നിവേദിതയുടെ അമ്മയ്ക്കൊപ്പം ഗോവണി കയറുമ്പോൾ ഹരിത ഒരാവർത്തികൂടി താഴേക്കു നോക്കി…

നിവേദിത

എഴുത്ത്: രഘു കുന്നുമ്മക്കര പുതുക്കാട്

================

നിവേദിതയുടെ അമ്മയ്ക്കൊപ്പം ഗോവണി കയറുമ്പോൾ ഹരിത ഒരാവർത്തികൂടി താഴേക്കു നോക്കി. താഴെ, അകത്തളത്തിലെ സോഫാസെറ്റിയിലിരിക്കുന്ന നിശ്ചലരൂപത്തേ പതിയേ ഇരുട്ടു ഗ്രസിക്കുന്നതു പോലെ തോന്നിച്ചു. നിവേദിതയുടെ അച്ഛൻ, ശിലയായുറഞ്ഞു പോയിരിക്കുന്നു.

പടവുകൾ കയറിയെത്തുന്നത്,  ഒരു കിടപ്പുമുറിയുടെ അടച്ചിട്ട വാതിലിനു മുന്നിലാണ്. സ്വർണ്ണനിറമുള്ള വാതിൽപ്പാളികൾ. അവയിൽ കൊത്തിവയ്ക്കപ്പെട്ട പൂക്കളും കലികകളും. കട്ടിളയ്ക്കു മുകളിലായി വൃന്ദാവന രാധാകൃഷ്ണ സങ്കൽപ്പ ചിത്രം. വളരെ സാവധാനമാണ് അമ്മ വാതിൽ തുറന്നത്. തുടർച്ചയായി അടഞ്ഞുകിടന്നതിനാലാകം അകത്തേ വായുവിന് ഉഷ്ണമേറെയുണ്ടായിരുന്നു. തുറന്ന വാതിൽപ്പാളികളേ അമ്മ വേഗം ചേർത്തടച്ചു. കയ്യെത്തിച്ചു സ്വിച്ച് ഇട്ടു. മുറിയിലാകെ പാൽപ്രഭ പെയ്തിറങ്ങി.

ഹരിത, മുറിയിലാകയൊന്നു കണ്ണോടിച്ചു. റോസ് നിറത്തിന്റെ ഏറ്റക്കുറച്ചിലുകളാൽ ‘ചായം തേക്കപ്പെട്ട മുറിയകം. കടുത്ത റോസ് നിറം പേറിയ ചുവരരികിലായി കിടക്കുന്ന വലിയ കട്ടിൽ. തൂവെള്ള കിടക്കവിരികൾ. തലയിണകൾ. വലിയ സ്ഫടിക ജാലകങ്ങൾ. അവയേ വെളുത്ത വിരികളാൽ മറച്ചിരിക്കുന്നു. കട്ടിലിനു ചുവട്ടിലായി ഭിത്തിയരികു ചേർന്ന് കമ്പ്യൂട്ടർ മേശ. അതിനു ചുവടുപിടിച്ച് സ്കാനറും പ്രിന്ററും അനുബന്ധവസ്തുക്കളും.

മറുചുവരിലെ ഷെൽഫിൽ നിറയേ പുസ്തകങ്ങൾ. എം ടിയുടെ കഥകൾ, മാധവിക്കുട്ടിയുടെ ആത്മഭാവങ്ങൾ, ഇടശ്ശേരിയുടെ കവിതകൾ, സാറാ ജോസഫിന്റെ നോവലുകൾ, ശബ്ദതാരാവലി, പിന്നേയും പിന്നേയും അനന്തമായി വരിയിടുന്ന ഗ്രന്ഥങ്ങൾ.

ഹരിത, പുസ്തകങ്ങളുടെ ശ്രേണിയിലേക്ക് ശ്രദ്ധതിരിച്ചു. നിവേദിതയുടെ ഏകാന്തതകളിലെ സഹചാരികൾ. അനന്യരായ എഴുത്തുകാരുടെ മികച്ച രചനകൾക്കു താഴെയുള്ള കള്ളിയിൽ നിറയേ ഡയറികൾ. നിവേദിതയുടെ കഥകളും കവിതകളും. ചില ദിവസങ്ങൾ പ്രത്യേകമായി രേഖപ്പെടുത്തിയ ആത്മാംശങ്ങൾ. ഓരോ പുസ്തകങ്ങളും വളരെ കൃത്യമായി  ക്രമീകരിച്ചിരിക്കുന്നു. ഏറ്റക്കുറച്ചിലുകളില്ലാതെ.

ഈ ഡയറിക്കുറിപ്പുകളിൽ,  ഏതെങ്കിലും താളിൽ താനുമുണ്ടാകും. തീർച്ച..എറണാകുളത്തേക്കുള്ള പതിവു ട്രെയിൻ യാത്ര സമ്മാനിച്ച സൗഹൃദം. അമൃതയിലേ നഴ്സുമാർ എന്ന ഒത്തൊരുമ. അവൾ ഒല്ലൂരിൽ നിന്നും, താൻ ചാലക്കുടിയിൽ നിന്നും. ലേഡീസ് ഓൺലി കമ്പാർട്ട്മെന്റിന്റെ അഴികളുള്ള ചതുരജാലകങ്ങളിലൂടെ അവൾ പുറംകാഴ്ച്ചകളിൽ മുഴുകിയിരിക്കുന്നതു പതിവാണ്.

എന്താണ് ഓരോ കാഴ്ച്ചയുടേയും സവിശേഷത…? പുഴയും, വയൽക്കരകളും, അക്ഷമ മുറ്റിനിന്ന ലെവൽ ക്രോസുകളും എന്നും കാണുന്നതല്ലേയെന്ന ചോദ്യത്തിന്, ഓരോ കാഴ്ച്ചയിലും പുതുമകൾ കുടിയേറിയിട്ടുണ്ട്. എന്ന പാതിമാത്രം ഗ്രഹിക്കാവുന്ന തണുത്ത മറുപടികൾ. ഓരോ യാത്രയിലും, അവൾ ഓരോ ഒറ്റമരങ്ങളേ കാണുന്നു. ഇണ വേർപ്പെട്ട മൈനകൾക്കു സാക്ഷിയാകുന്നു.

അമ്മ ഷെൽഫിൽ നിന്നും നിവേദിതയുടെ ഏറ്റവും പുതിയ ഡയറിയെടുത്തു.

”ഇതിലേ മൂന്നു താളുകൾ മടക്കി വച്ചിരുന്നു. അതിനെല്ലാം മുകളിലായി ‘എന്റെ ഹരിതയോട്..’ എന്നു രേഖപ്പെടുത്തിയിരുന്നു.

കുറിപ്പുകളോ, കത്തോ ഉണ്ടോയെന്നത് തീർച്ചപ്പെടുത്താൻ തിരഞ്ഞപ്പോൾ കണ്ടെത്തിയതാണ്. ഞങ്ങൾ വായിച്ചതാണ്, മോളൊന്ന്…..”

ഹരിത, ഡയറിയുടെ താളുകൾ മറിച്ചു. എല്ലാ ദിവസങ്ങളിലെ അനുഭവങ്ങളും രേഖപ്പെടുത്തിയിട്ടില്ല. ചില താളുകൾ നിറഞ്ഞു കവിഞ്ഞു കിടന്നു. ചിലതിൽ കുത്തിക്കുറിക്കലുകളുടെ ശുഷ്കത. മൂന്നിടത്തായി, താളുകൾ നടുമടക്കി വച്ചിരിക്കുന്നു. നിറയെ വരികളുള്ള താളുകൾ. അവയുടെ മുകളിലായി,  ചുവന്ന മഷിയിൽ ‘എന്റെ ഹരിതയോട്’ എന്നു രേഖപ്പെടുത്തിയിരിക്കുന്നു. കുനുകുനേ നിരയിട്ട അക്ഷരങ്ങളെ, ഹരിതയുടെ മിഴികൾ പിൻതുടർന്നു.

20 – 05 – 2019

തികച്ചും യാദൃശ്ഛികമായ ഒരു പരിചയപ്പെടലായിരുന്നു അത്. ലൈബ്രറിയിലേ പതിവു കാഴ്ച്ചക്കാരൻ എന്നതിൽ നിന്നും,  ജിനേഷ് എത്ര പൊടുന്നനേയാണ് ഹൃദയത്തിൽ കൂടുകൂട്ടിയത്. വായിക്കുന്ന പുസ്തകങ്ങൾക്കും ചിന്തകൾക്കും ഒരേ ധാര. ഹൃദ്യമായ പെരുമാറ്റം. അറിവു നിറവഴിഞ്ഞ ഭാഷണങ്ങൾ. മിഴികളിലേ കുസൃതികൾ. അവനെന്റെ ഹൃദയത്തിലെ രാഗമേഘങ്ങൾക്കു മീതെ തണുത്ത കാറ്റാവുകയാണോ…?എന്റെ ചിന്തകൾ എന്നെ എവിടെയാണെത്തിക്കുന്നത്….?ഞാനെങ്ങോട്ടാണ് പിടിച്ചു വലിയ്ക്കപ്പെടുന്നത്…?

11 – 10 -2019

എത്ര ദൂരം സഞ്ചരിച്ചാണ് ഈ ഒറ്റപ്പെട്ട വീട്ടിലെത്തിയത്. ഷാളു കൊണ്ട് വരിഞ്ഞുമുറുക്കിയ മുഖവുമായുള്ള ബൈക്ക് യാത്ര സമ്മാനിച്ചതെന്താണ്…?ആകുലതകളോ, ആശങ്കകളോ ,ഉദ്വേഗങ്ങളോ..? അറിയില്ല, ഒരു പക്ഷേ, പ്രണയത്തിന്റെ എരിതീയിൽ കത്തിത്തീരാൻ വെമ്പുന്ന ശലഭമാവുകയാണോ ഞാൻ ? അറിയില്ല.

നേരം എത്രയായിക്കാണും…? എനിക്ക് തീർത്തും അജ്ഞാതമായ ആ വീടിന്റെ ശയനമുറിയിലെ വലിയ കിടക്കയിൽ ഞാൻ തളർന്നുകിടന്നു..വീട്ടിലെ കുളിമുറിയുടെ നാലു ചുവരുകളും നിലക്കണ്ണാടിയും മാത്രം കണ്ടിട്ടുള്ള എന്റെ അനാവൃതശരീരം ഇവിടേയും പ്രദർശിക്കപ്പെട്ടിരിക്കുന്നു. ദേഹമെല്ലാം വിയർപ്പും, ജിനേഷിന്റെ ഉമിനീരും സമന്വയിച്ചു ചേർന്നിരിക്കുന്നു. അർത്ഥമുള്ള അക്ഷരങ്ങൾ മാത്രം കേട്ടുപരിചയപ്പെട്ട അവന്റെ നാവിൽ നിന്നുതിർന്ന കിതപ്പാർന്ന അ ശ്ലീ ലങ്ങൾ കാതുകളിൽ അലയടിക്കുന്നു…കേട്ടു പഴകിയ ഒരു നാടോടിക്കഥ പോലെ വിരസത മുറ്റുന്നു ഓരോ നിമിഷവും. എവിടെ…? അവനെവിടെ…?കട്ടിൽത്തലക്കൽ അവനിരിക്കുന്നു. മുറിയിൽ പടരുന്ന സി ഗ രറ്റ് ഗന്ധം. അവന്റെ മിഴികളിൽ വിജുഗീഷുവിന്റെ തിളക്കം. പതിയെ അരികിലെത്തി അവൻ നെറ്റിയിൽ ചുംബിച്ചു.

“വേഗം വസ്ത്രം ധരിക്കൂ, കൂട്ടുകാരന്റെ വീട്ടുകാർ വരാറായി..”

അവന്റെ ചുംബനത്തിന് നേരത്തെയുണ്ടായിരുന്ന താപമില്ലായിരുന്നു.

12 – 12 – 2019

പുഞ്ചിരി പൊഴിച്ച പൂവിലെ വഞ്ചനയുടെ ലാഞ്ചന തിരിച്ചറിയാതെ പോയി…സ്വന്തം അപരാധം. ബ്ലോക്ക് ഓപ്ഷനുകൾക്ക് ഹൃദയബന്ധങ്ങളേ ഭേദിക്കാൻ കഴിയും എന്നത് അതിശയകരമായി തോന്നുന്നു. ആർക്കായിരുന്നു ഹൃദയബന്ധം.? സ്വന്തം അസംബന്ധത്തെ എങ്ങനെ ഹൃദയ ബന്ധമെന്നു പേരു ചൊല്ലി വിളിക്കാൻ സാധിക്കും? അവൻ പോയത്രേ, ഏഴു കടലും കടന്ന്, പ്രവാസിയായി. അവന്റെ വിവാഹം നിശ്ചയം കഴിഞ്ഞുവത്രേ. അപരിചിതയായ പ്രിയപ്പെട്ട ആ പെൺകുട്ടിയോട് അവൻ ഇപ്പോൾ സംസാരിക്കുമ്പോൾ അറിവിന്റെയും, സാഹിതിയുടേയും മുത്തുകൾ ചിതറുന്നുണ്ടാകും. അവൾക്ക് നന്മ വരട്ടേ.

പോകണം, ഏഴു കടലും കടന്ന്, കൽപ്പതരുക്കളും, പാരിജാതങ്ങളും പൂക്കുന്ന, സ്വർണ്ണനദിയൊഴുകുന്ന താഴ്‌വരകളുള്ള ആ ലോകത്തേക്ക്, ആരുമറിയാതെ.

വായന നിന്നു. ഡയറിയും പിടിച്ച്, എത്ര നേരം നിന്നുവെന്ന് തീർച്ചയില്ല. വിറക്കുന്ന കൈകളാൽ അതിനേ വീണ്ടും ഷെൽഫിൽ നിക്ഷേപിച്ച് നിവേദിതയുടെ അമ്മ പറഞ്ഞു.

“വരൂ, മോളെ….താഴേക്കു പോകാം. ആ അക്ഷരങ്ങൾ മോളുടെ മനസ്സിൽ കുഴിച്ചുമൂടണം.”

അവർ വാതിൽക്കലേക്കു നടന്നു. അറിയാതെ മിഴികൾ മുകളിലേക്കുയർന്നു. മുറിയുടെ ഒത്ത നടുക്കുള്ള സീലിംഗ് ഫാനിന്റെ ഒരില വളഞ്ഞു പോയിരിക്കുന്നു. ഏറെ നേരം തൂങ്ങിപ്പിടഞ്ഞ ഭാരത്തിന്റെ പരണിത ഫലം. പാൽവെളിച്ചമണഞ്ഞു. മുറി ചാരുമ്പോൾ, അകത്തെ ഇരുട്ടിൽ വീണ്ടും ഊഷ്മളത നിറഞ്ഞു.

നിവേദിതയുടെ തപ്തനിശ്വാസങ്ങളുടെ ഊഷ്മളത. വാതിലുകളടഞ്ഞു, ഹരിത പടവുകളിറങ്ങുകയായി…..