വേനൽ
Story written by Reshja Akhilesh
============
സത്യം മാത്രമേ പറയാവൂ എന്ന് പഠിപ്പിച്ച അമ്മ എന്തിനാണ് ഇങ്ങനെ നുണ പറയുന്നത്? അവൾ ചിന്തിച്ചു.
അമ്മ ടീച്ചറോട് സംസാരിക്കുന്നത് കേട്ടപ്പോൾ കണ്ണു നിറഞ്ഞു വന്നതാണ്..പക്ഷേ കരച്ചിൽ അടക്കിപ്പിടിച്ചു കൊണ്ട് വീട്ടിലേയ്ക്ക് നടന്നു. നടക്കുകയായിരുന്നില്ല, ഒരു ഓട്ടമായിരുന്നു. ബാഗിന്റെ കനം കൊണ്ട് പുറകിലേയ്ക്ക് ആയുന്നുണ്ടെങ്കിൽക്കൂടിയും അമ്മയോടുള്ള ദേഷ്യം കൊണ്ട് അമ്മയേക്കാൾ കുറേ ദൂരം മുൻപേ നടന്നു.
അമ്മയാണ് സാധാരണ സ്കൂൾ വിട്ട് വരുമ്പോൾ ബാഗ് പിടിയ്ക്കുന്നത്. പക്ഷേ ഇന്ന് ഞാൻ അതിന് സമ്മതിച്ചില്ല.
“ദിയേ…പെണ്ണേ…അവിടെ നിൽക്ക്…” മാലിനി ദിയയുടെ പുറകെ വിളിച്ചു കൊണ്ടിരുന്നു.
അമ്മ പുറകിൽ നിന്നും വിളിയ്ക്കുന്നത് കേട്ടിട്ടും തിരിഞ്ഞു നോക്കാൻ പോലും തോന്നിയില്ല. വാശിയോടെ അവൾ ധൃതിയിൽ നടന്നു.
അമ്മയെത്തും മുൻപേ വീടെത്തി ഉമ്മറത്തു കയറി ഇരുന്നു. കൈയ്യിൽ വഴിയിൽ നിന്നും വാങ്ങിയ പച്ചക്കറിയും കൊണ്ട് വരുന്ന അമ്മയെ കണ്ടപ്പോൾ വീണ്ടും ദേഷ്യം കൂടി വന്നതേയുള്ളു.
തൊട്ടപ്പുറത്ത് എത്ര തരം പലഹാരങ്ങൾ വിൽക്കുന്ന കടകളുണ്ട്…ഒരിക്കൽ പോലും അതൊന്നും വാങ്ങി കൊണ്ട് വന്ന് വൈകുംന്നേരത്തെ ചായയ്ക്കൊപ്പം തരാൻ അമ്മയ്ക്ക് തോന്നിയിട്ടില്ലല്ലോ. വൈകിട്ടും ചോറ് തന്നെ കഴിയ്ക്കണം.
“എന്തിനാടി നീ എന്നെ പുറകിലാക്കി ഓടി വന്നത്…നീ ഒറ്റയ്ക്ക് വരാതിരിയ്ക്കാൻ അല്ലേ ഞാൻ ദിവസവും രാവിലെയും വൈകിട്ടും സ്കൂളിൽ കൊണ്ട് വിടുന്നതും വിളിച്ചോണ്ട് വരുന്നതും എന്നിട്ട് അവളുടെ അഹമ്മതി കണ്ടില്ലേ…നല്ല അടിയുടെ കുറവുണ്ട് നിനക്ക് “
അതും പറഞ്ഞ് അമ്മ ചെവിയിൽ ഒരു നുള്ള് വെച്ചു തന്നു. അതുവരെയും അണപൊട്ടാൻ വെമ്പി നിന്ന കണ്ണുനീർ തുള്ളികൾ സ്വതന്ത്രരായി.
“അമ്മയുടെ മോളായിട്ട് ജനിയ്ക്കണ്ടായിരുന്നു…” അമ്മ നുള്ളി വേദനിപ്പിച്ചപ്പോൾ ഏറിവന്ന കോപവും വാശിയും നാക്കിൽ നിന്നും അങ്ങനെയാണ് പുറത്തു വന്നത്. പറഞ്ഞതിൽ ഒരു കുറ്റബോധവും അവൾക് തോന്നിയില്ല.
“നിനക്കിപ്പോൾ എന്നെ പിടിയ്ക്കുന്നില്ലല്ലേ…പോകാർന്നില്ലേ നിന്റെ അച്ഛനോടൊപ്പം..നിന്റെ അച്ഛനും അച്ഛന്റെ രണ്ടാം ഭാര്യയും നിന്നെ നല്ല പോലെ നോക്കും. പോകുമ്പോൾ പറഞ്ഞിട്ട് പോണേ…ബാക്കിള്ളോർക്ക്അത്രേം സമാധാനം ആവൂലോ…നിന്നെയൊക്കെ നോക്കി വളർത്തുന്ന എന്നെ വേണം പറയാൻ. നിന്റെ അച്ഛനെപ്പോലെ എനിക്കും വേറെ ജീവിതം തേടിപ്പോകാൻ ഒരു തടസ്സോം ഇല്ലാ…എന്നിട്ടും അവളുടെ വായിൽ നിന്ന് വരണത് കേട്ടില്ലേ…ച ത്ത് പോയാൽ മതിയാരുന്നു ഇതിന്റെ ഒക്കെ ഇടയിൽ നിന്ന്…ഇതൊന്നും അനുഭവിക്കണ്ടല്ലോ…” മാലിനി അടുക്കളയിൽ ചെയ്ത് കൊണ്ടിരുന്ന ജോലി നിർത്തി വെച്ച് ദിയ കേൾക്കാൻ പാകത്തിൽ ഉറക്കെ സംസാരിക്കാൻ തുടങ്ങി.
അമ്മ ഇങ്ങനെയാണ്, എന്തെങ്കിലും പറഞ്ഞു കഴിഞ്ഞാൽ പിന്നെ വായ് തോരാതെ മറുപടി പറഞ്ഞു കൊണ്ടിരിയ്ക്കും കേട്ടു കേട്ടു മടുത്തു.
“വെറുതെയല്ല അമ്മയെ അച്ഛൻ ഇട്ടിട്ട് പോയത്…ഇതല്ലേ സ്വഭാവം”
കുഞ്ഞു വായിലെ വലിയ വാർത്തമാനം അല്ലായിരുന്നു അത്. അവൾ എപ്പോഴും ആലോചിക്കുന്നത് തന്നെയായിരുന്നു.
അമ്മയുടെ പരുക്കൻ മട്ടിലുള്ള പെരുമാറ്റം മാത്രമല്ലേ കൂടുതലും അവൾ അനുഭവിച്ചിട്ടുള്ളു.
അമ്മയുടെ അത് വരെയുള്ള സംസാരം പെട്ടന്ന് നിന്നു. എന്താണ് കാര്യം എന്നറിയാൻ അവൾ തിരിഞ്ഞു നോക്കുമ്പോഴേയ്ക്കും അമ്മ രണ്ട് ഈർക്കിൽ എടുത്ത് പിടിച്ച് പുറകിൽ ഉണ്ടായിരുന്നു.
“എന്താടി…എന്താ നീ പറഞ്ഞത്…ഇപ്പോഴേ നീ ഇങ്ങനെയാണെങ്കിൽ കുറച്ചൂടെ വലുതായാൽ പിടിച്ചാൽ കിട്ടില്ലല്ലോ…നാട്ടുകാരും വീട്ടുകാരും പറയുന്നത് എന്റെ സ്വഭാവം നേരെയാല്ലാത്തത് കൊണ്ടാണ് അച്ഛൻ വേറെ പെണ്ണിനെ കണ്ടെത്തിയത് എന്ന്…ഇനി നീയും കൂടെയേ പറയാൻ ഉണ്ടായിരുന്നുള്ളൂ. പൂർത്തിയായി.” ഇങ്ങനെ പറഞ്ഞുകൊണ്ട് അമ്മ ഒരുപാട് തല്ലി.
തല്ലുമ്പോഴും അമ്മയാണ് കരഞ്ഞു കൊണ്ടിരുന്നത്. എനിക്ക് കരച്ചിൽ അല്ലായിരുന്നു. അമ്മയോട് എന്തെന്നില്ലാത്ത വെറുപ്പ് കൂടിക്കൂടി വരികയായിരുന്നു.
ആദ്യമായിട്ടില്ലല്ലോ ഈ ചിന്ത വന്നത്. എപ്പോഴും ആലോചിക്കാറുണ്ട് കൂട്ടുകാരുടെ അച്ഛനമ്മമാർ എത്ര സ്നേഹത്തോടെയാണ് അവരോട് പെരുമാറുന്നത്. ഇടയ്ക്ക് പരീക്ഷയിൽ മാർക്ക് കുറഞ്ഞാൽ അമ്മയോട് പറയാൻ തന്നെ പേടിയാണ്. ചിലപ്പോൾ തല്ലും, വഴക്കു പറയും.
കൂട്ടുകാർക്കെല്ലാം അവധി ദിവസം വന്നെത്താൻ കൊതിയാണ്. വെള്ളിയാഴ്ച്ച ആവുമ്പോഴേ എനിക്ക് വിഷമമാണ്. ശനിയും ഞായറും സ്കൂളിൽ പോകാൻ പറ്റില്ലല്ലോ. വീട്ടിൽ ഇരിയ്ക്കുക എന്നതിനേക്കാൾ വലിയ മടുപ്പ് വേറെയില്ല. ആരാണെനിയ്ക്ക് കൂട്ടിനുള്ളത്? എപ്പോഴും വഴക്ക് പറയുന്ന അമ്മയോ…! അവളുടെ ചിന്ത പല വഴി പാഞ്ഞു.
“ദാ കഴിയ്ക്ക്…ഒറ്റയ്ക്ക് വാരി കഴിച്ചോളണം…എന്നും ഞാൻ ഉണ്ടാവില്ലല്ലോ ചോറ് വാരി തരാൻ…പത്തു വയസ്സ് കഴിഞ്ഞില്ലേ നിനക്ക്…”
അമ്മ ചോറും കറിയും ഒരു കിണ്ണത്തിൽ കൊണ്ടു വന്നു വെച്ചിട്ട് പോയി. വിശപ്പുണ്ടെങ്കിലും ഇല്ലെങ്കിലും കഴിച്ചേ മതിയാകൂ…അല്ലെങ്കിൽ അതിനും ശകാരിയ്ക്കും. ഒരു വിധത്തിലാണ് കഴിച്ചെഴുന്നേറ്റത്.
“ഇതൊന്ന് ഇട്ടു നോക്കിയേ…പാകം ആണോന്ന് നോക്കിയിട്ട് വേണം കഴുകിയിടാൻ…നാളെ സ്കൂളിൽ ഇതിട്ട് പോയാൽ മതി “
ഒരു മഞ്ഞ ഉടുപ്പ് കൈയ്യിൽ ഉയർത്തിപ്പിടിച്ചു നിൽക്കുകയാണ് അമ്മ. കണ്ടപ്പോൾ ഓടി ചെന്ന് വാങ്ങിച്ചു ഭംഗി നോക്കാൻ തോന്നിയെങ്കിലും വാശി സമ്മതിച്ചില്ല. മനസ്സില്ലാമനസ്സോടെ വാങ്ങിക്കും പോലെ നടിച്ചു. അത് കണ്ടപ്പോഴേ മനസ്സിൽ നാളെ ക്ലാസ്സിൽ പുതിയ ഉടുപ്പിട്ട് പോകുന്ന രംഗമായിരുന്നു.
ഉടുപ്പ് പാകമാണ്.
“ഇതിനെത്ര രൂപയായി അമ്മേ?” അനുനയിപ്പിക്കാൻ എന്ന വണ്ണം അവൾ ചോദിച്ചു.
“അറിഞ്ഞിട്ടെന്തിനാ നീ തരോ?”
അമ്മയോട് ഇണങ്ങാനും പറ്റില്ല പിണങ്ങാനും പറ്റില്ല. അവൾ കെറുവിച്ചു.
അച്ഛന് ആണെങ്കിൽ ഞങ്ങളെ വേണ്ടാ…അമ്മയ്ക്ക് ആണെങ്കിൽ എപ്പോഴും ദേഷ്യവും. ആകെയുള്ള ഒരാശ്വാസം സ്കൂൾ ആണ്. പക്ഷേ ഇന്ന് അവിടെയും…
ബാക്കിയുള്ള കുട്ടികൾ വിനോദയാത്രയ്ക്ക് പോകുമ്പോഴ് കൊതിച്ചിട്ടുണ്ട് വലിയ ബസ്സിൽ അവരോടൊപ്പം ആടിപ്പാടി പോകുന്നത് ഭാവനയിൽ കണ്ടിട്ടുണ്ട്. നടന്നിട്ടില്ല. അമ്മ എങ്ങോട്ടും വിടില്ല എന്നറിയാവുന്നത് കൊണ്ട് തന്നെ അതിനൊന്നും പേര് കൊടുത്തിട്ടുമില്ല.
“നന്നായി പഠിച്ചാൽ മാത്രം മതി ” എന്നാണ് അമ്മയുടെ പക്ഷം. കൂട്ടുകാരെല്ലാം യാത്ര പോയി വന്ന വിശേഷങ്ങൾ പറയുമ്പോൾ അവരെ അസൂയയോടെ നോക്കിയിരിക്കാൻ മാത്രമേ സാധിച്ചിരുന്നുള്ളൂ…പഠിയ്ക്കുന്ന കാര്യങ്ങൾ അമ്മയ്ക്ക് ഇഷ്ട്ടം ആണല്ലോ എന്ന് കരുതിയാണ് നൃത്തം പഠിയ്ക്കാൻ പേര് കൊടുത്തത്.
“ക്ലാസ്സിൽ ദിയ തന്നെയാണ് ഒന്നാമത്. ഒഴിവു ദിവസങ്ങളിൽ നൃത്തം പഠിപ്പിയ്ക്കാൻ ഒരു ടീച്ചർ വരുന്നുണ്ട് ഇവിടെ…താല്പര്യം ഉള്ളവർ പേര് ചേർക്കാൻ പറഞ്ഞപ്പോൾ ആദ്യം എഴുന്നേറ്റ് നിന്നത് ദിയയാണ്. അവൾക് നല്ല ആഗ്രഹമുണ്ട്. അതിലും മിടുക്കി ആവട്ടെ…”
ഇന്ന് ടീച്ചർ അമ്മയോട് അങ്ങനെ പറഞ്ഞപ്പോൾ എന്ത് സന്തോഷമായിരുന്നു.
അപ്പോഴാണ് അമ്മ ആ നുണ പറഞ്ഞത് .
“അയ്യോ ടീച്ചറെ നൃത്തമൊന്നും പഠിയ്ക്കാൻ ചേർക്കേണ്ട…രണ്ടടി കൂടുതൽ നടന്നാൽ കാല് വേദനയാ എന്നും പറഞ്ഞു കിടപ്പാ അവൾ…ഇപ്പൊ അതൊന്നും വേണ്ടാ…കുറച്ചു കഴിയട്ടെ…”
ശരിക്കും കരച്ചിൽ വന്നു. എത്ര ആഗ്രഹിച്ചതാണെന്നോ…വലിയ വേദിയിൽ ഒരുപാട് പേരുടെ മുൻപിൽ ഉച്ചത്തിലുള്ള പാട്ടിനനുസരിച്ച് നൃത്തം ചെയ്യാൻ…
അങ്ങനെ എത്ര മോഹങ്ങൾ മുളയിലേ നുള്ളിക്കളഞ്ഞിരിയ്ക്കുന്നു…പുതുമയൊന്നുമില്ലല്ലോ…ഓരോന്ന് ചിന്തിയ്ക്കും തോറും അവളുടെ മുഖം ദയനീയമായ്ക്കൊണ്ടിരുന്നു.
അവൾ പതിയെ അതും മറവിയ്ക്ക് വിട്ടു കൊടുത്തു. ഋതുക്കൾ പല തവണ മാറി വന്നു. ഒപ്പം പരിമിതികൾക്കുള്ളിലെ ജീവിതത്തിൽ നിന്ന് പലതും പഠിച്ചു. ബാല്യവും കൗമാരവും ഒരു ഉഷ്ണക്കാറ്റെന്ന പോലെ അവളെ കടന്നു പോയി.
*************
“അമ്മേ…അമ്മയെന്താ കരയുകയായിരുന്നോ? എന്തിനാ അമ്മേ കരയണേ…കണ്ണിൽക്കണ്ട എല്ലാ കണ്ണീർപരമ്പരകളും കണ്ട് വിഷമിയ്ക്കും. അമ്മയെ കൊണ്ട് തോറ്റു.”
ജോലി കഴിഞ്ഞ് എത്തിയതേ ഉള്ളു ദിയ. വന്നു കയറിയപ്പോൾ കണ്ടത് സാരിത്തലപ്പ് കൊണ്ട് കണ്ണുനീർ ഒപ്പുന്ന മാലിനിയെയാണ്.
“അതാണ് ദിയേ അമ്മയ്ക്ക് വിഷമം. അമ്മയെക്കൊണ്ട് മോളു ജയിക്കേണ്ടിടത്ത് എല്ലാം തോറ്റു പോയൊന്ന് ഒരു സംശയം. അതോർത്തപ്പോൾ കരഞ്ഞു പോയതാ…”
അപ്പോഴാണ് അവൾ ടെലിവിഷനിലേയ്ക്ക് ശ്രദ്ധിച്ചത്. ഒരു കൂട്ടം പെൺകുട്ടികൾ ചേർന്ന് നൃത്തം ചെയ്യുന്നു.
അവൾ ചെറുതായൊന്നു പുഞ്ചിരിച്ചു. കൈയ്യിലെ ബാഗ് മേശമേൽ വെച്ച് മാലിനിയിരിയ്ക്കുന്ന കസേരയുടെ അരികിലായി തറയിൽ ഇരുന്നു.
“അമ്മേ…അമ്മ എന്നെ തോൽപ്പിച്ചിട്ടില്ല. തോറ്റു പോയേക്കാവുന്നിടത്തെല്ലാം ജയിപ്പിച്ചിട്ടേയുള്ളു. അന്ന് ഞാൻ ഒരു കൊച്ചു കുട്ടി ആയിരുന്നില്ലേ അമ്മേ…കുറച്ചു കൂടെ വലുതായപ്പോഴാണ് അമ്മ എനിക്ക് വിലക്കിയ പലതും അമ്മയുടെ നിസ്സഹായതകൊണ്ടായിരുന്നുവെന്ന് മനസ്സിലായത്. കഷ്ടപ്പാടുകൾക്കിടയിൽ ആകുന്ന പോലെ എന്നെ സന്തോഷിപ്പിക്കുവാൻ അമ്മ ശ്രമിച്ചിട്ടുണ്ട്. അതിലേറെ ദേഷ്യപ്പെട്ടിട്ടുണ്ട്, തല്ലിയിട്ടുണ്ട്. അന്നെല്ലാം അമ്മയോട് ഇഷ്ടക്കേട് തോന്നിയിട്ടുണ്ട്. അച്ഛൻ തിരിഞ്ഞു നോക്കാത്ത കുട്ടിയെ മാറ്റാരുടെയും ഔദാര്യത്തിന് കൈനീട്ടാതെ അഭിമാനത്തോടെ വളർത്തി വലുതാക്കാൻ അമ്മ സഹിച്ചതെല്ലാം അന്നെനിക്ക് മനസ്സിലായില്ല.”
അത് പറയുമ്പോൾ അവളുടെ കണ്ണുകളും നിറയുന്നുണ്ടായിരുന്നു.
മൂന്നിലോ നാലിലോ പഠിയ്ക്കുമ്പോഴാണ് ദിയയുടെ അച്ഛൻ മാലിനിയെ ഉപേക്ഷിച്ച് മറ്റൊരു വിവാഹം ചെയ്തത്. മകൾക്കായി സ്നേഹപൂർവ്വം ചെയ്യേണ്ടുന്ന പലതും ഭാരമായി കരുതുന്ന അയാളുടെ ഔദാര്യത്തിന് കൈനീട്ടാൻ മാലിനി ഒരിയ്ക്കലും തയ്യാറായില്ല. മകളെ അമ്മ വീട്ടുകാരുടെ കുത്തുവാക്കുകൾ കേൾപ്പിയ്ക്കാനും മാലിനി ഒരുക്കമല്ലായിരുന്നു.
ഒരു വാടകവീട് തരപ്പെടുത്തുന്നതിനും കൈത്തൊഴിൽ ചെയ്ത് വീട്ടു ചെലവുകൾ നിർവഹിക്കുന്നതിനും മാലിനി ഏറെ കഷ്ടപ്പെട്ടിട്ടുണ്ട്. ഒപ്പം എങ്ങു നിന്നും കുറ്റപ്പെടുത്തലുകൾ മാത്രം. അറിയാതെ എപ്പോഴോ വാത്സല്യനിധിയായിരുന്ന മാലിനിയുടെ മനസ്സും പരുക്കനായി.
മകളോട് പോലും സ്നേഹത്തോടെ പെരുമാറാൻ അവൾക്കായില്ല. അതുമല്ലെങ്കിൽ സ്നേഹമോ അമിത ലാളനയോ മകളെ ദുർബ്ബലയാക്കിയേക്കാം എന്ന ചിന്തയാകാം അവളെ പരുക്കനാക്കിയത്.
വളരും തോറും അമ്മയുടെ കരുതലും ദേഷ്യപ്പെടലിന്റെയും നിരസിക്കലിന്റെയും അർത്ഥം ദിയ മനസ്സിലാക്കിക്കൊണ്ടിരുന്നു.
കൂട്ടുകാരോടും സമപ്രായക്കാരോടും മത്സരിച്ചു പഠിച്ചതിന്റെയും ജോലി നേടാൻ വാശിയോടെ പ്രയത്നിച്ചതിന്റെയും ഒടുവിൽ കൂടെയുള്ളവരെ അസൂയപ്പെടുത്തും വിധം സ്വന്തമായി ഒരു വലിയ തുക മാസം തോറും സമ്പാദിയ്ക്കാൻ തുടങ്ങിയതിന്റെയും നാൾ വഴികൾ ഇന്നലെയെന്ന പോലെ അവളുടെ മനസ്സിലൂടെ കടന്ന് പോയി.
ഒറ്റപ്പെടലും ദാരിദ്ര്യവുമെല്ലാം അമ്മയെ ഭ്രാന്തിയാക്കിയില്ല എന്നത് തന്നെ വലിയ ആശ്വാസമായി കരുതി ദിയ.
“ദിയേ…നീയും കരയുകയാണോ…”
“ഇല്ലമ്മേ…ഇത് കണ്ണുനീരല്ല. കയ്പ്നിറഞ്ഞ ഓർമ്മകളുടെ വേദന ഒഴുക്കികളഞ്ഞതാണ്…”
“അമ്മ ഒരു നല്ല അമ്മ ആയിരുന്നില്ലല്ലേ ദിയാ…?”
“അമ്മ എനിക്ക് ഈ സമൂഹത്തിൽ ജീവിയ്ക്കാനുള്ള കരുത്ത് പകർന്നു. ജീവിക്കാനുള്ള വാശി ഉണ്ടാക്കി തന്നു. അമ്മയെപ്പോലെ നീറി ജീവിയ്ക്കാതിരിയ്ക്കാനുള്ള എല്ലാ സാഹചര്യവും എനിക്കിപ്പോഴുണ്ട്. അമ്മയുടെ സ്നേഹവും. അമ്മ നല്ല അമ്മ തന്നെയായിരുന്നു. എനിക്ക് കിട്ടിയതിൽ വെച്ച് ഏറ്റവും വലിയ നന്മ.”
അമ്മയുടെ മടിയിൽ തല വെച്ച് ദിയ കുറേ നേരം കിടന്നു. അവളുടെ മുടിയിഴകൾ തലോടിക്കൊണ്ട് മാലിനിയും.
“എന്റെ സമപ്രായക്കാർ വെയിലിന്റെ ചൂട് മാത്രമേ അറിഞ്ഞിരുന്നുള്ളൂ…എനിയ്ക്ക് ചുറ്റും അഗ്നിവലയം ചെയ്തിരുന്നു. ഇനിയൊരു കൊടുംവേനൽ വിരുന്നു വന്നാലും അതിലൊന്നും വാടിക്കരിഞ്ഞു പോകില്ല ഈ ദിയ “
ഒരു മന്ത്രം പോലെ അവൾ ഉരുവിട്ടു. ഒരുപാട് കരഞ്ഞു തെളിഞ്ഞ കണ്ണുകളിൽ ആത്മവിശ്വാസത്തിന്റെ ഒരു തിളക്കമുണ്ടായിരുന്നു…
~രേഷ്ജ അഖിലേഷ്