പഞ്ചായത്തിൽ നടക്കുന്നതൊക്കെ എനിക്കല്ലേ അറിയൂ..ആരോടെങ്കിലും പറയാൻ പറ്റുമോ..നമുക്കും ഇല്ലേ…

Story written by Abdulla Melethil

===============

“സത്താർ അഹമ്മദ്‌..ആ നാട്ടിലെ പഞ്ചായത്ത് പ്രസിഡണ്ടും പൗരപ്രമുഖനുമാണ്..

‘പ്രസിഡണ്ടിനു ഇന്ന് പാർട്ടിയുടെ മഹിളാ വിഭാഗം സംഘടിപ്പിക്കുന്ന ഒരു സെമിനാറിൽ പങ്കെടുക്കാൻ ഉള്ളത് കൊണ്ട് കാലത്തു തന്നെ വീട്ടിൽ നിന്നിറങ്ങിയതാണ്..

‘വണ്ടിയിൽ കയറാൻ നിൽക്കുമ്പോഴുണ്ട് റോഡിന്റെ സൈഡിൽ ഒരാൾ കൂട്ടവും ബഹളവും..അതിന്റെ നടുക്ക് നിന്ന് പഞ്ചായത്ത് മെമ്പർ ഫാത്തിമ്മ വിരലൊക്കെ ചൂണ്ടി സംസാരിക്കുന്നുമുണ്ട്..

‘ഫാത്തിമ്മ മെമ്പറെ കണ്ടപ്പോൾ തന്നെ പ്രസിഡണ്ട് അറിയാതെ കവിളൊന്നു തടവി.. !

ഫാത്തിമ്മ മെമ്പർ കുറച്ചു മോഡേൺ ഡ്രസ്സ്‌ ഒക്കെ അണിഞ്ഞ് എല്ലാവരോടും അടുത്തിടപെഴകുന്ന സ്വഭാവമാണ്..

‘സ്കൂട്ടറിൽ അവളുടെ വരവ് കണ്ടാൽ തന്നെ ഒരു രോമാഞ്ചമായിരുന്നു..

‘അത് കൊണ്ടൊക്കെയാണ് ഒന്ന് മുട്ടി നോക്കാമെന്നു കരുതി പഞ്ചായത്തിൽ ആളൊഴിഞ്ഞ നേരത്ത് ഒന്ന് തൊട്ടുരുമ്മാൻ പോയത്..

‘പക്ഷേ ! അവൾ ഒരു പതവും കാണിച്ചില്ല മുഖമടച്ചായിരുന്നു അടിച്ചത്..

‘ഭാഗ്യത്തിനു അവൾ ആരോടും പറഞ്ഞുമില്ല. ഒന്നും സംഭവിക്കാത്ത പോലെ തന്നോട് പെരുമാറുകയും ചെയ്തു..

‘അയാൾ അതൊക്കെ ആലോചിച്ചു കൊണ്ട് ആളുകൾക്കിടയിലേക്ക് ചെന്നു..

‘എന്താ പ്രശ്നം മെമ്പറെ..

‘ഇവൻ (തല താഴ്ത്തി നില്ക്കുന്നുണ്ട് ഒരു പയ്യൻ അവനെ ചൂണ്ടിയാണ് പറയുന്നത്) ‘കുറച്ചു ദൂരെ നിന്നെ എന്റെ വണ്ടിയുടെ പുറകിലും മുന്നിലുമായി ഓരോന്ന് പറഞ്ഞും ഓവർ ടേക്ക് ചെയ്തും ശല്ല്യപ്പെടുത്തുന്നു,,

‘ഈ തിരിവിൽ എത്തിയപ്പോൾ എന്നെ അപായപ്പെടുത്തും വിധം വണ്ടിയെ മറികടന്നു..

‘ഞാനും വണ്ടിയും മറിഞ്ഞു വീണു..പതുക്കെ എണീല്ക്കുമ്പോൾ ഇവൻ അടുത്ത് വന്നു ചോദിക്ക്യാ..

‘ഞാൻ ഡ്രൈവിംഗ് പഠിപ്പിച്ചു തരണോ എന്ന്..

‘ഞാൻ പിന്നെ ഒന്നും നോക്കിയില്ല അവന്റെ കരണത്ത് ഒന്ന് കൊടുത്തു..

‘പ്രസിഡണ്ടിനു അവന്റെ അണപല്ല് തെറിച്ചിട്ടുണ്ടാകും എന്ന കാര്യത്തിൽ ഒരു സംശയവും ഉണ്ടായിരുന്നില്ല..

‘മെമ്പർ പൊയ്ക്കോ ഇത് ഞാൻ കൈകാര്യം ചെയ്തോളാം..പ്രസിഡണ്ട് പറഞ്ഞു..

‘മെമ്പർ പോയപ്പോൾ അവനെ അടിക്കാൻ നിന്നിരുന്ന ആളുകളെയൊക്കെ പ്രസിഡണ്ട് പിന്തിരിപ്പിച്ചു, അവനെ പറഞ്ഞയച്ചു..

‘എന്നിട്ട് കുറച്ചു ശബ്ദം കുറച്ചു കൂടി നിന്നവരോടായി പറഞ്ഞു..

‘ആ പയ്യനെ പറഞ്ഞിട്ട് കാര്യമില്ല പെണ്ണുങ്ങളായാൽ..കുറച്ചു അടക്കവും, ഒതുക്കവും ഒക്കെ വേണ്ടേ.. !

എന്താ അവളുടെ കോലം..കെട്ടിയോൻ ഗൾഫിലും പിന്നത്തെ കഥ പറയെണ്ടല്ലോ..

‘പഞ്ചായത്തിൽ നടക്കുന്നതൊക്കെ എനിക്കല്ലേ അറിയൂ..ആരോടെങ്കിലും പറയാൻ പറ്റുമോ..നമുക്കും ഇല്ലേ പെണ് കുട്ടികൾ..

‘പ്രസിഡണ്ട് ഒന്ന് നിർത്തി എല്ലാവരുടെയും മുഖത്തെക്കു നോക്കി..

‘എല്ലാവരുടെയും മുഖ ഭാവങ്ങളിൽ നിന്ന് അയാൾക്കൊരു കാര്യം മനസ്സിലായി ഫാത്തിമ്മ ടീച്ചർ പോക്കാണ് എന്ന് വരുത്താൻ തനിക്കു കഴിഞ്ഞിരിക്കുന്നു..

‘അയാൾ പതുക്കെ കവിൾ ഒന്ന് തടവി അവിടെ നിന്നും പോന്നു..

അയാൾക്കന്ന് ഒരു വനിതാ സെമിനാർ ഉദ്ഘാടനം ചെയ്യാനുണ്ടായിരുന്നു..

‘സെമിനാറിന്റെ വിഷയം അയാൾ ഒന്ന് കൂടി എടുത്തു നോക്കി..

‘പുരുഷ കേന്ദ്രീകൃത സമൂഹവും..ചവിട്ടി മെതിക്കപ്പെടുന്ന സ്ത്രീ സ്വാതന്ത്ര്യവും…!!

~Abdulla Melethil