ഒരു ആശ്വാസവാക്കുപോലും പ്രതീക്ഷിക്കാതിരുന്ന എനിക്ക് അതൊരു വലിയകാരൃമായിരുന്നു…

ജീവിതയാത്രയിൽ നിന്നോടൊപ്പം….

Story written by Praveen Chandran

===============

“എന്റെ മോനെ കൊന്നത് പോരാഞ്ഞിട്ട് എന്റെ ഭർത്താവിനേയും വ ശീകരിക്കാനുളള പുറപ്പാടിലാ ആ ഒരുമ്പെ ട്ടവൾ…”

പുറത്ത് നിന്ന് അമ്മായിയമ്മയുടെ ഉച്ഛത്തിലുളള ആ സംസാരം എന്നെ വല്ലാതെ വിഷമിപ്പിച്ചു…

എന്റെ ജാതകദോഷം കൊണ്ടാണ് രവിയേട്ടൻ മൂന്നാം മാസം പെടുമ രണത്തിനിരയായത് എന്നുളള പഴി കേട്ട് കേട്ട് കാതുകൾ തേഞ്ഞിരിക്കുന്നു…

ഞാനെന്തു തെറ്റു ചെയ്തു..വീട്ടുകാരുടെ വാക്ക് കേട്ടതോ..ജാതകപ്രകാരം പത്തിൽ പത്തു പൊരുത്തവുമുണ്ടായിരുന്നതാ…എന്നിട്ടും രവിയേട്ടന് ഈ ഗതി വന്നതിന് ഞാനെന്ത് പഴിച്ചു..കുറ്റപ്പെടുത്തലുകൾക്കിടയിലുളള ആകെ ഒരാശ്വാസം രവിയേട്ടന്റെ അച്ഛനായിരുന്നു..ഇല്ല ഇനിയും ഇവിടെ നിന്നാൽ അത് അദ്ദേഹത്തിനു കൂടെ ബുദ്ധിമുട്ടാകും…

അകത്ത് പോയി സാധനങ്ങളെല്ലാം ബാഗിനുളളിലാക്കി ഞാൻ ഉമ്മറത്തേക്കിറങ്ങി..

“അമ്മേ ഞാൻ ഇറങ്ങാ..നിങ്ങൾക്കൊരിക്കലും ഒരു ഭാരമായി ഞാനിവിടെ നിൽക്കാൻ ഉദ്ദേശിക്കുന്നില്ല..”

അവർ അതിനൊരുത്തരം പറഞ്ഞതേയില്ല…നടന്നകലുമ്പോൾ ആ വൃത്തികെട്ട നാവുകളിൽ നിന്ന് എനിക്ക് കേൾക്കാൻ കഴിഞ്ഞു..

“ഹും..അവള് അവളുടെ കാമുകനെ തേടി പോകാ..ഇനി ഈ പടി കേറ്റരുത് അവളെ”..

പൊട്ടിക്കരയണമെന്നു തോന്നിയെങ്കിലും ഞാൻ പിടിച്ചു നിന്നു…

വീട്ടിലേക്ക് കയറിയതും നാത്തൂൻ ഉമ്മറത്ത് തന്നെയുണ്ടായിരുന്നു..എന്നെ കണ്ടതും അവർ മുഖം തിരിച്ചു കളഞ്ഞു…

അമ്മ എന്നെ വീട്ടിനകത്തേക്കു വിളിച്ചു..അമ്മയെക്കണ്ടതും എന്റെ നിയന്ത്രണം വിട്ടു പോയിരുന്നു..

ആ പാവത്തിന് ആശ്വസിപ്പിക്കാനല്ലാതെ ഒന്നും ചെയ്യാനില്ലായിരുന്നു..

അച്ഛൻ ചെറുപ്പത്തിലേ മരിച്ചുപോയ എനിക്ക് ഏട്ടനായിരുന്നു എല്ലാം..അത് കൊണ്ട് തന്നെയാണ് കൂടെ പഠിച്ചിരുന്ന വിനുവിനെ എനിക്കിഷ്ടമായിരുന്നിട്ടുപോലും ഒഴിവാക്കേണ്ടി വന്നത്..പാവം അവൻ എന്നെ ഒരുപാട് സ്നേഹിച്ചിരുന്നു…ഏട്ടന്റെ മനസ്സ് വിഷമിപ്പിക്കുന്ന ഒന്നും തന്നെ ചെയ്യരുത് എന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു..ഏട്ടനായിരുന്നുഎനിക്കെല്ലാം…പക്ഷെ ഏട്ടത്തി വന്നതുമുതൽ ഏട്ടനുണ്ടായ മാറ്റം എന്നെ അത്ഭുതപെടുത്തിക്കളഞ്ഞു..അത് കൊണ്ടു തന്നെയാണ് ഇത്രകാലം അമ്മായിഅമ്മയുടെ കുത്തുവാക്കുകൾക്ക് ചെവികൊടുക്കാതിരുന്നത്..

“നീ എപ്പോ വന്നു മീനു..”

ഏട്ടന്റെ ആ ചോദൃം എന്നെ ചിന്തകളിൽ നിന്നുമുണർത്തി..

ഏട്ടനെക്കണ്ടതും അറിയാതെ ഞാൻ പൊട്ടിക്കരഞ്ഞുപോയി…

“എന്തേ എന്റെ കുട്ടിക്ക്..മോള് വിഷമിക്കണ്ടാട്ടോ..ഈ ഏട്ടനുണ്ട്ട്ടോ മോൾക്ക്..”

ഒരു ആശ്വാസവാക്കുപോലും പ്രതീക്ഷിക്കാതിരുന്ന എനിക്ക് അതൊരു വലിയകാരൃമായിരുന്നു..

“ഏട്ടാ..” ഞാനേട്ടനെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞുപോയി…

അത് വെറും ഒരാശ്വാസവാക്ക് മാത്രമായിരുന്നില്ല..പിന്നീട് എനിക്ക് വേണ്ട എല്ലാകാര്യങ്ങളും ഏട്ടൻ തന്നെയാണ് ചെയ്തു തന്നിരുന്നത്..

ദിവസങ്ങൾ കടന്നുപോയി…

എന്നോടുളള ഇഷ്ടക്കൂടുതൽ ഏട്ടന്റെ ദാമ്പതൃത്തിൽ വലിയൊരു വിളളൽ വീഴ്ത്തിക്കൊണ്ടിരിക്കുകയാണെന്ന് എനിക്ക് മനസ്സിലായി തുടങ്ങി…പലപ്പോഴും അവർ തമ്മിലുളള വഴക്ക് കൂടിക്കൂടി വന്നു…ഞാൻ കാരണം ഏട്ടന്റെ കുടുംബ ജീവിതം കൂടെ തകരുന്നത് എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു..

ഇനി എങ്ങോട്ടു പോകുമെന്നറിയാതെ ഞാൻ കുഴങ്ങി..

എന്തായാലും ഇവിടന്നിറങ്ങിയേ പറ്റൂ..

“മീനൂ..” ഏട്ടന്റെ ആ വിളി കേട്ട് ഞാൻ ഉമ്മറത്തേക്ക് നടന്നു..

“എന്താ ഏട്ടാ വിളിച്ചോ എന്നെ?”

“മോൾക്ക് ഇയാളെ അറിയോ”?

ഏട്ടന്റെ ആ ചോദൃം കേട്ടാണ് ഞാൻ ഉമ്മറത്തിരിക്കുന്ന ആളെ ശ്രദ്ധിച്ചത്..

“വിനു”..

ഞാനാകാംക്ഷയോടെ അവനെ നോക്കി…

“മീനു എന്നെ മറന്നു കാണില്ല എന്ന് ഞാൻ വിശ്വസിക്കുന്നു..”

എന്തു പറയണമെന്നറിയാതെ ഞാനവനെത്തന്നെ നോക്കിനിന്നു..

“മീനൂന്റെ കാരൃങ്ങളൊക്കെ ഞാനന്വേഷിക്കാറുണ്ടായിരുന്നു..വിധിയെ തടുക്കാൻ നമുക്കാവില്ലല്ലോ?”

“ഞാൻ ഇന്നലെയാ വിനുവിനെ ടൗണിൽ വച്ച് കണ്ടത്..നീയിവിടെയുളള കാരൃം ഞാനാ പറഞ്ഞത്..” ഏട്ടൻ എന്നെ നോക്കിക്കൊണ്ട് പറഞ്ഞു…

ഞാനവനെ നോക്കി ഒന്നു പുഞ്ചിരിച്ചു..

“മീനു..ഞാൻ ഏട്ടനോട് കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്…മീനുവിനെ ഞാനിഷ്ട്ടപ്പെട്ടത് ആത്മാത്ഥമായിത്തന്നെയാ..താനില്ലെങ്കിൽ മറ്റൊരു പെണ്ണ് എന്റെ ജീവിതത്തിലുണ്ടാവില്ലെന്ന് ഞാനുറപ്പിച്ചിരുന്നു..തനിക്ക് സമ്മതമാണെങ്കിൽ ഞാൻ തന്നെ വിവാഹം കഴിച്ചോട്ടെ!”

സന്തോഷമാണോ ദുഖമാണോ എന്നറിയിക്കാൻ പറ്റാത്ത ഒരു അവസ്ഥയിലായിരുന്നു ഞാനപ്പോൾ..

“താൻ ആലോചിച്ചു മറുപടി പറഞ്ഞാൽ മതി…എന്നാ ഞാനിറങ്ങട്ടെ”

വിനു ഗേറ്റ് കടന്ന് പോകുന്നത് വരെ ഞാനവനേയും നോക്കി നിന്നു..

ഏട്ടൻ എന്റെ അരികിലേക്ക് വന്നു…

“നീ ആലോചിക്ക്…ഏട്ടന് ഇതെന്തുകൊണ്ടും നല്ല ബന്ധമായിട്ടാ തോന്നുന്നത്”

എന്റെ സ്വപ്നങ്ങൾക്ക് വീണ്ടും ചിറകു മുളക്കാൻ തുടങ്ങി..സന്തോഷത്തോടെ വീടുനുളളിലേക്ക് കയറി പോകാനൊരുങ്ങുമ്പോഴാണ് ഏട്ടത്തിയുടെ ആ സംസാരം ഞാൻ കേട്ടത്..

“നിങ്ങളെന്തു ഭാവിച്ചാ..ഇനി ഒരു കല്ല്യാണം കൂടെ നടത്താനുളള വക എവിടന്നുണ്ടാക്കാനാ..തന്നെയുമല്ല അവൾക്ക് ജാതകദോഷമുളളതല്ലെ..ഇനി കെട്ടുന്നോനും മരിക്കില്ല എന്ന് എന്താ ഉറപ്പ്?”

“നീ വായടക്കുന്നുണ്ടോ..പി ശാച് നാവെടുത്താ ദുഷ്ടത്തരേ പറയൂ” ഏട്ടൻ അവരെ ശകാരിച്ചു..

ഷോക്കേറ്റതുപോലെയായി ഞാൻ..

അന്ന് രാത്രി എനിക്കുറങ്ങാനേ കഴിഞ്ഞില്ല..എന്റെ ചിന്തകൾ മുഴുവൻ വിനുവിനെക്കുറിച്ചായിരുന്നു..

ഒരു പക്ഷെ എന്റെ ജാതകദോഷം സതൃമായാൽ..

“പാവം..അവനെക്കൂടെ കുരുതികൊടുക്കാൻ എന്റെ മനസ്സനുവദിച്ചില്ല..എനിക്കതിനുളള ധൈര്യവുമില്ലായിരുന്നു..”

രണ്ടു ദിവസം മുമ്പ് വിളിച്ച ചെന്നൈയിലുളള കൂട്ടുകാരിയുടെ കാരൃമാണ് എനിക്കപ്പോ ഓർമ്മവന്നത്..അവളെന്നോട് ചെന്നൈ വരുകയാണെങ്കിൽ അവളുടെ കൂടെ താമസിക്കാമെന്നും ഒരു ജോലി തരപ്പെടുത്തി തരാമെന്നും വാക്ക് പറഞ്ഞിരുന്നു..

പിറ്റെ ദിവസം രാവിലെ എല്ലാവരും ഉണരുന്നതിനു മുമ്പ് ഞാനവിടന്നിറങ്ങി..

നേരെ റെയിൽവേസ്റ്റേഷനിലേക്കാണ് ഞാൻ പോയത്..

വിളിച്ചു വരുന്ന കാരൃം അറിയിക്കാനായി അവൾക്കു ഫോൺ ചെയ്ത് ടിക്കറ്റുമെടുത്ത് പ്ലാറ്റ്ഫോമിൽ വെയിറ്റ് ചെയ്തിരിക്കുകയായിരുന്നു ഞാൻ..

“ഹലോ..എവിടേക്കാ ഈ ഒളിച്ചോട്ടം..”

പരിചിതമായ ആ ശബ്ദം കേട്ട് ഞാൻ തിരിഞ്ഞു നോക്കി…

“വിനു….”

“ദൈവമാ എന്നെ ഇവിടെ എത്തിച്ചത് മീനു..എന്റെ ബിസിനസ്സ് ചെന്നൈയിലാ…അവിടെ എനിക്കൊരു ചെറിയ വീടുമുണ്ട്..പെട്ടന്ന് അവിടെ ഒരാവശ്യം വന്നതിനാലാണ് അതിരാവിലെത്തന്നെ പുറപ്പെടാൻ ഞാൻ തീരുമാനിച്ചത്..  

എന്താ മീനു തന്റെ ചേട്ടനെകുറിച്ചെങ്കിലും തനിക്ക് ഓർക്കാമായിരുന്നില്ലേ”

അത് കേട്ട് ഞാനവനെ മുഖമുയർത്തി ഒന്നു നോക്കിക്കൊണ്ടു പറഞ്ഞു..

“അത് ഓർത്തതുകൊണ്ടു തന്നാ ഈ ഒരു ഒളിച്ചോട്ടം..ഞാൻ കാരണം ഏട്ടന്റെ ജീവിതം തകരരുത്..”

അവനെന്റെ അടുത്ത് വന്നിരുന്നു..

“അപ്പോ ഞാനോ…എന്നോട്  അത്രക്ക് വെറുപ്പാണോ തനിക്ക്..”

എന്തു പറയണമെന്നറിയാതെ ഞാൻ കുഴങ്ങി..

“എനിക്ക് തന്നെ അത്രക്ക് ഇഷ്ടമായതുകൊണ്ടല്ലേ ഇത്രയൊക്കെയായിട്ടും ഞാൻ വീട്ടിൽ വന്ന് പെണ്ണ് ചോദിച്ചത്..ഒരു വാക്ക് പറയാടന്നില്ലേ എന്നോട്…സാരമില്ല വാ ഞാൻ വീട്ടിൽ കൊണ്ടാക്കാം..”

“വേണ്ട വിനൂ..ഇനി ഞാനാ വീട്ടിലേക്കില്ല..പിന്നെ വിനൂ എനിക്ക് തന്നെ ഇഷ്ടമല്ലാത്തത് കൊണ്ടല്ലാ ഞാനിങ്ങനെ ചെയ്തത്…ഒരു പാട് ഇഷ്ടമുളളത് കൊണ്ടാ…കോളേജിൽ പഠിക്കുംമ്പോ മുതൽക്കെ എനിക്കിഷ്ടായിരുന്നു.  ആ നിന്നെ എന്റെ ജാതകദോഷം മൂലം നഷ്ടപ്പെട്ടാലോന്നുളള ഭയം കൊണ്ടാ..”

ഞാനത് പറഞ്ഞതും അവന്റെ മുഖത്ത് പുഞ്ചിരി വിടർന്നതും ഒരുമിച്ചായിരുന്നു..

“അത്രമതി..എനിക്ക്..തന്റെ കൂടെ ഒരു നിമിഷം ജീവിക്കാനുളള അവസരം തരുമോ? അത്ര മതി എനിക്ക്..”

“വിനൂ..” ആ സ്നേഹത്തിനുമുന്നിൽ എന്റെ കണ്ണു നിറഞ്ഞൊഴുകി..

അപ്പോഴേക്കും ട്രെയിൻ  വന്നിരുന്നു..

അവനെന്റെ കയ്യിൽ പിടിച്ചു എഴുന്നേൽപ്പിച്ചു..

“വാടോ…ഒരു യാത്രയോടെ നമുക്ക് തുടങ്ങാം… “

ട്രെയിന്റെ ചൂളം വിളിയോടൊപ്പം ഞങ്ങളുടെ സ്വപ്നങ്ങൾക്കും ചിറകുമുളച്ചിരുന്നു….

~പ്രവീൺ ചന്ദ്രൻ