അമ്മായിഅമ്മ ഒരു വിധത്തിലും അവളുമായി അടുത്തില്ല. അവരെ കയ്യിലെടുക്കാൻ അവൾ നേരത്തെ ഉണർന്നു…

മദപ്പാട്

Story written by Nisha Pillai

===============

അവുസേപ്പച്ചൻ ഫോണുമായി മുറ്റത്ത് ഉലാത്തുകയായിരുന്നു. ആരോടോ ദീർഘനേരം സംസാരിച്ചു ഫോൺ കട്ട് ചെയ്തു.

“ആരായിരുന്നു? കുറെ നേരം ആയല്ലോ.”

റോസമ്മ തിരക്കി.

“ചെറിയാനാടി….അവൻ ഉടനെ വരുന്നെന്ന്. കൊച്ചിനേം കൊണ്ട് ആദ്യമായി നാട്ടിൽ വരുകയല്ലേ. നിനക്കു വല്ലതും പറയാനുണ്ടോ? എന്തെങ്കിലും കൊണ്ട് വരണോ എന്നവൻ ചോദിക്കുന്നു.”

“എനിക്കൊന്നും അവനോട്  പറയാനുമില്ല, ചോദിക്കാനുമില്ല. ആരും എന്നെ തിരക്കുകയും വേണ്ട.”

ഫോൺ കട്ട് ചെയ്ത് അവുസേപ്പച്ചൻ അടുക്കളയിലേയ്ക്ക് വന്നു.

“നീയെന്താടി അങ്ങനൊരു ടോക്ക്. ചെറുക്കന് വിഷമം ആവത്തില്ലേ. അവനോട് അമ്മച്ചി മിണ്ടാതിരുന്നാൽ.”

“അതെന്താ എനിക്കങ്ങനെ പറഞ്ഞു കൂടെ. ഞാൻ എന്റെ മകനെ കണ്ടിട്ട് ഏഴു വർഷവും മൂന്നു മാസവും ആയി. എൻ്റെ വിശേഷങ്ങൾ ഒന്നും അവനറിയണ്ടല്ലോ. കല്യാണം കഴിഞ്ഞു പോയതാണ്..ഞാനൊരമ്മയല്ലേ…അവൻ സന്തോഷമായിട്ട് ഇരിക്കട്ടെയെന്നു കരുതി ഞാൻ അപ്രിയം ഒന്നും കാണിച്ചതുമില്ല. അവനൊരു കുഞ്ഞു ജനിച്ചു എന്നറിഞ്ഞപ്പോൾ അതിനെ ഒന്ന് കാണണമെന്ന ആഗ്രഹം അറിയിച്ചു. അപ്പോൾ അവൻ പറഞ്ഞത് കുഞ്ഞിനെ കാണണമെങ്കിൽ  അങ്ങോട്ട് ചെല്ലാൻ. അതിനും ഞാൻ തയാറായി. അപ്പോൾ അവൻ പറഞ്ഞത് ഇപ്പോൾ വരണ്ട. അവന്റെ കുഞ്ഞു സാധാരണ കുട്ടികളെ പോലെയല്ല അവനു ഓട്ടിസം ഉണ്ടെന്ന്..കുട്ടിയോട്  ആരെങ്കിലും സംസാരിക്കുമ്പോൾ അങ്ങോട്ട് ശ്രദ്ധിക്കുകയേയില്ല. സദാസമയവും സ്വന്തമായ ഒരു ലോകത്ത് വിഹരിക്കുന്നതാണ് അവനിഷ്ടം. മറ്റു കുട്ടികളുടെ കൂടെ കളിക്കാറില്ല. കളിപ്പാട്ടങ്ങൾ വട്ടംകറക്കുക, നിലത്തിട്ട് അടിക്കുക, വരിവരിയായി അടുക്കിവെക്കുക എന്നീ കാര്യങ്ങളോടാണ് അവനിഷ്ടം. കഴിക്കാൻ ഒരേ പ്ളേറ്റ്, ഇരിക്കാൻ ഒരേ കസേര, ഒരേ ഡ്രസ് എന്നിങ്ങനെ അവൻ വാശിപിടിക്കും. “

“അതൊക്കെ ശരിയല്ലേ.”

“ആയിരിക്കും…അതുകൊണ്ട് അവനെ ഇന്ത്യയിൽ വളർത്തിയാൽ ശരിയാകില്ല. അമേരിക്കയാണ് നല്ലതെന്നാ അവന്റെ ഭാര്യ പറഞ്ഞെന്ന്. അവളാകെ കെട്ടും കഴിഞ്ഞു മൂന്ന് ആഴ്ച മാത്രമാണിവിടെ നമ്മുടെ കൂടെ കഴിഞ്ഞത്. അതിനും എനിക്ക് പരാതിയില്ല. ഒന്നിനുമില്ല. അതുകൊണ്ട് തന്നെ അവൻ വരുന്നുവെന്ന് പറഞ്ഞതും എന്നെ ബാധിക്കുന്നില്ല. അവുസേപ്പച്ചാ ഞാൻ നാലെണ്ണത്തിനെ പെറ്റു. ഇപ്പോളെനിക്ക് അറുപത്തിയെട്ടു വയസ്സ് കഴിഞ്ഞു. ഇപ്പോഴും വെളുപ്പിനെ എഴുന്നേറ്റു ഈ വീട്ടിലെ ഓരോ ജോലിയും ഞാൻ തനിയെയാണ് ചെയ്യുന്നത്..ആരോടും പരാതിയില്ല. ഭർത്താവായ നിങ്ങളോടു പോലും പരാതിയില്ല.

“പിള്ളേരല്ലേ റോസമ്മോ, നീ ക്ഷമിക്കടോ.”

“നിങ്ങള് വാ, നമുക്ക് കുറച്ചു കപ്പയും മീൻ കറിയും കഴിക്കാം. നിങ്ങള് കൂടെയുണ്ടെങ്കിൽ അവുസേപ്പച്ചോ എനിക്ക് വേറെയൊന്നും ഒരു പ്രശ്നമില്ല.”

വൈകിട്ട് വീണ്ടും ചെറിയാന്റെ വിളി വന്നു. ചെറിയാനും ഭാര്യം ജിൻസിയും അവുസേപ്പച്ചനോട് നിർത്താതെ സംസാരിച്ചു. ഫോൺ താഴെ വച്ചപ്പോഴാണ് അവരുടെ ആവശ്യങ്ങൾ അവുസേപ്പച്ചൻ പറയുന്നത്.

“താൻ ദേഷ്യപ്പെടരുത്, അവർക്കു വേറൊരു ആവശ്യമുണ്ട്. ചെറിയാന്റെ കുഞ്ഞില്ലേ റോഷൻ. അവനു സ്കൂളിൽ ഇന്ത്യൻ ആനകളെക്കുറിച്ച് ക്ലാസ് എടുത്തത്രെ. അന്ന് മുതൽ കുഞ്ഞു ആനയെ കാണണമെന്ന് ആഗ്രഹം പറയുന്നു. അതിനാണ് നാട് , വീട് എന്നൊക്കെ പറഞ്ഞു കൊച്ചിനെയും കൊണ്ട് രണ്ടാളും വരുന്നത്. നമ്മളൊക്കെ എത്ര ഭേദമാടോ. മനുഷ്യരെത്ര സ്വാർത്ഥരാണ്. അത് മകനായാലും മകളായാലും. ഞാൻ വെറുതെ ആശിച്ചു. അപ്പനെയും അമ്മയെയുമൊക്കെ കാണാനാണ് വരുന്നതെന്ന്.”

റോസമ്മ പൊട്ടിച്ചിരിച്ചു.

“ഇപ്പോൾ അവുസേപ്പച്ചന്‌ ബോധ്യമായോ, താനും തങ്ങളും അതേയുള്ളു സ്വന്തമായിട്ട്. എന്താ അവരുടെ പുതിയ ആവശ്യം. മരുമകൾ അമ്മായിഅപ്പന്‌ ക്ലാസ്സെടുക്കുന്ന കേട്ടല്ലോ “

“കൊച്ചിന് ആനയെ കാണണം. ഞാൻ പറഞ്ഞു പാടാണ്. ഇപ്പോൾ ഉത്സവ സീസൺ അല്ലായെന്ന്. പക്ഷെ റോഷൻ മോനെ ഓർക്കുമ്പോൾ ഒരു സങ്കടം. വയ്യാത്ത കുഞ്ഞല്ലേ. ഇനിയെന്നാ അവരു വീണ്ടും വരുന്നത്..ഇവിടെ വരുമ്പോൾ നമ്മളായിട്ട് ഒന്നും ചെയ്തില്ലായെന്നു വേണ്ട.”

“കുഞ്ഞിനെ ഓർത്താണ് എനിക്കും വിഷമം. അല്ലാതെ നിങ്ങടെ മോനോട് സഹതാപം ഒന്നും തോന്നുന്നില്ല. അവര് അടുത്ത മാസമല്ലേ വരുന്നത്. അടുത്ത മാസം അപ്പുറത്തെ കാവിലെ പ്രതിഷ്ഠാ ദിനമാണല്ലോ. അന്നവിടെ ആനയൂട്ട് ഉണ്ടെന്ന് പറഞ്ഞു. ആന പാപ്പാനെ എനിക്ക് പരിചയമുണ്ട്. ശങ്കരൻ്റെ ആനയാണ്. പട്ടയും ഓലയും കൊടുത്താൽ കുറച്ചു നേരത്തേയ്ക്ക് ഇവിടെ കൊണ്ട് വന്നു തളയ്ക്കും. അപ്പോൾ റോഷന് കാണാമല്ലോ. വേണമെങ്കിൽ നമുക്കും ഒരു ആനയൂട്ട് നടത്താം. ഒരു പാവം മൃഗത്തിന് കുറച്ചു ഭക്ഷണം കൊടുക്കുന്നത് പുണ്യമല്ലേ. ഇവിടെ ആനയ്ക്ക് ജാതിയും മതവുമൊന്നുമില്ലല്ലോ.”

“ആഹാ താൻ കൊള്ളാല്ലോ…നാട്ടിലെ ഓരോ പരിപാടികളും പഠിച്ചു വച്ചിരിക്കുകയാണല്ലോ.”

രണ്ടുപേരും ചിരിച്ചു. അല്ലെങ്കിലും നാടും നാട്ടുകാരുമായി കൂടുതൽ അടുപ്പം റോസമ്മയ്ക്കാണ്. പതിനെട്ടാമത്തെ വയസ്സിൽ അവുസേപ്പച്ചന്റെ കൈ പിടിച്ചു തറവാട്ടിൽ വന്നതിനു ശേഷം എല്ലാം നോക്കി നടത്തുന്നത് റോസമ്മയാണ്

പറഞ്ഞ പ്രകാരം രണ്ടാഴ്ചത്തെ അവധിക്ക് ചെറിയാനും ജിൻസിയും റോഷനുമെത്തി. അമ്മയെയും അപ്പനെയും സന്തോഷിപ്പിക്കാൻ ചെറിയാൻ പലവിധ സമ്മാനങ്ങളും നൽകി. അപ്പൻ എല്ലാം ക്ഷമിച്ചു മകന്റെ കൂടെ നിന്നെങ്കിലും, റോസമ്മ മകനെയും കുടുംബത്തെയും തെല്ലും ഗൗനിച്ചില്ല. പയ്യെ പയ്യെ ചെറിയാൻ അമ്മയോട് വട്ടം കൂടി. റോഷന് അമ്മച്ചിയുടെ മുട്ടക്കറിയും കരൾ വറുത്തതുമൊക്കെ ഇഷ്ടവിഭവങ്ങളായി. ജിൻസിക്കായിരുന്നു വീർപ്പു മുട്ടൽ.

അമ്മായിഅമ്മ ഒരു വിധത്തിലും അവളുമായി അടുത്തില്ല. അവരെ കയ്യിലെടുക്കാൻ അവൾ നേരത്തെ ഉണർന്നു അടുക്കളയിലൊക്കെ കയറി നോക്കി. അപ്പോൾ റോസമ്മ അവിടെ നിന്നിറങ്ങി പറമ്പിലേക്ക് പോകും. പണി മൊത്തം ജിൻസിയുടെ തലയിലാകും. പിന്നെ പിന്നെ അടുക്കളയിൽ അവൾ കയറാതെ ആയി. എന്നാലും സമയാസമയം എല്ലാർക്കുമുള്ള ഭക്ഷണം തീൻ മേശയിൽ എത്തിക്കും റോസമ്മ. എങ്ങനെയെങ്കിലും ആനയെ കാണിക്കണം , തിരികെ അമേരിക്കയിലേയ്ക്ക് മടങ്ങണം എന്നത് മാത്രമായി അവളുടെ ചിന്ത.

“ചെറിയാനെ എനിക്ക് മടുത്തു ഇവിടെ. നമുക്ക് എത്രയും പെട്ടെന്ന് മടങ്ങാം.”

“അതൊന്നും പറ്റില്ല…ഞാൻ അപ്പനോട് വാക്ക് കൊടുത്തതാണ് രണ്ടാഴ്ചത്തെ വെക്കേഷൻ.”

അവൾ എത്ര തടഞ്ഞ് വച്ചിട്ടും റോഷൻ അമ്മച്ചിയുടെ കൂടെ കൂടി..ഒന്നിച്ചുള്ള പാചകം, അയലത്തെ കുട്ടികളുമായുള്ള കളികൾ, പറമ്പിലുള്ള സായാഹ്‌ന സവാരികൾ.

“നിങ്ങളുടെ അമ്മച്ചിയെന്തിനാ  ഈ കൊച്ചിനെയും കൊണ്ടിങ്ങനെ കറങ്ങുന്നത്. അവന്റെ അസുഖം എല്ലാരേയും അറിയിച്ചു നാണംകെടുത്താനോ?”

“അവർക്ക് കൊച്ചു മകന്റെ രോഗം ഒരു നാണക്കേടല്ല, പിന്നെ തനിക്കാണോ അപമാനം.” അവൻ തിരിച്ചു ചോദിച്ചു.

അയലത്തെ കുട്ടികൾ റോസമ്മയോടു പരാതി പറഞ്ഞു.

“റോസമ്മമ്മേ, റോഷനെന്താ ഞങ്ങളുടെ കൂടെ കൂടാത്തത്. ഞങ്ങൾ പാവങ്ങളായതു കൊണ്ടാണോ. റോഷൻ അമേരിക്കക്കാരനായത് കൊണ്ടാവുമല്ലേ .”

“അതൊന്നുമല്ല മക്കളെ…അവന് നിങ്ങളെ പരിചയമില്ലാത്തതു കൊണ്ടാണ്. അവൻ കുഞ്ഞല്ലേ…കുറച്ചും കൂടി വളരുമ്പോൾ നിങ്ങളോടൊപ്പം അവൻ ക്രിക്കറ്റും ഫുട്ബോളും കളിക്കും.”

കാവിലെ പ്രതിഷ്‌ഠാദിനത്തിന്റെ തലേന്ന്, ആനയൂട്ട് പറഞ്ഞിരുന്ന വീട്ടിൽ ഒരു മരണം നടന്നു. അങ്ങനെ ആ ദിവസത്തെ പരിപാടി അവുസേപ്പച്ചന്റെ തറവാട്ടിൽ നടത്താൻ തീരുമാനിച്ചു. ആനയ്ക്ക് കൊടുക്കേണ്ട പച്ചരിയും ശർക്കരയും പഴവും പൈനാപ്പിളും തണ്ണിമത്തനുമെല്ലാം റോസമ്മ വാങ്ങി വച്ചു.

രാവിലെ തന്നെ ” ശിവരാജൻ” എന്ന ആനയെ വീട്ടിൽ കൊണ്ട് വന്നു..അത് കണ്ടു റോഷൻ ആഹ്ലാദിച്ചു. മനുഷ്യരോട് അടുക്കാത്ത അവൻ ആനയുടെ അടുത്ത് തന്നെ കൂടി.

പാപ്പാനും സഹായിയും കൂടെ അരിയും ശർക്കരയും വേവിച്ച് വലിയ ഉരുളകളാക്കി ശിവരാജൻ്റെ വായിൽ വച്ച് കൊടുത്തു. ആനയൂട്ട് കാണാൻ റോഷനെപോലെ അടുത്തുള്ള കുരുന്നുകളൊക്കെ വന്ന് ചേരുകയും, എല്ലാവർക്കും റോസ്സമ്മയുടെ വക ചെറിയൊരു വിരുന്നൂട്ട് നൽകുകയും ചെയ്തു.

ചെറിയാൻ, പാപ്പാനും കൂട്ടുകാരനും കുറച്ച് ക ള്ളും സൽക്കരിച്ചു. ഊണെല്ലാം കഴിഞ്ഞ് എല്ലാവരും വിശ്രമിക്കാനായി പോയി. വൈകിട്ടാണ് കാവിലെ എഴുന്നള്ളത്ത്. ആനയെ പറമ്പിലെ പുളിച്ചോട്ടിലാക്കിയിട്ട് പാപ്പാൻ കാർഷെഡിൽ കിടന്നുറങ്ങി. ഇതിനിടയിൽ ജിൻസി റോഷന്റെ തിരക്കി അടുക്കളയിലെത്തി.

“അമ്മച്ചി റോഷനെവിടെ….തളർന്ന് കാണും. ഇന്ന് മുഴുവൻ കളിയിലായിരുന്നു. ഇത്തിരി നേരം ഞാനവനെ ഉറക്കട്ടെ.”

ആദ്യമായി റോസമ്മ അവളോട് സംസാരിച്ചു.

“ഞാൻ കണ്ടില്ലല്ലോ ജിൻസി അവനെ. നിങ്ങളുടെ മുറിയിൽ ഇല്ലേ.”

“അയ്യോ അവനെവിടെ പോയി. ചെറിയാനാണേൽ ഒരു ബോധവും മില്ലാതെ കിടന്നുറങ്ങുന്നു..എൻ്റെ കുഞ്ഞെവിടെ അമ്മച്ചി.”

“മോള് വിഷമിക്കാതെ…അമ്മച്ചി പോയി നോക്കാം.”

എല്ലായിടവും കുഞ്ഞിനെ തെരഞ്ഞു. ആറ്റിലും കിണറ്റിലും….ആരും ആനയുടെ അടുത്തേക്ക് പോയില്ല. ആനയുടെ രണ്ടടി അകലെ നിർജ്ജീവമായ റോഷൻ കിടക്കുന്നത് ആദ്യം കണ്ടത് ജിൻസി ആയിരുന്നു. ആദ്യമൊന്ന് പതറിയെങ്കിലും ഒന്നും സംഭവിക്കാത്തത് പോലെ ആനയുടെ അടുത്തേക്ക് നടന്ന് കുഞ്ഞിനെയെടുത്ത് തോളത്ത് കിടത്തി.

“ഇനിയവൻ ഉറങ്ങിക്കോട്ടെ, കളിച്ച് തളർന്നു.”

ഇത് കണ്ട് റോസമ്മ പൊട്ടിക്കരഞ്ഞു. അവർ ജിൻസിയെ കെട്ടി പിടിച്ചു. അവൾ പരസ്പരവിരുദ്ധമായി ഓരോന്ന് പറഞ്ഞ് കൊണ്ടിരുന്നു.

“അവന് വേണ്ടി ഞാനെൻ്റെ ജോലി കളഞ്ഞു. കരിയർ കളഞ്ഞു..നാടിനെ മറന്നു. വീടിനെ മറന്നു..ഉറ്റവരെ മറന്നു. എല്ലാവരുടെയും ശത്രുത പിടിച്ച് പറ്റി. ഇനിയൊരു കുഞ്ഞ് വേണ്ടെന്ന് വച്ചു. എന്തിന്?.. കണ്ട് കൊതി തീരും മുമ്പേ തിരികെ കൊണ്ട് പോകാനാരുന്നേൽ തന്നത് എന്തിനായിരുന്നു.”

പോലീസ് വന്നു, പ്രാഥമിക അന്വേഷണം നടത്തി. ആനയ്ക്ക് മദപ്പാടുണ്ടായതിന്റെ ലക്ഷണം അതാണ് കണ്ടുപിടിത്തം. കാവിലെ എഴുന്നള്ളത്തും പൂജകളും കഠിനമായ ചൂടും അസഹ്യതയും ആ പാവം മിണ്ടാപ്രാണിക്ക് ഉണ്ടായ അസ്വസ്ഥതകൾ. ആ സമയത്ത് റോഷനെന്ന കുഞ്ഞു അരികിൽ ചെന്നത് ആനയെ ചൊടിപ്പിച്ചിട്ടുണ്ടാകാം. കുഞ്ഞിനെ കാല് കൊണ്ട് ദൂരേയ്ക്ക് തെറിപ്പിച്ചതാകാം. ആനയുടെ ശരീരത്തിൽ സ്വാഭാവികമായിട്ടുണ്ടാകുന്ന രാസ പരിണാമമാണ് മദപ്പാട്. കാലിൽ കൂച്ചു ചങ്ങല അണിയിച്ചു, ഭക്ഷണവും വെള്ളവുമില്ലാതെ അസ്വാതന്ത്ര്യത്തിൽ കഴിയുന്ന ദിനങ്ങളാണ്. മദപ്പാടുള്ള ആനകളെ ഉത്സവത്തിനും ജോലിയിടങ്ങളിലും കൊണ്ട് പോകാറില്ല. സ്വകാര്യ ലാഭത്തിനു വേണ്ടി പാവം ആനയെ കൊണ്ട് വന്ന ഉടമയാണ് ആദ്യ കുറ്റക്കാരൻ.

ആനയെ പുളിമരത്തിനു കീഴിൽ തളച്ചു പോയ ആനപാപ്പാനും കുഞ്ഞിനെ ശ്രദ്ധിക്കാതെ ആനയുടെ അടുത്ത് കളിക്കാനായി വിട്ട വീട്ടുകാരും തുല്യകുറ്റക്കാരാണ് എന്നൊക്കെയാണ് കണ്ടെത്തലുകൾ.

പക്ഷെ യഥാർത്ഥത്തിൽ ആനയ്ക്ക് യാതൊരു വിധ മദപ്പാടും ഉണ്ടയിരുന്നില്ല. ഒടുവിൽ കുറ്റം എല്ലാവരും തുല്യമായി വീതിച്ചെടുത്തപ്പോഴും അരുമയായ ഏക മകനെ നഷ്ടപെട്ട അമ്മ അപ്പോഴും തളർന്നു കിടപ്പായിരുന്നു.

യഥാർത്ഥത്തിൽ നടന്നത് മറ്റൊന്നായിരുന്നു. അടുത്ത വീട്ടിലെ സി സി ടി വി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ.

റോഷൻ എല്ലാവരുടെയും കണ്ണുകൾ വെട്ടിച്ച് ഒരു പന്തുമെടുത്ത് ആനയുടെ പിറകേ പോയി. കൂറെ സമയം നീണ്ടു നിന്ന പന്ത് കളി. റോഷന് കരുതലോടെ പന്തെറിഞ്ഞു കൊടുക്കുന്ന ആന. പന്തെടുക്കാനായി ആനയുടെ പിൻകാലിനടുത്തേയ്ക്ക് നടന്ന റോഷനെ അറിയാതെ ആന ചവിട്ടുന്നു. അനക്കമില്ലാതെ കിടന്ന റോഷന്റെ ശരീരത്തെ തുമ്പിക്കൈ കൊണ്ട് ആന മാറ്റി വയ്ക്കുന്നു.

റോസമ്മ അവളെ ചേർത്ത് പിടിച്ചു. അവൾ കരഞ്ഞില്ല..ശിലപോലെ അവളിരുന്നു. കുഴിയിലേയ്ക്ക് കുഞ്ഞ് റോഷന്റെ ശരീരം എടുത്ത് വയ്ക്കുമ്പോൾ, അവൾ നിർവികാരയായിരുന്നു. എത്ര നിർബന്ധിച്ചിട്ടും ഒരു പിടി മണ്ണിടാൻ അവൾ മുതിർന്നില്ല.

മകൻ നഷ്ടപെട്ടെന്ന യാഥാർഥ്യം അവൾ അംഗീകരിച്ചില്ല. അവൻ തനിക്കു ചുറ്റും ഓടി നടക്കുന്നത് അവൾ കണ്ടു കൊണ്ടേയിരുന്നു. മടങ്ങുന്ന തീയതി അടുത്തു. ചെറിയാന്റെ ലീവ് കഴിഞ്ഞു, രണ്ടാഴ്ചത്തേക്ക്  ലീവ് നീട്ടി കിട്ടി. അത് കഴിഞ്ഞ് പോകാൻ സമയമായപ്പോൾ അവൾ ചെറിയാനോട് പറഞ്ഞു

“ചെറിയാൻ പൊയ്ക്കോളൂ, റോഷന് ഞാൻ ഇല്ലാതെ പറ്റില്ല. അറിയാല്ലോ അവൻ വേറെ ആരോടും കൂട്ട് കൂടത്തില്ലെന്ന്. ഇവിടെ അപ്പനും അമ്മച്ചിയും ഉണ്ടല്ലോ. ഞങ്ങളിവിടെ ഹാപ്പിയാണ് .”

ചെറിയാനു കരച്ചിൽ വന്നു. അപ്പൻ അവനെ ആശ്വസിപ്പിച്ചു

“മക്കള് പോയി ജോലി രാജി വച്ചിട്ട് വേഗം വാ, നമുക്ക് ഇവിടെ അങ്ങ് കൂടാം. ഇപ്പോൾ ഈ അവസ്ഥയിൽ അവളോടൊപ്പം നമ്മളെല്ലാം വേണം. അവളെ ജീവിതത്തിലേയ്ക്ക് തിരികെ കൊണ്ട് വരണം .”

ഇപ്പോൾ ജിൻസി മിക്ക സമയത്തും ആ പുളിമരച്ചോട്ടിലാണ്. പാത്രത്തിലെടുത്ത ഭക്ഷണവും കളിപ്പാട്ടങ്ങളുമായി രാപകൽ അവിടങ്ങ് കൂടും..കൂടെ റോസമ്മയും കാണും..മകനെ നഷ്ടപ്പെട്ട അമ്മയുടെ നില തെറ്റിയ മനസ്സിനെ കാലം ഭേദമാക്കട്ടെ…

✍️നിശീഥിനി