മുത്തശ്ശിയുടെ മുറിയിൽ രാത്രി നിറയെ മിന്നാമിനുങ്ങളുടെ വെട്ടം നിറയുമെന്നും ബാല്യത്തിലെ അവൾ കേട്ടിട്ടുണ്ട്…

സൂചകങ്ങൾ

Story written by Nisha Pillai

================

“ആലിൻകായ പഴുത്തല്ലോ, ഇനി കാക്കകൾ മനുഷ്യന് ഇരിക്കപ്പൊറുതി തരത്തില്ല.”

രാവിലെ കഴുകി വൃത്തിയാക്കിയ തന്റെ സ്‌കൂട്ടിയിൽ മുഴുവൻ കാക്ക കാഷ്ഠം വീണു വൃത്തികേടായി ഇരിക്കുന്നു. ഇനിയിപ്പോൾ കഴുകി വൃത്തിയാക്കാൻ സമയവുമില്ല. മകനെ ഡേ കയറിൽ എത്തിച്ചിട്ടു വേണം ഓഫീസിൽ പോകാൻ. അവൾ വിഷമത്തോടെ മുത്തശ്ശിയെ നോക്കി..അടുത്ത ഗണപതി കോവിലിലെ ആലിന്റെ വലിയൊരു ശാഖ മുറ്റത്തേക്ക് പടർന്നു കയറിയിരിക്കുന്നു..ഭാഗ്യ പല പ്രാവശ്യം പറയാൻ പോയതാ, ആ കൊമ്പൊന്നു കോതി മാറ്റാൻ മുത്തശ്ശി സമ്മതിക്കില്ല. മനുഷ്യർക്ക് മാത്രം അവകാശപ്പെട്ടതല്ല ഭൂമിയെന്നും, അനേകം  ജീവജാലങ്ങൾ ആ മരത്തെ ആശ്രയിക്കുന്നുവെന്നും, ഒക്കെയാണ് മുത്തശ്ശിയുടെ വാദം

“കുട്ടി ഇന്ന് സ്‌കൂട്ടി എടുക്കണ്ട, സമയമായി, മോനെയും കൊണ്ട് പൊയ്ക്കോ, ഇതൊക്കെ ചില സൂചനകൾ അല്ലെ. പെട്ടെന്ന് വരേണ്ടി വന്നാലോ.”

“എന്ത് സൂചന , കാക്ക തൂ റിയാൽ സൂചന,പൂച്ച കുറുക്കു ചാടിയാൽ സൂചന ,ഉപ്പൻ മുറ്റത്തു വന്നിരിക്കുന്നത് സൂചന,എന്റെ മുത്തശ്ശി ,ഇത് ഇരുപത്തിയൊന്നാം നൂറ്റാണ്ടാണ്.”

അവൾ മുറ്റത്തു നിന്ന മകനെയും ഒക്കത്തെടുത്തു ,മുത്തശ്ശിയുടെ കയ്യിൽ നിന്നും ബാഗുകളും വാങ്ങി ഓട്ടോയ്ക്കായി റോഡിലേക്ക് ഇറങ്ങി. അവൾ ഓട്ടോയിൽ കയറുന്നതു വരെ മുത്തശ്ശി അവളെ കണ്ണിമയ്ക്കാതെ നോക്കി നിന്നു..അവൾ ഓട്ടോയിൽ നിന്നും തല പുറത്തേയ്ക്കിട്ട് പറഞ്ഞു.

“അതേയ് ഞാൻ മടങ്ങി വരുന്നത് വരെ പുറത്തേക്കു ഇറങ്ങേണ്ട,ടി വി യിൽ നല്ല സിനിമ ഉണ്ട് കാണണം.,ഞാൻ വരുമ്പോൾ കഥ പറഞ്ഞു തന്നോളൂ. പിന്നെ ചൂല് തപ്പി  നടക്കേണ്ട,ഞാനതു ഒളിപ്പിച്ചു വച്ചിട്ടുണ്ട്.”

വീട്ടിലെ ചൂലും അരി വയ്ക്കുന്ന കലവും മുത്തശ്ശിയുടെ സ്വന്തമാണ്.രാവിലെ നാലു മണിക്കെണീറ്റു അരി കഴുകി അടുപ്പത്തിടുക,വീട് മുഴുവൻ അടിച്ചു വാരി വെള്ളം തളിക്കുക,എത്ര തണുപ്പായാലും തണുത്ത കിണറ്റു വെള്ളത്തിൽ രണ്ടു നേരം കുളിക്കുക അതൊന്നും മുടക്കില്ല മുത്തശ്ശി

അവളെ നിർനിമേഷയായി നോക്കി നിന്ന മുത്തശിയുടെ കണ്ണ് നനയുന്നത് അവൾ കണ്ടു. മെലിഞ്ഞ ശരീരവും,ഒറ്റ മുണ്ടും വെളുത്ത കുപ്പായവും,നര പൂർണമായും കയറിയ നീണ്ട മുടിയിഴകളും, ചെറിയൊരു കൂനും,ഭസ്മത്തിന്റെ ഗന്ധവും നിറഞ്ഞ കാർത്യായനി മുത്തശ്ശി. എന്നും രാവിലെ ഉള്ളതാണ് ഈ പതിവുകൾ ,അവൾക്കാകെ അടുത്തുള്ളത് മുത്തശ്ശിയാണ്, അച്ഛന്റെ അമ്മ.അവൾ കളിയായി ഇപ്പോഴും വിളിക്കുന്നത് “മന്ത്രവാദിനി  മുത്തശ്ശി ” എന്നാണ്. ആരും കാണാത്തതൊക്കെ മുത്തശ്ശി കാണും,ചിലപ്പോൾ ചിലരുടെ ഭാവി പ്രവചിക്കാറുണ്ട്.പലരും അത് വിശ്വസിക്കില്ല,പറഞ്ഞു കഴിയുമ്പോൾ പശ്ചാത്താപം തോന്നുകയും ചെയ്യും .പിന്നെ അതൊക്കെ അങ്ങനെ തന്നെ സംഭവിക്കുകയും ചെയ്യും.അതുകൊണ്ട് മുത്തശ്ശിക്ക് കുറച്ചു ശതുക്കളെ സമ്പാദിക്കാനായിട്ടുണ്ട്.

മുത്തശ്ശിയുടെ ഏക മകനാണ് അവളുടെ അച്ഛൻ,നാട്ടിൽ ഒരു പ്രേമവുമായി വട്ടം കറങ്ങിയ അച്ഛനെ നിർബന്ധിച്ചു ഗൾഫിലേക്ക് പറഞ്ഞു വിട്ടത് മുത്തശ്ശിയാണ്.അച്ഛൻ്റെ പ്രേമം പൊളിക്കാൻ വേണ്ടിയായിരുന്നു ,ലീവിന് വന്നിട്ടും അച്ഛൻ അതെ പെണ്ണിനെ കെട്ടാൻ വാശി പിടിച്ചപ്പോൾ മുത്തശ്ശി അച്ഛനോട്,അവൾ ഈ വീട്ടിൽ വാഴില്ലല്ലോ കുട്ടി എന്ന് പറഞ്ഞു.അച്ഛൻ മുത്തശിയെ ധിക്കരിച്ചു അതെ പെണ്ണിനെ കല്യാണം കഴിച്ചു ,അവളുടെ അമ്മയെ. അമ്മയുടെ അച്ഛന്റെ ചെറിയ വീട്ടിൽ കഴിഞ്ഞു, എന്നിട്ടും  പ്രസവത്തോടെ അവളുടെ അമ്മ മരിച്ചു. അന്ന് മുതൽ കുഞ്ഞു ഭാഗ്യയെ വളർത്തിയത് മുത്തശ്ശിയാണ്.

“മോനെ ഞാൻ അവളെ കാണുമ്പോഴൊക്കെ ഒരു കറുത്ത നിഴൽ കൂടെയുണ്ടായിരുന്നു. ആ കുട്ടിക്ക് ആയുസ്സ് കമ്മിയാണെന്നു തോന്നി. അതാ നിന്നോട് ഞാൻ അങ്ങനെ പറഞ്ഞത്, ചില കാര്യങ്ങൾ നമ്മുടെ നിയന്ത്രണത്തിലല്ല. പക്ഷെ നമുക്ക് കുഞ്ഞു ഭാഗ്യമോൾ ഉണ്ടല്ലോ.നമുക്ക് അവൾക്കു വേണ്ടി ജീവിക്കാലോ.”

അന്ന് ഓഫീസിൽ ചെന്നെത്തിയിട്ടും ഭാഗ്യയുടെ ചിന്തകൾ മുത്തശ്ശിയെ ചുറ്റിപറ്റി തന്നെയായിരുന്നു. പാവം മുത്തശ്ശി .മുത്തശ്ശിയുടെ അച്ഛൻ  ഒരു വലിയ ജന്മിയായിരുന്നു എന്ന് കേട്ടിട്ടുണ്ട് .പഴയൊരു ബി എൽ കാരൻ,വക്കീൽ .വലിയൊരു തറവാട്ടിലെ മൂത്ത സന്തതി  .കാലിന്മേൽ കാലും വച്ച് തറവാട്ടിലെ പൂമുഖത്തങ്ങനെ ഇരിക്കും മുന്നിൽ വന്നു നിൽക്കാൻ പോലും ആരും ധൈര്യപ്പെടില്ല. ഇളയതായി ഒരാണും രണ്ടു പെണ്ണും. എല്ലാരും അവിവാഹിതർ .കല്യാണം കഴിച്ചില്ലെങ്കിലും നാടൊട്ടുക്ക് മക്കളെ സൃഷ്ടിച്ചു. ജന്മി കുടിയാൻ ല ഹ ള കൾ നടക്കുന്ന കാലം .സമരം ചെയ്യാൻ വന്ന കുടിയാന്മാരിൽ കൂടുതലും മുത്തശ്ശന്റെ മക്കളായിരുന്നു എന്ന് കേട്ടിട്ടുണ്ട്. സഹോദരിയായ മീനാക്ഷിയെ  കുളക്കടവിൽ വച്ച് സന്ധ്യസമയത്ത് ആരോ കടന്നു പിടിച്ചു, അയാളെ മുത്തശ്ശൻ ജീവനോടെ കുളത്തിൽ കെട്ടി താഴ്ത്തി.

സ്വത്തുക്കളൊക്കെ നഷ്ടപ്പെട്ടു, സഹോദരങ്ങളൊക്കെ ഒറ്റപ്പെടുത്താൻ നോക്കിയപ്പോളാണ് വിവാഹത്തെക്കുറിച്ചു ആലോചിച്ചത്. വയസ്സാം കാലത്തു ഒരു മകൾ ജനിച്ചു, കാർത്യായനി. ഭാര്യയെയും മകളെയും  നഗരത്തിലൊരു കൊച്ചുവീട്ടിലാക്കി, മുത്തശ്ശൻ തറവാട്ടിലെ കാരണവരായി തുടർന്നു. സഹോദരങ്ങൾ വിവാഹിതരായി, സ്വത്തുക്കൾ ഭാഗം വയ്ച്ചു. ഒടുവിൽ എല്ലാം അന്യാധീനപ്പെട്ട പോയി. മരിക്കുന്നതുവരെ മുത്തശ്ശിക്കു അച്ഛനെ പേടിയായിരുന്നു. മുത്തശ്ശൻ അടുത്ത് വരുമ്പോളൊക്കെ അച്ഛനെ  ചോ ര മണക്കുന്നുവെന്നു  മുത്തശ്ശി വിളിച്ചു പറഞ്ഞു. കുളിച്ചു അടുത്ത് വരുമ്പോഴും ഇത് തന്നെ മുത്തശ്ശി ആവർത്തിക്കും

“നിന്റെ മകൾക്കു ഭ്രാന്താണ് .” മുത്തശ്ശൻ ഭാര്യയോട് പറയും

“കൊ ന്ന വരൊക്കെ കൂടെയുണ്ട്. ആ ഗ ർഭി ണി പെണ്ണിനെ കുളത്തിൽ ചവിട്ടി താഴ്ത്തണമായിരുന്നോ അച്ഛാ ..”

അങ്ങനെ മുത്തശ്ശൻ ഭാര്യയെയും മകളെയും കാണാൻ വരാതെയായി, എല്ലാവരോടും മകൾക്കു ഭ്രാ ന്താണെന്ന് പറഞ്ഞു നടന്നു.

എല്ലാവരാലും ഉപേക്ഷിക്കപ്പെട്ടു, അമ്മയും മകളും ഒറ്റപ്പെട്ടു. ഓഹരിയായി ലഭിച്ച ചെറിയ വീട്ടിലേക്കു  താമസം മാറ്റി. ചെറിയ കച്ചവടം നടത്തി മകളെ വളർത്തി, അവൾ വലുതായപ്പോൾ കിഴക്കൻ നാട്ടിൽ നിന്ന് വന്ന ഒരു കച്ചവടക്കാരൻ സംബന്ധം കൂടി. അതിലെ മകനാണ് ഭാഗ്യയുടെ അച്ഛൻ കേശവൻ. അദ്ദേഹത്തിന്റെ ഏക മകളാണ് ഭാഗ്യ.

ചെറിയ പ്രായത്തിലെ മുത്തശ്ശിക്ക് ഗന്ധർവബാധയുണ്ടായെന്നും,മുത്തശ്ശിയുടെ മുറിയിൽ രാത്രി നിറയെ മിന്നാമിനുങ്ങളുടെ വെട്ടം നിറയുമെന്നും ബാല്യത്തിലെ അവൾ കേട്ടിട്ടുണ്ട്. ഗന്ധർവബാധയേറ്റ സ്ത്രീകൾ സാധാരണ പ്രസവിക്കാറില്ല. ഗന്ധർവനിൽ നിന്നും ജ്യോതിഷവും സംഗീതവും അഭ്യസിച്ച മുത്തശിയിൽ സംപ്രീതനായ ഗന്ധർവ്വൻ ഒരു വരം നൽകിയെന്നും, മുത്തശ്ശി ആവശ്യപ്പെട്ടത് സ്വന്തം ചോരയിലൊരു സൽപുത്രജനനം മാത്രമായിരുന്നുവെന്നും, അങ്ങനെ കന്യാകുമാരിക്കാരനായ സംബന്ധക്കാരനായി മനുഷ്യ രൂപത്തിൽ വേഷം മാറി വന്നത് ഗന്ധർവ്വൻ തന്നെയാണെന്നും മൂന്നു വർഷം മുത്തശ്ശിയോടൊപ്പം തങ്ങിയ ഗന്ധർവ്വൻ പിന്നെ മറഞ്ഞുവെന്നും, ഗണപതികോവിലിന്റെ ആലിന്റെ ഒരു വശത്തു ഗന്ധർവ്വൻ ഇന്നും വസിക്കുന്നുവെന്നുമുള്ള കഥകൾ ഇപ്പോഴും പലരും വിശ്വസിക്കുന്നു.

ചില സമയത്തു മുത്തശ്ശിയുടെ സമീപത്തു നിന്നും വരുന്ന അസാധാരണ സുഗന്ധം അവൾക്കും അനുഭവപെട്ടിട്ടുണ്ട്. എല്ലാവരെയും സ്നേഹിക്കാൻ മാത്രം അറിയുന്ന എല്ലാവരാലും സ്നേഹിക്കപെടുന്ന ഒരാളാണ് മുത്തശ്ശി.മുത്തശ്ശിയോട് കള്ളം പറയാൻ ആരും ധൈര്യപ്പെടില്ല. അതിനാൽ നാട്ടിലെ ചെറിയ കള്ളങ്ങളൊക്കെ തെളിയിക്കുന്ന മുത്തശ്ശി ചില സമയങ്ങളിൽ “നാട്ടു ഗൗണ്ടർ ” കൂടിയാണ്.

അവളുടെ വിവാഹപ്രായമായപ്പോൾ അച്ഛൻ കുറെ വിവാഹാലോചനകൾ കൊണ്ട് വന്നു .ഒന്നും നടന്നില്ല. ഭാഗ്യത്തിന് ജാതകം ദോഷമാണ്. വിവാഹം വൈകും.

“അമ്മെയിതെന്ത് ഭ്രാന്താണ് പറയുന്നത്,എന്റെ പൊന്നിന്കുടം പോലത്തെ കൊച്ചിനെ കെട്ടാൻ നൂറ് ആൺപിള്ളേരു വരും..”

“നീ വിശ്വസിക്കണ്ട ഞാൻ പറഞ്ഞത്, അതാണ് അവളുടെ വിധി. ചേരേണ്ടതു ചേരേണ്ടതിന്റെ കൂടെ ചേരൂ. .”

അച്ഛൻ ഭാഗ്യയ്ക്കായി കണ്ടെത്തിയത് വലിയ ജോലിയും ജീവിതസൗകര്യങ്ങളും ഉണ്ടായിരുന്ന ഒരാളെയായിരുന്നു. അച്ഛനെ പേടിച്ച് മുത്തശ്ശി മനസ്സിൽ തിക്കി വന്ന അഭിപ്രായത്തെ കടിച്ചമർത്തി. കടം മേടിച്ചും കല്യാണം ആർഭാടമായി നടത്തി..കടം വീട്ടാൻ ഇപ്പോഴും അറബിനാട്ടിൽ കിടന്ന് കഷ്ടപ്പെടുന്ന അച്ഛനെയോർത്ത് അവൾക്ക് സങ്കടമാണ്..സ്ത്രീധനം വാരിക്കോരി നൽകിയെങ്കിലും ഉണ്ണിയേട്ടൻ്റെ വീട്ടുകാർക്ക് തൃപ്തിയായില്ല. ഒടുവിൽ പിടിച്ച് പിടിയാലെ ഉണ്ണിയേയും കൂട്ടി അവൾ മടങ്ങിയെത്തി..മാസത്തിൽ പകുതി ദിവസം അമ്മയുടെ കൂടെയും പകുതി ദിവസം ഭാര്യയുടെ ഒപ്പവുമായി അയാളുടെ ജീവിതം.

“നിന്റെ മുത്തശ്ശിയെ അമ്മയ്ക്ക് പേടിയാണ്, അത് നമ്മുടെ ഭാഗ്യം.”

കുഞ്ഞുണ്ടായപ്പോഴും അവന്റെ ആദ്യ പിറന്നാളിനുമൊന്നും അച്ഛൻ നാട്ടിൽ വന്നില്ല. പണമായിരുന്നു പ്രശ്നം..അച്ഛന് സമ്പാദ്യമൊന്നുമുണ്ടായില്ല..കടം വാങ്ങിയാണ് അവളുടെ കല്യാണം നടത്തിയത്. അവൾക്ക് ഒരു ജോലി ഉള്ളതുകൊണ്ട് വീട്ടിലെ കാര്യങ്ങൾ ഭദ്രമാണ്.

മുത്തശ്ശിക്ക് മകനെ കാണാൻ വല്യ ആഗ്രഹമുണ്ട്. കടം തീരാതെ വരില്ലെന്ന് അച്ഛൻ്റെ വാശിയും. അതിനിടയിൽ പെട്ടത് അവളും. രണ്ടു പേരുടെ വ്യഥകളും അവൾക്ക് മനസ്സിലാകും.

“ഭാഗ്യം ഞാൻ മരിച്ചൂന്ന് അവനൊരു കമ്പിയടിച്ചാലോ, അവൻ വരട്ടെ, അവന് കുഞ്ഞൂനെ കാണാനോ, എനിയ്ക്ക് അവനേം കാണാം. എൻ്റെ സമയം കഴിയാറായി.”

ചിന്തകളിൽ നിന്നും അവളെ ഉണർത്തിയതൊരു ഫോൺ കോൾ ആയിരുന്നു. മുത്തശ്ശി മുറ്റത്ത് വീണു കിടക്കുന്നു. ആശുപത്രിയിലാക്കിയിട്ടുണ്ട്. ഭാഗ്യം വേഗം വരൂ. കോവിലിലെ പൂജാരിചെക്കനാണ്, നടയടച്ച് പോകുമ്പോൾ ഒരു ഞരക്കം കേട്ടെന്ന്.

കണ്ടപ്പോൾ ബോധമുണ്ട്. ആദ്യമായി ആശുപത്രിയിൽ കിടക്കുന്നതിൻ്റെ അതൃപ്തിയുണ്ട്. നമുക്ക് വീട്ടിൽ പോകാം കുട്ടി, എനിയ്ക്കൊന്നുമില്ല. വൈകുന്നേരത്തെ കുളിയ്ക്ക് സമയമായി,.എനിയ്ക്കിവിടെ പറ്റുന്നില്ല,പോകാം വീട്ടിൽ..പ്ലാസ്റ്ററിട്ട കൈയ്യുമായി വീട്ടിലേയ്ക്ക്.

“ഞാൻ മരിയ്ക്കുമ്പോൾ കുട്ടി കരയരുത്. മരണമില്ലാത്ത ലോകത്തേയ്ക്കാണ് എൻ്റെ പോക്ക്. ആകുലതകളില്ലാത്ത ലോകത്തേയ്ക്ക്. ഞാനെനിയ്ക്കു വേണ്ടി ജീവിച്ചു, ഇപ്പോൾ മരണവും സ്വന്തം ഇച്ഛയാൽ. നിന്നെ സ്നേഹിച്ചത് പോലെ ഞാനെൻ്റെ കുട്ടിയെ സ്നേഹിച്ചിട്ടില്ല..അവൻ്റെ മടിയിൽ കിടന്ന് തുളസീജലം കുടിച്ചെനിയ്ക്ക് മരിയ്ക്കണം”

അച്ഛൻ വന്നു. രണ്ട് രാത്രികളും ഒരു പകലും കൂടെയുണ്ടായി. പരസ്പരം കണ്ണുകളിലൂടെയും വാക്കുകളാലും ആശയം കൈമാറി..ഭാഗ്യത്തിനെ നെറുകയിൽ തൊട്ടനുഗ്രഹിച്ചു.

ആലിൻ്റെ വലിയൊരു ശാഖ മുറ്റത്ത് ഒടിഞ്ഞു വീണു. ഭാഗ്യം മുറ്റത്തു നിന്ന് മകനെയുമെടുത്തോടി മുത്തശ്ശിയുടെ അരികിലേക്ക്. അച്ഛൻ തുളസിയില കൊണ്ട് വെള്ളം ചുണ്ടിലേയ്ക്ക് ഇറ്റിയ്ക്കുന്നു..അവളെ നോക്കി, നീട്ടിയ കൈകളിൽ നിന്നും രുദ്രാക്ഷമാല ഉതിർന്നു വീണു. അച്ഛൻ കൈകൾ കൊണ്ട് ആ കണ്ണുകൾ തടവിയടച്ചു. അഭൗമമായ സുഗന്ധം അവിടെ പരന്നു.

✍️നിശീഥിനി