അതും കേട്ട് കൊണ്ട് അകത്തേക്ക് കയറുമ്പോൾ സാവിത്രിയെ നോക്കി അയാളൊന്ന് കണ്ണിറുക്കി ചിരിച്ചു….

എഴുത്ത്: മഹാ ദേവൻ

=================

ഒരു രണ്ടാംകെട്ടുകാരന്റെ കയ്യും പിടിച്ച് ആ വീട്ടിലേക്ക് കയറുമ്പോൾ എതിരേൽക്കാൻ താലമോ നിലവിളക്കോ ഇല്ലായിരുന്നു. ആകെ ഉണ്ടായിരുന്നത് ഉമ്മറത്തു അച്ഛന്റെ വരവും കാത്തിരിക്കുന്ന രണ്ട് കുഞ്ഞിക്കണ്ണുകൾ ആയിരുന്നു.

മിട്ടായിപൊതിയുമായി വരുന്ന അച്ഛന്റെ കൂടെ  അവിചാരിതമായി ഒരു സ്ത്രീയെ കൂടി കണ്ടത് കൊണ്ടാവണം അവൾ പതിയെ വിരൽ നുണഞ്ഞുകൊണ്ട് അകത്തേക്ക് വലിയുമ്പോൾ ഉള്ളിലെവിടെ നിന്നോ ഒരമ്മയുടെ ശബ്ദം കേൾക്കുന്നുണ്ടായിരുന്നു “മോളെ പുറത്തോട്ടെങ്ങും പോകല്ലേ. മുത്തശ്ശിക്ക് വയ്യാട്ടോ നിന്റെ കൂടെ ഓടാൻ ” എന്ന്.

അതും കേട്ട് കൊണ്ട് അകത്തേക്ക് കയറുമ്പോൾ സാവിത്രിയെ നോക്കി അയാളൊന്ന് കണ്ണിറുക്കി ചിരിച്ചു,

“അതെന്റെ അമ്മയാ. ഇച്ചിരി വാതത്തിന്റ അസുഖം ഉള്ളത് കൊണ്ട് ഈ തണുപ്പ് കാലത്ത് അതികം പുറത്തിറങ്ങേണ്ടെന്ന് പറഞ്ഞേക്കുവാ..ഇനി നീ വേണം എല്ലാം കണ്ടറിഞ്ഞു ചെയ്യാൻ..ഇനി മുതൽ നീ ആണ് എന്റെ മോളുടെ അമ്മ…എന്റെ അമ്മയുടെ മകളും. ഒന്ന് മാത്രേ എനിക്ക് പറയാൻ ഉള്ളൂ.. എന്റെ മോൾക്ക് ഒരിക്കലും നീ ഒരു രണ്ടാനമ്മ ആകരുത്”

അവന്റെ വാക്കുകൾക്ക് പുഞ്ചിരിയോടെ തലയാട്ടുമ്പോൾ ആയിരുന്നു അകത്തേ റൂമിന്റെ വാതിൽക്കൽ നിന്നും എത്തി നോക്കുന്ന കുഞ്ഞിക്കണ്ണുകൾ സാവിത്രിയുടെ കണ്ണുകളിൽ ഉടക്കിയത്. അടുത്തേക്ക് വരാൻ കൈകാട്ടി വിളിക്കുമ്പോൾ    പേടിയോടെ മാറി നിൽക്കുന്ന അവൾക്കരികിലേക്ക് ചെന്ന് കയ്യിൽ പിടിക്കുമ്പോൾ സാവിത്രി ദേവനെ നോക്കി പറയുന്നുണ്ടായിരുന്നു “ഇനി മുതൽ ഇവളെന്റെ മോളാണ് ദേവേട്ടാ.. ” എന്ന്.

അവളെ ചേർത്ത് പിടിച്ചുമ്മ വെക്കുമ്പോൾ ആദ്യനോട്ടത്തിൽ തോന്നിയ അപരിചിതത്വം കുറഞ്ഞതിന്റെ ഒരു തെളിച്ചം ആ മുഖത്തു കാണാമായിരുന്നു

ഒരു ചെറു ചിരി ആ ചുണ്ടുകളിൽ വിടരാൻ തുടങ്ങുമ്പോൾ  റൂമിൽ നിന്ന് ഒരു ശ്വസപ്പിടച്ചിലോടെ അമ്മയുടെ വാക്കുകൾ കേൾക്കുന്നുണ്ടായിരുന്നു,

“മോളെ ആരാ പുറത്ത്,  അച്ഛൻ വന്നോ…അതോ വേറെ ആരെങ്കിലും ആണോ..? ആരാണെങ്കിലും റൂമിലേക്ക് വരാൻ പറ. മുത്തശ്ശിക്ക് കാലിനു സുഖല്യാന്ന് പറ ” എന്ന്.

അത് കേട്ട് കൊണ്ടായിരുന്നു സാവിത്രി ആ റൂമിലേക്ക് കയറിയത്. വാതിൽ കടക്കുമ്പോൾ തന്നെ അവളെ എതിരേറ്റത് എണ്ണയുടെയും കുഴമ്പിന്റെയും ഗന്ധമായിരുന്നു.

റൂമിൽ ആകമാനം ഒന്ന് കണ്ണോടിക്കുമ്പോൾ അവൾക്ക് തോന്നി ഒരു പെണ്ണ് പെരുമാറാത്തതിന്റെ കുറവ് അവിടെ ഉണ്ടെന്ന്..തുണികളും മറ്റുമായി അലങ്കോലമായി കിടക്കുന്ന മുറിയിലെ പലയിടത്തും ചിതൽ ചിത്രം വരച്ചു തുടങ്ങിയിരുന്നു. മാറാലകൾ  തിങ്ങിനിറഞ്ഞിരുന്നു.

പെട്ടന്ന് വാതിൽക്കടന്ന് വരുന്ന പെൺകുട്ടിയെ കണ്ട് അവർ ആരെന്ന ചോദ്യം അവരുടെ മുഖത്തു നിന്ന് തന്നെ വായിച്ചെടുക്കാമായിരുന്നു. അത് അറിഞ്ഞുകൊണ്ട് തന്നെ ആവണം അവൾ ആ അമ്മയുടെ കാല് തൊട്ട് തൊഴുതുകൊണ്ട് സ്വയം പരിചയപ്പെടുത്തിയതും..

“അമ്മേ ഞാൻ സാവിത്രി. ദേവേട്ടൻ പറഞ്ഞിട്ടുണ്ടോ എന്ന്  അറിയില്ല. ഇനി മുതൽ അമ്മയുടെ മോളായി കാണുമെന്ന പ്രതീക്ഷയോടെ ആണ് ഈ വീടിന്റ പടി കയറിയത്. ദേവേട്ടന്റെ മോൾക്ക് ഇനി മുതൽ അമ്മയാകാൻ. ” എന്ന് പുഞ്ചിരിയോടെ പറയുന്ന അവളുടെ വാക്കുകളെ ആശ്ചര്യത്തോടെ ആയിരുന്നു അവർ കേട്ടത്.

അവളുടെ ബഹുമാനത്തോടെ ഉളള സംസാരവും അനുവാദം ചോദിക്കലുമെല്ലാം ഇഷ്ട്ടപ്പെട്ടത്  കൊണ്ട്  അവളെ വിളിച്ച് കട്ടിലിനരികിൽ ഇരിക്കുമ്പോൾ അമ്മ പറയുന്നുണ്ടായിരുന്നു,

“മോള് ആരാണെന്നോ എവിടെ ഉള്ളതാണെന്നോ ഈ അമ്മക്ക് അറിയില്ല. പക്ഷേ, ഒന്ന് എനിക്ക് മനസ്സിലായി. മോൾക്ക് ഈ വീടിന്റ അവസ്ഥയോട് തരപ്പെട്ടു ജീവിക്കാൻ കഴിയുമെന്ന്. അധികമാരും കയറിവരാത്ത ഈ മുറിയിലേക്ക് ആരെങ്കിലും വന്നാൽ തന്നേ അവരുടെ മുഖം ചുളിഞ്ഞിരിക്കും, ചിലർ ഞാൻ കാണാത്ത പോലെ മൂക്ക് പൊത്താൻ ശ്രമിക്കുന്നുണ്ടാകും..ആർക്കും  ഇഷ്ട്ടാമാവില്ല ഈ മുറിയിലെ ഈ ചീഞ്ഞ മണം. മരുന്ന് മണവും അഴുക്ക് പുരണ്ട തുണികളുടെ ഉളുമ്പ് മണവും എഴുനേൽക്കാൻ പോലും പറ്റാത്ത ചില നേരങ്ങളിൽ നിവർത്തിയില്ലാതെ ഒഴിച്ച്പോകുന്ന മൂ ത്രത്തിന്റ ഗന്ധവുമെല്ലാം ആയി ചീഞ്ഞു നാറുന്ന ഈ മുറിയിലേക്ക് മുഖം ചുളിക്കാതെ വന്നത് മോള് മാത്രമാണ്.

ഇതൊന്നും സഹിക്കാത്തത് കൊണ്ട് തന്നെ ആണ് ചിന്നുവിന്റെ അമ്മ അവനെ വിട്ട് മറ്റൊരുത്തന്റെ കൂടെ പോയതും. ഇതിനൊന്നും ഇടവരുത്താതെ പെട്ടന്ന് അങ്ങോട്ട്‌ എടുക്കണേ ദൈവമേ എന്ന് പ്രവർത്തിക്കാത്ത ദിവസങ്ങൾ ഇല്ലായിരുന്നു. പക്ഷേ, ഈ കാരണവും പറഞ്ഞ് അവർ തമ്മിൽ വഴക്കിടുമ്പോൾ ഇങ്ങനെ ഒരു ഉദ്ദേശം അവൾക്കുണ്ടെന്ന് ആരും കരുതിയില്ല. “

ആ വാക്കുകൾ അവൾക്ക് പുതിയ ഒരു അറിവ് ആയിരുന്നു. ദേവേട്ടൻ പോലും പറഞ്ഞത് ഭാര്യ മരിച്ചുപോയെന്നാണല്ലോ എന്ന് അവൾ ഓർക്കുമ്പോൾ ആ അമ്മ വാക്കുകൾ തുടർന്നുകൊണ്ടിരുന്നു,

“പലവട്ടം ദേവനോട് പറഞ്ഞതാ അവൾ എന്നെ നോക്കാൻ വയ്യെന്ന്, എവിടെ എങ്കിലും കൊണ്ട് പോയി തള്ളാൻ. കിടക്കാപ്പയിൽ സാധിക്കുന്നത് കോരാനും തുടക്കാനും വയ്യെന്ന്. അപ്പോഴൊക്കെ ഞാനും പറയുമായിരുന്നു അവനോട് എന്നെ വല്ല വൃദ്ധസദനത്തിലോ മറ്റോ വിട്ടോളാൻ..പക്ഷേ, അവനു സമ്മതമല്ലായിരുന്നു.

പെറ്റ ത ള്ളയെ പഠിക്ക് പുറത്താക്കി പടിഞ്ഞിരുന്നു തിന്നാൽ എന്റെ ചങ്കിൽ നിന്നും ഇറങ്ങില്ല എന്ന ഒറ്റ വാശിയിൽ നിൽക്കുന്ന അവന് മുന്നിൽ  തോൽക്കാതിരിക്കാൻ അവൾ മറ്റൊരുത്തന്റെ കൂടെ പോകുമ്പോൾ ഈ കുഞ്ഞിന്റെ ചിരി പോലും അവൾ കണ്ടില്ല..അമ്മേ എന്നുള്ള ഈ കുഞ്ഞിന്റെ വിളി അവൾ കേട്ടില്ല.

അന്ന് മുതൽ അവൻ ചോദിച്ചവരോടെല്ലാം പറഞ്ഞത് ഭാര്യ മരിച്ചുപോയെന്ന് ആയിരുന്നു. അങ്ങനെ തന്നെ ആണ് അവന്റെ മനസ്സിലും “

ആ അമ്മയുടെ വാക്കുകൾക്ക് മുന്നിൽ വിശ്വാസം വരാതെ ഇരിക്കുമ്പോൾ റൂമിന്റെ വാതിൽ കടന്ന് ദേവനും അവർക്കരികിൽ എത്തിയിരുന്നു. അമ്മ പറഞ്ഞ കഥ കേട്ട് കൊണ്ട് വന്നത് കൊണ്ട് തന്നെ അവന്റ മുഖത്തൊരു പുഞ്ചിരി ഉണ്ടായിരുന്നു,

“സാവിത്രിക്ക് ഇപ്പോൾ എന്നോട് ദേഷ്യം തോന്നുന്നുണ്ടാകുമല്ലേ?  വലിയ ഒരു കള്ളം അല്ലെ ഞാൻ പറഞ്ഞതും. പക്ഷേ, എനിക്കത് കള്ളം അല്ലാട്ടോ..അന്നീ പടിയിറങ്ങിയപ്പോൾ മരിച്ചതാണവൾ എന്റെ മനസ്സിൽ. അറ്റുപോയ കണ്ണിയാണ്..അത് പിന്നെ എത്ര വിളക്കിച്ചേർക്കാൻ ശ്രമിച്ചിട്ടും കാര്യമില്ല. ഇതാണ് എന്റെ ലോകം. ഇവിടെ ആണ് ഇനി നീ ജീവിക്കേണ്ടതും. ഈ അവസ്ഥയോടും എന്റെ ജീവിതത്തോടും നിനക്ക് പൊരുത്തപ്പെടാൻ കഴിയുമോ എന്ന് അറിയില്ല. കഴിയില്ലെങ്കിൽ ഈ നിമിഷം നിനക്ക് തുറന്ന് പറയാട്ടോ..സ്നേഹത്തോടെ തന്നെ ഞാൻ നിന്നെ കൊണ്ട് വിടാം..ഈ വീടിന്റ പടി നീ കയറിയിട്ടേ ഉളളൂ.. ഇപ്പഴും നീ എന്റെ ഭാര്യ അല്ല. താലി കെട്ടുന്നതിനു മുന്നേ എന്റെ വീടിന്റ അവസ്ഥ നീ അറിയണമെന്ന് തോന്നി. ജീവിതത്തിന്റെ പോരായ്മകൾ നീ തിരിച്ചറിയണമെന്ന് തോന്നി. എന്നിട്ട് നീ എടുക്കുന്ന തീരുമാനം പോലെ ആണ് എല്ലാം.

നാളെ ദേവന്റെ വഞ്ചനയായി ഒന്നും  കേൾക്കാൻ താല്പര്യം ഇല്ലാത്തത് കൊണ്ടാണ് ഇങ്ങനെ ചിന്തിച്ചതും. ഇപ്പഴും വൈകിയിട്ടില്ല..നീ തിരഞ്ഞെടുത്ത ജീവിതത്തിന്റെ കുറവുകൾ നിനക്ക് മനസ്സിനെ ബോധ്യപ്പെടുത്താൻ കഴിയാത്തതിൽ കൂടുതൽ ആണെങ്കിൽ  തിരിച്ചുപോകാം.

അതല്ല, എന്റെ കുറവുകളെ നിനക്ക് അംഗീകരിക്കാൻ കഴിയുന്നുണ്ടെങ്കിൽ എന്റെ മോളെയും അമ്മയെയും നിന്റെ ജീവിതത്തിലേക്ക് ഉൾക്കൊള്ളാൻ കഴിയുന്നുണ്ടെങ്കിൽ മാത്രം നിന്റെ കഴുത്തിൽ ഈ താലി ഞാൻ ചാർത്തും !

ജീവിതമാണ്. പിന്നീട് തെറ്റിയെന്നൊരു തോന്നൽ ഉണ്ടാകരുത്.. അതുകൊണ്ട് ആലോചിച്ചു മാത്രം തീരുമാനിക്കുക.

അവന്റെ വാക്കുകൾക്ക് മുന്നിൽ ഒരു നിമിഷം പോലും ആലോചിക്കാതെ അവനരികിലെത്തുമ്പോൾ അവൾ അടുത്തു നില്കുന്ന കുഞ്ഞിനെ ഒന്ന് നോക്കി,  പിന്നെ കിടപ്പിലും തന്റെ വാക്കുകളെ മാത്രം ഉറ്റുനോക്കുന്ന അമ്മയെയും.

പിന്നെ അവന്റ കയ്യിലെ താലി വാങ്ങികൊണ്ട് അവന്റെ കയ്യും പിടിച്ച് ആ അമ്മക്കരികിലെത്തി.

“ഞാൻ കൊതിച്ച ജീവിതം ഇങ്ങനെ അല്ല ദേവേട്ടാ “

അവളുടെ ആ വാക്ക് ആ അമ്മയുടെയും ദേവന്റെയും മനസ്സിനെ വല്ലാതെ പിടിച്ചുലച്ചു. എല്ലാം അവളുടെ തീരുമാനത്തിന് വിട്ട് കൊടുക്കുമ്പോഴും ഇങ്ങനെ ഒരു വാക്ക് പറയരുതേ എന്ന് മാത്രമായിരുന്നു പ്രാർത്ഥന..പക്ഷേ, അവൾ അവളുടെ തീരുമാനം പറഞ്ഞിട്ടിക്കുന്നു.

അവൻ മുഖത്തു തിങ്ങിയ സങ്കടം മറച്ചുപിടിക്കാൻ ശ്രമിച്ചുകൊണ്ട് പുഞ്ചിരിക്കുമ്പോൾ അവൾ രണ്ട് പേരെയും മാറിമാറി നോക്കികൊണ്ട് പറഞ്ഞു,

“ഒരിക്കലും ഞാൻ കൊതിച്ച ജീവിതം ഇങ്ങനെ അല്ല ദേവേട്ടാ. പക്ഷേ, ഞാൻ മനസ്സിൽ കണ്ട പോലെ ഈ ജീവിതത്തെ എനിക്ക് മാറ്റാൻ കഴിയും എന്ന് എനിക്ക് അറിയാം..നിങ്ങളുടെ ജീവിതം മനോഹരമാകുമ്പോൾ ആണ് ഞാൻ കൊതിച്ച ജീവിതം യാഥാർഥ്യമാകുന്നത്. അങ്ങനെ മനോഹരമാക്കൻ കഴിയുമോ എന്ന് എനിക്ക് അറിയില്ല പക്ഷേ, ഞാൻ ശ്രമിക്കും…ഇതുപോലെ ഒരു അമ്മയും ന്റെ പൊന്ന് മോളും പിന്നെ നിങ്ങളെ പോലെ ഒരു കെട്ടിയോനും ഉണ്ടെങ്കിൽ ഇതൊക്കെ നിഷ്പ്രയാസം സാധിക്കും

അപ്പൊ പിന്നെ വെറുതെ തിരിച്ചു പോകാനുള്ള വണ്ടി കൂലി കളയാതെ ഈ താലി എന്റെ കഴുത്തിൽ കെട്ടിക്കൂടെ..അമ്പലത്തിലോ ദൈവങ്ങളുടെ ഫോട്ടോയും നിലവിളക്കോ ഒന്നും വേണ്ട.

അമ്മയെന്ന ദൈവം കൂടെ ഉള്ളപ്പോൾ അതിനേക്കൾ വലിയൊരു ലോകം എന്തിന് ഈ താലിചാർത്താൻ.  അതുകൊണ്ട് ഈ അമ്മയുടെ അനുഗ്രഹത്തോടെ ഇവിടെ വെച്ചു തന്നെ ആവട്ടെ നമ്മുടെ വിവാഹം.” എന്നും പറഞ്ഞു കഴുത്തു നീട്ടിയ അവളെ സന്തോഷത്തോടെ താലി ചാർത്തുമ്പോൾ അച്ഛന്റെയും അമ്മയുടെയും വിവാഹത്തിന് സാക്ഷിയായ ആ കുഞ്ഞിക്കണ്ണുകളിൽ വല്ലാത്തൊരു സന്തോഷം ഉണ്ടായിരുന്നു..

കൊതിയോടെ കാത്തിരുന്ന അമ്മയെ വിധി കൊണ്ട് തന്നതിൽ !!!

✍️ദേവൻ