ഉയിരുകൾ അലിയുന്നുവോ…
Story written by Ammu Santhosh
================
“നിങ്ങൾ ഇവിടെ സ്ഥിരതാമസമാണോ?” പ്രവീൺ നകുലനോട് ചോദിച്ചു
പതിവായി രാവിലെ നടക്കാൻ പോകുമ്പോൾ കണ്ടു മുട്ടി സുഹൃത്തുക്കളായവരാണവർ. ഏറ്റവും വലിയ തമാശ എന്താ എന്ന് വെച്ചാൽ അവർ തമ്മിൽ ഒരു ഇരുപത്തിയഞ്ചു വയസ്സിന്റെ വ്യത്യാസം ഉണ്ടെന്നുള്ളതാണ്. അത് പക്ഷെ അവരുടെ സൗഹൃദത്തെ ഒട്ടും ബാധിച്ചില്ല.
“അതെ എന്റെ മകൻ ജനിച്ചത് ഇവിടെയാണ്. പക്ഷെ അറിയാമല്ലോ I am an army man..റിട്ടയർ ചെയ്യും വരെ ഒരിടത്തും സ്ഥിരമല്ല. ഇവിടെ വൈഫിന്റെ സ്ഥലമാണ്. ഒടുവിൽ ഞങ്ങൾ ഇവിടെ സെറ്റിൽ ചെയ്യാൻ ഡിസൈഡ് ചെയ്തു. ഇപ്പൊ മകൻ അവധിക്ക് വന്നിട്ടുണ്ട്. ഒരു ദിവസം വീട്ടിൽ വരൂ “
അവൻ തലയാട്ടി.
അവൻ ട്രാൻസ്ഫർ ആയി വന്നതായിരുന്നു അവിടെ.
അച്ഛനും അമ്മയും അനിയത്തിയും ഭാര്യയും അവന്റെയൊപ്പം ഉണ്ടായിരുന്നു.
വീട്ടിൽ ചെല്ലുമ്പോൾ എല്ലാ വിശേഷങ്ങളും പറയുന്ന കൂട്ടത്തിൽ ഇതും പറഞ്ഞു അവൻ
“അടുത്താണ് അച്ഛാ..ദേ വളവ് തിരിഞ്ഞാൽ അങ്കിളിന്റെ വീടാണ്. നമുക്ക് ഒരു ദിവസം പോകണം “
മനോഹരമായ ഒരു വീടായിരുന്നു അത്….നിറച്ചും ചെടികൾ…പൂക്കൾ
“ഇത് അച്ഛൻ, അമ്മ കല്യാണി, എന്റെ അനിയത്തി, ഇത് ഗായത്രി വൈഫ്..”
പ്രവീൺ അവരെ പരിചയപ്പെടുത്തി. നകുലനും ഭാര്യ ഭാമയ്ക്കും വലിയ സന്തോഷം ആയി. സാധാരണ അതിഥികൾ ഉണ്ടാവാറില്ല അവർക്ക്.
കല്യാണി വെറുതെ ചുറ്റി നടക്കവേ ഗേറ്റ് തുറന്ന് ഒരു നായ കുരച്ചു കൊണ്ട് അവൾക്ക് നേരേ വന്നു. തീരെ പേടിയില്ലാതെ അവൾ അതിന് നേരേ വിരൽ ഞൊടിച്ചൊരു ശബ്ദം ഉണ്ടാക്കി
“Christi calm…” എന്നൊരു ശാസന കേട്ട് അവൾ അതിന്റെ ഉടമയെ നോക്കി
നന്നേ വെളുത്തു മെലിഞ്ഞ നീല കണ്ണുള്ള ഒരു ചെറുപ്പക്കാരൻ. കല്യാണി ഒരു മുഴുവൻ നിമിഷവും അവനെ നോക്കി നിന്നു. അടച്ചിട്ട ഹൃദയജാലകങ്ങൾ തുറന്ന് ഒറ്റ നിമിഷം കൊണ്ടവൻ അകത്തു കടന്നു.
“Who are you?” അവൻ ചോദിച്ചു
“ഞാൻ…ഞാൻ…ദേ ഇവരുടെ കൂടെ വന്നതാ ” വെളിയിലേക്ക് വന്ന പ്രവീണിന്റെ കയ്യിൽ അവൾ കൈ ചുറ്റി
“ഹായ്..” പ്രവീൺ ചിരിച്ചു
“ഹലോ..സോറി എനിക്ക് മനസിലായില്ല “
“മോനെ ഇത് പ്രവീൺ. അച്ഛന്റെ ഫ്രണ്ട്. ഇതെന്റെ മകനാണ്. നിഹാൽ. ആർമിയിൽ ഡോക്ടർ ആണ്. ഇപ്പൊ കുറച്ചു ദിവസം ഹോളിഡേയ്‌സിന് വന്നതാണ്. ഏത് നിമിഷവും പോകും “
പ്രവീൺ അവന് ഹസ്തദാനം നൽകി
“ഞാൻ കല്യാണി..പ്രവീണിന്റെ അനിയത്തി.”
കല്യാണി പെട്ടെന്ന് പറഞ്ഞു. എല്ലാരും ചിരിച്ചു പോയി
നിഹാൽ പൊതുവെ ഉൾ വലിഞ്ഞ പ്രകൃതമാണ് എന്നത് കല്യാണിയെ തെല്ലും ബാധിച്ചില്ല. അവൾ യാതൊരു ഔപചാരികതയും കാട്ടാതെ അവിടേക്ക് ചെല്ലും. എല്ലാ മുറികളിലും കയറി ഇറങ്ങും. നിഹാൽനൊപ്പം ബാറ്റ്മിന്റൻ കളിക്കും. ഭാമയ്ക്ക് ഒപ്പം അടുക്കളയിൽ പരീക്ഷണം നടത്തും. നകുലനും ഭാമയ്ക്കും അവളെ വളരെ പെട്ടെന്ന് ഇഷ്ടമായി.
“നിഹാൽ…പുറത്ത് പോകാറില്ലേ?” അവൾ ഒരു ദിവസം അവനോട് ചോദിച്ചു
അവൻ അവളെ സൂക്ഷിച്ച് ഒന്ന് നോക്കി
തന്നെക്കാൾ പത്തു വയസ്സ് ഇളയതാവും. ചെറിയ കുട്ടിയാണ്. വിളിക്കുന്നത് കേട്ടില്ലേ നിഹാൽ പോലും.
“ഉണ്ടെങ്കിൽ..?”
“ഞാനും വരാം..” അവൾ കുസൃതിയിൽ ചിരിച്ചു
“ഏട്ടൻ കൊണ്ട് പോകില്ലേ?”
“ഏട്ടൻ ഭയങ്കര സ്ട്രിക്ട് ആണ്. അതിൽ കയറരുത്, ഇതിൽ കയറരുത്, അങ്ങോട്ട് പോകരുത് അവിടെ നോക്കരുത്..ഒരു രസോല്ല..എനിക്ക് സ്കൈ ഡൈവിങ് ഇഷ്ട..ഒന്ന് കൊണ്ട് പോവോ?”
“നീ പേടിക്കും “
“Tandem ജമ്പ് മതി അതാവുമ്പോൾ നിഹാലിനും ഒപ്പം ചാടാല്ലോ “
അവൾ ചിരിച്ചു
“ഞാൻ കണ്ടു നിഹാൽ സ്കൈ ഡൈവിങ് നടത്തിയ ഫോട്ടോസ്..എക്സ്പീരിയൻസ്ഡ് ആണല്ലോ പിന്നെ എന്താ? പ്ലീസ് പ്ലീസ്.”
അവൻ വീണ്ടും മടിച്ചു
“അതിനെന്താ നിഹാൽ? കല്യാണിയുടെ ഒരു ആഗ്രഹം അല്ലെ? കൊണ്ട് പൊ “
ഭാമ സ്നേഹത്തോടെ പറഞ്ഞു
എവിടെ എത്തുമ്പോളും നിഹാൽ കരുതിയത് അവസാനനിമിഷം അവൾ പിന്മാറുമെന്നാണ്. പക്ഷെ അവളുടെ മുഖത്ത് കണ്ട ആവേശം അവനെ അതിശയിപ്പിച്ചു കളഞ്ഞു.
ആകാശത്ത് ഒരു പക്ഷിയെ പോലെ പറക്കുമ്പോൾ അവൾ ഉറക്കെ കൂവി വിളിച്ചു.
“നിഹാൽ” എന്ന് ഉറക്കെ വിളിച്ചു കൊണ്ട് അവൾ ദൂരേയ്ക്ക് കൈ ചൂണ്ടി
“നമ്മൾ മേഘങ്ങൾക്കിടയിലാണ് നിഹാൽ…..” അവളുടെ ആഹ്ലാദതളളിച്ച നിറഞ്ഞ ആർപ്പുവിളികൾ അവൻ കൗതകത്തോടെ ഉറ്റുനോക്കി.
ഭൂമിയിൽ ഇറങ്ങി ബെൽറ്റുകൾ അഴിച്ചു മാറ്റിയ ഉടനെ കല്യാണി നിഹാലിനെ കെട്ടിപിടിച്ചാ കവിളിൽ ഉമ്മ വെച്ചു.
“താങ്ക്യൂ സൊ മച്ച് നിഹാൽ..” നിഹാൽ ഒന്നമ്പരന്നെങ്കിലും പെട്ടെന്ന് പുഞ്ചിരിച്ചു
“പോകാം “
“ഏട്ടനോട് പറയണ്ട ” അവൾ പറഞ്ഞു
“പറയും “
“വേണ്ട, വഴക്ക് പറയും “
അവളുടെ മുഖം വാടി. പലപ്പോഴും നിഹാൽ ശ്രദ്ധിച്ചിട്ടുണ്ട് അവളെ പ്രവീൺ ഒരു പാട് നിയന്ത്രിക്കുന്നത്.
“നിന്റെഏട്ടൻ എന്താ ഇങ്ങനെ?”
“ഏട്ടൻ പാവാ..എനിക്ക് എന്തെങ്കിലും ആയിപോയാലോ എന്ന് കരുതിയാ ” അവൻ നേർത്ത ഞെട്ടലോടെ നോക്കി
“നിനക്ക് എന്താവാൻ?”
“പത്തിൽ പഠിക്കുമ്പോ ഒരു പനി വന്നതാ എനിക്ക്…തലച്ചോറിന് ഇൻഫെക്ഷൻ ആയി. എല്ലാരും കരുതിയത് ഞാൻ പോയിന്നാ..ആറു മാസം കഴിഞ്ഞാ കണ്ണ് തുറന്നെ…അപ്പൊ ഒരു കുഴപ്പം. ആരെയും ഓർമ ഇല്ല. കുറെ നാൾ അങ്ങനെ പോയി..”
അവൻ തറഞ്ഞു നിന്ന് പോയി
“ഓർമ്മകൾ ഒക്കെ ഇപ്പോഴും മാഞ്ഞും മങ്ങിയും കിടപ്പാ..പിന്നെ ഞാൻ പഠിച്ചിട്ടില്ല. ഒന്നുമെന്റെ ഓർമയിൽ നിൽക്കില്ല. ചിലപ്പോൾ കുഞ്ഞ് പനിയൊക്കെ വരുമ്പോൾ ഈ ഓർമ വീണ്ടും അങ്ങ് പോകും..പിന്നെ ഫോട്ടോസ് ഒക്കെ നോക്കി ഇത് അച്ഛൻ ഇത് അമ്മ…ഏട്ടൻ “
അവളുടെ ഒച്ച ഇടറി
“നിഹാലിനെയും ചിലപ്പോൾ ഞാൻ മറന്നു പോകുമായിരിക്കുമല്ലേ? നിഹാലിന്റെ ഫ്രണ്ട്സ് എടുത്ത നമ്മുടെ സ്കൈ ഡൈവിങ് ഫോട്ടോസ് എനിക്ക് തരണം. നിഹാലിനെ എനിക്ക് മറക്കണ്ട “
അവളുടെ കണ്ണുകൾ നിറഞ്ഞു
“നിഹാലിനെ എനിക്ക് ഒരിക്കലും മറക്കണ്ട ” അവൾ പെട്ടെന്ന് വിങ്ങി കരഞ്ഞു കണ്ടവനെ കെട്ടിപിടിച്ചു.
നിഹാൽ സ്തംഭിച്ചു നിന്ന് പോയി. കല്യാണിക്ക് ഇങ്ങനെ ഒരിഷ്ടം ഉണ്ടായിരുന്നു എന്ന് അവനറിയില്ലായിരുന്നു.
അല്ലെങ്കിലതവന് മനസിലായിരുന്നില്ല.
പക്ഷെ അവനറിയാതെ അവളെ ചേർത്ത് പിടിച്ചു. കണ്ണീര് തുടച്ചു
“നമുക്ക് പോകാം ” അവൻ നടന്നു തുടങ്ങി
വീണ്ടും പലയിടങ്ങളിൽ അവനവളെ കൊണ്ട് പോയി. പുഴയിൽ, കാട്ടിൽ, കടൽതീരങ്ങളിൽ. ഒരു പകൽ നീണ്ട കൊച്ചു സഞ്ചാരങ്ങൾ. അവന്റെ ബുള്ളറ്റിൽ അവനോട് ചേർന്നിരുന്ന് അവൾ കണ്ട കാഴ്ചകളോളം ഭംഗിയിതിനുമുൻപ് ഒന്നിനും ഉണ്ടായിട്ടില്ലന്നവളോർത്തു.
അവനും അത് പോലെ തന്നെയായിരുന്നു. ഒരു വ്യത്യാസം.
കാഴ്ചകൾക്കല്ലായിരുന്നു ഭംഗി. ഭംഗി അവൾക്കായിരുന്നു. നക്ഷത്രക്കണ്ണുകൾ വിടർത്തിയുള്ള അവളുടെ ചിരികൾക്ക്, നുണക്കുഴി വിരിയുന്ന അവളുടെ ചുവന്ന കവിൾത്തടങ്ങൾക്ക്, ചെറുകാറ്റിൽ പോലും മുഖത്തേക്ക് പാറി വീഴുന്ന അവളുടെ മുടിയിഴകൾക്ക്, ഓമനത്തം നിറഞ്ഞ കുഞ്ഞ് കുസൃതി കുറുമ്പുകൾക്ക്…അങ്ങനെ കല്യാണി ഒരു ഭ്രാന്ത് പോലെ അവനിൽ നിറഞ്ഞു
“Nihal is addicted tokalyani ” അവൻ ഉറക്കെ പറഞ്ഞു
അവൾ ഒന്ന് തിരിഞ്ഞു നോക്കി. ഒരു ചെറിയ കുന്ന് കയറുകയായിരുന്നു അവർ.
“എന്താ?”അവൾ ചിരിച്ചു
“I am madly in love with you kalyani ” അവൾ നിന്നു.
ആ പകലിൽ അവളുടെ കൺപീലിക്കു മുകളിൽ ഉമ്മ വെച്ച് അവന്റെയിഷ്ടം അവൻ അറിയിച്ചു കൊടുത്തു..ഞാൻ നിന്റെ മാത്രം ആണെന്ന് ഞാവൽ പഴത്തിന്റെ സ്വദുള്ള അവളുടെ ചുണ്ടുകളോട് അവൻ അടക്കം പറഞ്ഞു.
എല്ലാമെല്ലാം എല്ലാവരോടും പറയാമെന്നു തീരുമാനിച്ച ദിവസം രാത്രി എമർജൻസി കാൾ വന്ന് അവന് തിരിച്ച് ആർമിയിലേക്ക് പോകേണ്ടി വന്നു.
കല്യാണിയുടെ ഓർമ്മകൾ അവന്റെയുള്ളിൽ നിറഞ്ഞു നിന്നു.
നിഹാൽ എന്ന വിളിയൊച്ച അവന്റെ കാതിൽ മുഴങ്ങി കൊണ്ടിരുന്നു.
പക്ഷെ വിളിക്കുമ്പോഴൊന്നും കല്യാണിയുടെ ഫോൺ കിട്ടുന്നുണ്ടായിരുന്നില്ല
“പ്രവീണിന്റെ നമ്പർ ഒന്ന് തരണേ അച്ഛാ കല്യാണിയെ വിളിച്ചു കിട്ടുന്നില്ല ” ഒരു ദിവസം മടിച്ചു മടിച്ച് അവൻ അച്ഛനോട് ഫോണിൽ ചോദിച്ചു.
“മോനെ..അവർ പോയി..നീ പോയതിന്റെ പിറ്റേന്ന് ആ കുട്ടിക്ക് എന്തൊ വയ്യാതായി. അവർ പോകുന്നുവെന്ന് പ്രവീൺ ജസ്റ്റ് ഒന്ന് ഫോൺ ചെയ്തു പറഞ്ഞു. പിന്നെ വിളിച്ചിട്ടില്ല. അങ്ങോട്ട് വിളിച്ചിട്ട് സ്വിച്ച് ഓഫ് .”
അവൻ തളർച്ചയോടെ അങ്ങനെ നിന്നു. പെട്ടെന്ന് ഓടി പോകാവുന്ന തരം ജോലിയല്ല തന്റെ. അവന്റെ ഹൃദയത്തിൽ ഒരു പേടി നിറഞ്ഞു
രണ്ടു മാസങ്ങൾ കഴിഞ്ഞു പോയി…
വീടിന്റെ മുറ്റത്ത് ചരലുകൾ പാകിയിരുന്നു. ഒതുക്കുകല്ലുകൾ ചവിട്ടി നിഹാൽ മുറ്റത്തേക്ക് കയറി
വാതിൽ തുറന്നത് ഗായത്രി ആയിരുന്നു
“നിഹാൽ..?” അവൾ അതിശയത്തിൽ ഉറക്കെ പറഞ്ഞു പോയി
“പ്രവീൺ…ദേ ഇത് ആരാണെന്ന് നോക്കു. നിഹാൽ വരൂ. കയറി ഇരിക്ക് “
അവൾ വീണ്ടും പറഞ്ഞു
പ്രവീൺ അകത്തു നിന്ന് വന്നു
“അത്ഭുതം ആണല്ലോ വീട് എങ്ങനെ കണ്ടു പിടിച്ചു?”
“കല്യാണി പറഞ്ഞ അറിവ് വെച്ച് ഒന്നുഹിച്ചു വന്നതാണ്. കല്യാണിയുടെ ഫോൺ കംപ്ലയിന്റ് ആണോ?”
പ്രവീണിന്റെ മുഖം ഒന്ന് മങ്ങി. അവൻ പതർച്ചയോടെ ഗായത്രിയെ നോക്കി.
“അത്..അവൾക്ക് നല്ല സുഖമില്ല. ട്രീറ്റ്മെന്റ് നടക്കുന്നുണ്ട്..ഞാനാണ് ഫോൺ മേടിച്ചു ഓഫ് ചെയ്തു വെച്ചത് “
കല്യാണിയെ ഒന്ന് കണ്ടോട്ടെ എന്ന് ചോദിക്കാൻ ആഞ്ഞതും മുന്നിൽ അവൾ
അവൾ ഓടി വന്നവന്റെ കയ്യിൽ മുറുകെ പിടിച്ചു
“നിഹാൽ…എപ്പോ വന്നു?” പ്രവീൺ അമ്പരപ്പോടെ ഗായത്രിയെ നോക്കി. തങ്ങളെ പോലും ഇത്തവണ വയ്യായ്ക വന്നപ്പോൾ മറന്ന കുട്ടിയാണ്.
“എങ്ങനെ വന്നു? ലഡാക്കിൽ നിന്ന് നേരേ ഇങ്ങോട്ട് വന്നോ?” അവൾ വീണ്ടും ചോദിച്ചു
നിഹാലിന്റെ ഉള്ളു തണുത്തു
മങ്ങി പോയ ഓർമകളിൽ ഇനിയും മറക്കാതെ താനുണ്ട്. താൻ ജോലി ചെയ്യുന്ന സ്ഥലമുണ്ട്. തന്നെ കുറിച്ച് എല്ലാം ഉണ്ട്. അവൾ തന്നെ മറന്നില്ല.
അവൻ ആ ശിരസ്സിൽ ഒന്ന് തൊട്ടു.
“സുഖമല്ലേ?”
“ഉം “
“നിഹാൽ ഇരിക്ക് കുടിക്കാൻ എടുക്കാം ” പ്രവീൺ പറഞ്ഞു
“പ്രവീൺ…ഞാൻ..ഞാൻ കല്യാണിയെ ആർമി ഹോസ്പിറ്റലിൽ കൊണ്ട് പോയി ചികിൽസിക്കട്ടെ?”ചായ കുടിച്ചു കൊണ്ടിരിക്കുമ്പോൾ അവൻ ചോദിച്ചു
പ്രവീൺ പതർച്ചയോടെ അവനെ നോക്കി
“എനിക്ക് എല്ലാം അറിയാം. കല്യാണി പറഞ്ഞിട്ടുണ്ട്. എനിക്ക്..എനിക്ക് തന്നേക്കാമോ കല്യാണിയെ? എന്റെ ആയിട്ട്? ഞാൻ നോക്കിക്കോളാം. “
അതിൽ കൂടുതൽ ചോദിക്കാനും പറയാനും കൂടുതൽ ഒന്നുമുണ്ടായിരുന്നില്ല. പ്രവീൺ അവന്റെ ചുമലിൽ മെല്ലെ തൊട്ടു .പിന്നെ കൈകളിൽ കൈകൾ ചേർത്ത് അമർത്തി പിടിച്ചു.
വിവാഹം ലളിതമായിരുന്നു.
നിഹാലിനു ലീവ് ഇല്ലാതിരുന്ന കൊണ്ട് അന്ന് തന്നെ അവർ ജോലി സ്ഥലത്തേക്ക് തിരിച്ചു. ട്രെയിനിൽ അവരുടെ കുപ്പെയിൽ അവർ ഒറ്റയ്ക്കായിരുന്നു. അവനവളെ മടിയിലേക്ക് ചേർത്ത് ഇരുത്തി.
“എന്താ ഇക്കുറി എന്നെ മാത്രം മറക്കാതിരുന്നത് ?” അവൻ മൂക്കിൽ നുള്ളി കുസൃതിയിൽ ചോദിച്ചു
അവൾ നിറകണ്ണുകളോടെ ബാഗിൽ നിന്ന് ഒരു ഡയറി നീട്ടി. അവൻ അത് മറിച്ചു നോക്കി.
അവർ ഒന്നിച്ചുണ്ടായിരുന്ന ഓരോ ദിവസങ്ങളും, ഓരോ മണിക്കൂറുകളും എഴുതിയിട്ടുണ്ട്
ഓരോ പേജിലും ഒന്നിച്ചുള്ള ചിത്രങ്ങൾ വരച്ചിരിക്കുന്നു…
“വീണ്ടും വയ്യാതെ വന്നപ്പോ ഈ മുഖം മറന്ന് പോകരുതെ ദൈവമേ എന്ന് ഞാൻ പ്രാർത്ഥിച്ചിരുന്നു. ഓരോ ദിവസവും ഇത് നോക്കി നോക്കി…പുതിയ ചിത്രങ്ങൾ വരച്ച് വരച്ച്..ഓർമ്മ മാഞ്ഞു പോകാതെ..”
അവൾ പാതിയിൽ നിർത്തി. അവൻ അമ്പരപ്പിൽ ആ മുഖത്ത് നോക്കി
“ഞാൻ വന്നില്ലായിരുന്നെങ്കിൽ?” അവന്റെ ശബ്ദം ഇടറി
“ഞാൻ കാത്തിരിക്കും. എന്റെ മരണം വരെ…ഡയറികളുടെ എണ്ണം കൂടും. അതിലെ നിഹാലിന്റെ ചിത്രങ്ങൾക്ക് പ്രായം കൂടും. നിഹാൽ വയസ്സാകും. ഞാനും. എങ്കിലും നമ്മൾ ഒന്നിച്ചാകും ” അവൻ കണ്ണീരോടെ അവളുടെ മുഖത്ത് മുഖം അമർത്തി.
“എന്റെ പ്രാണനെ…” അടക്കി പറഞ്ഞു കൊണ്ട് അവനവളെ തീവ്രമായി ചുംബിച്ചു. ശ്വാസം മുട്ടും വിധം..ഭ്രാ ന്തമായി…
പ്രണയത്തിന്റെ ഭ്രാന്ത് പകുത്തെടുക്കുന്നവർക്കറിയാം അത് മരണത്തോളം ഒപ്പമുണ്ടാകുന്നയൊന്നാണന്ന്.
ഒറ്റയ്ക്കാവാനും ഒറ്റയ്ക്കാക്കാനും അതിന് കഴിയില്ലെന്നും…
~Ammu Santhosh