അവളങ്ങനെ പറഞ്ഞെങ്കിലും ആ വാക്കുകളിലെ നിർവ്വികാരതയിൽ നിന്നും മോൾക്ക് ഈ ബന്ധത്തിനോട് വലിയ…

Story written by Saji Thaiparambu

==================

“മോളേ നീയെന്താ ഒന്നും മിണ്ടാത്തത് “

തനൂജ, മകൾ അജിതയോട് ചോദിച്ചു.

“ഞാനെന്ത് പറയാനാമ്മേ, അമ്മയ്ക്കിഷ്ടമാണെങ്കിൽ പിന്നെ അങ്ങനെ തന്നെ നടക്കട്ടെ “

അവളങ്ങനെ പറഞ്ഞെങ്കിലും ആ വാക്കുകളിലെ നിർവ്വികാരതയിൽ നിന്നും മോൾക്ക് ഈ ബന്ധത്തിനോട് വലിയ താല്പര്യമില്ലെന്ന് തനൂജയ്ക്ക് മനസ്സിലായി.

“നമ്മുടെ ജാതിയല്ലെന്നേയുള്ളു, പക്ഷേ നമ്മളെ രണ്ട് പേരെയുo അദ്ദേഹം പൊന്ന് പോലെ നോക്കും. മാത്രല്ല, ഓരോ രാത്രിയും അടച്ചുറപ്പില്ലാത്ത ഈ വീടിന്റെ വാതിലിൽ വന്ന് മുട്ടുന്ന കാ മ വെ റിയന്മാരെ നിരാലംബരായ നമ്മൾ രണ്ട് പെണ്ണുങ്ങൾ എത്ര നാൾ നേരിടും”

ഇന്നലെ തന്നെ ആ സമയത്ത് ജമാലങ്കിൾ ഇത് വഴി വന്നത് കൊണ്ട് മാത്രമാണ് ആ ചെങ്കീരി വാസുവിന്റെ കയ്യീന്ന് മാനം പോകാതെ എന്റെ മോൾ രക്ഷപെട്ടത്.

തനൂജ, മോളോട് ആ വീട്ടിലൊരു ആൺതുണ വേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ബോധിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.

“എനിക്കറിയാം അമ്മേ, പക്ഷേ ഞാനിപ്പോൾ ചെറിയ കുട്ടിയല്ല, ഒരു പത്താം ക്ളാസ്സുകാരിയായ പെൺകുട്ടിയാണ്, എന്റമ്മ ഈ പ്രായത്തിൽ രണ്ടാമതൊരു വിവാഹം കഴിച്ചാൽ അതും ഒരു അന്യ മതക്കാരനെ, അത് എന്റെ കൂട്ടുകാരറിഞ്ഞാൽ അവരുടെയൊക്കെ മുഖത്ത് ഞാൻ എങ്ങിനെ നോക്കും”

അവൾ അമ്മയോട് സംശയം പ്രകടിപ്പിച്ചു.

“അതിന് ഈ കൂട്ടുകാരികളാരെങ്കിലും നമ്മളെ ഇന്ന് വരെ എന്തെങ്കിലും ഒന്ന് സഹായിച്ചിട്ടുണ്ടോ ? അല്ലെങ്കിൽ ഇവിടെ അടുത്ത് തന്നെ താമസിക്കുന്നുണ്ടല്ലോ ? നിന്റെ രണ്ട് കൂട്ടുകാരികൾ, ഇതിന് മുൻപും പല പ്രാവശ്യം ഓരോരുത്തന്മാര് കുടിച്ചിട്ട് ഈ ഉമ്മറത്ത് നിന്നോണ്ട് എന്തെല്ലാം അസഭ്യം പറഞ്ഞിരിക്കുന്നു, ഈ പറയുന്ന നിന്റെ കൂട്ടുകാരികളുടെ ത ന്തമാരൊന്ന് തിരിഞ്ഞ് നോക്കീട്ടുണ്ടോ?

ദേഷ്യവും സങ്കടവും കൊണ്ട് തനൂജയുടെ ഒച്ച ഉയർന്നു പോയി.

“എനിക്ക് പേടിയായിട്ടാണ് അമ്മേ…ഞാനങ്ങനെയൊക്കെ പറഞ്ഞത്. ജമാലങ്കിളിനെ അമ്മയ്ക്ക് അത്രയ്ക്ക് വിശ്വാസമാണെങ്കിൽ എനിക്ക് സമ്മതമാണമ്മേ, ആരൊക്കെ എതിർത്താലും അമ്മയുടെ കൂടെ ഞാനുണ്ടാവും”.

മോളുടെ സമ്മതം അറിയിച്ചപ്പോൾ തനൂജ അവളെ ഇറുകെ പുണർന്നു. നെറ്റിയിലും മുഖത്തുമൊക്കെ വാത്സല്യത്തോടെ ചുംബിച്ചു.

“ഉം…മതി…മതി. ഇനി എത്രനാൾ അമ്മ എന്നെ ഇങ്ങനെ താലോലിക്കും, അടുത്ത ദിവസം മുതൽ അമ്മയുടെ പുതിയ ജീവിതം തുടങ്ങുമ്പോൾ, ഞാൻ അപ്പുറത്തെ മുറിയിൽ ഒറ്റയ്ക്കാവില്ലേ?

അജിത ആശങ്കയോടെ ചോദിച്ചു.

“ഒന്ന് പോടീ, പകല് മുഴുവൻ അദ്ദേഹം ജോലിക്ക് പോയാൽ പിന്നെ ഞാനും നീയുമല്ലേയുള്ളു…അദ്ദേഹം എന്റെ ഭർത്താവായെന്ന് കരുതി നീ എന്റെ മോള് അല്ലാതാകില്ലല്ലോ “? തനൂജ മോളോട് തർക്കിച്ചു.

“ഉം ശരിയാണമ്മേ…പക്ഷേ അതെത്ര നാൾ ഏറിയാൽ ഒരു വർഷം. അമ്മ ഇപ്പോഴും ചെറുപ്പമാണ്. ഇനിയും പ്രസവിക്കുo. അപ്പോൾ അമ്മ ആ പിഞ്ച്കുഞ്ഞിനെ നോക്കുമോ, എന്നെ നോക്കുമോ?

അജിതയുടെ ചോദ്യങ്ങൾ തനുജയെ  പിടിച്ചുലച്ചു.

“എന്താ മോളേ നീ ഇങ്ങനൊക്കെ പറയുന്നത് “

തനുജ, മകളോട് ചോദിച്ചു.

“ഇല്ലമ്മേ…അമ്മയുടെ അത്രയും ജീവിതാനുഭവങ്ങളൊന്നുമെനിക്കില്ല, പക്ഷേ എന്റെ ചില ഉത്ക്കണ്ഠകളാണെന്ന് കരുതിയാ മതി”.

എന്ന് പറഞ്ഞ് അജിത പാതിയിൽ നിർത്തി.

“എന്താ നിന്റെ ഉത്ക്കണ്ഠ, അത് പറയ്”

തനുജ, അവളെ നിർബന്ധിച്ചു.

അത് അമ്മേ, അമ്മയ്ക്ക് ദേഷ്യം തോന്നരുത് ,.ഞാൻ പറയുന്നത് മറ്റൊന്നുമല്ല.

എത്രയൊക്കെയാലും അമ്മയെ വിവാഹം കഴിച്ച് എന്ന് കരുതി ഞാൻ ജമാലങ്കിളിന് ആരുമാകുന്നില്ല.

ഭാര്യ മരിച്ചിട്ട് ഒരു വർഷം പോലും തികയുന്നതിന് മുൻപ് നമ്മുടെ സംരക്ഷകനായി അവതരിച്ച് അമ്മയെ വിവാഹം കഴിക്കുന്നയാൾ ഒരു പ്രസവം കൂടി കഴിയുമ്പോൾ അമ്മയുടെ യൗവ്വനം മങ്ങി തുടങ്ങുമ്പോൾ അന്യപുരുഷനിൽ ജനിച്ച യുവതിയായ ഈ മകളെ കണ്ണ് വെക്കില്ലന്ന് അമ്മയ്ക്ക് എന്താ ഉറപ്പ്?

“മോളേ ” തനൂജയുടെ ഉള്ളിൽ നിന്ന് ഒരു നിലവിളി ശബ്ദമാണ് പുറത്ത് വന്നത്.

“സ്വന്തം മകളുടെ മാനം സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള, അമ്മയുടെ ഈ പരീക്ഷണമുണ്ടല്ലോ, അത് തിരിച്ചടിയാവില്ലെന്ന് ഉറപ്പുണ്ടെങ്കിൽ, നാളെ തന്നെ നമുക്ക് ജമാലങ്കിളുമായി  രജിസ്റ്ററോഫീസിൽ പോകാം”

അജിതയുടെ ശബ്ദം ഉറച്ചതായിരുന്നു.

“ഇല്ല മോളെ…മോള് പറഞ്ഞതാ ശരി, അമ്മയുടെ പഴഞ്ചൻ ബുദ്ധിയിൽ തോന്നിയ ഒരു വലിയ മണ്ടത്തരം, എന്റെ മോളായിട്ട് തിരുത്തിത്തന്നു. ഒന്നും വേണ്ട. എനിക്ക് നീയും നിനക്ക് ഞാനുമുണ്ടല്ലോ…പിന്നെ എല്ലാം കാണുന്ന ഈശ്വരനുണ്ടല്ലോ…അത് മതി”

അതോടെ ആ ചർച്ച അവസാനിപ്പിച്ച്, അവരിരുവരും ഉറക്കത്തെ വാരിപ്പുണർന്നു.

~സജിമോൻ തൈപ്പറമ്പ്