നെഞ്ചോട് ചേർക്കാൻ കൊതിച്ച പെണ്ണിനെ മറ്റൊരാൾ സ്വന്തമാക്കുന്ന നോക്കി നിൽക്കേണ്ടി വന്നു…

എഴുത്ത്: ആഷാ പ്രജീഷ്

================

“ഭർത്താവ് മരിചവളല്ലേ…മക്കളെയും നോക്കി വൈധവ്യത്തിന്റെ കണ്ണീരും പേറി പെണ്ണ് ജീവിച്ചോട്ടെന്ന്…എന്ത് അസംബന്ധം ആണ്..ഏതു നിഘണ്ടുവിൽ ആണ് ശ്രീനി ഇങ്ങനെ എഴുതിയിട്ടുള്ളത്.? “

പടിഞ്ഞാറു നിന്ന് സൂര്യൻ ചെഞ്ചായം പൂശീയത് പോലെ വയലിലേക്ക് അരിച്ചിറങ്ങുന്ന മനോഹരമായ കാഴ്ച. അതെങ്ങനെ നോക്കിനിന്നപ്പോൾ ആണ് കൃഷ്ണനുണ്ണി സംസാരിച്ചു തുടങ്ങിയത്.

“സത്യത്തിൽ ഈ സാമൂഹിക വ്യവസ്ഥിതി തന്നെ തെറ്റാണ് അല്ലെ കൃഷ്ണേട്ടാ…. “

കുരുവികൾ നെൽമണികൾ കൊത്തിക്കൊണ്ട് പറന്നു പോകുന്നത് കൗതുകത്തോടെ നോക്കി നിൽക്കുകയായിരുന്നു കൃഷ്ണനുണ്ണി. പെട്ടെന്നു തന്നെ ശ്രീനിയുടെ വാക്കുകൾ അവനെ  ചിന്തയിലാഴ്ത്തി.

“മിണ്ടരുത് നീ…” കൈയ്യെത്തും ദൂരത്ത് നിന്നിലേക്ക് പടരാനായി നിന്നപ്പോൾ അവളെ നീ തട്ടി മാറ്റിയതല്ലേ?എന്നിട്ടിപ്പോൾ ഒരു നോവായി അവളുടെ ഓർമ്മകളും പേറി നടക്കുന്നു “

“അതൊക്കെ ഒരു കാലം. അന്ന് അങ്ങനെ തോന്നി. എന്നെക്കാൾ മികച്ചതെന്ന് അവൾക്ക് കിട്ടുമെന്ന്. “

“എന്നിട്ട് കിട്ടിയോ? ഇരുപത്തിയഞ്ചാം വയസ്സിൽ വൈധവ്യം..കൂട്ടിന് പറക്കമുറ്റാത്ത രണ്ടു കുഞ്ഞുങ്ങളും.. “

ശ്രീനി വിദൂരതയിലേക്ക് നോക്കി നിശ്വാസം ഉതിർത്തു.

“ഇനിയും നിനക്ക് മാറി ചിന്തിക്കാൻ സമയമുണ്ട്.നീ വിചാരിച്ചാൽ അവൾക്ക് ഇനിയും ഒരു ജീവിതമുണ്ടാകും.

വിളഞ്ഞ സ്വർണ്ണ നിറമാർന്ന നെൽമണികൾ വാത്സല്യത്തോടെ തഴുകികൊണ്ട് കൃഷ്ണനുണ്ണി അത് പറഞ്ഞത്.

കൃഷ്ണനുണ്ണിയുടെ ചോദ്യത്തിന് ശ്രീനിയുടെ പകൽ മറുപടിയില്ലായിരുന്നു.

“എനിക്കറിയാം നിനക്കതിന് മറുപടി കാണില്ലെന്ന്??

ഇന്ന് സമൂഹം മാറിയിട്ടുണ്ട്… കുറെ പേരുടെയെങ്കിലും കാര്യത്തിൽ… “

“ഭർത്യ വീടിന്റെ പീ ഡനങ്ങളിൽ കണ്ണീരൊഴുക്കാതെ ഇറങ്ങിപ്പോക്ക് നടത്തി സ്വന്തം കാലിൽ ജീവിക്കുന്ന സ്ത്രീ മുഖങ്ങളെയും ഇന്ന് കാണാൻ കഴിയുന്നുണ്ട്.

അതു മാത്രമോ വാർദ്ധക്യത്തിൽ ഒറ്റയ്ക്കായി പോകുന്ന അമ്മയ്ക്ക് തുണയെ കണ്ടെത്തി കൊടുക്കുന്ന മക്കളേ വരെ കാണാൻ കഴിയുന്നു.”

“മാറ്റം….!!!

നമ്മുടെ സമൂഹം നന്മയിലേക്ക് സഞ്ചരിക്കുന്നതിന് അടയാളങ്ങളാണ് അതൊക്കെ. “

അത്രയും പറഞ്ഞ് കൃഷ്ണനുണ്ണി ഒരുപിടി നെൽമണി കൈകളിൽ എടുത്ത് അതിൽ നിന്ന് രണ്ടെണ്ണം മെല്ലെ വായിൽ ഇട്ടു കടിച്ചു നോക്കി.

പാല് കിനിയുന്ന പരുവമാണ്. വെറുതെയല്ല കിളികൾ ശല്യമാകുന്നത്..അവൻ ചിന്തിച്ചു.

ശ്രീനി ആണെങ്കിൽ അപ്പോഴും വിദൂരതയിൽ ആരെയോ തിരയുന്ന പോലെ….

“ഞാൻ നിന്നോട് സംസാരിക്കാനാണ് വന്നത്…നിന്റെ ഈ ഏകാന്ത ജീവിതത്തെക്കുറിച്ച്…

പിന്നെ വേണി….

അവളുടെ അവസ്ഥ ഞാൻ നേരിൽ കണ്ടതാണ്.

വിനയന്റെ മരണശേഷം അവളെയും കുഞ്ഞുങ്ങളെയും ആഘോഷമായി തറവാട്ടിലേക്ക് കൊണ്ടുവന്നതാണ് കുഞ്ഞമ്മമ്മ….എന്നാൽ ഇപ്പോൾ അവിടെ വാല്യക്കാരി യെക്കാൾ കഷ്ടമാണ് അവളുടെ ജീവിതം.

“മതി കൃഷ്ണട്ടാ…നമുക്ക് വേറെ എന്തെങ്കിലും സംസാരിക്കാം”

ശ്രീനിയുടെ ഹൃദയം നുറുങ്ങുന്ന വേദന ആ വാക്കുകളിൽ അറിയാമായിരുന്നു.

“വേറെന്തു സംസാരിക്കാൻ….അവരാരും അറിഞ്ഞുകൊണ്ട് അവളെ നിന്റെ കൈപിടിച്ച് ഏല്പിക്കില്ല…

അങ്ങനെയായിരുന്നെങ്കിൽ അവളിപ്പോൾ വിനയന്റെ വിധവ ആവില്ലായിരുന്നുല്ലോ..

അന്നു നീ കുറച്ച് ധൈര്യം കാണിച്ചിരുന്നെങ്കിൽ?”

“വേണ്ട കൃഷ്നേട്ട..ഈ സംസാരം നമുക്ക് വേണ്ട ” എന്റെ മുറിവേറ്റ ഹൃദയത്തിൽ ഒന്നുകൂടി മുറിപ്പെടുതുകയാണല്ലോ നിങ്ങൾ..അന്ന് ധൈര്യം കാണിക്കാൻ പറ്റില്ല…വിധി എന്ന് കരുതി..നെഞ്ചോട് ചേർക്കാൻ കൊതിച്ച പെണ്ണിനെ മറ്റൊരാൾ സ്വന്തമാക്കുന്ന നോക്കി നിൽക്കേണ്ടി വന്നു.”

“ഇന്നിപ്പോൾ അവളുടെ അവസ്ഥയിൽ നെഞ്ചു പിടയുന്ന വേദനയോടെ നിസ്സഹായനായി നോക്കി നിൽക്കുന്നു. എല്ലാം വിധിയാണ്….. “

സായന്തനത്തിന്റെ ചുവപ്പിലേക്ക് കണ്ണും നട്ടിരുന്നു ശ്രീനി.

“വിധിയല്ല….തന്റെടയില്ലായ്മ..അങ്ങനെ ഞാൻ പറയു..ഇനിയെങ്കിലും നീ തന്റേടം കാണിക്കു…ഞാൻ കൊണ്ടുവന്നക്കാം അവളെയും കുട്ടികളെയും നിന്റെ പക്കൽ….ഒരു മഞ്ഞ ചരട് കെട്ടി നീ കൂടെ പൊറുപ്പിക്കാൻ തന്റേടം കാട്ടിയാൽ മതി.”

കൃഷ്ണനുണ്ണിയുടെ വാക്കുകൾ ഉറച്ചതായിരുന്നു.

“ഇരുട്ടു വീണു തുടങ്ങി കൃഷ്ണേട്ടാ…നമുക്ക് പോയാലോ…..?”

പറഞ്ഞിട്ട് ശ്രീനി വരമ്പിൽ നിന്നും എഴുന്നേറ്റ് പതുക്കെ തിരിഞ്ഞു നടന്നു.

“ഞാൻ…ഞാൻ ചോദിച്ചത്തിനു എനിക്ക് ഉത്തരം കിട്ടിയില്ല…”

മനസ്സിൽ ഇരമ്പി വന്ന ദേഷ്യം മറച്ചുവയ്ക്കാതെ ആണ് കൃഷ്ണനുണ്ണി ചോദിച്ചത്.

“ചില ചോദ്യങ്ങൾക്ക് ഉത്തരമില്ല കൃഷ്ണ്ണേട്ട…. “

ശ്രീനീ തിരിഞ്ഞു നോക്കാതെ നടന്നു കൊണ്ട് പറഞ്ഞു.

“പുനർജന്മത്തിൽ കൃഷ്ണ്ണേട്ടന് വിശ്വാസമുണ്ടോ???.ഞാനിപ്പോൾ വിശ്വസിക്കുന്നു….പ്രാർത്ഥിക്കുന്നു….വരും ജന്മത്തിൽ എൻ പാതിയായി ചേരാൻ അവൾ ജന്മം എടുക്കട്ടെ…..എന്നിൽ നിന്നും നിറഞ്ഞു തുളുമ്പുന്ന പ്രണയം അത്രയും അവൾക്കായി ഞാൻ പകർന്നു നൽകാം.”

കൃഷ്ണനുണ്ണി നിർന്നിമേഷനായി അവനെ നോക്കി നിന്നു.

വിദൂരതയിലേക്ക് ഇരുട്ടിൽ ഒരു നിഴലനക്കം മാത്രമായി നടന്നു പോകുന്ന അവനെ…

അവൻ നടന്നു നീങ്ങി….

അവന്റെ കുടുംബത്തിലേക്ക്……

രോഗശയ്യയിൽ കിടക്കുന്ന അവന്റെ അച്ഛന്റെ അടുത്തേക്ക്….

കരിപുരണ്ട അടുക്കളയുടെ ലോകത്ത് നിശബ്ദയായി ചലിക്കുന്ന അമ്മയുടെ അടുത്തേക്ക്….

വിവാഹപ്രായമെത്തിയിട്ടും ഇനിയും മംഗല്യയോഗം ലഭിക്കാത്ത അനിയത്തിമാരുടെ അടുത്തേക്ക്……

അതാണ് അവന്റെ ലോകം…..

അവിടെയാണ് അവന്റെ ജീവിതം…..

✍️ആഷാ