നീ സത്യം പറ. നേരത്തേ നീ ബാംഗ്ലൂർ ആയിരുന്നില്ലേ? അവിടെയുള്ള കൂട്ടുകെട്ടിൽ നിന്ന് വല്ലോം കിട്ടിയതാണോ…

പഞ്ഞി മിട്ടായിയിൽ കൊത്തി വന്ന കോഴി

Story written by Remya Bharathy

=================

“ഈ സ്ഥലം കൊള്ളാം ട്ടോ. എനിക്ക് ഇഷ്ടായി.”

വേദിക ഇന്ദുവിന്റെ കൂടെ കറങ്ങാൻ ഇറങ്ങിയതായിരുന്നു. ഇന്ദുവിന്റെ ഓഫീസിൽ രണ്ടാഴ്ച മുൻപ് ആണ് വേദിക ജോലിക്ക് കയറിയത്. ചെറുപ്പത്തിൽ ഒരുമിച്ച് പഠിച്ചിട്ടുള്ളവർ ആണ് ഇവർ. താമസം ഒരുമിച്ചല്ലെങ്കിലും വീക്കെൻഡ് ആഘോഷിക്കാൻ ഇറങ്ങിയതാണ് രണ്ടാളും.

മാളിലെ ബ്രാൻഡഡ് ഐസ്ക്രീം ഷോപ്പിൽ നിന്ന് ഐസ്ക്രീം വാങ്ങി കഴിക്കുന്നതിനിടെ ആണ് അവരുടെ കൂടെ ജോലി ചെയ്യുന്ന ശ്യാമും സിദ്ധുവും കടന്നു വന്നത്. സിദ്ധുവും ഇന്ദുവും ഒരുമിച്ച് ജോലിയിൽ കയറിയവരും അടുത്ത സുഹൃത്തുക്കളും ആയിരുന്നു. ശ്യാം ഇത്തിരി സീനിയറും മുപ്പതു കഴിഞ്ഞ അവിവാഹിതനും.

“ഇന്നാരുടെ ട്രീറ്റ്‌ ആണ് ഇന്ദു? ഞങ്ങളെ കൂടെ കൂട്ടാമോ?”

“ആരുടേം ട്രീറ്റ്‌ അല്ല. അപ്ന അപ്ന.” ഇന്ദു മറുപടി പറഞ്ഞു.

“ഇതേതാ ഫ്ലേവർ?” സിദ്ധു ചോദിച്ചു.

“കോട്ടൺ കാൻഡി ഫ്ലേവർ ആണ്.” വേദികയാണ് മറുപടി പറഞ്ഞത്.

“അങ്ങനെയും ഫ്ലേവർ ഉണ്ടല്ലേ. ഇതൊക്കെ ഞാൻ ആദ്യായിട്ടാ കേൾക്കണേ” ശ്യാം മറുപടി പറഞ്ഞു.

“എന്നാൽ അത് നമുക്കും ഒന്ന് പരീക്ഷിക്കാം.” ശ്യാം അതും പറഞ്ഞു കൊണ്ട് കൗണ്ടറിലേക്ക് ചെന്ന് അവനും ശ്യാമിനും ഉള്ള ഐസ്ക്രീം വാങ്ങിയിട്ട് വന്നു.

“സംഗതി കൊള്ളാം അല്ലേ. ഒരു പഴയ നൊസ്റ്റാൾജിക് ടേസ്റ്റ്.” ശ്യാം പറഞ്ഞു.

“പണ്ട് എവിടേലും പോവുമ്പോൾ കവറിൽ കേട്ടി കൊമ്പിൽ കോർത്ത ഈ മിട്ടായി കണ്ട് അച്ഛനോട് ഒത്തിരി കെഞ്ചി നോക്കും. അച്ഛൻ വാങ്ങി തരില്ല. അതിൽ കളർ ആണ്, നന്നല്ല എന്ന് പറഞ്ഞ്. എനിക്കാണേൽ ഈ പിങ്ക് കളറ് കാണുമ്പോൾ കൊതിയാവും.” വേദിക പഴയ കാലത്തേക്ക് പോയി.

“പക്ഷെ ഞങ്ങളുടെ പഞ്ഞി മിട്ടായി ഇങ്ങനെ അല്ലായിരുന്നു. ചില്ല് ഭരണിയിൽ വെള്ള നിറത്തിൽ അപ്പൂപ്പൻ താടി പോലെ. അതും കൊണ്ടു വരുന്നവരുടെ മണിയൊച്ച കേൾക്കുമ്പോഴേ ഓടി അമ്മയുടെ കയ്യും കാലും പിടിച്ചു ഒന്നോ രണ്ടോ രൂപ വാങ്ങും. അയാൾ കഷ്ണം മുറിച്ച ഒരു പേപ്പർ കോൺ പോലെ ആക്കി അതിൽ ഇട്ടു തരും. അതിങ്ങനെ വിരൽ തുമ്പു കൊണ്ട് നുള്ളി നുള്ളി ആസ്വദിച്ചു കഴിക്കും. ഇപ്പോൾ അതൊന്നും ഇല്ലല്ലോ. കോൽ ഐസ്, സേമിയ ഐസ്, പാൽ ഐസ് അങ്ങനെ എന്തൊക്കെ ഉണ്ടായിരുന്നു….” ശ്യാമും നൊസ്റ്റാൾജിയയിൽ മുങ്ങി.

“ആ പഞ്ഞി മിട്ടായി ഇപ്പോ നാട്ടിൽ പല ബേക്കറികളിലും കിട്ടും. പഴേ ഐസ് കിട്ടില്ല. അതുപോലെ പണ്ട് സിനിമ തീയറ്ററിൽ കിട്ടിയിരുന്ന ഒരു ഐസ്ക്രീം ഉണ്ട്. അതും.” സിദ്ധുവും തന്റെ ഓർമ്മചെപ്പു തുറന്നു.

“ആ പഞ്ഞി മിട്ടായി അമർത്തി വെച്ചു കഷ്ണം ആക്കിയാണ് സോൻ പാപ്പടി ആയി കിട്ടുന്നത്.” ഇന്ദു തന്റെ ജ്ഞാനം വിളമ്പി.

“അത് ശരിയാ. എന്നാലും പഴയ പഞ്ഞി മിട്ടായിയുടെ ഒരു സ്വാദ് ഇല്ല. ഇപ്പോൾ ഈ പിങ്ക് പഞ്ഞി മിട്ടായി പാക്കറ്റിൽ വരുന്നുണ്ട്. ഇടക്ക് ഒരു മോഹത്തിന് ഞാൻ വാങ്ങി കഴിക്കും. കഴിഞ്ഞ വട്ടം ഒരു കല്യാണത്തിന് പോയപ്പോൾ അവിടെ ലൈവ് ആയി ഉണ്ടാക്കുന്നതും കണ്ടു. ഞാൻ ഒന്നും നോക്കീല വാങ്ങി നന്നായി കഴിച്ചു.” വേദിക പറഞ്ഞത് കേട്ട് എല്ലാരും കൂടെ ചിരിച്ചു.

പോകാൻ നേരം ശ്യാമും സിദ്ധുവും വേദികയുടെ ഫോൺ നമ്പർ വാങ്ങി. ചെറിയ ഷോപ്പിംങ്ങൊക്കെ കഴിഞ്ഞ് വേദികയും ഇന്ദുവും അവരവരുടെ താമസസ്ഥലങ്ങളിലേക്ക് പോയി.

******************

തിങ്കളാഴ്ച രാവിലെ ഓഫീസിലെ പാർക്കിങ്ങിൽ വണ്ടി വെച്ച് വേദിക ഓഫീസിലേക്ക് നടന്നു. വരുന്ന വഴി സ്ഥിരം ചിരിക്കുന്ന സെക്യൂരിറ്റി ചേട്ടൻ ചിരിക്കാത്തത് അവളുടെ ശ്രദ്ധയിൽ പെട്ടു. തോന്നിയതായിരിക്കും എന്ന് കരുതി, ഓഫീസിലേക്ക് കയറിയപ്പോഴും മൊത്തത്തിൽ എന്തൊക്കെയോ വ്യത്യാസം. താൻ ചിരിച്ചിട്ടും ആരും തിരികെ ചിരിക്കുന്നില്ല. എന്തു പറ്റി? തന്റെ കയ്യിൽ നിന്ന് വല്ല അബദ്ധവും പറ്റിയോ? ഒന്നും മനസ്സിലാവുന്നില്ല. അവൾ ഇന്ദുവിനെ തിരഞ്ഞു. അവൾ സീറ്റിൽ ഉണ്ട്. വേഗം അങ്ങോട്ട്‌ ചെന്നു ഒരു കസേര വലിച്ചിട്ടു അടുത്തിരുന്നു.

“ഇന്ദു, എന്തേലും കുഴപ്പമുണ്ടോ ആരും എന്നോട് മിണ്ടുന്നില്ല.” വേദിക ഇന്ദുവിന്റെ മുഖത്തേക്ക് നോക്കി. അവളുടെ മുഖത്തും തെളിച്ചമില്ല.

ഇന്ദു വേദികയുടെ കയ്യും പിടിച്ച് കാന്റീനിലേയ്ക്ക് നടന്നു. ശേഷം വാട്സ്ആപ്പ് തുറന്ന് ഒരു മെസ്സേജ് കാണിച്ചു. ആരാണ് അയച്ചത് എന്നറിയാത്ത, ഒരു നമ്പറിൽ നിന്ന് ഇന്നലെ രാത്രി വന്ന ഒരു മെസ്സേജ് ആണ്. അതിൽ പറയുന്നത് ഇങ്ങനെ ആണ്.

“പുതുതായി ജോലിക്ക് ചേർന്ന വേദികയില്ലേ, അവള് ശരിയല്ല. അവള് മറ്റേതാ, മഴവില്ലിന്റെ ആളാ. L GB T QA+ ന്റെ ആളാ. ഇനി ആ ഇന്ദുവും ഇതിൽ പെട്ടതാണോ എന്ന് അറിയേണ്ടിയിരിക്കുന്നു. ബാക്കി ഉള്ളവരും. സൂക്ഷിക്കുക.”  ഇതാണ്‌ മെസ്സേജ്.

“കമ്പനിയുടെ ഒരു അൻഒഫീഷ്യൽ പ്രൈവറ്റ് വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ട്. അതിൽ ഇവിടെ നേരത്തേ ഉണ്ടായിരുന്നതും ഇപ്പോൾ ഉള്ളതുമായ പല സ്റ്റാഫും ഉണ്ട് സെക്യൂരിറ്റി അടക്കം. അവിടെ വന്ന മെസ്സേജ് ആണ്. നമ്പർ ആരുടേതാണ്‌ എന്ന് അന്വേഷിക്കാൻ ഞാൻ സിദ്ധുവിനെ ഏൽപ്പിച്ചിട്ടുണ്ട്. പക്ഷെ നീ ഇത് പറ. ഇതിൽ എന്തേലും സത്യം ഉണ്ടോ? ഇത് ചിലപ്പോൾ മാനേജ്മെന്റ് ഇപ്പോൾ അറിഞ്ഞു കാണും. ഞാനാണ് നിന്നെ ഇങ്ങോട്ട് റെഫർ ചെയ്തത്. എനിക്കും പണി കിട്ടും. സംഭവം ഇതൊക്കെ എല്ലായിടത്തും വലിയ സ്വീകരണം ഒക്കെ കിട്ടിയാലും നമ്മുടെ നാട്ടിൽ ഇപ്പഴും ഇതൊന്നും അംഗീകരിക്കാൻ ആയിട്ടില്ല. നീ സത്യം പറ. നേരത്തേ നീ ബാംഗ്ലൂർ ആയിരുന്നില്ലേ? അവിടെയുള്ള കൂട്ടുകെട്ടിൽ നിന്ന് വല്ലോം കിട്ടിയതാണോ?”

അതുവരെ അന്തം വിട്ടു നിന്ന വേദിക, ഇതിന്റെ ഉത്ഭവം എവിടെ നിന്നാവും എന്ന് ഓർത്തു കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് സിദ്ധു അങ്ങോട്ട് വന്നത്.

“എന്തായി? വല്ലോം അറിഞ്ഞോ?” ഇന്ദുവിന് ടെൻഷൻ താങ്ങുന്നില്ല.

“അത് അയച്ചത് ഗോപികൃഷ്ണൻ ആണ്. അവൻ പറയുന്നത് ഇന്നലെ രാത്രി അശ്വിന്റെ ബർത്ത്ഡേ പാർട്ടിയിൽ ആരോ പറയുന്നത് കേട്ടതാ എന്നാ. വെള്ളത്തിൽ ആയിരുന്നത് കൊണ്ട് അവനൊന്നും ക്ലിയർ ആയി ഓർമയില്ല എന്ന്. ആ ബോധത്തിൽ അയച്ചതും ആണ്. ഇന്നലെ അവിടെ നമ്മുടെ ഓഫീസിലെ ഒരുവിധം ആണുങ്ങളൊക്കെ ഉണ്ടായിരുന്നല്ലോ. ഇതിനിടെ ആരാണ് ഇങ്ങനെ പറഞ്ഞത് എന്നറിയില്ല. എന്താണ് വേദിക സംഭവം? സത്യത്തിൽ താൻ?” സിദ്ധു പാതിയിൽ നിർത്തി.

“ഇന്നലെ അവിടെ ശ്യാം ഉണ്ടായിരുന്നോ?” വേദിക സംശയത്തിൽ ചോദിച്ചു.

“ഉണ്ടായിരുന്നു. എന്തേ? അവന് നിന്നെ പറ്റി ഇങ്ങനെ വല്ലതും അറിയാമോ?” സിദ്ധുവിന് ആകാംഷ സഹിക്കുന്നില്ല.

“എന്റെ ദൈവമേ ഇങ്ങനെയും ഉണ്ടോ മനുഷ്യർ?” വേദിക തലയിൽ കൈ വെച്ചു.

“എന്താ സംഭവമെന്ന് ഒന്ന് തുറന്നു പറ പെണ്ണേ… ” ഇന്ദുവിന് ദേഷ്യം വന്നു.

“അന്ന് നമ്മൾ മാളിൽ നിന്ന് കണ്ടു പിരിഞ്ഞപ്പോൾ രണ്ടാൾക്കും ഞാൻ നമ്പർ തന്നില്ലേ. രാത്രിയായപ്പോൾ ശ്യാം വിളിച്ചു. കൊച്ച് വർത്തമാനം ഒക്കെ തുടങ്ങി. നൊസ്റ്റാൾജിയയും ആളുടെ പഴേ കാല ഓഫീസ് അനുഭവങ്ങളും ഒക്കെ ആയിരുന്നു തുടക്കത്തിൽ വിഷയം. ഒരു കോഴി മണം എനിക്ക് വന്നു. ആദ്യമായിട്ടല്ലേ എന്ന് കരുതി ഞാൻ വല്ലാതെ ശ്രദ്ധിച്ചില്ല. ഓരോന്ന് പറഞ്ഞു ഒഴിഞ്ഞു മാറി നിന്നു. കൂടെ ജോലി ചെയ്യുന്ന ആളല്ലേ ഇവിടത്തെ സീനിയർ ആയ ഒരാളല്ലേ എന്ന് കരുതി ഞാനിങ്ങനെ വെറുപ്പിക്കാതെ മൂളിയൊക്കെ നിന്നു.

ഒടുക്കം എന്നോട് ചോദിച്ചു റിലേഷൻഷിപ് ഉണ്ടോ എന്ന്. ആക്റ്റീവ് ആയി എന്തേലും ഉണ്ടെന്ന് പറഞ്ഞാൽ ഇനി അതിന്റെ പുറകെ പോകണ്ട എന്ന് കരുതി ഞാൻ വെറുതെ പറഞ്ഞു, ഒരെണ്ണം ഉണ്ടായിരുന്നു. അഞ്ചാറു കൊല്ലത്തെ പ്രണയം ആയിരുന്നു, ഇപ്പോൾ ബ്രേക്കപ്പ് ആയി. അത് മറക്കാനുള്ള ശ്രമം ആണെന്നൊക്കെ.

പുതിയത് തുടങ്ങിക്കൂടെ? എന്ന് ചോദിച്ചപ്പോൾ ഞാൻ പറഞ്ഞൂ, ഇപ്പഴും മൂവ് ഓൺ ചെയ്യാൻ ശ്രമിക്കുകയാണ്. ഒന്ന് റെഡി ആയിട്ട് നോക്കാം എന്ന്.

അപ്പോൾ ആ കോ പ്പന് ഞങ്ങൾ എന്തിന് പിരിഞ്ഞു എന്നറിയണം, ഞങ്ങൾക്കിടയിൽ എന്തൊക്കെ നടന്നു എന്നറിയണം. എനിക്ക് നന്നായി ചൊറിഞ്ഞിങ്ങു കേറി വന്നു. പിന്നെ തെറി വിളിച്ചു, നാളെ അതൊരു പ്രശനം ആകണ്ട, ഇനീം കാണാനുള്ളതല്ലേ എന്ന് കരുതി ഞാനൊരു നുണ പറഞ്ഞു.”

“എന്തു നുണ?” ഇന്ദു ഇടക്ക് കേറി.

“നീ കിടന്നു ചാകാതെ. ഞാൻ അയാളോട് പറഞ്ഞു, ഞാനൊരു ‘അസെക്ഷ്വൽ’ ആണെന്ന്. ആ മണ്ടൻകോണാപ്പിക്ക് അതെന്താണെന്നു അറിയില്ല പോലും. അപ്പോൾ ഞാൻ പറഞ്ഞു, എനിക്ക് ആരുമായും ലൈം ഗിക താൽപ്പര്യം ഇല്ല, നല്ലൊരു കൂട്ടും പ്രണയവും ഒക്കെ ഇഷ്ടമാണ്, പക്ഷെ അതിൽ സെ ക് സ് പറ്റില്ല, അതറിഞ്ഞപ്പോൾ ആണ് എന്റെ പഴയ എക്സ് എന്നേ ഇട്ടിട്ട് പോയത് എന്ന്.

അപ്പോൾ ആ ബോധം ഇല്ലാത്തവൻ അങ്ങനെ ഒന്നും ഇല്ല, ‘ശരിക്കും വിചാരിച്ചാൽ ആ താൽപ്പര്യം ഒക്കെ നമുക്ക് ഉണ്ടാക്കാം’ എന്ന് പറഞ്ഞു. വായിൽ വന്ന തെറികൾ ഒക്കെ ഉള്ളിലേക്ക് വിഴുങ്ങി, ഞാൻ പിന്നെ പഴേ പ്രസംഗ ഉപന്യാസ ദേവതകളെ മനസ്സിൽ ധ്യാനിച്ചു അവന് L G B T Q A+ ന്റെ ഒരു സ്റ്റഡി ക്ലാസ്സ്‌ എടുത്തു കൊടുത്തു. അവസാനം കൊത്തി പറിക്കാൻ ഒന്നും കിട്ടില്ല എന്ന് മനസ്സിലായ കോഴി ശ്രമം നിർത്തി പോയി.” വേദിക പറഞ്ഞു നിർത്തിയതും സിദ്ധു ടേബിളിൽ തല്ലി പൊട്ടിച്ചിരിക്കാൻ തുടങ്ങി. കൂടെ ഇന്ദുവും.

“അവനുള്ള പണി ഞാൻ കൊടുക്കുന്നുണ്ട്.” വേദികക്ക് കലി അടങ്ങുന്നില്ല. അവൾ ഫോണെടുത്തു ശ്യാമിനെ വിളിച്ചു. ഫോൺ എടുക്കുന്നില്ല. അത് കണ്ടപ്പോൾ അവൾ അവന്റെ വാട്സ്ആപ്പ് നമ്പർ എടുത്തു ഒരു വോയിസ്‌ അയക്കാൻ തുടങ്ങി.

“ഇപ്പോൾ ഇവിടെ ഓഫീസിൽ എനിക്കെതിരെ നടന്നു കൊണ്ടിരിക്കുന്ന എല്ലാ ചർച്ചകളുടെയും തുടക്കം താനാണ് എന്നെനിക്ക് അറിയാം. എങ്ങനെ എന്നൊന്നും എനിക്ക് അറിയില്ല അത് എത്രേം വേഗം സോൾവ് ചെയ്തോളണം. ഇല്ലേൽ ഞാൻ നമ്മുടെ HR നും പോലീസിലും പരാതി കൊടുക്കും.

താനെന്നോട് സംസാരിച്ച ചാറ്റും, ഫോൺ കോളും എല്ലാം റെക്കോർഡഡ് ആണ്. പിന്നെ വൺ ടൈം വാച്ചബിൾ ആയി താൻ അയച്ച തന്റെ ഓഞ്ഞ കുറെ സെൽഫികളും ഞാൻ അപ്പപ്പോ സ്ക്രീന്ഷോട്ട് എടുത്തിട്ടുണ്ട്. തന്റെ കോഴിത്തരം കണ്ടപ്പോഴേ തോന്നിയിരുന്നു ഇത് ആവശ്യം വരും എന്ന്.

താൻ എന്തു ചെയ്യും എന്നൊന്നും എനിക്കറിയില്ല. എന്തു ചെയ്തിട്ടാണേലും ആ ഗോപികൃഷ്ണനോട് അത് ഇന്നലെ വെള്ളമടിച്ചു പറ്റിയ അബദ്ധമാണ് എന്നെങ്ങാനോ പറഞ്ഞു ഒരു പോസ്റ്റ്‌ കൂടെ അതേ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇട്ടോളാൻ പറയണം. പിന്നെ, ഇന്ന് ഉച്ചക്ക് മുൻപ് ഇത് സോൾവ് ആവാതിരിക്കുകയോ, മാനേജ്മെന്റ് എന്നോട് ചോദിക്കുകയോ ചെയ്താൽ നേരത്തേ പറഞ്ഞത് മുഴുവൻ ഇവിടത്തെ HR ന്റെ കയ്യിൽ എത്തും. പോരാത്തതിന് വാട്സ്ആപ്പിലും തന്നെ ടാഗ് ചെയ്ത് fbയിലും ഇടും. എന്നേ തനിക്ക് അറിഞ്ഞൂടാ.”

വേദിക ഒറ്റ ശ്വാസത്തിൽ ഇത്രേം പറഞ്ഞു ഇന്ദുവിനെയും സിദ്ധുവിനെയും നോക്കി. ഇത്തിരി നേരത്തേക്ക് ചിരി അടക്കിയിരുന്ന അവർ വീണ്ടും ഓർത്ത് ഓർത്ത് പൊട്ടിച്ചിരിക്കാൻ തുടങ്ങി.

വേദിക മെസ്സേജ് അയച്ചേ സ്ക്രീനിലേക്ക് തന്നെ നോക്കി. അത് അവിടെ ഡെലിവർ ആവുന്നതും, അയാൾ വായിക്കുന്നതും തിരികെ ഒരു നൂറു സോറികളും മാപ്പ് പറഞ്ഞുള്ള എമോജികളും വോയിസും മെസ്സേജും ഒക്കെ വരുന്നത് കണ്ടപ്പോൾ വേദികയുടെ മുഖത്ത് ഒരു നേരിയ ചിരി വന്നു.

അവൾ ആശ്വാസത്തിൽ ഒരു കോഫി ഓർഡർ ചെയ്തു.

“ഞാൻ പോയി ശ്യാമിന്റെ അവസ്ഥ എന്താണെന്ന് ഒന്ന് നോക്കട്ടെ. പാവം വിട്ടേക്ക്. ബോധമില്ലാത്ത ഒരു കോഴിയല്ലേ. ഇനി അവന് ഒരു പേടി ഉണ്ടായിക്കോളും. പിന്നെ ഗോപിയെ ഞാൻ ഡീൽ ചെയ്തോളാം. വേദിക പേടിക്കണ്ട. നമുക്ക് ഇത് ശരിയാക്കാം. അപ്പോൾ ഞാൻ പോട്ടെ.” സിദ്ധു എണീറ്റു.

“ഒത്തിരി നന്ദി സിദ്ധു. എനിക്ക് അയാളെ ദ്രോഹിക്കാൻ ഒന്നും പരിപാടി ഇല്ല. എന്നാലും ഈ കാലത്തും ഇതൊന്നും എന്ത് ഏത് എന്നൊന്നും തിരിച്ചറിയാത്തവർ ഉണ്ടല്ലോ എന്നാ. എല്ലാം സോൾവ് ആയാൽ കോട്ടൺ കാൻഡി ഫ്ലേവറിൽ ഒരു വലിയ കോൺ ഐസ്ക്രീം എന്റെ വക.” വേദിക പറഞ്ഞു നിർത്തിയപ്പോൾ, സിദ്ധു ചിരിച്ചു കൊണ്ട് ഓടി പോയി.

ഇന്ദുവും വേദികയും ജോലികളിലേക്കും…