അലമാരയിൽ നിന്നും ഉടുപ്പെടുത്തണിഞ്ഞപ്പോൾ ഏറെ സ്വാസ്ഥ്യം കൈവന്നതുപോലെ തോന്നി….

പതിവുകൾ….

രചന: രഘു കുന്നുമ്മക്കര പുതുക്കാട്

================

പ്രതിഭ വീട്ടുമുറ്റത്തേക്കു കയറുമ്പോൾ, ചരിഞ്ഞു വീഴുന്ന പടിഞ്ഞാറൻ വെയിലിൽ ഉമ്മറത്തേ ചെത്തിമരത്തിലേ പൂക്കുലകൾക്ക് കടുംചുവപ്പു നിറം കൈവന്നിരുന്നു. കാറ്റിൻ്റെ വികൃതികളിൽ മുറ്റം നിറയേ, ചെത്തിപ്പൂക്കൾ പൊഴിഞ്ഞു വീണിരിക്കുന്നു. ഏതോ തോറ്റത്തിനൊരുങ്ങിയ കളം പോലെ, മുറ്റത്തു പൂക്കൾ ചിതറിക്കിടന്നു. നന്ത്യാർവട്ടം വെളുക്കേ ചിരിച്ചുനിൽക്കുന്ന ഉമ്മറത്തൊടിയിലൂടെ, പഴയ തറവാട്ടുവീടിൻ്റെ ചവിട്ടുപടികൾ കയറി അവൾ നടയകത്തെത്തി.

കയ്യിലിരിക്കുന്ന പലവ്യഞ്ജനങ്ങളുടെ സഞ്ചി പഴയ പത്തായമേശമേൽ വച്ച്, അവൾ കിടപ്പുമുറിയിലേക്കു കടന്നു.

ഇടുങ്ങിയ മുറിയിൽ, അനശ്വര ഗൃഹപാഠം ചെയ്യുന്നുണ്ടായിരുന്നു. അഞ്ചാം ക്ലാസുകാരിക്ക്, പഠനം കഴിഞ്ഞേ മറ്റെന്തുമുള്ളൂ. കാൽപ്പെരുമാറ്റം കേട്ട്, പാഠപുസ്തകത്തിൽ നിന്നും തലയുയർത്തിയ അനുമോൾ, അമ്മയേക്കണ്ട് പുഞ്ചിരിച്ചു.

“അമ്മ വന്നോ, അച്ഛമ്മ, ചായ തിളപ്പിച്ചു വച്ചിട്ടുണ്ട്. ഞാനെടുത്തു കൊണ്ടുവരാം.”

അനുമോൾ അടുക്കളയിലേക്കു നടന്നുനീങ്ങുമ്പോൾ പ്രതിഭ വിളിച്ചുപറഞ്ഞു.

“അനുമോളേ, അമ്മ ഒന്നിരിക്കട്ടേ, എന്നിട്ട്, അടുക്കളയിലേക്കു വരാം. മോള്, അച്ഛമ്മയേ വിളക്കുവയ്ക്കാൻ സഹായിച്ചോളൂ…”

അനശ്വരയുടെ പാദസരക്കിലുക്കങ്ങൾ അകന്നകന്നു പോയി. കിടപ്പുമുറിയുടെ വാതിൽ കുറ്റിയിട്ട്, അവൾ സാരിയഴിച്ചു കട്ടിലിലേക്കിട്ടു. രാവിലെ മുതൽ, ടൗണിലേ ഗോൾഡ് കവറിംഗ് സ്ഥാപനത്തിലേ ഇരുന്ന ഇരിപ്പിലുള്ള ജോലിയാണ്. വയറു, ഗ്യാസ് നിറഞ്ഞിട്ടെന്നോണം വീർത്തുന്തി നിൽക്കുന്നത് നിലക്കണ്ണാടിയിൽ കാണാം. പാവാടച്ചരടു മുറുകിക്കിടന്നിരുന്നത് അഴിച്ചു നീക്കിയപ്പോൾ കൈവന്ന ആശ്വാസം ചെറുതായിരുന്നില്ല. പൊ ക്കി ൾ ച്ചുഴിക്കു കീഴെയായി വരിഞ്ഞുമുറുകിയ പാടു തിണർത്തു കിടക്കുന്നു. പതിയേ വിരൽ തൊടുമ്പോൾ, അവിടേ നീറുന്നുണ്ട്. പകലിലെ വിഴുപ്പുകൾ ഉരിഞ്ഞെറിഞ്ഞു, അലമാരയിൽ നിന്നും ഉടുപ്പെടുത്തണിഞ്ഞപ്പോൾ ഏറെ സ്വാസ്ഥ്യം കൈവന്നതുപോലെ തോന്നി.

കട്ടിലിൽ വെറുതേ ചായ്ഞ്ഞു കിടക്കുമ്പോൾ, എന്തെന്നില്ലാത്തൊരാശ്വാസം തോന്നുന്നു. ഉയരം കുറഞ്ഞ മച്ചിനേ മറച്ചുകൊണ്ട് പഴയ തട്ടു നിലകൊള്ളുന്നു. അതിൽ കറങ്ങുന്ന ഫാൻ, തലയിൽ തട്ടുമെന്നു വെറുതേ ആശങ്കയുളവാക്കുന്നു.

കല്ല്യാണം കഴിഞ്ഞുവന്ന കാലങ്ങളിൽ, ഈ പഴയ വീടു ഒരതിശയം തന്നെയായിരുന്നു. നൂറ്റാണ്ടു പിന്നിട്ട തറവാട്ടുവീട്. ചില പഴക്കങ്ങൾ പെരുമയുടെ പ്രതീകമാണല്ലോ. ഹർഷേട്ടൻ്റെ ജോലിയും, തറവാടിത്തവുമാണ് തൻ്റെ വീട്ടുകാരെ ആകർഷിച്ചത്. ചെറുപ്പത്തിലേ അച്ഛൻ മരിച്ചുപോയ ഹർഷേട്ടനേ അമ്മ ലാളിച്ചുതന്നെയാണ് വളർത്തിയത്. വില്ലേജ് ഓഫീസിൽ ക്ലർക്ക് ആയിരുന്നു ഹർഷൻ്റെ അച്ഛൻ. ആ പെൻഷൻ അമ്മയ്ക്ക് ഇപ്പോളും ലഭിക്കുന്നുണ്ട്. മൂന്നു ഷിഫ്റ്റു വർക്കുള്ള, ഒരു ടെക്സ്റ്റയിൽസ് മിൽ തൊഴിലാളിയായിരുന്നു ഹർഷൻ. അതും, ശരാശരിക്കു മുകളിൽ സാമ്പത്തിക സാഹചര്യമുള്ള തൻ്റെ മാതാപിതാക്കൾക്കും, സഹോദരങ്ങൾക്കും ഈ ബന്ധം ഉറപ്പിക്കുവാൻ പ്രേരണ നൽകി.

കല്ല്യാണം കഴിഞ്ഞ് ഏറെനാളെത്തും മുൻപേയറിഞ്ഞു, ഹർഷനിലെ അലസജന്മത്തേ, രാവിലെ മുതൽ അന്തിമയങ്ങും വരേ വീട്ടിൽ ചടഞ്ഞുകൂടും ചിലപ്പോൾ. ചോദിച്ചാൽ പറയും, രണ്ടാമത്തെ ഷിഫ്റ്റ് ആണെന്ന്. വൈകീട്ട് ജോലിക്കെന്നപോലെ പുറത്തിറങ്ങും. നാട്ടിൽ ഒത്തിരി സൗഹൃദങ്ങളുണ്ട്. അവർക്കൊപ്പം, കൊതിയും നുണയും പറഞ്ഞിരിക്കും. അവരോടു മോണിംഗ് ഷിഫ്റ്റ് ആയിരുന്നൂന്ന് പറയും. പാതിരാവരെ പീടികത്തിണ്ണ നിരങ്ങിയും, ചിലപ്പോൾ സെക്കൻ്റ് ഷോക്കു പോയും നേരം കളയും. രണ്ടാമത്തെ ഷിഫ്റ്റ് അവസാനിച്ചു വരുന്ന സമയത്തു തന്നേ, പാതിരാവിൽ വീട്ടിലെത്തും. സു ര തം മുടക്കാൻ വയ്യല്ലോ…

ഹർഷനേ ഏതു സമയത്തു ആരു കണ്ടാലും, ഷിഫ്റ്റ് കഴിഞ്ഞുവെന്നോ, വരാനിരിക്കുന്നുവെന്നോ പറഞ്ഞു തടിതപ്പും. നാട്ടിലെ കൂട്ടകാരുമൊത്ത് മീൻപിടുത്തവും, സൊറപറച്ചിലും സിനിമയുമൊക്കെയായി നടക്കുമ്പോൾ ആൾക്കു മറ്റൊന്നും വേണ്ടായിരുന്നു.

വീട്ടിൽ ഒരു ജോലിക്കാരൻ ഉണ്ടായിട്ടും, അമ്മയുടെ പെൻഷനിൽ ജീവിക്കേണ്ട അവസ്ഥയുടെ ദുരിത യാഥാർത്ഥ്യം തിരിച്ചറിയാൻ ഒരുപാടു കാലം വേണ്ടിവന്നില്ല.

അ ടി വ സ്ത്രങ്ങൾക്കും, സാ നി റ്ററി നാ പ്കി നു കൾക്കും അമ്മയോടു പണം ചോദിക്കേണ്ടി വന്നു. സാധ്വിയായ അമ്മ, ചോദിക്കാതെ തന്നുകൊണ്ടിരുന്നു. മകൾ ജനിച്ചിട്ടും, അവൾ പടിപടിയായി വളർന്നു തുടങ്ങിയപ്പോളും ഹർഷൻ ഇന്നലേകളുടെ തനിയാവർത്തനങ്ങളായി ഇന്നുകളേ നാളേയിലേക്കു പറഞ്ഞയച്ചു.

പതിയേ, ആങ്ങളമാർക്കും, മാതാപിതാക്കളും ഹർഷനേ മനസ്സിലായി. നല്ല രീതിയിലും, തറപ്പിച്ചുമുള്ള ചൊല്ലിക്കൊടുക്കലുകൾ ജലരേഖയായപ്പോൾ അവർ അവഗണനയുടെ കടുപ്പത്തിലേക്കു നീങ്ങി. ഒരു ജോലിയെന്നത്, തീർത്തും അനിവാര്യമായപ്പോൾ അയലത്തേ ശ്രീലതയാണ് അവളുടെ സ്ഥാപനത്തിൽ കൊണ്ടുചെന്നാക്കിയത്. തങ്കം പൊതിഞ്ഞ ആഭരണങ്ങളുടെ നിർമ്മാണ യൂണീറ്റിലെ ജോലിക്കിപ്പോൾ അഞ്ചുവർഷത്തോളം പ്രായമുണ്ട്.

തെല്ലുനേരം ഒരേ കിടപ്പു കിടന്ന്, പതിയേ അടുക്കളയിലേക്കു ചെന്നു. അരിപ്പെട്ടിക്കു മുകളിൽ വച്ച ചായ, തണുത്താറാൻ തുടങ്ങിയിരുന്നു. തിളപ്പിക്കാനൊന്നും നിന്നില്ല. അതെടുത്ത്, ഒറ്റ ശ്വാസത്തിനു കുടിച്ചു. അത്താഴമെല്ലാം അമ്മ തയ്യാറാക്കിയിട്ടുണ്ട്. ഇനിയെന്തെങ്കിലും കറി വക്കണം. അങ്ങാടിയിൽ നിന്നും പോരുമ്പോൾ, ഇത്തിരി പലചരക്കു വാങ്ങിപ്പോന്നു. അരിയെടുത്ത്, ചെറിയ പ്ലാസ്റ്റിക് ബക്കറ്റിലിട്ടടച്ചു. അരിപ്പെട്ടിക്കു ചേതനയുണ്ടായിരുന്നുവെങ്കിൽ, ഗതകാലസമൃദ്ധികളേക്കുറിച്ചോർത്ത് അതു നെടുവീർപ്പിട്ടേനേ.

കുമ്പളങ്ങ നുറുക്കിക്കൊണ്ടിരിക്കുമ്പോൾ, അമ്മയും അനുമോളും അരികിൽ വന്നു. സന്ധ്യാനാമവും രാമായണപാരായണവും കഴിഞ്ഞുള്ള വരവാണ്. അനുവും അച്ഛമ്മയും നല്ല കൂട്ടാണ്. അച്ഛമ്മക്കൊപ്പമാണ് ഊണും ഉറക്കവും. അവളുടെ കളിപ്പാട്ടങ്ങളും, വസ്ത്രങ്ങളുമെല്ലാം അമ്മയുടെ മുറിയിലാണ്.

“ഹർഷൻ്റേ കമ്പനീന്ന്, കഴിഞ്ഞ വർഷത്തേപ്പോലെ വീണ്ടും നോട്ടീസു വന്നിട്ടുണ്ട്. ഈ വർഷവും, അടിസ്ഥാന ഹാജർനില ഇല്ലാത്തതിനാൽ കാരണം കാണിക്കാൻ ആവശ്യപ്പെട്ടിട്ട്, കഴിഞ്ഞ തവണ എത്ര അലഞ്ഞിട്ടാ, ഒരു മെഡിക്കൽ സർട്ടിഫിക്കറ്റ് ഒപ്പിച്ചത്. അതും കൊണ്ട്, ആ മാനേജരുടെ കാലുപിടിച്ചാണ് ടെർമിനേഷൻ ഒഴിവാക്കിയത്. ഇനി എന്തു പറഞ്ഞാണ്, അദ്ദേഹത്തിൻ്റെ അരികിലേക്കു ചെല്ലുക? എൻ്റെ ഗുരുവായൂരപ്പാ”

പറഞ്ഞു മുഴുമിക്കും മുൻപേ, അമ്മയുടെ ഒച്ചയിടറി. പ്രായത്തിൻ്റെ അസ്വസ്ഥതകൾ ഉച്ഛാസങ്ങളിൽ തെളിഞ്ഞു.

“അമ്മ അകത്തു പോയിരുന്നോളൂ, ഞാനിതു തീർത്തിട്ടു വരാം. അനൂ, അച്ഛമ്മേടെ കൂടെച്ചെല്ല്. അമ്മ ഈ കറിയൊന്നു വയ്ക്കട്ടേ”

അച്ഛന്മയും മകളും അകത്തളത്തിലേക്കു പോയി. ടെലിവിഷനിൽ ഏതോ കണ്ണീർ പരമ്പരയുടെ ഘോഷമുയർന്നു. കറി വെന്തു. ഇനിയൊന്നു കുളിക്കണം. അടുക്കള വാതിൽക്കൽ ഒരു മുരടനക്കം കേട്ടു തിരിഞ്ഞു നോക്കി. ഹർഷേട്ടനാണ്. കയ്യിൽ ഒരു കോർമ്പ നിറയേ പുഴമീൻ.

“താഴെ, പിള്ളാരു കുളം വറ്റിച്ചു പിടിച്ചതാണ്. നന്നായി നാളികേരമരച്ചു വയ്ക്കണം..ഇത്തിരി വറക്കണം. എന്നിട്ടു വേണം, അത്താഴം കഴിക്കാൻ”

പ്രതിഭയ്ക്കു ദേഷ്യം വന്നു.

“എൻ്റെ ചേട്ടാ, ഒരൂട്ടം ഇപ്പോ വെച്ചൊള്ളോ, ഇനി ഈ നേരത്ത് ഈ മീൻ നന്നാക്കി എപ്പോ വക്കാനാ? നന്നാക്കി എടുത്തുവക്കാം, നാളെ വച്ചാൽ പോരെ?”

അറയ്ക്കുന്ന ഒരു തെ റിപ്പദം, കാതു തുളച്ചു കടന്നുപോയി..അധികം സംസാരിക്കാൻ പോയില്ല. കറിക്കത്തിയും ചട്ടിയുമെടുത്ത്, പര്യമ്പുറത്തേക്കു നീങ്ങി. എത്ര ശുചീകരിച്ചിട്ടും തീരാത്ത അഴുക്കുകട്ടകൾ പോലെ അനേകം തെ റിപ്പദ ങ്ങൾ ഉള്ളിൽ ദഹിക്കാതെ കിടക്കുന്നു. അനുസരണയ്ക്കും മൗനത്തിനും ലഭിച്ച ഉപഹാരങ്ങൾ. ഓർക്കുമ്പോൾ മനംപുരട്ടുന്നതു പോലെ തോന്നിച്ചു

ഹർഷൻ, ഭക്ഷണം കഴിച്ച് എഴുന്നേറ്റ് കൈയ്യും മുഖവും വൃത്തിയാക്കി കിടപ്പുമുറിയിലേക്കു പോയി. തീൻമേശയിൽ, വറ്റുകളും മീൻമുള്ളുകളും ചിതറിക്കിടന്നു. അനുവും, അച്ഛമ്മയും എപ്പോളെ കിടക്കാൻ പോയിരുന്നു, അവർ, മീൻകറിക്കു കാത്തുനിന്നില്ല. നേരം പത്തുമണി കഴിഞ്ഞിരിക്കുന്നു. ജോലി കഴിഞ്ഞുവന്നപ്പോൾ, കത്തിക്കാളുന്ന വിശപ്പുണ്ടായിരുന്നു. ഇപ്പോൾ, വിശപ്പ് യാത്ര പറയാതെ എങ്ങോട്ടോ പോയ്മറഞ്ഞിരിക്കുന്നു.

മൺകൂജയിൽ നിന്നും, രണ്ടു ഗ്ലാസ് വെള്ളമെടുത്തു കുടിച്ച് പ്രതിഭ അടുക്കള തുടച്ചു വൃത്തിയാക്കാൻ തുടങ്ങി.

എല്ലാം കഴിഞ്ഞ്, വാതിലുകളടച്ചു വന്ന് കിടപ്പുമുറിയിൽ നിന്നും തോർത്തുമെടുത്ത് കുളിമുറിയിലേക്കു നടന്നു. കിടക്കയിൽ കമിഴ്ന്നു കിടന്ന് ഹർഷൻ ഏതോ വാരിക മറിച്ചു നോക്കുന്നുണ്ടായിരുന്നു. വാരികകളും, തുടർക്കഥകളും വായന ഇപ്പോഴുമുണ്ട്. ജീവിതത്തിൽ യഥേഷ്ടം സമയമുള്ളവർക്ക് എന്തും വായിക്കാം, ആസ്വദിക്കാം.

കുളി കഴിഞ്ഞു വന്ന്, വിളക്കണച്ച്, കിടപ്പുമുറിയിലേ വാതിലടച്ച് ഹർഷൻ്റെ പാദങ്ങൾക്കരികിലൂടെ മുട്ടുകുത്തിയൂർന്നു കടന്ന്, ചുവരരികിൽ അവൾ മലർന്നു കിടന്നു. മുറിയിൽ, അന്ധകാരത്തോടൊപ്പം മൗനവുമുറഞ്ഞു. ഹർഷൻ, അങ്ങോട്ടുമിങ്ങോട്ടും തിരിഞ്ഞുമറിയുന്നുണ്ടായിരുന്നു.

അങ്ങനെയുള്ള ആവർത്തനങ്ങൾക്കൊടുവിൽ, അയാൾ അവളുടെ അരക്കെ ട്ടിൽ ചുറ്റിപ്പിടിച്ചു. അടിപ്പാവാടച്ചരടു മുറുക്കിയ വേദന ഒരാവർത്തി കൂടി അവളിലേക്കെത്തി. അവൾ, ആ കയ്യെടുത്തുമാറ്റി ചുവരരികിലേക്കു തിരിഞ്ഞു കിടന്നു.

തൊട്ടരികേ നിന്നും, പുളിച്ചൊരു തെ റി പ്പദം ഇരുട്ടു ഭേദിച്ചു കർണ്ണപുടങ്ങളിലേക്കെത്തി. ചില രാത്രികളിൽ അവൾക്കു പതിവുള്ള രാവാശംസ, അവളൊന്നു വിതുമ്പി, പിന്നേ, ഉറക്കം കാത്തു, മിഴികളടച്ചു കിടന്നു…

പതിവു പുലരികൾക്കായി…..