പിന്നീട് രണ്ട് ദിവസത്തിന് ശേഷവും അവളെ സമീപിച്ചപ്പോൾ അവൾ പറഞ്ഞത്…

മൈലാഞ്ചി മൊഞ്ച്

Story written by Saji Thaiparambu

==================

”ദേ ഇക്കാ കൈയ്യെടുത്തേ ഞാൻ കുളിച്ചില്ലാട്ടോ “

ബെഡ് ലാംബ് ഓഫ് ചെയ്ത് തിടുക്കത്തിൽ, തന്നെ വരിഞ്ഞ് പിടിച്ച മുഹ്സിന്റെ കൈകൾ റജുല വിടർത്തി മാറ്റി.

“ങ്ഹേ, നീ കുറച്ച് മുൻപല്ലേ കുളിച്ചത് “

മുഹ്സിൻ ചോദിച്ചു.

“അതേ ഇക്കാ, പക്ഷേ ഞാൻ ഇപ്പോഴും അശുദ്ധിയിൽ തന്നാ.”

“ഓഹ് അതിനി എന്നാണാവോ മാറുന്നത്, മരുഭൂമിയിൽ നിന്ന് നാട്ടിലേക്ക് വന്നിട്ട് ആഴ്ച ഒന്നായി “

കല്യാണം കഴിഞ്ഞ രാത്രി തന്നെ, ഗൾഫിലേക്ക് തിരിച്ച് പോകേണ്ടി വന്നത് കൊണ്ട്, ഇത് വരെ, അവരുടെ ശാന്തിമുഹൂർത്തം നടന്നിട്ടില്ല.

പ്രവാസിയായ മുഹ്സിനെ മറ്റ് കൂട്ടുകാർ ആദ്യരാത്രി ആശംസിച്ചാണ് നാട്ടിലേക്ക് യാത്രയയച്ചത്.

പക്ഷേ എയർപോർട്ടിൽ നിന്ന് വീട്ടിലേക്ക് വരുന്ന വഴി, റജുലയുടെ, ചെവിയിൽ കിന്നാരം പറഞ്ഞപ്പോഴാണ് അവൾ ഞെട്ടിപ്പിക്കുന്ന ആ സത്യം പറഞ്ഞത്.

അവൾ പുറത്താണത്രേ

അത് വരെ ഉയർന്ന് നിന്നിരുന്ന ബിപി പെട്ടെന്ന് ലോയായി.

പിന്നീട് രണ്ട് ദിവസത്തിന് ശേഷവും അവളെ സമീപിച്ചപ്പോൾ അവൾ പറഞ്ഞത്.

“വേകും വരെ ക്ഷമിച്ചില്ലേ ഇക്കാ ഇനി ആറും വരെ കാത്തിരുന്നൂടെ “

ഓഹ് ഇനി ആറി തണുക്കുമ്പോഴേക്ക് എന്റെ വിശപ്പില്ലാണ്ടാവും, ഞാൻ പറഞ്ഞേക്കാം.”

കടുത്ത നിരാശയിൽ മുഹ്സിൻ, അന്ന് മറുപടിയും കൊടുത്തിരുന്നു .

Ac യുടെ കുളിർമ്മയിൽ പതുപതുത്ത സ്പ്രിങ്ങ് ആക്ഷൻ ബെഡ്ഡിൽ കിടന്നിട്ടും മുഹ്സിന് ഉറങ്ങാൻ കഴിഞ്ഞില്ല.

മനസ്സ് വല്ലാതെ അസ്വസ്ഥമാകുന്നു. അയാൾ റജുലയെ നോക്കി.

കട്ടിലിന്റെ സൈഡിൽ പുറംതിരിഞ്ഞ് കിടക്കുകയാണവൾ.

എന്ത് പറ്റിയതായിരിക്കും അവൾക്ക്.

താൻ ലീവിന് നാട്ടിലേക്ക് വരുന്നു, എന്ന് പറയുന്നത് വരെ, അവൾ ദിവസവും തന്നെ വിളിച്ച് വിശേഷങ്ങൾ പങ്ക് വയ്ക്കുമായിരുന്നു.

പക്ഷേ, അതിന് ശേഷം അവളെ ഫോൺ ചെയ്യുമ്പോഴൊക്കെ ഒരകൽച്ച തനിക്ക് ഫീൽ ചെയ്തിരുന്നു.

അതെന്താണെന്ന് എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല. ഓരോന്ന് ആലോചിച്ച് കിടന്ന് എപ്പോഴോ ഒന്ന് ഉറങ്ങി.

പിറ്റേന്ന് രാവിലെ ആറ് മണിക്ക്, മൊബൈലിൽ സെറ്റ് ചെയ്ത് വച്ച അലാറം കേട്ടിട്ടാണ് മുഹ്സിൻ ഉണർന്നത്.

അടുത്ത് റജുലയെ കാണാതിരുന്നപ്പോൾ അവൾ അടുക്കളയിലായിരിക്കും എന്ന് കരുതി.

എഴുന്നേറ്റു ചെന്ന് വാഷ്ബേയ്സനിൽ മുഖം കഴുകുമ്പോൾ പുറത്ത് ഉറക്കെയുള്ള പൊട്ടിച്ചിരികേട്ടു .

മുഹ്സിൻ ജനാല വിരിമാറ്റി പുറത്തേയ്ക്ക് നോക്കി. ഉള്ളിലൊരു കൊള്ളിയാൻ മിന്നി.

ഗേറ്റിനടുത്ത് പാലുമായി വന്ന വണ്ടിക്കാരനോട് എന്തോ പറഞ്ഞ് ചിരിക്കുകയാണ് റജുല

കാണാൻ തരക്കേടില്ലാത്ത ഒരു ചെറുപ്പക്കാരൻ. അവൻ പറഞ്ഞ തമാശ കേട്ട്, അവന്റെ നേരെ കൈയ്യോങ്ങിക്കൊണ്ട് അവൾ എന്തോ പറഞ്ഞു.

പക്ഷേ അത് വ്യക്തമായില്ല.

മുഹ്സിന്റെ മനസ്സിൽ സംശയത്തിന്റെ കാർമേഘങ്ങൾ നിറയാൻ തുടങ്ങി.

എന്തായിരിക്കും അവർ തമ്മിൽ പറയുന്നത്…ഇനി അവർ തമ്മിൽ എന്തങ്കിലും ബന്ധമുണ്ടായിരിക്കുമോ…അത് കൊണ്ടാണോ തന്നോടവൾക്ക് ഒരകൽച്ചയുള്ളത്.

സംശയത്തിന്റെ നീരാളിപ്പിടുത്തത്തിൽ മുഹ്സിൻ ഞെരിഞ്ഞമർന്നു.

പാലുമായി അടുക്കളയിലേക്ക് വന്നപ്പോൾ അവളോട് ചെന്ന് ചോദിക്കാൻ ഒരുങ്ങിയതാണയാൾ. പെട്ടെന്ന് ആ ഉദ്യമം വേണ്ടന്ന് വച്ചു.

ചിലപ്പോൾ താൻ കരുതുന്നത് പോലെ ഒന്നുമില്ലെങ്കിലോ.

ആലോചനയിൽ മുഴുകി കട്ടിലിൽ കിടക്കുമ്പോൾ റജുല വന്ന് വിളിച്ചു.

“ഇക്കാ എഴുന്നേറ്റ് വാ നാസ്ത ആയിട്ടുണ്ട്. “

നല്ല മട്ടൻ കറിയുടെ മണം. വന്ന ദിവസം മുതൽ എല്ലാ ദിവസവും ചിക്കനും മട്ടനും തന്നെ…

ലീവിന് നാട്ടിലെത്തുന്ന ഗൾഫ്കാരന് ആദ്യദിവസങ്ങളിൽ ഇത് പോലെ ഗംഭീര ഭക്ഷണവും ചുറ്റിലും നിന്ന് വീട്ടുകാരുടെ സ്നേഹപരിലാളനകളുമുണ്ടാവും.

ലീവ് നീണ്ടുപോകുംതോറും ഭക്ഷണത്തിന്റെ അളവിലും രുചിയിലും കുറവുകളും വീട്ടുകാരുടെ പെരുമാറ്റത്തിൽ വ്യത്യാസങ്ങളും കണ്ട് തുടങ്ങും.

പിന്നെ എത്രയും പെട്ടെന്ന്, മരുഭൂമിയിലേക്ക് തന്നെ തിരിച്ച് പോകാൻ നിർബന്ധിതനാക്കപ്പെടും, ഓരോ പ്രവാസിയും.

“ഇന്ന് ഇക്കാ കൂട്ടുകാരുടെ വീട്ടിൽ സാധനങ്ങൾ കൊടുക്കാൻ പോകുന്നുണ്ടോ?”

നാസ്ത കഴിച്ച് കൈ കഴുകുമ്പോൾ അടുത്ത് വന്ന് റജുല അവനോട് ആരാഞ്ഞു.

“ഇല്ല എന്തേ “

മുഹ്സിൻ അവളുടെ മുഖത്തേക്ക് നോക്കി

“എങ്കിൽ നമുക്ക് ഇന്ന് എന്റെ വീട് വരെ ഒന്ന് പോകണം”

“ഉം. ശരി പോയേക്കാം കഴിഞ്ഞ വർഷം നിന്റെ  ഉപ്പ മരിച്ചിട്ടു പോലും എനിക്ക് എത്താൻ കഴിഞ്ഞില്ലല്ലോ” അവിടെ ഉമ്മ തനിച്ചല്ലേ, നമുക്ക് രണ്ട് ദിവസം ഉമ്മയോടൊപ്പം നിന്നിട്ട് തിരിച്ച് വന്നാൽ മതി.”

മുഹ്സിൻ സന്തോഷത്തോടെ പറഞ്ഞപ്പോൾ റജുല ഒന്ന് മൂളിയതേയുള്ളു.

വീടിന്റെ പടിപ്പുര വാതിൽ കടന്ന് ചെല്ലുമ്പോൾ അഞ്ച് വയസ്സ് പ്രായം തോന്നിക്കുന്ന ഒരാൺകുട്ടിയുമായി റജുലയുടെ ഉമ്മ വരാന്തയിൽ നില്പുണ്ട്.

മുറ്റത്തേക്ക് വന്നവരെ കണ്ടപ്പോൾ ഉമ്മിച്ചീ എന്ന് വിളിച്ച് കൊണ്ട് ആ അഞ്ച് വയസ്സുകാരൻ ഓടി വന്ന് റജുലയെ കെട്ടിപ്പിടിച്ചു,.

അവൾ ആ കുട്ടിയെ വാരിയെടുത്ത് തെരുതെരെ ഉമ്മ വച്ചു. ഇതെല്ലാം കണ്ട് അന്തം വിട്ട് നില്ക്കുകയായിരുന്നു മുഹ്സിൻ’

അവനൊന്നും മനസ്സിലായില്ല.

“ഇവനെ കാട്ടിത്തരാൻ വേണ്ടിയാ ഞാൻ ഇക്കായെ കുട്ടി വന്നത് ” അവൾ മുഹ്സിനോട് പറഞ്ഞു.

“ഇതാരാ റജുലാ” അവൻ ജിജ്ഞാസയോടെ ചോദിച്ചു.

“ഇക്കാ എന്നോട് ക്ഷമിക്കണം ഇനിയും ഈ രഹസ്യം മറച്ച് വയ്ക്കാൻ എനിക്ക് പറ്റില്ലിക്കാ “

കഴിഞ്ഞ രണ്ട് മൂന്ന് കൊല്ലങ്ങളായി ഞാൻ അനുഭവിച്ച കുറ്റബോധം ഇന്നത്തോടെ എനിക്ക് ഇല്ലാതാക്കണം.

“നീ എന്തൊക്കെയാ ഈ പറയുന്നേ”

മുഹ്സിന് ഒന്നും മനസ്സിലായില്ല

“പറയാം, ഇക്ക അകത്തേക്ക് വരു”

റജുല അവനെയും കൂട്ടി അകത്തെ മുറിയിലേക്ക് പോയി.

കുട്ടിയെ ഉമ്മയുടെ കയ്യിൽ കൊടുത്തിട്ട് അവൾ അലമാര തുറന്ന് പഴയ ഒരു ആൽബം പുറത്തെടുത്ത് അവന്റെ നേരെ നീട്ടി.

അത് വാങ്ങുമ്പോൾ, അതിന്റെ മുകളിലൊട്ടിച്ചിരിക്കുന്ന ഫോട്ടോ കണ്ടയാൾ സ്തബ്ധനായി പോയി.

വധൂവരന്മാരുടെ ഫോട്ടോ യിൽ വധുവായി അണിഞ്ഞൊരുങ്ങി ഇരിക്കുന്നത് തന്റെ റജുലയല്ലേ?

അയാൾ വിശ്വാസം വരാതെ വീണ്ടും അതിലേക്ക് സൂക്ഷിച്ച് നോക്കി.

“സംശയിക്കേണ്ടിക്കാ, അത് ഞാൻ തന്നെയാ, എന്റെ വിവാഹ ആൽബമാണത്. എന്റെ മോനാണ് ഇപ്പോൾ കണ്ട റയ്ഹാൻ “

അവൾ കുനിഞ്ഞ ശിരസ്സോടെ പറഞ്ഞു.

“അപ്പോൾ നിങ്ങൾ എല്ലാവരും ചേർന്ന് എന്നെയും എന്റെ കുടുംബത്തെയും പറ്റിക്കുകയായിരുന്നല്ലേ?

അവൻ ചാടിയെഴുന്നേറ്റു.

“അതെ ഇക്കാ, ഹൃദ് രോഗിയായ എന്റെ ഉപ്പയുടെ നിർബന്ധത്താൽ എനിക്ക് അത് നിങ്ങളിൽ നിന്നും മറച്ച് വയ്ക്കേണ്ടി വന്നു.”

“എന്തിന്, എന്നിട്ട് നിന്റെ ആദ്യ ഭർത്താവ് എവിടെ “

“മരിച്ചു. “

നിർവ്വികാരതയോടെ അവൾ പറഞ്ഞു.

റയ്ഹാൻ എന്റെ വയറ്റിലുള്ളപ്പോൾ ഒരു ആക്സിഡന്റിൽ അദ്ദേഹം ഞങ്ങളെ വിട്ട് പോയി.

തളർന്ന് പോയ എനിക്ക് ഏക ആശ്വാസം പിന്നെ എന്റെ മോനായിരുന്നു

അവന് രണ്ട് വയസ്സ് ആയപ്പോഴേക്കും ഉപ്പ എനിക്ക് വേറെ വിവാഹാലോചനകൾ കൊണ്ട് വന്നു.

രണ്ട് പ്രാവശ്യം അറ്റാക്ക് വന്ന ഉപ്പയ്ക്ക് എന്റെ ഭാവിയോർത്ത് ഉത്കണ്ഠയായിരുന്നു. പക്ഷേ എനിക്ക് വന്ന ആലോചനകളൊക്കെ രണ്ടും മൂന്നും മക്കൾ ഉള്ള മദ്ധ്യവയസ്കരുടേതായിരുന്നു.

എന്റെ മോനോടുള്ള അമിത സ്നേഹം എന്നെയൊരു സ്വാർത്ഥ മതിയാക്കിയിരുന്നു.

കുട്ടികൾ ഉള്ളവരെ വിവാഹം കഴിച്ചാൽ എന്റെ മോൻ രണ്ടാം സ്ഥാനക്കാരനായി മാറുമെന്ന് ഞാൻ ഭയന്നു.

അത് കൊണ്ട് എനിക്ക് വിവാഹം കഴിക്കണ്ടാ എന്ന് പറഞ്ഞത് എന്റെ ഉപ്പയെ വീണ്ടും സമ്മർദത്തിലാക്കി.

അതിന് ഉപ്പ തന്നെ കണ്ടു പിടിച്ച പോംവഴിയാണ് ഗൾഫ് കാരനായ അവിവാഹിതനായ ഒരാളെ കല്യാണം കഴിക്കുക എന്നത്.

പുനർവിവാഹമാണെന്ന് ചെറുക്കൻ വീട്ടുകാർ അറിയിയാതിരിക്കാൻ വേണ്ടിയാണ് ഞങ്ങളുടെ നാട്ടിലെ വീടും സ്ഥലവും കൊടുത്തിട്ട് ഇത്രയും ദൂരം വന്ന് പുതിയ വീടെടുത്തിട്ട്, എന്റെ വിവാഹം നടത്തിയത്.

ഒരിക്കലും എന്റെ ഭർത്താവാകുന്ന ആളോട് ഞാനീ രഹസ്യം തുറന്ന് പറയരുതെന്നും റെയ്ഹാനെ ഉപ്പയും ഉമ്മയും കൂടി നോക്കിക്കൊള്ളാമെന്നും ഇടയ്ക്ക് എനിക്ക് വന്ന് അവനെ കാണാമെന്നും ഉപ്പ പറഞ്ഞു.

ഗൾഫിലുള്ള ഭർത്താവ് ഇടയ്ക്ക് നാട്ടിൽ വരുമ്പോൾ മോനെ എങ്ങോട്ടെങ്കിലും മാറ്റാമെന്നും ഉറപ്പ് തന്നു.

മറ്റ് പോം വഴിയില്ലാതെ ഉപ്പ, പറഞ്ഞതിനോട് എനിക്ക് യോജിക്കേണ്ടി വന്നു.

എങ്കിലും ഒരു പാട് ഉത്കണ്ഠയോട് കൂടിയാണ് ഞാൻ വിവാഹപന്തലിൽ എത്തിയത്.

കല്യാണ രാത്രി ഇക്കയ്ക്ക് അത്യാവശ്യമായി ഗൾഫിലേക്ക് മടങ്ങി പോകണമെന്ന വാർത്ത എന്നെ ആഹ്ളാദ ചിത്തയാക്കി. കഴിഞ്ഞ മൂന്ന് വർഷങ്ങൾ ഞാനെന്റെ മോനുമായി സന്തോഷത്തോടെ ജീവിച്ചു. പക്ഷേ ഒന്നുമറിയാതെ ഇക്ക എന്നെ ആത്മാർത്ഥമായി സ്നേഹിക്കുകയാണല്ലോ എന്നറിഞ്ഞപ്പോൾ കുറ്റബോധം എന്നെ അലട്ടാൻ തുടങ്ങി. അത് കൊണ്ടാണ്, മെ ൻ സസാണെന്ന് പറഞ്ഞ് ഓരോ ദിവസവും ഞാൻ ഒഴിഞ്ഞ് മാറിയതും,

മാപ്പർഹിക്കാത്ത തെറ്റാണ് ഞാൻ ചെയ്തത്. ഒഴിഞ്ഞ് പോകാൻ ഞാൻ തയ്യാറാണ്. എന്നെ ഉപേക്ഷിച്ചിട്ട് ഇക്ക മറ്റൊരു വിവാഹം ചെയ്യണം. ഇനി ഞാനിവിടെ എന്റെ മോനോടൊപ്പം കഴിഞ്ഞോളാം, എന്നോട് ക്ഷമിക്കു.”

അത്രയും പറഞ്ഞ് അവൾ പൊട്ടിക്കരഞ്ഞ് പോയി.

എല്ലാം കേട്ട് അസ്ത്ര പ്രജ്ഞ്ഞനായി നിന്ന് പോയ മുഹ്സിൻ, ഒരു ജീവച്ഛവമായി അവിടെ നിന്ന് പതിയെ പുറത്തേക്കിറങ്ങി നടന്നു.

നിറമിഴികളോടെ ആ കാഴ്ച കണ്ട് നില്ക്കാനാവാതെ അവൾ വാതിലടച്ചിട്ട് കട്ടിലിൽ കമിഴ്ന്ന് കിടന്ന് ഏങ്ങലടിച്ച് കരഞ്ഞു.

കുറച്ച് കഴിഞ്ഞപ്പോൾ കതകിൽ ആരോ മുട്ടുന്ന ശബ്ദം കേട്ട്, ഉമ്മചെന്ന് വാതിൽ തുറന്നു.

മുഹ്സിനായിരുന്നു അത്.

ഉമ്മയുടെ കയ്യിൽ നിന്ന് റയ്ഹാനെ പിടിച്ചു വാങ്ങി, അയാൾ റജുലയുടെ അടുത്തേക്ക് ചെന്ന്, അവളെ തട്ടി വിളിച്ചു.

“എഴുന്നേല്ക്കു റജുല, ഇനി മുതൽ റയ്ഹാൻ നമ്മുടെ മോനാണ്. സുഖജീവിതം തേടി സ്വന്തം ചോരയെ കൊന്നിട്ട് കാമുകനൊപ്പം പോകുന്ന സ്ത്രീകളുള്ള ഈ ലോകത്ത് ,നീയാണ് റജുല ഏറ്റവും നല്ല മാതൃക

നിന്നെക്കാൾ നല്ലൊരുവളെ എനിക്ക്, ഭാര്യയായി വേറെ കിട്ടില്ല.

നിന്നെ മതിയെനിക്ക്. നിന്റെ ഒന്നാം വിവാഹം തന്നെയാണിത്. ഇവൻ നമ്മുടെ കടിഞ്ഞൂൽ പുത്രനും

അത് കേട്ട് സന്തോഷം സഹിക്കാനാവാതെ അവൾ റയ്ഹാനെയും മുഹ്സിനെയും ചേർത്ത് കെട്ടിപ്പിടിച്ചു.

~സജിമോൻ തൈപറമ്പ്