ഒന്നു രണ്ടു ദിവസം അവളോട്‌ വീട്ടിൽ നിൽക്കാൻ പറഞ്ഞെങ്കിലും കിരണിന്റെ  നിർബന്ധത്താൽ അവൾ കൂടെ പോയി…

Story written by Manju Jayakrishnan

===========

“കെട്ടിയെന്നു പറഞ്ഞു ഇങ്ങനെ ഉണ്ടാവോ ഒരു ജാഡ… “

മണിക്കുട്ടൻ അതും പറഞ്ഞു പോയെങ്കിലും എനിക്കത് വിശ്വസിക്കാൻ തോന്നിയില്ല

“അവളു മാറിപ്പോയി രാമേട്ടാ…” എന്ന് പറഞ്ഞു കല്ലുന്റെ അമ്മ നെടുവീർപ്പ് ഇട്ടെങ്കിലും എനിക്കെന്തോ അപാകത തോന്നി

അവൾ കല്ലു…കല്യാണി…ഞങ്ങളുടെ മൂത്തമോൾ…

“ദൈവത്തിനു  മാറിപ്പോയതാ…ഇതേതോ ചെക്കൻ ആയി  ജനിക്കേണ്ടതാ   “

എന്ന്  എല്ലാവരെക്കൊണ്ടും പറയിച്ച ഗജപോക്കിരി…

ഞാൻ മാത്രം മുഖം കറുത്തു വല്ലതും പറഞ്ഞാൽ പെയ്തു തോരുന്ന പൊട്ടിപ്പെണ്ണ്

“പെണ്ണ് പെണ്ണ്…എന്ന് പറഞ്ഞു അവസാനം അവൾ പോകുമ്പോൾ നിനക്ക് സഹിക്കാൻ പറ്റുവോടാ “…

എന്ന് അമ്മ പറഞ്ഞപ്പോൾ നെഞ്ചിൽ ഭാരം കേറ്റിവച്ച പോലെ എനിക്ക് തോന്നി.

അത്രക്ക്  അടുപ്പമായിരുന്നു ഞാനും അവളും….

കല്യാണപ്രായമായപ്പോൾ  അവൾക്ക് ഒറ്റ ഡിമാന്റെ ഉണ്ടായിരുന്നുള്ളൂ…

“എനിക്ക് അടുത്ത് നിന്ന് മതി അച്ഛാ…ഒരുപാട് കാലം നിങ്ങളെ ഒന്നും കാണാതെ എന്നെക്കൊണ്ട് പറ്റൂല്ല”

അങ്ങനെ ആണ് കിരണിന്റെ ആലോചന വരുന്നത്…

എല്ലാവർക്കും നല്ല അഭിപ്രായം..നല്ല  കുടുംബം…

അങ്ങനെ ഞങ്ങടെ കല്ലുവിനെ അവനെ ഏല്പിച്ചു

വിവാഹം കഴിഞ്ഞു വീട്ടിൽ വന്നപ്പോൾ ഞങ്ങളുടെ പഴയ കല്ലുവിന്റ പ്രേ തം മാത്രം

“എന്നാടാ…” എന്ന് ഞാൻ കുറേ ചോദിച്ചെങ്കിലും ഒന്നും പറയാതെ അവൾ ഒഴിഞ്ഞുമാറി…കൂടുതൽ ഒന്നും സംസാരിക്കാൻ പറ്റിയതും ഇല്ല. കാരണം കിരൺ എപ്പോഴും കൂടെ ഉണ്ടായിരുന്നു

“നമ്മളെ ഒക്കെ വിട്ടു നിൽക്കുന്നതിന്റെ ആവും”…

എന്ന് എല്ലാവരും പറഞ്ഞിട്ടും അവൾ എന്തോ ബുദ്ധിമുട്ട് അനുഭവിക്കുന്ന പോലെ എനിക്ക്  തോന്നി

ഒന്നു രണ്ടു ദിവസം അവളോട്‌ വീട്ടിൽ നിൽക്കാൻ പറഞ്ഞെങ്കിലും കിരണിന്റെ  നിർബന്ധത്താൽ അവൾ കൂടെ പോയി

അപ്പോഴാണ് ഞാൻ അവളോട്‌ പറഞ്ഞ കാര്യം എന്റെ മനസ്സിലേക്ക് ഓടിവന്നത്…

“അപ്പാ അവിടെ എനിക്ക് പ്രശ്നമൊന്നുമില്ല ഞാൻ ഹാപ്പി ആണെങ്കിൽ  അപ്പക്ക് ഇഷ്ടോള്ള പുളിയിഞ്ചി മിടായി കൊണ്ടു വരും…അല്ല പണി പാലുംവെള്ളത്തിൽ ആണ്  കിട്ടിയതെങ്കിൽ അപ്പയുടെ ബന്ധ ശത്രുവായ ഡയറി  മിൽക്ക് ആവും എന്റെ  കയ്യിൽ “

“ഒരു മെസ്സേജോ ഫോൺ കോളോ കൊണ്ട് അറിയിക്കേണ്ട കാര്യം ഇത്ര കോംപ്ലിക്കേറ്റഡ് ആക്കേണ്ട കാര്യം ഉണ്ടോടാ…” ഞാൻ ചോദിച്ചു..

എന്റെ സങ്കടം ആദ്യം അച്ചായി അറിഞ്ഞാൽ  മതി…

“പെണ്ണിന്റെ വട്ട്…” ഞാൻ മനസ്സിൽ പറഞ്ഞു

അവൾ പോയി കഴിഞ്ഞു ഞാൻ കുറെ നോക്കിയെങ്കിലും ഒരു മിടായിയും കണ്ടില്ല…

‘അവൾ മറന്നു കാണും അതൊക്കെ  ‘….ഞാൻ മനസ്സിൽ പറഞ്ഞു

അപ്പോഴാണ്   ചാരുകസേരയിൽ വച്ച ഡയറിമിൽക്ക് എന്റെ  കണ്ണിൽപ്പെടുന്നത്..

അപ്പോൾ കാര്യങ്ങൾ പന്തിയല്ല….

പിറ്റേദിവസം തന്നെ അവളെ ഞാൻ പോയി  കണ്ടു…

കിരണിന്റെ മറ്റൊരു മുഖം ഞാൻ അപ്പോഴാണ് അറിയുന്നത് അവൻ സാ ഡിസ്റ് ആണത്രേ…

സി ഗരറ്റ് കൊണ്ട് പൊള്ളിച്ച പാടുകൾ അവളുടെ കാലിൽ കണ്ടപ്പോൾ എന്റെ നെഞ്ചു പിടഞ്ഞു…

ഞാൻ അവളെക്കൂട്ടി പോകാൻ ശ്രമിച്ചു എങ്കിലും അവൾ സമ്മതിച്ചില്ല…കിരണിന്റെ അമ്മ കാലിൽ പിടിച്ചു അപേക്ഷിക്കുകയും ചെയ്തു..

“അവൻ നന്നാവും..കൂട്ടിന്റെയാ…” അവർ പറഞ്ഞു..

വായിൽ തോന്നിയതൊക്കെ വിളിച്ചു പറഞ്ഞിട്ടും എന്റെ ദേഷ്യം ഒട്ടും കുറഞ്ഞിരുന്നില്ല

മനസ്സിൽ ഒട്ടും താല്പര്യമില്ലാഞ്ഞിട്ടുംഅവളെ അവിടെ വിട്ടു…അവനെയും കൂട്ടി വീട്ടിൽ വരാൻ അവളോട് പറഞ്ഞിട്ട് ഇറങ്ങി..

അവർ വീട്ടിൽ എത്തിക്കഴിഞ്ഞു ഞാൻ കിരണിനോടായി പറഞ്ഞു

“മ്മക്കൊന്നു കൂടിയാലോ……”

ഉപേക്ഷിച്ച വെള്ളമടി ഞാൻ വീണ്ടും തുടങ്ങുന്നത് കണ്ടു എല്ലാവരും അന്തം വിട്ടു കുന്തം വിഴുങ്ങി ഇരുന്നു

പതിയെ ചെന്നു ഞാൻ റൂമടച്ചു..

ഭിത്തിയോട് ചേർത്തു അവനിട്ടു നല്ല താങ്ങു കൊടുത്തു…അകമ്പടിയായി ഭരണിപ്പാട്ടും…

“എന്റെ കൊച്ചിനെ തൊട്ടാൽ ഇനി നിന്നെ കൊ ന്നു കളയും ” എന്നു കൂടി കേട്ടപ്പോൾ അവനു കാര്യം മനസ്സിലായി

എന്തായാലും അതോടെ അവൻ നന്നായി…

“ആപ്പായി നല്ല കീറു  കൊടുത്തല്ലേ ” പിന്നീടുള്ള  വരവിൽ അവൾ എന്നോട് ചോദിച്ചു…

“ചിലതൊക്കെ തല്ലിയാലേ  ശര്യാവൂ…ഉപദേശം നടക്കില്ല മകളെ… ” ഞാൻ  പറഞ്ഞു