മീനാക്ഷി ഒന്നും തിരിച്ചു പറഞ്ഞില്ലെങ്കിലും വെറുതെ ചിരിച്ചെന്ന് വരുത്തി. പറഞ്ഞത് മീനാക്ഷിയോടായിരുന്നുവെങ്കിലും…

മരുമകള്‍

Story written by Reshja Akhilesh

===============

പൊട്ടും കുറിയും ഒന്നുമില്ലായിരുന്നു മീനാക്ഷിയുടെ മുഖത്ത്. കരഞ്ഞു വീർത്തു കവിളുകൾ കണ്ടിട്ടാകണം ആളുകൾ അവളെ സൂക്ഷിച്ചു നോക്കുന്നതെന്ന് അവൾക്ക് മനസ്സിലായി. അവൾ മാസ്ക് ശരിയായി ധരിച്ചു.

നല്ല തിരക്കുള്ള ഗൈനക്കോളജിസ്റ്റിന്റെ അപ്പോയിൻമെന്റ്ന് ഒത്തിരി പേർ ആ വരാന്തയിൽ കാത്തിരിക്കുന്നുണ്ടായിരുന്നു.

ഗർഭിണിയായ മകളുമായി വന്ന പത്മാവതി പതിയെ അവളുടെ അരികിലേയ്ക്ക് നീങ്ങിയിരുന്നുകൊണ്ട് ചോദിച്ചു:

“എത്രയാ മോളുടെ ടോക്കൺ നമ്പർ?”

“പതിനെട്ട് “

“കൂടെ ആരും വന്നില്ലേ?”

“അമ്മ വരാമെന്ന് പറഞ്ഞിട്ടിണ്ട്…ഇപ്പോഴെത്തും “

“എത്ര  മാസമായി?”

“ആറ് “

“ആണോ എന്റെ മോൾക്കും ഇത് ആറാം മാസമാ…അടുത്ത മാസം വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ട് പോവാലോ എന്ന സമാധാനത്തിലാ ഞാൻ. അവളുടെ ഭർത്താവിന്റെ വീട്ടിൽ ആണെങ്കിൽ അമ്മായിഅമ്മ ഏത് നേരവും പണി എടുപ്പിച്ചും പിന്നാലെ നടന്ന് കുറ്റം പറഞ്ഞും ഒരു സമാധാനവും അവൾക്കില്ലെന്നേ…അവളുടെ ഭർത്താവിന്റെ കാൾ വന്നപ്പോൾ പുറത്തേയ്ക്ക് പോയതാ…ഞങ്ങളുടെ നമ്പർ വിളിയ്ക്കാൻ കുറേ നേരം എടുക്കുമല്ലോ.”

മീനാക്ഷി ഒന്നും തിരിച്ചു പറഞ്ഞില്ലെങ്കിലും വെറുതെ ചിരിച്ചെന്ന് വരുത്തി. പറഞ്ഞത് മീനാക്ഷിയോടായിരുന്നുവെങ്കിലും അവരവരുടെ പെണ്മക്കളുമായി ഗൈനക്കോളജിസ്റ്റിനെ കാണാൻ ഊഴം കാത്തിരുന്ന പലരും അതിന് ഓരോരോ മറുപടികളുമായി വന്നു. പലരും അവരവരുടെ പെണ്മക്കൾ ഭർത്താവിന്റെ വീട്ടിൽ അനുഭവിയ്ക്കുന്ന മാനസിക പ്രശ്നങ്ങളെ കുറിച്ചും അമ്മായിഅമ്മയുടെ കരുതൽ ഇല്ലായ്മയെ കുറിച്ചും വാചാലരായി. “നിശബ്ദത പാലിയ്ക്കുക ” എന്ന അറിയിപ്പ് ബോർഡ് അവിടെ നോക്ക് കുത്തിയായി തുടർന്നു. മരുമക്കളുമായി വന്ന അമ്മായി അമ്മമാരാകട്ടെ പണ്ട് തങ്ങൾ അനുഭവിച്ച ദുരിതങ്ങളുടെ കഥകളും ഇന്ന് മരുമക്കൾക്കായി ചെയ്ത് കൊടുക്കുന്ന കാര്യങ്ങളുടെയും മഹത്വം പറഞ്ഞു. സ്വയം ഉത്തമമാരെന്ന് അടിവരയിട്ട് ഉറപ്പിച്ചു.

ഇതെല്ലാം കേൾക്കുമ്പോഴും മീനാക്ഷിയുടെയുടെ കണ്ണുകളിൽ നിർവികാരത തളം കെട്ടി നിൽക്കുന്നത് മറ്റുള്ളവർ ശ്രദ്ധിച്ചു.

“പാവം കുട്ടി ഇതിനെക്കാൾ ഒക്കെ വലുത് ആ കുട്ടി അനുഭവിയ്ക്കുന്നുണ്ടാകും എന്ന് ഉറപ്പാണ്. അല്ലെങ്കില് ഇങ്ങനെ വാടി തളർന്നിരിയ്ക്കുമോ. അതിന്റെ കൂടെ ആരും വന്നിട്ട് പോലും ഇല്ല. അമ്മ വരുമെന്നൊക്കെ പറയുന്നുണ്ട്. സ്വന്തം വീട് അകലെയാകും ” പത്മാവതി  പതിയെ പറഞ്ഞു.

ആശുപത്രിയുടെ ഗേറ്റ് കടന്ന് ഒരു നീല കാർ വരുന്നത് കണ്ട് പുറത്തേയ്ക്ക് നോക്കിയിരുന്ന മീനാക്ഷിയുടെ കണ്ണുകൾ തിളങ്ങി. ഗർഭിണിയാണെന്ന് പോലും മറന്ന് അവൾ വേഗത്തിൽ നടക്കാൻ തുടങ്ങി. കൊച്ചു കുട്ടികളെപ്പോലെയുള്ള അവളുടെ പെരുമാറ്റം കണ്ട് ചുറ്റുമുള്ളവർ പരസ്പരം നോക്കി. കാറിൽ നിന്നും ഇറങ്ങി വന്ന സ്ത്രീയെ മീനാക്ഷി വാരി പുണർന്നു. അവർ അവളുടെ കണ്ണുനീർ തുടച്ചു കൊടുക്കുന്നുണ്ടായിരുന്നു. അമ്മയുടെ തോളിലും ചാരി അവൾ പഴയ ഇരിപ്പിടത്തിലേയ്ക്ക് നടന്നു.

“എന്താ മീനു…കരയല്ലേ ആൾക്കാർ ശ്രദ്ധിയ്ക്കുന്നത് കണ്ടില്ലേ…കരയാതിരിയ്ക്ക്…അമ്മ വന്നില്ലേ പിന്നെന്താ…അവിടെ ഒറ്റപ്പെടുന്നൂന്ന് തോന്നുന്നുണ്ടെങ്കിൽ നമുക്ക് ഇന്ന് തന്നെ നമുക്ക് നമ്മുടെ വീട്ടിലേയ്ക്ക് പോവാം.”

മീനാക്ഷിയുടെ മുഖം തുടച്ചു കൊടുക്കുന്നതിനൊപ്പം അവർ വളരെ പതിയെ സ്നേഹപൂർവ്വം എന്തെല്ലാമോ പറയുന്നുണ്ടായിരുന്നു.

അവിടെ ഇരുന്നവരിൽ പലരും മീനാക്ഷിയുടെ അവസ്ഥയിൽ സഹതാപം തോന്നി.

“കുട്ടിയ്ക്ക് നല്ല വിഷമം ഉണ്ടെന്ന് തോന്നുന്നു. അമ്മയെ കണ്ടപ്പോഴാ സമാധാനം ആയത്. കരഞ്ഞു വീർത്ത മുഖവുമായിട്ട ഇത്രേം നേരം ഇവിടെ ഇരുന്നത്. പറയുന്നത് കൊണ്ടും ഒന്നും തോന്നരുത് കേട്ടോ…ഭർത്താവിന്റെ വീട്ടിൽ അത്രയും പ്രശ്നം ഉണ്ടെങ്കിൽ നിങ്ങളുടെ കൂടെ തന്നേ കൊണ്ടു നിർത്തുന്നതായിരിയ്ക്കും ഈ അവസ്ഥയിൽ നല്ലത്. അമ്മായിഅമ്മമാരൊക്കെ കണക്കാ…ഈ കുട്ടീടെ സങ്കടം കണ്ട് പറഞ്ഞു പോയതാണെ…”

പത്മാവതി പറഞ്ഞു നിർത്തിയതും അവരുടെ മുഖം വാടി. മീനാക്ഷിയുടെ നെറുകയിൽ തലോടി അവർ ആശ്വസിപ്പിച്ചു.

“മീനാക്ഷി ” നഴ്‌സ് പുറത്തേയ്ക്ക് വന്ന് പേര് വിളിച്ചപ്പോൾ ഇരുവരും അകത്തേയ്ക്ക് കയറി.

“അമ്മയ്ക്ക് പകരം അമ്മ തന്നെ എന്ന് പറയുന്നത് ഇതാണ് ” ചുറ്റുമ്മുള്ളവരിൽ ചിലർ അടക്കം പറഞ്ഞു. പരിശോധനയ്ക്ക് ശേഷം ഇറങ്ങാൻ നേരം മീനാക്ഷിയുടെ കാലുകളിൽ ചെരുപ്പ് ശരിയായി ഇട്ടു കൊടുത്തതും ശ്രദ്ധാപൂർവ്വം പിടിച്ചു നടത്തിയതും എല്ലാം കണ്ട്  അമ്മയുടെ കരുതലിനെ കുറിച് എല്ലാവരും ഓർത്തു.

അമ്മയുടെ തോളിൽ ചാരി മീനാക്ഷി നടന്നു നീങ്ങുമ്പോഴാണ് പത്മാവതിയുടെ മകൾ വരുന്നത്. മീനാക്ഷി അവളെ കടന്ന് പോയപ്പോൾ അവൾ എന്തോ ആലോചിച്ചു നിൽക്കുകകായിരുന്നു.

“എന്താ നീ ആലോച്ചു നിൽക്കന്നത്?കെട്ട്യോനോട് ഇനിയെന്തെങ്കിലും പറയാൻ മറന്ന് പോയോ “

“അല്ലമ്മേ…അത് എനിക്കറിയാവുന്ന കുട്ടിയാ…മീനാക്ഷി…ആദ്യം കണ്ടപ്പോൾ മനസ്സിലായില്ല.അവൾ തന്നെയല്ലെ എന്ന് ആലോചിച്ചു നിന്ന് പോയതാ…”

“ആ സിസ്റ്റർ പേര് വിളിയ്ക്കുന്നത് കേട്ടു. മീനാക്ഷി എന്ന് തന്നെയാ വിളിച്ചത്.”

“ആണോ…വലിയ കഷ്ടമാ അവളുടെ കാര്യം. പാവം.”

” അത് നിനക്കെങ്ങനെ അറിയാം?”

“അതോ…അവളുടെ അമ്മ മരിച്ചിട്ട് കുറച്ചേ ആയുള്ളൂ. ഇന്നലെ അതിന്റെ സദ്യ ആയിരുന്നു. പഴയ കൂട്ടുകാരുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ആരോ ഇന്നലെ ഇക്കാര്യം പറഞ്ഞിരുന്നു.”

പത്മാവതി ശരിയ്ക്കും അമ്പരന്നു പോയിരുന്നു. അത് മീനാക്ഷിയുടെ അമ്മായിഅമ്മയാണെന്ന് വിശ്വാസം വരാത്തത് പോലെ. ആത്മാർത്ഥമായി പരസ്പരം സ്വന്തം പോലെ സ്നേഹിക്കുന്നവരുമുണ്ട്. വിരളമാണെങ്കിലും ഇല്ലെന്ന് തെറ്റിദ്ധരിയ്ക്കരുതെന്ന് അവർ ഒരു നിമിഷം ചിന്തിച്ചു പോയി.

❤❤❤❤❤

(ആശുപത്രിയിൽ വെച്ചുണ്ടായ ഒരു നിമിഷത്തെ കാഴ്ച്ചയിൽ നിന്ന് തോന്നിയ ആശയം വിപുലീകരിച്ച് എഴുതിയയതാണ്. ഒത്തിരി നീണ്ട് പോകരുതെന്ന് തോന്നിയത് കൊണ്ടാണ് ചുരുക്കി എഴുതിയത്)

~രേഷ്ജ അഖിലേഷ്