അന്നൊരു പൗർണമി നാളിൽ കാവിലെ പൂജയ്ക്ക് പോയതാണ് മൂപ്പര്. ചെമ്പറകാട്ടുവഴിയില്‍ പിറ്റേന്ന് നീലിച്ച്…

ചെമ്പറക്കാടും നാഗങ്ങളും…

Story written by Sabitha Aavani

===============

“മുത്തശ്ശി…എനിക്ക് ഉറക്കം വരുന്നു. ഒന്ന് വേഗം വന്നേ കണ്ണടഞ്ഞു പോകും ഇപ്പൊ.”

മിന്നിമോള്‍ മുറിയിൽ നിന്നും ഉറക്കെ വിളിച്ച് കൂവി.

“എന്റെ കുട്ട്യേ…അതിനിങ്ങനെ കിടന്ന് ബഹളം വെയ്ക്കണോ? .ഞാൻ വരില്ലേ?ഈ അസമയത്ത് മുതിര്‍ന്ന പെങ്കുട്ട്യൊള് ഇങ്ങനെ ഒച്ചയെടുക്കരുതെന്നു അറിയില്ലെ ?”

“എനിക്ക് ഉറങ്ങാൻ മുത്തശ്ശി വേണം എന്ന് മുത്തശ്ശിക്ക് അറിയാല്ലോ. പിന്നെ എന്താ വരാതെ അവിടെ പോയി പുസ്തകം വായിച്ച് ഇരിക്കുന്നെ ?”

മിന്നിമോള്‍ ചിണുങ്ങി.

“എന്തു വർത്താനം ആണ് കുട്ടി ? അത് രാമായണം അല്ലെ ? അതിനാ നീ ഈ ഒച്ചവെയ്ക്കണെ ?”

“എന്റെ പാവം മുത്തശ്ശി അല്ലെ ?.വേഗം വന്നു മിന്നിമോൾക്ക്  കഥ പറഞ്ഞു തന്നെ. “

“എനിക്കറിയാല്ലോ എന്റെ കുട്ടീനേ അതിനാ ഇയ്യ് ഈ ബഹളം ഒക്കെ കാട്ടുന്നത് എന്നും അറിയാം…പുതച്ച് കിടക്കു കുട്ട്യെ മുത്തശ്ശി അടുത്ത് തന്നെ ഉണ്ട്.”

“മ്മ്….മുത്തശ്ശി …ചെമ്പറകാട്ടുവഴിയിലെ കഥ പറഞ്ഞു തരാന്നു പറഞ്ഞ് എത്ര ആയി പറ്റിക്കുന്നു എനിക്കത് ഇന്ന് കേൾക്കണം…”

“പേടിച്ച് കരയുട്ടോ നീയ്യ്…അതൊക്കെ വലുതായി കഴിഞ്ഞ് മുത്തശ്ശി പറഞ്ഞു  തരാം ..”

“മുത്തശ്ശി അല്ലെ കുറച്ച് മുൻപ് വല്യ പെങ്കുട്ട്യോള് രാത്രി ഇങ്ങനെ ഒച്ച എടുക്കരുത് എന്ന് പറഞ്ഞത് എന്നിട്ട് ഇപ്പോ ഇത്രവേഗം ഞാൻ കൊച്ചു കുട്ടി ആയോ? എനിക്കാ കഥ ഇപ്പോ കേൾക്കണം.”

ഒടുവിൽ മിന്നിമോളുടെ  വാശിക്ക് മുൻപിൽ മുത്തശ്ശിയ്ക്ക്  അടിയറവു പറയേണ്ടി വന്നു.

“പണ്ടെന്ന് പറയുമ്പോ ഒരു നാല്പത് അൻപത് വര്‍ഷം എങ്കിലും ആയിട്ടുണ്ടാവും…എന്നാണ് ഓര്‍മ്മ കൂറ്റൻ മരങ്ങൾ വരിവരിയായി നിൽക്കുന്ന ചെമ്പറകാട്ടുവഴി എന്നും ഒഴിഞ്ഞ് അങ്ങനെ കിടക്കും..അതുവഴി കുറച്ച് മുന്നോട്ട്  പോയാല്‍  മതി ചേക്കൽ തറവാട്ടിലേക്ക്. അവിടെ ഉള്ളവർ മാത്രം ആണ് അന്ന് ആ വഴി ഉപയോഗിച്ചിരുന്നത്..മറ്റാർക്കും അവിടേക്ക് പ്രവേശനം ഇല്ലാതിരുന്ന കാലം….

ഒരുകാലത്ത് ഈ കണിയാട്ടുകര ഗ്രാമം മുഴുവൻ ചേക്കൽ തറവാടിന്റെതായിരുന്നു. പാര്യമ്പരത്തിന്റെ ഈറ്റില്ലമായിരുന്നു അന്ന് ചേക്കൽ തറവാട്. പലരും ഭാഗം വെച്ച് പോയപ്പോൾ തറവാട്ടില ആളില്ലാതെയായി. ശക്തിയും ക്ഷയിച്ചു. ഇന്നിപ്പോ അവിടെ ആൾപ്പാർപ്പില്ല. വർഷത്തിൽ ഒന്നോരണ്ടോ തവണ ശേഷിക്കുന്ന ഒരു കുടുംബം അവധിയ്ക്കും മറ്റും  അവിടെ വന്നു പോകും. പണ്ടത്തെ ചരിത്രത്താളുകളിൽ പോലും ചേക്കൽ തറവാടിനെ പറ്റി പറഞ്ഞിട്ടുണ്ട്.

അക്കാലത്ത് നാടുവാണിരുന്ന ചേക്കൽ തറവാട്ടിലെ ഒരു തമ്പ്രാൻ നാട്ടിലെ സകല അയിത്തങ്ങൾക്കും ജാതിവിളികൾക്കും ജാതി -മത ചിന്തകള്‍ക്കും എതിരായിരുന്നു. എല്ലാ മനുഷ്യരും ഒരുപോലെ എന്ന് പറഞ്ഞ് ആണ് അദ്ദേഹം നാടുഭരിക്കാന്‍  തുടങ്ങിയത്.

പേര് “ദേവമൂർത്തി”

അന്നത്തെ കാലത്ത് അതിനൊക്കെ വേണ്ടി ശബ്ദമുയർത്താൻ ഉയർന്ന കുലത്തില്‍ നിന്ന് തന്നെ ഒരാൾ വരിക എന്നത് തന്നെ വല്യ സംഭവം ആണെ.”

മുത്തശ്ശി ചിരിച്ചു.

മിന്നിമോള് മുത്തശ്ശിയെ നോക്കി കഥയില്‍ ലയിച്ച് കിടപ്പാണ്.

മുത്തശ്ശി തുടര്‍ന്നു…..

“അന്നത്തെ സാധാരണ ആളുകൾക്കിടയിൽ അയാൾ ദൈവമായിരുന്നു. എല്ലാവരെയും ഒരുപാടു സഹായിക്കാൻ മനസ്സുള്ള  തമ്പ്രാൻ. കണിയാട്ടുകര അങ്ങനെ  ദേവമൂർത്തി തമ്പ്രാന്റെ നാടായി. പക്ഷെ പറഞ്ഞിട്ട്  കാര്യമില്ല ആ പ്രതാപവും സന്തോഷവും ഒന്നും അനുഭവിക്കാൻ നമുക്ക് അധികനാൾ യോഗം ഉണ്ടായിരുന്നില്ല…”

അവര്‍ നെടുവീര്‍പ്പെട്ടു.

“അന്നൊരു പൗർണമി നാളിൽ കാവിലെ പൂജയ്ക്ക് പോയതാണ് മൂപ്പര്. ചെമ്പറകാട്ടുവഴിയില്‍ പിറ്റേന്ന് നീലിച്ച് കിടന്ന ആ ശരീരം കണ്ടു ഈ നാട് നടുങ്ങി. ഞാനും പോയി ദൂരെ നിന്ന് കണ്ടു. പായയില്‍  കെട്ടി പൊതിഞ്ഞ് കൊണ്ടുപോകുന്നത് ഓര്‍ക്കുമ്പോള്‍ ഇന്നും മനസ്സിന് ഒരു മരവിപ്പാണ്. അന്നാണ് ഞാൻ ഒരു  പോലീസുകാരനെ ജീവിതത്തില് അത്രയും അടുത്ത് കാണുന്നെ. അന്നൊക്കെ പോലീസ് എന്ന് പറഞ്ഞാൽ വല്യ പേടി ആണ് എല്ലാവർക്കും. ഇന്നിപ്പോ അങ്ങനെ അല്ലല്ലോ.”

“ബാക്കി പറ മുത്തശ്ശി …”

“എന്നിട്ട് എന്താ വി ഷം തീണ്ടിയത് തന്നെ എന്ന് ഒറ്റ നോട്ടത്തിൽ വൈദ്യര് പറഞ്ഞു. അവിടുന്ന് എടുത്ത് ആസ്പത്രിയ്ക്ക്  കൊണ്ടുപോയി. പിന്നീട് ശരീരം കീറിമുറിച്ച്…കത്തിവെയ്ക്കാന്‍ കൂടി തോന്നിയിട്ടുണ്ടാവില്ല ആസ്പത്രിക്കാര്‍ക്ക്. എല്ലാം കഴിഞ്ഞ് ശരീരം തുന്നികെട്ടിയാ  പിന്നെ കൊണ്ടുവന്നേ….

തറവാട്ടില് അന്ന് തമ്പ്രാന്റെ വേളി ആവാൻ ഇരുന്ന പെൺകുട്ടിയാണ് സൗദാമിനി. തമ്പ്രാന്റെ അമ്മാവന്റെ മകൾ. ചെറുപ്പത്തിലെ പറഞ്ഞുറപ്പിച്ച കല്യാണം. നല്ല സുന്ദരി പെൺകുട്ടി. ഞാൻ കണ്ടിട്ടുണ്ട് ഒന്നുരണ്ടു തവണ ദൂരെ നിന്ന്.  നീളൻ ചുരുളൻ മുടിയും  മെലിഞ്ഞു നീണ്ടു നല്ല ഐശ്വര്യമുള്ള മുഖവും ഇന്നും ഓർമ്മയിൽ ഉണ്ട്. തമ്പ്രാന്റെ ചിത എരിഞ്ഞു തീരും മുന്‍പ് അന്നേക്ക് രാത്രി തന്നെ കുളപ്പുരയിൽ ഒരു മുഴം തുണിയിൽ കെട്ടിത്തൂ ങ്ങി.”

“അയ്യോ….” മിന്നിമോള് ഉറക്കെ പറഞ്ഞു.

“വിധി അല്ലാണ്ട് എന്താ…അത്രയ്ക്ക് ഇഷ്ടമായിരുന്നു തമ്മില്‍ രണ്ടാള്‍ക്കും. അടുത്തടുത്ത രണ്ടു ദുർമരണങ്ങൾ താറവാടിന്റെ  നിജസ്ഥിതിയെ നന്നായി ബാധിച്ചു. പിന്നീട് ഒരു വീഴ്ചയായിരുന്നു താഴേക്ക്. ആ മരിച്ചുപോയ തമ്പ്രാന്റെ അനിയത്തി രുഗ്മിണി മാത്രം ഇന്നും ജീവിച്ചിരിപ്പുണ്ട്. അന്നവൾക്ക് ഏകദേശം പതിനെട്ട് വയസ്സ്  കാണും. സൗദാമിനിയെക്കാള്‍ രണ്ട് വയസ്സ് ഇളയത്. ഇപ്പൊ എവിടെ ആണ് എന്നൊന്നും അറിയില്ല. അവർ വർഷത്തിലൊരിക്കൽ ഇവിടെ വരും. തമ്പ്രാന്റെ ആണ്ടിന് അസ്ഥിത്തറയിൽ വിളക്ക് വെക്കുന്നതിനോടൊപ്പം സൗദാമിനിയ്ക്കും വിളക്ക്  വെച്ച് അവർ നേരെ ആ ചെമ്പറ വഴിയിലേക്കിറങ്ങും. അന്ന് തമ്പ്രാൻ മരിച്ചു കിടന്ന അതെ സ്ഥലത്ത് പാലും മഞ്ഞളും കൊണ്ടുവന്നു വെയ്ക്കും നാഗങ്ങള്‍ക്ക്. അത് പിന്നീട് എല്ലാകൊല്ലവും പതിവായി. അവിടെ ഇപ്പോ ഒരു നാഗത്തറയും നീരാട്ട് കുളവും ഉണ്ട്. നാഗശാപം ഒഴിയാനാണത്രെ. അതിന്റെ പിന്നിലും മറ്റൊരു സംഭവം ഉണ്ട്…

തമ്പ്രാൻ പോയി കഴിഞ്ഞ് വർഷം തോറും പാലും മഞ്ഞളും ചെമ്പറ വഴിയ്ക്കല് വെയ്ക്കുന്ന പതിവിന് ഒരാണ്ടില് രുഗ്മിണി വന്നു. ചേക്കൽ വിളക്കുവെച്ചു വരുന്ന വരവാണ് അപ്പോ തമ്പ്രാൻ മ രിച്ചു കിടന്ന അതെ സ്ഥലത്ത് ഒരു നാഗം കിടക്കുന്നു. അതിനെ കണ്ടു പേടിച്ച് നിലവിളിച്ച അവരെ നോക്കി ആ നാഗം പത്തി വിടർത്തി. അതിന്റെ നെറ്റിയിൽ നക്ഷത്രം കണക്കെ മിന്നുന്ന എന്തോ ഉണ്ടായിരുന്നു എന്ന്…

രുഗ്മണി തമ്പ്രാട്ടി  കൈകൂപ്പി തൊഴുതു നിന്നു. പക്ഷെ ആ നാഗം അവർക്കുമുന്നിൽ നിലത്ത് സ്വയം തലയടിച്ച്  ആ നിമിഷം തന്നെ മ രിച്ചു വീണു. അവർ ഇന്നും വിശ്വസിക്കുന്നത്  ദേവമൂർത്തിയെ തീണ്ടിയതിനു മാപ്പു പറഞ്ഞു ആ നാഗം അവർക്കുമുന്നിൽ തന്നെ ജീവനൊടുക്കി എന്നാണ്. അതിൽ പിന്നെ അവർ തറവാട് വക  നാഗത്തറ പണിതു. നാഗങ്ങൾക്കു ഒരു നീരാട്ട് കുളവും.”

“എന്നിട്ട് നമ്മൾ ഇതുവരെ അവിടെ പോയിട്ടില്ലല്ലോ മുത്തശ്ശി …”

“ഈ നാട്ടിലെ സകലമാന ആളുകളും അവിടെ പോവും തൊഴും ആയില്യം നാള്‍ മാത്രം അവിടെ പൂജ ഉണ്ടാവും. കാവില് ഇന്നും  അവിടിവിടായി നാഗം ചുറ്റിവരിഞ്ഞു ഇരിക്കുന്നത് കാണാം. ഭാഗ്യമുള്ളവർക്കു മാത്രമേ നാഗങ്ങളെ അവിടെ നേരിൽ കാണാൻ കഴിയൂ എന്നാണ് ചൊല്ല്. ഇന്നും നെറ്റിയില്‍ നക്ഷത്ര തിളക്കമുള്ള നാഗങ്ങളെ കാണാൻ അവിടെ ആൾക്കാരെത്തും . ഇതുവരെയും ആരും കണ്ടിട്ടില്ല അങ്ങനെ ഒന്നിനെ  പക്ഷെ ചിലര് പറയുന്നുണ്ട് അത് തമ്പ്രാന്റെ അല്ലെങ്കിൽ സൗദാമിനി തമ്പ്രാട്ടീടെ ആത്മാവ് ആയിരുന്നിരിക്കും എന്ന് ഇന്നും അതിനെ പറ്റി ആളുകൾ പല കഥകളും പറയും.”

“നമുക്ക് നാളെ നാഗത്തറയിൽ പോകാം മുത്തശ്ശി എനിക്ക് നാഗത്തറയും കുളവും ഒക്കെ കാണാൻ കൊതിയാവുന്നു.”

“കുട്ടിയ്ക്ക് പേടി ആവില്ലേ നാഗങ്ങളെ കണ്ടാൽ …?”

“ഇല്ല മുത്തശ്ശി നമുക്ക് കാലത്ത് പോകാം പറ്റില്ലാന്ന് പറയല്ലേ…” മിന്നി മോള് മുത്തശ്ശിയെ നോക്കി

“ഇല്ല പറയില്ല കാലത്ത് എഴുന്നേറ്റ് കുളിച്ച്‌ എന്റെ ഒപ്പം വരാൻ മടിയില്ലെങ്കിൽ ഞാൻ കൊണ്ടുപോകാം. ഉണരാതെ കിടന്നാൽ ഞാൻ കൊണ്ടുപോകില്ല. വെയിലുദിക്കും മുന്നേ പോകണം”

“എന്റെ ചക്കര മുത്തശ്ശി “

മിന്നിമോള്‍ മുത്തശ്ശിയെ കെട്ടിപിടിച്ചൊരു ഉമ്മ കൊടുത്തു.

“ശരി ഇപ്പോ എന്റെ കുട്ടി ഉറങ്ങു നാളെ കാലത്ത് എണീക്കണ്ട ..?”

“മ്മ്…”

ചെമ്പറ നാഗത്തറയും നെറ്റിയിൽ നക്ഷത്ര തിളക്കമുള്ള നാഗങ്ങളെയും സ്വപ്നം കണ്ടു അവൾ ഉറങ്ങി.

കാലത്ത് എഴുന്നേറ്റ് മുത്തശ്ശിയെക്കാൾ മുന്നേ അവൾ ഒരുങ്ങി ഇറങ്ങി.

“മുത്തശ്ശി വേഗം വാ “

“എന്റെ കുട്ടി തിടുക്കം കാട്ടാതെ ഞാൻ ദാ ഇറങ്ങി”

മുത്തശ്ശിടെ കൈപിടിച്ചു മിനിമോള് ചെമ്പറ കാവിലേയ്ക്ക് നടന്നു.

മരങ്ങളില്‍ പടർന്നു കിടക്കുന്ന കൂറ്റൻ വള്ളികൾ കണ്ടാല്‍ ഭീമന്‍ നാഗങ്ങള്‍ ചുറ്റിവരിഞ്ഞ് കിടക്കുന്ന പോലെ.

ആകാശം മുട്ടെ വളര്‍ന്നു കിടക്കുന്നമരങ്ങളും നാഗത്തറയും അവളുടെ കണ്ണുകൾക്കു വിശ്വസിക്കാൻ ആയില്ല.

“മുത്തശ്ശി പറഞ്ഞതിലും എത്രയോ മനോഹരമാണ് ഈ കാവ് …”

അവളുടെ കണ്ണുകൾ ചുറ്റും പരതി.

നെറ്റിയിൽ നക്ഷത്ര തിളക്കമുള്ള ആ നാഗങ്ങൾ എവിടെ?

അവൾ മനസ്സിൽ പറഞ്ഞു ഇടയ്ക്കെപ്പോഴോ നാഗത്തറയിലേക്ക് കണ്ണുടക്കുമ്പോൾ നാഗരൂപങ്ങൾക്കൊപ്പം മറ്റൊരു കൂറ്റൻ നാഗം തലയിൽ നക്ഷത്രകല്ല് പതിച്ചപോലെ ഫണം ഉയര്‍ത്തി നില്ക്കുന്നു.

മിന്നിമോള്‍ക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല.

“മുത്തശ്ശി…ദേ…അവൾ വിരൽ ചൂണ്ടി ..”

“എന്താ കുട്ടി ..? എന്താ അവിടെ എന്താ…?”

“നെറ്റിയിൽ നക്ഷത്ര തിളക്കമുള്ള നാഗം”

അവളുടെ കണ്ണുകൾ വിടർന്നു.

“എവിടെ കാണുന്നില്ലാലോ ? എന്റെ കുട്ടി എന്താ ഇതെന്താ നീ പറയുന്നേ …?”

“ഉണ്ട് മുത്തശ്ശി ഞാൻ കാണുന്നുണ്ട് …”

അവൾ മുത്തശ്ശിയെ കെട്ടിപിടിച്ചു.

മുത്തശ്ശി മിന്നിമോളുമായി  പെട്ടന്ന് തിരിഞ്ഞ് നടന്നു.

“കുട്ടി പേടിക്കണ്ടാട്ടൊ നമുക്ക് പോകാം…എന്റെ കുട്ടിയ്ക്ക് വെറുതെ തോന്നിയതാവും.”

“അല്ല മുത്തശ്ശി…ഞാ…ന്‍ കണ്ട..താ”

അവളുടെ തൊണ്ട വരണ്ടു.

കുറച്ചു മുന്നോട്ട് നടന്ന ശേഷം അവൾ തിരിഞ്ഞു നോക്കി ഇല്ല ഇപ്പോ അവിടെ അതിനെ കാണുന്നില്ല.

അവളുടെ ചിന്തകൾ അലഞ്ഞു …

തോന്നലാവുമോ ?

അറിയില്ല.

മുത്തശ്ശി മിന്നിമോളെ ചേർത്ത്പിടിച്ച് നടന്നു.

“കുട്ടി പേടിക്കണ്ടാട്ടൊ…വെറുതെ ഓരോന്ന് ആലോചിച്ച് നിന്നിട്ടാ…”

ചെമ്പറ കാട്ടുവഴിയും നാഗത്തറയും ഇന്നും മിന്നിമോളുടെ മനസ്സിൽ ഒരു കടങ്കഥയാണ്.

അവിടെ കുടിയിരിക്കുന്ന നാഗദൈവങ്ങളും നാഗക്കുളവും ഇന്നും പലർക്കും ഓരോ അനുഭവങ്ങൾ ആണ്.

ഉത്തരമില്ലാത്ത ചോദ്യങ്ങളുമായി മിന്നിമോള്‍ ഇന്നും മുത്തശ്ശിയുടെ കഥ കേൾക്കും.

അന്നത്തെ ദിവസം ഓർക്കും.

ആ നാഗം എന്നോട് പറയാൻ ബാക്കി വെയ്ക്കുന്ന എന്തെങ്കിലും ഉണ്ടാവുമോ…? ആ രണ്ടു മരണങ്ങള്‍ പറയാന്‍ ബാക്കി വച്ച എന്തെങ്കിലും …?

അവള്‍ വെറുതെ ഓര്‍ക്കും.

ചോദ്യങ്ങൾക്കു ഉത്തരമില്ലാതെ ഇന്നും ചെമ്പറ നാഗത്തറയും ചേക്കൽ തറവാടും അവിടെയുണ്ട്.

പുതിയ കഥകള്‍ മെനഞ്ഞ് നെറ്റിയില്‍ നക്ഷത്ര തിളക്കമുള്ള നാഗങ്ങളും.

~Sabitha