ഉള്ളിലെവിടെയോ ഉറങ്ങിക്കിടന്നിരുന്ന സിംഗപ്പൂർ മോഹം വനജയുടെ മനസ്സിൽ തലപൊക്കി തുടങ്ങി…

മധുവിധു

Story written by Saji Thaiparambu

================

ആദ്യരാത്രി, എല്ലാ വധൂവരന്മാരെയും പോലെ അവർ, ആദ്യം പരസ്പരം പങ്ക് വച്ചത് ഭൂതകാലത്തിൽ, അവരുടെ ജീവിതത്തിൽ ഉണ്ടായ ബന്ധങ്ങളെക്കുറിച്ച് തന്നെയാണ്

വധുവായ വനജയെ, തേച്ചിട്ട് പോയവരുടെ എണ്ണത്തെക്കാൾ കൂടുതലായിരുന്നു, വരനായ വിശ്വനെ തേച്ച് പോയവർ.

തേപ്പ്കഥകൾ പരസ്പരം അംഗീകരിച്ച്, അവർ അടുത്തതായി ഭാവി പരിപാടികൾ പ്ളാൻ ചെയ്യാൻ തുടങ്ങി.

“വിശ്വേട്ടാ എനിക്ക് സിംഗപ്പൂർ പോയി നമ്മുടെ മധുവിധു അവിടെ ചിലവഴിക്കണമെന്നാണ് എന്റെ ആഗ്രഹം, എന്റെ കൂട്ട്കാരികളോടൊക്കെ, ഞാൻ പറഞ്ഞിരിക്കുന്നത് നമ്മുടെ മധുവിധു അവിടെയാണെന്നാ “

അത് കേട്ട് വിശ്വൻ ഒന്ന് ഞെട്ടിയെങ്കിലും പുതുമോടിയല്ലേ ,ഇപ്പോഴെ No പറഞ്ഞാൽ താനൊരു പിശുക്കനാണെന്ന് കരുതിയാലോ എന്ന് കരുതി, അയാൾ സമ്മതിച്ചു.

“ഓഹ് അതിനെന്താ, അടുത്ത മാസം തന്നെ പോയേക്കാം. അപ്പോഴേക്കും ഇവിടുത്തെ വിരുന്ന് പോക്ക് ഒക്കെ ഒന്ന് കഴിയുമല്ലോ”

ആ അഭിപ്രായത്തെ വനജയും അനുകൂലിച്ചു.

“നേരാ, വിശ്വേട്ടാ, എന്റെ അമ്മാവന്മാരുടെയും, ചിറ്റമാരുടെയും വീട്ടിൽ പോകാൻ തന്നെ വേണം ഒരു മാസം, എന്തായാലും നമുക്ക് new year ന് മുൻപ് തന്നെ പോകണം കേട്ടോ “

”Ok ok നേരം ഒരുപാടായി ,ഇനി ബാക്കിയൊക്കെ നാളെ തീരുമാനിക്കാം. ഇനി ഈ ലൈറ്റ് കൂടി ഒന്ന് ഓഫ് ചെയ്താൽ കിടക്കാമായിരുന്നു.

അക്ഷമയോടെയുള്ള അവന്റെ  സംസാരത്തിലെ ശൃoഗാരം അവളെ പുളകിതയാക്കി.

പിന്നെ പാതിരാത്രിയെ കീറി മുറിച്ച ഇരുട്ടിനെ മറയാക്കി അവർ വി കാ രങ്ങൾ പങ്ക് വെച്ചു.

****************

വിവാഹം കഴിഞ്ഞ് ഒരു മാസം ആയപ്പോഴാണ്, വനജയുടെ ഏറ്റവും ഇളയ അമ്മാവന്റെ വീട്ടിൽ വിരുന്നു പോയത്.

വനജയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചക്കപ്പുഴുക്ക്‌, അമ്മായി അവളുടെ പ്ളേറ്റിലേക്ക് വെച്ച് കൊടുത്തു.

കൊതിയോടെ അവളത് കഴിച്ചപ്പോൾ തന്നെ വല്ലാത്ത ഒരു ഒമിറ്റിങ്ങ്.

Control ചെയ്യാൻ കഴിയാതെ അവൾ ഓടി ,വാഷ് ബേസനിൽ പോയി ഛർദ്ദിച്ചു.

“ഞാൻ അപ്പോഴേ പറഞ്ഞത, വയറു നിറച്ചു കഴിക്കേണ്ടന്ന് “

വിശ്വനാഥൻ അവളെ കുറ്റപ്പെടുത്തി

“ഉം ഉം,ഇത് വയറു നിറച്ച് കഴിച്ചതിന്റെയൊന്നുമല്ല, വ യ റ്റി ലു ണ്ടായതിന്റെയാണോ എന്ന് രണ്ടു പേരുകൂടി നാളെ ഒന്ന് ഡോക്ടറെ പോയി കണ്ട് ഉറപ്പിക്ക്.

അത് കേട്ടപ്പോൾ വനജ നാണം കൊണ്ടുചുവന്നു.

തിരിച്ചു വീട്ടിൽ എത്തിയപ്പോൾ വിശ്വന്‍റെ അമ്മപറഞ്ഞു.

“ഇത്,,അത് തന്നെ…എനിക്ക് ഒരു പേരക്കിടാവു ഉണ്ടാകാൻ പോകുന്നു. മോളിനി ജോലിയൊന്നും അധികം ചെയ്യണ്ട കെട്ടോ, വിശ്രമിച്ചോളൂ….ഇവിടുത്തെ കാര്യമൊക്കെ അമ്മ നോക്കിക്കൊള്ളം.”

അമ്മായിയമ്മയ്‌ക് അപ്പോൾ അമ്മയുടെ സ്നേഹം വന്നത് പോലെ വനജയ്ക്ക് തോന്നി.

രാത്രി വിശ്വന്‍റെ മടിയിൽ തല വെച്ച് കിടക്കുമ്പോൾ വനജ, വിശ്വനോട് ചോദിച്ചു.

“വിശ്വേട്ട, ഇനി നമ്മൾ സിംഗപ്പരിലേക്ക് tour പോകുന്നതെപ്പൊഴ, “

അപ്പോഴാ വിശ്വൻ ആ കാര്യം ഓർത്തത്.

”അത് ശരി. ഇപ്പോൾ അതിനെ കറിച്ച് ഓർക്കേണ്ട സമയമാണോ ഇത്. Dr: നിനക്ക് പരിപൂർണ്ണ വിശ്രമം വേണമെന്ന് പറഞ്ഞത് നീ മറന്നോ”

വിശ്വൻ അവളെ ശാസിച്ചു.

അപ്പോൾ അവൾ മുഖം കറുപ്പിച്ചു,

“ഹ ഹ ഹ താൻ പിണങ്ങണ്ടടോ നമ്മുടെ ഉണ്ണികുട്ടൻ കൂടെ വന്നോട്ടെ”

അവൻ അവളെ ആശ്വസിപ്പിച്ചു.

പ്രസവം കഴിയുമ്പോൾ നമ്മൾ സിംഗപ്പൂര് പോകുമല്ലോ അല്ലേ?

വനജ, അവനോട് ആ കാര്യം ഉറപ്പിച്ചിട്ടാണ്, അവൾ സമാധാനമായി കിടന്നുറങ്ങിയത്.

********************

എല്ലാവരും ആൺകുട്ടിയെ ആണ് പ്രതീക്ഷിച്ചതെങ്കിലും വനജ പ്രസവിച്ചത് ഒരു പെൺകുട്ടിയെ ആയിരുന്നു.

ആണായാലും പെണ്ണായാലും ആരോഗ്യത്തോടെ ദൈവം തന്നല്ലോ, അത് മതി

വിശ്വന്റെ അമ്മ ഹാപ്പി ആയിരുന്നു,

ആതിര മോൾക്ക് ഒരു വയസ്സായപ്പോൾ വനജയുടെ മനസ്സിൽ സിംഗപ്പൂര് മോഹം വീണ്ടും തളിർത്തു.

ഇത്തവണ പക്ഷേ അവളുടെ ആഗ്രഹത്തിന് വിലങ്ങ് തടിയായത് അമ്മായി അമ്മ ആയിരുന്നു.

”വേണ്ട….വേണ്ട…മു ല കു ടി മാറാത്ത കൊച്ചിനെയും കൊണ്ട് പോകാൻ ഞാൻ സമ്മതിക്കില്ല.”

അത് കേട്ട് വനജ മുഖം വീർപ്പിച്ചത് വിശ്വന്റെ നേരെയായിരുന്നു.

“താൻ ഒന്ന് സമാധാനപ്പെട്, മോളെ നമുക്ക് പ്ളേ സ്കൂളിൽ ചേർക്കാനാകുമ്പോൾ അമ്മയെ പറഞ്ഞ് ബോധ്യപ്പെടുത്തി പോകാം. ഇപ്പോൾ അമ്മയെ ധിക്കരിച്ച് പോയാൽ ചിലപ്പോൾ ഈശ്വരൻ പൊറുക്കില്ല അതിന്റെ ദോഷം നമ്മുടെ ആതിര മോൾക്കാണ് ഏല്കുക. ഓർത്തോ?”

വീണ്ടും സിംഗപ്പൂര് മോഹം വനജ മറവിയിൽ ഉപേക്ഷിച്ചു.

ആതിര മോൾ വളർന്നു.

പിന്നെ വനജയുടെ ശ്രദ്ധ മുഴുവൻ അവളുടെ പഠിത്തത്തിലായിരുന്നു.

ഡിഗ്രി, കഴിഞ്ഞപ്പോൾ വനജ വിശ്വനോട് പറഞ്ഞു

“വിശ്വേട്ടാ, മോൾക്ക് കല്യാണപ്രായമായി നമുക്ക് അവളെ വിവാഹം കഴിച്ചയക്കണ്ടേ?”

“ഉം വേണം വനജേ, എന്നിട്ട് വേണം നമ്മുടെ ബാധ്യതയൊക്കെ തീർത്തിട്ട്, നിന്റെ ആഗ്രഹ പൂർത്തീകരണത്തിനായി നമുക്ക് സിംഗപ്പൂര് പോകാൻ “

“ശരിയാണ് വിശ്വേട്ടാ, ഇനിയിപ്പോ വിശ്വേട്ടന്റെ അമ്മയും തടസ്സമൊന്നും പറയില്ലല്ലോ, നമ്മൾ നമ്മുടെ കടമ നിർവഹിച്ചിട്ടല്ലേ പോകുന്നത്. “

ഉള്ളിലെവിടെയോ ഉറങ്ങിക്കിടന്നിരുന്ന സിംഗപ്പൂർ മോഹം വനജയുടെ മനസ്സിൽ തലപൊക്കി തുടങ്ങി.

ആതിര മോളുടെ വിവാഹം വളരെ ആർഭാടപൂർവ്വം തന്നെയാണ് നടത്തിയത്.

അവളുടെ കല്യാണം കഴിഞ്ഞ് അടുക്കള കാണാൻ നിറയെ സാധനങ്ങളുമായി ചെന്നപ്പോൾ വനജയെ, കെട്ടിപ്പിടിച്ച് കൊണ്ടാണ് ആ സന്തോഷ വർത്തമാനം അവൾ പറഞ്ഞത്.

“അമ്മേ അരുണേട്ടൻ, എന്നയും കൊണ്ട് അടുത്തയാഴ്ച സിംഗപ്പൂര് പോകുവാന്നെന്ന്. രണ്ട് മാസത്തെ ടൂർ ആണ് പ്ലാൻ ചെയ്തിരിക്കുന്നത്. “

അത് കേട്ട് വനജ വിശ്വന്റ മുഖത്തേക്ക് നോക്കി. ആ നോട്ടം താങ്ങാനാവാതെ വിശ്വൻ തല തിരിച്ചു.

വീട്ടിലെത്തിയിട്ടും വനജയുടെ മുഖം കടന്നല് കുത്തിയത് പോലെ തന്നെയിരുന്നു.

“അതിന് രണ്ട് മാസം കഴിയുമ്പോൾ അവർ തിരിച്ച് വരില്ലേ, നമുക്ക് അത് കഴിഞ്ഞ് പോകാമല്ലോ, ഇപ്പോൾ നമ്മൾ എന്തിനാ അവരുടെ സ്വർഗ്ഗത്തിലെ കട്ടുറുമ്പാകുന്നെ”

മക്കളോടൊപ്പം പോയാലോ എന്ന വനജയുടെ ചോദ്യത്തിനാണ്, വിശ്വൻ മറുപടി പഞ്ഞത്

“എന്നെ ഇനിയും ഇങ്ങനെ ഓരോന്ന് പറഞ്ഞ് പറ്റിക്കല്ലേ വിശ്വേട്ട, “

അവൾ കടുത്ത നിരാശയിലായിരുന്നു.

ദിവസങ്ങൾ കടന്ന് പോയി.

രണ്ട് മാസം തികയാൻ ഇനിയും ഒരാഴ്ച ബാക്കിയുണ്ട്

അന്ന് രാത്രി അരുണിന്റെ ഫോൺ വന്നു.

“അമ്മേ ഞങ്ങൾ നാളെയങ്ങെത്തും, കെട്ടോ “

വനജയ്ക്ക് സന്തോഷമായി.

അങ്ങനെ എല്ലാ തടസ്സങ്ങളും നീങ്ങിയിരിക്കുന്നു.

സിംഗപ്പൂര് പോകുന്നതിനുള്ള ഒരുക്കങ്ങൾ പ്ളാൻ ചെയ്യാൻ അന്ന് രാത്രി തന്നെ വിശ്വനോട് പറഞ്ഞ് സമ്മതിപ്പിച്ചിട്ടാണ് അവർ ഉറങ്ങാൻ കിടന്നത്.

പിറ്റേന്ന് വൈകിട്ട് ആതിര മോളെ കണ്ടപ്പോൾ വല്ലാതെ വാടി തളർന്നിരിക്കുന്നത് കണ്ട് ചോദിച്ചപ്പോൾ അരുൺ ആണ് ഉത്തരം പറഞ്ഞത്.

“അത് അമ്മേ അവൾക്ക്, രണ്ട് ദിവസമായി എന്ത് കഴിച്ചാലും ഒമിറ്റിങ്ങ് ആയിരുന്നു. അങ്ങനെ ഞങ്ങൾ ഒരു ഹോസ്പിറ്റലിൽ പോയിരുന്നു. അപ്പോൾ അവിടുത്തെ പരിശോധനയിലാണ് ആ സത്യം ഞങ്ങളറിഞ്ഞത് “

അരുൺ സസ്പെൻസ് ഇട്ട് നിർത്തി.

അത് കേട്ട് വനജയ്ക്ക് ഉത്ക്കണ്ഠയായി.

“എന്താ മോനേ , എന്ത് പറ്റി ‘

അമ്മേ അമ്മ ഒരു അമ്മൂമ്മയാകാൻ പോകുന്നു എന്ന്.

അവൻ ചിരിച്ച് കൊണ്ട് അത് പറഞ്ഞപ്പോൾ വനജയ്ക്കു ചിരിക്കണോ കരയണോ എന്ന് തോന്നിപ്പോയി.

പിന്നെ സംസാരിച്ചത്, ആതിര മോൾ ആയിരുന്നു

“ഇനി പ്രസവം കഴിയുന്നത് വരെ ഞാനിവിടെ നിന്നോളാൻ അരുണേട്ടൻ പറഞ്ഞമ്മേ? അവിടെ അരുണേട്ടന്റെ അമ്മ പ്രായമായത് കൊണ്ട് എന്റെ കാര്യങ്ങളൊന്നും ശ്രദ്ധിക്കാൻ കഴിയില്ലന്ന്…ഇപ്പോൾ അമ്മയ്ക്ക് സന്തോഷായില്ലേ?”

******************

അന്ന് രാത്രി വിശ്വനോട്, വനജ പറഞ്ഞു.

“വിശ്വേട്ടാ, നിങ്ങള് ടിക്കറ്റ് ബുക്ക് ചെയ്ത ട്രാവൽസ് കാരോട് ഒന്ന് വിളിച്ച് പറ, സിംഗപ്പൂർ ടിക്കറ്റ് ക്യാൻസൽ ചെയ്തേക്കാൻ.”

അതെന്താ വനജേ? വിശ്വൻ അതിശയത്തോടെ ചോദിച്ചു

“ഓഹ് ഇനി ആതിര മോളുടെ പ്രസവവും, ആ കുഞ്ഞിന്റെ ബർത്ത്ഡേയും പിന്നെ അവളുടെ കല്യാണവുമൊക്കെ കഴിയുമ്പോഴേക്കും നമുക്ക് വല്ല കാശിക്കോ രാമേശ്വരത്തോ പോകാൻ പ്രായമാകുമല്ലോ അതാ. ”

വനജയുടെ മറുപടി വിശ്വന്റെ നെഞ്ചിൽ കൊള്ളുന്നതായിരുന്നു. അയാൾ കുറ്റബോധത്തോടെ തല കുനിച്ചു.

~സജിമോൻ തൈപ്പറമ്പ്