടനെ തന്നെ അവൾ വന്ന് വാതിൽ തുറന്നു.

രണ്ട് മൂന്ന് വർഷങ്ങായി കാണുന്നവളാണെങ്കിലും അപ്പോൾ വിജിയെ കണ്ടപ്പോൾ ഞാൻ ആദ്യമായി കാണുന്നത് പോലെ കണ്ണടുക്കാതെ അവളെ നോക്കി നിന്നു.

“വാ..അകത്തോട്ട്, കയറിയിരിക്ക്”

എന്നെ അകത്തേക്ക് കയറ്റിയിട്ട് അവൾ വേഗം കതകടച്ച് കുറ്റിയിട്ടു .

“ഞാൻ ദേ വരുന്നു”

അതും പറഞ്ഞ് അവൾ അകത്തേക്ക് കയറി പോയി.

അവളെ ഞാൻ അടിമുടി നോക്കി.

ഇവൾ, എന്ത് കൊണ്ട് നേരത്തെ എന്നെ വിളിച്ചില്ല എന്ന് ഞാൻ ഓർത്തു.

ആഹ്, പിന്നെ എല്ലാത്തിനും ഒരു സമയമുണ്ടല്ലോ ആ സമയം ഇപ്പോഴായിരിക്കും ഒത്ത് വന്നത്.

സെറ്റിയിൽ ഞാൻ അക്ഷമനായി ഇരിക്കുമ്പോൾ അകത്തേക്ക് പോയ വിജി കയ്യിൽ ഒരു കവറുമായിട്ടാണ് തിരിച്ച് വന്നത്.

“ഇന്നലെ ഞാൻ അമ്മ പറഞ്ഞതനുസരിച്ച് അമ്മയുടെ പഴയ ട്രങ്ക് പെട്ടിയിൽ നിന്ന് വീടിന്റെ ആധാരവും മറ്റും തപ്പിയെടുത്തപ്പോൾ അതിൽ നിന്നും എനിക്ക് കിട്ടിയതാ…ഇതൊക്കെ എന്താണെന്ന് നോക്കിക്കേ”

ജിജ്ഞാസയോടെ ഞാനത് വാങ്ങി തുറന്ന് നോക്കി.

അതിൽ നിന്നും താഴേക്ക് വീണ രണ്ട് മൂന്ന് ഫോട്ടോകൾ ഞാൻ കൈയ്യിലെടുത്ത് നോക്കി

“ഇത് മഞ്ജുവിന്റെ ഫോട്ടോസല്ലേ ഇതെങ്ങനെ ഇവിടുത്തെ പെട്ടിയിൽ വന്നു.”

കൗതുകത്തോടെ ഞാൻ വിജിയോട് ചോദിച്ചു.

“അതിന്റെ കൂടെയുള്ള കത്ത്കളും കൂടി വായിച്ച് നോക്ക്, അപ്പോൾ മനസ്സിലാകും”

ഒന്നും മനസ്സിലാവാതെ ഞാൻ കത്തുകൾ ഓരോന്നായി വായിക്കാൻ തുടങ്ങി.

വായിക്കുന്തോറും എന്റെ കൈകാലുകൾ കുഴയുന്നത് പോലെയും കണ്ണിൽ ഇരുട്ട് കയറുന്നത് പോലെയും എനിക്ക് തോന്നി.

അത് മഞ്ജു, രാജേഷിന് എഴുതിയ പ്രേമലേഖനങ്ങളായിരുന്നു.

അതും അവർ കല്യാണത്തിന് മുമ്പ് നടത്തിയ കാ മകേളികളെ കുറിച്ചും
ഞാനുമായിട്ടുള്ള കല്യാണം കഴിഞ്ഞാലും അവളുടെ മനസ്സും ശരീരവും രാജേഷിന് തന്നെ അവകാശപ്പെട്ടതാണെന്നുമൊക്കെയുള്ള, മഞ്ജുവിന്റെ പ്രണയാർദ്രമായ വരികളായിരുന്നു അതിൽ.

അപ്പോൾ ഞാനും അവളും തമ്മിൽ അവസാനമായി വഴക്കിടുന്ന ദിവസം അവൾ തന്നെ കണ്ടപ്പോൾ മൊബൈൽ ഫോൺ മറച്ച് പിടിച്ചത്, ഞാൻ സംശയിച്ചത് പോലെ തന്നെ അവൾ ആരോടോ ചാറ്റ് ചെയ്യുന്നത് കൊണ്ടായിരുന്നു, ഞാനത് ചോദിച്ചപ്പോൾ, വാട്സ്ആപ്പിൽ അവൾ ചാറ്റ് ചെയ്തോണ്ടിരുന്ന ആരുടെയോ അക്കൗണ്ട്, ഡിലിറ്റ് ചെയ്തതിന് ശേഷമാണ് തന്റെ കയ്യിലേക്ക് ഫോൺ തന്നത്.

അതിനെ തുടർന്നുണ്ടായ വഴക്ക് രൂക്ഷമായപ്പോഴാണ് ഇനി തിരിച്ച് വരില്ലെന്ന് പറഞ്ഞ് അവൾ ഇറങ്ങിപ്പോയത്.

അപ്പോൾ എന്റെ പ്രിയതോഴനും പ്രാണപ്രേയസ്സിയും ചേർന്നായിരുന്നു എന്നെ ഇത്രയും നാൾ വഞ്ചിച്ച് കൊണ്ടിരുന്നത്.

“മഞ്ജുവിനെ ഇഷ്ടമായിരുന്നെങ്കിൽ പിന്നെ എന്തിനാണയാൾ എന്റെ ജീവിതം തൊലയ്ക്കാനായി എന്നെ കല്യാണം കഴിച്ചത് “

ഉരല് ചെന്ന് മദ്ദളത്തോട് പരാതി പറയുന്നത് പോലെ വിജി എന്നോട് ചോദിച്ചു .

“അതറിയില്ലേ ? മഞ്ജുവിനെ കെട്ടിയാൽ അവന് സാമ്പത്തിക നേട്ടമൊന്നുമുണ്ടാകില്ലായിരുന്നു, അത് കൊണ്ടല്ലേ നാട്ടിലെ പ്രമാണിയുടെ മകളെ കല്യാണം കഴിച്ചത്, അത് കൊണ്ട് ആവശ്യത്തിന് സ്വത്തും ലഭിച്ചു, പഴയ കാമുകിയുമായിട്ടുള്ള ബന്ധം നിലനിർത്തുകയും ചെയ്തു” ഞാൻ പറഞ്ഞു.

“ദുഷ്ടൻ..അപ്പോൾ എന്നെ താലികെട്ടി ഇവിടെ കൊണ്ടാക്കിയിട്ട്, യുദ്ധം തുടങ്ങിയെന്നും, ലീവ് ക്യാൻസലാക്കി തിരിച്ച് ചെല്ലാൻ കാശ്മീരിൽ നിന്ന് ഫോൺ വന്നെന്നും ഒക്കെ, കള്ളം പറഞ്ഞ് അന്ന് രാത്രി തന്നെ തിരിച്ച് പോയത്, പഴയകാമുകിയുടെ നിർദ്ദേശപ്രകാരമായിരുന്നല്ലേ?

“അതേ വിജി…നമ്മൾ രണ്ട് പേരെയും അവർ ചതിക്കുകയായിരുന്നു, നമുക്കതേ നാണയത്തിൽ അവർക്ക് തിരിച്ചടി കൊടുക്കണം, തനിക്ക് സമ്മതമാണെങ്കിൽ വിജിയെ, എന്റെ ഭാര്യയായി സ്വീകരിക്കാൻ ഞാൻ തയ്യാറാണ്. ഈ തെളിവുകൾ മതി, നിലവിലുള്ള നമ്മുടെ രണ്ട് പേരുടെയും വിവാഹമോചനം എളുപ്പമാക്കാൻ “

“ഇല്ല കിച്ചൂ…ഇനിയൊരു വിവാഹം കൂടി കഴിച്ച് എന്റെ ജീവിതം ഒരു പരീക്ഷണശാലയാക്കാൻ ഇനി എനിക്ക് താല്പര്യമില്ല, മാത്രമല്ല നമ്മളങ്ങനെ ചെയ്താൽ പിന്നെ, അവരും നമ്മളും തമ്മിൽ എന്താ ഒരു വ്യത്യാസം. ഞാൻ കുറച്ച് സംസ്കാരമുള്ള കുടുംബത്തിലാണ് ജനിച്ചത്. മരണം വരെയും അങ്ങനെ തന്നെ ജീവിക്കണമെന്നാണ് എന്റെ ആഗ്രഹം, അത് കൊണ്ട് ഈ തെളിവുകളെല്ലാം വെച്ച്, ഇന്ന് തന്നെ ഞാനൊരു വക്കീലിനെ കാണാൻ തീരുമാനിച്ചു, എത്രയും പെട്ടെന്ന് എനിക്കൊരു ഡൈവോഴ്സ് വാങ്ങണം, ഇവിടുത്തെ അമ്മയെ ഓർത്ത് മാത്രണ് എനിക്കൊരു വിഷമം…സാരമില്ല, അമ്മയും ഒരു സ്ത്രീയല്ലേ? അമ്മയ്ക്ക് എന്നെ മനസ്സിലാകും “

അവളുടെ പക്വതയുള്ള ആ തീരുമാനം കേട്ട്, എനിക്കവളോട് വല്ലാത്ത ബഹുമാനം തോന്നി. ഇതാണ് പെണ്ണ്, ഇതാവണം പെണ്ണ്….

~സജിമോൻ തൈപറമ്പ്