കുഞ്ഞു കുഞ്ഞു പക്ഷി, മെല്ലെ മെല്ലെ പറഞ്ഞു അമ്മയെ പോലെ ഞാനും പറക്കുമെന്ന്….

കുഞ്ഞുപക്ഷി

Story written by Aparna Dwithy

==================

“കുഞ്ഞു കുഞ്ഞു പക്ഷി, മെല്ലെ മെല്ലെ പറഞ്ഞു അമ്മയെ പോലെ ഞാനും പറക്കുമെന്ന്……… “

കുഞ്ഞു ദിയമോൾ പാട്ടും പാടി സ്കൂൾ വിട്ട് എന്റെ അടുത്തേക്ക് ഓടി വന്നു.

“അമ്മേ….എനിക്കും പറക്കണം ആകാശത്തിലൂടെ”

‘അതിനെന്താ അമ്മേടെ മോൾക്ക് പറക്കാമല്ലോ, പഠിച്ചു ജോലി ഒക്കെ കിട്ടിയിട്ട് ‘

“സത്യം ? അപ്പോ ദിയ മോൾക്ക് ചിറക് വരുമോ അമ്മേ “

‘എന്തിനാ മോളൂട്ടിക്ക് ചിറക്. പഠിച്ചു മോളൂട്ടി ഒരു പൈലറ്റ് ആയിട്ട് വിമാനത്തിലൂടെ പറന്നൂടേ…..?’

“ആണോ ?” അവൾ അത്ഭുതത്തോടെ എന്റെ മുഖത്തേക്ക് നോക്കി.

‘എന്താ ഇവിടെ ഒരു വർത്തമാനം…. ?’ ഞങ്ങളുടെ സംസാരം കേട്ടിട്ട് അമ്മ അടുക്കളയിലോട്ട് വന്നു.

“അച്ഛമ്മേ…..ദിയമോള് പറക്കാൻ പോകുവാ. പഠിച്ചു വലിയകുട്ടിയായി ഞാൻ പറക്കുമല്ലോ. അച്ഛമ്മ വരുന്നോ എന്റെ കൂടെ വിമാനത്തില് ?”

‘എന്തൊക്കെയാ നീ ഈ പറയണത്. പറക്കാനോ ?’

‘ഓ തുടങ്ങി ത ള്ളേടെ ഉപദേശം. എന്റെ ഭാവിയോ നശിപ്പിച്ചു ഇനി എന്റെ മോളുടേത് കൂടെ കളയാനായിരിക്കും ‘ മനസ്സിൽ അങ്ങനെ പറയാൻ തോന്നിയെങ്കിലും വായടച്ചു.

”അതേലോ മോളൂട്ടി പൈലറ്റ് ആവുമല്ലോ, എന്നിട്ട് എല്ലാരേം കൂട്ടി വിമാനത്തില് പറക്കുമല്ലോ ” ദിയമോൾ സന്തോഷത്തോടെ പറഞ്ഞു.

‘രാധികേ…..നീയിത് കേക്കണില്ലേ കുട്ടി പറയണത് ?’ അമ്മ എന്നോട് ചോദിച്ചു.

‘അതിനെന്താ അമ്മേ മോള് പറയണത് നല്ല കാര്യമല്ലേ പഠിച്ചിട്ട് അവളുടെ ആഗ്രഹം പോലൊരു ജോലി വാങ്ങണത്’

‘ഓ അപ്പോ നീയാണിതിനൊക്കെ കൂട്ട് നിക്കണത്. ഈ തറവാട്ടില് ഇതുവരെ പെങ്കുട്ട്യോള് ജോലിക്ക് പോയിട്ട് കുടുംബം നോക്കണ്ട അവസ്ഥ വന്നിട്ടില്ല്യ. രണ്ട് തലമുറയ്ക്ക് കഴിച്ചുകൂടാനുള്ളതൊക്കെ ഇപ്പോളും ഈ തറവാട്ടിലുണ്ട്.’

‘അമ്മ എന്താ ഈ പറയുന്നേ പണ്ടത്തെ പോലാണോ ഇപ്പോൾ. ഞാൻ എന്റെ മോളേ പഠിപ്പിക്കുന്നത് പഠിച്ചൊരു ജോലി വാങ്ങാൻ തന്നെയാ ‘

‘രാധികേ….എവിടുന്ന് കിട്ടി നിനക്ക് ഈ ധൈര്യം? തർക്കുത്തരം പറയാനും തുടങ്ങിയോ നീ ?’ അമ്മ തുടർന്നു.

“എന്താ ഇവിടൊരു ശബ്ദം?” ശബ്ദം കേട്ടിട്ട് ബാലൻ മാമൻ അടുക്കളയിലേക്ക് കയറി വന്നു.

‘ഇവള് പറയണത് കേട്ടോ ബാലാ നീയ് ?കൊച്ചിനെ പഠിപ്പിച്ചു ഇവള് ഉദ്യോഗം മേടിച്ചു കൊടുക്കാൻ പോകുവാന്ന് ‘ അമ്മ ബാലൻ മാമനോട് കാര്യം വിശദീകരിച്ചു

“രാധികേ…ഈ തറവാടിനൊരു അന്തസുണ്ട് അത് മറക്കരുത് നീ. പിന്നെ പെണ്ണുങ്ങളുടെ ശബ്ദം ഈ അടുക്കളയ്ക്ക് വെളിയിൽ കേട്ടു പോകരുത്.” ബാലൻ മാമാ അത്രയും പറഞ്ഞു തറപ്പിച്ചൊന്നു നോക്കിയിട്ട് ഇറങ്ങി പോയി.

എല്ലാം കണ്ട് പേടിച്ചിരിക്കുവാണ് ദിയമോൾ

“അമ്മേ മോളൂട്ടിക്ക് അപ്പോ പറക്കാൻ പറ്റില്ലേ ” അവൾ നിറഞ്ഞ മിഴികളോടെ ചോദിച്ചു.

‘ഉറപ്പായിട്ടും അമ്മയുടെ മോളൂട്ടി പറക്കുംട്ടോ ‘ അവളുടെ നിറഞ്ഞ മിഴികൾ തുടച്ചുകൊണ്ട് ഞാൻ പറഞ്ഞു.

രാത്രി ഹരിയേട്ടൻ വന്നു കയറിയപ്പോളേ പരാതികളുടെ ഭാണ്ഡക്കെട്ടുമായി അമ്മ ചെന്നു

മുറിയിൽ കയറിയ ഉടനെ ഹരിയേട്ടൻ എന്നെ ചോദ്യം ചെയ്യാൻ തുടങ്ങി.

“നി എന്തിനാ അമ്മയുമായി വഴക്കിട്ടത് ?”

‘ഞാനാരോടും വഴക്കിന് പോയില്ല. ഉള്ള കാര്യം പറഞ്ഞതാ.’

“രാധികേ നിനക്കെവിടുന്നാ  ഇത്രേം ധൈര്യം. ഇങ്ങനൊക്കെ സംസാരിക്കാൻ…?”

‘ഹരിയേട്ടാ ഇത് നമ്മുടെ മോളുടെ ഭാവി ആണ്. അവൾ ഒരിക്കലും എന്നെ പോലെ ആവരുത്.’

“നിനക്കെന്താടി ഇവിടെ ഒരു കുറവ് ?”

“എന്താ കുറവെന്നോ? ഞാൻ കഷ്ടപ്പെട്ട് ഉറക്കമൊഴിഞ്ഞു പഠിച്ചു ഫസ്റ്റ് ക്ലാസ്സോടെ പാസ്സായത് നിങ്ങളുടെ വീട്ടു വേല ചെയ്യാനായിരുന്നില്ല. ശരിക്കും പറഞ്ഞാൽ നിങ്ങളെന്നെ ചതിച്ചതല്ലേ?കല്യാണത്തിന് മുൻപ് നിങ്ങളെന്താ എന്നോട് പറഞ്ഞത് ജോലിക്ക് പോകാൻ സമ്മതിക്കാം എന്നല്ലേ എന്നിട്ടെന്താ ചെയ്തത്? എന്റെ മോളുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാവില്ല”

‘ഈ തറവാട്ടിൽ നിന്നിട്ട് എന്റെ അമ്മയെ ധിക്കരിച്ചു നി ഒന്നും ചെയ്യില്ല ‘

“വേണ്ട ഈ തറവാട്ടിൽ നിന്നാലല്ലേ കുഴപ്പം. ഈ കാര്യത്തിന് വേണ്ടി എന്ത് സഹിക്കാനും ഞാൻ തയ്യാറാണ്. ഈ താലി വരെ വേണ്ടെന്നു വെക്കാനും…… ” അത് പറഞ്ഞു തീർന്നതും ഹരിയേട്ടന്റെ കൈ എന്റെ മുഖത്തു പതിച്ചതും ഒരുമിച്ചായിരുന്നു

പിറ്റേന്ന് തന്നെ അമ്മാവന്മാരും അമ്മയും വിവാഹമോചനത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി. അമ്മയുടെ വാക്കുകൾ അക്ഷരംപ്രതി അനുസരിക്കുന്ന മകൻ ഈ കാര്യത്തിലും എതിർത്തൊന്നും പറഞ്ഞില്ല.

അങ്ങനെ ഞാനും എന്റെ മകളും പടിക്ക് പുറത്തായി. പക്ഷേ അവിടം കൊണ്ടൊന്നും തളരാൻ ഞാൻ തയ്യാറായില്ല. കൂട്ടുകാരിയുടെ സഹായത്തോടെ ഒരു വാടകവീട്ടിലേക്ക് മാറി. ആരുടെ മുന്നിലും കൈ നീട്ടാൻ നിന്നില്ല. അറിയാവുന്ന ജോലി ഒക്കെ ചെയ്തു മനസ്സിൽ ഒരൊറ്റ ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളു മകളുടെ സ്വപ്നം സാക്ഷാത്ക്കരിക്കണം.

അമ്മയുടെ കഷ്ടപ്പാടുകൾ മനസിലാക്കി എന്റെ മകൾ വളർന്നു. എഴുതിയ പരീക്ഷകളിൽ എല്ലാം ഉയർന്ന മാർക്കോടെ തന്നെ പാസായി. അങ്ങനെ അവളുടെ സ്വപ്നങ്ങൾക്ക് ചിറകുമുളയ്ക്കാൻ ആരംഭിച്ചു. സ്വപ്നസാക്ഷാത്ക്കാരത്തിനു വേണ്ടി അവൾ കഠിനമായി പ്രയത്‌നിച്ചു.

നാളെയാണ് ആ ശുഭദിനം…..

എന്റെ മകൾ, എന്റെ കുഞ്ഞുപക്ഷി അവളുടെ ആഗ്രഹം പോലെ ചിറകുകൾ വിടർത്തി പറക്കാൻ പോകുന്ന ദിനം. എല്ലാവരുടെയും മുന്നിൽ ഞാൻ അഭിമാനത്തോടെ തല ഉയർത്തി നിൽക്കാൻ പോകുന്ന ദിനം.

ആഗ്രഹങ്ങൾ അടക്കിപ്പിടിച്ചു ജീവിക്കുന്ന ഒരുപാട് പെൺമനസുകൾക്ക് എന്റെ മകൾ ഒരു പ്രചോദനമാകട്ടെ…. !

~അപർണ