മഴ മേഘങ്ങൾക്ക് മൗനം
Story written by Saji Thaiparambu
=================
“കൊച്ചുറാണി, ഒന്ന് നിന്നേ”
കുർബാന കഴിഞ്ഞ് പള്ളിയുടെ പടികെട്ടുകൾ ഇറങ്ങുമ്പോൾ പരിചിതമായൊരു വിളി കേട്ടവൾ തിരിഞ്ഞ് നിന്നു.
അയൽ വീട്ടിലെ സാമച്ചായൻ
“എന്താ അച്ചായാ “
സാം നടന്ന് അവളുടെ അടുത്ത് വന്നിട്ട് ചോദിച്ചു.
“ഇന്നെന്താ അമ്മച്ചി വന്നില്ലേ?
“ഇല്ല അച്ചായാ, അമ്മച്ചിക്ക് തീരെ സുഖമില്ല. ശരീരമൊക്കെ നീര് വച്ചിട്ടൊണ്ട്, പിന്നെ ചെറിയ പനിയും “
അത് കേട്ട് സാം ചോദിച്ചു.
“ജോർജ്ജൂട്ടിച്ചായന് ഇപ്പോഴും കുടിയുണ്ടോ?
അത് കേട്ടപ്പോൾ അവൾക്ക് ഒരു വല്ലായ്ക തോന്നി.
എങ്കിലും, എല്ലാവർക്കും അറിയാവുന്ന കാര്യമല്ലേ, അപ്പച്ചൻ ദിവസേന കുടിച്ചിട്ട് വന്ന് അമ്മച്ചിയുമായിട്ട് വഴക്കിടുന്നത്, എന്നോർത്തു.
“ഉണ്ട്, കുടിച്ചിട്ട് വന്ന് അമ്മച്ചിയെ ഒരു പാട് തല്ലാറുമുണ്ട് “
അവൾ തല കുനിച്ച് കൊണ്ട് പറഞ്ഞു.
“ഉം ചുമ്മാതല്ല, ഗ്രേസി ചേച്ചിക്ക്.വയ്യാതായത്, സാരമില്ല കൊച്ചേ എല്ലാം ശരിയാവും. നീ വിഷമിക്കണ്ട.
“പിന്നെ ഞാൻ വേറൊരു കാര്യം പറയാനാ നിന്നെ വിളിച്ചെ”
അവൾ ചോദ്യഭാവത്തിൽ അവനെ നോക്കി
“നിനക്കാ കളത്തിലെ സാജനെ അറിയില്ലെ ”
ആ പേര് കേട്ടപ്പോൾ അവളുടെ മുഖം ഇരുണ്ടു.
“ഉം ആ വായി നോക്കിയല്ലേ, അവന്റെ ശല്യം കൊണ്ട് എനിക്ക് കോളേജിൽ പോകാൻ പറ്റാതായിരിക്കുവാ “
“ഹേയ് നീ കരുതുന്ന പോലെ അവനൊരു ഫ്രോഡൊന്നുമല്ല. പിന്നെ നിന്നെ അവന് ഭയങ്കര ഇഷ്ടമാ, നീ അവനെ മൈൻഡ് ചെയ്യാത്തത് കൊണ്ട് എന്നെ അവൻ ദൂതുമായി അയച്ചിരിക്കുവാ,
“അവന് നിന്നെ ഇഷ്ടമാണെന്ന് പറയാൻ “
അത് കൂടി കേട്ടപ്പോൾ അവളുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു.
ദൈവമേ വലിയ കുരിശായല്ലോ, ആ വായിനോക്കിയുടെ കാര്യം എന്തെങ്കിലും തക്ക മറുപടി കൊടുത്ത് വിട്ടാലേ അവൻ ഒഴിഞ്ഞ് പോകു…
കൊച്ച് റാണിയുടെ മനസ്സിലൊരു ആശയമുദിച്ചു. അത് അവൾ സാമിനോട് പറഞ്ഞു.
“സാമച്ചായന് അവന്റെ മുഖത്ത് നോക്കി പറയാമായിരുന്നില്ലേ. എനിക്ക് അവനെയല്ല, സാമച്ചായനെയാണ് ഇഷ്ടമെന്ന് “
ഇത് കേട്ട് സാം ചെറുതായൊന്ന് നടുങ്ങി.
പക്ഷേ കൊച്ചുറാണി അത് പറഞ്ഞിട്ട് നടന്ന് നീങ്ങി.
സാമിന്റെ മനസ്സിലപ്പോൾ ഓളങ്ങൾ ഇളകുന്നുണ്ടായിരുന്നു.
ഈ കൊച്ച്, എന്തർത്ഥത്തിലാ തന്നോടിങ്ങനെ പറഞ്ഞത്
മലനാട് പ്ലാന്റേഷനിലെ ക്ലർക്കായ ജോർജ്ജൂട്ടിച്ചായന്റെയും ഗ്രേസിയേച്ചിയുടെയും ഒരേ ഒരു മകളാണ് സുന്ദരിയായ കൊച്ചുറാണി.
പത്തിരുപത്തിയഞ്ച് കൊല്ലം മുമ്പ് ഇവിടെ വന്ന് കുടിയേറി പാർത്തവരാ കൊച്ചുറാണിയുടെ അപ്പനും അമ്മയും
തനിക്കന്ന് ഒരു വയസ്സ് ഉള്ളപ്പോഴാണെന്ന് അമ്മച്ചി പറഞ്ഞ് കേട്ട കഥയാണ്.
ഇവിടെ താമസമാക്കി പിന്നെയും ആറേഴ് വർഷം കഴിഞ്ഞാട്ടാണത്രെ കൊച്ചുറാണി ജനിക്കുന്നത്
തങ്കക്കുടം പോലുള്ള കുഞ്ഞ്
ആറ്റു നോറ്റുണ്ടായ കുഞ്ഞിനെ അവർ പൊന്നുപോലെ വളർത്തി.
ആ നാട്ടിലെ ഏറ്റവും സുന്ദരിയാണവൾ, എല്ലാ ചെക്കന്മാരും കണ്ണ് വെച്ചിട്ടുണ്ട് അവളെ, അടുപ്പമുള്ളവർ, കൊച്ചേ എന്ന് ഓമനപ്പേരിട്ട് ആണ് അവളെ വിളിക്കുന്നത്.
ഏതാണ്ട് തന്റെ ഇളയ പെങ്ങൾ സൂസന്റെ പ്രായം
അവളുമായി സൂസന് പണ്ടേ വഴക്കാണ്
കാരണം പറയേണ്ടല്ലോ, സൂസനെക്കാളും കൊച്ചുറാണിക്കാണ് സൗന്ദര്യം കൂടുതൽ എന്നതിന്റെ ഒരു കുശുമ്പ്.
ഇതൊക്കെയാണെങ്കിലും തനിക്ക് ഒരിക്കലും അവളോട് ഒരിക്കലും പ്രണയം തോന്നിയിട്ടില്ല.
പക്ഷേ ഇപ്പോൾ അവൾ അങ്ങനെ പറഞ്ഞപ്പോൾ മനസ്സിനകത്തൊരു ആഗ്രഹം നുരഞ്ഞ് പൊന്തുന്നു.
വിവാഹ പ്രായമെത്തിയെന്ന് തന്നോട് അപ്പൻ പറയുമ്പോൾ താൻ പറഞ്ഞിരുന്ന തടസ്സം ഒരു ജോലിയാകട്ടെയെന്നാ.
ഇപ്പോൾ ബാഗ്‌ളൂർ, പേര് കേട്ട ഒരു കമ്പനിയിൽ സോഫ്റ്റ് വെയർ എഞ്ചിനീയറാണ്
ഇനിയിപ്പോൾ തനിക്ക് വേണമെങ്കിൽ കൊച്ച് റാണിയുടെ കാര്യം വീട്ടിൽ അതരിപ്പിക്കാം.
പക്ഷേ അവർ സമ്മതിക്കാതിരിക്കാൻ രണ്ട് കാരണങ്ങളുണ്ട്
ഒന്ന് തങ്ങളെക്കാൾ താഴ്ന്ന സാമ്പത്തിക ചുറ്റുപാട്.
രണ്ടാമത് ജോർജ്ജൂട്ടിച്ചായന്റെ മുടിഞ്ഞ കുടിയും, ദിവസേനയുള്ള വഴക്കും.
അങ്ങനെയുള്ള ഒരു വീട്ടിൽ നിന്ന് പെണ്ണെടുക്കാൻ, വീട്ടുകാർ സമ്മതിക്കുമെന്ന് തോന്നുന്നില്ല.
അത് എങ്ങനെയെങ്കിലും സമ്മതിപ്പിക്കാം അതിന് മുമ്പ് കൊച്ചുറാണി പറഞ്ഞത് സീരിയസ്സായിട്ടാണോ എന്ന് അറിയണം
പിറ്റേന്ന് അവൾ പാരലൽ കോളേജിൽ നിന്ന് വരുന്ന വഴിയിൽ അവൻ കാത്ത് നിന്നു.
എപ്പോഴും തല കുനിച്ചിട്ട് നടക്കുന്ന സ്വഭാവമുള്ള അവൾ തൊട്ടടുത്തെത്തിയപ്പോഴാണ് സാമിന്നെ, കാണുന്നത്
“എന്താ സാമച്ചായാ ഇവിടെ നില്ക്കുന്നത്. “
പുഞ്ചിരിയോടെ അവൾ അത് ചോദിക്കുമ്പോൾ നാണം മുഖത്ത് പൂത്തുലഞ്ഞത് പോലെ അവന് തോന്നി.
മുമ്പെങ്ങും തോന്നാത്ത ഒരാകർഷണീയത അവളുടെ കണ്ണുകൾക്ക് ഉള്ളത് പോലെ.
“അല്ല കൊച്ചേ ഇന്നലെ നീ അത് പറഞ്ഞത് കാര്യമായിട്ടാണോ “
മുഖവുരയില്ലാതെ അവൻ ചോദിച്ചു.
“എന്ത് “
അവളുടെ പുരികക്കൊടികൾ വില്ല് പോലെയായി
“അല്ലാ…എന്നെയാണ് ഇഷ്ടമെന്ന് “
ഒരു പൊട്ടിച്ചിരിയായിരുന്നു അവളുടെ മറുപടി.
“സാമച്ചായനെന്നാ ഭ്രാന്തുണ്ടോ?ബാഗ്‌ളൂരിൽ വലിയ എഞ്ചിനീയറായ വലിയ പുരയക്കലെ കൊച്ചൗസേപ്പ് മുതലാളിയുടെ മോനെ ആഗ്രഹിക്കാനും മാത്രം യോഗ്യത എനിക്കുണ്ടോ?
പിന്നെ ആ വഷളനെ എങ്ങനെയെങ്കിലും ഒഴിവാക്കാൻ വേണ്ടിയല്ലേ അങ്ങനെ അവനോട് പറയാൻ പറഞ്ഞത്. “
പക്ഷേ, നീ അത് പറഞ്ഞപ്പോൾ മുതൽ എന്റെ മനസ്സിൽ നിന്റെയീ രൂപമാ, നിനക്ക് എന്നെ ഇഷ്ടമാണോ എന്ന് അറിഞ്ഞാൽ മാത്രം മതി എനിക്ക്, നിന്നെ വിവാഹം കഴിക്കാൻ ഞാൻ ഒരുക്കമാണ് . “
അവൻ ഗൗരവത്തിലാണെന്ന് അവൾക്ക് മനസ്സിലായി.
കുഞ്ഞ് നാളിലെ മുതൽ കാണുന്നതാ സാമച്ചായനെ. പഠിത്തവും മറ്റുമായി കൂടുതലും സമയം ദൂരെ ഏതങ്കിലും സ്ഥലത്തായിരിക്കും
പിന്നെ വെക്കേഷന് വരുമ്പോൾ തന്നോട് വിശേഷങ്ങളൊക്കെ തിരക്കാറുണ്ട്.
അദ്ദേഹത്തെ ഇഷ്ടപ്പെടാതിരിക്കാനുള്ള കാരണങ്ങളൊന്നും പ്രത്യേകിച്ചില്ല.
“സാമച്ചായന് അറിയാമല്ലോ അപ്പച്ചന്റെ സ്വഭാവം. അത്ര നിർബന്ധമാണെങ്കിൽ വീട്ടിൽ വന്ന് പെണ്ണ് ചോദിക്കു. അവരുടെ സമ്മതമുണ്ടെങ്കിൽ പിന്നെ എനിക്ക് എതിർപ്പൊന്നുമില്ല.”
അപ്പോൾ, അടുത്ത വീട്ടിലെ കണാരേട്ടൻ അത് വഴി വന്നു.
“മോളേ അമ്മക്ക് അസുഖം കൂടുതലാണ് ഞാൻ അപ്പച്ചനെ വിളിക്കാൻ പ്ലാന്റേഷനിലോട്ട് പോകു വാ, മോൾ, വേഗം വീട്ടിലേക്ക് ചെല്ല്.”
അത് കേട്ടതും അവൾ വീട്ടിലേക്ക് പാഞ്ഞു.
“കൊച്ചുറാണി നില്ക്ക് ഞാനും വരാം “
സാം അവളോടൊപ്പം, വീട്ടിലേക്ക് ചെന്നു നോക്കുമ്പോൾ, ഗ്രേസിശ്വാസം കിട്ടാതെ പിടയുകയാണ്:
സാം വേഗം സ്വന്തം വീട്ടിൽ പോയി കാറ് ഇറക്കി കൊണ്ട് വന്നു.
അവരെ രണ്ട് പേരെയും കയറ്റി അടുത്തുള്ള ജനറൽ ആശുപത്രിയിലേക്ക് പോയി.
ഡോക്ടർ വിശദമായി പരിശോധിച്ച് ഓക്സിജൻ മാസ്ക് ഫിറ്റ് ചെയ്തു
യൂറിനും, ബ്ളഡഡുo പരിശോധിക്കാൻ ചീട്ട് കൊടുത്തു.
അപ്പോഴേക്കും ജോർജ്ജൂട്ടി വന്നിരുന്നു
നന്നായി കുടിച്ചിട്ടുമുണ്ട്.
“ഗ്രേസിയുടെ കൂടെയുള്ളത് ആരാ, ഡോക്ടറുടെ റൂമിലേക്ക് ചെന്നോളൂ”
സിസ്റ്റർ വന്ന് പറഞ്ഞപ്പോൾ സാം അങ്ങോട്ട് പോകാൻ തയ്യാറായി
“അപ്പച്ചൻ, ഇവിടെ നിന്നോളു, ഞാനും കൂടെ പോയിട്ട് വരാം “
അതും പറഞ്ഞ് അവൾ സാമിനൊപ്പം ഡോക്ടറുടെ റൂമിലേക്ക് ചെന്നു.
“ഇരിക്കു…ലാബ് റിപ്പോർട്ട് വന്നു. ക്രിയാറ്റിനിന്റെ അളവ് വളരെ കൂടുതലാ കിഡ്നി ഫങ്ങ്ഷൻ വെരി ബാഡ്, അത് കൊണ്ട് എത്രയും പെട്ടെന്ന് ഒരു ട്രാൻസ് പ്ളാന്റേഷൻ വേണ്ടി വരും.
ഇവിടെ അതിനുള്ള സൗകര്യമില്ല
മെഡിക്കൽ കോളേജിലേക്കോ എതെങ്കിലും പ്രൈവറ്റ് ഹോസ്പിറ്റലിലേക്കോ കൊണ്ടു പോകുന്നതായിരിക്കും ബെറ്റർ
ഏതായാലും, രണ്ട് ദിവസം കഴിഞ്ഞ് ഡിസ്ചാർജ്ജ് ചെയ്യാം പിന്നെ നിങ്ങൾക്ക് എപ്പോഴാ സൗകര്യമെന്ന് വച്ചാൽ ഹോസ്പിറ്റലൈസ് ചെയ്തോളു.
ഡോക്ടറുടെ വാക്കുകൾ കേട്ട്, കൊച്ച് റാണി ആകെ തളർന്ന് പോയി
ഡോക്ടറുടെ അടുത്ത് നിന്ന് പുറത്തേക്ക് ഇറങ്ങുമ്പോൾ സാം അവളെ ആശ്വസിപ്പിച്ച് കൊണ്ടിരുന്നു.
*********************
മാച്ചാവുന്ന കിഡ്നിയുടെ അഭാവവും, വലിയ സാമ്പത്തിക ബാധ്യതയും ഉണ്ടാകുമെന്നറിയാവുന്നത് കൊണ്ട്, ഗ്രേസി, ഭർത്താവിനോട് പറഞ്ഞു
“നിങ്ങൾ എന്റെ കാര്യം നോക്കണ്ട, എങ്ങനെയെങ്കിലും ഉള്ളത് വിറ്റ് പെറുക്കി കൊച്ചിനെ കെട്ടിച്ച് വിടാൻ നോക്ക്.”
അത് കേട്ട് അയാൾ ആലോചനയിൽ മുഴുകി.
ആ സമയത്താണ് സാം അവിടേക്ക് വരുന്നത്.
അവന്റെ ആഗമനോദ്ദേശ്യം അറിഞ്ഞപ്പോൾ കൊച്ച് റാണിയുടെ അപ്പനും അമ്മയ്ക്കും സന്തോഷം സഹിക്കാൻ കഴിഞ്ഞില്ല.
“എന്റെ വീട്ടിൽ പറഞ്ഞ് സമ്മതം വാങ്ങുന്ന കാര്യം ഞാനേറ്റു “
അവരുടെ ഉത്ക്കണ്ഠയ്ക്ക് വിരാമമിട്ട് കൊണ്ട് സാം അവിടെ നിന്നിറങ്ങി.
അപ്പോൾ കോളേജിൽ നിന്ന് കൊച്ച്റാണി ഗേറ്റ് കടന്ന് മുറ്റത്തേക്ക് വരുന്നുണ്ടായിരുന്നു.
“ഇനി മുതൽ നീയെന്റെ പെണ്ണാണ് കെട്ടോടീ കൊച്ചേ!
ചിരിച്ച് കൊണ്ടവൻ അവളുടെ കവിളിൽ ഒരു നുള്ള് കൊടുത്തു.
“ശ്ശൊ എനിക്ക് വേദനിച്ചൂട്ടോ “
അവൾ, പരിഭവിക്കുന്നത് കണ്ട് കണ്ണിറുക്കി കാണിച്ചിട്ട് അവൻ ഗേറ്റ് കടന്ന് പോയി.
******************
പിന്നെയെല്ലാം വളരെ പെട്ടെന്നായിരുന്നു.
ഏകമകന്റെ കടുംപിടുത്തത്തിന് മുന്നിൽ കെച്ചൊസേപ്പ് മുട്ട് മടക്കി
ഇരു വീട്ടുകാരും ചേർന്ന് കല്യാണമുറപ്പിച്ചു.
വിവാഹത്തിന് ഒരാഴ്ച മുമ്പ് ഗ്രേസിയുടെ അസുഖം കൂടി. ശ്വാസംമുട്ടൽ കലശലായി
ശ്വാസം മുട്ടുമ്പോൾ അടിക്കുന്ന, സ്പ്രേ തീർന്നിരുന്നു. കല്യാണഒരുക്കങ്ങളുടെ ഇടയിൽ അത് വാങ്ങാൻ എല്ലാരും മറന്നു.
കൊച്ച് റാണി വേഗം സാമിനെ വിളിച്ച് പറഞ്ഞു
കേട്ട മാത്രയിൽ അവൻ ബൈക്ക് എടുത്ത് കൊണ്ട് ടൗണിലുള്ള മെഡിക്കൽ സ്റ്റോറിലേക്ക് പാഞ്ഞു.
“മോനേ നല്ല മഴ വരുന്നുണ്ട് റെയിൻ കോട്ടെടുത്തോണ്ട് പോ”
പക്ഷേ അവനത് ശ്രദ്ധിച്ചില്ല. പൂഴി റോഡ് വിട്ട് ടാറിട്ട മെയിൻ റോഡിൽ കയറിയപ്പോഴേക്കും കോരിച്ചൊരിയുന്ന മഴ
എതിരെ വന്ന ഏതോ വാഹനത്തിന്റെ ശക്തമായ ഹെഡ് ലൈറ്റ് കണ്ണിലടിച്ചു.
പെട്ടെന്നവൻ ബ്രേക്ക് ചവിട്ടി
പക്ഷേ മഴ പെയ്ത് വഴുകി കിടന്ന റോഡിൽ ബൈക്ക് നിന്ന് വട്ടം കറങ്ങി പുറകെ വന്ന ഒരു ടാങ്കർ ലോറിയുടെ അടിയിലേക്ക് ബൈക്കുമായി സാം ഞരങ്ങി ചെന്നു.
എല്ലാം കഴിഞ്ഞു.
ബൈക്കിന്റെയും സാമിന്റെയും മുകളിലൂടെ കയറിയ ടാങ്കർ ലോറി റോഡിന് ഇടത് വശത്തേക്ക് മറിഞ്ഞു.
******************
സാമിന്റെ വീട്ടിൽ ഉയർന്ന കൂട്ട നിലവിളി കേട്ട് കൊച്ച് റാണി അങ്ങോട്ട് ചെന്നു.
“പോയ് മോളേ എന്റെ സാംകുട്ടനെ കർത്താവ് വിളിച്ച് മോളേ “
കൊച്ച് റാണി സ്തബ്ദയായി
കരയാൻ പോലുമാവാതെ അവൾ വീട്ടിലേക്ക് തിരിച്ച് നടന്നു.
അപ്പച്ചൻ വാതിൽക്കലുണ്ട്.
“ഞാൻ പോയി കണ്ട് മോളേ “
മോ ർച്ചറിയിലാ, നാളെയേ ബോഡി കിട്ടു.
അശരീരി പോലെയാണവൾ അതൊക്കെ കേട്ടത്.
അകത്ത് മുറിയിൽ കണ്ണീരൊലിപ്പച്ച് കിടക്കുന്ന അമ്മയുടെ അടുത്ത് ചെന്ന് ശ്വസം വിടാൻ വീർപ്പ് മുട്ടുന്ന ആ ശരീരത്തിലേക്ക്, വീണവൾ പൊട്ടിക്കരഞ്ഞു.
******************
ദിവസങ്ങളും മാസങ്ങളും കടന്ന് പോയി മറ്റൊരു വിവാഹത്തിന് കൊച്ച് റാണിയെ അപ്പച്ചനും അമ്മച്ചിയും നിർബന്ധിച്ച് കൊണ്ടിരുന്നു.
പക്ഷേ, സാമിനെയല്ലാതെ മറ്റൊരാളെ ഇനി തനിക്ക് ഉൾക്കൊള്ളാൻ കഴിയില്ലന്ന് അവൾ തീർത്ത് പറഞ്ഞു.
അങ്ങനെയിരിക്കെ ഒരു ദിവസം, സാമിന്റെ സഹോദരി വന്ന് അവളെ സാമിന്റെ വീട്ടിലേക്ക് കൂട്ടി കൊണ്ട് പോയി.
അവളെ സാമിന്റെ മുറിയിലിരുത്തി.
അന്തരീക്ഷവായുവിന് പോലും സാമിന്റെ ഗന്ധമുണ്ടെന്ന് അവൾക്ക് തോന്നി.
“നിന്നോട് എങ്ങനെ പറയണമെന്ന് എനിക്കറിയില്ല. എന്റെ ഇച്ചായൻ മരിച്ച് തലക്ക് മുകളിൽ നില്ക്കുന്നുണ്ട്. പക്ഷേ ഞാനിത് ഇനിയും മറച്ച് വച്ചാൽ ഒന്ന് മറിയാതെ നീ വെറുതെ സാമച്ചായനെ ഓർത്ത് നിന്റെ ജീവിതം പാഴാക്കും.
അത് കൊണ്ട് നീ ഇതൊന്ന് കണ്ട് നോക്ക്.”
അവൾ സാമിന്റെ മൊബൈൽ ഫോൺ കൊച്ച് റാണിയുടെ നേർക്ക് നീട്ടി.
വിറയ്ക്കുന്ന കൈകളോടെ അവൾ അത് വാങ്ങി നോക്കി.
ഏഞ്ചൽ എന്ന് പേരുള്ള ഒരു യുവതിയുടെ വാട്സ്ആപ്പ് പേജായിരുന്നു അത്.
അതിൽ സാമും അവളും തമ്മിലുള്ള അ ശ്ളീ ല ചാ റ്റിങ്ങ്. അവളുടെ അ ർദ്ധന ഗ്ന ഫോട്ടോസ്.
കൊച്ച് റാണിക്ക് കണ്ണിൽ ഇരുട്ട് കയറുന്ന പോലെ തോന്നി
അതിൽ അവസാനമെഴുതിയിരിക്കുന്ന വരികൾ നിറഞ്ഞ് തുളുമ്പിയ കണ്ണുകൾ കൊണ്ടവൾ വായിച്ചെടുത്തു.
നീയൊരു ച തിയനായിരുന്നെന്ന് ഞാനറിഞ്ഞില്ല എന്നോടൊപ്പം നീ ആതിരയേയും സ്നേഹം നടിച്ച് വഞ്ചിച്ചു. അവൾ തെളിവ് സഹിതം എന്നോടെല്ലാം പറഞ്ഞു. പക്ഷേ നീ ഒന്നോർത്തോ ഇതിനെല്ലാം നീയനുഭവിക്കും.
ഗുഡ് ബൈ
അവൾക്ക് സങ്കടം സഹിക്കാനായില്ല. മൊബൈൽ ഫോൺ വലിച്ചെറിഞ്ഞിട്ട് അവൾ പുറത്തേക്ക് ഓടി.
ആ ഓട്ടം ചെന്ന് നിന്നത് മണിമലയാറിന്റെ കുറുകെയുള്ള പാലത്തിന് മുകളിലായിരുന്നു.
അതിന്റെ കൈവരിയിൽ പിടിച്ച് താഴേക്ക് ചാടാൻ ഒരുങ്ങുമ്പോൾ അവളുടെ മുടി കുത്തിന് പിടിച്ച് ആരോ പുറകോട്ട് വലിച്ചിട്ടു.
മലർന്ന് വീണ കൊച്ചുറാണി അയാളെ കണ്ടു.
അത് സാജനായിരുന്നു.
കൊച്ച് റാണി..നീയെന്ത് അബദ്ധമാണി കാണിക്കുന്നത്. ഒരു വഞ്ചകനിൽ നിന്നും കർത്താവാണ് നിന്നെ രക്ഷപെടുത്തിയത് എന്ന് കരുതിയാ മതി.
ഞാനെല്ലാമറിഞ്ഞു. ആക്സിഡന്റായ സ്ഥലത്ത് നിന്ന് എനിക്കാണ് അവന്റെ മൊബൈൽ കിട്ടിയത്.
ആ ചാറ്റിങ്ങായിരുന്നു മരിക്കുന്നതിന് തൊട്ട് മുമ്പ് വരെ അവൻ ചെയ്തോണ്ടിരുന്നത്.
ഫോൺ എന്റെ കയ്യിൽ കിട്ടുമ്പോൾ ആ വാട്ട്സ്ആപ്പ് പേജ് ലൈവായിരുന്നു.
സാമിന്റെ വിയോഗവും പേറി, ഒന്നുമറിയാതെ നീ ഇങ്ങനെ നീറി നീറി കഴിയുന്നുണ്ടെന്നറിഞ്ഞപ്പോൾ നിന്നെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ട് വരണമെന്ന് തോന്നി.
നിനക്കെന്നോട് വെറുപ്പായത് കൊണ്ട് ഞാൻ പറഞ്ഞാൽ നീ വിശ്വസിക്കില്ലന്നറിയാം
അത് കൊണ്ടാണ് സൂസൻ വഴി നിന്നോട് കാര്യങ്ങൾ അവതരിപ്പിച്ചത്.
ഇനി നീ പറ, ആ ചതിയന് വേണ്ടി നിന്റെ ജീവിതം വെറുതെ ഹോമിക്കണോ. എന്നെ, നിനക്ക് ഇഷ്ടമല്ലെന്നറിയാം
പക്ഷേ എന്നെങ്കിലും നീയെന്റെ ആത്മാർത്ഥത മനസ്സിലാക്കുമെന്ന, വിശ്വാസത്തിൽ ഞാൻ നിനക്ക് വേണ്ടി കാത്തിരിക്കുo, മരണം വരെ.
ഇപ്പോൾ നിന്നെ ഞാൻ വീട്ടിലേക്ക് കൊണ്ടാക്കാം, വരു.”
അവൻ അവളുടെ കൈയ്യിൽ പിടിച്ചെഴുന്നേല്പിച്ച് മുന്നോട്ട് നടന്നു.
തന്നെ ജീവിതത്തിലേക്ക് പിടിച്ച് കയറ്റിയ ആ കൈകൾക്ക്, തന്നെ ജീവിതകാലം മുഴുവൻ സംരക്ഷിക്കാനുള്ള കരുത്തുണ്ടന്ന് അവൾക്ക് ബോധ്യമായി.
അത് വരെ, അവന്റെ പുറകെ നടന്നയവൾ, പിന്നീട് അവന്റെ തോളോട് തോളുരുമി ഒന്നിച്ച് നടന്നു.
~സജിമോൻ തൈപ്പറമ്പ്