Story written by Aparna Dwithy
===============
‘ഡീ….വീട്ടിലേക്ക് വാടി പ്ലീസ് ‘
“ഞാനിനി ആ നരകത്തിലേക്കില്ല “
‘അപ്പൂസേ സത്യായിട്ടും ഞാന്‍ കുടി നിര്‍ത്തി, നീയാണേ സത്യം ‘
“ദേ മനുഷ്യാ….കെട്ടിയ അന്ന് മുതല്‍ കേള്‍ക്കാന്‍ തുടങ്ങിയതാ ഞാന്‍ നിങ്ങള്ടെ ഈ സത്യം പറച്ചില്ല്. ഞാന്‍ വരത്തില്ല പോയി കിടന്നുറങ്ങാന്‍ നോക്ക് “
‘നീയില്ലാതെ എനിക്ക് ഉറക്കം വരത്തില്ല ഡി ‘
“അയ്യോടാ ഒരു സ്നേഹം, കുപ്പി ഉണ്ടാവുമല്ലോ കൈയ്യില്‍ അതിനേം കെട്ടിപ്പിടിച്ചങ്ങ് ഉറങ്ങിയാല്‍ മതി “
‘എനിക്കിപ്പോ എന്റെ മോളെ കാണണം. എന്റെ കൊച്ചിനെ എങ്കിലും കാണിച്ച് താടി ‘
“മൂക്കറ്റം കുടിച്ച് വരുമ്പോള്‍ ഈ പുത്രി സ്നേഹമൊന്നും കണ്ടില്ലല്ലോ “
‘അപ്പൂസേ പ്ലീസ് …….’
“ഞാന്‍ വരത്തില്ല പോയി കിന്നുറങ്ങാന് നോക്ക് ” ഞാന്‍ ഫോണ്‍ കട്ട് ചെയ്യ്തു.
‘തീര്‍ന്നില്ലേ നിങ്ങളുടെ വഴക്ക് ‘ അപ്പോളാണ് ചേച്ചി മുറിയിലേക്ക് കയറി വന്നത്.
“എവിടെ? അങ്ങേരു നന്നാവാന്‍ ഒന്നും പോണില്ല ചേച്ചി. ഇപ്പോ തന്നെ മൂക്കറ്റം കുടിച്ചിട്ടാ വിളിച്ചത് “
‘എടീ ഇത് പോലുള്ള വഴക്കൊക്കെ കുടുംബ ജീവിതത്തില്‍ സാധാരണമാണ്. നി ഇത് വരെ അവനോടൊന്ന് സ്നേഹത്തില്‍ സംസാരിച്ചിട്ടുണ്ടോ ?’
ഞാന്‍ ഒന്നും മിണ്ടിയില്ല.
‘നി അവനെ ക ടിച്ചുകീ റാന്‍ ചെല്ലാതെ ആദ്യം അവനോടൊന്ന് സ്നേഹത്തില്‍ സംസാരിക്ക്. നിന്റെ സ്നേഹത്തിന് ചിലപ്പോള്‍ അവനെ മാറ്റിയെടുക്കാന്‍ പറ്റും. നാളെ നിന്റെ വിവാഹവാര്‍ഷികം അല്ലേ നാളത്തന്നെ കൊച്ചിനേം കൊണ്ട് നി വീട്ടിലേക്ക് പോ. എന്നിട്ട് സ്നേഹത്തോടെ കാരൃങ്ങള്‍ പറഞ്ഞവനെ മനസിലാക്കാന്‍ ശ്രമിക്ക്. ‘
“ങും”
പിറ്റേന്ന് രാവിലെ തന്നെ ഞാന്‍ മോളെയും കൊണ്ട് വീട്ടിലേക്ക് ചെന്നു. ചെന്ന് കയറിയ ഉടനെ കണ്ടത് കുപ്പിയും മുന്നില്‍ വച്ച് ഇരിക്കുന്ന അങ്ങേരെയും. ഹോ ഓടിചെന്ന് ആ കുപ്പിയെടുത്ത് അങ്ങേരുടെ തലയ്ക്കിട്ട് ഒരെണ്ണം കൊടുക്കാനാ എനിക്കപ്പോള്‍ തോന്നിയത്. പിന്നെ ചേച്ചി പറഞ്ഞ കാരൃം മനസിലോര്ത്തങ്ങ് ക്ഷമിച്ചു.
“ശരത്തേട്ടാ…..”
ശരത്തേട്ടന് ഞെട്ടി എഴുന്നേറ്റ് കുപ്പി പിറകിലേക്ക് പിടിച്ചു.
‘അപ്പൂ…..നീയെപ്പോ വന്നേ?’
“ങും ങും ഒളിപ്പിക്കാന്‍ നോക്കണ്ട ഞാന്‍ കണ്ടു “
‘അത് നീ ഇല്ലാതത്തിന്റെ സങ്കടത്തില്‍ കുടിച്ചതാ….’ ശരത്തേട്ടന് ഒരു ചമ്മിയ ചിരിയോടെ പറഞ്ഞു.
“അപ്പോള്‍ ഞാന്‍ വീട്ടിലുള്ളപ്പോള്‍ കുടിക്കുന്നതോ…?”
‘അത് പിന്നെ അവന്മാരൊക്കെ നിര്ബന്ധിക്കുമ്പോള്……’
“ങും മതി മതി കിടന്നുരുളണ്ട. ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത അറിയോ ശരത്തേട്ടന്?”
‘ആ നി പിണക്കം മാറി ഇവിടേക്ക് തിരിച്ചു വന്ന ദിവസല്ലേ ?’
“അതൊന്നുമല്ല”
‘പിന്നെന്താ….ഞായറാഴ്ച്ച ആണോ?’
“ഇന്നേക്ക് നമ്മുടെ കല്ല്യാണം കഴിഞ്ഞിട്ട് മൂന്ന് വര്‍ഷമായി”
‘ആണോ?’
“ങും”
‘കര്‍ത്താവേ ഞാനീ കുരിശ് ചുമക്കാന്‍ തുടങ്ങീട്ട് മൂന്ന് വര്‍ഷായോ’ ശരത്തേട്ടന് പിറുപറുത്തു.
“എന്താ പറഞ്ഞേ?”
‘ഒന്നൂല്ലേ. അപ്പോ പറ എന്താ എന്റെ അപ്പൂസിന് വേണ്ടത് എന്നെ ഇത്രേം കാലം സഹിച്ചതിന് ?’
“ആദ്യം മോന് പോയി ഒരു സദ്യ ഉണ്ടാക്കാനുള്ള സാധനങ്ങള്‍ ഒക്കെ വാങ്ങീട്ട് വാ അപ്പോളേക്കും ഞാന്‍ മോളെ ഉറക്കീട്ട് ഒന്ന് ഫ്രഷ് ആയിട്ട് വരാം”
‘ഓക്കെടാ മുത്തേ ‘ അതും പറഞ്ഞു ശരത്തേട്ടന് വണ്ടിയെടുത്ത് പുറത്തേക്കിറങ്ങി.
ഞാന്‍ ഫ്രഷ് ആയി വരുമ്പോഴേക്കും സാധനങ്ങള്‍ ഒക്കെ റെഡി.
‘ഇനിയെന്താ അപ്പൂസേ ഞാന്‍ ചെയ്യണ്ടേ?’
“ചേട്ടന് വാ നമ്മുക്കേ കൊച്ചു വര്‍ത്തമാനമൊക്കെ പറഞ്ഞു ഭക്ഷണമുണ്ടാക്കാം”
‘ഓ ശരി രാജാവേ ‘
അങ്ങനെ പാചകം ആരംഭിച്ചു. ഉച്ചയായപ്പോഴേക്കും പായസമടങ്ങിയ സദ്യ റെഡി. അങ്ങനെ കാലങ്ങള്‍ക്ക് ശേഷം ഞങ്ങളൊരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു.
ഒരു ഉച്ചമയക്കത്തിന് തയ്യാറെടുക്കുമ്പോള്‍ ശരത്തേട്ടന് എന്നോട് പറഞ്ഞു,
‘അപ്പൂസേ നമ്മുടെ മോള് ഉണ്ടായതിന് ശേഷം ഞാന്‍ ഏറ്റവും സന്തോഷിച്ച ദിവസം ഇന്നാണ് ‘
“ഞാനും”
‘അപ്പൂ…… നിനക്കെന്നും ഇങ്ങനെയായിക്കൂടെ?’
“ശരത്തേട്ടനെന്നും ഇങ്ങനായിക്കൂടെ എന്തിനാ എപ്പോഴും കുടിച്ചിട്ട് വരുന്നേ? എനിക്കെത്ര സങ്കടമുണ്ടെന്ന് അറിയോ?”
‘നീയെപ്പോളെങ്കിലും എന്നോട് ചോദിച്ചിട്ടുണ്ടോ എന്തിനാ ഞാന്‍ കുടിക്കുന്നേന്ന്. ഓഫീസില്‍ നിന്നും ടെന്‍ഷനുമായി വരുമ്പോള്‍ ഇത് വരെ നീയെന്റെ അടുത്ത് വന്ന് ആശ്വസിപ്പിച്ചിട്ടുണ്ടോ? സ്നേഹത്തോടെ ഒരു വാക്കെങ്കിലും സംസാരിച്ചിട്ടുണ്ടോ ? ‘
എനിക്ക് ഉത്തരമില്ലായിരുന്നു.
‘ഞാനും ഒരു ഭര്‍ത്താവ് ആണ് അപ്പു. ഞാനും ഒത്തിരി ആഗ്രഹിക്കുന്നുണ്ട് നിന്റെ സ്നേഹം, കെയറിങ് എല്ലാം……..’ അത് പറഞ്ഞു തീര്‍ന്നപ്പോള്‍ ശരത്തേട്ടന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി.
‘അപ്പൂ……. എനിക്ക് സ്നേഹിക്കാന്‍ നീ മാത്രമേ ഉള്ളു, അച്ഛന്റെയോ അമ്മയുടെയോ സ്നേഹം ഞാന്‍ അറിഞ്ഞിട്ടില്ല. ഈ ലോകത്ത് സ്വന്തമെന്ന് പറയാന്‍ എനിക്ക് നീയും നമ്മുടെ മോളും മാത്രമേ ഉള്ളു. ആ നീയും എന്നെ മനസിലാക്കുന്നില്ല എന്ന് കണ്ടപ്പോള്‍…..വയ്യ അപ്പൂ……. നിന്നെ നഷ്ടപ്പെടുത്താന്‍ എനിക്ക് വയ്യ……’ അതും പറഞ്ഞ് ശരത്തേട്ടന് എന്നെ ചേര്‍ത്തു പിടിച്ച് പൊട്ടിക്കരഞ്ഞു.
“സോറി ശരത്തേട്ടാ…….ഞാന്‍…..ഒന്നും മനസിലാക്കിയില്ല…..എന്നോട് ക്ഷമിക്ക്”
‘അപ്പൂ….ഇനി ഞാന്‍ കുടിക്കില്ല സത്യം. എപ്പോഴും പറയണത് പോലെയല്ല. എനിക്ക് വലുത് നീയും നമ്മുടെ മോളുമാ…അത് നഷ്ടപ്പെടുത്താന്‍ എനിക്ക് വയ്യ ‘ ശരത്തേട്ടന് എന്നെ നെഞ്ചോട് ചേര്‍ത്ത് പിടിച്ചു പറഞ്ഞു.’
ഇതൊക്കെ കണ്ടാവണം ഞങ്ങളുടെ പൊന്നുമോള് ഉണര്‍ന്ന് ഒരു കള്ളച്ചിരി ചിരിച്ചത്.
പരസ്പരം മനസിലാക്കി ജീവിച്ചാല്‍ ഭൂമിയിലെ സ്വര്‍ഗം നമ്മുടെയൊക്കെ വീട് തന്നെയാണ്.
~അപര്‍ണ.