ശരിയുടെ വഴികൾ…
Story written by Ammu Santhosh
==================
“ആ മോളെ ഇതാണ് പയ്യന്റെ അമ്മ “
അപർണ അമ്മയെ നോക്കി വിനയത്തോടെ കൈകൾ കൂപ്പി. അവരാകട്ടെ ഒന്ന് ചിരിച്ചു എന്ന് വരുത്തിക്കൂട്ടി
അപർണ വൈശാഖ്‌നെയൊന്നു നോക്കി അവനാകട്ടെ കണ്ണടച്ച് ചിരിച്ചു
“നീ ഒന്ന് വന്നേ ” അമ്മ അവനെ കൂട്ടി പുറത്തേക്ക് പോയപ്പോൾ അവൾ അകത്തെ മുറിയിലേക്ക് പോയി
“ചെക്കൻ അടിപൊളി ആണല്ലോ ചേച്ചി. ചേച്ചിയുടെ സെലക്ഷൻ സമ്മതിച്ചിരിക്കുന്നു.” അനിയത്തിമാർ
അപർണയുടെ മനസ്സിൽ ഇരുൾ വീണു കിടക്കുന്ന ആ അമ്മയുടെ മുഖമായിരുന്നു.
അവൾ സ്വന്തം മുറിയിലേക്ക് പോയി
“നീയല്ലേ പറഞ്ഞത്. ലിസ്റ്റിൽ പേരുണ്ട് ഇപ്പൊ ജോലിയാകും എന്നൊക്കെ. ഈ റാങ്ക് വെച്ച് എപ്പോ ജോലി കിട്ടാനാ. പിന്നെ അനിയത്തിമാർ രണ്ടെണ്ണം ഒരെ പോലെ ഇങ്ങനെ നിൽക്കുന്ന കാര്യം നീ എന്താ പറയാഞ്ഞത്? ഇനി അവരുടെ ബാധ്യത കൂടി നിന്റെ തലയിൽ വരും. അവരുടെ കല്യാണം, പ്രസവം. അതിലും നിന്റെ കാശ് ചിലവാകും. ഇനി കഷ്ടകാലത്തിനു ആ അപ്പനെങ്ങാനും മരിച്ചു പോയ.. മുഴുവൻ ചിലവും നീ നോക്കേണ്ടി വരും. എനിക്ക് ഇത് ഒട്ടും സമ്മതമല്ല വൈശു. അഴകെടുത്ത് അരി വെയ്ക്കാനൊക്കുകേലല്ലോ. നീ തന്നെ ഒന്നുടെ ആലോചിച്ചു നോക്ക് “
ജനൽപാളിയുടെ മറവിൽ നിന്ന് എല്ലാം കേട്ട് കൊണ്ടിരുന്ന അപർണയുടെ ഉടലിലെന്തോ വീണു പുകഞ്ഞു. അൽപനേരം എന്തൊ ആലോചിച്ചു നിന്നിട്ട് അവൾ ഉമ്മറത്തേക്ക് ചെന്നു
“അപ്പൊ ഞങ്ങൾ ഒന്നുടെ ആലോചിച്ചു വിളിച്ചു പറയാം “
“അതിന് ബുദ്ധിമുട്ടണമെന്നില്ല. എനിക്കി കല്യാണത്തിന് സമ്മതമല്ല.”
അവൾ നെഞ്ചിൽ കൈ പിണച്ചു കെട്ടി
“അപർണ… നീ?” വൈശാഖ് എന്തൊ പറയാൻ ആഞ്ഞു
“വൈശാഖ് പ്ലീസ്. ഞാൻ എല്ലാം കേട്ടു. അമ്മ പറഞ്ഞത് എല്ലാം. ഇത്തരം ചിന്താഗതി ഉള്ളവരുടെ കൂടെ എങ്ങനെ?”
“അമ്മ അമ്മയുടെ കാര്യം പറഞ്ഞു. ഞാൻ എന്റെ കാര്യം പറയുന്നു. എനിക്ക് നിന്നേ മാത്രംമതി.”
അവൻ തീർത്തു പറഞ്ഞു അവൾ ഒന്ന് ചിരിച്ചു ആ കണ്ണുകൾ നിറയുകയും ചെയ്തു.
“കേൾക്കാൻ നല്ല സുഖമുണ്ട് വൈശാഖ്. പക്ഷെ വിവാഹം വെറും രണ്ടു പേര് തീരുമാനിച്ചു നടത്തുന്ന വെറും ഒരു ആചാരമല്ല. രണ്ടു കുടുംബം കൂടി ചേരുന്നുണ്ട് എവിടെ.”അവൾ അച്ഛനെ ഒന്ന് നോക്കി തുടർന്നു
“എന്റെ അച്ഛൻ ഹൃദ്രോഗിയാണ്. എനിക്ക് താഴെ രണ്ട് അനിയത്തിമാർ ഉണ്ട്. അമ്മയില്ല. ഇവര് പഠിക്കുന്നേയുള്ളു. ഈ വീട് പോലും പണയത്തിലാണ്. ഇതൊക്കെ ഞാൻ എന്നെ ഇഷ്ടം ആണെന്ന് വൈശാഖ് വന്നു പറഞ്ഞപ്പോൾ തന്നെ ഞാൻ പറഞ്ഞിട്ടുള്ളതാണ്. ഇതൊക്കെ വീട്ടിൽ പറഞ്ഞു അമ്മയ്ക്കും അച്ഛനും ഒക്കെ സമ്മതമാണെങ്കിൽ വിവാഹം ആലോചിച്ചു വന്നാൽ മതി എന്നും പറഞ്ഞു. “
വൈശാഖ് പരുങ്ങലോടെ അമ്മയെയും അച്ഛനെയും നോക്കി
“ഒള്ളത് പറയാമല്ലോ. ഞങ്ങൾക്ക് ഈ ബന്ധത്തിൽ തൃപ്തിയില്ല. ഇത്രയും വലിയ ഒരു ബാധ്യത എടുത്തു വെയ്ക്കണ്ട കാര്യം എന്റെ മോനില്ല. ഞാനും അവന്റെ അച്ഛനും ഗവണ്മെന്റ് ജോലിക്കാരാ. ഇപ്പൊ ഇവനും കിട്ടി. ഞങ്ങൾക്ക് ഗവണ്മെന്റ് ജോലിയുള്ള ഒരു കൊച്ചിനെ മതി. ആദ്യത്തെ ഒരു ആവേശത്തിന് ഇവൻ ഇങ്ങനെ ഒക്കെ പറയും. കഷ്ടപ്പെട്ടു ശീലം ഇല്ലാത്ത ചെക്കനാ. അത് കൊണ്ട് മോൾക്ക് ചേരുന്ന ഒരു ചെക്കനെ മോള് കണ്ടു പിടിക്ക്. നല്ല ഭംഗി ഉണ്ടല്ലോ എളുപ്പാ അത് “
അവർ പരിഹാസത്തിൽ പറഞ്ഞു
“ഈ പറഞ്ഞത് നിങ്ങളുടെ സംസ്കാരം. ചിലപ്പോൾ നിങ്ങൾ അങ്ങനെ ആവും നിങ്ങളുടെ ഭർത്താവിനെ കണ്ടു പിടിച്ചത്.” അപർണ രോഷത്തിൽ പറഞ്ഞു
“അപർണെ എന്റെ അമ്മയെ അനാവശ്യം പറയരുത് “
വൈശാഖ് ചുവന്ന മുഖത്തോടെ പറഞ്ഞു
“ഇപ്പൊ നിനക്ക് മനസ്സിലായോ ഇവളെ?ഇവൾ നമ്മുടെ വീട്ടിലേക്ക് വന്നാലുള്ള അവസ്ഥ ഓർത്തു നോക്ക്. കഷ്ടം ഇറങ്ങിക്കോ “
അവർ ഇറങ്ങി പോകുന്നത് കണ്ട് അച്ഛൻ വേദനയോടെ അവളുടെ മുഖത്ത് നോക്കി
“നീ എന്തിനാ മോളെ അങ്ങനെ ഒക്കെ പറയാൻ പോയത്? അവർ എന്തെങ്കിലും പറഞ്ഞിട്ട് പോട്ടെന്ന് വിചാരിച്ച പോരെ? “
“അങ്ങനെ വരുന്നവരൊക്കെ എന്തെങ്കിലും പറഞ്ഞിട്ട് പോകാൻ ഇതെന്താ വഴിയമ്പലമാണോ?” അവൾ പുഞ്ചിരിച്ചു കൊണ്ടച്ചന്റെ അടുത്ത് ഇരുന്നു
“അഭിമാനം ആണ് വലുത് എന്ന് മക്കളെ പഠിപ്പിച്ചത് അച്ഛൻ തന്നെ അല്ലെ?”
അച്ഛൻ ആ മുഖത്ത് തലോടി. അവളുടെ കണ്ണുകളിലെ നനവ് മറ്റാര് കണ്ടില്ലെങ്കിലും അച്ഛൻ കാണുന്നുണ്ടായിരുന്നു. എന്നാലോ ആ പാവം മനുഷ്യൻ നിസ്സഹായനായിരുന്നു. രോഗവും ദാരിദ്യവും ഏൽപ്പിച്ച ആഘാതങ്ങളും മുറിവുകളും ആ പാവത്തിനെ അത്ര മേൽ തളർത്തിയിരുന്നു.
“ചേച്ചിക്ക് കുറച്ചു അഹങ്കാരം ഉണ്ട് കേട്ടോ. മിണ്ടാതെ ഇരിക്കാമായിരുന്നു. ആ ചേട്ടനെ വെറുതെ വെറുപ്പിച്ചു “
“ആഹ ബെസ്റ്റ്. രണ്ടെണ്ണത്തിനോടും കൂടിയ പറയുന്നേ. പഠിച്ചു നല്ല ജോലി മേടിച്ചോണം. അല്ലാതെ കണ്ടവന്റെ അടുക്കളയിൽ പാത്രം കഴുകി ജീവിക്കാം എന്ന് വിചാരിക്കണ്ട. വലിയ ദുരിതം ആണ് അത് കേട്ടല്ലോ. പ്രേമം ഒക്കെ ദേ ഇത്രേം ഉള്ളു.”
അവൾ മുറിയിൽ പോയി വേഷം മാറ്റി. പഴയ ഒരു നൈറ്റി എടുത്തു ധരിച്ചു മുറ്റത്തേക്കിറങ്ങി
“ഞാൻ പറമ്പിലോട്ട് പോവാ അച്ഛാ തെങ്ങിന് കുറച്ചു വളം ഇട്ടേച്ചും വരാം “
ഉറക്കെ വിളിച്ചു പറഞ്ഞിട്ട് കൈകോട്ട് എടുത്തവൾ നടന്നു പോയി
തെങ്ങിന് തടം വെട്ടുമ്പോൾ കണ്ണ് നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. വൈശാഖ്‌ന്റെ മുഖം അവളുടെ ഉള്ളിൽ നിന്നു പോകുന്നില്ലായിരുന്നു.എങ്കിലും മറക്കേണ്ടതൊക്ക മറക്കാൻ അവൾക്കാരും പറഞ്ഞു കൊടുക്കേണ്ടതുമില്ലായിരുന്നു.
രണ്ടു വർഷത്തിന് ശേഷം…
“അപർണക്ക് ഇന്ന് ട്രാഫിക്കിലാണോ ഡ്യൂട്ടി?”
അപർണ നിഖിലിനോട് അല്ല എന്ന് തലയാട്ടി
“എന്ന വേഗം പോയി ഡ്രസ്സ് മാറ്റിക്കോ നല്ല ജോലിയുണ്ട് .”
നിഖിൽ തൊപ്പി എടുത്തു വെച്ചു
അപർണ വേഗം മുറിയിലേക്ക് പോയി
“നിഖിലെ മോനെ നിന്റെ ചാട്ടം എങ്ങോട്ടാ എന്നൊക്കെ മനസ്സിലാകുന്നുണ്ട് കേട്ടോ. നിനക്ക് ആ കൊച്ചിനോട് അങ്ങ് പറഞ്ഞൂടായോ?”
വനിത എസ് ഐ ആലീസ് ചോദിച്ചു
നിഖിൽ ഒന്ന് ചമ്മി
“അയ്യോ സാറെ അങ്ങനെ ഒന്നൂല്ല. ഫ്രണ്ട്സ് ആണ് അത്രേം ഉള്ളു.”
അവർ നീട്ടി ഒന്ന് മൂളി
അപർണ വന്നപ്പോൾ ആ സംഭാഷണം എവിടെ മുറിഞ്ഞു
രാവിലത്തെ തിരക്ക് ഒക്കെ തീർന്ന് ഒരു ചായ കുടിക്കുമ്പോൾ അവനവളെ ഒന്ന് നോക്കി. പിന്നെ അടുത്ത് വന്നിരുന്നു
“അപർണയ്ക്ക് വീട്ടിൽ ആരൊക്കെ ഉണ്ട്?”
“അച്ഛൻ, രണ്ട് അനിയത്തിമാർ പിന്നെ ഞാനും “
“എനിക്കും ഉണ്ട് രണ്ട് അനിയത്തിമാര്. സ്കൂളിൽ പഠിക്കുന്നേയുള്ളൂ കേട്ടോ. ഞാൻ ഉണ്ടായി കുറച്ചു കഴിഞ്ഞു അമ്മ പോയി. അച്ഛൻ പിന്നെ ലേറ്റ് ആയിട്ട് വേറെ ഒരു അമ്മയെ കൊണ്ട് വന്നു.അതാണ് അനിയത്തിമാര് ലേറ്റ് ആയെ. അമ്മ പാവാ. എന്നെ ജീവനാ.. “
അവൾ കൗതുകത്തോടെ aഅത് കേട്ടിരുന്നു
“ഞാൻ ഒരു ആലോചന ആയിട്ട് വീട്ടിലോട്ട് വന്നാൽ എതിർപ്പുണ്ടാകുമോ?” പെട്ടെന്ന് അവൻ ചോദിച്ചപ്പോൾ അവൾ ഒന്ന് പതറി
“അനിയത്തിമാരെ പഠിപ്പിക്കുന്നേയുള്ളു. അച്ഛന് സുഖമില്ല. ഇപ്പൊ ഞാൻ കല്യാണത്തിന് വില്ലിങ് അല്ല “
അവൾ പെട്ടെന്ന് പറഞ്ഞു
“അയ്യോ നമുക്ക് ഒന്നിച്ചു പഠിപ്പിക്കാമെന്നെ. മൊത്തം നാലുപേരായില്ലേ ഇപ്പൊ? അതൊക്കെ അങ്ങ് നടന്നു പോകും കേട്ടോ..എനിക്ക് തന്നെ വലിയ ഇഷ്ടാ. അതാണ് നേരിട്ട് അങ്ങ് പറഞ്ഞത്. “
“വീട്ടിൽ പോയി പറഞ്ഞു നോക്ക് അവർ കൂടി സമ്മതിക്കണ്ടേ?”
പണ്ട് നീറിയ ഒരു സംഭവം അവളുടെ ഓർമയിൽ വീണ്ടും വന്നു
“എന്റെ വീട്ടുകാർ പാവങ്ങളാ..നല്ല സ്നേഹം ഉള്ള മരുമോൾ വേണം എന്നേയുള്ളു. അത് കൊടുക്കാൻ പറ്റുവോ? കൂട്ടത്തിൽ ഇച്ചിരി എനിക്കും?”
അവൾ മിഴിഞ്ഞ കണ്ണുകളോടെ നോക്കി
“എന്ത്?”
“അല്ല സ്നേഹം…”
അവൾ പൊട്ടി വന്ന ഒരു ചിരി അടക്കിയ നേരത്ത് തന്നെ ആണ് വൈശാഖ് അങ്ങോട്ടേക്ക് വന്നത്. അവളെ കണ്ടവൻ അമ്പരന്നു
“എസ് ഐ സാറ്?”
“അവിടെ ” അവൾ കൈ ചൂണ്ടി അയാൾ അങ്ങോട്ടേക്ക് പോയി
കുറച്ചു കഴിഞ്ഞു എസ് ഐ നിഖിലിനെ വിളിപ്പിക്കുന്നത് അവൾ കേട്ടു
അവളുടെ ഹൃദയത്തിൽ ഒരു ഭാരം നിറഞ്ഞു. അവൾ അറിയാതെ അങ്ങോട്ടേക്ക് ചെന്നു
“ആ അപർണ ഇവിടെ ഉണ്ടായിരുന്നോ ഞാൻ കരുതി പുറത്ത് പോയെന്ന്. ഇയാളുടെ കയ്യിൽ നിന്ന് ഒരു പരാതി എഴുതി മേടിക്ക്. ഇയാളുടെ ഭാര്യ അമ്മയെ ഉപദ്രവിച്ച് അവർ ഹോസ്പിറ്റലിൽ ആയിയെന്ന് ഇയാൾ പറയുന്നു. അത് എഴുതി മേടിച്ചിട്ട് ഒന്ന് ഹോസ്പിറ്റലിൽ പോയി അന്വേഷിക്കണം “
അവൾ യാന്ത്രികമായി തലയാട്ടി. പോകാൻ നേരം വൈശാഖ് അവളെ ദയനീയമായി നോക്കിയത് അവൾ കണ്ടില്ല എന്ന് നടിച്ചു
നിഖിലിനോപ്പം അമ്മയുടെ മൊഴിയെടുക്കാൻ പോകുമ്പോൾ അവൾ കോൺസ്റ്റബിൾ അപർണ തന്നെ ആയിരുന്നു.
“അവർ conscious അല്ല മൊഴി പിന്നീട് എടുത്താൽ പോരെ?”
അമ്മയെ ചികിൽസിക്കുന്ന ഡോക്ടർ ചോദിച്ചു
“തലയ്ക്ക് നല്ല മുറിവുണ്ട്. സർജറി വേണ്ടി വന്നു.ഭാരമുള്ള എന്തൊ ഒന്നിൽ തലയടിച്ച പോലെ. അയാളുടെ ഭാര്യ ആണ് ചെയ്തത് എന്ന് പറയുന്നുണ്ട്. “
ഡോക്ടർ അവരോട് പറഞ്ഞു. അവർ അതൊക്കെ രേഖപ്പെടുത്തി
വൈശാഖ്‌ന്റെ മുന്നിൽ ചെല്ലുമ്പോൾ ഇത്തവണ അവൾക്ക് പതർച്ച ഉണ്ടായിരുന്നില്ല
“പോലീസ് ആയി. ഇല്ലെ?” അവൾ അതിന് മറുപടി പറഞ്ഞില്ല
“അമ്മയെ ഒന്ന് കാണാൻ പറ്റുമോ?”
അവൻ അവരെ അകത്തു കൊണ്ട് പോയി
അവർ മയക്കത്തിലായിരുന്നു
“ശരിക്കും നിങ്ങളുടെ ഭാര്യ നോർമൽ അല്ലെ? ഇങ്ങനെ ഒക്കെ ചെയ്യുന്നത് എങ്ങനെ?”
നിഖിൽ നിയന്ത്രണം വിട്ട് ചോദിച്ചു
“അവർ തമ്മിൽ ഇടക്ക് വഴക്ക് ഉണ്ടാകും. അവൾക്ക് ദേഷ്യം കൂടുതലാ. ഞാൻ വീട്ടിൽ ഇല്ലായിരുന്നു. അതാണ്..” അവന്റെ ശബ്ദം ഇടറി
“അച്ഛൻ?”
“അച്ഛൻ കഴിഞ്ഞ വർഷം മരിച്ചു “
“ശരി ഞങ്ങൾ പിന്നെ വരാം “
അവർ യാത്ര പറഞ്ഞിറങ്ങി
“എന്താ അല്ലെ? ഹോ പാവം അമ്മ?”
തിരിച്ചു വരുമ്പോൾ നിഖിൽ പറഞ്ഞു
“മറ്റേ വശം കൂടി കേട്ടിട്ട് തീരുമാനിക്കാം ആരാണ് പാവമെന്ന്”
അവൾ മുറുക്കമുള്ള ശബ്ദത്തിൽ പറഞ്ഞു
പെൺകുട്ടി അച്ഛനെ കൂട്ടിയാണ് പോലീസ് സ്റ്റേഷനിൽ വന്നത്
അവളുടെ മുഖത്ത് അവിടിവിടെയായി കരിനീലിച്ച പാടുകൾ ഉണ്ടായിരുന്നു
“എന്റെ സാറെ സഹിക്കാൻ വയ്യാഞ്ഞിട്ടാ. എന്ത് പറഞ്ഞാലും വഴക്കായിരുന്നു. കയ്യിൽ കിട്ടുന്നത് എന്താ അത് വെച്ചു ഒരേറാണ്. മടുത്തു. തിരിച്ചു കൊടുക്കാൻ അച്ഛനാ പറഞ്ഞത് ” അവൾ അച്ഛനെ നോക്കി
“അത് ശര്യാ സാറെ. അത്രക്ക് എന്റെ മോളെ അവർ ഉപദ്രവിച്ച്. പോരാൻ ഞാൻ പറഞ്ഞതാ ഇവൾ കേട്ടില്ല. ഇനി തല്ലിയ ആ കൈ അങ്ങ് വെട്ടിയേക്കാൻ ഞാൻ പറഞ്ഞു കേസ് ഞാൻ നോക്കിക്കൊള്ളാം. എന്റെ കൊച്ചിനെ കണ്ടവർക്ക് തി ന്നാൻ കൊടുക്കാൻ അല്ല ഞാൻ വളർത്തിയത് “
എസ് ഐ പൊട്ടി വന്ന ചിരി അടക്കി അപർണയെ നോക്കി.
“ഭർത്താവ് ഒന്നും പറയില്ലായിരുന്നു?”
“ഓ അത് അങ്ങനെ ഒരു നിർഗുണൻ. അമ്മ പ്രായമായി വരുവല്ലേ ക്ഷമിക്ക് എന്നാ സ്ഥിരം പല്ലവി. എനിക്കും ദേഹം നോവില്ലേ സാറെ. പ്രായമായെന്ന് വെച്ച് ഇങ്ങനെ ആയാൽ എങ്ങനെ. എന്നാലും ഞാൻ അവരെ തല്ലിയതൊന്നുമല്ല. എന്നെ ഉപദ്രവിക്കാൻ വന്നപ്പോൾ പിടിച്ചു തള്ളിയതാ. അലമാരയിൽ ചെന്നു തലയിടിച്ചു. ഞാൻ മനഃപൂർവം അല്ല. പക്ഷെ ഇപ്പൊ തോന്നുന്നു നന്നായി. അത് കൊണ്ട് ആ ഭാരം ഒഴിഞ്ഞു. ഭർത്താക്കന്മാർ തല്ലുന്നതേ പുറത്ത് വരുന്നുള്ളു മാഡം അമ്മായിയമ്മമാർ അതിലും കഷ്ടമാ.” അവളുടെ ഒച്ച ഇടറി
“സ്റ്റേറ്റ്മെന്റ് എടുത്തിട്ട് വിട്ടേക്ക് ” എസ് ഐ അപർണയോട് പറഞ്ഞു
അപർണ ആ പെൺകുട്ടിയെ കൂട്ടി കൊണ്ട് പോയി
അടുത്തിരുത്തി ആ മുഖത്തേക്ക് ഒന്ന് നോക്കി.
താനാണ് അത്. അല്ലെങ്കിൽ താൻ നിൽക്കേണ്ട ഇടമാണ് അത്
അവൾ സ്നേഹപൂർവ്വം ആ പെൺകുട്ടിയെ ഒന്ന് ചേർത്ത് പിടിച്ചു
“പേടിക്കണ്ട. കേസ് ആവാതെ ഞാൻ നോക്കിക്കൊള്ളാം കേട്ടോ. “
അവൾ വേദന നിഴലിക്കുന്ന കണ്ണുകളോടെ തലയാട്ടി
“ഇനി അങ്ങോട്ട് പോകണ്ട..അത് തീർന്നു. പക്ഷെ എനിക്ക് കുട്ടിയോട് ഒരു കാര്യത്തിൽ യോജിപ്പില്ല കേട്ടോ. ആദ്യത്തെ അടിക്ക് തന്നെ പ്രതികരിക്കാത്തതിൽ. അങ്ങനെ ചെയ്തു എങ്കിൽ ഇത്രയും വഷളാവില്ലായിരുന്നു. കൊടുക്കേണ്ടത് കൊടുക്കണ്ട സമയത്തു കൊടുക്കണം. അത് ഭർത്താവാണെങ്കിലും അമ്മയാണെങ്കിലും ഇനി മക്കളാണെങ്കിലും. സാരമില്ല ജോലി ഉള്ള ആളല്ലേ. നന്നായി ജീവിക്ക്. സന്തോഷം ആയിട്ട്.”
അപർണ മെല്ലെ പറഞ്ഞു. പെൺകുട്ടി ദീർഘമായി ഒന്ന് ശ്വസിച്ചു
“കഠിനമായത് കടലാണെങ്കിലും പുഴയാണെങ്കിലും നീന്തി കടക്കേണ്ടി വന്നാൽ നീന്തുക തന്നെ. ഒരു പരാതി എഴുതി തരണം. നിന്നേ ഉപദ്രവിച്ചതിന്റ എല്ലാ ഡീറ്റെയിൽസും വേണം “
അപർണ മെല്ലെ പറഞ്ഞു
പെൺകുട്ടി അവളെ ഉറ്റു നോക്കിയിരുന്നു. പിന്നെ കടലാസ് എടുത്തു എഴുതി തുടങ്ങി
~Ammu Santhosh