വഞ്ചകരുടെ ലോകം….
എഴുത്ത്: അരവിന്ദ് മഹാദേവൻ
================
തന്റെയരികില്‍ നിന്നും വി വസ്ത്രയായി എഴുന്നേറ്റ് പോകുന്ന ഫിലിപ്പീനി പെണ്ണായ കാതറീന്റെ അം ഗലാവണ്യം ആസ്വദിച്ചുകൊണ്ട് നരേന്ദ്രന്‍ കട്ടിലില്‍ നിന്നും എഴുന്നേറ്റു.
നരേന്ദ്രന്‍ തൃശ്ശൂര്‍ സ്വദേശിയാണ്, അമ്മയും ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന സന്തുഷ്ട കുടുംബത്തിന്റെ ഉടമ. ഇരട്ടക്കുട്ടികളായ ഗോകുലും ഗായത്രിയും പത്താം ക്ലാസ്സിലാണ് പഠിക്കുന്നത്
ദുബായില്‍ എഞ്ചിനീയറായി പ്രവാസ ജീവിതം തുടങ്ങി പന്ത്രണ്ട് വര്‍ഷം പിന്നിട്ട വ്യക്തിയാണ് നരേന്ദ്രന്‍
മിക്കവാറുമുള്ള വെള്ളിയാഴ്ച ദിനങ്ങളില്‍ ഫി ലിപ്പീ നി പെണ്ണുങ്ങളോടൊപ്പമാകും അയാള്‍.
കുളിയും കഴിഞ്ഞ് ഡ്രസ്സ് മാറി വന്ന ഫിലിപ്പീനി പെണ്ണിന് കാശും കൊടുത്ത് പറഞ്ഞ് വിട്ടിട്ട് നരേന്ദ്രന്‍ ഫ്ലാറ്റിലെ തന്റെ മുറിവിട്ട് പുറത്തിറങ്ങി.
“അല്ല നരേന്ദ്രാ, നീയീ അദ്വാനിക്കുന്ന കാശെല്ലാം കണ്ട ഫി ലിപ്പീനി പെണ്ണുങ്ങള്‍ക്ക് കൊടുത്തോണ്ടിരുന്നാല്‍ നാട്ടിലേക്ക് എന്ത് മാങ്ങാത്തൊ ലിയാ അയക്കുന്നത്”
ഫ്ലാറ്റില്‍ നരേന്ദ്രനൊപ്പം താമസ്സിക്കുന്ന തോമസ്സെന്ന മധ്യവയസ്കന്‍ നരേന്ദ്രനെ കണ്ടപ്പോള്‍ ചോദിച്ചു.
“എന്റെ അച്ചായോ പത്തെഴുപതിനായിരം രൂപ ശമ്പളമുണ്ട് , പെണ്ണുമ്പിള്ളയോട് ഞാന്‍ പറഞ്ഞിട്ടുള്ളത് അമ്പതിനായിരമെന്നാ , എന്റെ സകല ചിലവും പോയിക്കഴിഞ്ഞാല്‍ ഒരു പത്ത് മുപ്പതിനായിരം രൂപ മിച്ചം വരും , അത് മാത്രമല്ല അല്ലാതെയും ചില നമ്പരുകളുപയോഗിച്ച് ഞാന്‍ കാശുണ്ടാക്കുന്നുണ്ട് , അതൊക്കെ വീട്ടിലേക്ക് അയക്കുന്നുമുണ്ട്, ഇതില്‍ കൂടുതലെന്താ ഞാന്‍ ചെയ്യേണ്ടത് “
തോമസ്സിനെ നോക്കി കണ്ണിറുക്കിക്കൊണ്ട് നരേന്ദ്രന്‍ ചോദിച്ചു.
“നിനക്കെല്ലാത്തിനും ഓരോ ന്യായമുണ്ടല്ലോ, ഞാനൊക്കെ ഇവിടെ വന്നിട്ട് വര്‍ഷം ഇരുപത്തഞ്ചാകുന്നു, ഇന്ന് വരെ ഒരു പെണ്ണിനെയും ഞാനിത് പോലെയുള്ള കാര്യങ്ങള്‍ക്കുപയോഗിച്ചിട്ടില്ല “
തോമസ്സ് നീരസത്തോടെ പറഞ്ഞിട്ട് സോഫായിലേക്കിരുന്ന് ടിവിയുടെ റിമോട്ട് കൈയ്യിലെടുത്ത് ടിവി ഓണാക്കി.
“അച്ചായോ നിങ്ങള് കിളവനായെന്ന് കരുതി ഞാനങ്ങനാണോ ? വെറും മുപ്പത്തെട്ട് വയസ്സല്ലേ എനിക്കുള്ളൂ, ജീവിതം ശരിക്കൊന്ന് ആസ്വദിക്കണ്ടായോ “
തോമസ്സിനെ കളിയാക്കിക്കൊണ്ട് നരേന്ദ്രനും സോഫായിലേക്കിരുന്നു.
“ഇതുപോലെ നിന്റെ ഭാര്യയും ജീവിതം ആസ്വദിക്കാനിറങ്ങുവാണേല്‍ നീ പെട്ടു മോനേ “
തോമസ്സ് തമാശ മട്ടില്‍ കുറിക്ക് കൊള്ളുന്ന രീതിയില്‍ നരേന്ദ്രനെ നോക്കി പറഞ്ഞു.
നരേന്ദ്രന്‍ അതിന് മറുപടി പറഞ്ഞില്ല, ഭാര്യയുടെ കാര്യം പറഞ്ഞപ്പോഴാണ് അവളെ വിളിച്ചിട്ട് രണ്ട് ദിവസമായല്ലോയെന്ന കാര്യം അയാളോര്‍ത്തത്.
ഉടന്‍ തന്നെ നരേന്ദ്രന്‍ ഫോണെടുത്ത് ഭാര്യയുടെ നമ്പര്‍ ഡയല്‍ ചെയ്തു.
ബെല്ലടിച്ച് തീരാറായപ്പോഴേക്കും കോള്‍ അറ്റന്റ് ചെയ്യപ്പെട്ടു.
“നരേട്ടാ എന്താ രണ്ടീസായി വിളിക്കാത്തത് “
പരിഭവത്തോടെയുള്ള ഭാര്യയുടെ ശബ്ദം നരേന്ദ്രന്റെ ചെവിയിലെത്തി .
“ഭയങ്കര ജോലി തിരക്കായിരുന്നൂ രേവതീ, നിന്ന് തിരിയാന്‍ സമയം കിട്ടുന്നില്ല, പിള്ളേരൊക്കെ എന്തിയേ “
നരേന്ദ്രന്‍ തിരക്ക് അഭിനയിച്ചുകൊണ്ട് പറഞ്ഞു.
“അവര്‍ സ്കൂളില്‍ പോയേക്കുവാ , ഭയങ്കര ജോലിത്തിരക്കാണോ നരേട്ടാ ? എന്തിനാ അങ്ങനെ അവിടെ കിടന്ന് കഷ്ടപ്പെടുന്നത്. ഉള്ളത് സ്വരുക്കൂട്ടി ഇവിടെ നാട്ടില്‍ തന്നെ എന്തെങ്കിലും ബിസിനസ്സ് തുടങ്ങിയാല്‍ പോരായോ “
നരേന്ദ്രന്റെ കഷ്ടപ്പാട് മനസ്സിലോര്‍ത്തുകൊണ്ട് വിഷമത്തോടെ രേവതി ചോദിച്ചു.
“അതൊന്നും ശരിയാകില്ലെടീ , പിന്നെ ഈ മാസം കാശയക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല കേട്ടോ “
തോമസ്സിനോട് വീമ്പിളക്കിയെങ്കിലും പോക്കറ്റ് കാലിയാകുന്നുവെന്ന തിരിച്ചറിവില്‍ നരേന്ദ്രന്‍ പറഞ്ഞു.
“അയ്യോ നരേട്ടാ എങ്കില്‍ പെട്ട് പോകുമല്ലോ, ലോണടവ് മുടങ്ങി കിടക്കുവാണ് , കുട്ട്യോളുടെ ഫീസടയ്ക്കണം , പിന്നെ അമ്മയ്ക്ക് തീരെ വയ്യാണ്ടിരിക്കാ , ഡയാലിസിസ് ഇനി മുതല്‍ ആഴ്ചയില രണ്ടാക്കണമെന്നാ ഡോക്ടര്‍ പറഞ്ഞത് “
രേവതി വേവലാതിയോടെ പറഞ്ഞു.
“നീ ടെന്‍ഷനാകണ്ട , ഞാനെന്തേലും വഴിയുണ്ടാക്കാം , പിന്നെ കുറച്ച് ജോലിയുണ്ട് കമ്പ്യൂട്ടറില്‍ , ഞാന്‍ വെക്കുവാണ് “
നരേന്ദ്രന്‍ ആലോചനയോടെ പറഞ്ഞു.
“ശരി നരേട്ടാ…നാളെ വിളിക്കണേ “
രേവതി കോള്‍ കട്ട് ചെയ്തു.
നരേന്ദ്രന്‍ നേരെ തന്റെ മുറിയിലേക്ക് പോയി ലാപ് ടോപ്പ് തുറന്ന് തന്റെ ഫേസ്ബുക്കിലെ ഫേക്ക് ഐഡിയായ “ഗന്ധര്‍വന്‍” ഓപ്പണ്‍ ചെയ്തു.
മനോഹരമായ പ്രണയം തുളുമ്പുന്ന എഴുത്തുകളായിരുന്നു അതിലാകമാനമുണ്ടായിരുന്നത് .
പ്രണയം തുളുമ്പുന്ന ആ വരികള്‍ കാരണം തന്നെ ഗന്ധര്‍വ്വന് നിരവധി ആരാധികമാരും കാമുകിമാരുമുണ്ടായിരുന്നു .
നരേന്ദ്രന്‍ ഗന്ധര്‍വ്വനിലെ ചാറ്റ് ഹിസ്റ്ററി നോക്കി.
കാമുകിമാരുടെ മെസ്സേജങ്ങനെ നിറഞ്ഞ് കിടക്കുകയായിരുന്നു.
വിവാഹം കഴിഞ്ഞ സ്ത്രീകളെ മാത്രം കാമുകിമാരാക്കാന്‍ നരേന്ദ്രന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
കമുകിമാരുടെ ലിസ്റ്റില്‍ ഒന്നാം സ്ഥാനത്തുള്ള കാനഡയില്‍ നഴ്സായ സുകന്യയുടെ മെസ്സേജ് നരേന്ദ്രന്‍ ഓപ്പണ്‍ ചെയ്തു.
” ന്റെ ഗന്ധര്‍വ്വനെവിടെയാണ്, എത്ര ദിവസമായി ഞാന്‍ വിളിക്കുന്നു ? കോള്‍ കിട്ടുന്നതേയില്ല “
എന്ന് തുടങ്ങി നിരവധി പരിഭവങ്ങളടങ്ങിയ മെസ്സേജുകളുടെ ചാകര കണ്ട് ഊറിച്ചിരിച്ചുകൊണ്ട് നരേന്ദ്രന്‍ തന്റെ ഫോണ കൈയ്യിലെടുത്ത് മാറ്റി വെച്ചിരുന്ന സിം എടുത്തിട്ടുകൊണ്ട് സുകന്യയുടെ നമ്പര്‍ ഡയല്‍ ചെയ്തു.
“എവിടായിരുന്നു മാഷേ ഇത്രയും ദിവസം , വിളിച്ചപ്പോഴൊക്കെ ഈ നമ്പരില്‍ കിട്ടിയില്ല “
കോളെടുത്തതും പരിഭവത്തോടെ സുകന്യ പറഞ്ഞു.
“വല്ലാത്തൊരു പ്രതിസന്ധിയിലായിപ്പോയി മോളേ , കുറച്ച് ദിവസം ആശുപത്രിയിലായിപ്പോയി, ഒരു നെഞ്ചുവേദന വന്നതാ , മൈനര്‍ അറ്റാക്കായിരുന്നു “
നരേന്ദ്രന്‍ സങ്കടം ഭാവിച്ച് പറഞ്ഞു.
“അറ്റാക്കോ, മൈ ഗോഡ്..എന്നിട്ടെന്താ മാഷെന്നോട് പറയാതിരുന്നത് , അറ്റാക്ക് വരാനും മാത്രം എന്താ മാഷിനിത്ര ടെന്‍ഷന്‍ “
സുകന്യ ഞെട്ടലോടെ തിരക്കി.
“വീട്ടിലെ പ്രശ്നങ്ങള്‍ തന്നെയാണ് മോളേ കാര്യം , അമ്മയ്ക്കാണേല്‍ തീരെ സുഖമില്ല , ഭാര്യയെന്ന് പറയുന്ന ഒരുത്തിയുണ്ടല്ലോ അവളാണേല്‍ അമ്മയെയും മക്കളെയും നേരെ നോക്കുക പോലുമില്ല, തികഞ്ഞ അഹങ്കാരിയായ അവള്‍ക്ക് ബ്യൂട്ടിപാര്‍ലര്‍ കേറി നിരങ്ങാനും അവളുടെ പുരുഷ സുഹൃത്തുക്കളോടൊപ്പം കണ്ടയിടത്ത് കറങ്ങി നടക്കാനുമേ സമയമുള്ളൂ “
നരേന്ദ്രന്‍ തൊണ്ടയിടറുന്നതായി അഭിനയിച്ചുകൊണ്ട് പറഞ്ഞു.
“പോട്ടെ മാഷേ വിട്ട് കള, മാഷിന് ഞാനില്ലേ ? മാഷിന് ദുബായില്‍ നിന്നും ഇങ്ങോട്ടേക്ക് ഒരു ജോലിക്ക് ഞാന്‍ ശ്രമിക്കുന്നുണ്ട് “
സുകന്യ ആത്മാര്‍ത്ഥതയോടെ പറഞ്ഞു.
” അതല്ല മോളേ പ്രശ്നം , കുറച്ച് ദിവസമായി ഞാന്‍ ജോലിയില്ലാതിരിക്കുന്നു, അപ്പോഴാണ് അമ്മ വിളിച്ച് കരയുന്നത്, വീടാണേല്‍ ജപ്തിയുടെ വക്കിലാണ്, അമ്മക്കും തീരെ സുഖമില്ല , ഒരു ലക്ഷം രൂപയെങ്കിലും എങ്ങനെയെങ്കിലും തരപ്പെടുത്തി കൊടുക്കാനും പറഞ്ഞുള്ള അമ്മയുടെ കരച്ചില്‍ കേട്ടപ്പോള്‍ വീണ് പോയതാ ഞാന്‍ , പിന്നെ ദാ ഇന്നലെ രാത്രിയാ ആശുപത്രി വിട്ടത് , ഇനിയെന്റെ മുന്നില്‍ ആ ത്മഹത്യയല്ലാതെ മറ്റൊരു വഴിയില്ല “
ഏങ്ങുന്നത് പോലെയുള്ള ശബ്ദം പുറപ്പെടുവിച്ചുകൊണ്ട് നരേന്ദ്രന്‍ പറഞ്ഞു.
“ഇതായിരുന്നോ മാഷിന്റെ പ്രശ്നം ? ഒരു വാക്ക് എന്നോട് പറഞ്ഞുകൂടായിരുന്നോ, അത്രേയുള്ളോ മാഷിന്റെ മനസ്സില്‍ എനിക്കുള്ള സ്ഥാനം? മാഷിന്റെ അക്കൗണ്ട് നമ്പര്‍ വാട്സ് ആപ്പില്‍ അയച്ച് താ , നാളെത്തന്നെ ഞാന്‍ കാശ് ട്രാന്‍സ്‌ഫര്‍ ചെയ്ത് തരാം “
സുകന്യ നരേന്ദ്രനെ ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു.
“ഏയ് അതൊന്നും വേണ്ട മോളേ, ഇനി ഞാന്‍ നിന്റെ മുന്നിലും കടക്കാരനാകണോ, അത് വേണ്ട , ആകെയുള്ളൊരു സമ്പാദ്യം നിന്റെയീ സ്നേഹമാ, അത് ഞാന്‍ ദുരുപയോഗം ചെയ്യില്ല “
നരേന്ദ്രന്‍ ഊറിച്ചിരിച്ചുകൊണ്ട് ശബ്ദം മയപ്പെടുത്തി പറഞ്ഞു.
“ദേ ഞാനൊരെണ്ണം അങ്ങോട്ട് തന്നാലുണ്ടല്ലോ, എനിക്കാണ് ഒരു പ്രശ്നം വന്നതെങ്കില്‍ മാഷിങ്ങനെ പറയുമോ “
സുകന്യ കൃതൃമ ദേഷ്യം ഭാവിച്ചുകൊണ്ട് ചോദിച്ചു.
“ഒരിക്കലുമില്ല , ആരെ കൊ ന്നിട്ടാണേലും ഞാന്‍ മോളുടെ കൂടെ നില്കും “
ചിരിയടക്കാന്‍ പാടുപെട്ടുകൊണ്ട് നരേന്ദ്രന്‍ പറഞ്ഞു.
“ആണല്ലോ അല്ലേ ? അപ്പോള്‍ ഇനി കൂടുതലൊന്നും പറയണ്ട അക്കൗണ്ട് നമ്പര്‍ അയച്ചേക്ക് , എനിക്ക് ഡ്യൂട്ടിക്ക് കയറാന്‍ സമയമായി, പോയി സമാധാനമായി ഇരിക്ക് “
നരേന്ദ്രന് ഒരു ഉമ്മയും കൂടി സമ്മാനിച്ചിട്ട് സുകന്യ കോള്‍ കട്ട് ചെയ്തു.
പിറ്റേ ദിവസം തന്നെ നരേന്ദ്രന്റെ അക്കൗണ്ടില്‍ ഒരുലക്ഷം രൂപ എത്തിയിരുന്നു.
അമ്പതിനായിരം രൂപ വീട്ടിലേക്കയച്ചിട്ട് പുതിയ ഫിലിപ്പീനി പെണ്ണിനെ രാത്രി മുറിയിലേക്ക് പറഞ്ഞ് വിടാന്‍ സുഹൃത്തിനെ ചുമതലപ്പെടുത്തിക്കൊണ്ട് നരേന്ദ്രന സിനിമ കാണാനായി തീയറ്ററിലേക്ക് യാത്ര തിരിച്ചു
****************
” ഡാ നീയെന്താ ഇന്നലെ വിളിച്ചിട്ട് ഫോണെടുക്കാത്തത് “
രാഹുലിനോട് പരിഭവത്തില്‍ രേവതി ചോദിച്ചു.
“എടീ ഞാനിന്നലെ ജോലി കഴിഞ്ഞെത്തിയപ്പോള്‍ വൈകിപ്പോയിരുന്നു. നല്ല ക്ഷീണമുണ്ടായിരുന്നതോണ്ട് ചോറും കഴിച്ച് കിടന്നപ്പോള്‍ തന്നെ ഉറങ്ങിപ്പോയി “
രാഹുല്‍ രേവതിയോട് പറഞ്ഞു.
രാഹുലിനെ രേവതി ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടതാണ്, ടൈലിന്റെ ജോലിയാണ് രാഹുല്‍ ചെയ്യുന്നത്. ഇരുപത്താറുകാരനായ അവനോട് രേവതിക്ക് ചെറിയൊരു ഇഷ്ടമുണ്ടെങ്കിലും അതവള്‍ രാഹുലിനോട് തുറന്ന് സമ്മതിച്ചിട്ടില്ല, അതിന് കാരണം രാഹുലിനേക്കാള്‍ എട്ട് വയസ്സ് തനിക്ക് കൂടുതലുണ്ടെന്ന ബോധ്യം തന്നെയായിരുന്നു. പക്ഷേ രാഹുല്‍ നിരന്തരമായി രേവതിയോട് പ്രണയാഭ്യര്‍ത്ഥനയും നടത്തി പോന്നിരുന്നു.
“ഓ അല്ലേലും നീയെപ്പോഴും തിരക്കിലല്ലേ , അത് പോട്ടെ ഞായറാഴ്ച എന്താ പരിപാടി “
രേവതി തിരക്കി.
“എന്ത് പരിപാടി , പതിവ് പോലെ ക ള്ളുകുടിയും കൂട്ടുകാരോടൊപ്പം കറങ്ങാന്‍ പോകലും തന്നെ “
രാഹുല്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.
“നീ എന്നാടാ ഒന്ന് നന്നാകുന്നത്, വെറുതെ കുടിച്ച് ശരീരത്തെ നശിപ്പിക്കുന്നു “
രേവതി രാഹുലിനെ കുറ്റപ്പെടുത്തി.
“ഇച്ചിരി കുടിച്ചെന്ന് കരുതി മാനമൊന്നും ഇടിഞ്ഞ് വീഴാന്‍ പോകുന്നില്ലല്ലൊ, അതുപോട്ടെ നിന്റെ മരങ്ങോടന്‍ കെട്ടിയോന്‍ വിളിച്ചാരുന്നോ “
രേവതിയെ കളിയാക്കിക്കൊണ്ട് രാഹുല്‍ തിരക്കി.
“ഓ ആ കിഴങ്ങന്റെ കാര്യമൊന്നും പറയണ്ട , ആണ്ടിലോ കൊല്ലത്തിലോ വിളിച്ചേലായി ഇല്ലേലായി “
രേവതി അനിഷ്ടത്തോടെ പറഞ്ഞു.
“ആഹാ ബെസ്റ്റ്, അന്യ ദേശത്ത് പോയി കിടക്കുന്ന ആരാടീ സ്വന്തം ഭാര്യയെയും കൊച്ചുങ്ങളേയും വിളിക്കാതിരിക്കുന്നത്, അങ്ങേര്‍ക്ക് വേറെ വല്ല സെറ്റപ്പും അവിടെ കാണും, നീ അനുഭവിക്ക് “
രേവതിക്ക് കൊള്ളും മട്ടില്‍ രാഹുല്‍ പറഞ്ഞു.
“എനിക്കും സംശയമുണ്ടെടാ അക്കാര്യത്തില്‍ , നീയങ്ങേരുടെ കാര്യമോര്‍മ്മിപ്പിച്ചത് നന്നായി , അന്ന് നീ കുറച്ച് കാശ് ചോദിച്ചിരുന്നില്ലേ ? നിന്റെ ഗൂഗിള്‍ പേയില്‍ ഞാന്‍ കാശയക്കാം, അങ്ങേരിന്നലെ കുറച്ച് കാശയച്ചിരുന്നു “
രേവതി പറഞ്ഞു.
അന്നത്തെ ദിവസം തന്നെ രാഹുലിന്റെ അക്കൗണ്ടിലേക്ക് രേവതി ഇരുപതിനായിരം രൂപ ഇട്ട് കൊടുത്തു.
ദിവസങ്ങള്‍ കഴിഞ്ഞു.
ഒരു ദിവസം അമ്മയുടെ നമ്പരില്‍ നിന്നും നരേന്ദ്രന് കോള്‍ വന്നു.
“എന്താ അമ്മേ പതിവില്ലാതെ “
ദുബായിലെ സമയം രാത്രി എട്ടുമണിയായതുകൊണ്ട് സംശയത്തോടെ നരേന്ദ്രന്‍ തിരക്കി.
“മോനെ രേവതിയെ ഇവിടെങ്ങും കാണുന്നില്ല , രാവിലെ പിള്ളേര് പോയതിന് ശേഷം ഞാനൊന്ന് ആശുപത്രിയില്‍ പോയി വന്നതാ, അന്നേരം മുതലേ അവളെ കാണുന്നില്ല “
അമ്മ ആശങ്കയോടെ നരേന്ദ്രനോട് പറഞ്ഞു.
“അവള്‍ അവളുടെ വീട്ടിലെങ്ങാനും പോയതാകുമമ്മേ, ഞാനൊന്ന് വിളിച്ച് നോക്കട്ടെ “
നരേന്ദ്രന്‍ തലചൊറിഞ്ഞുകൊണ്ട് പറഞ്ഞു.
“അങ്ങനല്ല മോനെ, അവളുടെ തുണികളും സ്വര്‍ണ്ണവുമൊന്നും ഇവിടെ കാണാനില്ല , ഫോണും ഓഫാ..പിള്ളേര്‍ രണ്ടും ഭയങ്കര കരച്ചിലാണ് “
അമ്മ പറഞ്ഞത് കേട്ട് തലയ്ക്കടിയേറ്റത് പോലെയായിപ്പോയി നരേന്ദ്രന്.
“അമ്മ ഫോണ്‍ വെക്ക് , ഞാനൊന്ന് അന്വേഷിക്കട്ടെ “
തീപിടിച്ച മനസ്സുമായി നരേന്ദ്രന്‍ കോള്‍ കട്ട് ചെയ്തു.
ഒരാഴ്ച പിന്നിട്ടിട്ടും രേവതിയുടെ വിവരമില്ലായിരുന്നു.
നരേന്ദ്രന്‍ ലീവെടുത്ത് നാട്ടിലെത്തി .
പോലീസില്‍ പരാതിപ്പെട്ടിട്ടും യാതൊരു വിവരവുമുണ്ടായില്ല.
“നരേന്ദ്രാ , എടാ “
വീടിന്റെ ഉമ്മറത്തിരിക്കുകയായിരുന്ന നരേന്ദ്രന്റെ അടുത്തേക്ക് അടുത്ത വീട്ടിലെ രമേശന്‍ കയറി വന്നു.
“എന്താ രമേശാ, ഇരിക്ക് “
കസേരയെ ചൂണ്ടി നരേന്ദ്രന്‍ പറഞ്ഞു.
“എടാ ഇരിക്കാനല്ല വന്നത്, നീയിത് നോക്കിയേ “
രമേശന്‍ തന്റെ ഫോണ്‍ നരേന്ദ്രന് നല്കി.
ഫേസ്ബുക്ക് പേജില്‍ രാഹുലിനെ കെട്ടിപ്പിടിച്ച് താജ് മഹലിന് മുമ്പില്‍ നില്കുന്ന രേവതിയുടെ ഫോട്ടോയായിരുന്നു ഫോണിലുണ്ടായിരുന്നത്.
അത് കണ്ട മാത്രയില്‍ നരേന്ദ്രന്‍ നെഞ്ചില്‍ കൈയ്യമര്‍ത്തി കസേരയില്‍ നിന്നും പിന്നിലേക്ക് മറിഞ്ഞു.
ശരിക്കുമുള്ള ഹാര്‍ട്ട് അറ്റാക്ക് അപ്പോഴായിരുന്നു നരേന്ദ്രനെ തേടിയെത്തിയത്.
~അരവിന്ദ് മഹാദേവൻ
കുറിപ്പ് : കഥയും കഥാപാത്രങ്ങളും സാങ്കല്പികം, ജീവിച്ചിരിക്കുന്നവരുമായോ മരിച്ചവരുമായോ എന്തെങ്കിലും സാമ്യം തോന്നിയിട്ടുണ്ടെങ്കില്‍ തികച്ചും യാദൃശ്ചികം മാത്രം…