ഒരുമിച്ചു ജീവിക്കേണ്ടിയിരുന്നവർ
Story written by Remya Bharathy
====================
“അമ്മേ…”
ആ വിളി അവളിൽ ഞെട്ടലുണ്ടാക്കിയത് ആ ശബ്ദം എവിടെയോ കേട്ടു മറന്നത് പോലെ ആയത് കൊണ്ട് മാത്രമായിരുന്നില്ല, ഉള്ളിൽ എവിടെയോ ആരോ ചോദിക്കുന്നുണ്ടായിരുന്നു, ഇനി എന്നെ അങ്ങനെ വിളിക്കാൻ ആരും ഇല്ലല്ലോ. എന്നെ ആവില്ല വേറെ ആരെയെങ്കിലും ആവും. ഇങ്ങനെയൊക്കെ ചിന്തിച്ചു അവൾ സംസാരം തുടർന്നു.
വർഷങ്ങൾക്ക് ശേഷമാണ് നാട്ടിലേക്ക്. ആ ദുരന്തത്തിന് ശേഷം നാട്ടിൽ നിൽക്കാനുള്ള ശക്തി അവൾക്കുണ്ടായിരുന്നില്ല.
കാണുന്നവർക്കും പരിചയമുള്ളവർക്കും എല്ലാം അസൂയ തോന്നുന്ന ജീവിതമായിരുന്നു അവളുടെ. സ്നേഹനിധിയായ ഭർത്താവും മിടുക്കനായ ഒരു മകനും. ആ കുഞ്ഞു കുടുംബത്തിൽ എന്നും സന്തോഷമായിരുന്നു. എന്നും ആഘോഷമായിരുന്നു.
പ്രണയിച്ചു വിവാഹം കഴിച്ചവർ ആയിരുന്നു അവർ. പഠിക്കുന്ന പ്രായം തൊട്ടേ പ്രണയിച്ചവർ. പക്ഷെ വീട്ടുകാർ സമ്മതിച്ചില്ല. എതിർപ്പിനെ അവഗണിച്ചു, ഒരുമിച്ചു ജീവിക്കാൻ തുടങ്ങിയപ്പോൾ, മുതൽക്കൂട്ടായി സ്നേഹവും വാശിയും മാത്രമായിരുന്നു.
ഒരുപാട് കഷ്ടപ്പെട്ട് അവർ സ്വപ്നം പോലെയുള്ള അവരുടെ ജീവിതം കെട്ടിപ്പൊക്കി. പക്ഷികൾ കൂടു കൂട്ടുന്നത് പോലെ കൂടൊരുക്കി. അവരുടെ സന്തോഷത്തിലേക്ക് അവൻ കൂടെ എത്തിയപ്പോൾ അവർ ദൈവത്തോട് പ്രാർത്ഥിച്ചു ഈ സന്തോഷങ്ങൾ എന്നും നിലനിർത്തണെ എന്ന്.
കുഞ്ഞു കുടുംബമായി പോയതിന്റെ സങ്കടം എന്നും അവൾക്ക് ഉണ്ടായിരുന്നു. പക്ഷെ അവനു ശേഷം ഒരു കുഞ്ഞു അവർക്കുണ്ടായില്ല. അവരുടെ ലോകം അവനിലേക്ക് ചുരുങ്ങി.
അവൻ കോളേജിൽ ചേരാൻ പോയപ്പോൾ അവൾ ഓർമ്മിപ്പിച്ചു. നല്ലോണം കണ്ണും മനസ്സും തുറന്നു നോക്കിക്കോ എന്റെ മരുമകൾ ആ ക്യാമ്പസിൽ ഉണ്ടോ എന്ന്.
അമ്മക്ക് വട്ടാണെന്നു പറഞ്ഞ് അച്ഛനും മോനും കൂടെ അവളെ കളിയാക്കി…
‘നിങ്ങള് രണ്ടും കളിയാക്കിക്കോ എന്റെ ഏറ്റവും വലിയ ആഗ്രഹമാണ് ഒരു പെണ്കുട്ടി. എനിക്കോ ദൈവം തന്നില്ല, ഇനി ആകെ ഒരു പ്രതീക്ഷ നിന്റെ ഭാര്യയായി ഒരു പെണ്കുട്ടി വരുന്നത് മാത്രമാണ്. അത് മാത്രമല്ല. എനിക്ക് ഈ ലോകത്തിന് മുഴുവൻ ഏറ്റവും അടിപൊളി അമ്മയിയമ്മയായി കാണിക്കണം. ഈ നാട്ടുകാര് പറയുന്നത് പോലെ ഒന്നും അല്ല മരുമകൾ അമ്മായിയമ്മ ബന്ധം എന്ന് എനിക്ക് എല്ലാരേം കാണിക്കണം.’
അച്ഛനും മോനും ചിരിച്ചു.
പഠിത്തം കഴിയുന്നത് വരെയും അവൾ മോനോട് ചോദിച്ചുകൊണ്ടേ ഇരുന്നു. അമ്മക്ക് വേറെ ഒന്നും ചോദിക്കാനില്ലേ എന്നു ചോദിച്ച് അവൻ അവളുടെ വായടച്ചു.
ക്യാംപസ് സെലക്ഷൻ കഴിഞ്ഞു ജോലിക്ക് കേറാനായി ബാംഗ്ലൂരിലേക്ക് പോകുന്നതിന്റെ തലേ ദിവസമാണ് അവൻ ആ രഹസ്യം അമ്മയോട് പറഞ്ഞത്.
ചെറുപ്പം തൊട്ടേ അവന്റെ കൂടെ പഠിച്ച കളിക്കൂട്ടുകാരിയുമായി അവൻ സ്നേഹത്തിലാണെന്ന രഹസ്യം.
ഒരേ സമയം തുള്ളിച്ചാടുകയും പരിഭവം പറയുകയും ചെയ്തു അവൾ.
എന്നാലും ഇത്രേം കാലം നീയിത് മറച്ചു വെച്ചില്ലേ…ഇത്രേം വട്ടം ഞാൻ ചോദിച്ചിട്ടും എന്നോടും അച്ഛനോടും പറയാൻ തോന്നിയില്ലല്ലോ എന്ന ചോദ്യത്തിന് മറുപടി പറഞ്ഞത് അച്ഛനായിരുന്നു.
ചിന്നുവിന്റെ കാര്യം എനിക്ക് അറിയാമായിരുന്നു. എന്നോട് അവൻ സൂചിപ്പിച്ചിരുന്നു. പക്ഷെ നിന്നോട് പറയാഞ്ഞത് അവന്റെ ഒരു നിശ്ചയമില്ലായ്മ കൊണ്ടാണ്.
അവർക്കിടയിൽ ഉള്ള അടുപ്പം സീരിയസ് ആണോ എന്ന് അവർക്ക് തന്നെ ഉറപ്പില്ലായിരുന്നു. നീ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ഒരാൾ, അത് തെറ്റായി പോവരുത് എന്ന് അവനായിരുന്നു നിർബന്ധം.
ചിന്നു തന്നെ ആണ് ‘അമ്മ കാത്തിരിക്കുന്ന മരുമകൾ അല്ലേൽ മകൾ എന്ന് അവന് സ്വയം ഉറപ്പിക്കാൻ സമയം വേണമായിരുന്നു. നിന്നോട് പറഞ്ഞിരുന്നെങ്കിൽ പിന്നീട് അവന് ആ തീരുമാനത്തിൽ മാറ്റം വരുത്താൻ പറ്റുമായിരുന്നില്ല എന്ന പേടി.
‘ഓഹോ അപ്പൊ രണ്ടാളും കൂടെ എന്നെ പുറത്താക്കി ല്ലേ’. അവളുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു. കണ്ണുകൾ തുളുമ്പാൻ തുടങ്ങി. അച്ഛനും മകനും കൂടെ ഒരു കുഞ്ഞിനെ എന്ന പോലെ അവളെ ചുറ്റി പിടിച്ചു.
രണ്ടു പേരെയും തള്ളി മാറ്റി അവൾ പറഞ്ഞും രണ്ടാളും എന്നോട് മിണ്ടണ്ട. നാളെ ഞാനില്ല നിങ്ങളുടെ കൂടെ ബാംഗ്ലൂർക്ക്. രണ്ടാളും കൂടെ പോയാൽ മതി എന്നു പറഞ്ഞ് അവൾ പിണങ്ങി.
പിറ്റേന്ന് പോകാൻ നേരത്തും അവർ വിളിച്ചു. അവൾ കൂട്ടാക്കിയില്ല.
അവരോട് പരിഭവം കാട്ടിയെങ്കിലും അവൾ ഉള്ളിൽ സന്തോഷിച്ചു.
ആദ്യം അമ്പലത്തിൽ പോകണം. നേർന്ന വഴിപാടുകൾ നടത്തണം. പിന്നെ ഇവര് രണ്ടുപേരും ഇല്ലാതെ മോളെ ഒറ്റക്കൊന്നു പോയി കാണണം. ഇന്ന് അവരുടെ കൂടെ പോയാലും മനസ്സ് അവിടെ നിൽക്കില്ല.
അവർ ഇറങ്ങിയ ഉടനെ അവൾ ചിന്നുവിനെ വിളിച്ചു. ആ വിളി പ്രതീക്ഷിച്ച പോലെയായിരുന്നു ചിന്നു സംസാരിച്ചത്. അറിഞ്ഞാലുടനെ അമ്മ വിളിക്കും എന്ന് അവൻ പറഞ്ഞിരുന്നു എന്ന് ചിന്നു പറയുമ്പോൾ രണ്ടാളും നിറകണ്ണുകളോടെ ചിരിക്കുന്നുണ്ടായിരുന്നു.
‘എന്റെ കൂടെ അമ്പലത്തിലേക്ക് വരുമോ ചിന്നൂ?’ എന്നു ചോദിച്ചപ്പോൾ ഉത്തരത്തിന് പ്രസക്തിയില്ലാത്തവണ്ണം അവർ തമ്മിൽ അടുത്തിരുന്നു.
അമ്പലത്തിൽ വെച്ച് അവർ കാണുന്നത് ആദ്യമായല്ലായിരുന്നു. തീരെ ചെറുപ്പം തൊട്ടേ കണ്ടിട്ടുള്ള കുട്ടി. എത്രയോ വട്ടം അവന്റെ മറ്റു കൂട്ടുകാരുടെ വീട്ടിൽ വന്നിരിക്കുന്നു. എത്രയോ വട്ടം വെച്ചു വിളമ്പിയിരിക്കുന്നു. പക്ഷെ ഇപ്പോൾ തന്റെ മകന്റെ വധുവായി. മകളായി…
ആ കാഴ്ച രണ്ടാൾക്കും വിങ്ങി പൊട്ടുന്ന ഒന്നായിരുന്നു. കെട്ടിപ്പിടിച്ചിട്ടു മതിയാവാത്ത പോലെ. അമ്പലത്തിൽ നിന്ന് നേരെ അവന്റെ വീട്ടിലേക്ക് പോകുന്നു എന്ന് ചിന്നു വീട്ടിൽ വിളിച്ചു അമ്മയോട് പറയുന്നത് കേട്ടപ്പോൾ, സ്വന്തം മനസ്സ് വായിക്കാൻ ഇപ്പഴേ തുടങ്ങിയല്ലോ എന്ന് അവൾ സന്തോഷിച്ചു.
തിരിച്ചു വരുന്ന അച്ഛനു പ്രിയപ്പെട്ട വിഭവങ്ങൾ തയ്യാറാക്കിക്കൊണ്ടിരിക്കുമ്പോളാണ്, ആ ദുരന്തം അവർക്കിടയിലേക്ക് വരുന്നത്…
ഒരു ഫോൺ കോൾ. ഹൈവേ…കാറപകടം…ഹോസ്പിറ്റൽ…കണ്ണിൽ ഇരുട്ട് കേറുന്നത് മാത്രമേ അവൾ അറിഞ്ഞുള്ളൂ.
താങ്ങാൻ ഇല്ലാത്തവർക്ക് തളരാൻ അനുവാദമില്ല’ എന്നു പറയുന്നത് പോലെ, അവൾ പിടിച്ചു നിന്നു. എന്തിനെന്ന് അറിയാത്ത പോലെ. അവർക്കൊപ്പം അവളുടെ ആത്മാവും പോയിരുന്നു. ജീവിച്ചിരിക്കുന്ന ശരീരം എന്തിനു വേണ്ടിയെന്നു തിരിച്ചറിയാതെ അവൾ പകച്ചു നിന്നു
ഒറ്റ ദിവസം കൊണ്ട് എല്ലാം മാറി മറഞ്ഞു. അവൾക്ക് ഒട്ടും പരിചയമില്ലാത്ത ഒരു ലോകത്ത് എത്തിപ്പെട്ട പോലെ ഒരു അവസ്‌ഥ.
‘എന്റെ ഭാഗ്യക്കേടു കൊണ്ടാവും അല്ലെ അമ്മേ ഇങ്ങനെയൊക്കെ… അല്ലേൽ ഞാൻ അമ്മയുടെ ജീവിതത്തിലേക്ക് കയറി വന്ന ദിവസം തന്നെ ഇങ്ങനെയൊക്കെ സംഭവിക്കുമോ?’
ചിന്നുവിനെ ചേർത്തു പിടിച്ചു മൂർധാവിൽ ചുംബിച്ചു കൊണ്ട് അവൾ പറഞ്ഞു. വേണ്ടാത്തതൊന്നും എന്റെ മോള് ചിന്തിക്കണ്ട. ഇതിലൊന്നും എനിക്ക് ഒരു വിശ്വാസവും ഇല്ല. അങ്ങനെയൊക്കെ സംഭവിക്കാൻ ഒരു യോഗമുണ്ടാവും. അതിൽ മോളുടെ തെറ്റൊന്നും ഇല്ല.
നെഞ്ചു പൊട്ടി സ്വയം പഴിച്ചു കരയുന്ന ചിന്നുവിനെ ചേർത്തു പിടിച്ച്, കണ്ണിമ വെട്ടാതെ അവൾ കാവലിരുന്നു. ഇതെല്ലാം സ്വന്തം ഭാഗ്യക്കേടു കൊണ്ടാണെന്ന് ഉരുവിട്ടു കൊണ്ടേ ഇരിക്കുന്ന ചിന്നു എന്തെങ്കിലും അബദ്ധങ്ങൾ ചെയ്താലോ എന്നു അവൾ ഭയന്നു.
ദിവസങ്ങൾ കടന്നു പോയി…
ചിന്നുവിനെ സ്വന്തം വീട്ടിലേക്ക് അയക്കാൻ അവൾക്ക് ഒരുപാട് ബുദ്ധിമുട്ടേണ്ടി വന്നു. ഇനിയുള്ള ചടങ്ങുകൾ ഒറ്റക്ക് ചെയ്യണം എന്നും, ഒരുപാട് അമ്പലങ്ങളിൽ ചെന്ന് ഒറ്റക്ക് പ്രാർത്ഥിക്കണം എന്നും പറഞ്ഞ് അവൾ ഒഴിവുകഴിവ് കണ്ടെത്തി. ചിന്നുവിനെ സ്വന്തം വീട്ടിൽ തിരിച്ച് ഏല്പിക്കുമ്പോൾ, കരച്ചിൽ അടക്കാൻ അവൾ പാടു പെടുന്നുണ്ടായിരുന്നു.
ഇനിയുള്ള ജീവിതം അമ്മയുടെ മകളായി ജീവിക്കാൻ അനുവദിക്കണമെന്ന് കാലു പിടിച്ചു ചിന്നു കരഞ്ഞു പറയുമ്പോഴും, അവൾ പൊട്ടി വീഴാതെ പിടിച്ചു നിന്നു…
നിന്നെ കാണുമ്പോൾ എനിക്കും എന്നെ കാണുമ്പോൾ നിനക്കും ഓർമ വരുന്നത് സങ്കടങ്ങൾ മാത്രമാകും മോളെ. അത് പാടില്ല. ഇത് നമ്മുടെ യോഗമാണ്. അല്ലെങ്കിൽ അന്ന് എനിക്കും കൂടെ അവരുടെ കൂടെ പോകാൻ തോന്നിയാൽ മതിയായിരുന്നു. അവർക്ക് ഈ അപകടം നടക്കുന്ന സമയത്തു പോലും നമ്മൾ അമ്പലത്തിൽ, അവർക്ക് വേണ്ടി പ്രാര്ഥിക്കുകയായിരുന്നു. എന്നിട്ടും ഇത് ഇങ്ങനെ സംഭവിച്ചു എങ്കിൽ, നമുക്ക് തടുക്കാനാവാത്ത എന്തൊക്കെയോ ഉണ്ടെന്നല്ലേ…അത് അംഗീകരിച്ചു മുന്നോട്ട് പോവുക എന്നത് മാത്രമാണ് നമുക്ക് ഇനി ചെയ്യാനുള്ളു.
ഇറങ്ങുന്നതിന് മുന്നേ ചിന്നുവിന്റെ അമ്മയെ മാറ്റി നിർത്തി അവൾ പറഞ്ഞു. അവളെ സൂക്ഷിക്കണം. അവൾ അബദ്ധം ഒന്നും ചെയ്യാതെ നോക്കണം. ഉടനെ എന്നല്ല എന്നാലും അവൾ ഈ ആഘാതത്തിൽ നിന്ന് ഒന്ന് പുറത്തു കടക്കുന്ന കാലത്ത് നല്ല ഒരാളെ കണ്ടു പിടിച്ചു അവളെ കല്യാണം കഴിപ്പിക്കണം. ഞാൻ ഇനി ഈ നാട്ടിലേക്ക് തിരിച്ചു വരില്ല. എല്ലാം വിൽക്കാനായിട്ടു ഏല്പിച്ചിട്ടുണ്ട്. ഞാൻ എവിടേക്ക് പോകുന്നു എന്ന് തൽക്കാലം ആരോടും പറയുന്നില്ല. ഇനി പ്രത്യേകിച്ചു പ്ലാനുകൾ ഒന്നും ഇല്ല എനിക്ക്. ദൈവം എനിക്ക് വേണ്ടി കരുതി വെച്ച നിയോഗം എന്താണെന്ന് വെച്ചാൽ അതു പോലെ നടക്കട്ടെ…
അന്ന് ഈ നാട് വിട്ടതാണ് അവൾ. ഭർത്താവിനോടും മകനോടും ഒപ്പം പോയ ഇടങ്ങൾ, ഒരുമിച്ചു പോകാൻ ആഗ്രഹിച്ച ഇടങ്ങൾ എല്ലായിടവും അവൾ ഒറ്റക്ക് പോയി. ഒരു തീർത്ഥാടനം പോലെ.
ഒടുവിൽ അവൾ അവളുടെ നിയോഗം കണ്ടെത്തി. ദൂരെ ഒരിടത്ത്, ആരുമില്ലാതെയായ ഒത്തിരി പെണ്കുട്ടികളുടെ അമ്മയാവാനുള്ള നിയോഗം. ഒരു പെണ്കുട്ടിയെ മോഹിച്ച അവൾക്ക് അവിടെ നാൽപ്പതോളം പെണ്കുട്ടികളെ കിട്ടി. പല പ്രായത്തിലുള്ള മക്കളുടെ ‘മായി’ ആയി അവൾ. അവർക്ക് വേണ്ടി പ്രവർത്തിച്ചും പോരാടിയും അവൾ ജീവിതത്തിന്റെ പുതിയ തലത്തിലേക്ക് കടന്നു.
വർഷത്തിലൊരിക്കൽ, അവരുടെ ഓർമ ദിവസം അവരുടെ ഓർമകളും അവർ തന്ന സന്തോഷങ്ങളും പേറി ഒരു യാത്ര. ഏതെങ്കിലും ഒരു അമ്പലത്തിലേക്ക്.
കാലം കുറെ ആയില്ലേ. ഇത്തവണ ആ യാത്ര, ഒരിക്കൽ സ്വന്തമായിരുന്ന നാട്ടിലേയ്ക്ക് ആവാം എന്ന് അവൾക്ക് തോന്നി.
അവിടമാകെ മാറിയിട്ടുണ്ട്. ഒരു കണക്കിന് നന്നായി എന്നവൾക്ക് തോന്നി. പഴയ ചിത്രങ്ങൾക്കും കാഴ്ചകൾക്കും മങ്ങൽ വരുമ്പോൾ വേദനകളും ഇത്തിരി മങ്ങുമല്ലോ…
അവൾ ആ അമ്പലത്തിൽ എത്തി. ശാന്തിക്കാരൻ പഴയ ആൾ തന്നെ. പ്രായമായെങ്കിലും അവളെ അയാൾ തിരിച്ചറിഞ്ഞു. അയാളോട് സംസാരിച്ചുകൊണ്ടിരിക്കെയാണ് അവൾ ആ വിളി കേട്ടത്. വർഷങ്ങൾക്ക് മുന്നേ ഗംഗയിൽ ഒഴുക്കിയ വിളി.
അവൾ തിരിഞ്ഞു നോക്കി. ചിന്നു. അവളും കുറെ മാറിയിരിക്കുന്നു. സുമംഗലി ചിഹ്നങ്ങളിലേക്ക് ആണ് ആദ്യം കണ്ണു പോയത്. നെഞ്ചിലൊരു പിണർ. ചിന്നുവിന്റെ വിവാഹം കഴിഞ്ഞില്ലേ?
മോളേ എന്ന വിളിയിൽ എത്രയോ കാലം അടക്കി വെച്ച വാത്സല്യം ഒഴുകി വന്നു. അവർ പരസ്പരം കെട്ടി പിടിച്ചു കരയാൻ തുടങ്ങി.
എന്തുണ്ട് മോളെ വിശേഷം? സുഖമല്ലേ നിനക്ക്? നീ ഇപ്പൊ എന്താ ചെയ്യുന്നത്? വിവാഹം കഴിഞ്ഞില്ലേ നിന്റെ?
ഒറ്റയടിക്ക് ഒത്തിരി ചോദ്യങ്ങൾ.
അവൾ പതിയെ വിശേഷങ്ങൾ പറഞ്ഞു തുടങ്ങി. അവളുടെ കറുത്ത കാലഘട്ടത്തിന്റെ, നിരന്തരമായ കൗണ്സിലിംഗ് ദിവസങ്ങളുടെ, മുടങ്ങിപ്പോയ പഠനത്തിന്റെ, തുടർ പഠനത്തിന്റെ, ജോലിയുടെ, എല്ലാം അറിഞ്ഞു അവളുടെ ജീവിതത്തിലേക്ക് കടന്നു വന്നവന്റെ, വീണ്ടും മറ്റൊരാളിന്റെ ജീവിതത്തിൽ ഭാഗ്യക്കേട് ആയിപ്പോകുമോ എന്ന ഭയത്തിന്റെ, വിവാഹം വേണ്ടെന്ന് വാശി പിടിച്ച ദിവസങ്ങളുടെ, അവസാനം ജീവിതത്തെ മുന്നോട്ട് കൊണ്ടുപോകാൻ തീരുമാനിച്ചതിന്റെ, ഓരോ വർഷവും ഈ ദിവസം ഈ അമ്പലത്തിൽ മുടങ്ങാതെ വരുന്നതിന്റെ, എന്നെങ്കിലും ഒരിക്കൽ ഇവിടെ വെച്ച് അമ്മയെ കണ്ടുമുട്ടുമെന്ന വിശ്വാസത്തിന്റെ, അമ്മയെ നേരിട്ടു കണ്ടു അനുഗ്രഹം വാങ്ങാതെ വിവാഹം കഴിക്കാൻ സമ്മതമല്ല എന്ന വിചിത്രമായ നിബന്ധനയും അംഗീകരിച്ചു അമ്പലത്തിനു വെളിയിൽ അവളെ കാത്തിരിക്കുന്നവന്റെ…
എല്ലാം കേട്ടപ്പോൾ ഇത്രയും കൊല്ലം അടക്കിപ്പിടിച്ച വേദന അവളുടെ എതിർപ്പ് വകവെക്കാതെ അണപൊട്ടി ഒഴുകി.
ഒരുമിച്ചു ജീവിക്കേണ്ടിയിരുന്നവർ ആയിരുന്നു അവർ. അമ്മയും മകളുമായി. മറ്റാരെയും അസൂയപ്പെടുത്താവുന്ന ജീവിതം സ്വപ്നം കണ്ടിരുന്നവൾ. ഒട്ടും നിനക്കാതെ ഒരു ദിവസം ഗൃഹസ്ഥാശ്രമം വെടിഞ്ഞു സന്യാസത്തിലേക്ക് പോയവൾ. വിടരും മുന്നേ വാടി പോയ മറ്റൊരുവൾ.
അവളുടെ കണ്ണുകൾ ക്ഷേത്രക്കെട്ടുകൾക്ക് വെളിയിലേക്ക് നീണ്ടു. മകന്റെ പകരക്കാരനെ.
അവരെ രണ്ടുപേരെയും അനുഗ്രഹിക്കുമ്പോൾ, ബാക്കി വെച്ച സ്വപ്നത്തിന്റെ സാക്ഷാത്കാരം ആയിരുന്നു.
പൂർവ്വാശ്രമത്തിൽ ഇനി ബാക്കി ഒന്നുമില്ലെന്ന് ഉറപ്പിച്ച് അവൾ തിരിച്ചു പോയി. ഇനിയും പിറക്കാനിരിക്കുന്ന പെണ്കുഞ്ഞുങ്ങളുടെ കൂടെ ‘മായി’ ആവാനുള്ള നിയോഗവും പേറി…