Story written by Abdulla Melethil
=================
പെണ്ണ് കാണലും വിവാഹ നിശ്ചയവും ഒരാഴ്ച്ചക്കുള്ളിൽ തന്നെ കഴിഞ്ഞ് പെണ്ണിന് ഫോണും ഫോണിൽ ഇരുനൂറ് രൂപയും കയറ്റി കൊടുത്ത് മധു ഫോണിൽ നോക്കി ഇരിക്കാൻ തുടങ്ങിയിട്ട് രണ്ട് ദിവസമായി..
പ്രേമിച്ചോ സല്ലപിച്ചോ നാളിതുവരെ പരിചയമില്ലാത്ത മധു ഇന്നെങ്കിലും ഒന്ന് വിളിക്കണം എന്നുള്ള തീരുമാനത്തിൽ എത്തി ചേർന്നു..കൂട്ടുകാരൊക്കെ നാലും അഞ്ചും മണിക്കൂറും രാത്രി തൊട്ട് പുലരും വരെയും ഒക്കെ വിവാഹം നിശ്ചയിച്ച പെണ്ണിനോട് സല്ലപിക്കുന്നത് മധു കണ്ടിട്ടും കേൾക്കാറും ഉണ്ടായിരുന്നു
നാട്ടിൽ കൂലി പണിക്ക് പോകുന്ന മധു ഉച്ചക്ക് വിശ്രമ വേളയിൽ ആരും കേൾക്കാത്തിടത്തേക്ക് പോയി നിന്ന് വിളിച്ചു രാത്രി വരെ കാത്ത് നിൽക്കാൻ മധുവിന് ക്ഷമ കിട്ടിയില്ല..ഒരു ഫുൾ റിങ് കഴിഞ്ഞിട്ടും എടുക്കാഞ്ഞപ്പോൾ മധുവിന് ആധി കൂടി..ഒന്ന് കൂടി അടിച്ചു രണ്ട് റിങ് അടിച്ചപ്പോൾ എടുത്തു..
ഹലോ..
മധു നെഞ്ചിടിക്കുന്നത് ശബ്ദത്തിൽ കലരാതിരിക്കാൻശ്രമിച്ചു കൊണ്ട് സംസാരിച്ചു. സുഖമല്ലേ എന്നെ ഇഷ്ടമായില്ലേ എന്നൊക്കെ മധു ചോദിച്ചു അവൾ എല്ലാത്തിനും മൂളി
തിരിച്ചിങ്ങോട്ട് ഒന്നും ചോദിച്ചതുമില്ല മധു ശരി എന്നും പറഞ്ഞു ഫോൺ വെച്ചു..മധുവിന് വിളിച്ചു എന്നൊരു സമാധാനം മാത്രം കിട്ടി കൂട്ടുകാരൊക്കെ ഇപ്പൊ ഒരൊഴിവും ഇല്ല മധുവിന് എന്നൊക്കെ പറഞ്ഞു കളിയാക്കി
പിന്നീടുള്ള മധുവിന്റെ വിളികളും പത്ത് മിനിറ്റിൽ കൂടില്ല ചോറ് കഴിച്ചോ ചായ കുടിച്ചോ എന്നൊക്കെയുള്ള ഔപചാരിക സംഭാഷണത്തിലൂടെ കടന്ന് പോയി എന്നല്ലാതെ കൂട്ടുകാർ പറയുന്ന സല്ലാപ സുഖം മധുവിന് കിട്ടിയില്ല ഇടക്ക് വീട്ടിൽ ചെറിയമ്മ വന്നിട്ടുണ്ട് കുടുംബക്കാർ വന്നിട്ടുണ്ട് എന്നും പറഞ്ഞിട്ട് അവൾ ഫോൺ എടുക്കാതിരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു ചിലപ്പോൾ അടിച്ചാൽ എടുക്കുക പോലുമില്ല തിരിച്ചിങ്ങോട്ട് വിളിക്കുന്നത് ഒരിക്കലും ഉണ്ടായിട്ടില്ല
ചുരുക്കി പറഞ്ഞാൽ വിവാഹം നിശ്ചയിച്ച ഒരു മാസം ഇങ്ങനെയൊക്കെ കടന്ന് പോയി അവൾക്ക് മധുവിനോട് ഒന്നും ചോദിക്കാൻ ഉണ്ടായിരുന്നില്ല..
മധു ആരോടും പറഞ്ഞില്ല അവന്റെ നെഞ്ചിടിപ്പ് എല്ലാവരും ഒരു പോലെ ആകില്ലല്ലോ എന്നൊക്കെ സ്വയം സമാധാനിചെങ്കിലും ചില ചോദ്യ ചിഹ്നങ്ങൾ ഉയരാതിരുന്നില്ല
കൂട്ടുകാരൊക്കെ വിളിച്ചതിന്റെയും ചോദിച്ചതിന്റെയും ഒക്കെ വിശേഷങ്ങൾ പങ്ക് വെക്കുമ്പോൾ നെഞ്ചിൽ സങ്കടപെരുമഴ പെയ്തെങ്കിലും മധു പുറത്തേക്ക് കാണിച്ചില്ല
വീട്ടുകാരോടും പറഞ്ഞില്ല..അല്ലെങ്കിൽ തന്റെ ജീവിതം എപ്പോഴും എല്ലാവരിൽ നിന്നും വ്യത്യസതമാണ് എന്നു മധുവിനും അറിയാം സ്വാഭാവികമായി കിട്ടേണ്ട സമാധാനവും സന്തോഷവും പോലും തനിക്ക് മാത്രം തടഞ്ഞു വെക്കപ്പെടുന്നു..
അവസാനം ആ സുദിനം വന്നെത്തി മധുവിന്റെ കല്ല്യാണം..
ആദ്യ രാത്രിയിലും രാവ് കഴിയുവോളം സംസാരിക്കാൻ ഒന്നും ഉണ്ടായിരുന്നില്ല ചോദിച്ചതിന് മാത്രം മറുപടി പറഞ്ഞു മധുവിന്റെ ഭാര്യ ശ്രീജ മധുവിന്റെ ചോദ്യത്തിന്റെ ആവനാഴി തീർത്തു..
കുറച്ചു ദിവസം കഴിഞ്ഞപ്പോൾ മധു ആ സത്യം മനസ്സിലാക്കി തന്റെ ഭാര്യ സംസാരിക്കാൻ പിശുക്കി ആണെന്ന് സംസാരിക്കാൻ വിമുഖത ആണെന്ന് അപ്പോഴാണ് മധു മറ്റൊരു സത്യം മനസ്സിലാക്കിയത് താൻ പെണ്ണ് കാണാൻ പോയപ്പോൾ പെണ്ണിനോട് ചോദിച്ച ചോദ്യങ്ങൾക്ക് പോലും ഉത്തരം പറഞ്ഞത് അവളുടെ അമ്മായി ആയിരുന്നെന്ന്
ചുരുക്കി പറഞ്ഞാൽ സംസാരിക്കാൻ ഏറെ ഇഷ്ടപ്പെടുന്ന മധുവും സംസാരിക്കാൻ ഒട്ടും ഇഷ്ടമില്ലാത്ത ശ്രീജയും തമ്മിലുള്ള വിവാഹ ജീവിതം മൗന ജാഥ പോലെ മുന്നോട്ട് പോയി..
ഒരു കുഞ്ഞ് പിറന്നപ്പോൾ മധു ആശ്വസിച്ചെങ്കിലും അതും അസ്ഥാനത്ത് ആയിരുന്നു..
തൊട്ടിലിൽ കിടക്കുന്ന സമയത്ത് പോലും കുഞ്ഞിനെ തന്റെ കൂടെ കിടത്തി ശ്രീജ കുഞ്ഞിനെ ‘അമ്മയുടെ അരുമയാക്കി കുറെ വളർന്നപ്പോഴാണ് ശരിക്കും അവൻ ഒരു അമ്മയുടെ അരുമായാണെന്ന് മധുവിന് ബോദ്ധ്യമായത്..അവൾ ഇല്ലെങ്കിൽ തന്റെ കൂടെ നിൽക്കുന്നത് പോയിട്ട് രാത്രി തന്റെ കൂടെ ഉറങ്ങാൻ പോലും അവൻ സമ്മതിക്കില്ലായിരുന്നു അവൻ അമ്മയുടെ കുഞ്ഞായിരുന്നു..
വീട്ടുകാർ ഈയിടെയായി ചോദിക്കാറുണ്ടായിരുന്നു മധുവിന് എന്താണ് പറ്റിയത് അധികം സംസാരമില്ലല്ലോ എന്ന് അവനും അവന്റെ ഭാര്യയെ പോലെ ആയോ…
ഇപ്പോൾ കൂട്ടുകാരും നാട്ടുകാരും ചോദിക്കാൻ തുടങ്ങി മധു ഇപ്പോൾ ചോദിക്കുന്ന ചോദ്യത്തിന് മാത്രമേ ഉത്തരം നൽകൂ തിരിച്ചൊന്നും മിണ്ടില്ല എന്ന്..
മധു തന്റെ ജീവിതത്തോട് പൊരുത്തപ്പെട്ടത് അവനും സംസാരത്തോട് വിമുഖത കാണിച്ചായിരുന്നു ഇപ്പൊ മധുവിന് ഒരു കുഴപ്പവും ഇല്ല..ഒച്ചയും ബഹളവും ഇല്ലാതെ അവരുടെ ജീവിതം കടന്ന് പോകുന്നു ഒരു മൗന ജാഥ പോലെ….
~Abdulla Melethil