തിരിച്ചുള്ള യാത്രയിൽ ട്രെയിനിൽ ഇരുന്നവൾ ഏറെ നേരം കരഞ്ഞു. പതിയെ നന്ദന്റെ നെഞ്ചിലേക്ക് ചാഞ്ഞവൾ..

ചില ജീവിതക്കാഴ്ചകൾ…

Story written by Aparna Dwithy

================

“സോറി മീര നിങ്ങൾക്ക് ഇനി കുട്ടികൾ ഉണ്ടാവില്ല. ഇനി ട്രീറ്റ്മെന്റ് തുടരണം എന്നില്ല നിങ്ങള്ക്ക് പോകാം…… “

ഡോക്ടറുടെ ആ വാക്കുകൾ അവളുടെ ഹൃദയത്തിലേക്ക് തറച്ചു കയറി. ജനിക്കാൻ പോകുന്ന കുഞ്ഞിന് വേണ്ടി അവൾ വാങ്ങി വെച്ച കുഞ്ഞുടുപ്പുകളും കളിപ്പാട്ടങ്ങളും അവളെ നോക്കി പുച്ഛിക്കുന്നതു പോലെ തോന്നി.

തിരിച്ചുള്ള യാത്രയിൽ ട്രെയിനിൽ ഇരുന്നവൾ ഏറെ നേരം കരഞ്ഞു. പതിയെ നന്ദന്റെ നെഞ്ചിലേക്ക് ചാഞ്ഞവൾ എട്ടു വർഷം പിറകോട്ടു പോയി.

“നന്ദേട്ടാ…നമ്മുക്കുണ്ടാവുന്ന കുഞ്ഞു പെൺകുട്ട്യാന്നേൽ നമ്മുക്കവളെ മാളൂട്ടിന്ന് വിളിക്കാംട്ടോ “

‘അതെന്താ പൊന്നു നിനക്കാ പേരിനോടിത്ര പ്രിയം ‘

“നിക്ക് വെല്യ ഇഷ്ട്ടാ മാളൂ ന്നുള്ള പേര് “

‘അപ്പോ ആൺകുട്ടിയാണേലോ  പൊന്നുസേ ?’

“ആൺകുട്ടിയാണേൽ കണ്ണാ നു വിളിക്കാം “

അന്ന് മുതൽ നെയ്തുകൂട്ടാൻ തുടങ്ങിയതായിരുന്നു ജീവിതത്തിലേക്ക് കടന്നു വരുന്ന കുഞ്ഞു അതിഥിയെ കുറിച്ചുള്ള സ്വപ്‌നങ്ങൾ. പക്ഷേ രണ്ടുവർഷത്തെ കാത്തിരിപ്പിന് ശേഷവും ഒരു കുഞ്ഞുണ്ടാവാനുള്ള ഭാഗ്യം അവർക്ക് ലഭിച്ചില്ല. എന്നാലും പ്രതീക്ഷ കൈവിടാതെ പ്രാർത്ഥനയും വഴിപാടുകളുമായി വീണ്ടും കാത്തിരുന്നു. പക്ഷേ നിരാശയായിരുന്നു ഫലം.

അങ്ങനെയായിരുന്നു ഒരു സുഹൃത്തിനു പരിചയമുള്ള ഹോസ്പിറ്റലിൽ അവർ ചികിത്സയ്ക്ക് എത്തിയത്. നാല് വർഷത്തോളം ചികിത്സ നടത്തിയെങ്കിലും ഫലമുണ്ടാവുമെന്നവർ ഉറച്ചു വിശ്വസിച്ചു. അപ്പോളാണ് ആ പ്രതീക്ഷയും തകർത്തു കൊണ്ടുള്ള  ഡോക്ടറുടെ വാക്കുകൾ.

“സാരമില്ല പൊന്നുസേ വിഷമിക്കാതെ നിന്റെ കുഴപ്പം കൊണ്ടൊന്നുമല്ലലോ ” നന്ദൻ അവളെ സമാധാനിപ്പിക്കാൻ അങ്ങനെ പറഞ്ഞെങ്കിലും ആ ശബ്ദം ഇടറുന്നുണ്ടായിരുന്നു.

‘നന്ദേട്ടാ….’

“ന്താ പൊന്നു…..ദൈവം നമ്മളെ കൈവിടില്ല നി വിഷമിക്കാതിരിക്ക് “

പെട്ടന്ന് ട്രെയിനിൽ അവരുടെ മുന്നിലായി ഇരിക്കുന്ന പെൺകുട്ടി അവരോടായി ചോദിച്ചു ‘ചേച്ചി എന്റെ കുഞ്ഞിനെ ഒന്ന് ശ്രദ്ധിക്കാമോ. ഞാൻ ഇപ്പോൾ വരാം ‘

“അതിനെന്താ മോളേ, ഞാൻ ശ്രദ്ധിച്ചോളാം മോള് പോയിട്ട് വാ ” മീര സന്തോഷത്തോടെ കുഞ്ഞിനെ സ്വീകരിച്ചു.

“നോക്കിയേ നന്ദേട്ടാ നമ്മുടെ മാളൂട്ടിയെ പോലെ തന്നെ ഉണ്ടല്ലേ ?”

‘ശെരിയാ പൊന്നുസേ എന്റെ സ്വപ്നത്തിൽ വരാറുള്ള നമ്മുടെ മാളൂട്ടീടെ അതെ മുഖം ‘

ആ കുഞ്ഞിനെ കൊഞ്ചിച്ചു സമയം പോയതവർ അറിഞ്ഞില്ല.

‘പൊന്നു….ആ കുട്ടിയെ കാണുന്നില്ലാലോ. നമ്മുക്ക് ഇറങ്ങാനുള്ള സ്റ്റേഷൻ എത്താറായിട്ടോ ‘

“ശരിയാണല്ലോ നന്ദേട്ടൻ ഒന്ന് പോയി നോക്കിയിട്ട് വന്നേ “

നന്ദൻ ആ പെൺകുട്ടിയെ തിരഞ്ഞു നടന്നു.

‘ഇല്ല പൊന്നു ആ കുട്ടി ഇവിടൊന്നുമില്ല. എനിക്ക് തോന്നുന്നത് അവൾ ഈ കുഞ്ഞിനെ ഉപേക്ഷിച്ചതാവുംന്ന് ‘

“ഈശ്വരാ….ഈ പൊന്നുമോളേ ഉപേക്ഷിക്കാൻ അവൾക്കെങ്ങനെ മനസ്സുവന്നു”

‘പൊന്നു നമ്മുക്ക്‌ ഈ കുഞ്ഞിനെ പോലീസ് സ്റ്റേഷനിൽ ഏല്പിക്കാം ‘

“ശരി നന്ദേട്ടാ “

പെട്ടന്നായിരുന്നു ആ കുഞ്ഞുടുപ്പിൽ നിന്നും ഒരു പേപ്പർ മീരയുടെ കണ്ണിൽ ഉടക്കിയത്.

“നന്ദേട്ടാ ഇത് നോക്കിക്കേ. ദേ ഒരു പേപ്പർ “

‘പേപ്പറോ നി അത് തുറന്ന് നോക്കിയേ ‘

“നിങ്ങൾ ആരാണെന്നോ എന്താണെന്നോ എനിക്കറിയില്ല. എന്റെ കുഞ്ഞിനെ ഞാൻ നിങ്ങളെ വിശ്വസിച്ചു ഏല്പിക്കുകയാണ്. അവളെ സുരക്ഷിതമായൊരു സ്ഥലത്തു നിങ്ങൾ ഏൽപ്പിക്കണം. ഞാൻ ചെയ്തു പോയൊരു തെറ്റിന്റെ ഫലമാണ് അവൾ. അതിന്റെ പേരിൽ എല്ലാവരും എന്നെ ഉപേക്ഷിച്ചു. ഒരിക്കലും എന്റെ മകൾ അവളുടെ അമ്മ പി ഴച്ചു പോയവളാണെന്നു അറിയരുത്. ഞാൻ ചെയ്ത തെറ്റിന്റെ ശിക്ഷ ഒരിക്കലും എന്റെ മകൾ അനുഭവിക്കരുത്. എനിക്കുള്ള ശിക്ഷ ഞാൻ സ്വയം ഏറ്റുവാങ്ങുകയാണ്. ഈ കുഞ്ഞിനെ വളർത്താൻ എനിക്ക് അർഹതയില്ല. എന്റെ കുഞ്ഞിനെ നിങ്ങൾ സുരക്ഷിതയാക്കുമെന്ന് വിശ്വസിക്കുന്നു. “

‘നന്ദേട്ടാ ഇത്……. ‘

“പൊന്നു…….. നമ്മുക്ക് ഈ കത്തും പോലീസിനെ ഏല്പിക്കാം “

‘വേണ്ട നന്ദേട്ടാ ദൈവം നമ്മുടെ മുന്നിൽ എത്തിച്ചതാണ് ഈ മോളേ. നമ്മുക്ക് വളർത്താം ഇവളെ ‘

“പൊന്നു നി എന്താ ഈ പറയുന്നെ?”

‘പ്ലീസ് നന്ദേട്ടാ അനാഥാലയത്തിൽ വളരുന്നതിലും നല്ലതല്ലേ നമ്മുടെ കൂടെ കഴിയുന്നത്,  നമ്മുടെ മാളുവായിട്ട്. എതിർത്തൊന്നും പറയരുത്. ദൈവം തന്നതാ ഇവളെ എനിക്ക്. പ്രസവിച്ചാൽ മാത്രമേ അമ്മയാവു എന്നൊന്നുമില്ലലോ’

നന്ദൻ പിന്നെ എതിർത്തൊന്നും പറഞ്ഞില്ല.

നഷ്ട്ടപെട്ട ഏറ്റവും പ്രിയപെട്ടതെന്തോ തിരിച്ചു കിട്ടിയ സന്തോഷത്തിൽ അവർ പുതിയ അതിഥിയുമായി മുന്നോട്ട് നടന്നു.

~അപർണ