അവർ, മേശവലിപ്പിൽ നിന്നും പത്തോളം ഫോട്ടോകൾ ആഗതരുടെ മുമ്പിലേക്കു വിതർത്തിയിട്ടു.

ചുവന്ന പൂക്കൾ…

എഴുത്ത്: രഘു കുന്നുമ്മക്കര പുതുക്കാട്

==================

വിനോദയാത്രയുടെ മൂന്നാംദിനത്തിലാണ്, മുൻനിശ്ചയിക്കപ്പെട്ടതിൽ നിന്നും വിഭിന്നമായൊരു തീരുമാനത്തിലേക്ക് എത്തിയത്. എത്തിയതല്ല, എത്തിച്ചതെന്നു പറയുന്നതാകും കൂടുതൽ ഉചിതം. മൈസൂരുവിൻ്റെ സമസ്ത കാഴ്ച്ചകളും മനസ്സും, ക്യാമറകളും ഒപ്പിയെടുത്തിരിക്കുന്നു. ഇനിയെന്തെന്നുള്ള മൂന്നാംദിവസത്തേ ചോദ്യത്തിലേക്കാണ്, ആ ഇടനിലക്കാർ ഉത്തരവുമായി എത്തിയത്.

പെണ്ണ്; എട്ടുപേർക്കും, ഒരു പകലിലെ ഏതാനും സമയം ചിലവഴിക്കാൻ, സഹശയനത്തിനായി ഓരോ പെണ്ണുങ്ങൾ.

‘നിങ്ങൾ മലയാളികളായതിനാൽ മലയാളിപ്പെ ൺ കുട്ടി കളേത്തന്നേ ഏർപ്പാടാക്കിത്തരാം’  എന്ന സുന്ദരവാഗ്ദത്തം.  എത്ര പൊടുന്നനേയാണ് യുവത്വം, അഹിതത്തിലേക്ക് ചുവടുവച്ചത്.

നഗരത്തിൻ്റെ തിരക്കുകൾ പിന്നിട്ട്, ഉൾവഴിയിലേതോയിടത്തെ ഒറ്റപ്പെട്ട കെട്ടിടത്തിൻ്റെ മുറ്റത്ത്, വാഹനങ്ങൾ നിരയായ് വന്നുനിന്നു. ആവശ്യക്കാരും, കൂ ട്ടിക്കൊടുപ്പുകാരുമിറങ്ങിച്ചെന്നു. നിശബ്ദതയേ വരിച്ചുനിന്ന മുറ്റത്തെ മണൽപ്പരപ്പിൽ, തുകൽച്ചെരിപ്പുകളുടെ ശബ്ദമുയർന്നു. ഉമ്മറവാതിൽ ആരോ തുറന്നു. ആഗതർ അകത്തു പ്രവേശിച്ചു. വീണ്ടും, വാതിലടഞ്ഞു.

ഓഫീസ് മുറിയെന്നു തോന്നിപ്പിച്ചിടത്തേക്കാണ്, സന്ദർശകർ ആദ്യമെത്തിയത്. ശീതികരിച്ച മുറിയിൽ, ഓഫീസ് മേശയിൽ കൈകുത്തി ഒരു മാം സഗോപുര ശരീരിണിയിരിപ്പുണ്ടായിരുന്നു.  ചായം തേച്ച ചുണ്ടുകളും, കവിൾത്തടങ്ങളും,  നരയ്ക്കു മറുമരുന്നായ കറുത്ത മഷിയും, മാ റിലെ മാം സക്കുന്നുകളും ഓക്കാനമാണുണ്ടാക്കിയത്.

അവർ, മേശവലിപ്പിൽ നിന്നും പത്തോളം ഫോട്ടോകൾ ആഗതരുടെ മുമ്പിലേക്കു വിതർത്തിയിട്ടു.

‘എല്ലാം മലയാളികളാണ്…ഇഷ്ടമുള്ളവരേ തെരെഞ്ഞെടുക്കാം..’

അവരുടെ മലയാളത്തിൽ, പരദേശിച്ചുവ നിറഞ്ഞു നിന്നിരുന്നു. എട്ടുപേരും ചിത്രങ്ങളിൽ മിഴികളാൽ പരതി. താരുണ്യത്തിൻ്റെ വൈവിധ്യങ്ങൾ; ഇരുപതും ഇരുപത്തിയഞ്ചും തോന്നിക്കുന്ന പെൺചിത്രങ്ങൾ. പല മുഖച്ഛായകൾ, ഏക ഭാവം.

ഏഴുപേരുടെയും തിരഞ്ഞെടുപ്പുകൾക്കു ശേഷമാണ്, അവശേഷിച്ച മൂന്നു ചിത്രങ്ങളിലൊന്നിനെ ഹരികൃഷ്ണൻ നറുക്കെടുത്തത്. പുതുനിറവും, നിബിഢമായ ഇമകളും, മലയാളിത്തം മുറ്റി നിൽക്കുന്നൊരു പെൺചിത്രത്തിനു നേരെ വിരൽ ചൂണ്ടുമ്പോൾ, ഹരിയുടെ വിരലുകൾ തെല്ലു വിറയ്ക്കാതിരുന്നില്ല.

ദല്ലാളൻമാർ, അവരെ അടുത്ത മുറിയകത്തേക്കു കൂട്ടിക്കൊണ്ടുപോയി. വിശാലമായ തളത്തിൽ, അനേകം ഇരിപ്പിടങ്ങളും മേശകളും കിടന്നിരുന്നു. തണുപ്പിൻ്റെ സൂചിമുനകൾ പേറിയ ഇരുണ്ട വെട്ടമുള്ള മുറിയകത്തു വച്ച്, ഓരോത്തർക്കും ഗ ർ ഭനിരോധന ഉ റ കളുടെ മികച്ച ബ്രാൻഡുകൾ കൈവശം കൊടുത്തു.

‘ഉ റ കൾ ഒഴിച്ചുകൂട്ടാൻ കഴിയില്ല, സുരക്ഷയുടെ ഭാഗമാണ്, നിങ്ങൾക്കും, അവർക്കും.’

ഓരോരുത്തർക്കുമുള്ള സമയവും, അറകളും നിശ്ചയിക്കപ്പെട്ടു. തൻ്റെ ഊഴമെത്താൻ, ഇനിയും മുക്കാൽ മണിക്കൂറിലേറെയുണ്ടെന്നു ഹരിയോർത്തു. ആദ്യത്തേ നാലു പേർ അകത്തു പ്രവേശിച്ചു. വലിയ തളത്തിൻ്റെ നാലു മൂലകളിലുമുള്ള മുറിയകങ്ങളിലേക്ക് അവർ കടക്കുന്നതും, വാതിലുകളടയുന്നതും കണ്ട്, ഹരിയ്ക്ക് ഉൾക്കിടിലങ്ങളുണ്ടായി. അയാൾ ദീപയേ ഓർത്തു.

ദീപയിപ്പോൾ എന്തു ചെയ്യുകയായിരിക്കും. മക്കളുമായി ഓൺലൈൻ ക്ലാസിനിരിക്കുകയായിരിക്കും. ഇന്ന്, ഈ രാവണക്കോട്ടയിലേക്കു കയറും മുൻപേയും അവൾ വിളിച്ചിരുന്നു. ടൂറിൻ്റെ വിശേഷങ്ങളറിയാൻ,കണ്ട കാഴ്ച്ചകൾ പറഞ്ഞു കേൾക്കാൻ; കൂടുതൽ മ ദ്യ പിക്കരുതെന്നു വിലക്കാൻ. കൂട്ടുകാരൊന്നിക്കുമ്പോൾ പു ക വ ലി പോലുള്ള വേണ്ടാത്ത ശീലങ്ങൾ ചെയ്യരുതെന്നു ശാസിക്കാൻ. മൈസൂരിൽ നിന്നും, നല്ല വസ്ത്രങ്ങൾ, അവൾക്കും മക്കൾക്കും കൊണ്ടുവരാൻ. കാണാതിരിക്കുമ്പോൾ,ഫോണിലൂടെ മുത്തങ്ങൾ നൽകാൻ; ഇങ്ങോട്ടു കയറിയപ്പോൾ, ഫോൺ സ്വിച്ച് ഓഫ് ചെയ്തു. ദീപ വിളിച്ചിട്ടുണ്ടാകും. സ്വിച്ച് ഓഫ് ആയതെന്തെന്നോർത്ത് സംഭ്രമിച്ചിട്ടുണ്ടാകും.

കാത്തിരിപ്പിനിടയിൽ, ഹരിയുടെ ഉൾക്കാഴ്ച്ചകൾക്കു മുൻപിൽ, ദീപ നിറഞ്ഞുനിന്നു. അഞ്ചുവർഷം നീണ്ട പ്രണയത്തിനു ശേഷമാണ് അവളെ ജീവിതത്തിലേക്കു ചേർത്തുവച്ചത്. അന്നു മുതൽ, കഴിഞ്ഞ പത്തുവർഷത്തോളമായി ജീവിതത്തിൽ അഭ്യുന്നതി മാത്രമേ കൈവന്നിട്ടുള്ളൂ. എട്ടും, ആറും വയസ്സുള്ള രണ്ടു മക്കൾ. ആൺകുട്ടിയും, പെൺകുട്ടിയും. സൗഖ്യം മാത്രം ലഭിച്ചിട്ടുള്ള കുടുംബജീവിതം. ദീപയ്ക്കും മക്കൾക്കുമൊപ്പം, ദക്ഷിണേന്ത്യയിലെ മിക്കയിടങ്ങളിലും സഞ്ചാരത്തിനു വന്നിട്ടുണ്ട്. ഇത്തവണ, ഈ ‘ബാച്ചിലേഴ്സ്’ ചങ്ങാതിമാരുടെ കൂടെപ്പോകുമ്പോൾ ദീപ വിലക്കിയതാണ്. ‘നമുക്ക്, ഹരിയേട്ടൻ്റെ കല്യാണം കഴിഞ്ഞ കൂട്ടുകാരൊത്ത് ഒരു ട്രിപ്പു പോയാൽ പോരെ…’ യെന്ന അവളുടെ ചോദ്യത്തിന്, ‘ഇതുകഴിഞ്ഞിട്ട്, ഇങ്ങോട്ടു തന്നേ വരാ’ മെന്നായിരുന്നു തൻ്റെ മറുമൊഴി.

ചിന്തകൾക്കിടയിൽ, ഏതോ അറയുടെ വാതിൽ തുറക്കപ്പെട്ടു. വിജുഗീഷുവിനേപ്പോലെ കൂട്ടുകാരൻ പുറത്തിറങ്ങി വന്നു. ആ ഒഴിവിലേക്ക് മറ്റൊരാൾ കയറിപ്പോയി. മുറിയിൽ നിന്നിറങ്ങിയവൻ, ഹരിയുടെ അരികത്തു വന്നിരുന്നു. ഹരിയുടെ തുടയിൽ ഉറക്കേത്തട്ടിക്കൊണ്ടു പിറുപിറുത്തു.

“ഹരിയേട്ടാ,ഉഗ്രൻ സാധനം. പക്ഷേ, മറ്റൊന്നിനും സമ്മതിക്കില്ല. എത്രയും വേഗം കാര്യം കഴിയണം എന്നേയുള്ളൂ അവൾക്ക്. തലയിണയുടെ ഒരു വശത്തേക്ക് തലചരിച്ച്, ചുവരും നോക്കി, അവളങ്ങനേയൊരു കിടപ്പാണ്, അവൾ, മലയാളിയാണെന്ന് നമ്മൾക്കറിയില്ലെന്നാണ് അവളുടെ വിചാരം. ‘മാ ർ….മാ ർ…’ എന്നു മാത്രം പുലമ്പുന്നുണ്ടായിരുന്നു. സംഗതി, പൊടുന്നനേ കഴിഞ്ഞു. എന്നാലും, കാശു മുതലായി.”

അവൻ പറഞ്ഞു നിർത്തി.

ഹരിയുടെ മനസ്സിലേക്ക്, വീണ്ടും ദീപ കടന്നു വന്നു. ക്ഷുബ്ധസാഗരം കണക്കേ,  അലയടിച്ച തങ്ങളുടെ രാപ്രണയങ്ങൾ കൺമുന്നിൽ തെളിയുന്നു. സൗഖ്യത്തിൻ്റെ ഗിരിനിരകൾ, സമർപ്പണങ്ങളുടെ ശാന്തത. പരിരംഭണങ്ങളുടെ ഉന്മാദങ്ങൾ. ഉന്മത്തതയുടെ ശീ ൽക്കാരങ്ങൾ. ഒടുവിൽ,വിയർപ്പു പുതച്ച്, മടുമടാ വെള്ളം കുടിച്ച്, ഉറക്കത്തിലേക്കു വഴുതുമ്പോൾ അവളുടെ പ്രണയാർദ്രമായി മന്ത്രണം.

“ശ്യോ… വയ്യാണ്ടായി….”

ഒരിക്കൽ, ഏതോ സഹപാഠിയായ കൂട്ടുകാരനുമായി ഫേസ്ബുക്കിൽ, പരസ്പരം ചാറ്റ് ചെയ്തതിനു താൻ പിണങ്ങിയപ്പോൾ, അവൾ മെസേഞ്ചർ എന്നെന്നേക്കുമായി ഡിലിറ്റ് ചെയ്തു. അവൾ, ആരോടും അമിതമായി ഇഷ്ടം പ്രകടിപ്പിക്കന്നത് സഹിക്കാൻ കഴിയുമായിരുന്നില്ല. സ്നേഹത്തിൻ്റെ കാര്യത്തിൽ താൻ സ്വാർത്ഥനാണെന്ന് അവളും അംഗീകരിച്ചിരിക്കുന്നു.

എന്നിട്ടും,താനെന്തിനാണ് മറ്റുള്ളവർക്കൊപ്പം ഇവിടേയെത്തിയത്?ദീപയ്ക്കില്ലാത്ത എന്തു ഗുണമാണ് ചിത്രത്തിൽ മാത്രം കണ്ട പെണ്ണിനുള്ളത്?പിടിയ്ക്കപ്പെടില്ല ആത്മവിശ്വാസം. അതു മാത്രമാണ്, തന്നെ ഇവിടേയെത്തിച്ചത്. സൗഹൃദങ്ങളോടു പിണങ്ങാൻ വയ്യെന്ന വിധേയത്വ നിലപാടും.

ഹരി ചാടിയെഴുന്നേറ്റു.

“എങ്ങോട്ടാ, ഹരിയേട്ടാ.?”  യെന്ന കൂട്ടുകാരുടെ ചോദ്യങ്ങൾക്കു കാതുകൊടുക്കാതെ അയാൾ മുറി വിട്ടിറങ്ങി. ഉമ്മറത്തെ കാവൽക്കാരൻ്റെയും, പിണിയാളുകളുടേയും പരുഷനോട്ടങ്ങളും, ഭാവങ്ങളും അയാൾക്ക് നിസ്സാരമായിരുന്നു. ആ രാവണക്കോട്ടയുടെ നടുമുറ്റവും, പടിപ്പുരയും കടന്ന് അയാൾ പെരുവഴിയിലെത്തി. ഏതോ നാട്ടുമരത്തിൻ്റെ തണലിൽ നിന്ന്, പോക്കറ്റിൽ നിന്നും ഫോണെടുത്ത് ഓൺ ചെയ്തതും, അതു ശബ്ദിക്കാൻ തുടങ്ങി.

അയാൾ, ഫോൺ കാതോടു ചേർത്തു, ആർദ്രമായി വിളിച്ചു.

“ദീപാ…..”

തണൽമരത്തിൽ നിന്നും,  ചുവന്ന പുഷ്പങ്ങൾ അടർന്നുവീണുകൊണ്ടിരുന്നു.