നല്ല പാതി…
Story written by Reshja Akhilesh
=============
“മാമാ…എപ്പടി ഇറുക്ക്? നല്ലാർക്കാ? “
സാരിയിലെ ചുളിവുകൾ നേരെയാക്കിക്കൊണ്ട് ഗൗരി ചോദിച്ചു.
“റൊമ്പ അഴകായിട്ടുണ്ട്. മല്ലിപ്പൂ കൂടെ ഇരുന്താ…”
“അയ്യേ…ഇതേതാ ഭാഷാ…തമിഴാളമോ…?” മുരുകനെ കളിയാക്കിക്കൊണ്ട് ഗൗരി ചിരിച്ചു. ചിരിയ്ക്കുമ്പോൾ മാത്രം അനാവൃതമാകുന്ന നുണക്കുഴികൾ എണ്ണമയമുള്ള അവളുടെ മുഖത്തെ കൂടുതൽ മനോഹരമാക്കുന്നുണ്ടായിരുന്നു. അത് ആസ്വദിയ്ക്കുകയായിരുന്നു അയാൾ.
“നാൻങ്കെ രണ്ടുപേരും ഉന്നുടെ നാട്ടിൽ പോകലയാ, മലയാളം പഠിപ്പേ താൻ നല്ലതു”. (നമ്മൾ രണ്ട് പേരും നിന്റെ നാട്ടിലേയ്ക്ക് പോകുകയല്ലേ…മലയാളം പഠിക്കുന്നത് നല്ലതല്ലേ )
“ഇത്രയും കാലം എന്റെ കൂടെ കഴിഞ്ഞിട്ടും പഠിക്കാത്ത ആളാ ഇനിയപ്പോ മണിക്കൂറുകൾ കൊണ്ട് പഠിക്കാൻ പോണത്…അതിന് എന്നെ കണ്ടു പഠിയ്ക്ക്…എത്ര പെട്ടന്നാ നിങ്ങടെ ഭാഷ ഞാൻ പഠിച്ചത്…
അവിടെയുള്ളവർ തമിഴ് പറഞ്ഞാലും പിടിച്ചു വിഴുങ്ങാൻ പോകുന്നൊന്നും ഇല്ലാ…ഞാൻ പറയുന്നത് മനസ്സിലാകുന്നുണ്ടല്ലോ അത് തന്നെ വലിയ കാര്യം.”
അതും പറഞ്ഞു കൊണ്ട് ഗൗരി മുരുകന്റെ നേർക്ക് കൈകൾ കൂപ്പി.
മുരുകന്റെ ചമ്മിയ മുഖത്തേയ്ക്ക് നോക്കും തോറും ഗൗരിയ്ക്ക് ചിരി അടക്കാൻ കഴിഞ്ഞില്ല.
ഒന്നു കൂടി രണ്ട് പേരും കണ്ണാടിയിൽ നോക്കിയ ശേഷം നേരത്തെ ശരിയാക്കി വെച്ചിരുന്ന ബാഗുകൾ എടുത്ത് വീടും പൂട്ടിയിറങ്ങി.
രണ്ട് വർഷമായി ഗൗരി നാട്ടിലേയ്ക്ക് പോയിട്ട്. അനിയത്തിയുടെ കല്യാണത്തിന് ആയിരുന്നു അവസാനമായി പോയത്.
അമ്മയെയും സഹോദരങ്ങളെയും കാണാനുള്ള അവളുടെ ആകാംക്ഷയും സന്തോഷവും വളരെ പ്രകടമായിരുന്നു. അവളുടെ സന്തോഷമാണ് മുരുകന്റെയും സന്തോഷം എന്നിരിയ്ക്കെ അവളുടെ ഉത്സാഹം അയാളിലേയ്ക്കും പകർന്നു കിട്ടിയിരുന്നു.
രണ്ട് പേരും നാട്ടിലേയ്ക്കുള്ള ബസ്സിൽ കയറി ഇരുന്നു. വിൻഡോ സീറ്റിൽ തന്നെ ഇരിയ്ക്കണം എന്ന് കൊച്ചു കുട്ടികളെപ്പോലെ അവൾ മുരുകനോട് വാശി പിടിയ്ക്കുന്നുണ്ടായിരുന്നു.
സാധാരണ കല പില സംസാരിച്ചു കൊണ്ടിരിയ്ക്കുന്ന അവൾ പുറത്തേയ്ക്ക് നോക്കി ഇരിയ്ക്കുന്നത് മുരുകന് അതിശയമായിരുന്നു. അവളുടെ മൗനത്തിലേയ്ക്ക് കൈകടത്തുവാൻ അയാൾ ശ്രമിച്ചില്ല. അവളുടെ കൈകളെ തന്റെ കൈകളിലേയ്ക്ക് ചേർത്ത് വെച്ച് സീറ്റിൽ ചാരിയിരുന്ന് മെല്ലെ കണ്ണുകൾ അടച്ചു.
ഗൗരി തന്റെ അഞ്ചാറ് വർഷങ്ങൾക്ക് പുറകിലുള്ള ഓർമ്മകളിൽ ആയിരുന്നു. ചെറുമയക്കത്തിലേയ്ക്ക് വീണ മുരുകന്റെ തോളിലേയ്ക്ക് തല ചായ്ച്ചു അവളും ഇരുന്നു. കണ്ണീരിന്റെ നനവുള്ള ഓർമ്മകളിലേയ്ക്ക് അവളുടെ മനസ്സും പാഞ്ഞു കൊണ്ടിരുന്നു.
**************
“ഈ കല്യാണത്തിന് സമ്മതം ആണെങ്കിൽ നല്ലത്. അല്ലെങ്കിൽ അമ്മയും രണ്ട് മക്കളും കൂടി എന്താന്ന് വെച്ചാ ആയിക്കോ…” രമേശൻ ഉമ്മറത്തിരുന്ന് ഉച്ചത്തിൽ പറഞ്ഞു.
ദാരിദ്ര രേഖയ്ക്ക് താഴെയുള്ള ആ വീട്ടിൽ പട്ടിണിയേക്കാൾ ഉറക്കെ ശബ്ദിയ്ക്കുന്നത് ഇടയ്ക്ക് എത്തി നോക്കാറുള്ള ആൺമക്കൾ ആയിരുന്നു.
“എന്താടാ നീയിങ്ങനെ പറയുന്നത്…നിന്റെ കൂടെപ്പിറപ്പുകൾ അല്ലേടാ രണ്ടാളും എന്നിട്ട് നിനക്കു എങ്ങനെ പറയാൻ തോന്നുന്നു ഇങ്ങനെ…” രമേശന്റെ വാക്കുകളോട് വിയോജിക്കാനും എതിർത്ത് പറയാനും ഭാരതിയമ്മയ്ക്ക് പേടിയുണ്ടായിരുന്നു എങ്കിലും മടിച്ചു നിന്ന വാക്കുകൾ പുറത്തേയ്ക്ക് വന്നു.
“വേണ്ട, ഞാൻ ഒന്നും പറയുന്നില്ല. അമ്മയ്ക്ക് വേറേം രണ്ട് ആൺമക്കൾ ഇല്ലേ അവര് തിരിഞ്ഞു നോക്കുന്നുണ്ടോ ഇങ്ങോട്ട്…ഇത്രയെങ്കിലും ചെയ്യാൻ ഞാനല്ലേ ഉള്ളു…അത് പോട്ടെ…ഗൗരിയ്ക്ക് ഇപ്പൊ എത്ര വയസ്സായീന്ന് ഞാൻ പറഞ്ഞിട്ട് വേണോ അമ്മയ്ക്ക് ബോധം വരാൻ…ഗൗരിയ്ക്ക് ഇരുപത്തിയെട്ട് മീനയ്ക്ക് ഇരുപത്തിയാറ്…ഇവളുടെ കല്യാണം ഇപ്പോഴെങ്കിലും കഴിഞ്ഞില്ലേൽ അടുത്തതിന്റെ കാര്യവും നീണ്ട് പോകും. ആരുടെയെങ്കിലും കൈപിടിച്ചു ഇറക്കി വിടാൻ നോക്കാതെ…തമിഴൻ ആണെന്നല്ലേ ഉള്ളു വേറെന്താ പ്രശ്നം. നിങ്ങളുടെ മോൾക്കും ഇല്ലേ കുറവ്…രാജകുമാരൻ വരോ ഇവളെ കെട്ടിക്കൊണ്ട് പോകാൻ…കേരളത്തിൽ നിന്നു പെൺകുട്ടിയെ വേണംന്ന് അവർക്ക് ഒരു ആഗ്രഹം…ഇതാവുമ്പോൾ പൊന്നും പണവും ഒന്നും കൊടുക്കേം വേണ്ടാ…മതി, ഞാൻ വെറുതെ എന്തിനാ വായിട്ട് അലയ്ക്കണേ…നിർത്തി.”
രമേശൻ പറഞ്ഞതിനോട് മനസ്സില്ലാമനസ്സോടെ ഭാരതിയമ്മയ്ക്ക് പൊരുത്തപ്പെടേണ്ടി വന്നു.
രമേശൻ മുറ്റത്തേയ്ക്ക് ഇറങ്ങാൻ നിൽക്കുമ്പോഴേക്ക് ഭാരതിയമ്മ അകത്തേയ്ക്ക് നടന്നു.
അമ്മ പോകുന്നത് പെണ്മക്കളുടെ അടുത്തേയ്ക്ക് കാര്യങ്ങൾ ബോധിപ്പിയ്ക്കാൻ ആണെന്ന് ഉറപ്പുള്ളത് കൊണ്ട് രമേശൻ ചുണ്ടുകൾ കോട്ടി ചിരിച്ചു.
രമേശന് അറിയാമായിരുന്നു അയാൾ പ്രതീക്ഷിക്കുന്ന മറുപടിയുമായി അമ്മ വരുമെന്ന്.
“നിന്റെ ഇഷ്ടം പോലെ തീരുമാനിച്ചോളൂ. അവളെ ഞാൻ കാര്യങ്ങൾ ബോധിപ്പിച്ചിട്ടുണ്ട്…രണ്ടീസം കഴിയുമ്പോഴേയ്ക്ക് അവൾ സമ്മതിയ്ക്കും. നിന്റെ അനിയന്മാരോട് കൂടെ എല്ലാം പറഞ്ഞേക്ക്…കാശ് ചെലവാകും എന്ന് കരുതി രണ്ടാളും ഈ വഴി വരാറില്ലല്ലോ. നീ തന്നെ മുൻകൈ എടുത്ത് എല്ലാം ചെയ്യ്…”
ഗൗരിയുടെ വിവാഹം അങ്ങനെ തീരുമാനമായി.
“കല്യാണം ഒന്നും ആയില്ലേ…” എന്ന നാട്ടുകാരുടെയും ബന്ധുക്കളുടെയും സ്ഥിരം ചോദ്യത്തിനുള്ള ഉത്തരം, താൻ കാരണം അനിയത്തിയുടെ സന്തോഷജീവിതം നഷ്ടമാകരുത് എന്ന രണ്ട് ഉദ്ദേശം മാത്രമേ ആ കല്യാണം കൊണ്ട് ഗൗരി ഉദ്ദേശിച്ചിരുന്നുള്ളു.
ഒരുപാട് പെണ്ണ്കാണലുകൾക്ക് നിന്ന് കൊടുത്ത് അവൾ മടുത്തിരുന്നു. എങ്കിലും ഒരു കുടുംബജീവിതം അവൾ സ്വപ്നം കണ്ടിരുന്നു. വർഷങ്ങൾ കഴിയും തോറും അവളുടെ സങ്കൽപങ്ങളുടെയും സ്വപ്നങ്ങളുടെയും നിറം മങ്ങി തുടങ്ങി.
കഥകളിലെ പോലെ കാണുന്ന മാത്രയിൽ അനുരാഗം തോന്നി ജീവിതത്തിലേക്ക് ക്ഷണിയ്ക്കാൻ മാത്രം സൗന്ദര്യം അവൾക്കില്ലെന്ന് അവൾ വിശ്വസിച്ചു. ജാതകം, സൗന്ദര്യം, പണം അങ്ങനെ പലതായിരുന്നു അവളുടെ വിവാഹം നീണ്ടു പോകാനുള്ള കാരണങ്ങൾ. സ്വാർത്ഥരായ ആങ്ങളമാർക്ക് ഇടിഞ്ഞു വീഴാറയതെങ്കിലും ആ വീടിന്മേൽ മാത്രയിരുന്നു കണ്ണ്. അങ്ങനെ ഇഷ്ടമില്ലാതെ ആയിരുന്നു ഗൗരി മുരുകന്റെ താലി ഏറ്റു വാങ്ങിയത്. പതിയെ വർണ്ണവും ദേശവും ഭാഷയും സ്നേഹത്തിന്റെ ഭാഷയോളം വരില്ലെന്ന് അവൾ മനസ്സിലാക്കി.
ഇന്നവർ ഗൗരിയുടെ നാട്ടിലേയ്ക്ക് വന്നത് മൂത്ത ആങ്ങളയുടെ മകളുടെ വിവാഹനിശ്ചയം കൂടാനാണ്.
രമേശന്റെ വീട് വളരെ വലുതായിരുന്നു. അലങ്കാരങ്ങളിൽ മുങ്ങി കുളിച്ച് നിൽക്കുന്ന ആ വീട് കണ്ടപ്പോൾ ഗൗരി ഒത്തിരി ആഹ്ലാദിച്ചു.
“കണ്ടില്ലേ…എന്റെ ചേട്ടന്റെ വീട്…ഇത് വച്ചു നോക്കുമ്പോൾ നമ്മുടെ വീട് എത്ര ചെറുതാണല്ലേ…”
ഗൗരി വലിയ കാര്യത്തിൽ പറഞ്ഞു. മറുപടിയായി മുരുകൻ മന്ദഹാസത്തോടെ തലയാട്ടുക മാത്രം ചെയ്തു. വീടിനകത്തേയ്ക്ക് അവൾ അവന്റെ കൈയും പിടിച്ച് ധൃതിയിൽ നടന്നു.
ഒരുപാട് നാളുകൾക്ക് ശേഷം പലരെയും കാണാൻ പോകുന്നതിന്റെ സന്തോഷം ചുവടുകൾക്ക് വേഗത വർദ്ധിപ്പിച്ചിരുന്നു.
ഇരുവരെയും അവിടെ കൂടി ഇരിയ്ക്കുന്നവർ ശ്രദ്ധിയ്ക്കുന്നുണ്ടായിരുന്നു. ബാഗുകൾ കൈയ്യിൽ പിടിച്ചത് കൊണ്ടായിരിക്കും എന്ന് അവൾ കരുതി.
രമേശൻ ഇരുവരെയും വിളിച്ച് ഭാരതി അമ്മയുടെ അടുത്തു കൊണ്ട് പോയി നിർത്തി. ഗൗരിയുടെ അനിയത്തിയും അമ്മയും, നാലുപേരും കൂടി വിശേഷങ്ങൾ പങ്കു വെച്ചു നിൽക്കുകയായിരുന്നു.
“ആരായിത്…ഗൗരിയോ…അസ്സല് തമിഴത്തി ആയല്ലോ…കണ്ടിട്ട് മനസ്സിലായില്ലട്ടാ…”
രമേശന്റെ ഭാര്യയുടെ ബന്ധു ആയിരുന്നു അത് പറഞ്ഞത്. വാക്കുകളിൽ ഒളിഞ്ഞിരിയ്ക്കുന്ന പരിഹാസം മനസ്സിലാക്കാതെ ഗൗരി പുഞ്ചിരിച്ചു. അത് ഒരു തുടക്കമായിരുന്നു. പിന്നീട് അവിടെ ഉണ്ടായിരുന്നവർ, കൂടെപ്പിറപ്പുകൾ പോലും വേഷത്തിന്റെയും ദേശത്തിന്റെയും പേരിൽ പലതും പറയുന്നതും വേർതിരിച്ചു കാണുന്നതും ഗൗരിയ്ക്ക് മനസ്സിലായി.
കൗതുകത്തോടെ തന്റെ വിശേഷങ്ങൾ ചോദിച്ചറിയുമെന്ന് പ്രതീക്ഷച്ചവർക്ക് അറിയേണ്ടിയിരുന്നത് അവിടെ എങ്ങനെ പൊരുത്തപ്പെടുന്നു എന്നതിനെക്കുറിച്ചും കഷ്ടപ്പാടുകളെക്കുറിച്ചും ആയിരുന്നു.
ചടങ്ങുകൾ വേഗം കഴിയാൻ അവൾ പ്രാർത്ഥിച്ചു. അവിടെ നിൽക്കുന്ന ഓരോ നിമിഷവും അസ്വസ്ഥമായിരുന്നു. എല്ലാവരോടും അറിയാവുന്ന പോലെ മലയാളം സംസാരിച്ചുകൊണ്ട് കൂട്ടത്തിൽ ചേരാൻ ശ്രമിയ്ക്കുകയും മറ്റുള്ളവർ മനപ്പൂർവ്വം അവഗണിയ്ക്കുന്നത് അറിയാതെ വിനത്തോടെ പെരുമാറുകയും ചെയ്യുന്ന മുരുകന്റെ നിഷ്കളങ്കത അവളുടെ ഉള്ളു പൊള്ളിച്ചു.
വിവാഹം ഉറപ്പിക്കലും ചടങ്ങുകളും എല്ലാം കഴിഞ്ഞ് നേരം ഇരുട്ടി.
രണ്ട് ആഴ്ചയെങ്കിലും നാട്ടിൽ നിൽക്കണം എന്ന് പറഞ്ഞു വാശി പിടിച്ചിരുന്ന തന്റെ പ്രിയതമ രാത്രിയിൽ തന്നെ പുറപ്പെടാൻ ബാഗുമെടുത്ത് യാത്ര പറഞ്ഞിറങ്ങിയതിന്റെ പൊരുൾ മുരുകന് മനസ്സിലായില്ല.
**************
തിരികെ ഉള്ള യാത്രയിലാണ് വേഗം മടങ്ങുന്നതിന്റെ കാരണം മുരുകൻ ചോദിച്ചത്.
അവൾക്ക് അതിന് ഉത്തരം ഇല്ലായിരുന്നു. തന്നെത്താൻ സങ്കൽപ്പിച്ചു വെച്ചിട്ടുള്ള ഒരു ഉയരത്തിൽ ഇരുന്നുകൊണ്ട് മറ്റുള്ളവരെ അളക്കുന്ന മനുഷ്യസ്വഭാവത്തിനെ എന്ത് പേരിട്ട് വിളിയ്ക്കും എന്നായിരുന്നു അവൾ ചിന്തിച്ചത്.
“എന്നമ്മാ…?”
ആലോചനയിൽ മുഴുകിയിരിയ്ക്കുന്ന ഗൗരിയെ മുരുകൻ തട്ടി വിളിച്ചു. തന്റെ ചോദ്യത്തിന് ഉള്ള ഉത്തരം പ്രതീക്ഷിച്ചിരുന്ന അയാൾക്ക് കിട്ടിയത് ഒരു ചുംബനമായിരുന്നു.
എണ്ണക്കറുപ്പുള്ള കൈകൾ രണ്ടും ചേർത്ത് പിടിച്ച് സ്നേഹത്താൽ പൊതിഞ്ഞ ഒരു ചുംബനം.
ഉന്നതരെന്ന് സ്വയം കല്പിച്ച്, പുറംമോടിയെ അളക്കുന്നവരും വിധിയ്ക്കുന്നവരും അങ്ങനെ തന്നെ തുടരട്ടെ…ആരെയും ബോധിപ്പിക്കാൻ ഇല്ലായിരുന്നു അവൾക്ക്.
മറ്റുള്ളവരുടെ ആവാലാതികൾക്കും പരിഹാസങ്ങൾക്കും കാതോർത്ത് നശിപ്പിയ്ക്കാൻ ഉള്ള നിമിഷങ്ങൾ അവരുടെ ജീവിതത്തിൽ നീക്കി വെച്ചിട്ടില്ലായിരുന്നു.